Ezekiel, Chapter 23 | എസെക്കിയേൽ, അദ്ധ്യായം 23 | Malayalam Bible | POC Translation

രണ്ടു സഹോദരികള്‍

1 എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:2 മനുഷ്യപുത്രാ, ഒരമ്മയ്ക്കു രണ്ടു പുത്രിമാരുണ്ടായിരുന്നു.3 അവര്‍ ഈജിപ്തില്‍ വച്ച് തങ്ങളുടെ യൗവനത്തില്‍ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടു. അവിടെവച്ച് അവരുടെ പയോധരങ്ങള്‍ അമര്‍ത്തപ്പെട്ടു; കന്യകകളായിരുന്ന അവരുടെ മാറിടം സ്പര്‍ശിക്കപ്പെട്ടു.4 മൂത്തവളുടെ പേര് ഒഹോലാ എന്നും ഇളയവളുടെ പേര് ഒഹോലിബാ എന്നും ആയിരുന്നു. അവര്‍ എന്‍േറതായി; അവര്‍ക്കു പുത്രന്‍മാരും പുത്രിമാരും ജനിച്ചു. അവരില്‍ ഓഹോലാ സമരിയായെയും ഒഹോലിബാ ജറുസലെമിനെയും സൂചിപ്പിക്കുന്നു.5 ഒഹോലാ എന്‍േറതായിരുന്നപ്പോള്‍ വ്യഭിചാരം ചെയ്തു. അവള്‍ അസ്‌സീറിയാക്കാരായ തന്റെ കാമുകന്‍മാരില്‍ അഭിലാഷം പൂണ്ടു.6 നീലവസ്ത്രധാരികളായ യോദ്ധാക്കളും ദേശാധിപതികളും സേനാപതികളും ആയ അവര്‍ അഭികാമ്യരും അശ്വാരൂഢരുമായ യുവാക്കന്‍മാരായിരുന്നു.7 അ സ്‌സീറിയായലെ പ്രമുഖന്‍മാരായ അവരോടുകൂടെ അവള്‍ ശയിച്ചു. താന്‍ മോഹിച്ച എല്ലാവരുടെയും ബിംബങ്ങളാല്‍ അവള്‍ തന്നെത്തന്നെ മലിനയാക്കി.8 ഈജിപ്തില്‍വച്ചു പരിശീലിച്ചവ്യഭിചാരവൃത്തി അവള്‍ ഉപേക്ഷിച്ചില്ല; അവര്‍ അവളുടെ യൗവനത്തില്‍ അവളോടൊപ്പം ശയിച്ചു. കന്യകയായ അവളുടെ പയോധരങ്ങള്‍ അമര്‍ത്തി. അവര്‍ തങ്ങളുടെ വിഷയാസക്തി അവളില്‍ ചൊരിഞ്ഞു.9 ആകയാല്‍ അവള്‍ അത്യന്തം മോഹിച്ച അവളുടെ കാമുകന്‍മാരായ അസ്‌സീറിയാക്കാരുടെ കരങ്ങളില്‍ അവളെ ഞാന്‍ ഏല്‍പിച്ചുകൊടുത്തു.10 അവര്‍ അവളുടെ നഗ്‌നത അനാവരണം ചെയ്തു. അവര്‍ അവളുടെ പുത്രന്‍മാരെയും പുത്രിമാരെയും പിടിച്ചെടുക്കുകയും അവളെ വാളിനിരയാക്കുകയും ചെയ്തു. ന്യായവിധി അവളുടെ മേല്‍ നടപ്പിലാക്കിക്കഴിഞ്ഞപ്പോള്‍ അവള്‍ സ്ത്രീകളുടെയിടയില്‍ ഒരു പഴമൊഴിയായി മാറി.11 അവളുടെ സഹോദരി ഒഹോലിബാ ഇതു കണ്ടു; എന്നിട്ടും വിഷയാസക്തിയിലും വ്യഭിചാരത്തിലും തന്റെ സഹോദരിയെക്കാള്‍ വഷളായിരുന്നു അവള്‍.12 അസ്‌സീറിയാക്കാരെ അവളും അത്യന്തം മോഹിച്ചു. സ്ഥാനപതികള്‍, സേനാപതികള്‍, പടക്കോപ്പണിഞ്ഞയോദ്ധാക്കള്‍, അശ്വാരൂഢരായ യോദ്ധാക്കള്‍ എന്നിങ്ങനെ ആരും ആഗ്രഹിക്കുന്ന യുവത്തിടമ്പുകളെ അവളും മോഹിച്ചു.13 അവള്‍ അശുദ്ധയായി എന്നു ഞാന്‍ കണ്ടു. അവര്‍ ഇരുവരും ഒരേ മാര്‍ഗ മാണ് സ്വീകരിച്ചത്.14 എന്നാല്‍, ഇവള്‍ തന്റെ വ്യഭിചാരവൃത്തി ഒന്നുകൂടി വിപുലമാക്കി. ചുവരുകളില്‍ സിന്ദൂരംകൊണ്ട് വരച്ച കല്‍ദായപുരുഷന്‍മാരുടെ ചിത്രങ്ങള്‍ അവള്‍ കണ്ടു.15 അരപ്പട്ടകൊണ്ട് അരമുറുക്കി, തലയില്‍ വര്‍ണശബളമായ തലപ്പാവുചുറ്റി കല്‍ദായ നാട്ടില്‍ ജനിച്ച ബാബിലോണിയക്കാരെപ്പോലെ കാണപ്പെടുന്ന വീരന്‍മാരുടെ ചിത്രങ്ങള്‍.16 അവ കണ്ടപ്പോള്‍ത്തന്നെ അവള്‍ അവരെ അത്യന്തം മോഹിച്ചു; അവള്‍ കല്‍ദായയില്‍ അവരുടെ സമീപത്തേക്കു ദൂതന്‍മാരെ അയച്ചു.17 അവളോടൊത്തു ശയിക്കാന്‍ ബാബിലോണിയക്കാര്‍ വന്നു; അവര്‍ അവളെ വിഷയാസക്തികൊണ്ടു മലിനയാക്കി. അതിനുശേഷം അവള്‍ക്ക് അവരോടു വെറുപ്പുതോന്നി.18 അവള്‍ പരസ്യമായി വ്യഭിചാരം ചെയ്യുകയും നഗ്‌നത തുറന്നുകാട്ടുകയും ചെയ്തപ്പോള്‍ അവളുടെ സഹോദരിയോടെന്നപോലെ അവളോടും എനിക്കു വെറുപ്പായി.19 എന്നിട്ടും ഈജിപ്തില്‍ വ്യഭിചാരവൃത്തി നടത്തിയ യൗവനകാലത്തെ അനുസ്മരിച്ചുകൊണ്ട് അവള്‍ കൂടുതല്‍ കൂടുതല്‍ വ്യഭിചരിച്ചു.20 കഴുതകളുടേതുപോലെയുള്ള ലിംഗവും കുതിരകളുടേതുപോലുള്ള ബീജസ്രവണവുമുള്ള തന്റെ ജാരന്‍മാരെ അവള്‍ അമിതമായി കാമിച്ചു.21 ഈജിപ്തുകാര്‍ മാറിടത്തിലമര്‍ത്തുകയും ഇളംസ്ത നങ്ങളെ ലാളിക്കുകയും ചെയ്ത നിന്റെ യൗവനത്തിലെ വിഷയലമ്പടത്വം നീ കൊതിച്ചു.22 അതിനാല്‍ ഒഹോലിബാ, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ വെറുത്ത നിന്റെ കാമുകന്‍മാരെ ഞാന്‍ നിനക്കെതിരെ ഇളക്കിവിടും. എല്ലാവശങ്ങളിലും നിന്ന് അവരെ ഞാന്‍ കൊണ്ടുവരും.23 ആരും കൊതിക്കുന്ന യുവാക്കളായ സ്ഥാനപതികളും സേനാനായകന്‍മാരും പ്രഭുക്കന്‍മാരും അശ്വാരൂഢരുമായ ബാബിലോണിയാക്കാരെയും കല്‍ദായരെയും പൊക്കോദ്, ഷോവാ, കോവാ എന്നീ ദേശക്കാരെയും എല്ലാ അസ്‌സീറിയാക്കാരെയും ഞാന്‍ കൊണ്ടുവരും.24 അവര്‍ ധാരാളം രഥങ്ങളോടും വാഹനങ്ങളോടും കാലാള്‍പ്പടയോടും കൂടെ വടക്കുനിന്നു നിനക്കെതിരേ വരും. അവര്‍ കവചവും പരിചയും പടത്തൊപ്പിയും ധരിച്ച് നിനക്കെതിരേ അണിനിരക്കും. ന്യായവിധി ഞാന്‍ അവരെ ഏല്‍പിക്കും; അവര്‍ തങ്ങളുടെ ന്യായമനുസരിച്ച് നിന്നെ വിധിക്കും.25 ഞാന്‍ എന്റെ രോഷം നിന്റെ നേരേ തിരിച്ചുവിടും. അവര്‍ നിന്നോട് ക്രോധത്തോടെ വര്‍ത്തിക്കും. അവര്‍ നിന്റെ മൂക്കും ചെവികളും മുറിച്ചുകളയും. നിന്നില്‍ അവശേഷിക്കുന്നവര്‍ വാളിനിരയാകും. നിന്റെ പുത്രന്‍മാരെയും പുത്രിമാരെയും അവര്‍ പിടിച്ചെടുക്കും. അവശേഷിക്കുന്നവര്‍ അഗ്‌നിക്കിരയാകും.26 അവര്‍ നിന്റെ വസ്ത്രം ഉരിഞ്ഞെടുക്കുകയും അമൂല്യരത്‌നങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യും.27 അങ്ങനെ നിന്റെ ഭോഗാസക്തിക്കും ഈജിപ്തില്‍വച്ചു നീ ശീലിച്ചവ്യഭിചാരവൃത്തിക്കും ഞാന്‍ അറുതി വരുത്തും. ഇനി നീ ഈജിപ്തുകാരുടെ നേരേ കണ്ണുതിരിക്കുകയോ അവരെ സ്മരിക്കുകയോ ചെയ്യുകയില്ല.28 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ വെറുക്കുന്നവരുടെ കരങ്ങളില്‍, നീ മനം മടുത്ത് ഉപേക്ഷിച്ചവരുടെ കരങ്ങളില്‍, നിന്നെ ഞാന്‍ ഏല്‍പിക്കും.29 അവര്‍ നിന്നോട് വെറുപ്പോടെ പ്രവര്‍ത്തിക്കും; നിന്റെ അധ്വാനഫലം അവര്‍ കൊള്ളയടിക്കും. നഗ്‌നയും അനാവൃതയുമായി നിന്നെ അവര്‍ ഉപേക്ഷിക്കും. അങ്ങനെ നിന്റെ വൃഭിചാരവൃത്തിയുടെ നഗ്‌നതയും നിന്റെ ഭോഗാസക്തിയും വേശ്യാവൃത്തിയും അനാവൃതമാകും.30 നീ ജനതകളോടൊത്തു വ്യഭിചാരം ചെയ്യുകയും അവരുടെ വിഗ്രഹങ്ങളാല്‍ മലിനയാക്കപ്പെടുകയും ചെയ്തതുകൊണ്ടാണ് ഞാനിവയെല്ലാം നിന്നോട് പ്രവര്‍ത്തിക്കുന്നത്.31 നീ നിന്റെ സഹോദരിയുടെ പാതയില്‍ ചരിച്ചു; അതുകൊണ്ട്, അവളുടെ പാനപാത്രം ഞാന്‍ നിന്റെ കരങ്ങളില്‍ ഏല്‍പിക്കും.32 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തില്‍നിന്നു കുടിച്ചു നീ പരിഹസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യും. അതില്‍ വളരെയേറെ കുടിക്കാനുണ്ട്. 33 ഭീതിയുടെയും ശൂന്യതയുടെയും പാനപാത്രത്തില്‍ നിന്ന്, നിന്റെ സഹോദരിയായ സമരിയായുടെ പാനപാത്രത്തില്‍ നിന്നു, കുടിച്ച് ഉന്‍മത്തതയും ദുഃഖവും കൊണ്ടു നീ നിറയും. 34 നീ അതു കുടിച്ചു വറ്റിക്കും. പാത്രമുടച്ചു കഷണങ്ങള്‍ കാര്‍ന്നു തിന്നും; നിന്റെ മാറിടം നീ പിച്ചിച്ചീന്തും. ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.35 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ എന്നെ വിസ്മരിക്കുകയും പുറന്തള്ളുകയും ചെയ്തതിനാല്‍ നിന്റെ ഭോഗാസക്തിയുടെയും വ്യഭിചാരത്തിന്റെയും ഫലം നീ അനുഭവിക്കും.36 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഒഹോലായെയും, ഒഹോലിബായെയും നീ വിധിക്കുകയില്ലേ? എങ്കില്‍, അവരുടെ മ്ലേച്ഛതകള്‍ നീ അവരുടെ മുമ്പില്‍ തുറന്നുകാട്ടുക. അവര്‍ വ്യഭിചാരം ചെയ്തു.37 അവരുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു; എനിക്ക് അവരില്‍ ജനിച്ച പുത്രന്‍മാരെ അവയ്ക്കു ഭക്ഷണമായി അഗ്‌നിയില്‍ ഹോമിച്ചു.38 അതിനും പുറമേ ഇതുകൂടി അവര്‍ എന്നോടു ചെയ്തു; അന്നുതന്നെ അവര്‍ എന്റെ വിശുദ്ധസ്ഥലം മലിനമാക്കുകയും എന്റെ സാബത്തുകള്‍ അശുദ്ധമാക്കുകയും ചെയ്തു.39 വിഗ്രഹങ്ങള്‍ക്കു ബലിയര്‍പ്പിക്കാന്‍വേണ്ടി തങ്ങളുടെ കുട്ടികളെ വധിച്ച ദിവസംതന്നെ അവര്‍ എന്റെ വിശുദ്ധസ്ഥലത്തു പ്രവേശിച്ച് അതു മലിനപ്പെടുത്തി. ഇതാണ് അവര്‍ എന്റെ ഭവനത്തില്‍ ചെയ്തത്.40 കൂടാതെ വിദൂരത്തുനിന്ന് അവര്‍ ദൂതനെ അയച്ച് പുരുഷന്‍മാരെ വരുത്തി. അവര്‍ക്കുവേണ്ടി നീ കുളിച്ചു കണ്ണെഴുതി ആഭരണങ്ങള്‍ അണിഞ്ഞു.41 രാജകീയമായ ഒരു സപ്രമഞ്ചത്തില്‍ നീ ഇരുന്നു; അതിനരുകില്‍ ഒരു മേശയൊരുക്കി എന്റെ സുഗന്ധ വസ്തുക്കളും തൈലവും വച്ചു.42 സുഖലോലുപരായ ജനക്കൂട്ടത്തിന്റെ ശബ്ദം അവള്‍ക്കുചുറ്റുമുണ്ടായിരുന്നു. വിജനപ്രദേശത്തുനിന്നു വരുത്തിയ മദ്യപന്‍മാരും സാധാരണക്കാരോടൊപ്പമുണ്ടായിരുന്നു. അവര്‍ സ്ത്രീകളെ കൈയില്‍ വളയണിയിച്ച് ശിരസ്‌സില്‍ മനോഹരമായ കിരീടം ധരിപ്പിച്ചു.43 ഞാന്‍ ചിന്തിച്ചുപോയി. വ്യഭിചാര വൃത്തികൊണ്ട് വൃദ്ധയായ സ്ത്രീ! അവളുമായി അവര്‍ പരസംഗത്തിലേര്‍പ്പെടുമോ?44 എന്നാല്‍ ഒരു വേശ്യയെ എന്നപോലെ അവളെ അവര്‍ സമീപിച്ചു. ഇങ്ങനെ വ്യഭിചാരിണികളായ ഒഹോലായെയും ഒഹോലിബായെയും അവര്‍ സമീപിച്ചു.45 വേശ്യകളെയും രക്തം ചിന്തിയ സ്ത്രീകളെയും വിധിക്കുന്നുതുപോലെ നീതിമാന്‍മാര്‍ അവരെ വിധിക്കും. കാരണം, അവര്‍ വേശ്യകളാണ്; അവരുടെ കരം രക്തപങ്കിലവുമാണ്.46 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ക്കെതിരായി ഒരു സൈന്യത്തെ അണിനിരത്തുക. സംഭീതരാക്കാനും കൊള്ളയടിക്കാനും അവരെ അവര്‍ക്ക് ഏല്‍പിച്ചുകൊടുക്കുക.47 സൈന്യം അവരെ കല്ലെറിയുകയും വാളുകൊണ്ടു ചീന്തിക്കളയുകയും ചെയ്യും. അവര്‍ അവരുടെ പുത്രന്‍മാരെയും പുത്രിമാരെയും കൊല്ലുകയും അവരുടെ ഭവനങ്ങള്‍ കത്തിച്ചുകളയുകയും ചെയ്യും.48 സ്ത്രീകള്‍ ഇതൊരു മുന്നറിയിപ്പായി കരുതി, നിന്നെപ്പോലെ വിഷയാസക്തിക്ക് അധീനരാകാതിരിക്കാന്‍ ഞാന്‍ ദേശത്ത് വിഷയാസക്തിക്ക് അറുതിവരുത്തും.49 വിഷയാസക്തിക്ക് നിങ്ങള്‍ ശിക്ഷ അനുഭവിക്കും, വിഗ്രഹങ്ങള്‍ കൊണ്ടുള്ള നിങ്ങളുടെ പാപങ്ങള്‍ക്ക് നിങ്ങള്‍ ശിക്ഷ അനുഭവിക്കും. ഞാനാണ് ദൈവമായ കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment