Ezekiel, Chapter 7 | എസെക്കിയേൽ, അദ്ധ്യായം 7 | Malayalam Bible | POC Translation

അവസാനം അടുത്തു

1 എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:2 മനുഷ്യപുത്രാ, ദൈവമായ കര്‍ത്താവ് ഇസ്രായേല്‍ ദേശത്തോട് അരുളിച്ചെയ്യുന്നു: ഇതാ, നിന്റെ അവസാനം അടുത്തിരിക്കുന്നു. ദേശത്തിന്റെ നാലുദിക്കുകളിലും നിന്ന് അവസാനം അടുത്തു വരുന്നു.3 ഇതാ, നിന്റെ അവസാനം അടുത്തിരിക്കുന്നു. എന്റെ കോപം നിന്റെ മേല്‍ ഞാന്‍ അഴിച്ചുവിടും. നിന്റെ പ്രവൃത്തികള്‍ക്കനുസൃതമായി നിന്നെ ഞാന്‍ വിധിക്കും. നിന്റെ എല്ലാ മ്ലേ ച്ഛതകള്‍ക്കും നിന്നെ ഞാന്‍ ശിക്ഷിക്കും.4 ഞാന്‍ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു ഞാന്‍ കരുണ കാണിക്കുകയില്ല. നിന്റെ മ്ലേച്ഛതകള്‍ക്കും നിന്റെ പ്രവൃത്തികള്‍ക്കും അനുസൃതമായി നിന്നെ ഞാന്‍ ശിക്ഷിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നീ അറിയും.5 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, നാശത്തിനു പിറകേ നാശം.6 ഇതാ, അവസാനം അടുത്തു. അത് നിനക്കെതിരേ ഉണര്‍ന്നിരിക്കുന്നു. ഇതാ, അത് എത്തിക്കഴിഞ്ഞു.7 ദേശത്തു വസിക്കുന്നവനേ, ഇതാ, നിന്റെ മേല്‍ വിനാശം ആഗതമായിരിക്കുന്നു. സമയമായി; പരിഭ്രാന്തിയുടെ, കലാപത്തിന്റെ, ദിനം ആസന്നമായി. മലമുകളിലെ ആര്‍പ്പുവിളി ആഹ്ലാദത്തിന്‍േറ തായിരിക്കുകയില്ല.8 അല്‍പസമയത്തിനുള്ളില്‍ എന്റെ ക്രോധം നിന്റെ മേല്‍ ഞാന്‍ ചൊരിയും. എന്റെ കോപം നിന്റെ മേല്‍ ഞാന്‍ പ്രയോഗിച്ചു തീര്‍ക്കും. നിന്റെ പ്രവൃത്തിക്കള്‍ക്കനുസൃതമായി നിന്നെ ഞാന്‍ വിധിക്കും. നിന്റെ എല്ലാ മ്ലേച്ഛതകള്‍ക്കും നിന്നെ ഞാന്‍ ശിക്ഷിക്കും.9 നിന്നെ ഞാന്‍ വെറുതെവിടുകയില്ല. നിന്നോടു ഞാന്‍ കരുണ കാണിക്കുകയില്ല. നിന്റെ മ്ലേച്ഛതകള്‍ക്കും പ്രവൃത്തികള്‍ക്കും അനുസൃതമായി നിന്നെ ഞാന്‍ ശിക്ഷിക്കും. കര്‍ത്താവായ ഞാനാണു ശിക്ഷിക്കുന്നതെന്ന് അപ്പോള്‍ നീ അറിയും.10 ഇതാ, ആദിനം! നാശത്തിന്റെ ദിനം ആസന്നമായി. അനീതി പുഷ്പിക്കുകയും അഹങ്കാരം തളിര്‍ക്കുകയും ചെയ്തിരിക്കുന്നു.11 അക്രമം ദുഷ്ടതയുടെ ദണ്‍ഡായി വളര്‍ന്നിരിക്കുന്നു. അവരില്‍ ആരും അവശേഷിക്കുകയില്ല. അവരുടെ സമൃദ്ധിയും സമ്പത്തും പ്രതാപവും അവസാനിക്കും. സമയമായി. ദിവസം അടുത്തു.12 വാങ്ങുന്നവന്‍ സന്തോഷിക്കുകയോ വില്‍ക്കുന്നവന്‍ വിലപിക്കുകയോ വേണ്ടാ. ജനം മുഴുവന്റെയും മേല്‍ ക്രോധം പതിച്ചിരിക്കുന്നു.13 ഇരുവരും ജീവിച്ചിരുന്നാല്‍ത്തന്നെ വില്‍ക്കുന്നവനു വിറ്റതു തിരിച്ചു കിട്ടുകയില്ല, എന്തെന്നാല്‍ ജനം മുഴുവന്റെയുംമേല്‍ എന്റെ ക്രോധം പതിച്ചിരിക്കുന്നു. അകൃത്യങ്ങളില്‍ തുടരുന്നതുകൊണ്ട് ഒരുവനും ജീവന്‍ നില നിര്‍ത്താനാവില്ല.14 കാഹളം മുഴങ്ങി; എല്ലാം സജ്ജമായി. എന്നാല്‍ ആരുംയുദ്ധത്തിനു പോകുന്നില്ല. എന്തെന്നാല്‍, ജനം മുഴുവന്റെയുംമേല്‍ എന്റെ ക്രോധം പതിച്ചിരിക്കുന്നു.

ഇസ്രായേലിന്റെ പാപങ്ങള്‍

15 പുറമേ വാള്‍, അകമേ പട്ടിണിയും പകര്‍ച്ചവ്യാധിയും, നഗരത്തിനു പുറത്തുള്ളവന്‍ വാളാല്‍ മരിക്കും. പട്ടണത്തിലുള്ളവനെ പട്ടിണിയും പകര്‍ച്ചവ്യാധിയും വിഴുങ്ങും.16 ഇവയെ അതിജീവിച്ച് രക്ഷപെടുന്നവര്‍ തങ്ങളുടെ തിന്‍മകളോര്‍ത്തു വിലപിച്ചുകൊണ്ട് താഴ്‌വരകളില്‍നിന്ന് പ്രാവുകളെന്നപോലെ മലകളില്‍ അഭയം തേടും.17 എല്ലാ കരങ്ങളും ദുര്‍ബലമാകും. കാല്‍മുട്ടുകള്‍ വിറയ്ക്കും.18 അവര്‍ ചാക്കുടുക്കും. ഭീതി അവരെ ആ വരണം ചെയ്യും. അവര്‍ ലജ്ജകൊണ്ടു മുഖം കുനിക്കും. ശിരസ്‌സു മുണ്‍ഡനം ചെയ്യും.19 അവര്‍ വെള്ളി തെരുവുകളില്‍ വലിച്ചെറിയും; സ്വര്‍ണം അവര്‍ക്ക് അശുദ്ധവസ്തുപോലെയാകും. കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനത്തില്‍ അവരെ രക്ഷിക്കാന്‍ വെള്ളിക്കും സ്വര്‍ണത്തിനും സാധിക്കുകയില്ല. അവയ്ക്ക് അവരുടെ വിശപ്പടക്കാനോ വയറുനിറയ്ക്കാനോ ആവില്ല. എന്തെന്നാല്‍, അവയാണ് അവര്‍ക്ക് ഇടര്‍ച്ചവരുത്തിയത്.20 ആഭരണങ്ങളുടെ ഭംഗിയില്‍ അവര്‍ മദിച്ചു. അതുപയോഗിച്ച് അവര്‍ മ്ലേച്ഛവും നിന്ദ്യവുമായ വിഗ്രഹങ്ങള്‍ നിര്‍മിച്ചു. ആകയാല്‍ ഞാന്‍ അവര്‍ക്ക് അത് അശുദ്ധവസ്തുവാക്കും.21 അതു വിദേശികളുടെ കൈയില്‍ ഇരയായും ദുഷ്ടന്‍മാര്‍ക്ക് കൊള്ളമുതലായും ഞാന്‍ കൊടുക്കും. അവര്‍ അതിനെ അശുദ്ധമാക്കും.22 ഞാന്‍ അവരില്‍ നിന്നു മുഖംതിരിക്കും. അവര്‍ എന്റെ അമൂല്യനിധി അശുദ്ധമാക്കും. കൊള്ളക്കാര്‍ പ്രവേശിച്ച് അതിനെ മലിനവും ശൂന്യവുമാക്കും.23 എന്തെന്നാല്‍ ഭൂമി രക്തരൂഷിതമായ അപരാധങ്ങള്‍കൊണ്ടും പട്ടണങ്ങള്‍ അക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നു.24 ഞാന്‍ ജനതകളില്‍ ഏറ്റവും നീചന്‍മാരെ കൊണ്ടുവരും; അവര്‍ അവരുടെ ഭവനങ്ങള്‍ കൈവശപ്പെടുത്തും. ശക്തന്‍മാരുടെ അഹന്തയ്ക്ക് ഞാന്‍ അറുതി വരുത്തും. അവരുടെ വിശുദ്ധസ്ഥലങ്ങള്‍ അശുദ്ധമാക്കപ്പെടും.25 കഠിനവേദന പിടികൂടുമ്പോള്‍ അവര്‍ സമാധാന മന്വേഷിക്കും. എന്നാല്‍ അതു ലഭിക്കുകയില്ല.26 നാശത്തിനുമേല്‍ നാശം വന്നുകൂടും. കിംവദന്തികള്‍ പ്രചരിക്കും. അപ്പോള്‍ അവര്‍ പ്രവാചകന്‍മാരില്‍നിന്നു ദര്‍ശനങ്ങള്‍ ആരായും. എന്നാല്‍, പുരോഹിതന്‍മാരില്‍നിന്നു നിയമവും ശ്രേഷ്ഠന്‍മാരില്‍നിന്ന് ഉപദേശവും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കും.27 രാജാവു വിലപിക്കും; രാജകുമാരന്‍ നിരാശനാകും. ദേശത്തെ ജനത്തിന്റെ കൈകള്‍ ഭയംകൊണ്ടു വിറയ്ക്കും. അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായി ഞാന്‍ അവരോടു പെരുമാറും. അവര്‍ വിധിക്കുന്നതുപോലെ ഞാന്‍ അവരെയും വിധിക്കും. ഞാനാണ് കര്‍ത്താവെന്ന് അവര്‍ അറിയും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment