Ezekiel, Chapter 22 | എസെക്കിയേൽ, അദ്ധ്യായം 22 | Malayalam Bible | POC Translation

ജറുസലെമിന്റെ അകൃത്യങ്ങള്‍

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, നീ വിധിക്കുകയില്ലേ? രക്ത പങ്കിലമായ ഈ നഗരത്തെനീ വിധിക്കുകയില്ലേ? എങ്കില്‍ അവളുടെ മ്ലേച്ഛതകള്‍ അവളെ അറിയിക്കുക.3 നീ അവളോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, രക്തച്ചൊരിച്ചില്‍ നടത്തി തന്റെ വിധിദിനം ആസന്നമാക്കുകയും വിഗ്രഹങ്ങള്‍ നിര്‍മിച്ചു തന്നത്താന്‍ അശുദ്ധയാക്കുകയും ചെയ്യുന്ന നഗരമേ,4 നീ ചൊരിഞ്ഞരക്തത്താല്‍ നീ കുറ്റവാളിയായിത്തീര്‍ന്നിരിക്കുന്നു; നീ നിര്‍മിച്ചവിഗ്രഹങ്ങളാല്‍ നീ അശുദ്ധയായിരിക്കുന്നു. നിന്റെ ദിനം, നിന്റെ ആയുസ്‌സിന്റെ അവസാനം, നീ തന്നെ വിളിച്ചു വരുത്തിയിരിക്കുന്നു. ആകയാല്‍ ഞാന്‍ നിന്നെ ജനതകള്‍ക്കു നിന്ദാവിഷയവും എല്ലാ രാജ്യങ്ങള്‍ക്കും പരിഹാസപാത്രവും ആക്കിയിരിക്കുന്നു.5 അടുത്തും അകലെയുമുള്ള എല്ലാവരും കുപ്രസിദ്ധയും പ്രക്ഷുബ്ധയുമായ നിന്നെ അധിക്‌ഷേപിക്കും.6 ഇസ്രായേല്‍ രാജാക്കന്‍മാര്‍ തങ്ങളുടെ ശക്തിക്കൊത്ത് നിന്നില്‍ രക്തച്ചൊരിച്ചില്‍ നടത്തി.7 നിന്നില്‍, മാതാപിതാക്കന്‍മാര്‍ നിന്ദിക്കപ്പെട്ടു; പരദേശികള്‍ കൊള്ളയടിക്കപ്പെട്ടു; അനാഥരും വിധവകളും ദ്രോഹിക്കപ്പെട്ടു.8 നീ എന്റെ വിശുദ്ധ വസ്തുക്കളെ നിന്ദിച്ചു; എന്റെ സാബത്തുകള്‍ അശുദ്ധമാക്കി.9 രക്തച്ചൊരിച്ചിലിന് ഇടവരുത്തുന്ന അപവാദം പറഞ്ഞുനടക്കുന്നവരും പൂജാഗിരികളില്‍വച്ചു ഭുജിക്കുന്നവരും നിന്നിലുണ്ട്. നിന്റെ മധ്യേ ഭോഗാസക്തി നടമാടുന്നു.10 അവിടെ അവര്‍ പിതാക്കന്‍മാരുടെ നഗ്‌നത അനാവരണം ചെയ്യുന്നു. ആര്‍ത്തവം കൊണ്ട് അശുദ്ധരായ സ്ത്രീകളെ സമീപിക്കുന്നു.11 നിന്നില്‍ അയല്‍വാസിയുടെ ഭാര്യയുമായി മ്ലേച്ഛത പ്രവര്‍ത്തിക്കുന്നവരുമുണ്ട്. മരുമകളെ പ്രാപിച്ച് അശുദ്ധയാക്കുന്നവരുണ്ട്. സ്വന്തം പിതാവില്‍ നിന്നു ജനിച്ച സഹോദരിയെ അശുദ്ധയാക്കുന്നവരുണ്ട്.12 നിന്നില്‍ രക്തം ചിന്തുന്നതിനായി കോഴ വാങ്ങുന്നവരുണ്ട്. നീ പലിശ വാങ്ങുകയും ലാഭമുണ്ടാക്കുകയും അയല്‍ക്കാരനെ ഞെരുക്കി സമ്പത്തുണ്ടാക്കുകയും ചെയ്യുന്നു. എന്നെ നീ വിസ്മരിച്ചിരിക്കുന്നു. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.13 ആകയാല്‍ നീ നേടിയ കൊള്ളലാഭത്തെയും നീ ചൊരിഞ്ഞരക്തത്തെയും പ്രതി ഞാന്‍ മുഷ്ടി ചുരുട്ടുന്നു.14 ഞാന്‍ നിന്നോട് എതിരിടുമ്പോള്‍ നിന്റെ ധൈര്യം നിലനില്‍ക്കുമോ? നിന്റെ കരങ്ങള്‍ ബലവത്തായിരിക്കുമോ? കര്‍ത്താവായ ഞാനാണ് ഇതു പറയുന്നത്. ഞാന്‍ അതു നിറവേറ്റുകയും ചെയ്യും.15 നിന്നെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ചിതറിച്ചുകൊണ്ടു നിന്റെ അശുദ്ധി ഞാന്‍ തുടച്ചു മാറ്റും.16 ജനതകളുടെ മുമ്പില്‍ നീ നിന്നെത്തന്നെ മലിനയാക്കും. അപ്പോള്‍ ഞാനാണ് കര്‍ത്താവ് എന്നു നീ അറിയും.17 എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:18 മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനം മുഴുവനും എനിക്കു ലോഹക്കിട്ടമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കാരീയവും ഉരുക്കിയ ചൂളയിലെ കിട്ടംപോലെ ആയിരിക്കുന്നു.19 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെല്ലാവരും കിട്ടമായിത്തീര്‍ന്നിരിക്കുന്നതുകൊണ്ടു നിങ്ങളെ ഞാന്‍ ജറുസലെമിന്റെ മധ്യേ ഒരുമിച്ചുകൂട്ടും.20 വെള്ളിയും ഓടും ഇരുമ്പും കാരീയവും വെളുത്തീയവും ചൂളയില്‍ ഒരുമിച്ചുകൂട്ടി തീയൂതി ഉരുക്കുന്നതുപോലെ നിങ്ങളെയും ഞാന്‍ അവിടെ ഒരുമിച്ചുകൂട്ടി എന്റെ കോപത്തിലും ക്രോധത്തിലും ഉരുക്കും.21 നിങ്ങളെ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേല്‍ എന്റെ കോപാഗ്‌നി ഞാന്‍ ചൊരിയും.22 അതില്‍ നിങ്ങള്‍ ഉരുകും, ചൂളയില്‍ വെള്ളിയെന്നപോലെ എന്റെ കോപാഗ്‌നിയില്‍ നിങ്ങള്‍ ഉരുകും. കര്‍ത്താവായ ഞാന്‍ എന്റെ ക്രോധം നിങ്ങളുടെ മേല്‍ ചൊരിഞ്ഞിരിക്കുന്നുവെന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.23 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:24 മനുഷ്യപുത്രാ, നീ അവളോടു പറയുക, ക്രോധത്തിന്റെ ദിനത്തില്‍ വൃത്തിയാക്കപ്പെടാത്തതും മഴപെയ്യാത്തതുമായ ഒരു ദേശമായിരിക്കും നീ.25 അവളുടെ മധ്യേ പ്രഭുക്കന്‍മാര്‍ ഇരയെ ചീന്തിക്കീറി അലറുന്ന സിംഹത്തെപ്പോലെയാണ്. അവര്‍ മനുഷ്യരെ വിഴുങ്ങുന്നു. സമ്പത്തും അമൂല്യവസ്തുക്കളും കൈവശപ്പെടുത്തുന്നു. അവളുടെ മധ്യത്തില്‍ അവര്‍ പലരെയും വിധവകളാക്കുന്നു.26 അവളുടെ പുരോഹിതന്‍മാര്‍ എന്റെ നിയമം ലംഘിക്കുന്നു. അവര്‍ എന്റെ വിശുദ്ധ വസ്തുക്കളെ മലിനമാക്കുന്നു. വിശുദ്ധവും അശുദ്ധവും തമ്മില്‍ അവര്‍ അന്തരം കാണുന്നില്ല. നിര്‍മലവും മലിനവും തമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല. എന്റെ സാബത്തുകള്‍ അവര്‍ അവഗണിക്കുന്നു. തന്‍മൂലം അവരുടെയിടയില്‍ ഞാന്‍ അപമാനിതനായിരിക്കുന്നു.27 അവളിലെ പ്രമാണികള്‍ ഇരയെ കടിച്ചുചീന്തുന്ന ചെന്നായ്ക്കളെപ്പോലെയാണ്. കൊള്ളലാഭമുണ്ടാക്കാന്‍ അവര്‍ രക്തം ചൊരിയുകയും ജീവന്‍ നശിപ്പിക്കുകയും ചെയ്യുന്നു.28 അവളുടെ പ്രവാചകന്‍മാര്‍ കര്‍ത്താവ് സംസാരിക്കാതിരിക്കെ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ട് അവര്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍ കാണുകയും കള്ളപ്രവചനങ്ങള്‍ നടത്തുകയും ചെയ്ത് അവരുടെതെറ്റുകള്‍ മൂടിവയ്ക്കുന്നു.29 ദേശത്തെ ജനം പിടിച്ചുപറിക്കുകയും കൊള്ളയടിക്കുകയുംചെയ്യുന്നു. അവര്‍ ദരിദ്രരെയും അഗതികളെയും ഞെരുക്കുന്നു; പരദേശികളെയും അന്യായമായി പീഡിപ്പിക്കുന്നു.30 ഞാന്‍ ആ ദേശത്തെനശിപ്പിക്കാതിരിക്കേണ്ടതിനു കോട്ട പണിയാനോ കോട്ടയുടെ വിള്ളലില്‍ നിലയുറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അവരുടെയിടയില്‍ ഞാന്‍ അന്വേഷിച്ചു. എന്നാല്‍ ആരെയും കണ്ടില്ല.31 അതുകൊണ്ട് ഞാന്‍ അവരുടെമേല്‍ എന്റെ രോഷം ചൊരിഞ്ഞു. എന്റെ ക്രോധാഗ്‌നിയാല്‍ ഞാന്‍ അവരെ സംഹരിച്ചു. അവരുടെ പ്രവൃത്തിക്കുള്ള ശിക്ഷ ഞാന്‍ അവരുടെ തലയില്‍ത്തന്നെ വരുത്തി-ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment