Wisdom, Chapter 1 | ജ്ഞാനം, അദ്ധ്യായം 1 | Malayalam Bible | POC Translation

നീതി, ജീവന്റെ മാര്‍ഗം

1 ഭൂപാലകരേ, നീതിയെ സ്‌നേഹിക്കുവിന്‍, കളങ്കമെന്നിയേ കര്‍ത്താവിനെക്കുറിച്ചു ധ്യാനിക്കുവിന്‍, നിഷ്‌കളങ്കതയോടെ അവിടുത്തെ അന്വേഷിക്കുവിന്‍.2 അവിടുത്തെ പരീക്ഷിക്കാത്തവര്‍ അവിടുത്തെ കണ്ടെത്തുന്നു; അവിടുത്തെ അവിശ്വസിക്കാത്തവര്‍ക്ക് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു.3 കുടിലബുദ്ധി മനുഷ്യനെ ദൈവത്തില്‍നിന്ന് അകറ്റുന്നു. അവിടുത്തെ ശക്തിയെ പരീക്ഷിക്കുന്ന ഭോഷന്‍മാര്‍ ശാസിക്കപ്പെടുന്നു.4 ജ്ഞാനം കപടഹൃദയത്തില്‍ പ്രവേശിക്കുകയില്ല; പാപത്തിന് അടിമയായ ശരീരത്തില്‍ വസിക്കുകയുമില്ല.5 വിശുദ്ധ വും സുശിക്ഷിതവുമായ ആത്മാവ് വഞ്ചനയില്‍ നിന്ന് ഓടിയകലുന്നു; മൂഢാലോചനകളോടു വേഗം വിടപറയുന്നു, അനീതിയുടെ സാമീപ്യത്തില്‍ ലജ്ജിക്കുന്നു.6 ജ്ഞാനം കരുണാമയമാണ്; എന്നാല്‍, ദൈവദൂഷണം പറയുന്നവനെ വെറുതെ വിടുകയില്ല. ദൈവം മനസ്‌സിന്റെ സൂക്ഷ്മ വ്യാപാരങ്ങളെ അറിയുന്നവനും ഹൃദയത്തെയഥാര്‍ഥമായി നിരീക്ഷിക്കുന്നവനും, നാവില്‍നിന്ന് ഉതിരുന്നത് കേള്‍ക്കുന്നവനും ആണ്.7 കര്‍ത്താവിന്റെ ആത്മാവിനാല്‍ ലോകം നിറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും ആശ്ലേഷിക്കുന്ന അത് മനുഷ്യന്‍ പറയുന്നത് അറിയുന്നു.8 ദുര്‍ഭാഷണം നടത്തുന്നവന്‍ പിടിക്കപ്പെടും, നീതിയുടെ ശിക്ഷ അവനെ വെറുതെ വിടുകയില്ല.9 അധര്‍മിയുടെ ആലോചനകള്‍ വിചാരണയ്ക്കു വിധേയമാക്കപ്പെടും, അവന്റെ വാക്കുകള്‍ കര്‍ത്താവിന്റെ മുന്‍പില്‍ വരും. അത് അവന്റെ ദുര്‍വ്യാപാരങ്ങള്‍ക്കു സാക്ഷ്യമായിരിക്കും.10 അസഹിഷ്ണുവായവന്‍ സകലതും കേള്‍ക്കുന്നു, മുറുമുറുപ്പുപോലും അവിടുത്തെ ശ്രദ്ധയില്‍പെടാതെ പോവുകയില്ല.11 നിഷ്പ്രയോജനമായ മുറുമുറുപ്പില്‍പെടരുത്. പരദൂഷണം പറയരുത്. രഹസ്യം പറച്ചിലിന് പ്രത്യാഘാതമുണ്ടാകും. നുണ പറയുന്ന നാവ് ആത്മാവിനെ നശിപ്പിക്കുന്നു.12 ജീവിതത്തിലെ തെറ്റുകള്‍കൊണ്ട് മരണത്തെ ക്ഷണിച്ചുവരുത്തരുത്; സ്വന്തം പ്രവൃത്തികൊണ്ട് നാശത്തെയും.13 ദൈവം മരണത്തെ സൃഷ്ടിച്ചില്ല; ജീവിക്കുന്നവരുടെ മര ണത്തില്‍ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല.14 നിലനില്‍ക്കാന്‍ വേണ്ടിയാണ് അവിടുന്ന് എല്ലാം സൃഷ്ടിച്ചത്. സൃഷ്ടികളെല്ലാം ആരോഗ്യമുള്ളവയാണ്. മാരകവിഷം അവയില്‍ ഇല്ല. പാതാളത്തിന് ഭൂമിയില്‍ അധികാര മില്ല.15 നീതി അനശ്വരമാണ്.

അധര്‍മികളുടെ ചിന്താഗതി

16 അധര്‍മികള്‍ വാക്കും പ്രവൃത്തിയുംവഴി മരണത്തെ ക്ഷണിച്ചുവരുത്തി, മിത്രമെന്നു കരുതി അതുമായി സഖ്യം ചെയ്ത്, സ്വയം നശിക്കുന്നു. അതിനോടു ചേരാന്‍ അവര്‍ യോഗ്യരാണ്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment