ആമുഖം
ഇസ്രായേലിനെ ഞെരുക്കിയിരുന്ന ശക്തനായ ഒരു ഭരണാധികാരിയുടെ നാശമാണ് ഗ്രന്ഥത്തിലെ പ്രമേയം. ആ ഭരണാധിപന് ആര് എന്നു വ്യക്തമല്ല. അതുകൊണ്ടുതന്നെ കാലനിര്‍ണയവും എളുപ്പമല്ല. അസ്സീറിയാക്കാരെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാഹുമിന്റെ സമകാലികനായിരിക്കണം ഹബക്കുക്ക്. പ്രവാചകനെപ്പറ്റി മറ്റു വിവരണങ്ങളൊന്നും ലഭ്യമല്ല. പ്രവാചകന്റെ രണ്ടു ചോദ്യങ്ങളും കര്‍ത്താവ് അവയ്ക്കു നല്കുന്ന മറുപടിയും ഉള്‍ക്കൊള്ളുന്ന ഒരു വിലാപഗാനമാണ് ആദ്യഭാഗം (1, 1-2, 4). നാടാകെ അനീതിയും അക്രമവും നിറഞ്ഞിട്ടും കര്‍ത്താവ് രക്ഷ നല്‍കുന്നില്ല; ദുഷ്ടന് നീതിമാനെ വിഴുങ്ങുമ്പോഴും അവിടുന്ന് നിശ്ശബ്ദനായിരിക്കുന്നു- ഇതാണ് പ്രവാചകന്റെ പ്രശ്നം. കര്‍ത്താവ് പ്രവര്‍ത്തിക്കാന്‍ പോകുന്നു, ദുഷ്ടനു ശിക്ഷയും നീതിമാനു സമ്മാനവും ഉണ്ടാകും എന്നു മറുപടി ലഭിക്കുന്നു. മറ്റുള്ളവരെ വെട്ടിവിഴുങ്ങി ശക്തനായിത്തീര്‍ന്ന ദുഷ്ടശത്രുവിനെതിരേയുള്ള അഞ്ചു ശാപങ്ങളാണ് തുടര്‍ന്നു കാണുന്നത് (2, 5-20). തന്റെ ജനത്തെയും അഭിഷിക്തനെയും രക്ഷിക്കാന്‍ ആഗതനാകുന്ന കര്‍ത്താവിനെ ദര്‍ശിച്ച പ്രവാചകന് ഉതിര്‍ക്കുന്ന പ്രാര്ഥനാഗാനത്തോടെയാണ് ഗ്രന്ഥം അവസാനിക്കുന്നത് (3, 1-19).
അദ്ധ്യായം 1
പ്രവാചകന്റെ ആവലാതി
1 : ഹബക്കുക്ക് പ്രവാചകന് ദര്‍ശനത്തില്‍ ലഭിച്ച ദൈവത്തിന്റെ അരുളപ്പാട്.
2 : കര്‍ത്താവേ, എത്രനാള്‍ ഞാന്‍ സഹായത്തിനായി വിളിച്ചപേക്ഷിക്കുകയും അങ്ങ് അത് കേള്‍ക്കാതിരിക്കുകയും ചെയ്യും? എത്രനാള്‍, അക്രമം എന്നു പറഞ്ഞു ഞാന്‍ വിലപിക്കുകയും അങ്ങ് എന്നെ രക്ഷിക്കാതിരിക്കുകയും ചെയ്യും.
3 : തിന്മകളും ദുരിതങ്ങളും കാണാന്‍ എനിക്ക് അങ്ങ് എന്തുകൊണ്ട് ഇടവരുത്തുന്നു? നാശവും അക്രമവും ഇതാ, എന്റെ കണ്മുന്പില്! കലഹവും മത്സരവും തല ഉയര്‍ത്തുന്നു.
4 : നിയമം നിര്‍വീര്യമാക്കപ്പെടുന്നു. നീതി നിര്‍വഹിക്കപ്പെടുന്നില്ല. ദുഷ്ടന് നീതിമാനെ വളയുന്നു. നീതി വികലമാക്കപ്പെടുന്നു.
ദൈവത്തിന്റെ മറുപടി
5 : ജനതകളുടെ ഇടയിലേക്കു നോക്കി വിസ്മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു.
6 : ഇതാ, ഞാന്‍ തിക്തവും വേഗമേറിയതുമായ കല്‍ദായജനതയെ ഇളക്കിവിടുന്നു. തങ്ങളുടേതല്ലാത്ത വസതികള്‍ സ്വന്തമാക്കാന്‍ അവര്‍ ഭൂതലമാകെ മുന്നേറുന്നു.
7 : ഭയവും ഭീകരതയും വിതയ്ക്കുന്നവരാണ് അവര്‍. നീതിയുംന്യായവും അവര്‍ തീരുമാനിക്കുന്നതുതന്നെ.
8 : അവരുടെ കുതിരകള്‍ക്കു പുള്ളിപ്പുലികളെക്കാള് വേഗതയുണ്ട്. അവയ്ക്ക് ഇരതേടുന്ന ചെന്നായെക്കാള്‍ ഭീകരതയുണ്ട്. അവരുടെ കുതിരപ്പടയാളികള്‍ ഗര്‍വോടെ മുന്നേറുന്നു. അവരുടെ കുതിരപ്പടയാളികള്‍ വിദൂരത്തുനിന്നു വരുന്നു. ഇരയെ വിഴുങ്ങാന്‍ വെമ്പല്‍കൊള്ളുന്ന കഴുകനെപ്പോലെ അവര്‍ പറന്നടുക്കുന്നു.
9 : അവര്‍ അക്രമവുമായി വരുന്നു. അവര്‍ക്കു മുന്‍പേ അവരെക്കുറിച്ചുള്ള ഭീതിനീങ്ങുന്നു. അവരുടെ തടവുകാര്‍ മണല്‍ത്തരിപോലെ അസംഖ്യമാണ്.
10 : അവര്‍ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാരെ അവഹേളിക്കുന്നു. കോട്ടകളെ അവര്‍ നിസ്സാരമായി തള്ളുന്നു. മണ്‍തിട്ട ഉയര്‍ത്തി അവര്‍ അതു പിടച്ചെടുക്കുന്നു.
11 : കാറ്റുപോലെ അവര്‍ വീശിക്കടന്നുപോകുന്നു; സ്വന്തം ശക്തിയെ ദൈവമായി കരുതിയിരുന്നവര്‍ പരിഭ്രാന്തരാകുന്നു.
12 : എന്റെ ദൈവമേ, അങ്ങ് അനാദിമുതലേ കര്‍ത്താവും പരിശുദ്ധനും അമര്‍ത്യനുമാണല്ലോ. കര്‍ത്താവേ, അങ്ങ് അവരെന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയ ശിലയായവനെ, അങ്ങ് അവരെ ശിക്ഷയ്ക്കായി നീക്കിവച്ചിരിക്കുന്നു.
13 : അങ്ങയുടെ കണ്ണുകള്‍ തിന്മ ദര്‍ശിക്കാന്‍ അനുവദിക്കാത്തവിധം പരിശുദ്ധമാണല്ലോ. അകൃത്യംനോക്കിനില്‍ക്കാന്‍ അങ്ങേക്കു കഴിയുകയില്ല. അവിശ്വസ്തരായ മനുഷ്യരെ അങ്ങ് കടാക്ഷിക്കുന്നതും ദുഷ്ടന് തന്നെക്കാള്‍ നീതിമാനായ മനുഷ്യനെ വിഴുങ്ങുന്നതും കണ്ടിട്ട് അങ്ങ് മൗനംദീക്ഷിക്കുന്നതും എന്തുകൊണ്ട്?
14 : അങ്ങ് മനുഷ്യരെ കടലിലെ മത്സ്യങ്ങളെപ്പോലെ, നാഥനില്ലാത്ത ഇഴജന്തുക്കളെപ്പോലെ, ആക്കുന്നതെന്തുകൊണ്ട്?
15 : അവന് അവരെയെല്ലാം ചൂണ്ടയിട്ടു പിടിക്കുന്നു; വലയില്‍ക്കുടുക്കി വലിച്ചെടുക്കുന്നു. തന്റെ കോരുവലയില് അവയെ ശേഖരിക്കുന്നു. അപ്പോള്‍ അവന് സന്തോഷിച്ചുല്ലസിക്കുന്നു.
16 : തന്നിമിത്തം അവന് തന്റെ വലയ്ക്കു ബലികളും തന്റെ കോരുവലയ്ക്കു ധൂപവും അര്‍പ്പിക്കുന്നു. അവ മൂലമാണല്ലോ അവന് സമൃധിയില്‍ കഴിയുന്നതും സമ്പന്നമായി ആഹാരം കഴിക്കുന്നതും.
17 : ജനതകളെ നിരന്തരം നിര്‍ദയമായി വധിച്ചു കൊണ്ട് അവന് വല കുടഞ്ഞ് ശൂന്യമാക്കിക്കൊണ്ടിരിക്കുമോ?
അദ്ധ്യായം 2
മറുപടി
1 : ഞാന്‍ എന്റെ കാവല്‍ഗോപുരത്തില്‍ നിലയുറപ്പിക്കും. അവിടുന്ന് എന്നോട് എന്തു പറയുമെന്നും, എന്റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്തു മറുപടി നല്‍്കുമെന്നും അറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു.
2 : കര്‍ത്താവ് എനിക്ക് ഉത്തരമരുളി: ദര്‍ശനം രേഖപ്പെടുത്തുക. ഓടുന്നവനു പോലും വായിക്കത്തക്കവിധം ഫലകത്തില്‍ വ്യക്തമായി എഴുതുക.
3 : ദര്‍ശനം അതിന്റെ സമയം പാര്‍ത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല.
4 : ഹൃദയപരമാര്ത്ഥതയില്ലാത്തവന് പരാജയപ്പെടും. എന്തെന്നാല്‍, നീതിമാന് തന്റെ വിശ്വസ്തതമൂലം ജീവിക്കും.
5 : വീഞ്ഞു വഞ്ചന നിറഞ്ഞതാണ്. ഗര്‍വിഷ്ഠന്‍ നിലനില്ക്കുകയില്ല. അവന്റെ അത്യാഗ്രഹം പാതാളംപോലെ വിസ്താരമുളളതാണ്. മൃത്യുവിനെപ്പോലെ അവന് ഒരിക്കലും മതിവരുകയില്ല; ജനതകളെയെല്ലാം അവന് തനിക്കായി ശേഖരിക്കുന്നു. ജനപദങ്ങളെ തന്‍േറ തെന്നപോലെ അവന് പെറുക്കിക്കൂട്ടുന്നു.
6 : ഇവര്‍ നിന്ദയോടും പരിഹാസത്തോടുംകൂടെ അവനെതിരേ തിരിഞ്ഞ് പറയും: സ്വന്തമല്ലാത്തവ കുന്നുകൂട്ടുന്നവന് എത്രനാളത്തേക്കാണത്; പണയവസ്തുക്കള്‍ വാരിക്കൂട്ടുന്നവന്, ഹാ! ക്ഷടം.
7 : നിന്റെ കടക്കാര് പാഞ്ഞടുക്കുകയും നിന്നെ ഭയാധീനനാക്കുന്നവര്‍ ഉണരുകയും ചെയ്യുകയില്ലേ? അപ്പോള്‍ നീ അവര്‍ക്കു കൊള്ള വസ്തുവായിത്തീരും.
8 : നീ അനേക ജനതകളെ കൊള്ളയടിച്ചതിനാല്‍, നീ രക്തം ചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും നീ അക്രമം കാണിച്ച തിനാല്‍, ജനപദങ്ങളില്‍ അവശേഷിക്കുന്നവര്‍ നിന്നെ കൊള്ളയടിക്കുകയും ചെയ്യും.
9 : അനര്‍ഥങ്ങളെത്തിപ്പിടിക്കാതിരിക്കാന്‍ ഉന്നതത്തില് കൂടുകൂട്ടേണ്ടതിന്, തന്റെ കുടുംബത്തിനുവേണ്ടി അന്യായമായി ധനം നേ ടുന്നവനു ഹാ! കഷ്ടം.
10 : പല ജനതകളെയും നശിപ്പിച്ച് നീ നിന്റെ ഭവനത്തിന് അപമാനം വരുത്തിവച്ചു; നിന്റെ ജീവന് നഷ്ടപ്പെടുത്തി.
11 : ഭിത്തിയില്‍നിന്നു കല്ലു വിളിച്ചുപറയും; മേല്‍ക്കൂരയില്‍നിന്ന് തുലാം മറുപടി പറയും.
12 : രക്തംകൊണ്ടു നഗരം പണിയുകയും അകൃത്യംകൊണ്ടു പട്ടണം സ്ഥാപിക്കുകയും ചെയ്യുന്നവന് ഹാ! കഷ്ടം.
13 : അഗ്നിക്ക് ഇരയാകാന്‍വേണ്ടി മാത്രം ജനങ്ങള്‍ അധ്വാനിക്കുന്നതും വ്യര്‍ഥതയ്ക്കുവേണ്ടി ജനതകള്‍ ബദ്ധപ്പെടുന്നതും സൈന്യങ്ങളുടെ കര്‍ത്താവിന്റെ ഹിതമനുസരിച്ചാണല്ലോ.
14 : ജലം സമുദ്രത്തെ മൂടുന്നതുപോലെ കര്‍ത്താവിന്റെ മഹത്വത്തെക്കുറിച്ചുള്ള അറിവുകൊണ്ടു ഭൂമി നിറയും.
15 : അയല്‍ക്കാരുടെ നഗ്നത കാണാന്‍വേണ്ടി അവരെ ക്രോധത്തിന്റെ പാനപാത്രം കുടിപ്പിച്ച് ഉന്മത്തരാക്കുന്നവര്ക്കു ഹാ! കഷ്ടം.
16 : മഹത്വത്തിനു പകരം വെറുപ്പുകൊണ്ടു നിനക്കു ചെടിപ്പുണ്ടാകും. നീ കുടിക്കുക, മദോന്മത്തനാവുക. കര്‍ത്താവ് തന്റെ വലത്തുകൈയിലെ പാനപാത്രം നിന്റെ നേരേ നീട്ടും, ലജ്ജ നിന്റെ മഹത്വത്തെ മറയ്ക്കും.
17 : ലബനോനോടു നീ ചെയ്ത അക്രമം നിന്നെ അടിപ്പെടുത്തും. നീ രക്തം ചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും അക്രമം കാണിക്കുകയും ചെയ്തതിനാല്‍ വന്യമൃഗങ്ങള്‍ വരുത്തുന്ന നാശം നിന്നെ ഭയവിഹ്വലനാക്കും.
18 : വിഗ്രഹംകൊണ്ട് എന്തു പ്രയോജനം? ശില്പി തീര്‍ത്ത ലോഹബിംബവും വ്യാജോപദേഷ്ടാവും അല്ലേ അത്? മൂകവിഗ്രഹങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശില്പി സ്വന്തം കരവിരുതിലാണ് ആശ്രയിക്കുന്നത്.
19 : തടിക്കഷണത്തോട് ഉണരുക എന്നും മൂകമായ കല്ലിനോട് എഴുന്നേല്ക്കുക എന്നും പറയുന്നവനു ഹാ! കഷ്ടം. അതിനു വെളിപാടു നല്കുവാന് കഴിയുമോ? സ്വര്‍ണവും വെള്ളിയുംകൊണ്ടു പൊതിയപ്പെട്ടിരിക്കുന്നുവെങ്കിലും അതിനുള്ളില്‍ ജീവശ്വാസം ഇല്ല.
20 : എന്നാല്‍, കര്‍ത്താവ് തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്. ഭൂമി മുഴുവന്‍ അവിടുത്തെ മുന്പില് മൗനം ഭജിക്കട്ടെ.
അദ്ധ്യായം 3
പ്രവാചകന്റെ പ്രാര്‍ഥന
1 : ഹബക്കുക്ക് പ്രവാചകന് വിലാപരാഗത്തില്‍ രചിച്ച പ്രാര്‍ഥനാഗീതം.
2 : കര്‍ത്താവേ, അങ്ങയെപ്പറ്റിയും അങ്ങയുടെ പ്രവൃത്തിയെപ്പറ്റിയും കേട്ട് ഞാന്‍ ഭയന്നു. ഞങ്ങളുടെ നാളുകളില്‍ അങ്ങയുടെ പ്രവൃത്തി ആവര്‍ത്തിക്കണമേ! ഞങ്ങളുടെ നാളുകളില്‍ അതു വെളിപ്പെടുത്തണമേ! ക്രുദ്ധനാകുമ്പോള്‍ അങ്ങയുടെ കരുണയെ അനുസ്മരിക്കണമേ!
3 : ദൈവം തേമാനില്‍ നിന്ന്, പരിശുദ്ധന് പാരാന്‍പര്‍വതത്തില്‍നിന്ന്, വന്നു. അവിടുത്തെ മഹത്വം ആകാശങ്ങളെ മൂടി. അവിടുത്തെ സ്തുതികളാല്‍ ഭൂമി നിറഞ്ഞു.
4 : അവിടുത്തെ ശോഭ പ്രകാശംപോലെ പരക്കുന്നു. അവിടുത്തെ കരങ്ങളില്‍നിന്ന് രശ്മികള്‍ വീശുന്നു. അവിടെ തന്റെ ശക്തി മറച്ചുവച്ചിരിക്കുന്നു.
5 : പകര്‍ച്ചവ്യാധി അവിടുത്തെ മുന്‍പേ നീങ്ങുന്നു. മഹാമാരി അവിടുത്തെ തൊട്ടുപിന്നിലുണ്ട്.
6 : അവിടുന്ന് എഴുന്നേറ്റു ഭൂമിയെ അളന്നു. അവിടുന്ന് ജനതകളെ നോക്കി വിറപ്പിക്കുന്നു. അപ്പോള്‍ നിത്യപര്‍വതങ്ങള്‍ ചിതറിപ്പോയി. ശാശ്വതഗിരികള്‍ മുങ്ങിപ്പോയി. അവിടുത്തെ മാര്‍ഗങ്ങള്‍ പണ്ടത്തേതുപോലെ തന്നെ.
7 : കുഷാന്റെ കൂടാരങ്ങള്‍ ദുരിതത്തിലാഴുന്നതു ഞാന്‍ കണ്ടു. മിദിയാന്‍ ദേശത്തിന്റെ തിരശ്ശീലകള്‍ വിറയ്ക്കുന്നു.
8 : കര്‍ത്താവേ, നദികള്‍ക്കെതിരേയാണോ അവിടുത്തെ ക്രോധം? അങ്ങ് കുതിരപ്പുറത്തും വിജയരഥങ്ങളിലും സവാരിചെയ്തപ്പോള്‍ അങ്ങയുടെ കോപം നദികള്‍ക്കെതിരേയും അങ്ങയുടെ രോഷം സമുദ്രത്തിനുനേരേയും ആയിരുന്നുവോ?
9 : അങ്ങ് വില്ലു പുറത്തെടുത്ത് ഞാണില്‍ അമ്പു തൊടുത്തു. നദികളാല്‍ അങ്ങ് ഭൂമിയെ പിളര്‍ക്കുന്നു.
10 : പര്‍വതങ്ങള്‍ അങ്ങയെ കണ്ടു വിറച്ചു. മഹാപ്രവാഹങ്ങള്‍ എല്ലാം ഒഴുക്കിക്കളഞ്ഞു. ആഴി ഗര്‍ജിച്ചു. ഉയരത്തിലേക്ക് അതിന്റെ കൈകള്‍ ഉയര്‍ത്തി.
11 : അങ്ങയുടെ ചീറിപ്പായുന്ന അസ്ത്രങ്ങളുടെ പ്രകാശത്തിലും അങ്ങയുടെ തിളങ്ങുന്ന കുന്തത്തിന്റെ മിന്ന ലിലും സൂര്യനും ചന്ദ്രനും തങ്ങളുടെ സ്ഥാനത്തു നിശ്ചലമായി.
12 : അങ്ങ് ക്രോധത്തോടെ ഭൂമിയെ ചവിട്ടി. കോപത്തോടെ ജനതകളെ മെതിച്ചു.
13 : അങ്ങയുടെ ജനത്തിന്റെ, അങ്ങയുടെ അഭിഷിക്തന്റെ, രക്ഷയ്ക്കുവേണ്ടി അങ്ങു മുന്നേറി. അങ്ങ് ദുഷ്ടന്റെ ഭവനം തകര്‍ത്തു; അതിന്റെ അടിത്തറവരെ അനാവൃതമാക്കി.
14 : അഗതിയെ ഒളിവില്‍ വിഴുങ്ങാമെന്ന വ്യാമോഹത്തോടെ എന്നെ ചിതറിക്കാന്‍ ചുഴലിക്കാറ്റുപോലെ വന്ന അവന്റെ യോദ്ധാക്കളുടെ തല അങ്ങ് കുന്തംകൊണ്ട് പിളര്‍ന്നു.
15 : സമുദ്രത്തെ, അതിന്റെ ഇളകിമറിയുന്നതിരമാലകളെ, അശ്വാരൂഢനായി അങ്ങ് ചവിട്ടിമെതിച്ചു.
16 : ഞാന്‍ കേട്ടു; എന്റെ ശരീരം വിറയ്ക്കുന്നു. മുഴക്കം കേട്ട് എന്റെ അധരങ്ങള്‍ ഭയന്നു വിറയ്ക്കുന്നു. എന്റെ അസ്ഥികള്‍ ഉരുകി. എന്റെ കാലുകള്‍ പതറി. ഞങ്ങളെ ആക്രമിക്കാന്‍ വരുന്ന ജനതകളുടെ കഷ്ടകാലം ഞാന്‍ നിശ്ശബ്ദനായി കാത്തിരിക്കും.
17 : അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില് കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും.
18 : എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
19 : കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ.


Leave a comment