മൊവാബിനെതിരേ
1 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: മൊവാബ് ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം അവന്‍ ഏദോം രാജാവിന്റെ അസ്ഥികള്‍ കത്തിച്ചു ചാമ്പലാക്കി.
2 : മൊവാബിന്റെ മേല്‍ ഞാന്‍ അഗ്‌നി അയയ്ക്കും. കെറിയോത്തിന്റെ ശക്തിദുര്‍ഗങ്ങളെ അതു വിഴുങ്ങും; ആര്‍പ്പു വിളികളുടെയും അട്ടഹാസങ്ങളുടെയും കാഹളധ്വനിയുടെയും ഇടയില്‍ മൊവാബ് നശിച്ചുപോകും.
3 : അവരുടെ ഇടയില്‍നിന്നു രാജാവിനെ ഞാന്‍ വിച്‌ഛേദിച്ചുകളയും. അവനോടൊപ്പം അവന്റെ പ്രഭുക്കന്‍മാരെയും ഞാന്‍ വധിക്കും – കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.
യൂദായ്ക്കു ശിക്ഷ
4 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദാ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. അവര്‍ കര്‍ത്താവിന്റെ നിയമത്തെ പരിത്യജിച്ചു. അവിടുത്തെ കല്‍പനകള്‍ അനുസരിച്ചില്ല. അവരുടെ പൂര്‍വികന്‍മാര്‍ പിന്‍ചെന്ന വ്യാജദേവന്‍മാര്‍ അവരെ വഴിതെറ്റിച്ചു.
5 : യൂദായ്ക്കുമേല്‍ ഞാന്‍ അഗ്‌നി അയയ്ക്കും. ജറുസലെ മിന്റെ ശക്തിദുര്‍ഗങ്ങളെ അതു വിഴുങ്ങും.
ഇസ്രായേലിനെ വിധിക്കുന്നു
6 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. അവര്‍ നീതിമാന്‍മാരെ വെള്ളിക്കു വില്‍ക്കുന്നു; ഒരു ജോടി ചെരുപ്പിനു സാധുക്കളെയും.
7 : പാവപ്പെട്ടവരുടെ തല അവര്‍ പൂഴിയില്‍ ചവിട്ടിമെതിക്കുന്നു. ദരിദ്രരെ വഴിയില്‍നിന്നു തള്ളിമാറ്റുന്നു. അപ്പനും മകനും ഒരേയുവതിയെ പ്രാപിക്കുന്നു. അങ്ങനെ അവര്‍ എന്റെ വിശുദ്ധനാമത്തിനു കളങ്കം വരുത്തുന്നു.
8 : പണയം കിട്ടിയ വസ്ത്രം വിരിച്ച് ഓരോ ബലിപീഠത്തിനും അരികില്‍ അവര്‍ ശയിക്കുന്നു. പിഴയായി ഈടാക്കിയ മദ്യം അവര്‍ തങ്ങളുടെ ദേവന്റെ ആലയത്തില്‍ വച്ചു പാനംചെയ്യുന്നു.
9 : ദേവദാരുപോലെ ഉയരവും കരുവേലകം പോലെ കരുത്തും ഉണ്ടായിരുന്ന അമോര്യരെ ഞാന്‍ അവരുടെ മുന്‍പില്‍വച്ചു തകര്‍ത്തു. മുകളില്‍ അവരുടെ ഫലവും താഴേ അവരുടെ വേരുകളും ഞാന്‍ നശിപ്പിച്ചു.
10 : ഈജിപ്തു ദേശത്തുനിന്നു നിങ്ങളെ മോചിപ്പിച്ച്, മരുഭൂമിയിലൂടെ നാല്‍പതു വര്‍ഷം നയിച്ച്, അമോര്യരുടെ ഭൂമി ഞാന്‍ നിങ്ങള്‍ക്കു സ്വന്തമായി നല്‍കി.
11 : നിങ്ങളുടെ മക്കളില്‍ ചിലരെ പ്രവാചകന്‍മാരായും നിങ്ങളുടെയുവാക്കന്‍മാരില്‍ ചിലരെ നാസീര്‍വ്രതക്കാരായും ഞാന്‍ ഉയര്‍ത്തി. ഇസ്രായേല്‍ ജനമേ, ഇതു വാസ്തവമല്ലേ? കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.
12 : എന്നാല്‍, നാസീര്‍ വ്രതക്കാരെ നിങ്ങള്‍ വീഞ്ഞു കുടിപ്പിച്ചു; പ്രവാചകന്‍മാരോടു പ്രവചിക്കരുതെന്നു കല്‍പിച്ചു.
13 : കറ്റകള്‍ നിറഞ്ഞവണ്ടി കീഴോട്ടമരുന്നതുപോലെ ഞാന്‍ നിങ്ങളെ മണ്ണിനോടു ചേര്‍ത്തു ഞെരിക്കും.
14 : ഓടുന്നവനെ അവന്റെ ശീഘ്രത രക്ഷിക്കുകയില്ല. ശക്തന്‍മാരുടെ ശക്തി നിലനില്‍ക്കുകയില്ല. കരുത്തനു ജീവന്‍ രക്ഷിക്കാനാവില്ല.
15 : വില്ലാളികള്‍ ചെറുത്തു നില്‍ക്കുകയില്ല. ശീഘ്രഗാമികള്‍ ഓടി രക്ഷപെടുകയില്ല. അശ്വാരൂഢന് ജീവന്‍ രക്ഷിക്കാനാവില്ല.
16 : കരുത്തരില്‍ ചങ്കൂറ്റമുള്ളവര്‍ പോലും അന്നു നഗ്‌നരായി പലായനം ചെയ്യും – കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.


Leave a comment