Song of Songs, Chapter 8 | ഉത്തമഗീതം, അദ്ധ്യായം 8 | Malayalam Bible | POC Translation

1 നീ സഹോദരനായിരുന്നെങ്കില്‍, എന്റെ അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്നവനെങ്കില്‍, പുറത്തുവച്ചും എനിക്കു നിന്നെ ചുംബിക്കാമായിരുന്നു; ആരും എന്നെ നിന്ദിക്കുകയില്ല. 2 ഞാന്‍ നിന്നെ എന്റെ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ അറയിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. സുരഭിലമായ വീഞ്ഞും എന്റെ മാതളനാരങ്ങയുടെ രസവും ഞാന്‍ നിനക്കു നല്‍കുമായിരുന്നു. 3 അവന്റെ ഇടതുകരം എന്റെ തലയണആയിരുന്നെങ്കില്‍! വലതുകരം എന്നെ ആലിംഗനം ചെയ്തിരുന്നെങ്കില്‍!

മണവാളന്‍:

4 ജറുസലെം പുത്രിമാരേ, ഞാന്‍ കെഞ്ചുന്നു: സമയമാകും മുമ്പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ.

ഗാനം ആറ്

തോഴിമാര്‍:

5 ആത്മനാഥനെ ചാരി വിജനപ്രദേശത്തുനിന്നു വരുന്ന ഇവള്‍ ആരാണ്? മണവാളന്‍: ആപ്പിള്‍മരച്ചുവട്ടില്‍വച്ച്ഞാന്‍ നിന്നെ ഉണര്‍ത്തി. അവിടെ നിന്റെ അമ്മ ഈറ്റുനോവ്അനുഭവിച്ചു നിന്നെ പ്രസവിച്ചു. നിന്നെ പ്രസവിച്ചവള്‍ അവിടെവച്ചാണ്പ്രസവവേദന അനുഭവിച്ചത്.6 നിന്റെ ഹൃദയത്തില്‍ മുദ്രയായുംനിന്റെ കരത്തില്‍ അടയാളമായുംഎന്നെ പതിക്കുക. പ്രേമം മരണത്തെപ്പോലെ ശക്തമാണ്. അസൂയ ശവക്കുഴിപോലെ ക്രൂരവുമാണ്. അതിന്റെ ജ്വാലകള്‍ തീജ്ജ്വാലകളാണ്, അതിശക്തമായ തീജ്ജ്വാല,7 ജലസഞ്ചയങ്ങള്‍ക്കു പ്രേമാഗ്‌നിയെകെടുത്താനാവില്ല; പ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്ത്താന്‍ കഴിയുകയുമില്ല. പ്രേമം വിലയ്ക്കു വാങ്ങാന്‍സര്‍വസമ്പത്തും കൊടുത്താലും അത് അപഹാസ്യമാവുകയേയുള്ളു.

സഹോദരന്‍മാര്‍:

8 നമുക്ക് ഒരു കുഞ്ഞുസഹോദരിയുണ്ട്. അവളുടെ സ്തനങ്ങള്‍ വളര്‍ന്നിട്ടില്ല. നമ്മുടെ സഹോദരിക്കുവേണ്ടി, വിവാഹാലോചന വരുമ്പോള്‍ നമ്മള്‍ എന്തു ചെയ്യും? 9 അവള്‍ ഒരു മതിലായിരുന്നെങ്കില്‍ ഒരു വെള്ളിഗോപുരം പണിയാമായിരുന്നു. അവള്‍ ഒരു കവാടമായിരുന്നെങ്കിൽ നമുക്കു ദേവദാരുപ്പലകകൊണ്ട് കതകുണ്ടാക്കാമായിരുന്നു.

മണവാട്ടി:

10 ഞാനൊരു മതിലാണ്; സ്തനങ്ങളാണ് ഗോപുരങ്ങള്‍ അപ്പോള്‍ അവന്റെ ദൃഷ്ടിയിൽ ഞാന്‍ സമാധാനം കണ്ടെത്തി.

മണവാളന്‍:

11 സോളമന് ബാല്‍ഹമോണില്‍ ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. അവന്‍ മുന്തിരിത്തോട്ടം പാട്ടത്തിനു കൊടുത്തു. ഓരോരുത്തനും ആയിരം വെള്ളിനാണയങ്ങള്‍ പാട്ടം കൊടുക്കേണ്ടിയിരുന്നു.12 എന്റെ മുന്തിരിത്തോട്ടമാകട്ടെ എന്‍േറതു മാത്രമാണ്. സോളമന്‍, നിനക്ക് ആയിരമുണ്ടായിക്കൊള്ളട്ടെ, കൃഷിക്കാര്‍ക്ക് ഇരുനൂറും ഉണ്ടായിക്കൊള്ളട്ടെ. 13 ഉദ്യാനത്തില്‍ വസിക്കുന്നവളേ, എന്റെ തോഴിമാര്‍ നിന്റെ സ്വരംശ്രദ്ധിച്ചുകേള്‍ക്കുന്നു. ഞാനുമതു കേള്‍ക്കട്ടെ.

മണവാട്ടി:

14 എന്റെ പ്രിയനേ, വേഗം വരുക. സുഗന്ധദ്രവ്യങ്ങളുടെ മലകളിൽ കലമാന്‍കുട്ടിയെപ്പോലെയോ ചെറുമാന്‍പേടയെപ്പോലെയോ വേഗം വരുക.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment