Ezekiel, Chapter 43 | എസെക്കിയേൽ, അദ്ധ്യായം 43 | Malayalam Bible | POC Translation

കര്‍ത്താവിന്റെ മഹത്വം മടങ്ങിവരുന്നു

1 പിന്നീട് അവന്‍ എന്നെ കിഴക്കേ പടിപ്പുരയിലേക്കു കൊണ്ടുവന്നു.2 ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അതാ, കിഴക്കുനിന്നു വരുന്നു. അവിടുത്തെ ആഗമനത്തിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പല്‍പോലെയായിരുന്നു. ഭൂമി അവിടുത്തെ തേജ സ്‌സുകൊണ്ടു പ്രകാശിച്ചു.3 നഗരം നശിപ്പിക്കാന്‍ അവിടുന്നു വന്നപ്പോള്‍ എനിക്കുണ്ടായ ദര്‍ശനവും കേബാര്‍ നദീതീരത്തുവച്ച് എനിക്കുണ്ടായ ദര്‍ശനവും പോലെ തന്നെയായിരുന്നു ഇപ്പോഴത്തേതും. ഞാന്‍ കമിഴ്ന്നുവീണു.4 കര്‍ത്താവിന്റെ മഹത്വം കിഴക്കേ പടിപ്പുരയിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു.5 അപ്പോള്‍ ആത്മാവ് എന്നെ ഉയര്‍ത്തി ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ, ദൈവമഹത്വം ആലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.6 ആ മനുഷ്യന്‍ അപ്പോഴും എന്റെ അടുത്തുണ്ടായിരുന്നു. അപ്പോള്‍ ദേവാലയത്തിനകത്തുനിന്ന് ആരോ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.7 അത് ഇപ്രകാരമായിരുന്നു: മനുഷ്യപുത്രാ, എന്റെ സിംഹാസനവും പാദപീഠവും, ഇസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ നിത്യമായി വസിക്കുന്ന ഇടവും ഇതാണ്. ഇസ്രായേല്‍ഭവനം, അവരോ അവരുടെ രാജാക്കന്‍മാരോ, തങ്ങളുടെ വ്യഭിചാരംകൊണ്ടും രാജാക്കന്‍മാരുടെ മൃതശരീരങ്ങള്‍കൊണ്ടും എന്റെ പരിശുദ്ധ നാമം മേലില്‍ അശുദ്ധമാക്കുകയില്ല.8 അവര്‍ തങ്ങളുടെ ഉമ്മറപ്പടികളും വാതില്‍പടികളും എന്റെ ഉമ്മറപ്പടികള്‍ക്കും വാതില്‍പടികള്‍ക്കും അരികില്‍ സ്ഥാപിച്ചു. അവര്‍ക്കും എനിക്കും ഇടയില്‍ ഒരു ഭിത്തിമാത്രമേയുള്ളു. തങ്ങളുടെ മ്ലേച്ഛതകള്‍ വഴി എന്റെ പരിശുദ്ധനാമത്തെ അവര്‍ അശുദ്ധമാക്കി. അതുകൊണ്ട് ഞാന്‍ അവരെ എന്റെ കോപത്തില്‍ നശിപ്പിച്ചു.9 അവര്‍ തങ്ങളുടെ അവിശ്വസ്ത തയും രാജാക്കന്‍മാരുടെ മൃതശരീരങ്ങളും എന്നില്‍ നിന്നും ദൂരെ മാറ്റട്ടെ. അപ്പോള്‍ ഞാന്‍ അവരുടെ മധ്യേ എന്നെന്നും വസിക്കും.10 മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനം തങ്ങളുടെ അകൃത്യങ്ങളെപ്പറ്റി ലജ്ജിക്കേണ്ട തിന് ദേവാലയവും അതിന്റെ അളവും രൂപ വും നീ അവര്‍ക്കു വിവരിച്ചുകൊടുക്കുക.11 തങ്ങള്‍ ചെയ്തിട്ടുള്ള സകല കാര്യങ്ങളെപ്പറ്റിയും അവര്‍ ലജ്ജിക്കുകയാണെങ്കില്‍, ദേവാലയവും അതിന്റെ സംവിധാനവും പുറത്തേക്കും അകത്തേക്കുമുള്ള മാര്‍ഗങ്ങളും അതിന്റെ പൂര്‍ണ രൂപവും കാണിച്ചു കൊടുക്കുക; അതിന്റെ എല്ലാ നിയമങ്ങളും ചട്ടങ്ങളും അവരെ അറിയിക്കുക; ഈ നിയമങ്ങളും ചട്ടങ്ങളും അവര്‍ പാലിക്കേണ്ടതിന് അവര്‍ കാണ്‍കെ അവ എഴുതിവയ്ക്കുക.12 ദേവാലയത്തിന്റെ നിയമം ഇതാണ്: മലമുകളില്‍ ദേവാലയത്തിനു ചുറ്റുമുള്ള സ്ഥലം മുഴുവന്‍ ഏറ്റവും വിശുദ്ധമായിരിക്കും – ഇതാണ് ദേവാലയത്തിന്റെ നിയമം.

ബലിപീഠം

13 ബലിപീഠത്തിന്റെ അളവുകള്‍ മുഴംകണക്കിന് – ഒരു സാധാരണമുഴവും കൈ പ്പത്തിയും ചേര്‍ന്നത് – ഇവയാണ്: അതിന്റെ അടിത്തറയ്ക്ക് ഒരു മുഴം കനവും ഒരു മുഴം വീതിയും. അതിന്റെ വക്ക് ഒരു ചാണ്‍ തള്ളിനില്‍ക്കണം. ബലിപീഠത്തിന്റെ ഉയരം ഇതാണ്:14 അടിത്തറ മുതല്‍ അടിത്തട്ടുവരെ രണ്ടു മുഴം ഉയരവും ഒരു മുഴം വീതിയും. അടിത്ത ട്ടുമുതല്‍ മേല്‍ത്തട്ടുവരെ നാലു മുഴം വീതിയും15 ബലിപീഠത്തിന്റെ അടുപ്പിനു നാലു മുഴം ഉയരം. അതിന്‍മേല്‍ ഓരോ മുഴം ഉയരത്തില്‍ തള്ളിനില്‍ക്കുന്ന നാലു കൊമ്പുകള്‍.16 പന്ത്രണ്ടു മുഴം നീളവും പന്ത്രണ്ടു മുഴം വീതിയുമുള്ള സമചതുരമായിരിക്കണം അടുപ്പ്.17 പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയുമുള്ള സമചതുരമായിരിക്കണം ബലിപീഠത്തിന്റെ തട്ട്. ചുറ്റുമുള്ള വയ്ക്ക് അര മുഴവും ചുവട് ചുറ്റും ഒരു മുഴ വും വീതിയിലായിരിക്കണം. ബലിപീഠത്തിന്റെ പടികള്‍ കിഴക്കോട്ടു ദര്‍ശനമായിരിക്കണം.18 അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബലിപീഠത്തെ സംബന്ധിച്ച നിയമങ്ങള്‍ ഇവയാണ്; ദഹനബലിക്കും രക്തം തളിക്കലിനുംവേണ്ടി ഇതു സ്ഥാപിക്കപ്പെടുന്ന ദിവസം,19 എന്നെ ശുശ്രൂഷിക്കാന്‍ എന്നെ സമീപിക്കുന്ന സാദോക്കിന്റെ കുടുംബത്തില്‍പ്പെട്ട ലേവ്യപുരോഹിതര്‍ക്ക് പാപപരിഹാരബലിക്കായി ഒരു കാളക്കുട്ടിയെ കൊടുക്കണം, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.20 അതില്‍നിന്നു കുറെ രക്തമെടുത്ത് ബലിപീഠത്തിന്റെ നാലു കൊമ്പുകളിലും തട്ടിന്റെ നാലു കോണുകളിലും, ചുറ്റുമുള്ള വക്കിലും പുരട്ടുക. അങ്ങനെ അതിനെ പാപത്തില്‍ നിന്നു പവിത്രീകരിക്കുകയും അതിനുവേണ്ടി പരിഹാരം ചെയ്യുകയും വേണം.21 നീ പാപ പരിഹാരബലിക്കുള്ള കാളക്കുട്ടിയെ വിശുദ്ധസ്ഥലത്തിനു പുറത്ത് ദേവാലയത്തിന്റെ വകയായി നിശ്ചയിക്കപ്പെട്ട സ്ഥലത്തുവച്ചു ദഹിപ്പിക്കണം.22 രണ്ടാംദിവസം ഊനമറ്റ ഒരു കോലാട്ടുകൊറ്റനെ പാപപരിഹാരബലിയായി നീ അര്‍പ്പിക്കണം. കാളക്കുട്ടിയെക്കൊണ്ട് ബലിപീഠം ശുദ്ധീകരിച്ചതുപോലെ ഇതിനെക്കൊണ്ടും ശുദ്ധീകരിക്കണം.23 അതു ശുദ്ധീകരിച്ചു കഴിയുമ്പോള്‍ ഊനമറ്റ ഒരു കാളക്കുട്ടിയെയും ആട്ടിന്‍കൂട്ടത്തില്‍നിന്ന് ഊന മറ്റ ഒരു മുട്ടാടിനെയും നീ ബലിയര്‍പ്പിക്കണം.24 നീ അവയെ കര്‍ത്താവിന്റെ സന്നിധിയില്‍ കൊണ്ടുവരണം; പുരോഹിതന്‍മാര്‍ അവയുടെമേല്‍ ഉപ്പു വിതറി അവയെ ദഹനബലിയായി കര്‍ത്താവിനു സമര്‍പ്പിക്കും.25 പാപ പരിഹാരബലിക്കായി ഒരു കോലാടിനെവീതം ഏഴുദിവസത്തേക്കു നീ ബലിയര്‍പ്പിക്കണം. ഊനമറ്റ ഒരു കാളക്കുട്ടിയെയും ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഊനമറ്റ ഒരു ആട്ടിന്‍കൊററനെയും കൂടി നീ ഇപ്രകാരം സമര്‍പ്പിക്കണം.26 ഏഴു ദിവസത്തേക്ക് അവര്‍ ബലിപീഠത്തിനുവേണ്ടി പരിഹാരം ചെയ്യുകയും അതു ശുദ്ധീകരിക്കുകയും അങ്ങനെ അതിനെ പ്രതിഷ്ഠിക്കുകയും വേണം.27 എട്ടാംദിവസംമുതല്‍ നിങ്ങളുടെ ദഹനബലികളും സമാധാനബലികളും പുരോഹിതന്‍മാര്‍ ബലിപീഠത്തില്‍ സമര്‍പ്പിക്കും; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും- ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment