Ezekiel, Chapter 27 | എസെക്കിയേൽ, അദ്ധ്യായം 27 | Malayalam Bible | POC Translation

ടയിറിനെക്കുറിച്ചു വിലാപഗാനം

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു.2 മനുഷ്യപുത്രാ, ടയിറിനെക്കുറിച്ച് ഒരു വിലാപഗാനം ആലിപിക്കുക.3 സമുദ്രമുഖത്ത് സ്ഥിതിചെയ്ത് അനേകം ദ്വീപുകളിലെ ജനങ്ങളുടെ വ്യാപാരകേന്ദ്രമായിരുന്ന ടയിറിനോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ടയിര്‍, അവികല സൗന്ദര്യത്തിടമ്പ് എന്നു നീ അഹങ്കരിച്ചു.4 നിന്റെ അതിര്‍ത്തികള്‍ സമുദ്രത്തിന്റെ ഹൃദയഭാഗത്താണ്; നിന്റെ നിര്‍മാതാക്കള്‍ നിന്റെ സൗന്ദര്യം തികവുറ്റതാക്കി.5 സെനീറിലെ സരളമരംകൊണ്ട് അവര്‍ നിന്റെ തട്ടുപലകകള്‍ ഉണ്ടാക്കി. ലബനോനിലെ ദേവദാരുകൊണ്ട് അവര്‍ നിനക്കു പായ്മരം നിര്‍മിച്ചു.6 ബാഷാനിലെ കരുവേലകംകൊണ്ട് അവര്‍ നിനക്കു തുഴയുണ്ടാക്കി. സൈപ്രസ്തീരങ്ങളില്‍നിന്നുള്ള കാറ്റാടിമരത്തില്‍ ആനക്കൊമ്പു പതിച്ച് അവര്‍ നിനക്കു മേല്‍ത്തട്ട് ഒരുക്കി.7 നിന്റെ കപ്പല്‍പ്പായ് ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന ചിത്രാലംകൃതമായ ചണവസ്ത്രമായിരുന്നു. അതായിരുന്നു നിന്റെ അടയാളം. എലീഷാദ്വീപില്‍ നിന്നുള്ള നീലാംബരവും ധൂമ്രപടവും ആയിരുന്നു നിന്റെ ആവരണം.8 സീദോനിലെയും അര്‍വാദിലെയും നിവാസികളായിരുന്നു നിന്റെ തണ്ടുവലിക്കാര്‍. സേമറില്‍ നിന്നുവന്നവിദഗ്ധന്‍മാരായ കപ്പിത്താന്‍മാര്‍ നിനക്കുണ്ടായിരുന്നു.9 ഗേബാലിലെ ശ്രേഷ്ഠന്‍മാരും നിപുണന്‍മാരും നിനക്ക് ഓരായപ്പണിചെയ്യാന്‍ ഉണ്ടായിരുന്നു. സമുദ്രത്തിലെ എല്ലാ കപ്പലുകളും കപ്പല്‍ക്കാരും നീയുമായി കച്ചവടം ചെയ്യാന്‍ വന്നിരുന്നു.10 പേര്‍ഷ്യ, ലൂദ്, പുത് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ നിന്റെ സൈന്യത്തിലുണ്ടായിരുന്നു. അവര്‍ അവരുടെ പരിചയും പടത്തൊപ്പിയും നിന്നില്‍ തൂക്കിയിട്ടു. അവര്‍ നിനക്കു മഹിമ ചാര്‍ത്തി.11 അര്‍വാദിലെയും ഹേലെക്കിലെയും ജനങ്ങള്‍ നിനക്കു ചുററുമുള്ള മതിലുകളിലും ഗാമാദിലെ ജനങ്ങള്‍ നിന്റെ ഗോപുരങ്ങളിലും കാവല്‍ നിന്നു. അവര്‍ അവരുടെ പരിചകള്‍ നിനക്കു ചുറ്റും മതിലുകളില്‍ തൂക്കി; നിന്റെ സൗന്ദര്യം അവര്‍ പരിപൂര്‍ണമാക്കി.12 നിന്റെ എല്ലാത്തരത്തിലുമുള്ള സമ്പത്തുകണ്ട് താര്‍ഷീഷുകാര്‍ നീയുമായി വ്യാപാരത്തിനു വന്നു. വെള്ളി, ഇരുമ്പ്, വെള്ളീയം, കാരീയം എന്നിവ അവര്‍ നിന്റെ ചരക്കുകള്‍ക്കു പകരം തന്നു.13 യാവാന്‍, തൂബാല്‍, മേഷെക് എന്നീ രാജ്യങ്ങള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. അവര്‍ നിന്റെ ചരക്കുകള്‍ക്കു പകരം ആളുകളെയും ഓട്ടുപാത്രങ്ങളെയും തന്നു.14 ബേത്‌തോഗര്‍മാക്കാര്‍ കുതിരകളെയും പടക്കുതിരകളെയും, കോവര്‍കഴുതകളെയും നിന്റെ ചരക്കുകള്‍ക്കു പകരം തന്നു.15 ദദാന്‍കാര്‍ നീയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടു. നിന്റെ പ്രത്യേക വ്യാപാരകേന്ദ്രങ്ങളായി ധാരാളം ദ്വീപുകള്‍ ഉണ്ടായിരുന്നു. ആനക്കൊമ്പും കരിന്താളിയും അവിടെനിന്നു നിനക്കു പ്രതിഫലമായി ലഭിച്ചു.16 നിന്റെ ചരക്കുകളുടെ ബാഹുല്യം നിമിത്തം ഏദോം നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. അവര്‍ രത്‌നക്കല്ലുകളും ധൂമ്രവസ്ത്രങ്ങളും ചിത്രത്തുന്നലുള്ള വസ്ത്രങ്ങളും നേര്‍ത്ത ചണവസ്ത്രങ്ങളും പവിഴവും പത്മരാഗവും പകരം തന്നു.17 യൂദായും ഇസ്രായേല്‍ദേശവും നിന്നോടു വ്യാപാരം ചെയ്തു. മിനിത്തിലെ ഗോതമ്പ്, അത്തിപ്പഴം,തേന്‍, എണ്ണ, സുഗന്ധലേപനങ്ങള്‍ എന്നിവ അവര്‍ പകരം തന്നു.18 നിന്റെ ധാരാളമായ ചരക്കുകളും ബഹുവിധ സമ്പത്തും കണ്ട് ദമാസ്‌ക്കസ് നിന്നോട് വ്യാപാരബന്ധത്തിലേര്‍പ്പെട്ടു. 19 ഹെല്‍ബോനിലെ വീഞ്ഞ്, വെളുത്ത ആട്ടിന്‍രോമം, ഉസാലില്‍നിന്നുള്ള വീഞ്ഞ്, ഇരുമ്പുരുപ്പടികള്‍, ഇലവര്‍ങ്ങം, കറുവാപ്പട്ട എന്നിവനിന്റെ ചരക്കുകള്‍ക്കു പകരം അവര്‍ കൊണ്ടുവന്നു.20 രഥത്തില്‍ വിരിക്കാനുള്ള പരവതാനി ദദാനിലെ ജനങ്ങള്‍ കൊണ്ടുവന്നു.21 അറേബ്യക്കാരും കേദാര്‍പ്രഭുക്കന്‍മാരുമാണ് ആടുകള്‍, ആട്ടുകൊറ്റന്‍മാര്‍, കോലാടുകള്‍ എന്നിവയെ നിനക്കു വിറ്റത്.22 ഷേബായിലെയും റാമായിലെയും ആളുകള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. ഏറ്റവും നല്ലയിനം പരിമളതൈലങ്ങള്‍, വില പിടിച്ച രത്‌നങ്ങള്‍, സ്വര്‍ണം എന്നിവനിന്റെ ചരക്കുകള്‍ക്കു പകരമായി അവര്‍ തന്നു.23 ഹാരാന്‍, കന്നെ, ഏദന്‍, അഷൂര്‍, കില്‍മാദ് എന്നീ രാജ്യങ്ങള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു.24 അവര്‍ വിശിഷ്ട വസ്ത്രങ്ങള്‍, ചിത്രത്തുന്നലുള്ള നീലത്തുണികള്‍, പിരിച്ച ചരടുകൊണ്ടു ബലപ്പെടുത്തിയ നാനാവര്‍ണത്തിലുള്ള പരവതാനികള്‍ എന്നിവനിനക്കു പകരം നല്‍കി.25 താര്‍ഷീഷിലെ കപ്പലുകള്‍ നിന്റെ വ്യാപാരച്ചരക്കുകളുമായി സഞ്ചരിച്ചു. അങ്ങനെ സമുദ്രമധ്യേ നീ നിറഞ്ഞ് വളരെ ധനികയായിത്തീര്‍ന്നു.26 തണ്ടു വലിച്ചിരുന്നവര്‍ പ്രക്ഷുബ്ധമായ സമുദ്രത്തിലേക്കു നിന്നെ കൊണ്ടുപോയി; സമുദ്രമധ്യേ കിഴക്കന്‍ കാറ്റ് നിന്നെതകര്‍ത്തുകളഞ്ഞു.27 നിന്റെ ധനവും വിഭ വങ്ങളും ചരക്കുകളും നാവികരും കപ്പിത്താന്‍മാരും ഓരായപ്പണിക്കാരും വ്യാപാരികളും പടയാളികളും കപ്പല്‍ജോലിക്കാരും നിന്റെ നാശത്തിന്റെ നാളില്‍ നിന്നോടൊപ്പം ആഴിയുടെ അടിത്തട്ടില്‍ താണു.28 നിന്റെ കപ്പിത്താന്‍മാരുടെ നിലവിളിയാല്‍ നാട്ടിന്‍പുറങ്ങള്‍ നടുങ്ങി.29 നിന്റെ തണ്ടുവലിക്കാരും നാവികരും കപ്പിത്താന്‍മാരും കരയില്‍ ഇറങ്ങിനില്‍ക്കുന്നു.30 അവര്‍ നിന്നെക്കുറിച്ച് ഉറക്കെ കരയുകയും കഠിനദുഃഖത്തോടെ വിലപിക്കുകയും ചെയ്യുന്നു; അവര്‍ തലയില്‍ പൂഴി വിതറി ചാരത്തില്‍ കിടന്നുരുളുന്നു.31 നിന്നെപ്രതി അവര്‍ ശിരസ്‌സു മുണ്‍ഡനം ചെയ്ത് ചാക്കുടുക്കുന്നു; ഹൃദയവ്യഥയോടും അതീവ ദുഃഖത്തോടുംകൂടെ വിലപിക്കുന്നു.32 നിന്നെപ്രതിയുള്ള അവരുടെ കരച്ചില്‍ ഒരു വിലാപഗാനമായി ഉയരുന്നു. ടയിറിനെപ്പോലെ സമുദ്രമധ്യത്തില്‍ വേറെ ആര് നശിച്ചിട്ടുള്ളൂ എന്ന് അവര്‍ വിലപിക്കുന്നു.33 സമുദ്രത്തില്‍നിന്നു നിന്റെ കച്ചവടസാധനങ്ങള്‍ വന്നിരുന്നപ്പോള്‍ അനേകജനതകളെ നീ തൃപ്തരാക്കി. നിന്റെ വലിയ സമ്പത്തും ചരക്കുകളുംകൊണ്ട് ഭൂമിയിലെ രാജാക്കന്‍മാരെ നീ സമ്പന്നരാക്കി.34 ഇപ്പോള്‍ സമുദ്രംതന്നെ നിന്നെതകര്‍ത്തിരിക്കുന്നു. നിന്റെ വ്യാപാരവസ്തുക്കളും കപ്പലിലുണ്ടായിരുന്നവരും നിന്നോടുകൂടെ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു മുങ്ങിപ്പോയി.35 ദ്വീപുനിവാസികള്‍ നിന്നെയോര്‍ത്ത് സ്തബ്ധരായി; അവരുടെ രാജാക്കന്‍മാര്‍ പരിഭ്രാന്തരായി. അവരുടെ മുഖത്തെ ഞരമ്പുകള്‍ വലിഞ്ഞുമുറുകിനിന്നു.36 ജനതകള്‍ക്കിടയിലുള്ള വ്യാപാരികള്‍ നിന്നെ നിന്ദിക്കുന്നു; ഭയാനകമായ അവസാനം നിനക്കു വന്നുകഴിഞ്ഞു. എന്നേക്കുമായി നീ നശിച്ചുകഴിഞ്ഞു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment