Ezekiel, Chapter 37 | എസെക്കിയേൽ, അദ്ധ്യായം 37 | Malayalam Bible | POC Translation

അസ്ഥികളുടെ താഴ്‌വര

1 കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു. അവിടുന്നു തന്റെ ആത്മാവിനാല്‍ എന്നെ നയിച്ച് അസ്ഥികള്‍നിറഞ്ഞഒരു താഴ്‌വരയില്‍ കൊണ്ടുവന്നു നിര്‍ത്തി.2 അവിടുന്ന് എന്നെ അവയുടെ ചുറ്റും നടത്തി. അവ വളരെയേറെയുണ്ടായിരുന്നു. അവ ഉണങ്ങി വരണ്ടിരുന്നു.3 അവിടുന്ന് എന്നോട് ചോദിച്ചു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്ക് ജീവിക്കാനാവുമോ? ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, അങ്ങേക്കറിയാമല്ലോ.4 അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ഈ അസ്ഥികളോട് നീ പ്രവചിക്കുക, വരണ്ട അസ്ഥികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍ എന്ന് അവയോടു പറയുക.5 ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും.6 ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മംപൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍പ്രാപിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.7 എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചപ്പോള്‍ ഒരു ശബ്ദം ഉണ്ടായി- ഒരു കിരുകിരാ ശബ്ദം. വേര്‍പെട്ടുപോയ അസ്ഥികള്‍ തമ്മില്‍ചേര്‍ന്നു.8 ഞാന്‍ നോക്കിയപ്പോള്‍ ഞരമ്പും മാംസവും അവയുടെമേല്‍ വന്നിരുന്നു; ചര്‍മം അവയെ പൊതിഞ്ഞിരുന്നു; എന്നാല്‍ അവയ്ക്ക് പ്രാണന്‍ ഉണ്ടായിരുന്നില്ല. അവിടുന്ന് എന്നോട് അരുളിച്ചെയ്തു:9 മനുഷ്യപുത്രാ, ജീവശ്വാസത്തോടു പ്രവചിക്കുക. മനുഷ്യപുത്രാ, ജീവശ്വാസത്തോടു പറയുക; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജീവ ശ്വാസമേ, നീ നാലു വായുക്കളില്‍നിന്നു വന്ന് ഈ നിഹിതന്‍മാരുടെമേല്‍ വീശുക. അവര്‍ക്കു ജീവനുണ്ടാകട്ടെ.10 അവിടുന്നു കല്‍പിച്ചതു പോലെ ഞാന്‍ പ്രവചിച്ചു. അപ്പോള്‍ ജീവശ്വാസം അവരില്‍ പ്രവേശിച്ചു. അവര്‍ ജീവന്‍ പ്രാപിച്ചു. വളരെ വലിയ ഒരു സൈന്യംപോലെ അവര്‍ എഴുന്നേറ്റുനിന്നു.11 അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ഭവനം മുഴുവനുമാണ്. ഞങ്ങളുടെ അസ്ഥികള്‍ വരണ്ടിരിക്കുന്നു; പ്രതീക്ഷ നശിച്ചിരിക്കുന്നു. ഞങ്ങള്‍ തീര്‍ത്തും പരിത്യക്തരായിരിക്കുന്നു എന്ന് അവര്‍ പറയുന്നു.12 ആകയാല്‍ അവരോട് പ്രവചിക്കുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാന്‍ കല്ലറകള്‍തുറന്ന് നിങ്ങളെ ഉയര്‍ത്തും, ഇസ്രായേല്‍ദേശത്തേക്ക് ഞാന്‍ നിങ്ങളെ തിരികെകൊണ്ടുവരും.13 എന്റെ ജനമേ, കല്ലറകള്‍തുറന്നു നിങ്ങളെ ഞാന്‍ ഉയര്‍ത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും.14 എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തംദേശത്ത് വസിപ്പിക്കും. കര്‍ത്താവായ ഞാനാണ് ഇതു പറഞ്ഞതെന്നും പ്രവര്‍ത്തിച്ചതെന്നും അപ്പോള്‍ നിങ്ങള്‍ അറിയും. കര്‍ത്താവ് അരുളിച്ചെയ്യുന്നു.

രണ്ടു വടികള്‍

15 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:16 മനുഷ്യപുത്രാ, ഒരു വടിയെടുത്ത് അതില്‍ യൂദായ്ക്കും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍സന്തതികള്‍ക്കും എന്ന് എഴുതുക;17 വേറൊരു വടിയെടുത്ത് അതില്‍ എഫ്രായിമിന്റെ വടിയായ ജോസഫിനും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ ഭവനം മുഴുവനും എന്ന് എഴുതുക. ഒന്നായിത്തീരത്തക്കവിധം അവനിന്റെ കൈയില്‍ ചേര്‍ത്തു പിടിക്കുക.18 ഇതുകൊണ്ടു നീ എന്താണ് ഉദ്‌ദേശിക്കുന്നതെന്ന് ഞങ്ങള്‍ക്കു കാണിച്ചുതരില്ലേ, എന്നു ജനം നിന്നോടു ചോദിക്കും.19 അപ്പോള്‍ അവരോടു പറയുക, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജോസഫിന്റെയും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ഗോത്രങ്ങളുടെയും വടി – എഫ്രായിമിന്റെ കൈയിലുള്ള തുതന്നെ – ഞാന്‍ എടുക്കാന്‍ പോകുന്നു; അതെടുത്ത് യൂദായുടെ വടിയോടുചേര്‍ത്ത് ഒറ്റ വടിപോലെ പിടിക്കും; അവ എന്റെ കൈയില്‍ ഒന്നായിത്തീരുകയും ചെയ്യും.20 നീ എഴുതിയ ആ വടികള്‍ അവര്‍ കാണ്‍കെ പിടിച്ചുകൊണ്ട് അവരോടു പറയുക,21 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ചിതറിപ്പോയിരിക്കുന്ന ജനതകളുടെയിടയില്‍ നിന്ന് ഇസ്രായേല്‍ജനത്തെ ഞാന്‍ കൊണ്ടുവരും; എല്ലാ ദിക്കുകളിലുംനിന്ന് ഞാന്‍ അവരെ ഒന്നിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും.22 സ്വദേശത്ത് ഇസ്രായേലിന്റെ മലകളില്‍ ഞാന്‍ അവരെ ഒരൊറ്റ ജനതയാക്കും. ഒരു രാജാവ് അവരുടെമേല്‍ ഭരണം നടത്തും. ഇനിയൊരിക്കലും അവര്‍ രണ്ടു ജനതകളായിരിക്കുകയില്ല; രണ്ടു രാജ്യങ്ങളായി ഭിന്നിച്ചു നില്‍ക്കുകയുമില്ല.23 തങ്ങളുടെ വിഗ്രഹങ്ങളാലോ മ്ലേച്ഛപ്രവൃത്തികളാലോ മറ്റേതെങ്കിലും അപരാധങ്ങളാലോ അവര്‍ മേലില്‍ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ല. അവര്‍ പാപംചെയ്ത എല്ലാ വസതികളിലും നിന്ന് അവരെ ഞാന്‍ രക്ഷിച്ച് നിര്‍മലരാക്കും. അങ്ങനെ അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും.24 എന്റെ ദാസനായ ദാവീദ് അവര്‍ക്ക് രാജാവായിരിക്കും. അവര്‍ക്കെല്ലാംകൂടി ഒരിടയനേ ഉണ്ടായിരിക്കുകയുള്ളു. അവര്‍ എന്റെ നിയമങ്ങള്‍ അനുസരിക്കുകയും കല്‍പന കള്‍ ശ്രദ്ധാപൂര്‍വം പാലിക്കുകയും ചെയ്യും.25 ഞാന്‍ എന്റെ ദാസനായ യാക്കോബിനു കൊടുത്തതും നിങ്ങളുടെ പിതാക്കന്‍മാര്‍ അധിവസിച്ചതുമായ ദേശത്ത് അവര്‍ വസിക്കും. അവരും അവരുടെ സന്തതിപരമ്പരയും ആ ദേശത്ത് നിത്യമായി വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവരുടെ രാജാവായിരിക്കും.26 സമാധാനത്തിന്റെ ഒരു ഉടമ്പടി അവരുമായി ഞാന്‍ ഉണ്ടാക്കും. അതു നിത്യമായ ഉടമ്പടിയായിരിക്കും. അവരെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അവരുടെ മധ്യേ എന്റെ ആലയം ഞാന്‍ എന്നേക്കുമായി സ്ഥാപിക്കും.27 എന്റെ വാസസ്ഥലം അവരുടെ മധ്യേ ആയിരിക്കും; ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കും. എന്റെ ആലയം അവരുടെ മധ്യേ നിത്യമായി സ്ഥിതി ചെയ്യുമ്പോള്‍ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ് ഞാനാണ് എന്ന് ജനതകള്‍ അറിയും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment