Ezekiel, Chapter 13 | എസെക്കിയേൽ, അദ്ധ്യായം 13 | Malayalam Bible | POC Translation

വ്യാജപ്രവാചകര്‍ക്കെതിരേ

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഇസ്രായേലിലെ പ്രവാചകന്‍മാര്‍ക്കെതിരായി നീ പ്രവചിക്കുക. സ്വന്തമായി പ്രവചനങ്ങള്‍ നടത്തുന്നവരോടു പറയുക: കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍.3 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദര്‍ശനം ലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്തുടരുന്ന ഭോഷന്‍മാരായ പ്രവാചകന്‍മാര്‍ക്കും ദുരിതം!4 ഇസ്രായേലേ, നിന്റെ പ്രവാചകന്‍മാര്‍ നാശക്കൂമ്പാരങ്ങള്‍ക്കിടയില്‍ കഴിയുന്ന കുറുനരികളെപ്പോലെയാണ്.5 കര്‍ത്താവിന്റെ ദിനത്തില്‍ ഇസ്രായേല്‍ ഭവനംയുദ്ധത്തില്‍ ഉറച്ചുനില്‍ക്കാന്‍ വേണ്ടി, നിങ്ങള്‍ കോട്ടയിലെ വിള്ളലുകള്‍ പരിശോധിക്കുകയോ കോട്ട പുതുക്കിപ്പണിയുകയോ ചെയ്തില്ല.6 അവര്‍ കള്ളം പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്യുന്നു. കര്‍ത്താവ് അവരെ അയച്ചിട്ടില്ലെങ്കിലും കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവര്‍ പറയുകയും അവിടുന്ന് അത് നിറവേറ്റുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.7 ഞാന്‍ പറയാതിരക്കേ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു നിങ്ങള്‍ പറഞ്ഞപ്പോഴൊക്കെ നിങ്ങള്‍ മിഥ്യാദര്‍ശനം കാണുകയും വ്യാജപ്രവചനം നടത്തുകയുമല്ലേ ചെയ്തത്?8 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ വ്യാജം പറഞ്ഞതുകൊണ്ടും മിഥ്യാദര്‍ശനം കണ്ടതുകൊണ്ടും ഇതാ, ഞാന്‍ നിങ്ങള്‍ക്കെതിരാണ്. ദൈവമായ കര്‍ത്താവാണ് ഇതു പറയുന്നത്.9 വ്യാജം പ്രവചിക്കുകയും വ്യര്‍ഥദര്‍ശനങ്ങള്‍ കാണുകയും ചെയ്യുന്ന പ്രവാചകന്‍മാര്‍ക്കെതിരേ എന്റെ കരം ഉയരും. എന്റെ ജനത്തിന്റെ ആലോചനാസംഘത്തില്‍ അവരുണ്ടായിരിക്കുകയില്ല. ഇസ്രായേല്‍ ജനത്തിന്റെ വംശാവലിയില്‍ അവരുടെ പേര് എഴുതപ്പെടുകയില്ല; അവര്‍ ഇസ്രായേല്‍ദേശത്ത് പ്രവേശിക്കുകയുമില്ല. ഞാനാണ് ദൈവമായ കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.10 സമാധാനമില്ലാതിരിക്കേസമാധാനം എന്ന് ഉദ്‌ഘോഷിച്ച് അവര്‍ എന്റെ ജനത്തെ വഴിതെറ്റിച്ചു. എന്റെ ജനം കോട്ട പണിതപ്പോള്‍ അവര്‍ അതിന്‍മേല്‍ വെള്ളപൂശി.11 കോട്ടയ്ക്കു വെള്ളപൂശുന്നവരോടു പറയുക: അതു നിലംപരിചാകും; പെരുമഴ പെയ്യും; വലിയ കന്‍മഴ വര്‍ഷിക്കും; കൊടുങ്കാറ്റടിക്കും.12 കോട്ട നിലംപതിക്കുമ്പോള്‍ നിങ്ങള്‍ വെള്ളപൂശിയ കുമ്മായം എവിടെ എന്ന് അവര്‍ നിങ്ങളോടു ചോദിക്കുകയില്ലേ?13 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ക്രോധത്തില്‍ ഞാനൊരു കൊടുങ്കാറ്റഴിച്ചുവിടും. എന്റെ കോപത്തില്‍ ഒരുപെരുമഴ വര്‍ഷിക്കും. എന്റെ ക്രോധത്തില്‍ എല്ലാം നശിപ്പിക്കുന്ന കന്‍മഴ അയയ്ക്കും.14 നിങ്ങള്‍ വെള്ളപൂശിയ കോട്ട ഞാന്‍ തകര്‍ക്കും; അസ്തിവാരം തെളിയത്തക്കവിധം ഞാന്‍ അതിനെ നിലംപതിപ്പിക്കും. അതു നിലംപതിക്കുമ്പോള്‍ അതിനടിയില്‍പ്പെട്ടു നിങ്ങളും നശിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.15 കോട്ടയും അതിനു വെള്ളപൂശിയവരും എന്റെ ക്രോധത്തിന്നിരയാകും. ഞാന്‍ നിങ്ങളോടു പറയും: കോട്ടയോ അതിനു വെള്ളപൂശിയ വരോ അവശേഷിക്കുകയില്ല.16 ജറുസലെമിനെപ്പറ്റി പ്രവചനങ്ങള്‍ നടത്തിയവരും, സമാധാനമില്ലാതിരിക്കേസമാധാനത്തിന്റെ ദര്‍ശനങ്ങള്‍ കണ്ടവരുമായ ഇസ്രായേലിലെ പ്രവാചകന്‍മാരും അവശേഷിക്കുകയില്ല. ദൈവമായ കര്‍ത്താവാണ് ഇതു പറയുന്നത്.17 മനുഷ്യപുത്രാ, സ്വന്തമായ പ്രവച നങ്ങള്‍ നടത്തുന്നവരായ നിന്റെ ജനത്തിന്റെ പുത്രിമാര്‍ക്കു നേരേ മുഖംതിരിച്ച് അവര്‍ക്കെതിരേ പ്രവചിക്കുക.18 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യാത്മാക്കളെ വേട്ടയാടാന്‍വേണ്ടി എല്ലാ കൈത്തണ്ടുകള്‍ക്കും മന്ത്രച്ചരടുകള്‍ നെയ്യുന്നവരും എല്ലാ വലുപ്പത്തിലുമുള്ളവരുടെ തലയ്ക്കു യോജിച്ച മൂടുപടമുണ്ടാക്കുന്നവരുമായ സ്ത്രീകള്‍ക്കും ദുരിതം! സ്വാര്‍ഥലാഭത്തിനുവേണ്ടി നിങ്ങള്‍ എന്റെ ജനത്തിന്റെ ജീവനെ വേട്ടയാടുകയും നിങ്ങളുടെ ജീവനെ രക്ഷിക്കുകയുമല്ലേ?19 ഒരുപിടിയവത്തിനും കുറച്ച് അപ്പക്കഷണങ്ങള്‍ക്കും വേണ്ടി എന്റെ ജനത്തിന്റെ മുമ്പില്‍ വച്ച് നിങ്ങള്‍ എന്റെ പരിശുദ്ധിയില്‍ കളങ്കം ചേര്‍ത്തു. നിങ്ങളുടെ വ്യാജവാക്കുകള്‍ക്ക് ചെവിതരുന്ന എന്റെ ജനത്തെ കബളിപ്പിച്ച്, ജീവിച്ചിരിക്കേണ്ടവരെ നിങ്ങള്‍ കൊല്ലുകയും ജീവിക്കാന്‍ പാടില്ലാത്തവരുടെ ജീവന്‍ പരിരക്ഷിക്കുകയും ചെയ്തു.20 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: പക്ഷികളെയെന്നപോലെ മനുഷ്യരെ കുരുക്കിലാക്കുന്ന നിങ്ങളുടെ മന്ത്രച്ചരടുകള്‍ക്കു ഞാന്‍ എതിരാണ്. അവനിങ്ങളുടെ കരങ്ങളില്‍ നിന്ന് ഞാന്‍ പൊട്ടിച്ചുകളയും. നിങ്ങള്‍ വേട്ടയാടുന്ന മനുഷ്യരെ പക്ഷികളെപ്പോലെ ഞാന്‍ സ്വതന്ത്രരാക്കും.21 നിങ്ങളുടെ മൂടുപടങ്ങള്‍ ഞാന്‍ കീറിക്കളയും. എന്റെ ജനത്തെനിങ്ങളുടെ പിടയില്‍നിന്നു ഞാന്‍ വിടുവിക്കും. അവര്‍ ഇനിയൊരിക്കലും നിങ്ങള്‍ക്ക് ഇരയാവുകയില്ല. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.22 ഞാന്‍ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ലാത്തനീതിമാനെ നിങ്ങള്‍ നുണപറഞ്ഞ് നിരാശനാക്കി. ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിഞ്ഞ് തന്റെ ജീവന്‍ രക്ഷിക്കാതിരിക്കാന്‍ ദുഷ്ടനെ നിങ്ങള്‍ പ്രോത്‌സാഹിപ്പിക്കുകയും ചെയ്തു.23 നിങ്ങള്‍ ഇനി മിഥ്യാദര്‍ശനങ്ങള്‍ കാണുകയില്ല. വ്യാജപ്രവചനങ്ങള്‍ നടത്തുകയുമില്ല. എന്റെ ജനത്തെനിങ്ങളുടെ കൈയില്‍നിന്നു ഞാന്‍ മോചിപ്പിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment