രണ്ട് രാജ്യം… രണ്ട് മനുഷ്യർ… ഒരേ ദിവസം…

രണ്ട് രാജ്യം. രണ്ട് മനുഷ്യർ. ഒരേ ദിവസം ഒരേ കാരണത്താൽ അവർ കൊല്ലപ്പെട്ടു. ഒരാൾ ബംഗ്ലാദേശിലും ഒരാൾ കേരളത്തിലും.

ഏകദേശം സമപ്രായക്കാരാണ് ദീപു ദാസ് ചന്ദ്രയും രാം നാരായണും. യുവാക്കൾ. ഏറ്റവും താഴെ തട്ടിൽ പ്രവർത്തുക്കുന്ന തൊഴിലാളികൾ. കുറഞ്ഞ വേതനത്തിന്‍ ജോലി ചെയ്യുന്നർ.

അവരാണ് കുടുംബത്തിന്റെ ഏക ആശ്രയം. രണ്ടുപേരുടെയും വീട്ടിൽ അച്ചനും അമ്മയും ഭാര്യയും കുഞ്ഞുമക്കളുമുണ്ട്.

ബംഗ്ലാദേശിലെ മൈമൻസിംഗിലാണ് ദീപു ജോലി ചെയ്യുന്ന ഗാർമെന്റ് ഫാക്ടറി. പതിവ് പോലെ ആ ദിവസവും അയാൾ ജോലിക്കെത്തി. അന്നത്തെ ദിവസം ലോക അറബി ഭാഷ ദിനമാണ്. ജോലിയുടെ ഇടവേളകളിൽ ദീപുവും സഹപ്രവർത്തകനും അറബി ഭാഷയുമായി ബന്ധപ്പെട്ട് സംസാരിച്ചു തുടങ്ങി. സംസാരം വാക്കുതർക്കത്തിലേക്ക് പോയി.

ഫാക‌്ടറിയിലെ ചെറിയൊരു വാക്കുതർക്കം ഫാക്ടറിയുടെ പുറത്തേക്കെത്തി. ദീപു മതനിന്ദ നടത്തിയെന്ന പ്രചാരണം കാട്ടുതീ പോലെ പടർന്നു.

ആയിര കണക്കിന് മുസ്ലീം മത തീവ്രവാദികൾ ഫാക്ടറിയുടെ മുന്നിൽ ഒഴുകിയെത്തി. അവർ അക്രമാസക്തരായി. ആക്രോശിച്ചു. അപകടം മനസ്സിലാക്കിയ ഫാക്ടറി ജീവനക്കാർ ദീപുവിന്റെ ജീവൻ രക്ഷിക്കാൻ ഫാക്ടറിയിലെ സുരക്ഷിതമായ മുറിയിൽ പൂട്ടിയിട്ടു. പോലീസിനെ വിളിച്ചു. പോലീസ് സ്ഥലത്തെത്തി.

ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് പോലീസിനോട് അയാൾ കരഞ്ഞു പറയുന്നുണ്ടായിരുന്നു. പോലീസ് നിസ്സഹായരാണ്.

ഗേറ്റിന് പുറത്ത് തീപന്തവുമായി നിൽക്കുന്ന കലാപകാരികൾ അലറുകയാണ്. ദീപുവിനെ വിട്ടുകിട്ടാതെ ആയപ്പോൾ അക്രമാസക്തരായ മത തീവ്രവാദികൾ ഫാക്ടറിയുടെ ഗേറ്റ് കടന്നു. വാതിലുകൾ തകർത്തു. ഫാക്ടറിയുടെ അകത്ത് കയറി ദീപുവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. ആയുധങ്ങൾ കൊണ്ട് കൂട്ടം കൂടി അടിച്ചു. ക്രൂരമായ മർദ്ദനമേറ്റ് ചോര തുപ്പി ബോധരഹിതനായ ദീപുവിനെ അവർ സമീപത്തുള്ള മരത്തിൽ കെട്ടിയിട്ടു. പാതി ജീവനോടെ അയാളെ അക്രമികൾ ചുട്ടുകൊന്നു.

രാം നാരായൺ ജോലിയിൽ നിന്ന് ഇടവേളയെടുത്ത് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. മടങ്ങുന്നതിന് മുമ്പ് പാലക്കാട് കഞ്ചിക്കോട് ജോലി ചെയ്യുന്ന ബന്ധുവിനെ സന്ദർശിച്ചു. സന്ദർശത്തിന് ശേഷം റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ട രാം നാരായണന് വഴി. അയാൾ അലഞ്ഞുനടന്ന് അട്ടപ്പളം എന്ന സ്ഥലത്തെത്തി.

വാളയാർ അട്ടപ്പളത്ത് എത്തിയ രാമിനെ ഹിന്ദുത്വ തീവ്രവാദികൾ തടഞ്ഞു. ചോദ്യം ചെയ്യലുകളായി. ആൾക്കൂട്ടത്തിന്റെ വിചാരണ കണ്ട് അയാൾ ഭയന്നുനിൽക്കുകയാണ്. അക്രമികൾ അയാളെ തല്ലാൻ തുടങ്ങി.

” നീ എവിടെന്നാടാ വന്നത്. ബംഗ്ലാദേശിയാണോ..? “

” നീ മോഷ്ടിക്കാൻ വന്നതാണോ..”

” നിന്റെ കൂടെ ആരൊക്കെയുണ്ടെടാ..”

ചോദ്യങ്ങൾ ഒന്നൊന്നായി ആവർത്തിച്ചു. അയാൾക്ക് മലയാളം അറിയില്ല. അയാൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു. അക്രമികൾക്ക് വേണ്ടത് ഉത്തരമായിരുന്നില്ല.

ഓരോ ചോദ്യത്തിനും ക്രൂരമായ മർദ്ദനങ്ങൾ അഴിച്ചുവിട്ടു. അയാളുടെ തലയിലും മുഖത്തും നെഞ്ചിലും വയറിലും ശക്തിയോടെ ഇടിച്ചു. ആളുകൾ കൂട്ടംകൂടി നിന്ന് മർദ്ദിച്ചു. നിലത്തിട്ടു ചവിട്ടി. വലിച്ചിഴച്ചു.

” ഞാൻ കള്ളനല്ല..”

” എനിക്ക് വീട്ടിൽ പോവണം “

” ഞാൻ കഞ്ചിക്കോട് ജോലി ചെയ്യുന്നതാണ്..”

ആവർത്തിച്ചുള്ള മർദ്ദനങ്ങൾക്കിടയിൽ അയാൾ ഹിന്ദിയിൽ പിറുപിറുക്കുന്നുണ്ടായിരുന്നു. അക്രമികൾ കേട്ടില്ല.

അവസാനം മർദ്ദനമേറ്റ് അവശനായപ്പോൾ അയാൾ അവരോട് വെള്ളത്തിന് വേണ്ടി യാചിച്ചു നോക്കി. അപ്പോഴും മറുപടി മർദ്ദനം മാത്രമായിരുന്നു. പോക്കറ്റിലുള്ള ട്രെയിൻ ടിക്കറ്റ്‌ കാണിക്കാൻ അയാൾ ആവത് ശ്രമിച്ചു നോക്കി. സാധിച്ചില്ല. ഒടുവിൽ അയാൾ അവരുടെ മുന്നിൽ ചോര തുപ്പിയാണ് മരിച്ചുവീണത്.

ദീപു ദാസിനും രാം നാരയണിനും കൊല്ലപ്പെടാനുള്ള കാരണം അവർക്കറിയില്ല. ആൾക്കൂട്ടത്തിന്റെ വിചാരണയിൽ അവർക്ക് മരണം വിധിക്കപ്പെട്ടപ്പോൾ അവസാനം അവരോർത്തത് വീട്ടിൽ തങ്ങളെ കാത്തിരിക്കുന്ന പിഞ്ചു മക്കളുടെ മുഖമായിരിക്കും.

രണ്ടാളെയും കൊന്നത് വെറുപ്പാണ്. മതത്തോടുള്ള വെറുപ്പ്. ജാതിയോടുള്ള വെറുപ്പ്. നിറത്തോടും ഭാഷയോടും ദേശത്തോടുമുള്ള വെറുപ്പ്.

അവസാനം, ദീപു ദാസ് ചന്ദ്രയുടെയും രാം നാരായൺ ഭാഗേലിന്റെയും ശരീരത്തിൽ നിന്ന് പൊടിഞ്ഞ ചോരയുടെ നിറം പക്ഷെ ഒന്നായിരുന്നു. എല്ലാ മനുഷ്യരുടെ ഉള്ളിലും ഒഴുകുന്ന ഒരേ ചോരയുടെ നിറം.

നിങ്ങളുടെ മതത്തിലല്ലാത്തവരോട് നിങ്ങൾ വെറുപ്പ് സൂക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ജാതിയിലല്ലത്തവരോട് നിങ്ങൾ വെറുപ്പ് സൂക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ നിറത്തിലും ഭാഷയിലും ദേശത്തിലുമല്ലാത്തവരോട് നിങ്ങൾ വെറുപ്പ് സൂക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങളും നാളെ ഒരു കൊലയാളിയായി മാറും.

കടപ്പാട് : ജംഷിദ് പള്ളിപ്രം

✍ Jilsa Joy


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment