Micah, Chapter 1 | മിക്കാ, അദ്ധ്യായം 1 | Malayalam Bible | POC Translation

സമരിയായ്‌ക്കെതിരേ ആരോപണം

1 : മൊരേഷെത്തുകാരനായ മിക്കായ്ക്ക് യോഥാം, ആഹാസ്, ഹെസക്കിയാ എന്നീ യൂദാരാജാക്കന്‍മാരുടെ നാളുകളില്‍ കര്‍ത്താവില്‍നിന്ന് അരുളപ്പാടുണ്ടായി. സമരിയായെയും ജറുസലെമിനെയും സംബന്ധിക്കുന്ന ഒരു ദര്‍ശനത്തിലാണ് ഇതു ലഭിച്ചത്.   

2 : ജനതകളേ, കേള്‍ക്കുവിന്‍. ഭൂമിയും അതിലുള്ള സമസ്തവും ശ്രദ്ധിക്കട്ടെ! ദൈവമായ കര്‍ത്താവ്, തന്റെ വിശുദ്ധഭവനത്തില്‍നിന്നു നിങ്ങള്‍ക്കെതിരേ സാക്ഷ്യം വഹിക്കട്ടെ!   

3 : കര്‍ത്താവ് തന്റെ വിശുദ്ധ സ്ഥലത്തുനിന്നു പുറപ്പെടുന്നു. ഭൂമിയിലെ പൂജാഗിരികള്‍ ചവിട്ടിമെതിക്കാന്‍ ഇറങ്ങിവരുന്നു.   

4 : അഗ്‌നിയുടെ മുന്‍പില്‍ മെഴുകുപോലെയും കിഴുക്കാംതൂക്കിലൂടെ പ്രവഹിക്കുന്ന ജലംപോലെയും അവിടുത്തെ കാല്‍ച്ചുവട്ടില്‍ പര്‍വതങ്ങള്‍ ഉരുകും; താഴ്‌വരകള്‍ പിളരും.   

5 : യാക്കോബിന്റെ അതിക്രമവും ഇസ്രായേല്‍ഭവനത്തിന്റെ പാപവുമാണ് ഇതിനു കാരണം. എന്താണ് യാക്കോബിന്റെ അതിക്രമം? അത് സമരിയാ അല്ലേ? എന്താണ്‌യൂദാഭവനത്തിന്റെ പാപം? അത് ജറുസലെം അല്ലേ?   

6 : അതിനാല്‍, ഞാന്‍ സമരിയായെ വെളിമ്പ്രദേശത്തെ കൂനയാക്കും. മുന്തിരി കൃഷിചെയ്യാനുള്ള സ്ഥലംതന്നെ. അവളുടെ കല്ലുകള്‍ ഞാന്‍ താഴ്‌വരയിലേക്കു വലിച്ചെ റിയും. അവളുടെ അസ്തിവാരങ്ങള്‍ ഞാന്‍ അനാവൃതമാക്കും.   

7 : അവളുടെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കും. അവളുടെ വേതനം അഗ്‌നിയില്‍ ദഹിപ്പിക്കും; ബിംബങ്ങള്‍ നശിപ്പിക്കും. വേശ്യയുടെ വേതനംവഴിയാണ് അവള്‍ അവ സമ്പാദിച്ചത്. വേശ്യയുടെ വേതനമായി അതു തിരിച്ചുകൊടുക്കും. 

ജറുസലെമിനെക്കുറിച്ചു വിലാപം  

8 : ഇതോര്‍ത്തു ഞാന്‍ ദുഃഖിച്ചു കരയും; നഗ്‌നനും നിഷ്പാദുകനുമായി ഞാന്‍ നടക്കും. കുറുനരികളെപ്പോലെ ഞാന്‍ നിലവിളിക്കും. ഒട്ടകപ്പക്ഷികളെപ്പോലെ ഞാന്‍ വിലപിക്കും.   

9 : എന്തെന്നാല്‍, അവളുടെ മുറിവുകള്‍ ഒരിക്കലും സുഖപ്പെടാത്തതാണ്. അത് യൂദാവരെ, എന്റെ ജനത്തിന്റെ കവാടമായ ജറുസലെംവരെ, എത്തിയിരിക്കുന്നു.   

10 : ഗത്ത് നിവാസികളോടു നിങ്ങള്‍ ഇതു പറയരുത്; കരയുകയും അരുത്. ബേത്‌ലെയാഫ്രായിലെ പൊടിമണ്ണില്‍ വീണുരുളുക.   

11 : ഷാഫീര്‍നിവാസികളേ, നഗ്‌നരും ലജ്ജിതരുമായി കടന്നുപോകുവിന്‍. സാനാന്‍നിവാസികള്‍ പുറത്തുവരുന്നില്ല. ബേത്ഏസലില്‍നിന്നുള്ള വിലാപം നിന്നെ നിരാലംബയാക്കും.   

12 : കര്‍ത്താവ് അയച്ച അനര്‍ഥം ജറുസലെമിന്റെ കവാടത്തില്‍ എത്തിയതിനാല്‍ മാരോത്തുനിവാസികള്‍ ഉത്കണ്ഠാഭരിതരാണ്.   

13 : ലാഖിഷ്‌നിവാസികളേ, രഥത്തില്‍ കുതിരകളെ പൂട്ടുവിന്‍. സീയോന്‍ പുത്രിയുടെ പാപത്തിനു കാരണം നിങ്ങളാണ്. ഇസ്രായേലിന്റെ അപരാധങ്ങള്‍ നിങ്ങള്‍ ആ വര്‍ത്തിച്ചു.   

14 : അതിനാല്‍, മൊറേഷത്ഗത്തിനു വിടനല്‍കുവിന്‍. അക്‌സീബുഭവനങ്ങള്‍ ഇസ്രായേല്‍രാജാക്കന്‍മാരെ നിരാശരാക്കും.   

15 : മരേഷാനിവാസികളേ, നിങ്ങളെ കീഴടക്കാന്‍ ഒരുവനെ വീണ്ടും ഞാന്‍ കൊണ്ടുവരും. ഇസ്രായേലിന്റെ മഹത്ത്വം അദുല്ലാം ഗുഹയില്‍ ഒളിക്കും.   

16 : നിങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെപ്രതി ശിരസ്‌സ് മുണ്ഡനം ചെയ്യുവിന്‍; അവര്‍ നാടുകടത്തപ്പെടും. അതിനാല്‍, കഴുകനെപ്പോലെ നിങ്ങളുടെ ശിര സ്‌സ് കഷണ്ടിയാക്കുവിന്‍.   

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment