ജറെമിയായുടെ ലേഖനം
1 ബാബിലോണ്‍ രാജാവ് അടിമകളാക്കി ബാബിലോണിലേക്കു കൊണ്ടുപോകാനിരുന്നവര്‍ക്ക്, ജറെമിയാ അയച്ച എഴുത്തിന്റെ പകര്‍പ്പ്; ദൈവം തന്നോടു കല്പിച്ച സന്ദേശം അവരെ അറിയിക്കാനായിരുന്നു ഇത്.2 ദൈവസന്നിധിയില്‍ നിങ്ങള്‍ ചെയ്ത പാപംനിമിത്തം ബാബിലോണ്‍ രാജാവായ3 നബുക്കദ്നേസര്‍ നിങ്ങളെ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോകും. അതുകൊണ്ട് നിങ്ങള്‍ക്കു ബാബിലോണിലെത്തി ദീര്‍ഘകാലം, ഏഴു തലമുറവരെ അവിടെ താമസിക്കേണ്ടിവരും. അതിനുശേഷം ഞാന്‍ നിങ്ങളെ അവിടെ നിന്നു സമാധാനത്തില്‍ തിരിച്ചു കൊണ്ടുവരും.4 നിങ്ങള്‍ ബാബിലോണില്‍ വെള്ളി, സ്വര്‍ണം, മരം എന്നിവകൊണ്ടു നിര്‍മിച്ച ദേവന്മാരെ കാണും. മനുഷ്യന് അവയെ തോളില്‍ ചുമക്കുന്നു.5 ജനതകള്‍ അവയെ ഭയപ്പെടുന്നു. ജനതകളെപ്പോലെ ആകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഈ ദേവന്മാരുടെ മുന്‍പിലും പിന്‍പിലുംനിന്നു ജനക്കൂട്ടം ആരാധിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ക്ക് അവയോടു ഭയം തോന്നരുത്.6 എന്നാല്‍ നിങ്ങള്‍ ഹൃദയത്തില്‍ പറയണം: കര്‍ത്താവേ, അങ്ങയെ ആണ് ഞങ്ങള്‍ ആരാധിക്കേണ്ടത്.7 എന്റെ ദൂതന് നിങ്ങളുടെ കൂടെയുണ്ട്. അവന് നിങ്ങളുടെ ജീവന് കാത്തു സൂക്ഷിക്കുന്നു.8 ശില്പികള് മിനുക്കിയെടുത്തതാണ് അവയുടെ നാവുകള്‍. സ്വര്‍ണവും വെള്ളിയും പൊതിഞ്ഞതാണ് ഈ വിഗ്രഹങ്ങള്‍. സംസാരിക്കാന്‍ കഴിവില്ലാത്ത വ്യാജദേവന്‍മാരാണ് അവ.9 ആഡംബരഭ്രമമുള്ള യുവതികളെയെന്നപോലെ, അവയെ അവര്‍ സുവര്‍ണ കിരീടം അണിയിക്കുന്നു.10 പുരോഹിതന്മാര് ചിലപ്പോഴൊക്കെ ഈ ദേവന്മാരില് നിന്നു സ്വര്‍ണവും വെള്ളിയും രഹസ്യമായി എടുത്ത് സ്വന്തകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു.11 അതില്‍ നിന്ന് ഉള്ളറയിലെ വേശ്യകള്‍ക്കു പോലും കൊടുക്കുന്നു. സ്വര്‍ണവും വെള്ളിയും മരവും കൊണ്ടു നിര്‍മിച്ച ഈ ദേവന്മാരെ അവര്‍ മനുഷ്യരെയെന്നപോലെ വസ്ത്രങ്ങള്‍ അണിയിക്കുന്നു.12 തുരുമ്പു പിടിക്കാതെയോ ചെതുക്കിച്ചു പോകാതെയോ തന്നത്താന്‍ രക്ഷിക്കാന്‍ അവയ്ക്കൊന്നിനും സാധ്യമല്ല.13 രക്താംബരം അണിയിക്കുമ്പോള്‍, അവയുടെ മുഖത്തു കട്ട പിടി ച്ചിരിക്കുന്ന ക്ഷേത്രത്തിലെ പൊടി തുടച്ചു മാറ്റേണ്ടിവരുന്നു.14 ദേശാധിപതികളെപ്പോലെ അവ ചെങ്കോല്‍ പിടിക്കുന്നു. എന്നാല്‍ തങ്ങളെ ധിക്കരിക്കുന്നവനെ നശിപ്പിക്കാന്‍ അവയ്ക്കു കഴിവില്ല.15 അതിന്റെ വലത്തുകൈയില്‍ കഠാരിയുണ്ട്; കോടാലിയുമുണ്ട്. എന്നാല്‍യുദ്ധങ്ങളില്‍ നിന്നോ കവര്‍ച്ചയില്‍ നിന്നോ തന്നെത്തന്നെ രക്ഷിക്കാന്‍ അതിനു കഴിവില്ല.16 അതുകൊണ്ട് അവ ദേവന്മാരല്ലെന്നു വ്യക്തമാണ്. അവയെ ഭയപ്പെടേണ്ടാ.17 ഉപയോഗശൂന്യമായ പൊട്ടപ്പാത്രങ്ങള്‍ പോലെയാണ് വിജാതീയരുടെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവന്മാര്. അവിടെ പ്രവേശിക്കുന്നവര്‍ പറത്തുന്ന പൊടികൊണ്ട് അവയുടെ കണ്ണുകള്‍ മൂടിയിരിക്കുന്നു.18 രാജദ്രോഹത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കിടക്കുന്നവനെ എല്ലാവശത്തുനിന്നും വാതിലടച്ചു സൂക്ഷിക്കുന്നതു പോലെ വിഗ്രഹങ്ങള്‍ കള്ളന്മാര് അപഹരിക്കാതിരിക്കാന്‍ പുരോഹിതന്മാര് വാതിലുകളും താഴുകളും ഓടാമ്പലുകളുംകൊണ്ട് ക്ഷേത്രം സുരക്ഷിതമാക്കുന്നു.19 തങ്ങള്‍ക്ക് ആവശ്യമുളളതിലും കൂടുതല്‍ വിളക്കുകള്‍ അവര്‍ ദേവന്മാര്ക്കു വേണ്ടി കത്തിക്കുന്നു. എന്നാല്‍, അവയില്‍ ഒന്നു പോലും കാണാന്‍ദേവന്‍മാര്‍ക്കു കഴിവില്ല.20 അവ ക്ഷേത്രത്തിന്റെ തുലാത്തിനു തുല്യമാണ്.21 ഭൂമിയിലെ കീടങ്ങള്‍ അവയെയും അവയുടെ വസ്ത്രങ്ങളെയും തിന്നു നശിപ്പിക്കുമ്പോള്‍ അവയുടെ ഹൃദയം ഉരുകിയതാണ് അത് എന്നു മനുഷ്യര്‍ പറയുന്നു. ക്ഷേത്രത്തിലെ പുക കൊണ്ട് തങ്ങളുടെ മുഖം ഇരുണ്ടുപോയത് അവ അറിയുന്നില്ല.22 വവ്വാലുകളും, മീവല്‍ പക്ഷികളും പറവകളും വന്ന് അവയുടെ ശരീരത്തിലും ശിരസ്സിലും ഇരിക്കുന്നു; അതുപോലെതന്നെ പൂച്ചകളും.23 ഇതില്‍നിന്ന് അവ ദേവന്മാരല്ലെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാം. അവയെ ഭയപ്പെടേണ്ടാ.24 അലങ്കാരത്തിനായി അവ ധരിക്കുന്ന സ്വര്‍ണത്തില്‍ പറ്റിയ അഴുക്ക് തുടച്ചില്ലെങ്കില്‍ അവ തിളങ്ങുകയില്ല. വാര്‍ത്തെടുക്കുമ്പോള്‍ പോലും അവയ്ക്ക് ഒരു വികാരവും ഇല്ലായിരുന്നു. അവയെ എന്തു വിലയ്ക്കും വാങ്ങാം.25 പക്ഷേ, അവയ്ക്കു ജീവനില്ല.26 കാലുകളില്ലാത്തതിനാല്‍ അവ മനുഷ്യന്റെ തോളുകളില്‍ വഹിക്കപ്പെടുന്നു. അങ്ങനെ മനുഷ്യവര്‍ഗത്തിന് അവയുടെ നിസ്സാരത വ്യക്ത മാകുന്നു.27 അവയെ ആരാധിക്കുന്നവര്‍ ലജ്ജിതരാകുന്നു. എന്തെന്നാല്‍ അവരാണ് അവയെ ഉറപ്പിച്ചു നിര്‍ത്തുന്നത്. അല്ലെങ്കില്‍ അവ വീണുപോകും. നിലത്തു നാട്ടിനിര്‍ത്തിയാല്‍ അവയ്ക്കു തന്നെത്താന്‍ ചലിക്കാന്‍ കഴിവില്ല. മറിച്ചിട്ടാല്‍ അവയ്ക്ക് നേരേ നില്‍ക്കാനാവില്ല. മരിച്ചവരുടെ മുന്പിലെന്ന പോലെയാണ് അവയുടെ മുന്പില് കാഴ്ചകള്‍ അര്‍പ്പിക്കുന്നത്.28 ഈ ദേവന്മാര്ക്കു കാഴ്ച വയ്ക്കുന്ന ബലി വസ്തുക്കള്‍ പുരോഹിതന്മാര് വിറ്റ് ആ പണം ഉപയോഗിക്കുന്നു. അതുപോലെ അവരുടെ ഭാര്യമാരും കുറെ എടുത്ത് ഉപ്പിട്ടു സൂക്ഷിക്കുന്നു. ദരിദ്രര്‍ക്കോ നിസ്സഹായര്‍ക്കോ ഒന്നും കൊടുക്കുന്നില്ല.29 ആര്‍ത്തവകാലത്തും പ്രസവാനന്തരവും സ്ത്രീകള്‍ ആ ബലിവസ്തുക്കളെ സ്പര്‍ശിക്കുന്നു. ഇക്കാരണങ്ങളാല്‍ അവദേവന്മാരല്ലെന്ന് നിങ്ങള്‍ അറിയുന്നു. അവയെ ഭയപ്പെടേണ്ടാ.30 അവയെ എന്തിനു ദേവന്മാരെന്നു വിളിക്കണം? സ്വര്‍ണവും വെള്ളിയും മരവും കൊണ്ടുള്ള അവയ്ക്ക് സ്ത്രീകള്‍ ഭക്ഷണം വിളമ്പുന്നു.31 അവയുടെ ക്ഷേത്രങ്ങളില്‍ പുരോഹിതന്മാര് കീറിയ വസ്ത്രങ്ങള്‍ ധരിച്ചും താടിയും തലയും ക്ഷൗരം ചെയ്തും ശിരസ്സു മറയ്ക്കാതെയും ഇരിക്കുന്നു.32 മരിച്ചവനുവേണ്ടിയുള്ള അടിയന്തിരത്തില്‍ ചിലര്‍ ചെയ്യാറുള്ളതുപോലെ അവയുടെ മുന്പില് അവര്‍ അലറുകയും മുറവിളികൂട്ടുകയും ചെയ്യുന്നു.33 ഭാര്യമാരെയും മക്കളെയും അണിയിക്കാനായി പുരോഹിതന്മാര് തങ്ങളുടെ ദേവന്മാരുടെ വസ്ത്രങ്ങളില്‍ ചിലത് എടുക്കുന്നു.34 അവയോടു നന്മ ചെയ്താലും തിന്മചെയ്താലും പ്രതിഫലം നല്കാന് അവയ്ക്കു കഴിവില്ല. രാജാവിനെ നിയമിക്കാനോ സ്ഥാനഭ്രഷ്ടനാക്കാനോ അവയ്ക്കു സാധിക്കുകയില്ല.35 അതുപോലെതന്നെ സമ്പത്തോ പണമോ നല്കാന് അവയ്ക്കു കഴിവില്ല. ആരെങ്കിലും അവയോടു ശപഥം ചെയ്തിട്ട് അനുഷ്ഠിക്കാതിരുന്നാല്‍ അത് ഈടാക്കാന്‍ അവയ്ക്കു സാധിക്കുകയില്ല.36 മരണത്തില്‍നിന്നു മോചിപ്പിക്കാനോ ബലവാനില്‍നിന്നു ദുര്‍ബലനെ രക്ഷിക്കാനോ അവയ്ക്കു കഴിയുകയില്ല.37 അന്ധനു കാഴ്ച നല്‍കാനോ ആകുലതയില്‍നിന്ന് ഒരുവനെ വിമുക്തനാക്കാനോ അവയ്ക്കു സാധിക്കുകയില്ല.38 വിധവയോടു കാരുണ്യം കാണിക്കാനോ, അനാഥനു നന്മ ചെയ്യാനോ, അവയ്ക്കു കഴിവില്ല.39 തടി കൊണ്ടു നിര്‍മിക്കുകയും, സ്വര്‍ണവും വെള്ളിയും കൊണ്ടു പൊതിയുകയും ചെയ്തിരിക്കുന്ന ഈ ദേവന്മാര് പര്‍വതങ്ങളിലെ കല്ലുകള്‍ക്കു സമാനമാണ്. അവയെ ആരാധിക്കുന്നവര്‍ ലജ്ജിതരാകും.40 എന്നിട്ടും അവ ദേവന്മാരാണെന്നു കരുതുകയും അപ്രകാരം അവയെ വിളിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ഇതിനു പുറമേ, കല്‍ദായര്‍പോലും അവയെ അവഹേളിക്കുന്നു.41 അവര്‍ ഊമനെ കണ്ടാല്‍ ബാലിന്റെ അടുത്തു കൊണ്ടുവന്ന് അവനു സംസാര ശക്തി നല്‍കണം എന്നു പ്രാര്‍ഥിക്കുന്നു. ബാലിനു ഗ്രഹണശക്തിയുണ്ടെന്നാണ് അവരുടെ വിചാരം.42 എന്നാല്‍ അവര്‍ക്ക് ഇതു മനസ്സിലാക്കി അവയെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. കാരണം, അവര്‍ക്കു ബുദ്ധിയില്ല.43 സ്ത്രീകള്‍ അരയില്‍ ചരടു ചുറ്റി വഴിയരികില്‍ ഇരുന്ന് കുന്തുരുക്കത്തിനു പകരം തവിടു പുകയ്ക്കുന്നു.യാത്രക്കാരില്‍ ആരെങ്കിലും അവളെ ആകര്‍ഷിക്കുകയും അവള് അവനോടുകൂടെ ശയിക്കുകയും ചെയ്താല്‍ അവള് തന്റെ അയല്‍ക്കാരിയെ അധിക്ഷേപിക്കുന്നു. എന്തെന്നാല്‍, അവള് തന്നെപ്പോലെ ആകര്‍ഷകത്വമുള്ളവളല്ല, അവളുടെ ചരട് പൊട്ടിച്ചതുമില്ല.44 അവയ്ക്കു വേണ്ടി എന്തു ചെയ്താലും അതു വ്യര്‍ഥമാണ്. എന്നിട്ടും അവ ദേവന്മാരാണെന്ന് ചിലര്‍ കരുതുകയും അപ്രകാരം അവയെ വിളിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?45 മരപ്പണിക്കാരും, സ്വര്‍ണപ്പണിക്കാരുമാണ് അവ ഉണ്ടാക്കിയത്. ശില്പികള് ആഗ്രഹിക്കുന്നതല്ലാതെ മറ്റൊന്നും ആ കാന്‍ അവയ്ക്കു സാധിക്കുകയില്ല.46 അവയെ ഉണ്ടാക്കുന്നവര്‍ പോലും ദീര്‍ഘകാലം ജീവിക്കുകയില്ല. അങ്ങനെയെങ്കില്‍ അവര്‍ നിര്‍മിച്ചവസ്തുക്കള്‍ക്ക് എങ്ങനെ ദേവന്മാരായിരിക്കാന് സാധിക്കും?47 വരും തലമുറയ്ക്കും നുണകളും നിന്ദയും മാത്രമാണ് അവര്‍ അവശേഷിപ്പിച്ചിരിക്കുന്നത്.48 യുദ്ധവും നാശവും വരുമ്പോള്‍ തങ്ങള്‍ക്കും തങ്ങളുടെ ദേവന്മാര്ക്കും എവിടെ ഒളിക്കാന്‍ കഴിയുമെന്ന് പുരോഹിതന്മാര് കൂടിയാലോചിക്കുന്നു.49 യുദ്ധത്തില്‍ നിന്നോ നാശത്തില്‍ നിന്നോ തങ്ങളെത്തന്നെ രക്ഷിക്കാന്‍ സാധിക്കാത്തതുകൊണ്ട് അവ ദേവന്മാരല്ലെന്ന് എങ്ങനെ വിശ്വസിക്കാതിരിക്കും?50 അവ തടികൊണ്ടു നിര്‍മിച്ചവയും സ്വര്‍ണ വും വെള്ളിയും കൊണ്ടു പൊതിഞ്ഞവയു മായതുകൊണ്ട് കപടവസ്തുക്കളാണെന്ന് ഭാവിയില്‍ അറിയപ്പെടും.51 അവ ദേവന്മാരല്ലെന്നും, മനുഷ്യകരങ്ങളാല് നിര്‍മിതമായ വസ്തുക്കളാണെന്നും അവയില്‍ ദൈവത്തിന്റെ പ്രവര്‍ത്തനമൊന്നും ഇല്ലെന്നും എല്ലാദേശങ്ങള്‍ക്കും രാജാക്കന്മാര്ക്കും വെളിപ്പെടും.52 അപ്പോള്‍ അവ ദേവന്മാരല്ലെന്ന് ആര്‍ക്കു മനസ്സിലാകാതിരിക്കും? 53 ദേശത്ത് രാജാവിനെ നിയമിക്കാനോ മനുഷ്യര്‍ക്കു മഴ നല്‍കാനോ അവയ്ക്കു സാധിക്കുകയില്ല.54 അവയ്ക്കു സ്വന്തം കാര്യം സ്ഥാപിക്കാനോ നിരപരാധനെ മോചിപ്പിക്കാനോ സാധ്യമല്ല. എന്തെന്നാല്‍, അവ അശ ക്തമാണ്. അവ ആകാശത്തിനും ഭൂമിക്കും മധ്യേയുള്ള കാക്കകളെപ്പോലെയാണ്.55 മരംകൊണ്ടു നിര്‍മിതവും സ്വര്‍ണവും വെള്ളിയും കൊണ്ടു പൊതിഞ്ഞതുമായ ദേവന്മാരുടെ ക്ഷേത്രത്തിനു തീ പിടിക്കുമ്പോള്‍ അവയുടെ പുരോഹിതന്മാര് ഓടി രക്ഷപെടും. അപ്പോള്‍ ദേവന്മാര് തുലാം കത്തുന്നതുപോലെ കത്തിപ്പിളരും.56 മാത്രമല്ല, അവയ്ക്കു രാജാവിനെയോ, ശത്രുക്കളെയോ എതിര്‍ത്തു നില്ക്കാന് സാധിക്കുകയില്ല. പിന്നെ എന്തുകൊണ്ടാണ് അവയെ ദേവന്മാരായി കരുതുകയും അംഗീകരിക്കുകയും ചെയ്യുന്നത്?57 തടികൊണ്ടു നിര്‍മിച്ചതും സ്വര്‍ണവും വെ ള്ളിയും കൊണ്ടു പൊതിഞ്ഞതുമായ ദേവന്മാര്ക്കു കള്ളന്മാരില്നിന്നോ കവര്‍ച്ചക്കാരില്‍ നിന്നോ തങ്ങളെത്തന്നെ രക്ഷിക്കാന്‍ സാധിക്കുകയില്ല.58 ശക്തന്മാര് അവയുടെ സ്വര്‍ണവും വെള്ളിയും അവ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും കൊള്ളവസ്തുക്കളാക്കി എടുത്തു കൊണ്ടുപോകുമ്പോള്‍ അവയ്ക്കു തങ്ങളെത്തന്നെ രക്ഷിക്കാന്‍ കഴിയുകയില്ല.59 അതുകൊണ്ട് ഈ വ്യാജദേവന്‍മാരായിരിക്കുന്നതില്‍ ഭേദം ധൈര്യം കാണിക്കുന്ന ഒരു രാജാവോ,യജമാനന്റെ ആവശ്യങ്ങള്‍ സാധിക്കുന്ന വീട്ടുപകരണമോ ആയിരിക്കുകയാണ്. വീട്ടിലുള്ളത് സംരക്ഷിക്കുന്ന ഒരു വാതിലോ കൊട്ടാരത്തിലെ മരത്തൂണോ ആയിരിക്കുന്നതാണ് ഈ വ്യാജദേവന്മാരായിരിക്കുന്നതിനെക്കാള് ഭേദം. 60 പ്രകാശിക്കുകയും, ശുശ്രൂഷയ്ക്കായി അയയ്ക്കപ്പെടുകയും ചെയ്യുന്ന സൂര്യനും ചന്ര്ദനും നക്ഷത്രങ്ങളും അനുസരണം ഉള്ള വയാണ്. അതുപോലെതന്നെയാണ് മിന്നല്‍പ്പിണരും.61 അത് മിന്നുമ്പോള്‍ എല്ലായിടത്തും കാണപ്പെടുന്നു. അങ്ങനെതന്നെ കാറ്റും എല്ലാ ദേശങ്ങളിലും വീശുന്നു.62 ദൈവം മേഘങ്ങളോടു ലോകം മുഴുവന്‍ പോകാന്‍ കല്പിക്കുമ്പോള് അവ അവിടുത്തെ ആജ്ഞകള്‍ അനുസരിക്കുന്നു.63 പര്‍വതങ്ങളും വൃക്ഷങ്ങളും ദഹിപ്പിക്കുന്നതിനായി ആകാശത്തില്‍നിന്ന് അഗ്നി അയയ്ക്കുമ്പോള്‍ അത് ആജ്ഞ അനുസരിക്കുന്നു. എന്നാല്‍, ഈ വിഗ്രഹങ്ങളെ രൂപത്തിലോ ശക്തിയിലോ അവയോടു തുലനം ചെയ്യാനാവുകയില്ല.64 അതിനാല്‍ ആരും അവയെ ദേവന്മാരാണെന്നു കരുതുകയോ അപ്രകാരം വിളിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, അവയ്ക്കു വിധി പ്രസ്താവിക്കാനോ മനുഷ്യര്‍ക്കു നന്മ ചെയ്യാനോ കഴിവില്ല.65 അതുകൊണ്ട് അവ ദേവന്മാരല്ലെന്ന് അറിയുവിന്‍.66 അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു രാജാക്കന്മാരെ ശപിക്കാനോ അനുഗ്രഹിക്കാനോ ശക്തിയില്ല.67 ആകാശത്തിലും ജനതകളുടെ ഇടയിലും അടയാളങ്ങള്‍ കാണിക്കാനോ സൂര്യനെപ്പോലെ ശോഭിക്കാനോ ചന്ദ്രനെപ്പോലെ പ്രകാശം നല്‍കാനോ അവയ്ക്കു കഴിവില്ല.68 അവയെക്കാള്‍ എത്ര ഭേദമാണ് വന്യമൃഗങ്ങള്‍. എന്തെന്നാല്‍, അവയ്ക്ക് ഓടി ഒളിക്കാനും രക്ഷപെടാനും അറിയാം.69 അതുകൊണ്ട് അവ ദേവന്മാരാണെന്നതിന് ഒരു തെളിവുമില്ല; അവയെ ഭയപ്പെടേണ്ടാ.70 വെള്ളരിത്തോട്ടത്തില്‍ സ്ഥാപിക്കുന്ന നോക്കുകുത്തി ഒന്നും സംരക്ഷിക്കാത്തതുപോലെ തന്നെയാണ് മരം കൊണ്ടു നിര്‍മിച്ച തും സ്വര്‍ണവും വെള്ളിയും പൊതിഞ്ഞതുമായ അവരുടെ ദേവന്മാര്.71 അതുപോലെ തന്നെതടികൊണ്ടു നിര്‍മിച്ചതും സ്വര്‍ണവും വെള്ളിയും കൊണ്ടു പൊതിഞ്ഞതുമായ അവരുടെ ദേവന്മാര് ഏതു പക്ഷിയും വന്നിരിക്കുന്ന ഉദ്യാനത്തിലെ മുള്‍ച്ചെടിപോലെയും അന്ധകാരത്തില്‍ എറിയപ്പെട്ട മൃതശരീരം പോലെയുമാണ്.72 അവ ധരിച്ചിരിക്കുന്ന ദ്രവിച്ച ധൂമ്രവസ്ത്രവും ചണവസ്ത്ര വും കൊണ്ടു തന്നെ അവ ദേവന്മാരല്ലെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാം. അവസാനം അവയെല്ലാം നിശ്ശേഷം നശിക്കുകയും ദേശത്തിന് അപമാനമായിത്തീരുകയും ചെയ്യും.73 അതിനാല്‍ വിഗ്രഹങ്ങളില്ലാത്തനീതിമാനാണ് ഉത്തമന്. അവന് ആക്ഷേപങ്ങള്‍ക്ക് അതീതനായിരിക്കും.


Leave a comment