Ezekiel, Chapter 25 | എസെക്കിയേൽ, അദ്ധ്യായം 25 | Malayalam Bible | POC Translation

അമ്മോന്യര്‍ക്കെതിരേ

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ,2 അമ്മോന്യരുടെനേരേ തിരിഞ്ഞ് അവര്‍ക്കെതിരേ പ്രവചിക്കുക.3 അമ്മോന്യരോടു പറയുക: ദൈവമായ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധ മന്ദിരം അശുദ്ധമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും ഇസ്രായേല്‍ദേശം വിജനമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും യൂദാഭവനം പ്രവാസത്തിലേക്കു പോയപ്പോള്‍ അതിനെക്കുറിച്ചും നീ ആഹാ, എന്നു പറഞ്ഞു പരിഹ സിച്ചു.4 അതിനാല്‍ ഞാന്‍ നിന്നെ പൗര സ്ത്യര്‍ക്ക് അവകാശമായി കൊടുക്കാന്‍പോകുന്നു; അവര്‍ നിന്നില്‍ പാളയമടിച്ച് വാസമുറപ്പിക്കും. അവര്‍ നിനക്കുള്ള ഫലം ഭക്ഷിക്കുകയും പാല്‍ കുടിക്കുകയും ചെയ്യും.5 ഞാന്‍ റബ്ബായെ ഒട്ടകങ്ങള്‍ക്കു മേച്ചില്‍സ്ഥലവും അമ്മോന്യരുടെ നഗരങ്ങളെ ആ ട്ടിന്‍പറ്റങ്ങള്‍ക്കു താവളവുമാക്കും. ഞാനാണ് കര്‍ത്താവെന്ന് അപ്പോള്‍ നീ അറിയും.6 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ദേശത്തിനെതിരേ, നിന്റെ ഹൃദയത്തിലുള്ള ദുഷ്ടതമൂലം കൈകൊട്ടി തുള്ളിച്ചാടി ആഹ്ലാദിച്ചതിനാല്‍,7 ഞാന്‍ നിനക്കെതിരേ എന്റെ കരമുയര്‍ത്തുകയും നിന്നെ ജനതകള്‍ക്കു കവര്‍ച്ചചെയ്യാന്‍ വിട്ടുകൊടുക്കുകയും ചെയ്യും. ജനതകളില്‍ നിന്നു നിന്നെ ഞാന്‍ വിച്‌ഛേദിക്കും. രാജ്യങ്ങളുടെ ഇടയില്‍ നിന്നു നിന്നെ ഞാന്‍ ഉന്‍മൂലനം ചെയ്യും; ഞാന്‍ നിന്നെ നശിപ്പിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നീ അറിയും.

മൊവാബിനെതിരേ

8 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദാഭവനം മറ്റു ജനതകളെപ്പോലെയാണെന്ന് മൊവാബ് പറഞ്ഞതുകൊണ്ട്9 മൊവാബിന്റെ പാര്‍ശ്വങ്ങളായ അതിര്‍ത്തിനഗരങ്ങള്‍ ഞാന്‍ വെട്ടിത്തുറക്കും – രാജ്യത്തിന്റെ മഹത്വമായ ബേത്‌യഷിമോത്ത്, ബാല്‍മെയോന്‍, കിരിയാത്തായിം എന്നീ നഗരങ്ങള്‍.10 അതിനെയും ഞാന്‍ അമ്മോന്യരോടൊപ്പം പൗരസ്ത്യര്‍ക്ക് അവകാശമായിക്കൊടുക്കും. അത് ഒരിക്കലും സ്മരിക്കപ്പെടുകയില്ല.11 മൊവാബിന്റെ മേല്‍ ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് കര്‍ത്താവെന്ന് അപ്പോള്‍ അവര്‍ അറിയും.

ഏദോമിനെതിരേ

12 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദാഭവനത്തോട് ഏദോം പ്രതികാരബുദ്ധിയോടെ ക്രൂരമായി പെരുമാറിയിരിക്കുന്നു.13 ആകയാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഏദോമിനെതിരേ ഞാന്‍ കരമുയര്‍ത്തും. മനുഷ്യരെയും മൃഗങ്ങളെയും അവിടെനിന്നു ഞാന്‍ നീക്കിക്കളയും. ഞാന്‍ അതിനെ വിജനമാക്കും; തേമാന്‍മുതല്‍ ദദാന്‍വരെയുള്ളവര്‍ വാളിനിരയാകും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:14 എന്റെ ജനമായ ഇസ്രായേലിന്റെ കരംകൊണ്ട് ഏദോമിനെതിരേ ഞാന്‍ പ്രതികാരം ചെയ്യും. എന്റെ കോപത്തിനും ക്രോധത്തിനും അനുസൃതമായി അവര്‍ അവിടെ വര്‍ത്തിക്കും. അങ്ങനെ അവര്‍ എന്റെ പ്രതികാരം അറിയും.

ഫിലിസ്ത്യര്‍ക്കെതിരേ

15 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഫിലിസ്ത്യര്‍ പ്രതികാരം ചെയ്തിരിക്കുന്നു. ഒടുങ്ങാത്ത വിരോധത്താല്‍ നശിപ്പിക്കാന്‍വേണ്ടി ദുഷ്ടതയോടെ അവര്‍ പ്രതികാരം ചെയ്തിരിക്കുന്നു.16 അതിനാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഫിലിസ്ത്യര്‍ക്കെതിരായി ഞാന്‍ കരമുയര്‍ത്തും; ക്രേത്യരെ ഞാന്‍ കൊല്ലുകയും കടല്‍ത്തീരത്തു ശേഷിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.17 ക്രോധം നിറഞ്ഞപ്രഹരങ്ങളാല്‍ ഞാന്‍ അവരോടു കഠിനമായി പ്രതികാരം ചെയ്യും. ഞാന്‍ പ്രതികാരം ചെയ്യുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment