The Book of Zephaniah | സെഫാനിയ | Malayalam Bible | POC Translation

ആമുഖം

ജോസിയായുടെ മതനവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അല്‍പംമുന്‍പ്, ഷിത്യരുടെ ആക്രമണകാലത്തായിരിക്കണം സെഫാനിയാ പ്രവര്‍ത്തനമാരംഭിച്ചത് (ബി.സി. 630-625). അസ്‌സീറിയന്‍ സ്വാധീനത്തില്‍പെട്ട് ഏകദൈവവിശ്വാസത്തിനു നിരക്കാത്തതും മ്ലേച്ഛവുമായ പലതും, ആരാധനാമണ്‍ഡലത്തില്‍പ്പോലും, കടന്നുകൂടിക്കഴിഞ്ഞിരുന്നു. യൂദായുടെ ഘോരപാപങ്ങള്‍ക്കുള്ള ശിക്ഷയുടെ നാന്ദിയായി ഷിത്യരുടെ ആക്രമണത്തെ പ്രവാചകന്‍ കണ്ടു. ഞാന്‍ ഭൂമുഖത്തുനിന്ന് എല്ലാറ്റിനെയും തുടച്ചുമാറ്റും (1,2) എന്നു പ്രഖ്യാപിച്ചുകൊണ്ട് പ്രവാചകന്‍ യൂദായുടെയും ജറുസലെമിന്റെയും അവിശ്വസ്തതയ്ക്കും അകൃത്യങ്ങള്‍ക്കുമുള്ള ശിക്ഷയുടെ സമയം – കര്‍ത്താവിന്റെ ദിനം – അടുത്തിരിക്കുന്നു എന്ന് ആദ്യം മുന്നറിയിപ്പു നല്‍കുന്നു (1, 1-2, 3). കര്‍ത്താവിന്റെ ദിനത്തില്‍ ജറുസലെമിനോടൊപ്പം ചുറ്റുമുള്ള ജനതകളും ശിക്ഷയേല്‍ക്കും (2, 4-3,8). ജറുസലെമിലെ പ്രഭുക്കന്‍മാര്‍,ന്യായാധിപന്‍മാര്‍, പ്രവാചകന്‍മാര്‍, പുരോഹിതന്‍മാര്‍ എന്നിവരെ പ്രവാചകന്‍ നിശിതമായി വിമര്‍ശിക്കുന്നു. ശിക്ഷയുടെ മുന്നറിയിപ്പോടൊപ്പം രക്ഷയുടെ വാഗ്ദാനവും ഉണ്ട്. കര്‍ത്താവ് ശിക്ഷിക്കുന്നത് രക്ഷിക്കാനാണ് (3, 9-20). സെഫാനിയായുടെ ആശയങ്ങളും ശൈലിയും തൊട്ടുപിന്നാലെ വന്ന ജറെമിയായെ സ്വാധീച്ചിട്ടുണ്ടാകണം. 

കര്‍ത്താവിന്റെ ദിനം

1 : യൂദാരാജാവും അമ്മോന്റെ പുത്രനുമായ ജോസിയായുടെ കാലത്തു കുഷിയുടെ മകന്‍ സെഫാനിയായ്ക്കു കര്‍ത്താവില്‍ നിന്നുണ്ടായ അരുളപ്പാട്. കുഷി ഗദാലിയായുടെയും ഗദാലിയാ അമറിയായുടെയും അമറിയാ ഹെസക്കിയായുടെയും പുത്രനാണ്.   

2 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഭൂമുഖത്തുനിന്നു സര്‍വവും തുടച്ചുമാറ്റും.   

3 : മനുഷ്യരെയും മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും കടലിലെ മത്‌സ്യങ്ങളെയും ഞാന്‍ ഉന്‍മൂലനം ചെയ്യും. ദുഷ്ടരെ ഞാന്‍ തകര്‍ക്കും. ഭൂമുഖത്തുനിന്നു ഞാന്‍ മനുഷ്യവംശത്തെ വിച്‌ഛേദിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

4 : ഞാന്‍ യൂദായ്ക്കും ജറുസലെം നിവാസികള്‍ക്കും എതിരേ എന്റെ കരം നീട്ടും. ബാലിന്റെ ഭക്തന്‍മാരില്‍ അവശേഷിച്ചിരിക്കുന്നവരെയും വിഗ്രഹാരാധകരായ പുരോഹിതന്‍മാരുടെ നാമത്തെയും ഈ സ്ഥലത്തു നിന്നു ഞാന്‍ വിച്‌ഛേദിക്കും.   

5 : പുരമുകളില്‍ ആകാശസൈന്യത്തെ വണങ്ങുന്നവരെയും, കര്‍ത്താവിനെ ആരാധിക്കുകയും അവിടുത്തെനാമത്തില്‍ ശപഥം ചെയ്യുകയും അതേസമയം മില്‍ക്കോമിന്റെ നാമത്തില്‍ ശപഥം ചെയ്യുകയും ചെയ്യുന്നവരെയും ഞാന്‍ ഇല്ലാതാക്കും.   

6 : കര്‍ത്താവിനെ അനുഗമിക്കുന്നതില്‍ നിന്നു പിന്‍തിരിഞ്ഞവരെയും അവിടുത്തെ അന്വേഷിക്കാത്തവരെയും അവിടുത്തോട് ആരായാത്തവരെയും ഞാന്‍ സംഹരിക്കും.   

7 : ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവിന്റെ ദിനം ആസന്നമായിരിക്കുന്നു. കര്‍ത്താവ് ഒരു ബലി ഒരുക്കിയിരിക്കുന്നു. തന്റെ അതിഥികളെ അവിടുന്ന് ശുദ്ധീകരിച്ചിരിക്കുന്നു.   

8 : കര്‍ത്താവിന്റെ ബലിയുടെ ദിനത്തില്‍ രാജസേവകന്‍മാരെയും രാജകുമാരന്‍മാരെയും വിദേശീയ വസ്ത്രങ്ങള്‍കൊണ്ടു തങ്ങളെത്തന്നെ അലങ്കരിച്ചിരിക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും.   

9 : അന്ന് വാതില്‍പടി ചാടിക്കടക്കുന്നവരെയും തങ്ങളുടെയജമാനന്‍മാരുടെ വീടുകള്‍ അക്രമത്താലും വഞ്ചനയാലും നിറയ്ക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും.   

10 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് മത്‌സ്യകവാടത്തില്‍ നിന്ന് ഒരു വിലാപവും നഗരത്തിന്റെ പുതിയഭാഗത്തുനിന്ന് മുറവിളിയും ഉയരും. കുന്നുകളില്‍നിന്നു പൊട്ടിക്കരയുന്ന ശബ്ദം കേള്‍ക്കും.   

11 : മക്‌തേഷ്‌നിവാസികളേ, പ്രലപിക്കുവിന്‍. എല്ലാ വ്യാപാരികളും തിരോധാനം ചെയ്തു. വെള്ളി തൂക്കുന്നവര്‍ വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു.   

12 : അന്ന് ഞാന്‍ ജറുസലെമിനെ വിളക്കുമായി വന്നു പരിശോധിക്കും. കര്‍ത്താവ് നന്‍മയോ തിന്‍മയോ ചെയ്യുകയില്ല എന്ന് ആത്മഗതം ചെയ്ത് വീഞ്ഞിന്റെ മട്ടില്‍ കിടന്ന് ചീര്‍ക്കുന്നവരെ ഞാന്‍ ശിക്ഷിക്കും.   

13 : അവരുടെ വസ്തുവകകള്‍ കവര്‍ച്ചചെയ്യപ്പെടും. അവരുടെ ഭവനങ്ങള്‍ ശൂന്യമാകും. അവര്‍ വീടു പണിയുമെങ്കിലും അതില്‍ വസിക്കുകയില്ല. അവര്‍ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുമെങ്കിലും അതില്‍നിന്നു വീഞ്ഞു കുടിക്കുകയില്ല.   

14 : കര്‍ത്താവിന്റെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത് അടുത്തുവരുന്നു. കര്‍ത്താവിന്റെ ദിനത്തിന്റെ മുഴക്കം ഭയങ്ക രമാണ്; ശക്തന്‍മാര്‍ അപ്പോള്‍ ഉറക്കെ നില വിളിക്കും.   

15 : ക്രോധത്തിന്റെ ദിനമാണ് അത്. കഷ്ടതയുടെയും കഠിന ദുഃഖത്തിന്റെയും ദിനം! നാശത്തിന്റെയും ശൂന്യതയുടെയും ദിനം! അന്ധകാരത്തിന്റെയും നൈരാശ്യത്തിന്റെയും ദിനം! മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം!   

16 : ഉറപ്പുള്ള പട്ടണങ്ങള്‍ക്കും ഉയര്‍ന്ന കോട്ടകള്‍ക്കുമെതിരായി കാഹളനാദവും പോര്‍വിളിയും ഉയരുന്ന ദിനം!   

17 : ഞാന്‍ മനുഷ്യരുടെമേല്‍ കഷ്ടത വരുത്തും. അപ്പോള്‍ അവര്‍ അന്ധരെപ്പോലെ നടക്കും. എന്തെന്നാല്‍, അവര്‍ കര്‍ത്താവിനെതിരായി പാപം ചെയ്തിരിക്കുന്നു. അവരുടെ രക്തം പൊടിപോലെയും, അവരുടെ മാംസം ചാണകംപോലെയും ചിതറിക്കും.   

18 : കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനത്തില്‍ അവരുടെ വെള്ളിക്കോ സ്വര്‍ണത്തിനോ അവരെ രക്ഷിക്കാനാവില്ല. അസഹിഷ്ണുവായ അവിടുത്തെ ക്രോധത്തിന്റെ അഗ്‌നിയില്‍ ഭൂമി മുഴുവനും ദഹിച്ചുപോകും; ഭൂവാസികളെ മുഴുവന്‍ അവിടുന്ന് പൂര്‍ണമായും പെട്ടെന്നും ഉന്‍മൂലനം ചെയ്യും.   

അനുതപിക്കുക

1 : ലജ്ജയില്ലാത്ത ജനതയേ, പറന്നുപോകുന്ന പതിരുപോലെ നിങ്ങളെ ഓടിച്ചുകളയുന്നതിനു മുന്‍പ്,   

2 : കര്‍ത്താവിന്റെ ഉഗ്രകോപം നിങ്ങളുടെമേല്‍ പതിക്കുന്നതിനു മുന്‍പ്, കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനം നിങ്ങളുടെമേല്‍ വരുന്നതിനു മുന്‍പ്, ഒരുമിച്ചു കൂടുവിന്‍.   

3 : അവിടുത്തെ കല്‍പനകള്‍ അനുസരിക്കുന്ന ദേശത്തുള്ള വിനീതരേ, കര്‍ത്താവിനെ അന്വേഷിക്കുവിന്‍; നീതിയും വിനയവും അന്വേഷിക്കുവിന്‍. കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനത്തില്‍ ഒരു പക്‌ഷേ നിങ്ങളെ അവിടുന്ന് മറച്ചേക്കാം.   

ജനതകള്‍ക്കു നാശം

4 : ഗാസാ നിര്‍ജനമാകും; അഷ്‌കലോണ്‍ ശൂന്യമാകും. അഷ്‌ദോദിലെ ജനങ്ങള്‍ മധ്യാഹ്‌നത്തില്‍ തുരത്തപ്പെടും. എക്രോണ്‍ പിഴുതെറിയപ്പെടും.   

5 : കടല്‍ത്തീരവാസികളേ, ക്രേത്യജനമേ, നിങ്ങള്‍ക്കു ദുരിതം! കര്‍ത്താവിന്റെ വചനം നിങ്ങള്‍ക്കെതിരാണ്. ഫിലിസ്ത്യദേശമായ കാനാന്‍, ഒരുവന്‍ പോലും അവശേഷിക്കാത്തവിധം നിന്നെ ഞാന്‍ നശിപ്പിക്കും.   

6 : കടല്‍ത്തീരമേ, നീ ഇടയന്‍മാരുടെ കുടിലുകള്‍ക്കും ആട്ടിന്‍കൂട്ടങ്ങളുടെ ആല കള്‍ക്കും ഉള്ള ഇടമായിത്തീരും.   

7 : കടല്‍ത്തീരം യൂദാഗോത്രത്തില്‍ അവശേഷിക്കുന്നവരുടെ കൈവശമാകും. അവിടെ അവര്‍ ആടുമാടുകളെ മേയ്ക്കും. അഷ്‌കലോണിന്റെ ഭവനങ്ങളില്‍ അവര്‍ വൈകുന്നേരം ഉറങ്ങും. എന്തെന്നാല്‍, അവരുടെ ദൈവമായ കര്‍ത്താവ് അവരെ സ്മരിക്കുകയും അവരുടെ സുസ്ഥതി പുനഃസ്ഥാപിക്കുകയുംചെയ്യും.   

8 : മൊവാബിന്റെ അധിക്‌ഷേപങ്ങളും, എന്റെ ജനത്തെനിന്ദിക്കുകയും അവരുടെ ദേശത്തിനെതിരായി വീമ്പടിക്കുകയും ചെയ്ത അമ്മോന്യരുടെ പരിഹാസവും ഞാന്‍ കേട്ടിരിക്കുന്നു.   

9 : അതിനാല്‍ ഇസ്രായേ ലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, മൊവാബ് സോദോമിനെപ്പോലെയും അമ്മോന്യര്‍ ഗൊമോറായെപ്പോലെയും, മുള്‍പ്പടര്‍പ്പും ഉപ്പുകുഴികളും നിറഞ്ഞനിത്യശൂന്യതയുടെദേശമായിത്തീരും. എന്റെ ജനത്തില്‍ അവശേഷിക്കുന്നവര്‍ അവരെ കൊള്ളയടിക്കും. എന്റെ രാജ്യത്തില്‍ അവശേഷിക്കുന്നവര്‍ അവ കൈവശപ്പെടുത്തും.   

10 : ഇതായിരിക്കും അവരുടെ അഹങ്കാരത്തിനുള്ള പ്രതിഫലം. അവര്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ജനത്തിനെതിരായി വീമ്പടിക്കുകയും അവരെ നിന്ദിക്കുകയും ചെയ്തു.   

11 : കര്‍ത്താവ് അവര്‍ക്കു ഭീതിദനായിരിക്കും. അവിടുന്ന് ഭൂമിയിലെ സകല ദേവന്‍മാരെയും നശിപ്പിക്കും. എല്ലാ ജനതകളും താന്താങ്ങളുടെ ദേശത്ത് അവിടുത്തെ വണങ്ങും.   

12 : എത്യോപ്യാക്കാരേ, നിങ്ങളും എന്റെ വാളിനിരയാകും.   

13 : അവിടുന്ന് ഉത്തരദിക്കിനെതിരേ കൈ നീട്ടി അസ്‌സീറിയായെ നശിപ്പിക്കും. അവിടുന്ന് നിനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടതും ആക്കും.   

14 : അതിന്റെ മധ്യത്തില്‍ ആട്ടിന്‍ പറ്റങ്ങള്‍ മേയും; വന്യമൃഗങ്ങളും കഴുകനും മുള്ളന്‍പന്നിയും തകര്‍ന്നതൂണുകളുടെ ഇടയില്‍ പാര്‍ക്കും. കിളിവാതില്‍ക്കലിരുന്നു മൂങ്ങമൂളും; വാതില്‍പടിയിലിരുന്ന് മലങ്കാക്ക കരയും. അവളുടെ ദേവ ദാരുശില്‍പങ്ങള്‍ ശൂന്യമായിക്കിടക്കും.   

15 : ഞാന്‍ മാത്രമേയുള്ളു, മറ്റാരുമില്ല എന്നു പറഞ്ഞ് സുരക്ഷിതമായി നിലകൊണ്ട്, വിലസിയ നഗരം ഇതുതന്നെ. ഇത് എത്ര ശൂന്യമായി, വന്യമൃഗങ്ങളുടെ സങ്കേതമായി! അ തിനരികിലൂടെ കടന്നുപോകുന്നവര്‍ ചൂള മടിച്ചു പരിഹസിക്കുകയും കൈ വീശുകയും ചെയ്യും.   

അദ്ധ്യായം 3

ജറുസലെമിനു ശിക്ഷ

1 : ധിക്കാരിയും മലിനയും മര്‍ദകയുമായ നഗരത്തിനു ദുരിതം! അവള്‍ ആരു പറഞ്ഞാലും കേള്‍ക്കുകയില്ല.   

2 : അവള്‍ ശിക്ഷണത്തിനു വഴങ്ങുന്നില്ല. അവള്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നില്ല. തന്റെ ദൈവത്തിങ്കലേക്ക് അവള്‍ തിരിയുന്നില്ല.   

3 : അവളുടെ പ്രഭുക്കന്‍മാര്‍ അവളുടെ മധ്യേ ഗര്‍ജിക്കുന്ന സിംഹങ്ങളാണ്. അവളുടെന്യായാധിപന്‍മാര്‍ സന്ധ്യയ്ക്ക് ഇരപിടിക്കാനിറങ്ങുന്ന ചെന്നായ്ക്കളാണ്. അവ പ്രഭാതത്തിലേക്ക് ഒന്നും ശേഷിപ്പിക്കുന്നില്ല.   

4 : അവളുടെ പ്രവാചകന്‍മാര്‍ ദുര്‍മാര്‍ഗികളും അവിശ്വസ്തരുമാണ്. അവളുടെ പുരോഹിതന്‍മാര്‍ വിശുദ്ധമായതിനെ അശുദ്ധമാക്കുന്നു. അവര്‍ നിയമത്തെ കൈയേറ്റം ചെയ്യുന്നു.   

5 : അവളുടെ മധ്യേയുള്ള കര്‍ത്താവ് കുറ്റമറ്റ നീതിമാനാണ്. എല്ലാ പ്രഭാതത്തിലും മുടങ്ങാതെ അവിടുന്ന് തന്റെ ന്യായം വെളിപ്പെടുത്തുന്നു. എന്നാല്‍ നീതിരഹിതനു ലജ്ജയെന്തെന്ന് അറിഞ്ഞുകൂടാ.   

6 : ഞാന്‍ ജനതകളെ വിച്‌ഛേദിച്ചു കളഞ്ഞു. അവരുടെ കോട്ടകള്‍ ശൂന്യമായിരിക്കുന്നു. അവരുടെ വീഥികള്‍ ഞാന്‍ ശൂന്യമാക്കി; അതിലെ ആരും കടന്നുപോകുന്നില്ല. അവരുടെ പട്ടണങ്ങള്‍ വിജനമാക്കപ്പെട്ടിരിക്കുന്നു; ഒരുവനും, ഒരുവന്‍ പോലും, അവിടെ വസിക്കുന്നില്ല.   

7 : തീര്‍ച്ചയായും അവള്‍ എന്നെ ഭയപ്പെടും; അവള്‍ ശിക്ഷണം സ്വീകരിക്കും. ഞാന്‍ അവളുടെമേല്‍ വരുത്തിയ ശിക്ഷകള്‍ അവള്‍ കാണാതെപോവുകയില്ല എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ദുഷ്പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവര്‍ ഉത്‌സുകരായതേയുള്ളു.   

8 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അതുകൊണ്ട് സാക്ഷ്യം വഹിക്കാന്‍ ഞാന്‍ വരുന്നദിവസംവരെ എന്നെ കാത്തിരിക്കുക. എന്റെ രോഷവും കോപാഗ്‌നിയും വര്‍ഷിക്കാന്‍ ജനതകളെയും രാജ്യങ്ങളെയും ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. അസഹിഷ്ണുവായ എന്റെ ക്രോധാഗ്‌നിയില്‍ ഭൂമി മുഴുവന്‍ ദഹിക്കും.   

രക്ഷയുടെ വാഗ്ദാനം

9 : കര്‍ത്താവിന്റെ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏക മനസ്‌സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും.   

10 : എത്യോപ്യയിലെ നദികള്‍ക്കപ്പുറത്തുനിന്ന് എന്റെ അപേക്ഷകര്‍, എന്റെ ജനത്തില്‍ നിന്നു ചിതറിപ്പോയവരുടെ പുത്രിമാര്‍, എനിക്കു കാഴ്ചകള്‍ കൊണ്ടുവരും.   

11 : നീ എന്നെ ധിക്കരിച്ചു ചെയ്ത പ്രവൃത്തികള്‍ നിമിത്തം നിന്നെ ഞാന്‍ അന്നു ലജ്ജിതനാക്കുകയില്ല. എന്തെന്നാല്‍, നിന്റെ മധ്യേനിന്നു വന്‍പുപറയുന്ന അഹങ്കാരികളെ ഞാന്‍ നീക്കിക്കളയും. നീ എന്റെ വിശുദ്ധ ഗിരിയില്‍വച്ച് ഒരിക്കലും അഹങ്കരിക്കുകയില്ല.   

12 : ഞാന്‍ നിന്റെ മധ്യത്തില്‍ വിനയവും എളിമയും ഉള്ള ഒരു ജനത്തെ അവശേഷിപ്പിക്കും, അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അഭയം പ്രാപിക്കും.   

13 : ഇസ്രായേലില്‍ അവശേഷിക്കുന്നവര്‍ തിന്‍മ ചെയ്യുകയില്ല, വ്യാജം പറയുകയില്ല. അവരുടെ വായില്‍ വഞ്ചന നിറഞ്ഞനാവ് ഉണ്ടായിരിക്കുകയില്ല. അവര്‍ സുഖമായി മേയുകയും വിശ്രമിക്കുകയും ചെയ്യും. ആരും അവരെ ഭയപ്പെടുത്തുകയില്ല.   

14 : സീയോന്‍ പുത്രീ, ആനന്ദഗാനമാലപിക്കുക. ഇസ്രായേലേ, ആര്‍പ്പുവിളിക്കുക. ജറുസലെം പുത്രീ, പൂര്‍ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക.   

15 : നിനക്കെതിരേയുള്ള വിധി കര്‍ത്താവ് പിന്‍വലിച്ചിരിക്കുന്നു. നിന്റെ ശത്രുക്കളെ അവിടുന്ന് ചിതറിച്ചിരിക്കുന്നു.   

16 : ഇസ്രായേലിന്റെ രാജാവായ കര്‍ത്താവ് നിങ്ങളുടെ മധ്യേയുണ്ട്; നിങ്ങള്‍ ഇനിമേല്‍ അനര്‍ഥം ഭയപ്പെടേണ്ടതില്ല. അന്ന് ജറുസലെമിനോടു പറയും: സീയോനേ, ഭയപ്പെടേണ്ടാ, നിന്റെ കരങ്ങള്‍ ദുര്‍ബലമാകാതിരിക്കട്ടെ.   

17 : നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട്.   

18 : നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. തന്റെ സ്‌നേഹത്തില്‍ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും. ഉത്‌സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍നിന്നു വിപത്തുകളെ ദൂരീകരിക്കും; നിനക്കു നിന്ദനമേല്‍ക്കേണ്ടിവരുകയില്ല.   

19 : നിന്റെ മര്‍ദകരെയെല്ലാം അന്നു ഞാന്‍ ശിക്ഷിക്കും. മുടന്തരെ ഞാന്‍ രക്ഷിക്കും; പുറന്തള്ളപ്പെട്ടവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്ജയെ ഞാന്‍ സ്തുതിയും ഭൂമി മുഴുവന്‍ വ്യാപിച്ച കീര്‍ത്തിയും ആക്കും.   

20 : അന്ന്, നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന അന്ന്, ഞാന്‍ നിങ്ങളെ സ്വദേശത്തേക്കു കൊണ്ടുവരും. നിങ്ങള്‍ കാണ്‍കേ നിങ്ങളുടെ സുസ്ഥിതി ഞാന്‍ പുനഃസ്ഥാപിക്കുമ്പോള്‍ നിങ്ങളെ എല്ലാ ജനതകളുടെയും ഇടയില്‍ ഞാന്‍ പ്രഖ്യാതരും പ്രകീര്‍ത്തിതരും ആക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment