Ecclesiastes, Chapter 7 | സഭാപ്രസംഗകൻ, അദ്ധ്യായം 7 | Malayalam Bible | POC Translation

വിവിധ ചിന്തകള്‍

1 മേല്‍ത്തരം പരിമളതൈലത്തെക്കാള്‍ സത്‌പ്പേരും, ജന്മദിനത്തെക്കാള്‍ മരണദിനവും ഉത്തമമാണ്.2 സദ്യ നടക്കുന്ന വീട്ടില്‍ പോകുന്നതിനെക്കാള്‍ നല്ലത് വിലാപം നടക്കുന്ന വീട്ടില്‍ പോകുന്നതാണ്. സര്‍വരുടെയും അന്ത്യം ഇതാണെന്ന് ജീവിച്ചിരിക്കുന്നവര്‍ ഗ്രഹിച്ചുകൊള്ളും.3 ചിരിക്കുന്നതിനെക്കാള്‍ മേന്‍മ കരയുന്നതിനാണ്; അതു മുഖം മ്ലാനമാക്കുമെങ്കിലും ഹൃദയത്തിന് ആശ്വാസം നല്‍കും.4 ജ്ഞാനിയുടെ ഹൃദയം കണ്ണീരിന്റെ ഭവനത്തിലാണ്; മൂഢന്റെ ഹൃദയം ആഹ്ലാദത്തിന്റെ ഭവനത്തിലും.5 ഭോഷന്റെ ഗാനം കേള്‍ക്കുന്നതിനെക്കാള്‍ ജ്ഞാനിയുടെ ശാസനകള്‍ കേള്‍ക്കുന്നതാണ് നല്ലത്.6 കലത്തിനടിയില്‍ ചുള്ളിവിറക് കിരുകിരാ കത്തുന്നതുപോലെയാണ് ഭോഷന്റെ ചിരി; ഇതും മിഥ്യതന്നെ.7 മര്‍ദനം ജ്ഞാനിയെ ഭോഷനാക്കും, നിശ്ചയം; കൈക്കൂലി മന സ്‌സിനെ ദുഷിപ്പിക്കുന്നു.8 ഏതിന്റെയും അന്തമാണ് ആരംഭത്തെക്കാള്‍ മെച്ചം; അഹങ്കാരിയെക്കാള്‍ ക്ഷമാശീലന്‍ ഉത്തമനാണ്.9 ക്ഷിപ്രകോപമരുത്; കോപം ഭോഷന്റെ മടിയില്‍ വിശ്രമിക്കുന്നു.10 കഴിഞ്ഞകാലം ഇന്നത്തെക്കാള്‍ മെച്ചമായത് എങ്ങനെയെന്നു ചോദിക്കരുത്. ജ്ഞാനത്തില്‍നിന്നു വരുന്നതല്ല ഈ ചോദ്യം.11 ജ്ഞാനം പിതൃസ്വത്തുപോലെ ശ്രേഷ്ഠമാണ്; ജീവിക്കുന്നവര്‍ക്ക് അതുപകരിക്കും.12 ധനം പരിരക്ഷ നല്‍കുന്നതുപോലെ ജ്ഞാനവും പരിരക്ഷ നല്‍കുന്നു. ജ്ഞാനിയുടെ ജീവന്‍ രക്ഷിക്കും എന്നതിലാണ്, ജ്ഞാനത്തിന്റെ വൈശിഷ്ട്യം.13 ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കൂ; അവിടുന്ന് വളഞ്ഞതായി നിര്‍മിച്ചത് നേരെയാക്കാന്‍ ആര്‍ക്കു സാധിക്കും?14 സുഭിക്ഷതയില്‍ സന്തോഷിക്കുക; വിപത്തില്‍ പര്യാലോചിക്കുക; രണ്ടും ഒരുക്കിയതു ദൈവമാണ്. എന്താണു വരാന്‍പോകുന്നതെന്ന് മനുഷ്യന്‍ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.15 എന്റെ വ്യര്‍ഥജീവിതത്തില്‍ ഞാന്‍ സകലതും കണ്ടു. നീതിയില്‍ നശിക്കുന്ന നീതിമാനുണ്ട്. തിന്‍മ ചെയ്തിട്ടും ദീര്‍ഘായുസ്‌സ് ലഭിക്കുന്ന ദുഷ്ടന്‍മാരുണ്ട്.16 അമിതനീതിയോ അമിതജ്ഞാനമോ അരുത്. നീ എന്തിന് നിന്നെത്തന്നെ നശിപ്പിക്കുന്നു?17 പരമദുഷ്ടനോ മൂഢനോ ആകരുത്. കാലമെത്താതെ നീ മരിക്കുന്നതെന്തിന്?18 ഒന്നില്‍ പിടിമുറുക്കുമ്പോള്‍ മറ്റേതില്‍നിന്ന് പിടിവിടാതെ സൂക്ഷിക്കണം. ദൈവത്തെ ഭയപ്പെടുന്നവനു രണ്ടിലും വിജയം കിട്ടും.19 നഗരത്തിലെ പത്തു ഭരണാധിപന്‍മാരെക്കാള്‍ ശക്തി ജ്ഞാനം ജ്ഞാനിക്കു പകര്‍ന്നു കൊടുക്കുന്നു.20 ഒരിക്കലും പാപം ചെയ്യാതെ നന്‍മമാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല.21 മനുഷ്യര്‍ പറയുന്നതിനെല്ലാം ചെവി കൊടുക്കരുത്. ചെവികൊടുത്താല്‍ നിന്റെ ദാസന്‍ നിന്നെ ശപിക്കുന്നത് കേട്ടെന്നു വരും.22 നീ തന്നെ പലപ്പോഴും അന്യരെ ശപിച്ചിട്ടുള്ളത് നിനക്ക് നന്നായി അറിയാം.23 ജ്ഞാനംകൊണ്ടു ഞാന്‍ ഇവയെല്ലാം പരിശോധിച്ചിരിക്കുന്നു; ഞാന്‍ പറഞ്ഞു: ഞാന്‍ ജ്ഞാനിയായിരിക്കും. എന്നാല്‍ അത് എത്ര വിദൂരമായ ലക്ഷ്യമായിരുന്നു!24 യാഥാര്‍ഥ്യം എത്ര വിദൂരത്താണ്; ആഴത്തില്‍, അളക്കാന്‍ കഴിയാത്ത ആഴത്തില്‍, ആര്‍ക്ക് അത് കണ്ടുപിടിക്കാന്‍ കഴിയും?25 ജ്ഞാന വും കാര്യങ്ങളുടെ പൊരുളും വിവേചനബുദ്ധിയോടെ അന്വേഷിച്ചറിയാനും, ഭോഷ ത്തത്തിന്റെ ദുഷ്ടതയും ഭ്രാന്താകുന്ന മൗഢ്യവും ഗ്രഹിക്കാനും ഞാന്‍ പരിശ്രമിച്ചു.26 മരണത്തെക്കാള്‍ കയ്പുള്ളവളാണ് നാരി എന്ന് ഞാന്‍ മനസ്‌സിലാക്കി. കാരണം, അവളുടെ ഹൃദയം കെണിയും വലയുമാണ്, കൈകള്‍ ചങ്ങലയും. ദൈവപ്രസാദമുള്ളവര്‍ അവളില്‍നിന്നു രക്ഷനേടും, എന്നാല്‍ പാപി അവളുടെ പിടിയില്‍പ്പെടും.27 സഭാപ്രസംഗകന്‍ പറയുന്നു: എന്റെ മനസ്‌സു തുടര്‍ച്ചയായി അന്വേഷിച്ചിട്ടും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒന്ന് ഇതാ ഞാന്‍ കണ്ടിരിക്കുന്നു.28 അല്‍പാല്‍പമായി അറിഞ്ഞതിന്റെ ആകെത്തുകയാണിത്. എന്റെ മനസ്‌സ് ആ വര്‍ത്തിച്ച് അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്തതാണിത്. ആയിരത്തിലൊരുവനെ ഞാന്‍ പുരുഷനായിക്കണ്ടു; എന്നാല്‍ ഒരുവളെയും സ്ത്രീയായി കണ്ടില്ല.29 ഞാന്‍ കണ്ടത് ഇതാണ്: ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാല്‍ അവന്റെ സങ്കീര്‍ണപ്രശ്‌നങ്ങള്‍ അവന്റെ തന്നെ സൃഷ്ടിയാണ്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment