1 ദൈവകല്‍പനകളുടെ പുസ്തകവും ശാശ്വതമായ നിയമവും അവളാണ്. അവളോടു ചേര്‍ന്നു നില്‍ക്കുന്നവന്‍ ജീവിക്കും. അവളെ ഉപേക്ഷിക്കുന്നവന്‍മരിക്കും.2 യാക്കോബേ, മടങ്ങിവന്ന് അവളെ സ്വീകരിക്കുക. അവളുടെ പ്രകാശത്തിന്റെ പ്രഭയിലേക്കു നടക്കുക.3 നിന്റെ മഹത്വം അന്യനോ നിന്റെ പ്രത്യേക അവകാശം വിദേശിക്കോ കൊടുക്കരുത്. ഇസ്രയേലേ, നമ്മള്‍ സന്തുഷ്ടരാണ്.4 എന്തെന്നാല്‍, ദൈവത്തിനു പ്രീതികരമായവ എന്തെന്നു നമുക്ക് അറിയാം.
ജറുസലെമിന്റെ യാതന
5 ഇസ്രായേലിന്റെ സ്മാരകമേ, എന്റെ ജനമേ, ധൈര്യമായിരിക്കുക.6 നിങ്ങളെ ജനതകള്‍ക്കു വിറ്റതു നശിപ്പിക്കാനായിരുന്നില്ല. ദൈവത്തെ കോപിപ്പിച്ചതിനാലാണ് നിങ്ങളെ ശത്രുകരങ്ങളില്‍ ഏല്‍പിച്ചത്.7 ദൈവത്തിനു പകരം പിശാചുകള്‍ക്കു ബലിയര്‍പ്പിച്ചുകൊണ്ട് നിങ്ങളുടെ സ്രഷ്ടാവിനെ നിങ്ങള്‍ പ്രകോപിപ്പിച്ചു.8 നിങ്ങളെ പരിപാലിച്ച നിത്യനായ ദൈവത്തെനിങ്ങള്‍ വിസ്മരിച്ചു. നിങ്ങളെ പോറ്റിയ ജറുസലെമിനെ നിങ്ങള്‍ വേദനയിലാഴ്ത്തി.9 ദൈവത്തില്‍ നിന്നു നിങ്ങളുടെ മേല്‍ നിപതിച്ച ക്രോധം കണ്ട് അവള്‍ പറഞ്ഞു: സീയോന്റെ അയല്‍വാസികളേ, ശ്രവിക്കുവിന്‍. ദൈവം എനിക്കു വലിയ സങ്കടം വരുത്തിയിരിക്കുന്നു.10 നിത്യനായ വന്‍ എന്റെ പുത്രന്‍മാരുടെയും പുത്രിമാരുടെയും മേല്‍ വരുത്തിയ അടിമത്തം ഞാന്‍ കണ്ടു.11 സന്തോഷത്തോടെ ഞാന്‍ അവരെ വളര്‍ത്തി. എന്നാല്‍ ദുഃഖത്തോടും വിലാപത്തോടും കൂടെ ഞാന്‍ അവരെ പറഞ്ഞയച്ചു.12 അനേകം മക്കള്‍ നഷ്ടപ്പെട്ട വിധവയായ എന്നെക്കുറിച്ച് ആരും സന്തോഷിക്കാതിരിക്കട്ടെ. എന്റെ മക്കളുടെ പാപങ്ങള്‍ നിമിത്തം ഞാന്‍ ഏകാകിനിയായിത്തീര്‍ന്നു; അവര്‍ ദൈവത്തിന്റെ നിയമത്തില്‍ നിന്നു വ്യതിചലിച്ചു.13 അവിടുത്തെ നിയമങ്ങളെ അവര്‍ ആദരിച്ചില്ല. ദൈവകല്‍പനകളുടെ മാര്‍ഗത്തില്‍ അവര്‍ ചരിച്ചില്ല. അവിടുത്തെനീതിയുടെ ശിക്ഷണത്തിന്റെ പാത അവര്‍ പിന്‍ചെന്നില്ല.14 സീയോന്റെ അയല്‍ക്കാര്‍ വന്ന് എന്റെ പുത്രന്‍മാരുടെ മേലും പുത്രിമാരുടെ മേലും നിത്യനായവന്‍ വരുത്തിയ അടിമത്തം കാണട്ടെ.15 അവിടുന്ന് അവര്‍ക്കെതിരേ വിദേശത്തു നിന്ന് ഒരു ജനതയെ, നിര്‍ലജ്ജരും, അന്യഭാഷ സംസാരിക്കുന്നവരും വൃദ്ധന്‍മാരോടു ബഹുമാനമോ ശിശുക്കളോടു കരുണയോ ഇല്ലാത്തവരുമായ ജനതയെ, കൊണ്ടുവന്നു.16 വിധവയുടെ പ്രിയപുത്രന്‍മാരെ അവര്‍ പിടിച്ചുകൊണ്ടുപോയി. പുത്രിമാരെ അപഹരിച്ച് എന്നെ ഏകാകിനിയാക്കി.17 നിങ്ങളെ സഹായിക്കാന്‍ എനിക്ക് എങ്ങനെ കഴിയും?18 നിങ്ങളുടെ മേല്‍ ഈ നാശം വരുത്തിയവന്‍ തന്നെ നിങ്ങളെ ശത്രുക്കളില്‍ നിന്നു മോചിപ്പിക്കട്ടെ. എന്റെ മക്കളേ, പോകുവിന്‍.19 ഞാന്‍ ഏകാന്തതയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.20 ഞാന്‍ സമാധാനത്തിന്റെ അങ്കി മാറ്റിയാചനയുടെ ചാക്കുടുത്തു. ജീവിതകാലം മുഴുവന്‍ ഞാന്‍ നിത്യനായവനോടു നിലവിളിക്കും.
ജറുസലെമിനു പ്രതീക്ഷ
21 എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. ദൈവത്തെ വിളിച്ചപേക്ഷിക്കുവിന്‍. ശത്രുകരങ്ങളില്‍നിന്നും അവരുടെ ശക്തിയില്‍നിന്നും അവിടുന്ന് നിങ്ങളെ മോചിപ്പിക്കും.22 നിങ്ങളെ രക്ഷിക്കുമെന്ന പ്രത്യാശ ഞാന്‍ നിത്യനായവനില്‍ അര്‍പ്പിച്ചിരിക്കുന്നു. പരിശുദ്ധനായവനില്‍ നിന്ന് എനിക്ക് ആനന്ദം കൈവന്നിരിക്കുന്നു, എന്തെന്നാല്‍, നിങ്ങളുടെ നിത്യരക്ഷകനില്‍ നിന്നു നിങ്ങള്‍ക്ക് ഉടന്‍ കാരുണ്യം ലഭിക്കും.23 ഞാന്‍ നിങ്ങളെ ദുഃഖത്തോടും വിലാപത്തോടും കൂടെ അയച്ചു. ആഹ്ലാദത്തോടും സന്തോഷത്തോടും കൂടെ എനിക്കു നിങ്ങളെ ദൈവം എന്നേക്കുമായി തിരികെ നല്‍കും.24 സീയോന്റെ അയല്‍ക്കാര്‍ നിങ്ങളുടെ അടിമത്തം ഇപ്പോള്‍ കണ്ടതുപോലെതന്നെ ദൈവം നിങ്ങള്‍ക്കു നല്‍കുന്ന രക്ഷ അവര്‍ ഉടന്‍ കാണും. മഹാപ്രതാപത്തോടും, നിത്യനായവന്റെ തേജസ്‌സോടും കൂടെ അതു നിങ്ങള്‍ക്കു ലഭിക്കും.25 എന്റെ മക്കളേ, ദൈവത്തില്‍ നിന്നു നിങ്ങളുടെമേല്‍ വന്ന ക്രോധം ക്ഷമാപൂര്‍വം സഹിക്കുവിന്‍. നിങ്ങളുടെ ശത്രു നിങ്ങളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അവരുടെ നാശം നിങ്ങള്‍ ഉടന്‍ കാണും. അവരുടെ കഴുത്ത് നിങ്ങള്‍ ചവിട്ടിമെതിക്കും.26 എന്റെ പിഞ്ചോമനകള്‍ പരുപരുത്ത പാതയിലൂടെ സഞ്ചരിച്ചു; ആട്ടിന്‍കൂട്ടത്തെയെന്നപോലെ ശത്രുക്കള്‍ അവരെ അപഹരിച്ചു.27 എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. ദൈവത്തെ വിളിച്ചപേക്ഷിക്കുവിന്‍. ഇതു നിങ്ങളുടെ മേല്‍ വരുത്തിയ അവിടുന്ന് നിങ്ങളെ സ്മരിക്കും.28 ദൈവത്തില്‍ നിന്ന് അകലാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിന്‍.29 എന്തെന്നാല്‍, നിങ്ങളുടെമേല്‍ ഈ അനര്‍ഥങ്ങള്‍ വരുത്തിയവന്‍ തന്നെ നിങ്ങള്‍ക്കു രക്ഷയും നിത്യാനന്ദവും നല്‍കും.30 ജറുസലെമേ, ധൈര്യമായിരിക്കുക. നിനക്കു പേരിട്ടവന്‍ തന്നെ നിനക്ക് ആശ്വാസ മരുളും.31 നിന്നെ പീഡിപ്പിച്ചവനും നിന്റെ വീഴ്ചയില്‍ സന്തോഷിച്ചവനും ദുരിതമനുഭവിക്കും.32 നിന്റെ മക്കളെ അടിമകളാക്കിയ പട്ടണങ്ങള്‍ ദുരിതമനുഭവിക്കും. നിന്റെ പുത്രന്‍മാരെ വാങ്ങിയ നഗരവും33 നിന്റെ പതനത്തില്‍ സന്തോഷിക്കുകയും നിന്റെ നാശത്തില്‍ ആഹ്ലാദിക്കുകയും ചെയ്തതുപോലെ അവള്‍ സ്വന്തം നാശത്തില്‍ ദുഃഖിക്കും.34 ജനത്തിന്റെ ബാഹുല്യത്തില്‍ അവള്‍ക്കുള്ള അഹങ്കാരം ഞാന്‍ ഇല്ലാതാക്കും. അവളുടെ ഗര്‍വിനെ സന്താപമാക്കിത്തീര്‍ക്കും.35 നിത്യനായവനില്‍ നിന്ന് അവളുടെമേല്‍ വളരെക്കാലത്തേക്ക് അഗ്‌നിയിറങ്ങും. ദീര്‍ഘകാലത്തേക്കു പിശാചുക്കള്‍ അവളില്‍ വസിക്കും.36 ജറുസലെമേ, കിഴക്കോട്ടു നോക്കുക. ദൈവത്തില്‍നിന്നു നിനക്കു ലഭിക്കുന്ന ആനന്ദം കണ്ടാലും.37 ഇതാ, നീ പറഞ്ഞയച്ച നിന്റെ സന്തതികള്‍ വരുന്നു. പരിശുദ്ധനായവന്റെ കല്‍പനയനുസരിച്ച് കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ശേഖരിക്കപ്പെട്ട അവര്‍ ദൈവമഹത്വത്തില്‍ ആനന്ദിച്ചുകൊണ്ടു ഇതാ വരുന്നു.


Leave a comment