Ezekiel, Chapter 14 | എസെക്കിയേൽ, അദ്ധ്യായം 14 | Malayalam Bible | POC Translation

വിഗ്രഹാരാധനയ്‌ക്കെതിരേ

1 ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരില്‍ ചിലര്‍ വന്ന് എന്റെ മുമ്പിലിരുന്നു.2 എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:3 മനുഷ്യപുത്രാ, ഇവര്‍ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അവരുടെ പാപഹേതുക്കള്‍ അവരുടെ കണ്‍മുമ്പില്‍ത്തന്നെയുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം പറയണമോ?4 ആകയാല്‍ നീ അവരോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടും പാപഹേതുക്കള്‍ കണ്‍മുമ്പില്‍ത്തന്നെ വച്ചുകൊണ്ടും പ്രവാചകനെ സമീപിക്കുന്ന ഇസ്രായേല്‍ഭവനത്തിലെ ഓരോ അംഗത്തിനും അവന്റെ വിഗ്ര ഹങ്ങളുടെ ബാഹുല്യത്തിനനുസൃതമായി കര്‍ത്താവായ ഞാന്‍ തന്നെ ഉത്തരം നല്‍കും.5 വിഗ്രഹങ്ങള്‍ നിമിത്തം എന്നില്‍ നിന്നകന്നുപോയ ഇസ്രായേല്‍ഭവനത്തിലെ ഹൃദയങ്ങളെ പിടിച്ചെടുക്കാന്‍വേണ്ടിയാണ് അത്.6 ഇസ്രായേല്‍ ഭവനത്തോടു പറയുക: ദൈവമായ കര്‍ത്താവ് കല്‍പിക്കുന്നു: പശ്ചാത്തപിച്ച് വിഗ്രഹങ്ങളില്‍നിന്ന് അകലുകയും മ്ലേച്ഛ തകളില്‍ നിന്ന് പിന്തിരിയുകയും ചെയ്യുക.7 വിഗ്രഹങ്ങളെ ഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കുകയും പാപഹേതുക്കളെ കണ്‍മുമ്പില്‍ത്തന്നെ വയ്ക്കുകയും ചെയ്തുകൊണ്ട് എന്നില്‍ നിന്നകലുന്ന ഏതൊരുവനും, അവന്‍ ഇസ്രായേല്‍ ഭവനാംഗമോ ഇസ്രായേലില്‍ പാര്‍ക്കുന്ന പരദേശിയോ ആയാലും, ഒരു പ്രവാചകന്റെ അടുക്കല്‍ ചെന്ന് എന്റെ ഹിതം ആരാഞ്ഞാല്‍ കര്‍ത്താവായ ഞാന്‍ തന്നെ അവന് മറുപടി കൊടുക്കും.8 ഞാന്‍ അവനെതിരേ മുഖംതിരിച്ച് അവനെ അടയാളവും പഴമൊഴിയും ആക്കും. എന്റെ ജനത്തിനിടയില്‍ നിന്ന് അവനെ ഞാന്‍ വിച്‌ഛേദിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.9 പ്രവാചകന്‍ വഞ്ചിതനായി അവന് ഉത്തരം നല്‍കിയാല്‍ കര്‍ത്താവായ ഞാന്‍ തന്നെയാണ് ആ പ്രവാചകനെ വഞ്ചിച്ചത്. ഞാന്‍ അവനെതിരേ കരം നീട്ടി എന്റെ ജനമായ ഇസ്രായേലിന്റെ മധ്യേനിന്ന് അവനെ തുടച്ചുനീക്കും.10 അവര്‍ ഇരുവരും ശിക്ഷിക്കപ്പെടും. പ്രവാചകനും പ്രവചനം തേടുന്നവനുമുള്ള ശിക്ഷ ഒന്നുതന്നെ ആയരിക്കും.11 അത് ഇസ്രായേല്‍ ഭവനം എന്നില്‍നിന്ന് അകന്നുപോകാതിരിക്കുന്നതിനും തങ്ങളുടെ അപരാധങ്ങള്‍കൊണ്ട് ഇനിമേല്‍ തങ്ങളെത്തന്നെ മലിനപ്പെടുത്താതിരിക്കുന്നതിനും അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കേണ്ട തിനും വേണ്ടിയാണ് – ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

വ്യക്തിപരമായ ഉത്തരവാദിത്വം

12 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:13 മനുഷ്യപുത്രാ, ഒരു ദേശം വിശ്വസ്തത വെടിഞ്ഞ് എനിക്കെതിരായി പാപം ചെയ്താല്‍ ഞാന്‍ അതിനെതിരേ എന്റെ കരം നീട്ടി അവരുടെ അപ്പം വിലക്കുകയും അവരുടെമേല്‍ ക്ഷാമം അയയ്ക്കുകയും ചെയ്യും. അങ്ങനെ മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ നശിപ്പിക്കും.14 നോഹ, ദാനിയേല്‍, ജോബ് എന്നീ മൂന്നുപേര്‍ അവിടെയുണ്ടെങ്കില്‍ത്തന്നെയും അവരുടെ നീതി ഹേതുവായി അവര്‍ മാത്രമേ രക്ഷപെടുകയുള്ളു എന്ന് ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.15 ആ ദേശത്തിലൂടെ ഞാന്‍ വന്യമൃഗങ്ങളെ കടത്തിവിടുകയും അവ അതിനെ നശിപ്പിച്ചു വിജനമാക്കുകയും അവമൂലം അവിടെ ആര്‍ക്കും വഴി നടക്കാനാവാതിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.16 അപ്പോള്‍ ഈ മൂന്നുപേരും ആ ദേശത്തുണ്ടെങ്കില്‍ത്തന്നെ ഞാനാണേ, അവര്‍ക്കു തങ്ങളുടെ പുത്രന്‍മാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല; അവര്‍ മാത്രമേ രക്ഷപെടുകയുള്ളു; ആ ദേശം നിര്‍ജനമായിത്തീരും – ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.17 ഞാന്‍ ആ ദേശത്തിനെതിരേ വാള്‍ അയച്ച്, വാള്‍ ഈ ദേശത്തൂടെ കടന്നുപോകട്ടെ എന്നു പറയുകയും അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്നുവെന്നിരക്കട്ടെ.18 അപ്പോള്‍ ഈ മൂന്നുപേരും ആ ദേശത്തുണ്ടെങ്കിലും ഞാനാണേ, അവര്‍ക്കു തങ്ങളുടെ പുത്രന്‍മാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല. അവര്‍ മാത്രമേ രക്ഷപെടുകയുള്ളു – ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.19 ഞാന്‍ ആ ദേശത്തേക്കു പകര്‍ച്ചവ്യാധി അയയ്ക്കുകയും മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കാന്‍ രക്തച്ചൊരിച്ചലോടെ എന്റെ ക്രോധം വര്‍ഷിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.20 അപ്പോള്‍ നോഹയും ദാനിയേലും ജോബും അവിടെയുണ്ടെങ്കില്‍തന്നെ ഞാനാണേ, അവര്‍ക്കു തങ്ങളുടെ പുത്രന്‍മാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല. തങ്ങളുടെ നീതി ഹേതുവായി അവര്‍ മാത്രമേ രക്ഷപെടുകയുള്ളു – ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.21 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ജറുസലെമില്‍നിന്നു മനുഷ്യരെയും മൃഗങ്ങളെയും തുടച്ചുമാറ്റാന്‍ വാള്‍, ക്ഷാമം, ഹിംസ്രജന്തുക്കള്‍, പകര്‍ച്ചവ്യാധി എന്നിങ്ങനെ നാല് കഠിനശിക്ഷകള്‍ അയ ച്ചാല്‍ എത്ര അധികമായിരിക്കും നാശം!22 എങ്കിലും, കുറെപ്പേര്‍ അവശേഷിക്കും. അവര്‍ പുത്രന്‍മാരെയും പുത്രിമാരെയും കൂട്ടിക്കൊണ്ട് നിങ്ങളുടെ അടുത്തെത്തും. നിങ്ങള്‍ അവരുടെ പെരുമാറ്റവും പ്രവൃത്തിയും കാണുമ്പോള്‍ ജറുസലെമില്‍ ഞാന്‍ വരുത്തിയ വിനാശത്തിന്റെയും അവിടെ ഞാന്‍ പ്രവര്‍ത്തിച്ച എല്ലാറ്റിന്റെയും കാരണം ബോധ്യപ്പെട്ടു നിങ്ങള്‍ക്ക് ആശ്വാസം തോന്നും.23 അവരുടെ പെരുമാറ്റവും പ്രവൃത്തിയും കാണുമ്പോള്‍ ഞാന്‍ അവിടെ ചെയ്തതൊന്നും അകാരണമായിട്ടല്ല എന്നു മനസ്‌സിലാക്കി നിങ്ങള്‍ ആശ്വസിക്കും – ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment