Ecclesiastes, Chapter 2 | സഭാപ്രസംഗകൻ, അദ്ധ്യായം 2 | Malayalam Bible | POC Translation

സുഖഭോഗങ്ങള്‍ മിഥ്യ

1 ഞാന്‍ എന്നോടുതന്നെ പറഞ്ഞു: സുഖഭോഗങ്ങളില്‍ ഞാന്‍ മുഴുകും; ഞാന്‍ അതിന്റെ ആസ്വാദ്യത പരീക്ഷിക്കും. എന്നാല്‍ ഇതും മിഥ്യ തന്നെ!2 ചിരി ഭ്രാന്താണെന്നും സുഖഭോഗങ്ങള്‍ നിഷ്ഫലമാണെന്നും ഞാന്‍ മനസ്‌സിലാക്കി.3 ജ്ഞാനത്തില്‍നിന്നു മനസ്‌സിളകാതെതന്നെ ശരീരത്തെ വീഞ്ഞുകൊണ്ട് ആഹ്ലാദിപ്പിക്കാന്‍ ഞാന്‍ നോക്കി; മനുഷ്യനെ സന്തുഷ്ടനാക്കുന്നതെന്തെന്നും, ചുരുങ്ങിയ ആയുസ്‌സിനുള്ളില്‍ അവന്‍ ചെയ്യേണ്ടതെന്തെന്നും അറിയാന്‍ ഞാന്‍ ഭോഷത്തത്തെ ആശ്ലേഷിച്ചു.4 ഞാന്‍ വലിയ കാര്യങ്ങള്‍ ചെയ്തു; ഞാന്‍ എനിക്കുവേണ്ടി മാളികകള്‍ പണിതു; മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചു.5 ഉദ്യാനങ്ങളും ഉപവനങ്ങളും ഉണ്ടാക്കി, അവയില്‍ എല്ലാത്തരം ഫലവൃക്ഷങ്ങളും നട്ടു.6 തോട്ടം നനയ്ക്കാന്‍ കുളങ്ങള്‍ കുഴിച്ചു.7 എന്റെ വീട്ടില്‍ പിറന്ന അടിമകള്‍ക്കുപുറമേ ദാസന്‍മാരെയും ദാസിമാരെയും ഞാന്‍ വിലയ്ക്കുവാങ്ങി; ജറുസലെമിലെ എന്റെ മുന്‍ഗാമികള്‍ക്കുണ്ടായിരുന്നതിനെക്കാള്‍ അധികം ആടുമാടുകളും എനിക്കുണ്ടായിരുന്നു.8 സ്വര്‍ണവും വെള്ളിയും രാജാക്കന്‍മാരുടെയും പ്രവിശ്യകളുടെയും ഭണ്‍ഡാരങ്ങളിലെ ധനവും സ്വന്തമാക്കി. അനേകം ഗായകന്‍മാരും ഗായികമാരും എനിക്കുണ്ടായിരുന്നു. മനുഷ്യന്‍ ആഗ്രഹിക്കുന്ന എല്ലാ സുഖഭോഗങ്ങളും ഞാന്‍ സമ്പാദിച്ചു.9 ജറുസലെമിലെ എന്റെ മുന്‍ഗാമികളെക്കാള്‍ ഞാന്‍ ഉന്നതനും മഹാനുമായിത്തീര്‍ന്നു. അപ്പോഴും ഞാന്‍ ജ്ഞാനത്തില്‍നിന്ന് അകന്നുപോയില്ല.10 എന്റെ നയനങ്ങള്‍ അഭിലഷിച്ചതൊന്നും ഞാന്‍ അവയ്ക്കു നിഷേധിച്ചില്ല; ഞാന്‍ അനുഭവിക്കാത്ത സുഖങ്ങളില്ല. എന്റെ പ്രയത്‌നങ്ങളിലെല്ലാം എന്റെ ഹൃദയം സന്തോഷിച്ചു, ഇത് എന്റെ അധ്വാനത്തിനു ലഭിച്ച പ്രതിഫലം തന്നെയായിരുന്നു.11 പിന്നെ, ഞാന്‍ ഉണ്ടാക്കിയവയെയും അതിനുവേണ്ടിച്ചെയ്ത അധ്വാനത്തെയും ഞാന്‍ നിരൂപണം ചെയ്തു. എല്ലാം മിഥ്യയും പാഴ്‌വേ ലയുമായിരുന്നു! സൂര്യനു കീഴേ ഒരു നേട്ടവുമില്ലെന്ന് എനിക്കു ബോധ്യപ്പെട്ടു.

ജ്ഞാനവും ഭോഷത്തവും മിഥ്യ

12 അതിനാല്‍ ജ്ഞാനവും ഉന്‍മത്തതയും ഭോഷത്തവും ഞാന്‍ വിവേചിച്ചു കാണാന്‍ തുടങ്ങി; രാജാവിന്റെ പിന്‍ഗാമിക്ക് എന്തുചെയ്യാന്‍ കഴിയും? അവന്‍ ചെയ്തതുതന്നെ വീണ്ടും ചെയ്യുക!13 പ്രകാശം അന്ധകാരത്തെയെന്നപോലെ ജ്ഞാനം ഭോഷത്തത്തെ അതിശയിക്കുന്നു എന്നു ഞാന്‍ മനസ്‌സിലാക്കി.14 ജ്ഞാനിക്കു കാണാന്‍ കണ്ണുണ്ട്, ഭോഷന്‍ ഇരുട്ടില്‍ നടക്കുന്നു. എന്നാല്‍, ഇരുവര്‍ക്കും ഗതി ഒന്നുതന്നെ എന്നു ഞാന്‍ കണ്ടു.15 എന്നോടുതന്നെ ഞാന്‍ ചോദിച്ചു: ഭോഷന്റെയും എന്റെയും ഗതി ഒന്നുതന്നെയെങ്കില്‍ ഞാന്‍ എന്തിനു ജ്ഞാനിയായിരിക്കണം? ഇതും മിഥ്യയെന്ന് ഞാന്‍ ആത്മഗതം ചെയ്തു.16 ഭോഷനെപ്പോലെതന്നെ ജ്ഞാനിക്കും ശാശ്വതസ്മരണ ലഭിക്കുകയില്ല. ഭാവിയില്‍ എല്ലാവരും വിസ്മൃതരാകും. ഭോഷനും ജ്ഞാനിയും ഒന്നുപോലെ മരിക്കുന്നു.17 സൂര്യനു കീഴേ സംഭവിക്കുന്ന സമസ്തകാര്യവും വേദനാജനകമായതുകൊണ്ട് ഞാന്‍ ജീവിതം വെറുത്തു; എല്ലാം മിഥ്യയും നിരര്‍ഥ കവുമത്രേ.

അധ്വാനം വ്യര്‍ഥം

18 സൂര്യനു കീഴേ ചെയ്ത അധ്വാനങ്ങളെല്ലാം ഞാന്‍ വെറുത്തു. കാരണം അവയുടെ ഫലം എന്റെ പിന്‍ഗാമിക്കു വിട്ട് ഞാന്‍ പോകേണ്ടിയിരിക്കുന്നു.19 അവന്‍ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ എന്ന് ആര്‍ക്കറിയാം? എന്തായാലും സൂര്യനു കീഴേ ഞാന്‍ ബുദ്ധിപൂര്‍വം പ്രയത്‌നിച്ചതിന്റെ യെല്ലാം ഫലം അവന്റെ അധീനതയിലാകും. ഇതും മിഥ്യതന്നെ.20 അതുകൊണ്ട് ഞാന്‍ മനസ്‌സുകെട്ട് സൂര്യനുകീഴേയുള്ള എല്ലാ പ്രയത്‌നങ്ങളിലുംനിന്നു പിന്‍മാറി.21 ഒരുവന്‍ ജ്ഞാനവും അറിവും സാമര്‍ഥ്യവും ഉപയോഗിച്ച് അധ്വാനിച്ചുണ്ടാക്കിയവ അവയ്ക്കുവേണ്ടി അശേഷം അധ്വാനിക്കാത്തവന് ആസ്വദിക്കാന്‍ വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും മിഥ്യയും വലിയ നിര്‍ഭാഗ്യവുമാണ്.22 സൂര്യനു കീഴുള്ള കഠിനാധ്വാനവും മനഃക്ലേശവുംകൊണ്ട് മനുഷ്യന് എന്തുനേട്ടം?23 അവന്റെ ദിനങ്ങളെല്ലാം വേദനനിറഞ്ഞതാണ്; അധ്വാനമാകട്ടെ, ദുഃഖസങ്കുലവും. രാത്രിയില്‍പ്പോലും അവന്റെ മനസ്‌സിനു സ്വസ്ഥതയില്ല. ഇതും മിഥ്യതന്നെ.24 തിന്നുകുടിച്ച് സ്വന്തം പ്രയത്‌നത്തില്‍ ആനന്ദിക്കുന്നതിനെക്കാള്‍ നല്ലതായി മനുഷ്യനു വേറൊന്നില്ല. ഇതും ദൈവകരങ്ങളില്‍ നിന്നാണെന്നു ഞാന്‍ ഗ്രഹിച്ചു.25 ദൈവത്തില്‍ നിന്ന് അകന്ന് ഭക്ഷിക്കാനോ ആനന്ദിക്കാനോ ആര്‍ക്കാണു കഴിയുക?26 തന്നെ പ്രസാദിപ്പിക്കുന്നവനു ദൈവം ജ്ഞാനവും അറിവും ആനന്ദവും പ്രദാനം ചെയ്യുന്നു; പാപിക്കാകട്ടെ, അവിടുത്തെ പ്രസാദിപ്പിക്കുന്നവനു വേണ്ടി ധനം ശേഖരിച്ചുകൂട്ടാനുള്ള ജോലിമാത്രം കൊടുക്കുന്നു. ഇതും മിഥ്യയും പാഴ്‌വേലയുംതന്നെ.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment