Ezekiel, Chapter 35 | എസെക്കിയേൽ, അദ്ധ്യായം 35 | Malayalam Bible | POC Translation

ഏദോമിനു ശിക്ഷ

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, സെയിര്‍മലയ്ക്കുനേരേ മുഖം തിരിച്ച് അതിനെതിരേ പ്രവചിക്കുക.3 അതിനോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: സെയിര്‍മലയേ, ഇതാ, ഞാന്‍ നിനക്കെതിരാണ്. നിനക്കെതിരേ ഞാന്‍ കരം നീട്ടും.4 ഞാന്‍ നിന്നെ വിജനവും ശൂന്യവുമാക്കും. ഞാന്‍ നിന്റെ പട്ടണങ്ങള്‍ ശൂന്യമാക്കും. നീ വിജനമായിത്തീരും. ഞാനാണു കര്‍ത്താവ് എന്ന് അപ്പോള്‍ നീ അറിയും.5 നീ ഇസ്രായേലിനോടു നിത്യമായ ശത്രുത പുലര്‍ത്തുകയും കഷ്ടകാലത്ത്, അന്തിമ ശിക്ഷയുടെ കാലത്ത്, വാളിന് അവരെ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു.6 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഞാന്‍ നിന്നെ രക്തത്തിന് ഏല്‍പിക്കുന്നു. അതു നിന്നെ പിന്തുടരും. നീ രക്തം ചൊരിഞ്ഞു. രക്തം നിന്നെ പിന്തുടരുകതന്നെ ചെയ്യും.7 സെയിര്‍മല ഞാന്‍ വിജനവും ശൂന്യവുമാക്കും. അതിലൂടെ കടന്നുപോകുന്നവരെ ഞാന്‍ സംഹരിക്കും.8 നിഹതന്‍മാരെക്കൊണ്ട് നിന്റെ മലകള്‍ ഞാന്‍ നിറയ്ക്കും. വാളിനിരയായവര്‍ നിന്റെ കുന്നുകളിലും താഴ്‌വരകളിലും മലയിടുക്കുകളിലും പതിക്കും. നിന്നെ ഞാന്‍ നിത്യശൂന്യതയാക്കും.9 മേ ലില്‍ നിന്റെ പട്ടണങ്ങളില്‍ ആരും വസിക്കുകയില്ല. ഞാനാണു കര്‍ത്താവ് എന്ന് അപ്പോള്‍ നീ അറിയും.10 കര്‍ത്താവ് അവിടെയുണ്ടായിട്ടും, ഈ രണ്ടു ജനതകളും രാജ്യങ്ങളും എന്‍േറതാകും; ഞാന്‍ അവ കൈവശമാക്കും എന്നു നീ പറഞ്ഞു.11 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, അവരോടുള്ള വിരോധം നിമിത്തം നീ അവരോടു കാണിച്ച കോപത്തിനും അസൂയയ്ക്കും അനുസൃതമായി ഞാന്‍ നിന്നോടു പ്രവര്‍ത്തിക്കും. നിന്നെ വിധിക്കുന്നതുവഴി ഞാന്‍ എന്നെത്തന്നെ അവര്‍ക്ക് വെളിപ്പെടുത്തും.12 അവ വിജനമാക്കപ്പെട്ട് ഞങ്ങള്‍ക്കു വിഴുങ്ങാന്‍ വിട്ടിരിക്കുന്നു എന്ന് ഇസ്രായേല്‍ മലകള്‍ക്കെ തിരേ നീ പറഞ്ഞസകല നിന്ദനങ്ങളും കര്‍ത്താവായ ഞാന്‍ കേട്ടിരിക്കുന്നു എന്ന് നീ അറിയും.13 എനിക്കെതിരേ നിങ്ങള്‍ വമ്പു പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നെ വീണ്ടും വീണ്ടും നിന്ദിച്ചു. ഞാന്‍ അതു കേട്ടിരിക്കുന്നു.14 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഭൂമിമുഴുവന്‍ ആനന്ദിക്കേണ്ടതിന് ഞാന്‍ നിന്നെ ശൂന്യമാക്കും.15 ഇസ്രായേല്‍ഭവനത്തിന്റെ അവകാശം ശൂന്യമായതു കണ്ട് നീ സന്തോഷിച്ചു. അവരോടെന്നപോലെ നിന്നോടും ഞാന്‍ വര്‍ത്തിക്കും. സെയിര്‍മലയേ, ഏദോം മുഴുവനുമേ, നീ വിജനമാകും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment