Lamentations, Chapter 3 | വിലാപങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation

1 അവിടുത്തെ ക്രോധത്തിന്റെ ദണ്‍ഡനം അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍.2 പ്രകാശത്തിലേക്കല്ല, കൂരിരുട്ടിലേക്കാണ് അവിടുന്ന് എന്നെതള്ളിവിട്ടത്.3 അവിടുത്തെ കരം ദിവസം മുഴുവന്‍ വീണ്ടും വീണ്ടും പതിക്കുന്നത് എന്റെ മേലാണ്.4 എന്റെ മാംസവും തൊലിയും ജീര്‍ണിക്കാന്‍ അവിടുന്ന് ഇടയാക്കി. എന്റെ അസ്ഥികളെ അവിടുന്ന് തകര്‍ത്തു.5 അവിടുന്ന് എന്നെ ആക്രമിക്കുകയും യാതനയും ദുരിതവുംകൊണ്ട് എന്നെ പൊതിയുകയും ചെയ്തു.6 പണ്ടേ മരിച്ചവനെ എന്നപോലെ എന്നെഅവിടുന്ന് അന്ധകാരത്തില്‍ പാര്‍പ്പിച്ചു.7 രക്ഷപെടാതിരിക്കാന്‍ അവിടുന്ന്എനിക്കു ചുറ്റും മതിലു കെട്ടി, ഭാരമുള്ള ചങ്ങലകള്‍കൊണ്ട് എന്നെ ബന്ധിച്ചു.8 ഞാന്‍ വിളിച്ചപേക്ഷിക്കുന്നെങ്കിലും അവിടുന്ന് എന്റെ പ്രാര്‍ഥന ചെവിക്കൊള്ളുന്നില്ല.9 ചെത്തിയെടുത്ത കല്ലുകൊണ്ട് അവിടുന്ന് എന്റെ വഴിയടച്ചു. എന്റെ പാതകളെ അവിടുന്ന് വളഞ്ഞതാക്കി.10 അവിടുന്ന് എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും ഒളിച്ചിരിക്കുന്ന സിംഹത്തെപ്പോലെയുമാണ്.11 അവിടുന്ന് എന്നെ വഴിതെറ്റിച്ചു കൊണ്ടുപോയി, ചീന്തിക്കീറി ഏകനായി ഉപേക്ഷിച്ചു.12 അവിടുന്ന് വില്ലു കുലച്ച് എന്നെ അസ്ത്രത്തിനു ലക്ഷ്യമാക്കി.13 അവിടുന്ന് ആവനാഴിയിലെ അമ്പ് എന്റെ ഹൃദയത്തിലേക്കയച്ചു.14 ഞാന്‍ ജനതകള്‍ക്കു പരിഹാസപാത്രമായി. ദിവസംമുഴുവന്‍ അവര്‍ എന്നെപരിഹസിച്ചു പാടുന്നു.15 അവിടുന്ന് എന്നെ കയ്പുകൊണ്ടു നിറച്ചു. അവിടുന്ന് എന്നെ കാഞ്ഞിരം കൊണ്ടുമത്തു പിടിപ്പിച്ചു.16 കല്ലുചവച്ച് പല്ലു പൊടിയാനുംചാരം തിന്നാനും എനിക്കിടവരുത്തി.17 എന്റെ ആത്മാവിനു സ്വസ്ഥതയില്ല. സന്തോഷമെന്തെന്നു ഞാന്‍ മറന്നു.18 അതുകൊണ്ട്, എന്റെ ശക്തിയും കര്‍ത്താവിലുള്ള പ്രത്യാശയും പൊയ്‌പോയെന്ന് ഞാന്‍ വിലപിക്കുന്നു.19 എന്റെ ക്ഷടതയുടെയും അലച്ചിലിന്റെയും ഓര്‍മ കയ്‌പേറിയ വിഷമാണ്.20 അതിനെപ്പറ്റി നിരന്തരം ചിന്തിച്ച് എന്റെ മനം തകരുന്നു.21 എന്നാല്‍, ഞാന്‍ ഒരു കാര്യം ഓര്‍മിക്കുന്നു, അത് എനിക്കു പ്രത്യാശ തരുന്നു.22 കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.23 ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്.24 കര്‍ത്താവാണ് എന്റെ ഓഹരി, അവിടുന്നാണ് എന്റെ പ്രത്യാശ എന്നു ഞാന്‍ പറയുന്നു.25 തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ തേടുന്നവര്‍ക്കും കര്‍ത്താവ് നല്ലവനാണ്.26 കര്‍ത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കുന്നത് ഉത്തമം.27 യൗവനത്തില്‍ നുകം വഹിക്കുന്നത് മനുഷ്യനു നല്ലതാണ്.28 അവിടുന്ന് അത് അവന്റെ മേല്‍വയ്ക്കുമ്പോള്‍ അവന്‍ ഏകനായി മൗനമായിരിക്കട്ടെ!29 അവന്‍ മുഖം മണ്ണില്‍ പൂഴ്ത്തട്ടെ! ഇനിയും പ്രത്യാശയ്ക്കു വകയുണ്ട്.30 അവന്റെ കവിള്‍ത്തടംതല്ല് ഏറ്റുവാങ്ങട്ടെ! നിന്ദനംകൊണ്ട് അവന്‍ നിറയട്ടെ!31 എന്തെന്നാല്‍, കര്‍ത്താവ് എന്നേക്കുമായി ഉപേക്ഷിക്കുകയില്ല.32 അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിന് അനുസൃതമായി ദയ കാണിക്കും.33 അവിടുന്ന് ഒരിക്കലും മനഃപൂര്‍വംമനുഷ്യമക്കളെ പീഡിപ്പിക്കുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നില്ല.34 തടവുകാരെ ചവിട്ടിമെതിക്കുന്നതും35 അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ അവകാശത്തെ തകിടം മറിക്കുന്നതും36 മനുഷ്യനു നീതി നിഷേധിക്കുന്നതും കര്‍ത്താവ് അംഗീകരിക്കുന്നില്ല.37 കല്‍പനകൊണ്ടുമാത്രം കാര്യം നടപ്പിലാക്കാന്‍ ആര്‍ക്കു കഴിയും? കര്‍ത്താവിനല്ലാതെ ആര്‍ക്ക്?38 അത്യുന്നതന്റെ അധരത്തില്‍നിന്നല്ലേനന്‍മയും തിന്‍മയും വരുന്നത്?39 മനുഷ്യന്‍ – വെറും മര്‍ത്ത്യന്‍ -ജീവിക്കുന്നിടത്തോളംകാലം തന്റെ പാപത്തിനു കിട്ടിയ ശിക്ഷയെപ്പറ്റി എന്തിനു പരാതിപ്പെടുന്നു?40 നമുക്കു നമ്മുടെ വഴികള്‍സൂക്ഷ്മമായി പരിശോധിക്കുകയും കര്‍ത്താവിങ്കലേക്കു തിരിയുകയും ചെയ്യാം.41 നമുക്കു നമ്മുടെ ഹൃദയവും കരങ്ങളും സ്വര്‍ഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയര്‍ത്താം.42 ഞങ്ങള്‍ പാപം ചെയ്തു,ധിക്കാരം കാണിച്ചു. അവിടുന്നു മാപ്പു നല്‍കിയില്ല.43 അവിടുന്ന് കോപംപൂണ്ട്ഞങ്ങളെ പിന്തുടര്‍ന്നു; ഞങ്ങളെ നിഷ്‌കരുണം വധിച്ചു.44 ഒരു പ്രാര്‍ഥനയും കടന്നുചെല്ലാനാവാത്തവിധം അവിടുന്ന്‌ മേഘംകൊണ്ട് ആവൃതനായി.45 ജനതകളുടെയിടയില്‍ ഞങ്ങളെ അവിടുന്ന് ചപ്പും ചവറുമാക്കി.46 ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങള്‍ക്കെതിരേ വായ് പിളര്‍ന്നു.47 സംഭ്രാന്തിയും കെണിയുംഞങ്ങളുടെമേല്‍ പതിച്ചു; വിനാശവും ശൂന്യതയും ഞങ്ങളെ ഗ്രസിച്ചു.48 എന്റെ ജനതയുടെ പുത്രിക്കുണ്ടായ നാശം നിമിത്തം എന്റെ കണ്ണുകളില്‍നിന്ന് നീര്‍ച്ചാലുകള്‍ ഒഴുകുന്നു.49 എന്റെ കണ്ണുനീര്‍ അവിരാമം പ്രവഹിക്കും.50 കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്നു നോക്കിക്കാണുന്നതുവരെ അതു നിലയ്ക്കുകയില്ല.51 എന്റെ നഗരത്തിലെ കന്യകമാരുടെ വിധി എന്റെ കണ്ണുകളെ ദുഃഖപൂര്‍ണമാക്കുന്നു.52 അകാരണമായി എന്റെ ശത്രുവായവര്‍എന്നെ പക്ഷിയെയെന്നപോലെ വേട്ടയാടി.53 അവര്‍ എന്നെ ജീവനോടെ കുഴിയില്‍ തള്ളി; അവര്‍ എന്റെ മേല്‍ കല്ലുരുട്ടിവച്ചു.54 വെള്ളം എന്നെമൂടി. ഞാന്‍ നശിച്ചു എന്നു ഞാന്‍ പറഞ്ഞു.55 കുഴിയുടെ അടിയില്‍നിന്ന് കര്‍ത്താവേ,ഞാന്‍ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചു.56 സഹായത്തിനായുള്ള എന്റെ നിലവിളിക്കെതിരേ അവിടുത്തെ ചെവി അടയ്ക്കരുതേ എന്ന എന്റെ യാചന അവിടുന്ന് കേട്ടു.57 ഞാന്‍ വിളിച്ചപ്പോള്‍ അവിടുന്ന് അടുത്തുവന്നു. ഭയപ്പെടേണ്ടാ എന്ന് അവിടുന്ന് പറഞ്ഞു.58 കര്‍ത്താവേ, അവിടുന്ന് എനിക്കുവേണ്ടി ന്യായവാദം നടത്തി; അവിടുന്ന് എന്റെ ജീവനെ രക്ഷിച്ചു.59 കര്‍ത്താവേ, എനിക്കേറ്റ ദ്രോഹംഅവിടുന്ന് കണ്ടു. എനിക്കുവേണ്ടി നീതി നടത്തണമേ!60 അവരുടെ പ്രതികാരവും അവര്‍ എനിക്കുവേണ്ടിവച്ച കെണികളുംഅവിടുന്ന് കണ്ടു.61 കര്‍ത്താവേ, അവരുടെ നിന്ദനങ്ങളും ദുരാലോചനകളും അവിടുന്ന് കേട്ടു.62 എന്നെ ആക്രമിക്കുന്നവരുടെ വാക്കുകളും വിചാരങ്ങളും ദിവസം മുഴുവന്‍ എനിക്ക് എതിരായിട്ടാണ്.63 അവരുടെ ഇരിപ്പും നില്‍പും അവിടുന്ന് കാണണമേ! ഞാനാണ് അവരുടെ പരിഹാസഗാനങ്ങളുടെ വിഷയം.64 കര്‍ത്താവേ, അവരുടെ പ്രവൃത്തികള്‍ക്കുതക്ക പ്രതിഫലം നല്‍കണമേ!65 അവരുടെ ഹൃദയത്തെ മരവിപ്പിക്കണമേ! അവിടുത്തെ ശാപം അവരുടെമേല്‍ പതിക്കട്ടെ!66 കര്‍ത്താവേ, കോപത്തോടെഅവരെ പിന്‍തുടര്‍ന്ന് അവിടുത്തെ ആകാശത്തിന്‍കീഴില്‍നിന്ന് അവരെ നശിപ്പിക്കണമേ!

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment