പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.
ഈശോയിൽ ഏറ്റവും സ്നേഹമുള്ള സഹോദരങ്ങളേ, നമ്മുടെ ദിവ്യകാരുണ്യ വിമോചന യാത്രയുടെ പത്തൊൻപതാമത്തെ ദിവസത്തിലേക്ക് നിങ്ങളെ ഏറ്റവും പ്രാർത്ഥനയോടെ ഞാൻ സ്വാഗതം ചെയ്യുന്നു.
അനുഗ്രഹീതമായ ഈ യാത്രയിൽ ഉത്സാഹത്തോടെ നിങ്ങൾ പങ്കെടുക്കുന്നതിന് ഞാൻ കർത്താവിന് മഹത്വം കൊടുക്കുന്നു.
നിങ്ങളെയെല്ലാവരെയും വളരെ സന്തോഷത്തോടെ ഈ പ്രഭാതത്തിൽ അഭിവാദനം ചെയ്യുകയും ചെയ്യുന്നു.
നമ്മൾ ഈ പത്തൊൻപതാമത്തെ ദിവസത്തെ ചിന്തക്കായി എടുക്കുന്നത് യേശയ്യാ പ്രവാചകന്റെ പുസ്തകം ആറാം അധ്യായത്തിലെ ഒന്നു മുതലുള്ള വാക്യങ്ങളാണ്.
യേശയ്യാ ദൈവാലയത്തിൽ വച്ച് കർത്താവിന്റെ ദർശനം കാണുന്നതാണ് ഈ ഭാഗത്തെ പ്രതിപാദന വിഷയം.
പലതവണ നമ്മൾ വായിച്ചിട്ടുള്ള ഭാഗമാണിത്.
നമ്മൾ ഇന്ന് ഈ കാര്യം ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ടാണ് വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്നത്.
യേശയ്യാ ദൈവാലയത്തിൽ പ്രാർത്ഥിക്കാൻ ചെന്നതാണ്.
യേശയ്യാ ദൈവാലയത്തിലേക്ക് പോകുന്നതിന് അല്ലെങ്കിൽ പ്രാർത്ഥനക്കായി ഈ ദിവസങ്ങൾ മാറ്റിവെക്കുന്നതിന് ഒരു കാരണമുണ്ട്.
അത് ഉസ്സിയാ രാജാവ് മരിച്ച് സിംഹാസനം അക്ഷരാർത്ഥത്തിൽ ഒഴിഞ്ഞുകിടന്ന ഒരു സമയത്താവണം യേശയ്യാ ദൈവാലയത്തിലേക്ക് പോയത്.
ഉസ്സിയാ രാജാവിന്റെ മരണവും യേശയ്യാ ദൈവാലയത്തിലേക്കുള്ള യാത്രയും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ, യെശയ്യാ ഉസ്സിയാ രാജാവിന്റെ ബന്ധുവായിരുന്നു.
ഉസ്സിയായുടെ പകർത്തിയെഴുത്തുകാരനും ആയിരുന്നു, സ്ക്രൈബ് (scribe) ആയിരുന്നു.
മറ്റ് ഒരു പ്രവാചകനും ഉണ്ടായിരുന്നതിനേക്കാൾ അധികം കൊട്ടാരത്തിൽ സ്വാധീനം ഉണ്ടായിരുന്ന പ്രവാചകനാണ് യേശയ്യാ. രാജാവിന്റെ ബന്ധുവാണ്, രാജാവിന്റെ പകർത്തിയെഴുത്തുകാരനാണ്, കൊട്ടാരത്തിൽ സർവ്വ സ്വാതന്ത്ര്യത്തോടെ കയറിയിറങ്ങാൻ അവകാശാധികാരങ്ങൾ സിദ്ധിച്ചിട്ടുള്ള ആളാണ്.
അപ്പോൾ യേശയ്യാക്ക് ഉസ്സിയായുടെ മരണം അവശേഷിപ്പിച്ചത് ഈ സംരക്ഷണ കവചമായി ഉണ്ടായിരുന്ന രാജാവ് ഇല്ലാതാകുന്ന ആ ശൂന്യതയാണ്.
അപ്പോൾ ഉസ്സിയാ രാജാവ് മരിച്ചു. മാത്രമല്ല ഉസ്സിയാ മരിച്ചത് കുഷ്ഠരോഗം പിടിപെട്ടിട്ടാണ്.
അത് ദൈവാലയത്തിൽ വച്ച് ചെയ്ത ഒരു തിന്മയുടെ അനന്തരഫലമായിട്ടാണ് കുഷ്ഠം പിടിപെടുന്നതും.
അപ്പോൾ യേശയ്യാക്ക് ആ കാര്യത്തിൽ തീർച്ചയായും വലിയ ദുഃഖം ഉണ്ടാകാൻ ഇടയുണ്ട്.
തന്റെ ബന്ധുവായിരുന്ന രാജാവായിരുന്ന, ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ദൈവത്തെ പ്രസാദിപ്പിച്ചു ജീവിക്കുകയും, എന്നാൽ ജീവിതത്തിന്റെ അവസാന ദിനങ്ങളിലേക്ക് എത്തുമ്പോൾ അഹങ്കാരപ്രമത്തനായി പുരോഹിതന്മാരോട് കോപിച്ച് ദൈവാലയത്തിൽ പോയി രാജാവിന് നിഷിദ്ധമായ ധൂപാർപ്പണം നടത്താൻ തുനിയുകയും ഉദ്യമിക്കുകയും ചെയ്ത് കുഷ്ഠരോഗം പിടിപെട്ട് കൊട്ടാരത്തിൽ നിന്ന് മാറി മറ്റൊരു വീട്ടിൽ താമസിച്ച് ഒടുവിൽ അങ്ങനെ വളരെ ദൈന്യവും ദാരുണവുമായ ഒരു അന്ത്യം അവകാശമാക്കിയ ഈ ഉസ്സിയായെ കുറിച്ച് യേശയ്യാക്ക് തീർച്ചയായും മാനസികമായ ദുഃഖങ്ങൾ ഉണ്ടാകാം.
മാത്രമല്ല ദൈവാലയത്തിൽ വച്ചാണ് അയാൾ കുഷ്ഠരോഗം പിടിപെട്ടതും.
ഇങ്ങനെ സമ്മിശ്രമായ ഓർമ്മകളും ചിന്തകളും ഒക്കെയായി ഈ മനുഷ്യൻ ദൈവാലയത്തിൽ വളരെ ദുഃഖിതനായി ഇരിക്കുമ്പോഴാണ്, പ്രാർത്ഥനക്കായി ചെലവഴിക്കുമ്പോഴാണ് യേശയ്യാക്ക് ഈ ദർശനം ഉണ്ടാകുന്നത്.
നമ്മൾ നമ്മുടെ ജീവിതത്തിൽ ഇന്നുവരെയും നമ്മൾ കാണാത്ത ദൈവത്തെ കാണുന്നത് നമുക്ക് ചില സങ്കടങ്ങൾ ഉണ്ടാകുമ്പോഴാണ്.
ദുഃഖകാലങ്ങളിലാണ് നമ്മൾ ദൈവത്തെ കൂടുതൽ ആഴത്തിൽ പരിചയപ്പെടുന്നത്.
ദൈവത്തിന് നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്ന സ്ഥാനം, അല്ലെങ്കിൽ ദൈവം നമ്മുടെ കൂടെയുള്ള സാന്നിധ്യം ഇതെല്ലാം നമ്മൾ പലപ്പോഴും നല്ല കാലങ്ങളിൽ തിരിച്ചറിയാൻ സാധ്യതയില്ല.
അങ്ങനെ ഈ സങ്കടകാലത്ത് യേശയ്യാക്ക് കർത്താവിനെ കാണാൻ കഴിയുകയാണ്.
യേശയ്യാ എങ്ങനെയാണ് ദൈവത്തെ കാണുന്നത്?
യേശയ്യാ ദൈവത്തെ കാണുന്നത് ഉന്നതമായ ഒരു സിംഹാസനത്തിൽ ഇരിക്കുന്നതായിട്ടാണ്.
എപ്പോഴും ദൈവത്തിന്റെ സിംഹാസനം ദൈവാലയത്തിൽ സ്ഥാപിതമായിരിക്കുന്നു എന്ന ചിന്തയാണ് യഹൂദർക്ക് ഉണ്ടായിരുന്നത്.
ആ ദൈവത്തിന്റെ സിംഹാസനമാണ് ദൈവാലയത്തിലെ യഥാർത്ഥത്തിൽ ബലിപീഠം.
അപ്പോൾ ദൈവാലയത്തിൽ കർത്താവിന്റെ സാന്നിധ്യം യേശയ്യാ പ്രകടമായി കാണുകയാണ്.
നമ്മൾ ബലിയർപ്പിക്കാനായിട്ട് പോകുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ കാണുന്നില്ലെന്നേ ഉള്ളൂ, യേശയ്യാ കണ്ടതുപോലെ മഹത്വം നിറഞ്ഞ ദൈവത്തിന്റെ സാന്നിധ്യം ദൈവാലയത്തിൽ നിറഞ്ഞു നിൽക്കുകയാണ്.
അങ്ങനെ യേശയ്യാ ഈ കാഴ്ച കണ്ട് അയാൾ വളരെ അസ്വസ്ഥനായി, വളരെ ഭയപ്പെട്ടു.
യേശയ്യാ ഭയപ്പെടുത്തിയ കാഴ്ച, ഇത്രയും കാലവും അദ്ദേഹത്തിന് മനസ്സിലാകാതിരുന്ന ഒരു കാര്യം അദ്ദേഹത്തിന് മനസ്സിലാവുകയാണ്—താൻ ആരാധിക്കുന്ന ദൈവം ആരാണെന്ന് അദ്ദേഹത്തിന് മനസ്സിലാവുകയാണ്.
അത് ഒരു കാഴ്ചയിലൂടെയാണ് അദ്ദേഹം മനസ്സിലാക്കുന്നത്.
ആ കാഴ്ച: സെറാഫുകൾ എന്ന് പേര് വിളിക്കപ്പെടുന്ന മാലാഖമാർ ദൈവത്തിന്റെ ചുറ്റും നിൽക്കാൻ പോലും പറ്റാതെ പറന്നു പറന്നു പറന്നു നടന്ന് അവരുടെ ആറ് ചിറകിലെ നാല് ചിറക് (രണ്ട് ചിറക് കൊണ്ട് കണ്ണും, രണ്ട് ചിറക് കൊണ്ട് പാദങ്ങളും മൂടി ദേഹമാസകലം തങ്ങളെത്തന്നെ മറച്ചുപിടിച്ച് ബാക്കി രണ്ട് ചിറകുകൾ കൊണ്ട് പറന്നു പറന്ന്) അങ്ങനെ അസ്വസ്ഥരായി ദൈവത്തിന്റെ സാന്നിധ്യത്തിനു മുൻപിൽ നിൽക്കാൻ പറ്റാതെ—അങ്ങനെ ഒരു കാഴ്ച അദ്ദേഹം കാണുകയാണ്.
ഈ കാഴ്ച അദ്ദേഹത്തെ ഭയപ്പെടുത്തി. കാരണം അദ്ദേഹത്തിന് ഇത്രയും കാലവും ഉണ്ടായിരുന്ന ധാരണ ദൈവത്തെക്കുറിച്ച് ഇങ്ങനെയായിരുന്നില്ല.
ദൈവത്തിന്റെ മഹത്വം അദ്ദേഹം നേരിട്ട് കാണുകയാണ്.
അത് കണ്ടുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന് അവിടെ നിൽക്കാൻ പറ്റുന്നില്ല. ഏറ്റവും പരിശുദ്ധരിൽ പരിശുദ്ധരായ മാലാഖമാർക്ക് പോലും നിൽക്കാൻ കഴിയാത്ത വിധം അത്ര വലിയ പരിശുദ്ധിയാണ് ദൈവം എന്ന് അദ്ദേഹം തിരിച്ചറിയുന്നു.
നമ്മൾ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണത്.
നമ്മൾ ആരാധിക്കുന്ന ദൈവം പരിശുദ്ധനാണ്.
നമ്മൾ ദൈവാലയത്തിൽ പോകുമ്പോഴും നമ്മൾ പ്രാർത്ഥനയ്ക്ക് ഇരിക്കുമ്പോഴും ബലിയർപ്പിക്കുമ്പോഴും എല്ലാം നമ്മുടെ ഉള്ളിന്റെയുള്ളിൽ നമുക്ക് ഈ ബോധ്യം ശക്തമായിട്ടുണ്ടാവണം—നമ്മൾ ആരാധിക്കുന്ന ദൈവം ആരാണ്, പരിശുദ്ധനാണ്.
എന്ന് പറഞ്ഞാൽ നമ്മൾ പരിശുദ്ധിയോടുകൂടി വേണം ദൈവത്തെ സമീപിക്കാൻ.
നമ്മൾ നമ്മിൽ നിന്ന് ദൈവം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നമ്മൾ പരിശുദ്ധരാവണം എന്നതാണ്.
കാരണം നമ്മൾ ആരാധിക്കുന്ന ദൈവം ആരാണ്, പരിശുദ്ധനാണ്.
അപ്പോൾ ഇത് മനസ്സിലായിക്കഴിഞ്ഞപ്പോൾ, ദൈവത്തിന്റെ പരിശുദ്ധി കണ്ടപ്പോൾ അദ്ദേഹത്തിന് തന്റെ അശുദ്ധി മനസ്സിലായി.
നമ്മൾ യഥാർത്ഥത്തിൽ ദൈവത്തെ കാണുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനുള്ള ഒരു പരിശോധന കൂടിയാണിത്.
ദൈവത്തെ കണ്ടവരെല്ലാം തങ്ങളുടെ പാപാവസ്ഥയെ ഓർത്ത് ചങ്കത്തടിച്ച് കരയുന്നവരാണ്.
ദൈവത്തെ കണ്ടവരെല്ലാം തങ്ങളുടെ ബലഹീനത എത്ര വലുതാണെന്ന് തിരിച്ചറിയുന്നവരാണ്. സഭയിലെ വലിയ ഒരു വിശുദ്ധനായിരുന്നു ഫ്രാൻസിസ് അസ്സീസി.
അദ്ദേഹം മരിക്കുന്നതിന്റെ തലേന്ന് പോലും ചങ്കത്തടിച്ച് കരഞ്ഞത്, “ദൈവമേ ഞാൻ എത്ര മഹാപാപിയാണ്” എന്ന് പറഞ്ഞിട്ടാണ്.
അന്ന് ജീവിച്ചിരുന്നവരിൽ ഏറ്റവും വലിയ വിശുദ്ധനാണ്. ഇന്നും രണ്ടാം ക്രിസ്തു എന്ന പേരിൽ അദ്ദേഹമാണ് അറിയപ്പെടുന്നത്.
അദ്ദേഹത്തോളം ക്രിസ്തുവിനെ അനുകരിച്ച മറ്റൊരാൾ ഇല്ലാത്തതുകൊണ്ട് മൂന്നാം ക്രിസ്തു എന്ന് വേറെ ഒരാളെ വിളിച്ചിട്ടുമില്ല.
അത്രയും ആഴത്തിലും ദൈവത്തെ അഗാധമായും പരിശുദ്ധമായും സ്നേഹിച്ച ഒരു മനുഷ്യൻ തന്റെ മരണത്തിന്റെ തലേ രാത്രിയിൽ ചങ്കത്തടിച്ച് കരയുന്നത് “ഞാൻ മഹാപാപിയാണ്” എന്ന് പറഞ്ഞിട്ടാണ്.
പാദ്രെ പിയോ എന്ന് പറയുന്ന വിശുദ്ധൻ പന്ത്രണ്ട് തവണയിൽ കൂടുതൽ കുമ്പസാരിച്ച ദിവസങ്ങൾ ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്.
കൊച്ചുത്രേസ്യ പുണ്യവതി മരിക്കുന്നതിന്റെ തലേന്ന് പോലും കരഞ്ഞത് “ഞാൻ എത്ര അഹങ്കാരിയാണ്” എന്ന് പറഞ്ഞിട്ടാണ്.
എന്ന് പറഞ്ഞാൽ സഭയിലെ മഹാവിശുദ്ധർ എന്ന് പേര് വിളിക്കപ്പെട്ട ആളുകൾ പോലും മരണത്തിന്റെ തലേന്ന് വരെ അവർ തങ്ങൾ പാപികളാണ് എന്ന സത്യം തിരിച്ചറിഞ്ഞവരാണ്.
ഞാൻ പറഞ്ഞു വരുന്നത്, നമ്മൾ ദൈവത്തെ സമീപിക്കുമ്പോൾ നമുക്ക് പാപബോധം ഉണ്ടാവും.
നമ്മൾ യഥാർത്ഥത്തിൽ ദൈവത്തെയാണോ ആരാധിക്കുന്നത് അതോ നമ്മൾ ഉണ്ടാക്കിയ ദൈവങ്ങളെയാണോ എന്ന് തിരിച്ചറിയാനുള്ള വഴി: നമുക്ക് യഥാർത്ഥ പാപബോധം ഉണ്ടാവുന്നുണ്ടെങ്കിൽ, ദൈവത്തിന്റെ അടുത്തേക്ക് വരുമ്പോൾ നമുക്ക് നമ്മൾ അയോഗ്യരാണ്, “ദൈവമേ നിന്റെ മുൻപിൽ നിൽക്കാൻ എനിക്ക് യോഗ്യതയില്ല, ഞാൻ പാപിയാണ്” എന്ന മനോഭാവം ഉണ്ടാകുന്നുണ്ടെങ്കിൽ നമ്മുടെ ആരാധന കറക്റ്റ് ആണ്.
എന്നാൽ അത് ഉണ്ടാകുന്നില്ലെങ്കിൽ, പിന്നെയും പിന്നെയും നമ്മൾ പാപത്തിൽ തന്നെ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ, പാപം തിരുത്താനായിട്ട് നമുക്ക് ആഗ്രഹമില്ലെങ്കിൽ, പാപത്തിന് നമുക്ക് പിന്നെയും പിന്നെയും ദാഹമാണ് കൂടുന്നതെങ്കിൽ തീർച്ചയായിട്ടും നമ്മുടെ ആരാധനയ്ക്ക് എന്തോ അപാകതയുണ്ടെന്നാണ് അതിന്റെ അർത്ഥം.
യഥാർത്ഥ ആരാധന നമ്മളെ വിശുദ്ധരാക്കി മാറ്റും.
അതുകൊണ്ട് ഓരോ കുർബാനയിലും പങ്കെടുക്കുമ്പോൾ ഈ ഒരു കാര്യം നമ്മൾ പ്രാർത്ഥിക്കണം: “കർത്താവേ, എനിക്ക് പാപിയാണെന്നുള്ള ആ ബോധ്യം നൽകണമേ, യഥാർത്ഥമായ അനുതാപം എനിക്ക് തരണമേ, നിന്നെ യഥാർത്ഥത്തിൽ കാണാൻ എന്നെ സഹായിക്കണമേ.”
വലിയ പാപബോധം കർത്താവ് യേശയ്യാക്ക് കൊടുത്തു. അപ്പോൾ അദ്ദേഹം ഉറക്കെ കരയുകയാണ്. അദ്ദേഹം പറയുകയാണ്: “എനിക്ക് ദുരിതം!”
നിങ്ങൾ ഇതിനു തൊട്ടുമുമ്പത്തെ അഞ്ചാമത്തെ അധ്യായം വായിച്ചിട്ടുണ്ടെങ്കിൽ യേശയ്യാ അവിടെ ഏതാണ്ട് അഞ്ചാറ് കാര്യങ്ങൾ മറ്റുള്ളവരിൽ ചൂണ്ടിക്കാണിച്ചിട്ട് അവർക്ക് ദുരിതം എന്ന് പറഞ്ഞ ആളാണ്.
“നിനക്ക് ദുരിതം, നിനക്ക് ദുരിതം, നിനക്ക് ദുരിതം” എന്നൊക്കെ പറഞ്ഞ് മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിച്ചിരുന്ന ആളാണ് അഞ്ചാം അധ്യായത്തിൽ യേശയ്യാ.
ആറാം അധ്യായത്തിൽ വരുമ്പോൾ ദൈവത്തെ കണ്ടുകഴിയുമ്പോൾ അദ്ദേഹം പറയുകയാണ്: “എനിക്ക് ദുരിതം!” അവിടെ അയാൾ മറ്റുള്ളവരുടെ കുറ്റങ്ങൾ ഒന്നും കാണുന്നില്ല, അയാൾ അയാളുടെ കുറ്റങ്ങൾ കാണുകയാണ്.
“ഞാൻ എത്ര വലിയ പാപിയാണെന്ന് തിരിച്ചറിയാണ്, എനിക്ക് ദുരിതം! ഞാൻ നശിച്ചു. എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങൾ ഉള്ളവനും അശുദ്ധമായ അധരങ്ങൾ ഉള്ളവർക്ക് മധ്യേ വസിക്കുന്നവനുമാണ്.”
രാജാവ് മരിച്ചത് കുഷ്ഠരോഗിയായി തീർന്നാണ്, അശുദ്ധനായി തീർന്നാണ്.
അത് യേശയ്യാ ഓർക്കുകയാണ്.
രാജാവ് മുതൽ ജനം മുഴുവൻ പാപികളാണെന്നും ഞാൻ അതിൽ ഏറ്റവും വലിയ പാപിയാണെന്നും അയാൾ തിരിച്ചറിയുകയാണ്.
നമുക്ക് ഇങ്ങനെ കുർബാനയിൽ ഒരു പാപബോധം ഉണ്ടായാൽ നമ്മൾ മറ്റുള്ളവരെ കുറ്റം വിധിക്കുന്ന ഒത്തിരി പ്രവണതകൾ നമ്മളിൽ നിന്ന് മാറിപ്പോയേനെ.
എന്നാൽ നമ്മൾക്ക് അത് ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല നമ്മൾ കുറെക്കൂടി ആത്മീയരായി മാറുന്നതിനനുസരിച്ച് കുറെക്കൂടി മറ്റുള്ളവരെ വിധിക്കുന്നവരായി മാറുകയും ചെയ്യുകയാണ്, ഫരിസേയരായി മാറുകയാണ്.
നമ്മൾ കുർബാനയ്ക്കൊക്കെ പോയി വരുന്നവർ എത്രമാത്രം മറ്റുള്ളവരെ കരുണയോടെ കാണേണ്ടവരായിരുന്നു!
പക്ഷേ അതിന് നമുക്ക് കഴിയുന്നുമില്ല, നമ്മൾ നമ്മളെത്തന്നെ നീതീകരിക്കുന്നു, നമ്മൾ നല്ലവരാണെന്ന് വിചാരിക്കുന്നു, മറ്റുള്ളവരുടെ ചെറിയ കുറ്റങ്ങൾ പോലും വലുതായി അവതരിപ്പിക്കുകയും ചെയ്യുന്നു.
അപ്പോൾ നമ്മുടെ ആരാധനയ്ക്ക് ശരിക്കും അപാകത ഉണ്ടെന്നാണ് അതിന്റെ അർത്ഥം.
നമ്മൾ ബൈബിൾ പറയുന്ന ഒരു ആരാധനയിലൂടെ ജീവിക്കുന്നവരല്ല എന്നാണ് അതിന്റെ അർത്ഥം.
നമ്മൾ നമ്മളുണ്ടാക്കിയ ഏതൊക്കെയോ കുട്ടിദൈവങ്ങളെ ആരാധിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾ യഥാർത്ഥ ദൈവത്തെയാണ് ആരാധിച്ചതെങ്കിൽ നമുക്ക് പാപബോധം വന്നേനെ, നമുക്ക് പശ്ചാത്താപം വന്നേനെ, നമുക്ക് ഇത് തെറ്റാണെന്ന് മനസ്സിലായേനെ.
എന്നാൽ നമുക്കത് മനസ്സിലാവുന്നില്ല എന്നുണ്ടെങ്കിൽ നമ്മുടെ ആരാധന നമ്മൾ കുറെക്കൂടി ആത്മശോധന ചെയ്യേണ്ടതുണ്ട്.
അങ്ങനെ അദ്ദേഹം സ്വന്തം പാപാവസ്ഥ പറഞ്ഞ് കരയുമ്പോൾ ഒരു വലിയ സംഭവം നടക്കുകയാണ്.
അതെന്താന്നു വച്ചാൽ, സെറാഫുകളിൽ ഒന്ന്—അദ്ദേഹം ദൈവത്തിന് അടുത്ത് നിൽക്കുന്നതായിട്ട് കണ്ട, പറന്നു നടക്കുന്ന ഈ സെറാഫുകളിൽ ഒന്ന്—ബലിപീഠത്തിൽ നിന്ന് (അദ്ദേഹം കാണുന്ന ദൈവാലയത്തിലെ ബലിപീഠത്തിൽ നിന്ന് അവിടെ തീ കത്തിക്കൊണ്ടിരിക്കുകയാണ്, ബലിയുടെ തീ കത്തിക്കൊണ്ടിരിക്കുമ്പോൾ) അതിൽ നിന്ന് ഒരു കൊടിൽ കൊണ്ട് ഒരു തീക്കനൽ എടുത്തു.
ആ കൊടിലിൽ എടുത്ത തീക്കനലുമായി യേശയ്യായുടെ അടുത്തേക്ക് വന്ന് യേശയ്യായുടെ അധരങ്ങളെ തൊട്ടു.
എന്താണ് അധരങ്ങളെ തൊട്ടത്?
യേശയ്യാ എന്തുപറഞ്ഞാണ് കരഞ്ഞത്? “ഞാൻ അശുദ്ധമായ അധരങ്ങൾ ഉള്ളവൻ.”
എന്ന് പറഞ്ഞാൽ അയാൾ എന്ത് പാപമാണോ ഏറ്റുപറഞ്ഞത്, ആ പാപത്തെ ദൈവം മാലാഖയെ അയച്ച് ഒരു തീക്കനൽ എടുത്ത് ആ പാപമേഖലയെ തൊടുകയാണ്.
നമ്മൾ പൗലോസ് അപ്പസ്തോലൻ പറഞ്ഞ ഒരു ആശയം ഈ സന്ദർഭത്തിൽ ഓർക്കണം. “നിങ്ങളുടെ അവയവങ്ങളെ സമർപ്പിക്കണം” എന്നൊരു ആശയം റോമാ ലേഖനം ആറാം അധ്യായത്തിലും പന്ത്രണ്ടാം അധ്യായത്തിലും പൗലോസ് അപ്പസ്തോലൻ പറയുന്നുണ്ട്.
എന്ന് പറഞ്ഞാൽ നമുക്കിപ്പോ ഒരു പാപമേഖല ഉണ്ടെങ്കിൽ അത് നമ്മൾ പ്രത്യേകം എടുത്ത് സമർപ്പിക്കണം.
ഇപ്പൊ നമുക്ക് നാവിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മൾ കർത്താവിന്റെ അടുത്ത് പരിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ മുടങ്ങാതെ എന്നും പ്രാർത്ഥിക്കണം: “കർത്താവേ എന്റെ നാവിനെ നിയന്ത്രിക്കാൻ എന്നെ സഹായിക്കണമേ.”
അങ്ങനെ നമ്മൾ സമർപ്പിക്കുമ്പോൾ ആ നാവിലേക്ക് കർത്താവിന്റെ അഗ്നി ഈ മാലാഖ കൊണ്ടുവന്നുവെച്ച് നമ്മളെ വിശുദ്ധീകരിക്കും.
ഇതൊക്കെ അക്ഷരാർത്ഥത്തിൽ നടക്കുന്ന കാര്യങ്ങളാണ്, ഇതെല്ലാം അതുപോലെ നിറവേറുന്ന കാര്യങ്ങളാണ്.
നമുക്ക് മുൻകോപം ഉണ്ട്, നമുക്ക് കോപം നിയന്ത്രിക്കാൻ പറ്റുന്നില്ല എങ്കിൽ നമ്മൾ കുർബാന അർപ്പിക്കുമ്പോൾ നമ്മൾ ആ വിശുദ്ധ കുർബാനയിൽ യേശയ്യായുടെ പോലെ അത് സമർപ്പിക്കണം.
അപ്പോൾ അഗ്നിക്കനലുമായി ദൂതൻ വന്ന് നമ്മുടെ കോപത്തിന്റെ മേഖലയിൽ സ്പർശിക്കും.
അപ്പോൾ ഇങ്ങനെ അത്രയും പ്രായോഗികമായി നമ്മുടെ ജീവിതത്തിൽ നമുക്ക് ചെയ്യാവുന്ന ഒരു കാര്യമാണത്.
അവൻ എന്റെ അധരങ്ങളെ സ്പർശിച്ചിട്ട് പറഞ്ഞു: “ഇതാ നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നു, നിന്റെ മാലിന്യം നീക്കപ്പെട്ടു, നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.” മലങ്കര കുർബാനയിൽ പരിശുദ്ധ കുർബാന നാവിലേക്ക് വച്ചുകൊടുക്കുമ്പോൾ പറയുന്നത് “ഈശോയുടെ തിരുശരീരരക്തങ്ങളാകുന്ന തീക്കട്ട” എന്നാണ്, “തീക്കനൽ” എന്നാണ്, തീക്കനൽ.
അത് യേശയ്യായുടെ ഈ ദർശനത്തിൽ നിന്നാണ് ആ ആശയം എടുത്തിരിക്കുന്നത്.
ദിവ്യകാരുണ്യം നമ്മളെ ശുദ്ധീകരിക്കുന്ന തീക്കനലാണ്.
അതുകൊണ്ട് കുർബാന സ്വീകരിക്കുമ്പോൾ നമ്മുടെ പാപങ്ങൾ ശുദ്ധീകരിക്കപ്പെടും.
അത് നമ്മൾ മനസ്സിലാക്കണം.
അത് നമ്മൾ മനസ്സിലാക്കിയിട്ട് കുർബാനയിൽ പങ്കെടുക്കുമ്പോൾ നമ്മളെ കർത്താവ് അതുപോലെ വിശുദ്ധീകരിച്ച് അനുഗ്രഹിച്ച് എടുക്കും.
അപ്പോൾ ഇത് കഴിയുമ്പോൾ, അങ്ങനെ ശുദ്ധീകരിക്കപ്പെട്ടു കഴിയുമ്പോൾ കർത്താവ് ചോദിക്കുന്ന ഒരു ചോദ്യം അദ്ദേഹം കേൾക്കുകയാണ്: “ആരെയാണ് ഞാൻ അയക്കുക?
ആരാണ് നമുക്ക് വേണ്ടി പോവുക?”
അപ്പോൾ യേശയ്യാ പറയുകയാണ്: “കർത്താവേ, എന്നെ അയച്ചാലും.”
നമ്മൾ ശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞാണ് നമ്മളിലൂടെ ഒരുപാട് നന്മകൾ സംഭവിക്കാൻ പോകുന്നത്.
നമ്മൾ എത്രത്തോളം നമ്മളെ ശുദ്ധീകരിക്കുന്നുണ്ടോ അത്രത്തോളം ദൈവത്തിന് നമ്മളെ എടുത്ത് ഉപയോഗിക്കാൻ പറ്റും.
പൗലോസ് അപ്പസ്തോലൻ പറയുന്നുണ്ട് തിമോത്തിയോട്: “ഒരുവൻ നികൃഷ്ടമായ അവസ്ഥയിൽ നിന്ന് തന്നെത്തന്നെ ശുദ്ധീകരിച്ചാൽ അവൻ യജമാനന് പ്രയോജനമുള്ള വിശേഷപ്പെട്ട ഒരു പാത്രമായി മാറും.”
നമ്മളെ ദൈവം എടുത്ത് ഒരുപാട് ഉപയോഗിക്കണമെങ്കിൽ നമ്മൾ നമ്മളെ അത്രയും ശുദ്ധീകരിക്കാൻ വിട്ടുകൊടുക്കണം.
നമ്മുടെ ഏറ്റവും ചെറിയ പാപങ്ങൾ പോലും കണ്ടെത്തണം.
ഞാൻ എന്റെ ഒരു അനുഭവം പറഞ്ഞാൽ, ദൈവം കൂടുതൽ കൂടുതൽ നമ്മളെ ഉപയോഗിക്കാൻ ആഗ്രഹിക്കുമ്പോൾ നമ്മൾ ഒരു കാലത്ത് തിന്മയാണെന്ന് വിചാരിക്കുക പോലും ചെയ്യാത്ത മേഖലകൾ ദൈവം കാണിച്ചുതന്ന് നമ്മളെ ബോധ്യപ്പെടുത്തി അതിനെക്കുറിച്ച് അനുതപിക്കാൻ ആവശ്യപ്പെട്ട് നമ്മളെക്കൊണ്ട് അനുതപിപ്പിച്ച് ശുദ്ധീകരിച്ചെടുക്കുന്ന ഒരു അനുഭവം എനിക്ക് കാണാൻ പറ്റിയിട്ടുണ്ട്.
അതായത് ഒരു കാലത്തൊക്കെ നിസ്സാരമായിട്ട് വലിയ കാര്യങ്ങൾ അല്ല എന്ന് വിചാരിച്ച് തള്ളിക്കളഞ്ഞ ചില മേഖലകളൊക്കെ കർത്താവ് സ്വപ്നത്തിലൂടെയും അതുപോലെതന്നെ ചില സന്ദേശങ്ങളിലൂടെയും ഒക്കെ വെളിപ്പെടുത്തി തന്ന് അതിനെക്കുറിച്ച് അനുതപിക്കാൻ ആവശ്യപ്പെട്ട് അങ്ങനെ ശുദ്ധീകരിച്ചെടുക്കുന്ന ഒരു അനുഭവം കാണാൻ ഇടയായിട്ടുണ്ട്.
എന്ന് പറഞ്ഞാൽ ദൈവസന്നിധിയിൽ ഒരു ചെറിയ പാപം പോലും അത്രയും ഗൗരവം ഉള്ളതാണ്.
അതുകൊണ്ട് നമ്മൾ ഇങ്ങനെ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഈ യേശയ്യായെ വിശുദ്ധീകരിച്ചതുപോലെ “ദൈവമേ എന്നെ വിശുദ്ധീകരിക്കണമേ” എന്ന് ആഗ്രഹിച്ച് പ്രാർത്ഥിക്കണം.
അങ്ങനെ യേശയ്യായ്ക്ക് ആ നിയോഗം കിട്ടുന്നത്.
മൂന്ന് കാര്യങ്ങളാണ് യേശയ്യാ കണ്ടത്:
ദൈവം പരിശുദ്ധനാണെന്ന് മനസ്സിലായി.
തന്റെ പാപാവസ്ഥ മനസ്സിലായി.
അദ്ദേഹത്തിന് താൻ ചെയ്യാനുള്ള നിയോഗം, തന്റെ ദൈവരാജ്യത്തിലെ ഉത്തരവാദിത്തം മനസ്സിലായി.
നമുക്ക് ഓരോ ബലിയും ഈ മൂന്ന് ബോധ്യങ്ങൾ തരുന്നുണ്ട്. അതുകൊണ്ട് അത് നമുക്ക് ഏറ്റവും ആഗ്രഹത്തോടെ ആ ഒരു ഉത്തരവാദിത്തം നമുക്ക് സ്വീകരിക്കാനായിട്ട് പരിശ്രമിക്കാം.
നമ്മൾ ഇന്നത്തെ ഒരു പുണ്യമായിട്ട് നമ്മൾ അഭ്യസിക്കേണ്ടത്, ഒരു വചനം നിങ്ങളുടെ ഓർമ്മയിലേക്ക് ഞാൻ കൊണ്ടുവരാം: “നിങ്ങൾ ഓരോരുത്തരും മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം.”
പൗലോസ് അപ്പസ്തോലൻ പറയുന്ന ഒരു വചനമാണ്: “മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം.”
മറ്റൊരു വചനം ഇതാണ്: “പരസ്പരം ബഹുമാനിക്കുന്നതിൽ നിങ്ങൾ മുന്നിട്ടു നിൽക്കണം.”
അപ്പോൾ ഇതാണ് ഒരു പുണ്യമായിട്ട് നമുക്കിന്ന് പ്രാർത്ഥിക്കേണ്ടത്. അതായത് ഏത് നിസ്സാരപ്പെട്ട മനുഷ്യനെയും ആദരവോടെ ബഹുമാനത്തോടെ കാണാനുള്ള ഒരു കൃപ തരണമേ എന്ന് പ്രാർത്ഥിക്കണം.
ഏത് സാധാരണക്കാരനെയും, ചിലപ്പോൾ നമ്മൾ നമ്മളെക്കാൾ ചെറുതാണെന്ന് വിചാരിക്കുന്ന ആളുകളെ, അവരെ എല്ലാം ഏത് സാധാരണക്കാരനെയും ബഹുമാനത്തോടെ കാണാൻ, ബഹുമാനത്തോടെ സംസാരിക്കാൻ, അങ്ങനെ ഒരു കൃപ നമ്മുടെ കാലഘട്ടത്തിൽ വളരെ ഇല്ലാത്ത ഒരു കാര്യമാണ്.
മര്യാദയോടെ സംസാരിക്കുക, ബഹുമാനത്തോടെ സംസാരിക്കുക, സ്നേഹത്തോടെ സംസാരിക്കുക—അങ്ങനെ ഒരു കൃപ നമുക്ക് കിട്ടുന്നതിന് വേണ്ടി ഇന്ന് പ്രാർത്ഥിക്കണം.
അപ്പോൾ ഒഴിവാക്കേണ്ട തിന്മ എന്താണ്?
പുച്ഛം, നിന്ദ. പുച്ഛം, മറ്റുള്ളവരോടുള്ള contempt.
അതായത് മറ്റുള്ളവരെ വളരെ പുച്ഛത്തോടെ സംസാരിക്കുക, ഭയങ്കര അറപ്പോടെ സംസാരിക്കുക, അവരെ വിലയില്ലാത്തവരായിട്ട് സംസാരിക്കുക—ഇത് നമ്മിൽ നിന്ന് മാറിപ്പോവാൻ നമുക്ക് പ്രാർത്ഥിക്കണം.
അപ്പോൾ പ്രാർത്ഥനയായിട്ട് നമ്മൾ പ്രാർത്ഥിക്കേണ്ടത്: “ഈശോയേ, ഈ എളിയവരിൽ ഒരുവനെപ്പോലും നിന്ദിക്കാതിരിക്കാൻ എന്നെ സഹായിക്കണമേ.
കർത്താവേ, ഈ എളിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ എന്നെ സഹായിക്കണമേ” എന്ന് പ്രാർത്ഥിക്കാം.
അപ്പോൾ ടാസ്ക് എന്താണ്?
ഇന്ന് നിങ്ങൾ ഒരു അഞ്ചു പേരോട് സംസാരിക്കുമ്പോൾ ഇതൊന്ന് മനസ്സിൽ വെക്കുക, ഒരു അഞ്ചു പേരോട്.
അപ്പോൾ ഇത് മനസ്സിലേക്ക് ഒന്ന് കൊണ്ടുവന്നാൽ മതി, അപ്പോൾ ആ സംസാരിക്കുന്നവരോട് ബഹുമാനത്തോടെ സംസാരിക്കാൻ നമുക്ക് സാധിക്കും.
ആരാധനയിൽ ഇതിനു വേണ്ട ആശീർവാദം കൃപ നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
പ്രിയമുള്ളവരെ, ഇന്നത്തെ ആരാധനയിലേക്ക് കടക്കുമ്പോൾ യേശയ്യാ കർത്താവിനെ കണ്ടതുപോലെ ഓരോ പരിശുദ്ധ കുർബാന അർപ്പണത്തിലും ദൈവത്തെ അനുഭവിക്കാൻ “കർത്താവേ ഞങ്ങൾക്ക് കൃപ തരണമേ” എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ദൈവാലയങ്ങളിലേക്ക് വരുമ്പോൾ ദൈവഭയം ഉണ്ടാകാനും, പരിശുദ്ധനായ ദൈവത്തെ ആരാധിക്കുകയാണ് എന്ന അവബോധത്തോടെ ആരാധിക്കാനും “കർത്താവേ കൃപ തരണമേ” എന്ന് നമുക്ക് പ്രാർത്ഥിക്കാം.
നല്ല ദൈവമേ, ഒരുപാട് സ്നേഹത്തോടെ അങ്ങയുടെ മുമ്പിൽ ഞങ്ങൾ ഇതാ ഒരുമിച്ച് വീണ്ടും നിൽക്കുന്നു.
ഞങ്ങളുടെ ഈ ദിവസം ഞങ്ങൾക്ക് അവിടുന്ന് തന്ന പ്രബോധനങ്ങൾ എല്ലാം ഹൃദയത്തിൽ ഏറ്റെടുക്കാനും, ഞങ്ങൾ അങ്ങയുടെ മുമ്പാകെ എത്തുമ്പോൾ എത്രമാത്രം ഒരുക്കത്തോടെ വരേണ്ടതാണ് എന്ന ബോധ്യം കിട്ടാനും, ഞങ്ങൾ ആരാധിക്കുന്ന ദൈവം പരിശുദ്ധനാണെന്ന് തിരിച്ചറിയാനും, ഞങ്ങളുടെ പാപാവസ്ഥയെ മനസ്സിലാക്കി നിരന്തരം അനുതപിച്ച് പാപബോധമുള്ളവരായി ജീവിക്കാനും, ഞങ്ങളെ ദൈവം ഏൽപ്പിക്കുന്ന ദൈവരാജ്യത്തിന്റെ നിയോഗങ്ങൾ തിരിച്ചറിയാനും ഞങ്ങളെ അവിടുന്ന് സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
കർത്താവേ, ഈ കൂട്ടായ്മയിൽ ഞങ്ങളോടൊപ്പം പ്രാർത്ഥിക്കുന്ന വിദൂരങ്ങളിൽ ഇരുന്ന് ഇതിൽ പങ്കെടുക്കുന്ന അങ്ങയുടെ മക്കളെ ഇപ്പോൾ അനുഗ്രഹിക്കണമേ.
ഇപ്പോൾ അവരുടെ ജീവിതത്തിന്റെ കണ്ണീരിൽ ഇടപെടണമേ, വേദനകൾ ഏറ്റെടുക്കണമേ, ആശ്വാസവും സമാധാനവും നല്ല കർത്താവ് അവർക്ക് കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു.
പരിശുദ്ധ കുർബാനയുടെ ആശീർവാദം സ്വീകരിക്കുമ്പോൾ, പ്രിയ മക്കളെ നമ്മളിത് ആഗ്രഹിച്ച് ഈ കൃപാവരങ്ങൾ എല്ലാം നിറയാൻ നമുക്ക് ദാഹത്തോടെ പ്രാർത്ഥിച്ച് ആശീർവാദം സ്വീകരിക്കാം.
സർവ്വശക്തനായ ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
പരിശുദ്ധനായ ദൈവത്തിന്റെ കൃപ കൂടുതൽ പരിശുദ്ധിയോടെ ജീവിക്കാൻ നിങ്ങളെ സന്നദ്ധരും സജ്ജരുമാക്കി മാറ്റട്ടെ.
പാപബോധമുള്ളവരായി മാറാൻ ഈ പരിശുദ്ധ കുർബാനയുടെ ആശീർവാദം നിങ്ങളെ സഹായിക്കട്ടെ.
അനുതാപത്തോടെ ജീവിതത്തിന്റെ പാപാവസ്ഥകളെ തിരിച്ചറിയാനുള്ള കൃപാവരം നിങ്ങളുടെ കുടുംബാംഗങ്ങളിൽ എല്ലാം നിറയട്ടെ.
എളിമയുള്ളവരും പാപബോധമുള്ളവരും അനുതാപമുള്ളവരുമായി തങ്ങളെത്തന്നെ എളിമപ്പെടുത്തി കർത്താവിന്റെ മുമ്പിൽ നിൽക്കാൻ കർത്താവ് നിങ്ങളെ സഹായിക്കട്ടെ.
രോഗപീഡകൾ യേശു സുഖപ്പെടുത്തട്ടെ.
നിങ്ങളുടെ തകർച്ചകളിൽ ദൈവം ഇറങ്ങിവരട്ടെ.
ഈ ദിവസം നിങ്ങൾക്ക് അനുഗ്രഹമായി മാറട്ടെ.
യേശുവിന്റെ ശരീരത്തിന്റെ വിലയേറിയ യോഗ്യതകളാൽ തന്നെ. ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply