ആമുഖം
അസ്സീറിയാസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നിനെവേയുടെ പതനത്തിന് (ബി.സി. 612) തൊട്ടുമുന്‍പായിരിക്കണം നാഹുമിന്റെ പ്രവചനങ്ങള്‍ നടന്നത്. നിനെവേയുടെ നാശമാണ് ഗ്രന്ഥത്തിലെ പ്രമേയം. അസ്സീറിയായില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ക്രൂരതയുടെയും അടിമത്തത്തിന്റെയും പശ്ചാത്തലത്തിലേ പ്രവാചകന്റെ സന്തോഷം മനസ്സിലാക്കാനാവൂ. എല്‍ക്കോഷ് എന്ന സ്ഥലസൂചനയല്ലാതെ പ്രവാചകനെപ്പറ്റി മറ്റു വിവരങ്ങള്‍ ലഭ്യമല്ല. ശത്രുക്കളോടു പ്രതികാരം ചെയ്യുകയും തന്നില്‍ ആശ്രയിക്കുന്നവരെ രക്ഷിക്കുകയും ചെയ്യുന്ന കര്‍ത്താവിന്റെ ശക്തിവൈഭവത്തെ പ്രകീര്‍ത്തിക്കുന്ന ഒരു ഗീതമാണ് ആദ്യം. അവിടുന്ന് ഇനി വൈകുകയില്ല. യൂദായുടെ കഴുത്തിലെ നുകം ഒടിക്കും. വിലങ്ങുകള്‍ പൊട്ടിക്കും (1, 1-15). നിനെവേയുടെ പതനം പടിപടിയായി വര്‍ണിച്ചുകൊണ്ടുള്ള പ്രവചനങ്ങളാണ് ബാക്കി ഭാഗം (2, 1-3, 39). ദൃക്സാക്ഷിവിവരണംപോലെ സജീവമാണ് ഈ ഭാഗം. പ്രതീകങ്ങള്‍ മാറിമാറി ഉപയോഗിച്ചു നാശത്തിന്റെ ഭീകരത വരച്ചു കാട്ടുന്നു. സ്വന്തം ജനത്തിനെതിരേ പ്രവാചകന് ഒന്നും ശബ്ദിക്കുന്നില്ല എന്നത് ഒരു പ്രത്യേകതയാണ്.
അദ്ധ്യായം 1
നിനെവേയുടെമേല്‍ വിധി
1 : നിനെവേയെ സംബന്ധിച്ചുള്ള പ്രവചനം, എല്‍ക്കോഷനായ നാഹുമിന്റെ ദര്‍ശനഗ്രന്ഥം.
2 : കര്‍ത്താവ് അസഹിഷ്ണുവായ ദൈവവും പ്രതികാരംചെയ്യുന്നവനുമാണ്. കര്‍ത്താവ് പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്. കര്‍ത്താവ് തന്റെ വൈരികളോടു പകരംവീട്ടുകയും ശത്രുക്കള്‍ക്കുവേണ്ടി ക്രോധം കരുതിവെയ്ക്കുകയും ചെയ്യുന്നു.
3 : കര്‍ത്താവ് ദീര്‍ഘക്ഷമയുള്ള വനും അതിശക്തനുമാണ്. ഒരു കാരണവശാലും അവിടുന്ന് കുറ്റക്കാരെ വെറുതെവിടുകയില്ല. ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമാണ് അവിടുത്തെ പാത. മേഘങ്ങള്‍ അവിടുത്തെ പാദങ്ങളിലെ പൊടിയാണ്.
4 : അവിടുന്ന് കട ലിനെ ശാസിക്കുകയും വറ്റിച്ചുകളയുകയും ചെയ്യുന്നു; നദികളെ അവിടുന്ന് വരട്ടുന്നു. ബാഷാനും കാര്‍മലും ഉണങ്ങുകയും ലബനോനിലെ പുഷ്പങ്ങള്‍ വാടുകയും ചെയ്യുന്നു.
5 : പര്‍വതങ്ങള്‍ അവിടുത്തെ മുന്പില് പ്രകമ്പനം കൊള്ളുന്നു. മലകള്‍ ഉരുകിപ്പോകുന്നു; ഭൂമിയും ലോകവും അതിലുള്ളതൊക്കെയും അവിടുത്തെ മുന്പില് ശൂന്യമായിത്തീരുന്നു.
6 : അവിടുത്തെ രോഷത്തിനുമുന്‍പില്‍ നിലകൊള്ളാന്‍ ആര്‍ക്കു കഴിയും? അവിടുത്തെ കോപാഗ്നി ആര്‍ക്കു സഹിക്കാനാവും? അഗ്നിപോലെ അവിടുത്തെക്രോധം വര്ഷിക്കപ്പെടുന്നു. അവിടുന്ന് പാറകളെ ഉടച്ചു കളയുന്നു.
7 : കര്‍ത്താവ് നല്ലവനും കഷ്ടതയുടെ നാളില്‍ അഭയദുര്‍ഗവുമാണ്. തന്നില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു.
8 : എന്നാല്‍, കവിഞ്ഞൊഴുകുന്ന പ്രവാഹത്താല്‍ അവിടുന്ന് തന്റെ ശത്രുക്കളെ നിശ്ശേഷം നശിപ്പിക്കും. അവിടുന്ന് അവരെ അന്ധകാരത്തിലേക്ക് അനുധാവനം ചെയ്യും.
9 : കര്‍ത്താവിനെതിരായി നിങ്ങള്‍ എന്തു ഗൂഢാലോചനയാണു നടത്തുന്നത്? അവിടുന്ന് അതു നിശ്ശേഷം തകര്‍ക്കും. ശത്രുക്കളുടെമേല്‍ രണ്ടാമതൊരു പ്രതികാരം അവിടുന്ന് ചെയ്യുകയില്ല.
10 : കെട്ടുപിണഞ്ഞു കിടക്കുന്ന മുള്‍പ്പടര്‍പ്പുപോലെ, ഉണങ്ങിയ വയ്ക്കോല്പോലെ, അവര്‍ ദഹിപ്പിക്കപ്പെടും.
11 : കര്‍ത്താവിനെതിരേ ഗൂഢാലോചന നടത്തുകയും ദ്രോഹം ഉപദേശിക്കുകയും ചെയ്ത ഒരുവന് നിന്നില്‍നിന്ന് ഉദ്ഭവിച്ചില്ലേ?
12 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവരുടെ ശക്തിയും എണ്ണവും എത്ര അധികമായാലും അവര്‍ വിച്ഛേദിക്കപ്പെട്ട് ഇല്ലാതാകും. ഞാന്‍ നിന്നെ പീഡിപ്പിച്ചെങ്കിലും മേലില്‍ പീഡിപ്പിക്കുകയില്ല.
13 : അവന്റെ നുകം നിന്നില്‍നിന്നു ഞാന്‍ ഒടിച്ചുകളയുകയും നിന്റെ ബന്ധനങ്ങളെ ഞാന്‍ ഛേദിക്കുകയും ചെയ്യും.
14 : കര്‍ത്താവ് നിന്നെപ്പറ്റി കല്‍പ്പിച്ചിരിക്കുന്നു. നിന്റെ നാമം മേലില്‍ നിലനില്ക്കുകയില്ല. നിന്റെ ദേവന്മാരുടെ ആല യത്തില്‍നിന്നു കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവും ഞാന്‍ വെട്ടിമാറ്റും. ഞാന്‍ നിനക്കു ശവക്കുഴി ഉണ്ടാക്കും; എന്തെന്നാല്‍, നീ നികൃഷ്ടനാണ്.
15 : സദ്വാര്ത്ത കൊണ്ടുവരുന്നവന്റെ, സമാധാനം പ്രഘോഷിക്കുന്ന വന്റെ പാദങ്ങള്‍ അതാ, മലമുകളില്‍! യൂദാ, നീ നിന്റെ ഉത്സവങ്ങള്‍ ആചരിക്കുകയും നേര്‍ച്ചകള്‍ നിറവേറ്റുകയും ചെയ്യുക. എന്തെന്നാല്‍, ഇനി ഒരിക്കലും ദുഷ്ടന് നിനക്കെ തിരേ വരുകയില്ല; അവന് നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.
അദ്ധ്യായം 2
നിനെവേയുടെ പതനം
1 : വിനാശകന് നിനക്കെതിരേ വരുന്നു. കോട്ടകളില്‍ പ്രതിരോധമേര്‍പ്പെടുത്തുക; വഴികളില്‍ കാവല്‍ നിര്‍ത്തുക. നീ അരമുറുക്കുക; സര്‍വശക്തിയും സംഭരിക്കുക.
2 : കര്‍ത്താവ് യാക്കോബിന്റെ പ്രതാപം പുനഃസ്ഥാപിക്കുന്നു; ഇസ്രായേലിന്റെ പ്രതാപം പോലെതന്നെ. കവര്‍ച്ചക്കാര്‍ അത് അപഹരിച്ച് അവരുടെ ശാഖകളെ നശിപ്പിച്ചു.
3 : അവന്റെ യോദ്ധാക്കളുടെ പരിചയ്ക്കു ചെന്നിറമാണ്. അവന്റെ സൈനികര്‍ രക്താംബരം അണിഞ്ഞിരിക്കുന്നു. അണിനിരന്നു നീങ്ങുമ്പോള്‍ അവരുടെ രഥങ്ങള്‍ തീജ്വാലപോലെ മിന്നുന്നു. പടക്കുതിരകള്‍ കുതിച്ചു പായുന്നു.
4 : രഥങ്ങള്‍തെരുവീഥിയിലൂടെ ചീറിപ്പായുന്നു. തുറ സ്സായ സ്ഥലങ്ങളിലൂടെ അങ്ങുമിങ്ങും ഓടുന്നു. അവ പന്തങ്ങള്‍പോലെ പ്രകാശിക്കുകയും മിന്നല്‍പോലെ പായുകയും ചെയ്യുന്നു.
5 : സേവകരെ വിളിച്ചുകൂട്ടുന്നു; അവര്‍ ചാടിക്കടക്കുന്നു. അവര്‍ മതിലിനടുത്തേക്ക് ഓടിയടുക്കുന്നു. ലോഹമറ സജ്ജമാക്കിയിരിക്കുന്നു.
6 : നദികള്‍ തുറന്നുവിട്ടിരിക്കുന്നു. രാജമന്ദിരം തകര്‍ന്നുകിടക്കുന്നു.
7 : രാജ്ഞിയെ വിവസ്ത്രയാക്കി പിടിച്ചുകൊണ്ടുപോയിരിക്കുന്നു. അവളുടെ ദാസിമാര്‍ പ്രാവുകളെപ്പോലെ ദുഃഖിച്ചുകൊണ്ട് മാറത്തടിച്ച് നിലവിളിക്കുന്നു.
8 : ജലം വാര്‍ന്നൊഴുകുന്ന കുളംപോലെയാണ് നിനെവേ. നില്ക്കൂ, നില്ക്കൂ എന്ന് അവര്‍ വിളിച്ചുപറയുന്നു; ആരും തിരിഞ്ഞുനോക്കുന്നില്ല.
9 : വെള്ളിയും സ്വര്‍ണവും കൊളളയടിക്കുക! അതിലെ നിധികള്‍ക്ക് അന്തമില്ല; എല്ലാത്തരം അനര്‍ഘവസ്തുക്കളും അവിടെയുണ്ട്.
10 : ശൂന്യം! ശൂന്യത! വിനാശം! ഹൃദയം മരവിക്കുന്നു; കാല്‍മുട്ടുകള്‍ വിറയ്ക്കുന്നു. അരക്കെട്ടില്‍ അതിയായ വേദന, എല്ലാവരുടെയും മുഖം വിളറുന്നു.
11 : സിംഹം ഇരയെ കൊണ്ടുവരുന്ന ഗുഹയും സിംഹക്കുട്ടികള്‍ നിര്‍ബാധം വിഹരിക്കുന്ന മാളങ്ങളും എവിടെ?
12 : സിംഹം തന്റെ കുട്ടികള്‍ക്കുവേണ്ടി വേണ്ടുവോളം മാംസം ചീന്തിക്കീറിവച്ചിട്ടുണ്ട്. സിംഹികള്‍ക്കുവേണ്ടി ഇരയെ ഞെരിച്ചുകൊന്നിരിക്കുന്നു; ഇരയെക്കൊണ്ട് അവന്റെ ഗുഹയും ചീന്തിയ മാംസംകൊണ്ട് മാളവും നിറച്ചിരിക്കുന്നു.
13 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക് എതിരാണ്. ഞാന്‍ നിന്റെ രഥങ്ങളെ കത്തിച്ചുകളയും. നിന്റെ സിംഹക്കുട്ടികള്‍ വാളിനിരയാകും. ഞാന്‍ നിന്റെ ഇരയെ ഭൂമിയില്‍നിന്നു ഛേദിച്ചു കളയും. നിന്റെ ദൂതന്മാരുടെ സ്വരം മേലില്‍ കേള്‍ക്കുകയില്ല.
നിനെവേയുടെ അക്രമങ്ങള്‍
1 : രക്തപങ്കിലമായ നഗരത്തിന് ഹാ ക ഷ്ടം!. വ്യാജവും കൊള്ളയുംകൊണ്ട് അതു നിറഞ്ഞിരിക്കുന്നു. അവിടെനിന്ന് കവര്‍ച്ച ഒഴിയുകയില്ല.
2 : ചമ്മട്ടിയുടെ ശബ്ദം, ചക്രങ്ങളുടെ ഇരമ്പല്‍, കുതിരകളുടെ കുളമ്പടി, രഥങ്ങളുടെ മുഴക്കം,
3 : കുതിക്കുന്ന കുതിരപ്പടയാളികള്‍, ജ്വലിക്കുന്ന വാള്, തിളങ്ങുന്ന കുന്തം, നിഹതന്മാരുടെ വ്യൂഹങ്ങള്‍, ശവ ശരീരങ്ങളുടെ കൂമ്പാരം, എണ്ണമറ്റ മൃതദേഹങ്ങള്‍ – അവര്‍ അവയെ ചവിട്ടി കടന്നുപോകുന്നു.
4 : വേശ്യാവൃത്തികൊണ്ടു ജനതകളെയും വശീകരണശക്തികൊണ്ടു രാജ്യങ്ങളെയും വഞ്ചിച്ച മോഹിനിയും മാരകവശ്യതയുള്ളവളുമായ വേശ്യയുടെ എണ്ണമറ്റ വേശ്യാവൃത്തികള്‍ നിമിത്തമാണിതെല്ലാം സംഭവിച്ചത്.
5 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക് എതിരാണ്. ഞാന്‍ നിന്റെ വസ്ത്രം മുഖത്തോളം ഉയര്‍ത്തി ജനതകള്‍ക്കു നിന്റെ നഗ്നത കാണിച്ചുകൊടുക്കും. രാജ്യങ്ങള്‍ നിന്റെ ലജ്ജ ദര്‍ശിക്കാന്‍ ഇട വരുത്തും.
6 : ഞാന്‍ നിന്റെ മേല്‍ ചെളി വാരിയെറിയും. ഞാന്‍ നിന്നോടു വെറുപ്പോടെ പെരുമാറുകയും നിന്നെ നിന്ദാവിഷയമാക്കുകയും ചെയ്യും.
7 : നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ടകന്ന് ഇപ്രകാരം പറയും: നിനെവേ ശൂന്യമായിരിക്കുന്നു; അവളെച്ചൊല്ലി ആരു വിലപിക്കും? അവള്‍ക്കുവേണ്ടി ഞാന്‍ എവിടെനിന്ന് ആശ്വാസകരെ കണ്ടുപിടിക്കും?
8 : നൈലിനരികേ സ്ഥിതി ചെയ്തിരുന്ന തേബസിനെക്കാള്‍ ശ്രേഷ്ഠയാണോ നീ? അവള് വെള്ളത്താല്‍ ചുറ്റപ്പെട്ടിരുന്നു; കടല്‍ അവള്‍ക്കു കോട്ടയും വെള്ളം അവള്‍ക്കു മതിലും ആയിരുന്നു.
9 : എത്യോപ്യാ അവളുടെ ശക്തിയായിരുന്നു. ഈജിപ്തും അവള്‍ക്ക് അതിരറ്റ ശക്തി പകര്‍ന്നു. പുത്യരും ലിബിയാക്കാരും അവളുടെ സഹായകരായിരുന്നു.
10 : എന്നിട്ടും അവള് തടവിലാക്കപ്പെട്ട് അടിമത്തത്തിലാണ്ടു. വഴിക്കവലകളില്‍ വച്ച് അവളുടെ കുഞ്ഞുങ്ങള്‍ നിലത്തടിച്ചു കൊല്ലപ്പെട്ടു. അവളുടെ സമുന്നതന്മാര്ക്കുവേണ്ടി അവര്‍ നറുക്കിട്ടു. അവളുടെ പ്രമുഖന്മാരെയെല്ലാം അവര്‍ ചങ്ങലയില്‍ ബന്ധിച്ചു.
11 : അങ്ങനെ നീയും ലഹരിപിടിച്ച് ഉന്മത്തയും പരിഭ്രാന്തയുമാകും. ശത്രുക്കളില്‍നിന്ന് നീ അഭയം അന്വേഷിക്കും.
12 : നിന്റെ കോട്ടകള്‍ പാകമായ ആദ്യഫലങ്ങള്‍ പേറുന്ന അത്തിവൃക്ഷങ്ങള് പോലെയാകും. കുലുക്കിയാല്‍ അവ ഭോക്താവിന്റെ വായില്‍ത്തന്നെ പതിക്കും.
13 : നിന്റെ സൈന്യം സ്ത്രീകളെപ്പോലെയാണ്. നിന്റെ ദേശത്തിന്റെ കവാടങ്ങള്‍ ശത്രുക്കള്‍ക്കായി മലര്‍ക്കെ തുറന്നിരിക്കുന്നു. അഗ്നി നിന്റെ ഓടാമ്പലുകളെ വിഴുങ്ങിയിരിക്കുന്നു.
14 : ഉപരോധത്തിനുവേണ്ടി വെള്ളംകോരുക; കോട്ടകളെ ബലപ്പെടുത്തുക; ചെളിയിലിറങ്ങി കളിമണ്ണു ചവിട്ടിക്കുഴച്ച് ഇഷ്ടികയുണ്ടാക്കുക.
15 : അവിടെ അഗ്നി നിന്നെ വിഴുങ്ങും; വാള് നിന്നെ വിച്ഛേദിക്കും. വെട്ടുകിളിപോലെ അത് നിന്നെ സംഹരിക്കും. വെട്ടുകിളിയെപ്പോലെ പെരുകുക; വിട്ടിലിനെപ്പോലെ വര്‍ധിക്കുക.
16 : ആ കാശത്തിലെ നക്ഷത്രങ്ങളെക്കാളധികമായി നീ നിന്റെ വ്യാപാരികളെ വര്‍ധിപ്പിച്ചു. വെട്ടുകിളി ചിറകുവിരിച്ചു പറന്നകലുന്നു.
17 : നിന്റെ പ്രഭുക്കന്മാര് വിട്ടിലുകളെപ്പോലെയും, നിന്റെ സൈന്യാധിപന്മാര് ശീതകാലത്തു വേലിയില്‍ പറന്നുകൂടുന്ന വെട്ടുകിളിപ്പറ്റങ്ങള്‍ പോലെയുമാണ്. സൂര്യനുദിക്കുമ്പോള്‍ അവ പറന്നുപോകുന്നു. അവ എവിടെയാണെന്ന് ആരും അറിയുന്നില്ല.
18 : അസ്സീറിയാരാജാവേ, നിന്റെ ഇടയന്മാര് ഉറങ്ങുന്നു; നിന്റെ പ്രഭുക്കന്മാര് മയങ്ങുന്നു. ഒരുമിച്ചുകൂട്ടാന്‍ ആരുമില്ലാതെ, നിന്റെ ജനം മലകളില്‍ ചിതറിക്കപ്പെട്ടിരിക്കുന്നു.
19 : നിന്റെ ക്ഷതത്തിനു ശമനമില്ല. നിന്റെ മുറിവു മാരകമാണ്. നിന്നെക്കുറിച്ച് കേള്‍ക്കുന്നവരെല്ലാം കൈകൊട്ടിച്ചിരിക്കും. നിന്റെ ഒടുങ്ങാത്ത ദ്രോഹം ഏല്‍ക്കാത്തത് ആര്‍ക്കാണ്?


Leave a comment