വിശുദ്ധ ഫ്രാൻസിസും ബ്രദർ ലെയോയും എളിമയുടെ പാഠവും
ഫ്രാൻസിസ്കൻ സഭയുടെ ആദ്യകാലത്ത്, ഒരു ചെറിയ ആശ്രമത്തിൽ ഫ്രാൻസിസ് ബ്രദർ ലെയോയോടൊപ്പം താമസിക്കുമ്പോൾ പ്രാർത്ഥനകൾ ചൊല്ലാൻ വേണ്ട പുസ്തകങ്ങൾ അവർക്കില്ലായിരുന്നു. മധ്യാഹ്ന പ്രാർത്ഥനയുടെ സമയം എത്തിയപ്പോൾ ഫ്രാൻസിസ് പറഞ്ഞു: പുസ്തകങ്ങളില്ലെങ്കിലും ദൈവത്തെ സ്തുതിക്കാൻ മറ്റൊരു മാർഗം സ്വീകരിക്കാമെന്ന്. ലെയോ സമ്മതിച്ചു. ഫ്രാൻസീസ് താൻ ആദ്യം സംസാരിക്കും എന്നും താൻ പറയുന്നതുപോലെ തന്നെ ബ്രദർ ലെയോ മറുപടി പറയണമെന്നു നിർദേശിച്ചു
ഫ്രാൻസിസ് ഇപ്രകാരം ലെയോടു പറഞ്ഞു: “ഞാൻ വലിയ പാപിയാണെന്നും നരകത്തിന് അർഹനാണെന്നും ഞാൻ പറയുമ്പോൾ, നീ അതിന് സമ്മതിക്കണം.” ലെയോ തന്റെ ലാളിത്യത്തോടെ അനുസരിക്കാമെന്ന് സമ്മതിച്ചു. ഫ്രാൻസിസ് തന്റെ പാപങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ, ബ്രദർ ലെയോ ഇങ്ങനെ മറുപടി നൽകി: “ദൈവം നിങ്ങളിലൂടെ വലിയ നന്മകൾ ചെയ്യും; നിങ്ങള് തീർച്ചയായും സ്വർഗ്ഗത്തിലേക്കു പോകും.” ഇത് കേട്ട് ഫ്രാൻസിസ് അവനെ തിരുത്തി വീണ്ടും പറഞ്ഞു. എങ്കിലും ഓരോ തവണയും ഫ്രാൻസിസ് തന്നെത്തന്നെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ, ബ്രദർ ലെയോ ദൈവത്തിന്റെ കരുണയും അനുഗ്രഹവും കുറിച്ച് തന്നെയാണ് പറഞ്ഞത്.
ഫ്രാൻസിസ് അത്ഭുതപ്പെട്ടു ചോദിച്ചു: “എന്തുകൊണ്ടാണ് നീ ഞാൻ പറഞ്ഞതിന് എതിരായി നീ മറുപടി പറയുന്നത്?” അതിന് ബ്രദർ ലെയോ വളരെ വിനയത്തോടെ പറഞ്ഞു: “പിതാവേ ഞാൻ അനുസരിക്കാൻ ശ്രമിച്ചു. പക്ഷേ ദൈവം എന്റെ അധരങ്ങളിലൂടെ സംസാരിക്കുകയായിരുന്നു; അതിനാൽ ഞാൻ വേറെയൊന്നും പറയാൻ കഴിഞ്ഞില്ല.”
ഒടുവിൽ ഫ്രാൻസിസ് വീണ്ടും അവനെ പരീക്ഷിച്ചു. എന്നാൽ വീണ്ടും, ബ്രദർ ലെയോ ദൈവത്തിന്റെ അതിരില്ലാത്ത കരുണയും, വിനീതരെ ദൈവം ഉയർത്തുന്നതും കുറിച്ചാണ് പറഞ്ഞു.
ആ രാത്രിയിൽ അവർ ഇരുവരും കണ്ണീരോടെ വിനയത്തിൻ്റെയും ദൈവകരുണയുടെയും ആഴമുള്ള ആത്മീയ സന്തോഷത്തിൽ പ്രാർത്ഥിച്ചു. ഈ സംഭവത്തിലൂടെ, യഥാർത്ഥ വിശുദ്ധി സ്വയം കുറ്റപ്പെടുത്തുന്നതിലല്ല, ദൈവത്തിന്റെ കരുണയിൽ പൂർണ്ണമായി ആശ്രയിക്കുന്നതിലാണെന്ന് ദൈവം ഫ്രാൻസീസിനെ പഠിപ്പിച്ചു. ദൈവകരുണയിൽ ആശ്രയിച്ച് വിശുദ്ധിയിൽ പുരോഗമിക്കുവാൻ ഈ നോമ്പുദിനം നമ്മെ ശക്തിപ്പെടുത്തട്ടെ.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment