പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.

​ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, പ്രിയപ്പെട്ടവരെ.

​നമ്മുടെ ഈ 40 ദിവസം നീളുന്ന പ്രാർത്ഥനാ യാത്രയിൽ, ദിവ്യകാരുണ്യ വിമോചനത്തിന്റെ ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ നിങ്ങളോരോരുത്തരും കാണിക്കുന്ന ശ്രദ്ധയ്ക്കും താല്പര്യത്തിനും ഞാൻ ദൈവത്തിന് നന്ദി പറയുന്നു.

​നമ്മൾ ഇന്ന് ഈ യാത്രയിലെ 18-ാമത്തെ ദിവസത്തിലേക്ക് കടന്നുവരികയാണ്.

18 ദിവസങ്ങൾ നമ്മുടെ പ്രാർത്ഥന മുന്നോട്ടു നീങ്ങി.

അതൊരു ചെറിയ കാര്യമല്ല. എല്ലാ ദിവസവും ഈ വചനം ധ്യാനിച്ചും, ബൈബിൾ വായിച്ചും, പ്രാർത്ഥിച്ചും, പുണ്യപ്രവർത്തികൾ അഭ്യസിച്ചും, കർത്താവിനോട് ഹൃദയം ചേർത്തു വെച്ചും നമ്മൾ നടന്നു എന്നുള്ളത് ഒരു ചെറിയ കാര്യമായിട്ട് നിങ്ങൾ കാണരുത്. കൂടുതൽ കൃപയിൽ മുന്നോട്ടു പോകാൻ നമുക്ക് ഇനിയുള്ള ദിവസങ്ങൾ കൂടി ദൈവം നമ്മളെ സഹായിക്കും.

​നമ്മൾ ഇന്നത്തെ ചിന്തയ്ക്ക് വേണ്ടി എടുക്കുന്നത് രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിന്റെ 19-ാമത്തെ അധ്യായത്തിൽ ഏലിയാ ജസബെലിൽ നിന്ന് പേടിച്ചോടുന്ന സമയത്ത് മാലാഖ കൊണ്ടുവന്ന് ഏലിയായ്ക്ക് അപ്പം കൊടുക്കുന്ന ഒരു ഭാഗമാണ് നമ്മൾ ഇന്നത്തെ ചിന്തയ്ക്ക് വേണ്ടി എടുക്കുന്നത്.

​അപ്പൊ ഇത്, ഇതിന്റെ ഒരു പശ്ചാത്തലം ഞാൻ നിങ്ങളോട് പറയുകയാണ്.

നമ്മൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ടിരുന്നു കർമ്മൽ മലയിൽ ഏലിയാ ബലിയർപ്പിച്ചു, അവിടെ ദൈവത്തിന്റെ തീ ഇറങ്ങി വന്നു.

ദൈവത്തിന്റെ അഗ്നി ഇറങ്ങി വന്നു കഴിഞ്ഞപ്പോൾ ദൈവം യഹോവ ദൈവമാണെന്ന് ജനം ഏറ്റുപറഞ്ഞ് ആരാധിച്ചു കഴിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ബാലിന്റെയും അഷേരയുടെയും പ്രവാചകന്മാരെ വകവരുത്തി.

​അപ്പൊ അങ്ങനെ കിഷോൻ അരുവിക്ക് സമീപം കൊണ്ടുപോയി ഏലിയായുടെ നേതൃത്വത്തിൽ ഈ ബാലിന്റെ മന്ത്രവാദികൾ, ഈ പൈശാചിക ആരാധകർ കൊല്ലപ്പെട്ടു കഴിയുമ്പോൾ അവർക്ക് സംരക്ഷണം കൊടുത്തിരുന്ന, അവരുടെ സ്പോൺസർ ആയിരുന്ന, അവരുടെ മെന്റർ ആയിരുന്ന, അവരെ പ്രൊട്ടക്ട് ചെയ്തിരുന്ന ആളാണ് ജസബെൽ രാജ്ഞി.

ഞാൻ നേരത്തെ പറഞ്ഞിരുന്നു ഇവർ ഒരു പൈശാചികതയുടെ ആൾരൂപമാണ്.

​അപ്പൊ ഈ ജസബെൽ രാജ്ഞി കോപത്തോടു കൂടി ഈ വിവരം അറിഞ്ഞപ്പോൾ ആഹാബിനോട്, ആഹാബ് ജസബെലിനോട് ഈ കാര്യങ്ങളെല്ലാം പറഞ്ഞു. ജസബെൽ ഈ സമയത്ത് ഏലിയായോട് പറയുന്ന ഒരു വാചകം ഇതാണ്: “നാളെ ഈ നേരത്തിനു മുമ്പ് ഞാൻ നിന്റെ ജീവൻ ആ പ്രവാചകന്മാരുടെ ജീവൻ പോലെയാക്കും.”

എന്ന് പറഞ്ഞാൽ ഞാൻ നിന്നെ കൊല്ലും. അങ്ങനെ ഞാൻ ചെയ്തില്ലെങ്കിൽ എന്റെ ദേവന്മാർ അതിലപ്പുറം എന്നോട് ചെയ്യട്ടെ എന്ന് പറഞ്ഞ് ജസബെൽ ഏലിയായെ കൊല്ലുമെന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ്.

​അപ്പൊ ഈ സമയത്താണ് ഏലിയാ പ്രാണരക്ഷാർത്ഥം ഓടുന്നത്.

നമ്മൾ ചിലപ്പോൾ ബൈബിൾ വായിച്ച് ഇങ്ങനെ പോകുമ്പോൾ നമുക്കൊരു അത്ഭുതം തോന്നാം, അല്ലെങ്കിൽ നമുക്കൊരു ആശ്ചര്യം തോന്നാം.

അതായത് ഒരു രാജാവിന്റെ മുഖത്ത് നോക്കി നേരെ നിന്ന്, ഞാൻ പറഞ്ഞല്ലാതെ മഴയോ മഞ്ഞോ പെയ്യില്ല എന്ന് പറഞ്ഞ അത്രയും കരുത്തനായ ഒരു പ്രവാചകൻ പേടിച്ചോടുമോ?

ഇങ്ങനെ പ്രാണരക്ഷാർത്ഥം ഓടുമോ?

ഇനി നമ്മൾ കുറച്ചു കഴിയുമ്പോൾ രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ രാജാവിന്റെ സേവകർ വന്നു വിളിക്കുമ്പോഴൊന്നും പേടിച്ച് ഓടിപ്പോകുന്ന ആളല്ല ഏലിയാ.

നമുക്ക് പരിചയമുള്ള ഏലിയാ ഇങ്ങനെ ഓടുന്ന ആളല്ല.

​പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്?

ഇവിടെയാണ് നമ്മൾ കാണേണ്ടത്. വലിയൊരു ഡീമോണിക് അറ്റാക്കിന്റെ മുമ്പിലാണ് ഏലിയാ നിൽക്കുന്നത്. ഒരു പൈശാചിക ആക്രമണത്തിന്റെ മുമ്പിലാണ് ഏലിയാ നിൽക്കുന്നത്.

കാരണം ബാലിന്റെയും അഷേരയുടെയും പ്രവാചകന്മാര്, മന്ത്രവാദികൾ കൊല്ലപ്പെട്ടു. അവിടെ ബാലിന്റെ ബലിപീഠങ്ങൾ തകർന്നു. പൈശാചിക ബലിപീഠങ്ങൾ തകർന്നു.

അവിടെയൊരു ഡയറക്ട് ഡിവൈൻ എൻകൗണ്ടർ ഉണ്ടായി. അവിടെ സാത്താന്റെ ആ സാമ്രാജ്യം തകർക്കുന്ന ഒരു ദൈവപുരുഷനായിട്ട് ഏലിയാ മാറി.

​അപ്പൊ തീർച്ചയായിട്ടും ദൈവവേല ചെയ്യുന്ന ആളുകൾക്ക് അറിയാം നമ്മൾ ഇങ്ങനെ ആത്മീയ ശുശ്രൂഷകൾ ശക്തമായിട്ട് ചെയ്യുമ്പോൾ തീർച്ചയായിട്ടും റിറ്റാലിയേഷൻ, അല്ലെങ്കിൽ തിരിച്ചുള്ള ആക്രമണം, പൈശാചിക ആക്രമണം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

ഞാൻ പൂർണ്ണമായിട്ടും വിശ്വസിക്കുന്നതും ഞാൻ മനസ്സിലാക്കുന്നതും ഏലിയാ ഇവിടെ, he is under a spiritual attack.

ഏലിയാ ഒരു പൈശാചിക ആക്രമണത്തിന്റെ, ആത്മാവ് പിശാചിനാൽ ആക്രമിക്കപ്പെടുന്ന ഒരു ഡീമോണിക് അറ്റാക്കിന്റെ മുമ്പിൽ നിൽക്കുകയാണ്.

അവിടെയാണ് ഈ ഡിപ്രഷനും സൂയിസൈഡൽ ടെൻഡൻസീസും ഒക്കെ ഏലിയായ്ക്ക് വരുന്നത്.

അല്ലെങ്കിൽ നമ്മൾ വായിച്ച് മനസ്സിലാക്കിയിട്ടുള്ള ഏലിയാ ഒരിക്കലും “ഞാൻ മടുത്തു, എനിക്ക് മരിച്ചാൽ മതി” എന്നൊന്നും പറയില്ല.

​അപ്പൊ അതിന്റെ അർത്ഥം ഇവിടെ ഏലിയാ, He is encountering a spiritual demonic attack.

കാരണം അത് പൂർണ്ണമായിട്ട് അങ്ങനെ വിശ്വസിക്കുന്നതിന് ന്യായമുണ്ട്.

കാരണം ഏലിയാ അതുപോലെ ഡീമൺസുമായിട്ട് അറ്റാക്ക് ചെയ്തിട്ടാണ്, കാർമ്മൽ മലയിൽ ആ ഒരു അറ്റാക്ക് കഴിഞ്ഞിട്ടാണ് അയാൾ അവിടെ നിൽക്കുന്നത്.

​അപ്പൊ ഈ സമയത്ത് ജസബെൽ ജീവനെടുക്കാൻ ഒരുമ്പെടുന്നു എന്നറിയുമ്പോൾ പൈശാചികത തനിക്കെതിരെ എല്ലാ ഭാവങ്ങളോടെ ഉറഞ്ഞുതുള്ളി വരുന്നു എന്നറിയുമ്പോൾ ഈ മനുഷ്യൻ പേടിച്ച് ഓടുകയാണ്.

അങ്ങനെ ഓടുന്ന സമയത്ത്, മാത്രമല്ല അപ്പൊ നിങ്ങൾ വിചാരിക്കും ഏലിയായ്ക്ക് ദൈവശക്തി എവിടെ?

ഏലിയായിൽ ദൈവശക്തി ഉണ്ടായിരുന്നല്ലോ?

നമ്മൾ ആത്മീയ ശുശ്രൂഷ ചെയ്യുന്നവർക്ക് ഞാൻ ഈ പറയുന്നത് മനസ്സിലാകും.

നമ്മൾ കർത്താവിന്റെ ഒരു വേല ചെയ്തു കഴിയുമ്പോൾ, ദൈവാത്മാവിന്റെ ഒരു ശുശ്രൂഷ ചെയ്തു കഴിയുമ്പോൾ, ആ ശുശ്രൂഷ കഴിയുമ്പോൾ നമ്മൾ കംപ്ലീറ്റ് ആയിട്ട് എക്സോസ്റ്റഡ് ആവും.

നമ്മുടെ ആത്മീയ കൃപകളെല്ലാം ചോർന്നു പോകും.

​ഞാൻ ഒരു ഉദാഹരണം പുതിയനിയമത്തിൽ നിന്ന് കാണിക്കാം.

കർത്താവ് ഈശോമിശിഹാ തന്നെ പറഞ്ഞില്ലേ, രക്തസ്രാവക്കാരി സ്ത്രീയിലേക്ക് ഈശോയുടെ ശക്തി പോയി കഴിഞ്ഞപ്പോൾ “ആരാണ് എന്നെ തൊട്ടത്? എന്റെ ശക്തി പുറപ്പെട്ടു പോയി.”

എന്ന് പറഞ്ഞാൽ ആ എനർജി പോയി.

ശരീരത്തിൽ നിന്ന് ശക്തി പോകുന്നത് അറിയാം. നമ്മളൊരു ദൈവശുശ്രൂഷ ചെയ്യുമ്പോൾ നമുക്ക്, നമ്മുടെ, നമുക്കുള്ള അഭിഷേകം, നമുക്കുള്ള കൃപ എല്ലാം മറ്റുള്ളവർക്ക് നമ്മൾ ഒഴുക്കി കൊടുക്കുകയാണ്.

ഇവിടെ കാർമ്മൽ മലയിൽ ഒരു വലിയ ദൈവപ്രവർത്തി നടന്നു കഴിയുമ്പോൾ ഏലിയാ എന്ന ദൈവമനുഷ്യൻ സ്പിരിച്വലി ഡ്രെയിൻഡ് ആയി.

ഒരു സീറോ പോയിന്റിലേക്ക് എത്തി. ആ കൃപയെല്ലാം താഴ്ന്നു.

​അങ്ങനെ നിൽക്കുന്ന ഒരു സമയത്ത് ഇനി അദ്ദേഹം പ്രാർത്ഥിച്ച് ശക്തി പ്രാപിക്കുന്നതിനുള്ള ഗ്യാപ്പാണ്.

പക്ഷേ ആ സമയത്താണ് ഈ ഡീമോണിക് അറ്റാക്ക് വരുന്നത്. അതുകൊണ്ട് അദ്ദേഹം ഓടുകയാണ്.

പ്രിയപ്പെട്ടവരെ, മനോഹരമായ ഒരു ഭാഗമാണിത്. ദൈവം എങ്ങനെയാണ് തന്റെ പ്രിയപ്പെട്ടവരെ കരുത്തരാക്കി മാറ്റുന്നത് എന്ന് നമ്മൾ കാണാൻ പോവുകയാണ്.

അങ്ങനെ ഡിപ്രഷനും സൂയിസൈഡൽ ടെൻഡൻസീസും, എന്റെ ഈ ഇന്ന് ഈ വചനം കേൾക്കുന്ന ആരെങ്കിലും ഏതെങ്കിലും കുടുംബത്തിൽ ഡിപ്രഷനോ അല്ലെങ്കിൽ ആത്മഹത്യാ ചിന്തകളോ ഭയമൊക്കെ അലട്ടുന്നുണ്ടെങ്കിൽ പ്രിയപ്പെട്ടവരെ, നിങ്ങൾ ഈ വചനം നന്നായി ശ്രദ്ധിക്കണം.

​അങ്ങനെ അദ്ദേഹം ഓടുകയാണ്.

ഞാൻ അദ്ദേഹം ഓടിയ ജിയോഗ്രഫി, അദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഒന്ന് വരച്ച് അദ്ദേഹം ഓടിയ ദൂരം ഒന്ന് കണക്കുകൂട്ടാൻ ശ്രമിച്ചു. എനിക്ക് വരച്ചു കാണിക്കണം എന്നുണ്ട്, പക്ഷേ അതിന് ഇപ്പൊ സാധ്യയില്ലാത്തതുകൊണ്ട് ഞാൻ പറയാം അദ്ദേഹം ഓടിയ റൂട്ട്.

​ആദ്യം അദ്ദേഹം ഓടുന്നത് മൗണ്ട് കാർമ്മലിൽ നിന്ന്, കർമ്മൽ മലയിൽ നിന്ന് അദ്ദേഹം ഓടുന്നത് ജസ്രയേൽ താഴ്‌വരയിലേക്കാണ്.

അത് ഏകദേശം 30 കിലോമീറ്ററിനും 40 കിലോമീറ്ററിനും ഇടയിൽ ദൂരമുണ്ട്.

അപ്പൊ 30 to 40 കിലോമീറ്റേഴ്സ് ആണ് അദ്ദേഹം ആദ്യം ഓടുന്നത്.

മൗണ്ട് കാർമ്മലിൽ നിന്ന് അദ്ദേഹം നേരെ ജസ്രയേൽ താഴ്‌വരയിലേക്ക് ഓടുന്നു.

ഈ ജസബെൽ കൊല്ലും എന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ പിന്നെ അദ്ദേഹം ജസ്രയേലിൽ നിന്ന് ബർഷേബായിലേക്ക്, അത് ഏതാണ്ട് 160 കിലോമീറ്റർ ഉണ്ട്. അത്രയും ദൂരം അദ്ദേഹം പോയി. നിങ്ങൾ ഓർക്കണം, വണ്ടിയില്ല. ഒരു മനുഷ്യൻ കാൽനടയായിട്ടാണ് ഈ പോകുന്നത്.

​ഇനി അതുകഴിഞ്ഞിട്ട് ബർഷേബായിൽ നിന്ന് അദ്ദേഹം പിന്നെ നമ്മൾ കാണുന്നു, ഒരു ദിവസത്തെ വഴി നടന്ന് മരുഭൂമിയിൽ എത്തി. അത് ഏതാണ്ട് 30 കിലോമീറ്റർ ആണ്. ഒരു ശരാശരി മനുഷ്യന്റെ ഒരു ദിവസത്തെ നടപ്പ് ദൂരം 30 കിലോമീറ്റർ ആണ്.

അതായത് ഒരു ദിവസം രാവിലെ മുതൽ, രാവിലെ ഒരു ഏഴുമണി മുതൽ വൈകുന്നേരം ഒരു അഞ്ചുമണി, ആറുമണി വരെ ഒരു മനുഷ്യൻ നടന്നാൽ ശരാശരി ഒരു മനുഷ്യന്റെ നടപ്പുദൂരം ഒരു 30 കിലോമീറ്റർ ആണ്.

അപ്പൊ അത് കൃത്യം ആ 30 കിലോമീറ്റർ ആണ് ബർഷേബായിൽ നിന്ന് അദ്ദേഹം മരുഭൂമി വരെ അദ്ദേഹം ഓടിപ്പോയി.

​പിന്നെ ദൈവദൂതൻ അദ്ദേഹത്തിന് അപ്പം കൊടുക്കുന്ന ഒരു ഭാഗമുണ്ട്. ഞാൻ അത് വായിക്കാം:

​”അദ്ദേഹം യൂദയായിലെ ബർഷേബായിൽ എത്തി. അവിടെ വച്ച് ഭൃത്യനെ വിട്ടുപിരിഞ്ഞു. അവിടെനിന്ന് അവൻ തനിയെ മരുഭൂമിയിലൂടെ ഒരു ദിവസത്തെ വഴി നടന്ന് ഒരു വാടാമുൾച്ചെടിയുടെ തണലിൽ ഇരുന്നു.

അവൻ മരണത്തിനായി പ്രാർത്ഥിച്ചു: കർത്താവേ മതി, എന്റെ പ്രാണനെ സ്വീകരിക്കുക. ഞാൻ എന്റെ പിതാക്കന്മാരെക്കാൾ മെച്ചമല്ല. അവൻ ആ ചെടിയുടെ തണലിൽ കിടന്നുറങ്ങി. അടുത്തത് കർത്താവിന്റെ ദൂതൻ അവനെ തട്ടിയുണർത്തി, എഴുന്നേറ്റ് ഭക്ഷിക്കുക എന്ന് പറഞ്ഞു. എഴുന്നേറ്റു നോക്കിയപ്പോൾ ചുടുകല്ലിൽ ചുട്ടെടുത്ത അപ്പവും ഒരു പാത്രം വെള്ളവും ഇതാ തലയ്ക്കൽ.

അത് കഴിച്ച് അവൻ വീണ്ടും കിടന്നു. കർത്താവിന്റെ ദൂതൻ വീണ്ടും അവനെ തട്ടിയുണർത്തി, എഴുന്നേറ്റ് ഭക്ഷിക്കുക, അല്ലെങ്കിൽ യാത്ര ദുഷ്കരമായിരിക്കും. അവൻ എഴുന്നേറ്റ് ഭക്ഷണപാനീയങ്ങൾ കഴിച്ചു.

അതിന്റെ ശക്തി കൊണ്ട് 40 രാവും 40 പകലും നടന്ന് കർത്താവിന്റെ മലയായ ഹോറെബിൽ എത്തി.”

​ഈ ലാസ്റ്റ് അദ്ദേഹത്തിന് ദൂതൻ കൊണ്ടുവന്ന അപ്പവും വെള്ളവും കൊടുത്തു കഴിയുമ്പോൾ അദ്ദേഹം പോകുന്ന ദൂരം മരുഭൂമിയിൽ നിന്ന് ഹോറെബിലേക്ക് ഏതാണ്ട് 400 കിലോമീറ്റർ ആണ് അദ്ദേഹം യാത്ര ചെയ്യുന്നത്.

എത്ര ദിവസങ്ങൾ കൊണ്ടാണ്?

40 രാവും 40 പകലും. ഫോർട്ടി ഡേ, നമ്മുടെ പ്രെയറിന്റെ സമയമാണത്.

ഫോർട്ടി ഡേ ഏലിയാ നടന്നുതീർത്ത ദൂരം.

എങ്ങനെയാ നടന്നത്?

ദിവ്യകാരുണ്യത്തിന്റെ ശക്തിയിൽ.

ഇത് പഴയനിയമത്തിലെ പരിശുദ്ധ കുർബാനയുടെ പ്രതീകമാണിത്, ഈ ദൂതൻ കൊണ്ടു കൊടുത്ത അപ്പം.

​ദൈവം കൊടുത്ത ആ സ്വർഗ്ഗീയമായ ആ അപ്പത്തിന്റെ ശക്തിയാൽ അദ്ദേഹം 40 രാവും 40 പകലും.

ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കേണ്ട, നിങ്ങൾ ഗൂഗിൾ ചെയ്തോ യൂട്യൂബിലോ ഞാൻ ഈ പറയുന്നത് സത്യമാണോ എന്ന് വെരിഫൈ ചെയ്താൽ മതി.

കത്തോലിക്കാ സഭയിലെ പേരുവിളിക്കപ്പെട്ട വിശുദ്ധരിൽ ഏതാണ്ട് പത്തോളം ആളുകൾ വർഷങ്ങളോളം മറ്റു ഭക്ഷണമൊന്നും കഴിക്കാതെ പരിശുദ്ധ കുർബാന മാത്രം ഭക്ഷിച്ച് ജീവിച്ച ആളുകളുണ്ട്.

കുപ്പർത്തീനോ ഉണ്ട്, വിശുദ്ധ ബ്രിജിത്ത ഉണ്ട്, അങ്ങനെ ഒത്തിരി പേരുണ്ട്.

കുർബാന മാത്രം ഭക്ഷിച്ച് ജീവിച്ച ആളുകൾ, വർഷങ്ങള്, വേറെ ഒരു ഭക്ഷണവും കഴിച്ചിട്ടില്ല. കേരളത്തിൽ അങ്ങനെയുള്ള ആളുകളുണ്ട്.

ഞാൻ കണ്ടിട്ടുണ്ട് കേരളത്തില്. ഒരു ഭക്ഷണവും വേറെ കഴിക്കില്ല, കുർബാന മാത്രമേ ഭക്ഷിക്കൂ.

​ദൈവദൂതന്മാരുടെ, ദൈവം കൊടുക്കുന്ന ഈ സ്വർഗ്ഗത്തിന്റെ അപ്പം ഭക്ഷിച്ച് ഏലിയാ യാത്ര തിരിച്ചു.

പ്രിയപ്പെട്ടവരെ, നമുക്ക് എന്തെങ്കിലും ഒരു ആത്മീയ വരൾച്ച അല്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞതുപോലെ ഡിപ്രഷൻ, സൂയിസൈഡൽ ടെൻഡൻസി, പാനിക് അറ്റാക്കുകൾ, സ്ട്രെസ്സ്, ആൻസൈറ്റി ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കുർബാനയിലേക്ക് വരിക. പരിശുദ്ധ കുർബാനയിൽ പ്രാർത്ഥിക്കുക.

കുർബാനയിൽ വന്നു ശക്തി പ്രാപിക്കുക. ദിവ്യകാരുണ്യം സ്വീകരിച്ച് പ്രാർത്ഥിക്കുക.

എത്ര ആളുകൾ എന്നോട് അനുഭവം പറഞ്ഞിട്ടുണ്ട് കുർബാന ഭക്ഷിച്ച് രോഗസൗഖ്യം കിട്ടിയ ആളുകള്. പ്രിയപ്പെട്ടവരെ അതുകൊണ്ട് ഈ സമയത്ത് അദ്ദേഹം ഈ ശക്തി പ്രാപിച്ച ദിവ്യകാരുണ്യത്തെ അഭയപ്പെടാൻ ദൈവം നമ്മളെ വിളിക്കുകയാണ്.

​ഇനി അടുത്ത കാര്യം, അതിനുശേഷമാണ് ഹോറെബ് മലയില് ഒരു ഗുഹയിൽ അദ്ദേഹം താമസിക്കുമ്പോൾ ആദ്യം ഭൂകമ്പം, തിരമാലകൾ പോലുള്ള ശബ്ദം, കൊടുങ്കാറ്റ് അങ്ങനെ ഇതെല്ലാം, ഇതിന്റെയെല്ലാം നടുവിൽ ദൈവം ഉണ്ടെന്ന് അദ്ദേഹം വിചാരിക്കുകയാണ്.

പക്ഷേ ദൈവമില്ല.

ഒടുവിൽ ഒരു മൃദുസ്വരത്തിൽ ദൈവം സംസാരിക്കുകയാണ്.

നമ്മൾ വിശുദ്ധ കുർബാനയിൽ അഭയപ്പെട്ടാൽ നമുക്ക് കർത്താവിന്റെ സ്വരം കേൾക്കാൻ പറ്റും.

​എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം, ഇവിടെ നേരത്തെ “ഞാൻ മടുത്തു, എനിക്ക് മരിച്ചാൽ മതി” എന്ന് പറഞ്ഞ മനുഷ്യൻ, ദൈവം ചോദിക്കുകയാണ്: “ഏലിയാ നീ ഇവിടെ എന്തെടുക്കുകയാണ്?” അദ്ദേഹം പറയുകയാണ്: “സൈന്യങ്ങളുടെ കർത്താവിനെ പ്രതിയുള്ള തീക്ഷ്ണത കൊണ്ട് ഞാൻ ജ്വലിക്കുകയാണ്.”

​40 ദിവസത്തിനു മുമ്പ് എന്നാ പറഞ്ഞെ? “ഞാൻ മടുത്തു, എനിക്ക് മരിച്ചാൽ മതി” എന്ന്.

ഇപ്പൊ എന്നാ പറയുന്നേ? “എനിക്ക് കർത്താവിനോടുള്ള തീക്ഷ്ണത കൊണ്ട് ഞാൻ ജ്വലിക്കുകയാണ്” എന്ന്.

പ്രിയപ്പെട്ടവരെ, ഞാൻ നിങ്ങളോട് പറയട്ടെ, ഇതാണ് ഈ 40 ദിവസത്തെ പ്രാർത്ഥനയുടെ ഒടുവിൽ നമുക്ക് സംഭവിക്കാൻ പോകുന്നത്.

നമ്മൾ പരിശുദ്ധ കുർബാനയിൽ അഭയപ്പെട്ട് 40 ദിവസം പ്രാർത്ഥിക്കുമ്പോൾ ഏലിയായ്ക്കുണ്ടായ ഈ തീക്ഷ്ണതയിലേക്ക് നമ്മളെ കർത്താവ് കൊണ്ടുവരും.

​അതുകൊണ്ട് അത് ഏറ്റവും ആഗ്രഹത്തോടെ നമ്മൾക്ക് പൂർത്തിയാക്കാൻ ആയിട്ട് ശ്രമിക്കാം.

ഇനി ഇതിന്റെ അവസാനമായിട്ട് ഈ ഹോറെബിൽ വെച്ച് ദൈവത്തെ കണ്ടുമുട്ടി കഴിയുമ്പോൾ അദ്ദേഹത്തിന് ഇനി എന്താ ചെയ്യേണ്ടത്?

ഏലീശായെ തന്റെ ഭൃത്യനായിട്ട്, ഭൃത്യനെ അടുത്ത പ്രവാചകനായി അഭിഷേകം ചെയ്യാൻ, അടുത്ത രാജാവിനെ അഭിഷേകം ചെയ്യാൻ, തുടർന്നുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തത ദൈവം കൊടുക്കുകയാണ്.

നമ്മുടെ ജീവിതത്തിന് മുന്നോട്ടുള്ള വഴികളിൽ നമുക്ക് വ്യക്തത, ക്ലാരിറ്റി വിശുദ്ധ കുർബാനയിലൂടെ കിട്ടും.

കുർബാനയിൽ നമ്മൾ പ്രാർത്ഥിച്ചാൽ മുന്നോട്ടുള്ള വഴികളിൽ ക്ലാരിറ്റി കിട്ടും.

ഇനി അടുത്തത് എന്താ ചെയ്യേണ്ടത്?

അടുത്തമാസം എന്താ ചെയ്യേണ്ടത്?

അടുത്തവർഷം എന്താ ചെയ്യേണ്ടത്?

വിശുദ്ധ കുർബാനയെ ദൈവത്തെ ആരാധിക്ക്, കർത്താവ് അതിനുള്ള വഴി നമുക്ക് കാണിച്ചുതരും.

പ്രിയപ്പെട്ടവരെ, ഏലിയായ്ക്ക് മാലാഖ തട്ടിയുണർത്തി അപ്പവും വെള്ളവും കൊടുത്തത് ദിവ്യകാരുണ്യത്തിന്റെ ഒരു ശക്തമായ നിഴലാണ്.

ഈ പാഥേയം അല്ലെങ്കിൽ വഴിച്ചോറ് എന്നൊരു സങ്കല്പത്തെക്കുറിച്ച് ഞാൻ സൂചിപ്പിച്ചിരുന്നു.

ഈ യാത്രയിൽ ദൈവം തരുന്ന വലിയൊരു സഹായമാണ് നമുക്ക് വിശുദ്ധ കുർബാന.

നമ്മൾ അതിനെ കാണുമ്പോൾ അത് നമുക്ക് തരുന്ന ഒരു ജീവനെക്കുറിച്ച് നമ്മളൊന്ന് ചിന്തിക്കേണ്ടതുണ്ട്.

​ആത്മാവിന്റെ ഭക്ഷണം.

രണ്ട് ആത്മീയ ഭക്ഷണത്തെ കുറിച്ചാണ് ബൈബിൾ പറയുന്നത്.

ഒന്ന് തീർച്ചയായിട്ടും അത് വചനമാണ്. “നീ വാ തുറന്നു ഭക്ഷിക്കുക” എന്ന് പ്രവാചകനോട് പറയുന്നത് ചുരുൾ ഭക്ഷിക്കാനാണ്.

അപ്പോ നമ്മൾ എല്ലാ ദിവസവും നമ്മുടെ ആത്മാവിനെ ശക്തിപ്പെടുത്താൻ, പുഷ്ടിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ആരോഗ്യമുള്ള ഒരു ആത്മാവ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം നമ്മൾ അതിന് കൊടുക്കേണ്ട ഭക്ഷണമാണ് വചനം.

അതുകൊണ്ടാണ് മത്തായി 4:4-ൽ പറഞ്ഞത്: “മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്, ദൈവത്തിന്റെ അധരത്തിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടു കൂടിയുമാണ്.”

​അപ്പോ നമ്മൾ ദൈവവചനം അനുദിനം ഭക്ഷിക്കണം.

എല്ലാ ദിവസവും വചനം ധ്യാനിക്കണം.

ഞാൻ ബ്രെയിൻ റീവയറിങ് നടത്തുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. “രാവും പകലും എന്റെ വചനം ധ്യാനിക്കണം” എന്ന് ജോഷ്വയോട് പറഞ്ഞ ആ വാചകമാണ് അതിന്റെ ആധാര വചനം.

അപ്പോ അത് ആത്മാവിന്റെ ഒരു ഭക്ഷണമാണ്, വചനം.

​രണ്ടാമത്തേതാണ് ആത്മാവിന്റെ ഭക്ഷണമാണ് വിശുദ്ധ കുർബാന.

ഇത് ആത്മാവിന് കിട്ടുന്ന ഏറ്റവും ശക്തമായ ഭക്ഷണമാണ്.

ആത്മാവിനെ അത് ബലപ്പെടുത്തും. അത് എങ്ങനെയാണ് നമ്മുടെ ആത്മാവിന് അതൊരു ആഹാരമായി മാറുന്നത് എന്ന് ചോദിച്ചാൽ നമ്മൾ അവിടെ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ ദൈവത്തെയാണ് എന്നുള്ളതാണ് അതിന്റെ ഉത്തരം.

ആത്മാവ് ദൈവത്തെ കുറഞ്ഞ് ഒന്നുകൊണ്ടും തൃപ്തിപ്പെടുകയില്ല.

ഇപ്പോൾ ശരീരത്തിനാണെങ്കിൽ നല്ല ഭക്ഷണം, നല്ല വസ്ത്രം, നല്ല കംഫർട്ട്, സുഖം അതുമതി ശരീരത്തിന്.

മനസ്സിനാണെങ്കിൽ എന്റർടൈൻമെന്റ് മതി.

വിനോദോപാധികൾ, മാനസിക ഉല്ലാസം തരുന്ന കാര്യങ്ങൾ മനസ്സിന് മതി.

പക്ഷേ ആത്മാവിനോ?

​ആത്മാവിന് ഇത് രണ്ടും പറ്റില്ല.

നല്ല ഭക്ഷണം കഴിച്ചതുകൊണ്ട് ആത്മാവിനൊന്നും കിട്ടുന്നില്ല.

ശരീരത്തിന്റെ സുഖങ്ങൾ എന്തെങ്കിലും അനുഭവിച്ചതുകൊണ്ട് ആത്മാവിനൊന്നും കിട്ടുന്നില്ല.

നല്ലൊരു സിനിമ കണ്ടതുകൊണ്ട്, നല്ലൊരു പാട്ട് കേട്ടതുകൊണ്ട്, നല്ലൊരു പുസ്തകം വായിച്ചതുകൊണ്ട് ആത്മാവിനൊന്നും കിട്ടുന്നില്ല.

ആത്മാവിന് കിട്ടണമെങ്കിൽ ആത്മാവിന് ദൈവത്തെ കിട്ടണം.

അപ്പോ ആത്മാവിന് ദൈവത്തെ കിട്ടാൻ വിശുദ്ധ കുർബാനയല്ലാതെ ഏറ്റവും ശക്തമായ മറ്റൊരു വഴി ഏതാണ് ഉള്ളത്?

​അപ്പോ ഈ ദൈവദൂതൻ കൊടുത്ത അപ്പം ഭക്ഷിച്ച് ഏലിയാ നടന്നു എന്ന് പറയുമ്പോൾ ഒരാളുടെ യഥാർത്ഥ ബലം അയാളുടെ ശരീരത്തിന്റെ ബലമോ മനസ്സിന്റെ ബലമോ അല്ല, സത്യത്തിൽ ആ ആത്മാവിന്റെ ബലമാണ്.

ഒരാളുടെ റിയൽ സ്ട്രെങ്ത് എന്ന് പറയുന്നത് സ്പിരിച്വൽ പവർ ആണ്.

അപ്പോ ആ ആത്മീയ ശക്തി വളരണമെങ്കിൽ ആത്മാവിന്റെ ഭക്ഷണം കഴിക്കണം. വചനത്താലും വിശുദ്ധ കുർബാനയാലും ദിവ്യകാരുണ്യത്താലും ദൈവവചനത്താലും ആത്മാവിനെ ശക്തിപ്പെടുത്താനുള്ള ഒരു ഉത്തരവാദിത്വം, ഇത് രണ്ടും ഒരുമിച്ച് നമുക്ക് കിട്ടുന്ന സ്ഥലമാണ് വിശുദ്ധ കുർബാനയർപ്പണം.

അവിടെ വചന ശുശ്രൂഷയുമുണ്ട്, അവിടെ അപ്പം മുറിക്കൽ ശുശ്രൂഷയുമുണ്ട്.

അതുകൊണ്ട് പരിശുദ്ധ കുർബാനയിലൂടെ ആത്മീയ ശക്തി പ്രാപിക്കാൻ കഴിയട്ടെ എന്നുകൂടി ഓർക്കാനുള്ള ഒരു ചിന്ത കൂടി ഏലിയായ്ക്ക് മാലാഖ കൊടുത്ത അപ്പം നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്.

​ഇന്നത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ നമ്മൾ അഭ്യസിക്കേണ്ട പുണ്യം വിശ്വാസത്തിനു വേണ്ടി പ്രാർത്ഥിക്കാം.

ഏലിയായ്ക്കൊക്കെ ഉണ്ടായിരുന്നതുപോലെ ആഴമായ വിശ്വാസം “കർത്താവേ എനിക്ക് തരണമേ”, ആ വിശ്വാസത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

നമ്മുടെ ഉള്ളിൽ നിന്ന് അവിശ്വാസവും സംശയങ്ങളും മാറിപ്പോകുന്നതിന് വേണ്ടിയും നമുക്കിന്ന് ദൈവസന്നിധിയിൽ ആഗ്രഹിക്കാം.

​​നമുക്ക് ഇന്ന് ചെയ്യാനുള്ള ടാസ്ക് ഇതാണ്.

ഇത് ഒത്തിരി പേർക്ക് എളുപ്പമായിരിക്കും, ഒത്തിരി പേർക്ക് പാടായിരിക്കും.

അതായത് നമ്മൾ ഇപ്പോൾ നിങ്ങൾ മൂന്നുനേരമാണ് ഭക്ഷണം, പ്രധാനപ്പെട്ട മീൽസ് കഴിക്കുന്നതെങ്കിൽ-

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ അങ്ങനെയാണെന്ന് വിചാരിക്കുക-അപ്പൊ മൂന്ന് മീൽ ആണ് പ്രധാനമായിട്ട് കഴിക്കുന്നതെങ്കിൽ ഈ മീൽസിന് ഇടയിലുള്ള സ്നാക്സ് എല്ലാം ഒഴിവാക്കുക.

എന്ന് വെച്ചാൽ നമ്മൾ അതിനിടയ്ക്ക് വേറെ ഒന്നും കഴിക്കാതിരിക്കുക. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം, പിന്നെ ഉച്ചവരെ പിന്നെ ഒന്നും കഴിക്കരുത്.

പിന്നെ അതുകഴിഞ്ഞിട്ട് ഉച്ചകഴിഞ്ഞിട്ട് പിന്നെ രാത്രി, ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാൽ രാത്രി പിന്നെ അത്താഴം കഴിക്കുക.

​അത് ഉപവസിക്കാത്തവരുടെ കാര്യമാണ് ഞാൻ പറയുന്നത്.

ഉപവാസം എടുത്ത് പ്രാർത്ഥിക്കുന്നവർക്ക് അത് പ്രശ്നമില്ല.

എന്നാല് ഉപവസിക്കാതെ ഈ ദിവസങ്ങളിൽ മൂന്നുനേരവും ഭക്ഷണം കഴിക്കുന്നവർ ഉണ്ടെങ്കിൽ അവരോട് ഞാൻ പറയുകയാണ്, നിങ്ങൾക്ക് ഒരു ചെറിയ ഉപവാസം നമ്മുടെ ഇടയ്ക്കുള്ള, അതായത് snacks between the meals അത് നമുക്ക് ഉപേക്ഷിക്കാം.

​പ്രാർത്ഥിക്കേണ്ടത് ലൂക്കാ 17:5, അപ്പസ്തോലന്മാർ പ്രാർത്ഥിച്ച പ്രാർത്ഥനയാണ്: “കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ” എന്ന് നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കുകയും ചെയ്യാം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നമുക്ക് അടുത്ത എപ്പിസോഡിൽ വീണ്ടും നിങ്ങളെ കാണുന്നതുവരെയും ദൈവം നിങ്ങളെ ആരോഗ്യത്തിലും കൃപയിലും കാത്തുസൂക്ഷിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

നമുക്ക് ആരാധനയുടെ ആശീർവാദം സ്വീകരിക്കാം.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​നല്ല കർത്താവേ, ഈ ആരാധനയിലേക്ക് ഞങ്ങൾ വരുമ്പോൾ മനസ്സിന്റെ മേഖലകളിൽ തകർച്ചകളുമായി കഴിയുന്നവരെ ഞങ്ങൾ സമർപ്പിക്കുന്നു.

പ്രത്യേകിച്ച് ഡിപ്രഷൻ, anxiety , സ്ട്രെസ്സ്, കർത്താവേ ആത്മഹത്യാചിന്തകൾ, അമിതദുഃഖം, നിരാശ, പലതരത്തിലുള്ള മാനസിക രോഗങ്ങൾ, കർത്താവേ ബോർഡർലൈൻ പേഴ്സണാലിറ്റികൾ, നാർസിസിസ്റ്റിക് സ്വഭാവങ്ങൾ, കർത്താവേ സംശയപ്രകൃതി, കർത്താവേ പലതരത്തിലുള്ള മാനസിക രോഗങ്ങൾ, ഇവ മൂലം ക്ലേശിക്കുന്ന മക്കളെ, കർത്താവേ ആത്മഹത്യാചിന്തകൾ കൊണ്ട് നടക്കുന്നവരെ ഞങ്ങൾ ഈ പ്രാർത്ഥനയിലേക്ക് ചേർത്തു വെക്കുന്നു.

​കർത്താവേ അതുമൂലം പലരുടെയും പല പ്രിയപ്പെട്ടവരുടെയും ജീവിതം ദുസ്സഹമായി മാറുമ്പോൾ കർത്താവേ നിന്റെ കരുണ യാചിക്കുന്നു.

ദൈവമേ തളർന്ന മനസ്സിന് പകരം സ്തുതിയുടെ മേലങ്കി തരാമെന്ന് വാഗ്ദാനം ചെയ്ത കർത്താവേ, ഈ സമയത്ത് ഭാരപ്പെട്ട മനസ്സുമായി കഴിയുന്ന മക്കളെ ഈ ആരാധനയിൽ അവിടുന്ന് സുഖപ്പെടുത്തണമെന്ന് പ്രാർത്ഥിക്കുന്നു.

കർത്താവേ അവരുടെ മനസ്സിനെ ആശ്വസിപ്പിക്കണമേ. ബന്ധിതരെ മോചിപ്പിക്കാനും, കർത്താവേ ഇരുളറകളിൽ നിന്ന് പുറത്തു കൊണ്ടു വരാനും, കാരാഗൃഹത്തിൽ നിന്ന് മോചിപ്പിക്കാനും കർത്താവിന്റെ ആത്മാവിന്റെ അഭിഷേകത്താൽ നിറഞ്ഞ് ഈ ഭൂമിയിലേക്ക് വന്ന ഈശോയേ, ഈ സമയത്ത് കർത്താവ് ആ രോഗികളായ മക്കളെ സുഖപ്പെടുത്തണമെന്ന് പ്രാർത്ഥിക്കുന്നു.

​ഇന്ന് ഈ ആശീർവാദം നൽകുമ്പോൾ ആരെങ്കിലും “ഞാൻ മടുത്തുപോയി, എനിക്കിനി ഒട്ടും വയ്യ, മരിച്ചാൽ മതി” എന്ന അവസ്ഥയിലാണെങ്കിൽ കർത്താവ് ഏലിയായ്ക്ക് കൊടുത്ത പുതുജീവൻ, കർത്താവേ ഈ സ്വർഗ്ഗീയ അപ്പത്തിന്റെ ശക്തിയാൽ അവിടുന്ന് നൽകണമെന്ന് പ്രാർത്ഥിക്കുന്നു.

നമുക്കീ സമയത്ത് പരിശുദ്ധ കുർബാന, ആ കുർബാനയുടെ ആശീർവാദം സ്വീകരിക്കുമ്പോൾ വലിയ ഉണർവ്വും തീക്ഷ്ണതയും നമുക്കുണ്ടാവാൻ ആഗ്രഹിച്ച് പ്രാർത്ഥിക്കാം.

​സർവ്വശക്തനായ ദൈവം അവിടുത്തെ അനന്തമായ കാരുണ്യത്താൽ നിങ്ങളുടെ രോഗപീഡകൾ, പ്രത്യേകിച്ച് മാനസിക രോഗങ്ങൾ സുഖപ്പെടുത്തട്ടെ.

ഡിപ്രഷനിലോ anxietyയിലോ മാനസിക അസ്വസ്ഥതകളിലോ അമിത ദുഃഖത്തിലോ നിരാശയിലോ ആത്മഹത്യാ ചിന്തകളിലോ ഏതെങ്കിലും തരത്തിലുള്ള മരണഭയങ്ങളിലോ മറ്റ് മാനസിക ശാരീരിക രോഗങ്ങളിലോ പൈശാചിക പീഡകൾ നിങ്ങളെ കെട്ടിയിട്ടിട്ടുണ്ടെങ്കിൽ യേശു നാമത്തിൽ അത് സൗഖ്യം പ്രാപിക്കട്ടെ.

​ഈ സമയത്ത് കർത്താവിന്റെ ശക്തി നിങ്ങളിലേക്ക് കടന്നുവരട്ടെ.

നിങ്ങളുടെ തളർന്ന മനസ്സ് സ്തുതിയുടെ മേലങ്കി കൊണ്ട് പൊതിയപ്പെടട്ടെ.

മനസ്സിന് ധൈര്യം ഉണ്ടാവട്ടെ.

മുന്നോട്ടുള്ള വഴിയിൽ പ്രത്യാശ തന്ന് ദൈവം നിങ്ങളെ സഹായിക്കട്ടെ.

നിങ്ങളുടെ ഭയം വിട്ടുപോകട്ടെ.

നിങ്ങളുടെ ആന്തരികമായ എല്ലാ ബലഹീനഅവസ്ഥകളും കർത്താവിന്റെ ആത്മാവ് എടുത്തുമാറ്റി നിങ്ങൾക്ക് ധൈര്യം തന്ന് സഹായിക്കട്ടെ.

ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply