മൃതസംസ്കാരം – അൽമായരുടെ

പുരോഹിതൻ തിരുവസ്ത്രങ്ങൾ ധരിച്ചു മൃതശരീരത്തിന്റെ പാദത്തിങ്കൽ ചെന്നുനിന്നുകൊണ്ടു കർമ്മങ്ങളാരംഭിക്കുന്നു. പനിനീരും ചന്ദനത്തിരിയും വെഞ്ചരിച്ചിട്ടില്ലെങ്കിൽ ആദ്യം അവ വെഞ്ചരിക്കുന്നു.

കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാ ത്മാവിന്റെയും നാമത്തിൽ.

സമൂ: ആമ്മേൻ

  1. പനിനീർ വെഞ്ചരിപ്പ്

കാർമ്മി: അനുതപിക്കുന്ന പാപികളുടെ നിത്യസങ്കേതമായ ദൈവമേ, ഞങ്ങളുടെ പാപമോചനത്തിനായി ഈ പനിനീ രിനെ ആശീർവദിക്കണമേ. ഈ ജലത്താൽതന്നെ ഞങ്ങളെ വിശുദ്ധീകരിക്കുകയും ചെയ്യണമേ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.

സമൂ: ആമ്മേൻ

  1. ചന്ദനത്തിരി വെഞ്ചരിപ്പ്

കാർമ്മി: സുഗന്ധദ്രവ്യങ്ങളുടെയും പരിമള സസ്യങ്ങളുടെയും നാഥനായ ദൈവമേ, അങ്ങയുടെ ബഹുമാനത്തിനും ഞങ്ങ ളുടെ പാപമോചനത്തിനുമായി ഈ ചന്ദനത്തിരികൾ ആശീർവദിക്കണമേ. പിതാവിന്റെയും പുത്രന്റെയും പരിശു ദ്ധാത്മാവിന്റെയും നാമത്തിൽ.

സമൂ: ആമ്മേൻ

വെഞ്ചരിച്ച പനിനീർ മൃതദേഹത്തിൻമേൽ തളിക്കുകയും ചുറ്റും ചന്ദനത്തിരി നാട്ടു കയും ചെയ്യുന്നു.

കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)

സമൂ: ആമ്മേൻ

കാർമ്മി: ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേൻ

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.

ശുശ്രൂ: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: കർത്താവേ, നിന്നെ ഞങ്ങളാരാധിക്കുകയും നിൻ്റെ കാരുണ്യത്തെ പുകഴ്ത്തുകയും മഹനീയമായ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയെ സ്‌തുതിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ നീ ആകാശത്തിന്റെയും ഭൂമിയുടെയും രാജാവും ജീവന്റെയും മരണത്തിൻ്റെയും നാഥനുമാ കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.

സമൂ: ആമ്മേൻ

ശുശ്രൂ: മനുഷ്യജീവിതം പുൽക്കൊടിക്കു തുല്ല്യമാകുന്നു. മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിൻ്റെ തിരുനാമത്തിനു സ്തുതി.

സമൂഹം രണ്ടു ഗണമായി തുടരുന്നു (Psalms 103)

മനുഷ്യജീവിതം പുൽക്കൊടിക്കു തുല്യമാകുന്നു; വയലിലെ പുഷ്പം പോലെ അതു വിരിയുന്നു.

ചുടുകാറ്റടിക്കുമ്പോൾ വാടിപ്പോവുകയും ചെയ്യുന്നു: അതു നിന്നിരുന്ന സ്ഥലവും അജ്ഞാതമായിത്തിരുന്നു.

കർത്താവിനെ സ്നേഹിക്കുന്നവരുടെ മേൽ എന്നും അവൻ്റെ അനുഗ്രഹമുണ്ടായിരിക്കും.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി;

ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.

ശുശ്രൂ: മനുഷ്യജീവിതം പുൽക്കൊടിക്കു തുല്യമാകുന്നു: മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിൻ്റെ തിരുനാമത്തിനു സ്‌തുതി. നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: മണ്ണിൽനിന്ന് ആദത്തെ സൃഷ്‌ടിച്ചവനും അയാളുടെ സന്താനങ്ങളെ ഉത്ഥാനം വഴി നവീകരിക്കുന്നവനുമായ കർത്താവേ, നിന്നെ ഞങ്ങൾ ആരാധിക്കുകയും പുകഴ്ത്തു കയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ, നീ ആകാശത്തിന്റെയും ഭൂമിയുടെയും രാജാവും, ജീവന്റെയും മരണത്തിന്റെയും നാഥനുമാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാ വുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ.

ശുശ്രൂ: എൻ്റെ ദിവസങ്ങൾ എത്ര പരിമിതങ്ങളാകുന്നു. മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിൻ്റെ തിരുനാമത്തിനു സ്‌തുതി.

സമൂഹം രണ്ടു ഗണമായി തുടരുന്നു (Psalms 39)

എന്റെ ദിവസങ്ങൾ എത്ര പരിമിതങ്ങളാകുന്നു: എന്റെ ജീവിതം നിൻ്റെ മുമ്പിൽ എത്ര നിസ്സാരമാകുന്നു.

എന്തുകൊണ്ടെന്നാൽ ജീവിതം നിഴൽപോലെ കടന്നുപോകുന്നു.

മനുഷ്യനോ നിക്ഷേപം കൂട്ടുന്നു: അത് ആർക്കുവേണ്ടിയാണെന്ന് അവനറിയുന്നില്ല.

കർത്താവേ, നീയല്ലാതെ ആരെനിക്കാശ്രയം? എല്ലാ തിൻമകളിൽനിന്നും എന്നെ രക്ഷിക്കണമേ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി:

ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.

ശുശ്രൂ: എന്റെ ദിവസങ്ങൾ എത്ര പരിമിതങ്ങളാകുന്നു. മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിൻ്റെ തിരുനാമത്തിനു സ്‌തുതി. നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: കരുണയാൽ ഞങ്ങളെ സൃഷ്‌ടിക്കുകയും നീതിയാൽ മരണവിധേയരാക്കുകയും, ദയാധിക്യത്താൽ ഉയിർപ്പി ക്കുകയും ചെയ്യുന്ന കർത്താവേ; നിന്നെ ഞങ്ങൾ ആരാധി ക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ നീ ആകാശത്തിൻ്റെയും ഭൂമിയുടെയും രാജാവും, ജീവൻറെയും മരണത്തിൻ്റെയും നാഥനുമാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ

ഗാനം

നിന്റെ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ.

നൃപനാം മിശിഹാ കർത്താവേ,
അഴലും മരണവുമില്ലാതെ
ജീവൻ വിളയും രാജ്യത്തിൽ
വാനവരോടെ ചിരകാലം
ആനന്ദത്തൊടു വാണിടുവാൻ
ദാസനുവരമിന്നരുളേണം.

കർത്താവു വലിയവനും സ്‌തുത്യർഹനുമാകുന്നു.

ആദിപിതാവാമാദത്തെ
സൃഷ്‌ടിച്ചവനാം ദൈവത്തിൽ
ആശ്രയമഖിലമണയ്ക്കുന്നു
മർത്യനു ശരണം നീയല്ലോ:
ലോകം വ്യർത്ഥം: സകലേശാ,
ഞങ്ങൾക്കരുളുക നവജീവൻ.

വാഗ്ദാനങ്ങളിൽ കർത്താവു വിശ്വാസ്യനാകുന്നു.

വിലപിക്കരുതേ മരണത്തിൽ:
പുനരുത്ഥാനം വരുമല്ലോ;
അരുൾ ചെയ്‌തില്ലേ തിരുനാഥൻ:
“ദൃഢമായെന്നിൽ വിശ്വാസം
നിക്ഷേപിക്കും മനുജനു ഞാ-
നന്തിമദിവസമുയിർപ്പേകും.”

നീതിമാൻ വിജ്ഞാനം പ്രസംഗിക്കുന്നു.

പൗലോസിൻ തിരുവാക്യങ്ങൾ
ശാന്തി നിനക്കു പകർന്നീടും:
“മർത്യനമർത്യത പുണരുന്നു
ക്ഷയമുള്ളോനക്ഷയനാകും
മർത്യതയേവം സകലേശൻ
നിതരാം നൂതനമാക്കുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി.

നൃപനാം മിശിഹാ കർത്താവേ,
വാഴ്ത്തിപ്പാടി നമിക്കുന്നേൻ:
വിശ്വത്തിന്റെ വിധാതാവേ,
നൽകണമേ പുനരുത്ഥാനം:
പരിശുദ്ധൻമാർ വാഴുമിടം
ചേർക്കണമെന്നെയുമഖിലേശാ.

ആദിമുതൽ എന്നേയ്ക്കും ആമ്മേൻ

മഹിമയൊടന്തിമ വിധിനാളിൽ
കർത്താവേ നീയണയുമ്പോൾ
കരുണയൊടെന്നെ നിറുത്തണമേ
നല്ലവരൊത്തു വലംഭാഗേ:
നൽകണമേ നിത്യായുസ്സിൻ
പരമോന്നതമാം പരിവേഷം.

ലേഖനം

ശുശ്രൂ: എൻറെ സഹോദരരെ, വി. പൗലോസ് തെസലോനിക്കക്കാർക്ക് എഴുതിയ ലേഖനം.

1 തെസലോനിക്ക 4:13-18

സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈശോ മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, ഈശോയിൽ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും. കര്‍ത്താവിന്റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു. എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും. അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്പരം ആശ്വസിപ്പിക്കുവിന്‍.

സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്‌തുതി.

സങ്കീർത്തനം 88

കാർമ്മി: കർത്താവേ, എൻ്റെ രക്ഷകനായ ദൈവമേ. രാവും പകലും നിന്നോടു ഞാൻ പ്രാർത്ഥിക്കുന്നു.

സമൂ: എൻ്റെ പ്രാർത്ഥന നിൻ്റെ പക്കലെത്തട്ടെ. എന്റെ അപേക്ഷ നീ കേൾക്കണമേ.

സുവിശേഷം

കാർമ്മി: വി. യോഹന്നാൻ എഴുതിയ നമ്മുടെ കർത്താവീശോമിശിഹായുടെ സുവിശേഷം.

സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

യോഹന്നാൻ 5:24-29

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും. എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്‍മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും.

പ്രസംഗമുണ്ടെങ്കിൽ ഈ സമയത്തു പറയാവുന്നതാണ്.

സമൂഹപ്രാർത്ഥന

ശുശ്രൂ: നമുക്കെല്ലാവർക്കും അനുതാപത്തോടും ഭക്തിയോടും കൂടെ നിന്ന് കർത്താവേ, ഈ ആത്മാവിനോടു കരുണ തോന്നണമേ എന്നു പ്രാർത്ഥിക്കാം

സമൂ: കർത്താവേ, ഈ ആത്മാവിനോടു കരുണ തോന്നണമേ.

ശുശ്രൂ: അനന്തമായ സ്നേഹത്താൽ ഞങ്ങളെ സൃഷ്ടി ക്കയും, അതുല്യമായ കൃപയാൽ ഞങ്ങളെ രക്ഷിക്കയും ചെയ്ത മിശിഹായേ, നിൻ്റെ കല്‌പനയാൽ ഈ ലോകം വിട്ടു പുറപ്പെടുന്ന ഈ ആത്മാവിനെ നിത്യാനന്ദത്തിന്റെ തുറമുഖത്തു സുരക്ഷിതമായി എത്തിക്കുവാൻ നിന്റെ പരി ശുദ്ധദൂതൻമാരെ നിയോഗിക്കണമെന്നു നിന്നോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ….

ശുശ്രൂ: ഗാഗുൽത്തായിൽ നിൻ്റെ അമൂല്യമായ രക്തം ചിന്തി രക്ഷിച്ച ഈ ആത്മാവിൻ്റെ അപരാധങ്ങളും കടങ്ങളും ക്ഷമിക്കണമെന്നു നിന്നോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ….

ശുശ്രൂ: തിരുവുത്ഥാനംവഴി മനുഷ്യവർഗ്ഗത്തിനു പ്രതീക്ഷയും ശരണവും പ്രദാനം ചെയ്‌ത മിശിഹായേ, വിധിദിവസത്തിൽ നിൻ്റെ മഹത്വത്തിൻ്റെ പ്രഭയാൽ ഈ അത്മാവിനെ പ്രകാശിപ്പിക്കയും സ്വർഗ്ഗരാജ്യത്തിന് അവകാശിയാക്കുകയും ചെയ്യണമെന്നു നിന്നോടു ഞങ്ങൾ പ്രാർത്ഥി ക്കുന്നു.

സമൂ: കർത്താവേ…..

ശുശ്രൂ: ദുഃഖിതരെ ആശ്വസിപ്പിക്കുവാൻ വേണ്ടി ലാസറിന്റെ മരണത്തിൽ സ്വയം കണ്ണുനീർ ചിന്തിയ മിശിഹായേ, കരയുന്നവരുടെ കണ്ണുനീർ തുടയ്ക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യണമെന്നു നിന്നോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ…..

ശുശ്രൂ: കരുണാനിധിയും പാപങ്ങൾ പൊറുക്കുന്ന വനുമായ മിശിഹായേ, നിൻ്റെ ദാസൻ്റെ (ദാസിയുടെ) പാപങ്ങൾ പൊറുക്കുകയും അയാളുടെ കുടുംബാംഗങ്ങളെയും ചാർച്ചക്കാരെയും ആശ്വസിപ്പിക്കയും ചെയ്യണമെന്നു നിന്നോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ..

വിശ്വാസപ്രമാണം

കാർമ്മി: സർവ്വ ശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. (സമൂഹവും ചേർന്ന്) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിലും ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോട് കൂടെ ഏകസത്തയുമാകുന്നു. അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി; പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിക്കുകയും സ്ലീവയിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗത്തിലേക്ക് എഴുന്നേള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസയും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.

കാർമ്മി: കർത്താവേ, നിൻ്റെ കരുണ ഞങ്ങളെ
അനുഗമിക്കയും നിൻ്റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങൾ മായിച്ചുകളയുകയും ചെയ്യട്ടെ. നിൻ്റെ മഹനീയമായ ത്രിത്വത്തിന്റെ അനുഗ്രഹം ഞങ്ങളെ സഹായിക്കട്ടെ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ. കർത്താവേ, അനുഗ്രഹിക്കണമേ.

കാർമ്മി: കർത്താവേ, നീ ആകാശത്തിലും ഭൂമിയിലും സ്തുത്യർഹനാകുന്നു. ഞങ്ങളുടെ ജീവൻ്റെ കാരണവും ആത്മാവിന്റെ പ്രത്യാശയും നീയാകുന്നു. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ

പ്രബോധന ഗാനം

പുരുഷന്മാർക്ക്

കാർമ്മി: മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ.
കൂടെപ്പോരും നിൻ ജീവിതചെയ്‌തികളും:
സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ.

സമൂ: മരണം വരുമൊരുനാൾ…

പുരോഹിതൻ ധൂപം ആശീർവ്വദിക്കുന്നു.

കാർമ്മി: ചൊല്ലുക മർത്യ നീ എന്തിനു കരയുന്നു വ്യാകുലമാനസനായെന്തിനു നീറുന്നു.
തിരമാലകളാൽ തിങ്ങിമറഞ്ഞിളകും കടൽപോലെ?

(പുരോഹിതൻ മൃതശരീരത്തിൻ്റെ ചുറ്റും നടന്ന് ഓരേ വശത്തും മൂന്നുപ്രാവശ്യം വീതം വിശുദ്ധ പനിനീർ തളിക്കുന്നു.)

സമൂ: മരണം വരുമൊരുനാൾ…

കാർമ്മി: ഭീകരമരണത്തിൻ കാലടി കേൾപ്പു ഞാൻ:
പാപമെനിക്കുള്ളിൽ പേടി വളർത്തുന്നു:
സാത്താൻ നിറയും പകയോടെ സതതമലട്ടുന്നു.

(പുരോഹിതൻ മൃതശരീരത്തിൻ്റെ ചുറ്റും നടന്ന് ഓരോ വശത്തും മൂന്നുപ്രാവശ്യം വീതം ധൂപം വീശുന്നു.)

സമൂ: മരണം വരുമൊരുനാൾ…

സ്ത്രീകൾക്ക്

കാർമ്മി: അന്നൊരുദിവസം ബേസനിയായിൽ
സോദരിമാരാം മർത്താമറിയം ചുടു കണ്ണീരും
വീഴ്ത്തിയിരുന്നു.

സമൂ: അന്നൊരു ദിവസം…

കാർമ്മി: മരണമടഞ്ഞൊരു സോദരനേയും
ചിന്തിച്ചഴലിൽ നെടുവീർപ്പിട്ടു കരഞ്ഞു കരഞ്ഞാ-
കണ്ണുകൾ താണു.

സമൂ: അന്നൊരു ദിവസം…

കാർമ്മി: “ജീവനുമുയിരും ഞാനാകുന്നു
കരയരുതേവം കരുണയൊടന്തികമാർന്നഖിലേശൻ
ശാന്തി പൊഴിഞ്ഞു.

സമൂ: അന്നൊരു ദിവസം…

മുടിയണിയിക്കൽ

ശുശ്രൂ: ഞാൻ നല്ല വണ്ണം യുദ്ധം ചെയ്തു. ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി. എന്റെ വിശ്വാസം ഞാൻ സംരക്ഷിച്ചു. അതിനാൽ നീതിയുടെ ന്യായാധിപനായ കർത്താവ് ഈ ദിവസം നീതിയുടെ മുടി എന്നെ അണിയിക്കുമാറാകട്ടെ. (2 തിമോ. 4:7)

കാർമ്മി: വിശ്വസ്തതരായ ഭൃത്യർക്ക് വാഗ്‌ദാനം ചെയ്യപ്പെട്ട നിത്യാനന്തത്തിലേക്ക് ദൈവം നിന്നെ പ്രവേശിപ്പിക്കുമാറാകട്ടെ.

പുരോഹിതൻ മൃതശരീരത്തിൻ്റെ ശിരസ്സിൽ പുഷ്പമുടി ചാർത്തുന്നു.

ഗാനം

മരിച്ചുപോയ ആൾ ജീവിച്ചിരിക്കുന്നവരോട് യാത്ര പറയുന്നതായും അവരുടെ പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുന്നതായും സങ്കല്പിക്കുന്നു.

കാർമ്മി: എന്റെ സഹോദരരേ ഞാനിപ്പോൾ നിങ്ങളോട് യാത്ര പറയുന്നു നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ.

വിടവാങ്ങുന്നേൻ നശ്വരമുലകിൽ
വിടുതിയെനിക്കായ് നൽകിയ വസതീ,
പരിശുദ്ധന്മാർ പരമാനന്ദം
നുകരുമിടത്തിൽപ്പോകുന്നു ഞാൻ.

അവയെല്ലാം കടന്നുപോകുന്നു.

ശാശ്വതഭാഗ്യം നരനരുളീടാൻ
കഴിവില്ലാത്തോരൻ പാർപ്പിടമേ.
പ്രഭയുടെ നാട്ടിൽ നിത്യവിരുന്നി-
ന്നണയട്ടെ ഞാൻ – അന്തിമയാത്ര.

എന്നും എന്നേയ്ക്കും

സഹജന്മാരേ, സ്നേഹിതഗണമേ,
യാത്രയിതാ ഞാൻ ചോദിക്കുന്നു:
നിങ്ങളെനിക്കായ് ചെയ്തതിനെല്ലാം
മിശിഹാനാഥൻ പ്രതിഫലമേകും.

എന്റെ പ്രാർത്ഥന നിൻ്റെ പക്കൽ എത്തട്ടെ.

പ്രാർത്ഥിപ്പതിനായ് പരിപാവനമാം
ദൈവികഭവനം പൂകുംന്നേരം
സ്നേഹാർദ്രതയാർന്നെൻ പ്രിയജനമേ, അനുദിനമലിവോടോർക്കണമെന്നെ.

ഭൂമിയിൽ അവർ വിലപിക്കുന്നു.

ആഢംബരവും പ്രൗഢിയുമെല്ലാം
നാശോന്മുഖമായ് നിഷ്പ്രഭമാകും:
പോകുന്നു ഞാൻ ലയമിയലാത്തോ-
രുന്നതമോർശ്ലേം പ്രാപിപ്പതിനായ്.

മൃതശരീരം വീട്ടിൽനിന്നു എടുക്കുന്നു

നീ എന്നും നിലനിൽക്കുന്നു.

പോയ്‌മറയുന്നീ ക്ഷണഭംഗുരമാം
ലോകവുമതിലേ ജഡികാശകളും:
അക്ഷയരാജ്യം നേടാനുതകും
നിക്ഷപങ്ങൾ കരുതുക നമ്മൾ.

അവനെ തേടി; കണ്ടെത്തിയില്ല.

ദുഷ്ട‌ത കുടിവാണഴുകി നശിക്കും
ലോകമിതെന്നിൽ ഭീതിയുണർത്തി;
ഓടിപ്പോയ് ഞാൻ ജീവൻ പകരും
കുരിശിനെ വിരവോടാശ്ലേഷിച്ചു.

നിന്റെ കരുണ എന്നെയറിയിക്കണമേ.

“ശാന്തിയിൽ മകളേ പൊയ്ക്കൊള്ളുക, നിൻ
പാപത്തിനു ഞാൻ മാപ്പേകുന്നു” പാപിനിയോടായ്ക്കല്പ്പിച്ചതുപോ-
ലെന്നൊടുമിപ്പോൾ കല്പ്പിക്കണമേ.

കാഹളമൂതി അവനെ പുകഴ്ത്തുവിൻ.

ദൂതർ വിളിക്കും കാഹളനാദം
വിധിനാളുയരും മോഹനഗാനം
അതുകേട്ടുണരും മൃതരെല്ലാരും
ത്രിത്വത്തിന്നായ് കീർത്തനമോതും.

സ്വർഗ്ഗം ഭൂമിയിലിറങ്ങി.

ആദത്തിന്നും സന്തതികൾക്കും
പറുദീസായിൽ പുനരധിവാസം
നൽകുന്നതിനായ് സ്വർഗ്ഗംതന്നെ
ഭൂവിലിറങ്ങീ മഹിതാദ്ഭുതമേ!

വിശുദ്ധർക്ക് അന്ധകാരത്തിൽ പ്രകാശമുദിച്ചു.

വിധിയുടെ ദിവസം മിശിഹാരാജൻ’
വിണ്ണിൽ വരുമ്പാൾ മൃതരെഴുന്നേൽക്കും;
ജീവിപ്പവരോ വിസ്‌മയകരമായ്
രൂപാന്തരവും പ്രാപിച്ചീടും.

നിന്റെ കരുണ ഞങ്ങളെ അനുഗമിക്കട്ടെ.

പരിശുദ്ധന്മാരെതിരേല്പിനുവ-
ന്നംബരമദ്ധ്യേ നിരചേരുന്നു:
സ്നേഹിതരേ, ഞാനവരുടെയണിയിൽ
ചേരുന്നതിനായ് പ്രാർത്ഥിക്കണമേ.

നിന്റെ അരൂപിയെ അയയ്ക്കുക; അവ സൃഷ്ട‌ിക്കപ്പെടും.

മിശിഹാനാഥാ, പാപികളെല്ലാം
നിൻ കല്‌പനയാലുത്ഥിതരായി: ഇരുളുനിറഞ്ഞോരവനിയിലെങ്ങും
തിരുവുത്ഥാനം ദീപ്തിപരത്തി.

ധനികരും ദരിദ്രരും.

മൃതിയുടെ പൊതുവാം പാതയിലല്ലോ
നീങ്ങുന്നുലകിൽ മാനവരെല്ലാം
ധനികന്മാരും നിസ്സ്വരുമൊപ്പം
പ്രതിഫലമതിനായ് പായുന്നനിശം

അവർ ചിറകുവിരിച്ചു പറന്നുവന്നു.

ദൈവികദൂതൻ ധരയിലിറങ്ങി
കന്യാംബികതൻ സവിധമണഞ്ഞു
മനുജനുശരണം ശാന്തിയുമരുളും
തിരുസന്ദേശം മേരിക്കേകി.

നീയവർക്കു പാനീയം കൊടുത്തു.

പൈദാഹത്താൽ വലയും ധരതൻ
നീരുറവകളേ, ശ്ലീഹന്മാരെ,
നിങ്ങളണയ്ക്കും പ്രാർത്ഥനയെന്നും
നല്കണമഭയം ഞങ്ങൾക്കുലകിൽ.

വിലാപയാത്ര ഗാനം

ലോകസൃഷ്‌ടിക്കു മുമ്പുതന്നെയുള്ളവൻ.

ദൃശ്യാദൃശ്യങ്ങൾ സകലം തീർത്തോനേ,
നാഥാ, സകലേശാ,
നിൻ സാദൃശ്യത്തിൽ തീർത്തോരെന്നുടെമേൽ
കൃപ നീ ചിന്തണമേ.

ആദിമുതൽ അന്ത്യംവരെയുള്ളവയെല്ലാം.

എല്ലാമറിയുന്നു ദൈവം മനുജന്റെ
ഗൂഢവിചാരങ്ങൾ:
വാക്കും ചെയ്തികളും നിഖിലം മറയെന്യേ
തെളിവായ്ക്കാണുന്നു.

ഹ്യദയങ്ങൾ നീ പരിശോധിക്കുന്നു.

സ്‌ഫുടമായ് നിൻമുമ്പിൽ കണ്ടു ഭുവനത്തിൻ
തിൻമകളെല്ലാം നീ;
പെരുകീ പാപങ്ങൾ: ഫലമായ് പീഡകളും
തിങ്ങിനിറഞ്ഞല്ലോ.

കോപത്തിൽ ഞങ്ങളെ ശിക്ഷിക്കരുതേ.

ജനനം മുതലെന്നും മനുജൻ പാപത്തിൻ
വഴിയിൽച്ചായുന്നു:
കോപം കലരാതെ നാഥാ, കനിവോടെ
തൃക്കൺപാർക്കണമേ.

കണ്ണുനീരുകൊണ്ടു എൻ്റെ കിടക്ക ഞാൻ നനച്ചു.

നാഥാ, പാപിനിയാം മറിയം മിഴിനീരിൽ
പാദം കഴുകുമ്പോൾ
ഹൃദയം തരളിതമായ് സഹതാപാകുലമായ് പൊറുതിയവൾക്കരുളി.

കർത്താവേ കാരുണ്യം വർഷിക്കണമേ.

പശ്ചാത്താപത്താലൊഴുകുന്നെൻ കണ്ണീർ
കണ്ടു കനിഞ്ഞാലും
ദൈവാനുഗ്രഹവും കൃപയും ചിരമെന്നിൽ
ചൊരിയണമഖിലേശാ.

നീ എന്നെ സൃഷ്ടിച്ച് എൻ്റെമേൽ കൈകൾവച്ചു.

തീർത്തു പൊടിയിൽ നിന്നാദാമിനെ ദൈവം
ചേർത്തു ജീവനതിൽ
സ്‌തുതിതൻ ഗീതങ്ങൾ നിയതം പാടിടുവാൻ
നാവുമവന്നേകി.

വലിയവരും ചെറിയവരും.

അനുതാപാകുലരായണയും പാപികളെ
കൈക്കൊൾവൂ ദൈവം:
പശ്ചാത്താപത്തിൻ കണ്ണീർ ചിന്തുക നാം:
ദൈവം കൃപ ചെയ്യും.

രക്ഷകനായ ദൈവമേ ഞങ്ങളെ സഹായിക്കണമേ.

നരനീ ലോകത്തിൽ ദൈവം തുണയാകാ-
തൊന്നും കഴിവില്ല:
നാഥാ, ദുർബലരാം ഞങ്ങൾക്കവശതകൾ
തീർക്കണമനുനിമിഷം.

നിനക്കു ഞാനഭിവാദനമർപ്പിക്കുന്നു.

“സ്വസ്‌തി ദാവീദിൻ പുത്രീ” മാലാഖാ
മറിയത്തോടരുളി:
കന്യാമാതാവേ, സെഹിയോൻ പുത്രീ, നിൻ
ധന്യത നിസ്തുലമാം.

കർത്താവിനെ പ്രാർത്ഥിച്ചു ശക്തരാകുവിൻ.

നിറയും മോദമൊടെ വാനിൽ വാണരുളും
പരിശുദ്ധൻമാരേ
കൃപയും മോചനവും ഞങ്ങൾ നേടിടുവാൻ
നിതരാം പ്രാർത്ഥിപ്പിൻ.

വഴി ദീർഘമാണെങ്കിൽ വലിയ ഒപ്പീസിലെ ഗാനങ്ങളും പാടാവുന്നതാണ്.

ദേവാലയത്തിൽ

വിലാപയാത്രയുടെ അവസാനം മൃതശരീരം ദേവാലയ മദ്ധ്യത്തിൽ സ്ഥാപിക്കുന്നു.

കുർബാനയുണ്ടെങ്കിൽ അതിനുശേഷം പുരോഹിതൻ മൃതശരീരത്തിൻ്റെ പക്കൽ ചെന്നു ജനങ്ങളുടെ നേരെ തിരിഞ്ഞുനിന്നുകൊണ്ട് ആരംഭിക്കുന്നു.

ഗാനം

അവരതു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.

അണയുന്നീശോ മൃതരാമഖിലർക്കും
ജീവനുമതുപോൽ ശരണവുമരുളീടാൻ.

കർത്താവിനെ ഞാൻ നിരന്തരം പ്രകീർത്തിക്കും.

മൃതിയാൽത്തന്നെ മൃതിയുടെ കയ്ക്കെല്ലാം
കഴുകിയനാഥാ, നിന്നെ നമിക്കുന്നു.

അവൻ ശബ്ദമുയർത്തിയപ്പോൾ ഭൂമി കുലുങ്ങി.

മിശിഹാനാഥൻ ശബ്‌ദമുയർത്തുമ്പോൾ
കല്ലറ പിളരും മൃതരുടനെഴുന്നേല്ക്കും.

അവന്റെ നാമം എന്നും ധന്യമാകുന്നു.

മൃതിയെ മുറപോൽ നാഥനയയ്ക്കുന്നു
ദുഷ്ടനുമിളയിൽ ശിഷ്‌ടനുമൊരുപോലെ.

ഞാൻ ദൈവത്തിലാനന്ദിക്കും

അഭയം കുരിശിൽക്കണ്ടവനവസാനം
വിധിയുടെ നാളിൽ കൈവരുമാനന്ദം

നീ എന്നെ സൃഷ്ടിച്ചു എന്റെമേൽ കൈകൾ വച്ചു

ധൂളിയിൽനിന്നും ജൻമമെനിക്കേകി;
നിന്നെ നമിക്കാൻ നൽകണമുത്ഥാനം.

നീതിമാൻമാർക്ക് അന്ധകാരത്തിൽ പ്രകാശമുദിച്ചു.

മേഘത്തേരിൽ നാഥനെഴുന്നള്ളും
മൃതരെവിളിക്കും ജീവനവർക്കേകും.

വിശുദ്ധർക്ക് പ്രകാശമുദിച്ചു.

കനകപ്രഭയിൽ കബറിടമൊളിചിന്നും;
അതിലുള്ളവരോ നാഥനു പുകൾപാടും.

ചെറിയവരും വലിയവരും.

പ്രിയരേ, നിങ്ങൾ കരയരുതഖിലേശൻ
പുനരുത്ഥാനം നൽകാൻ വരുമല്ലോ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തു‌തി.

താതനുമേവം സുതനും റൂഹായ്ക്കും
കീർത്തനമെന്നും ഞങ്ങളണയ്ക്കുന്നു.

ആദിമുതൽ എന്നേയ്ക്കും.

ഈശോനാഥാ, മരണവുമുയിരും നിൻ
കൈകളിലല്ലോ; നിന്നെ നമിക്കുന്നു.

ശുശ്രൂ: പ്രാർത്ഥിക്കാം: നമുക്കു സമാധാനം.

സമൂഹപ്രാർത്ഥന

ശുശ്രൂ: സത്യവിശ്വാസത്തോടുകൂടെ ഈ ലോകം വിട്ടു പോയിരിക്കുന്ന നമ്മുടെ സഹോദര (പേര്) നുവേണ്ടി (സഹോദരിക്കു… വേണ്ടി) നമുക്കു പ്രാർത്ഥിക്കാം. ജീവിതകാലത്തു സൽകൃത്യങ്ങളാൽ ദൈവത്തെ പ്രസാദിപ്പിച്ച ഈ ആളെ ദൈവം നീതിമാൻമാരുടെ സമൂഹത്തിലേയ്ക്കു പ്രവേശിപ്പി ക്കുമാറാകട്ടെ.

സമൂ: ആമ്മേൻ

ശുശ്രൂ: മരിച്ചവരെ ഉയിർപ്പിക്കുകയും നല്ലവർക്കു സ്വർഗ്ഗ ഭാഗ്യം നൽകുകയും ചെയ്യുമ്പോൾ തൻ്റെ അനുഗ്രഹത്താലും തന്റെ മാതാവായ കന്യകാമറിയത്തിൻ്റെ പ്രാർത്ഥനയാലും മിശിഹാ അവരോടുകൂടെ ഈ ആളെ തൻ്റെ വലതുഭാഗത്തു നിറുത്തുമാറാകട്ടെ.

സമൂ: ആമ്മേൻ

ശുശ്രൂ: ജീവന്റെ പുസ്‌തകത്തിൽ ദൈവം ഈ ആളുടെ പേരെഴുതുകയും, തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തിൽ ഈ ആളെ ചേർക്കുകയും ചെയ്യുമാറാകട്ടെ.

സമൂ: ആമ്മേൻ

കാർമ്മി: കർത്താവേ വാത്സല്യപൂർവ്വം ഞങ്ങളെ സന്ദർശിക്കയും കാരുണ്യപൂർവ്വം ഞങ്ങളെ സംരക്ഷിക്കയും ചെയ്യണമേ. ഉത്ഥാനം പ്രതീക്ഷിച്ചുകഴിയുന്ന മരിച്ചവരെ ഉയിർപ്പി ക്കണമേ. എന്തുകൊണ്ടെന്നാൽ നീ ആകാശത്തിന്റെയും ഭൂമി യുടെയും രാജാവാകുന്നു. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ. കർത്താവേ, അനുഗ്രഹിക്കണമേ.

കാർമ്മി: കർത്താവേ, നിൻ്റെ പൈതൃകമായ പരിപാലനയെ ഞങ്ങളാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ നീ ഞങ്ങളെ മരണവിധേയരാക്കുകയും വീണ്ടും ജീവിപ്പിക്കു കയും ചെയ്യുന്നു. ഉത്ഥാനത്തിൽ ഞങ്ങളുടെ ശരീരങ്ങളെ നി മഹത്വമണിയിക്കുന്നു. ജീവന്റെയും മരണത്തിന്റെയും നാഥനും. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ

യാത്രാവന്ദനം

സൂചന: മരിച്ചയാൾ ദേവാലയത്തോടും മറ്റും യാത്ര പറയുന്നതായി സങ്കൽപിക്കുന്നു.

ശുശ്രൂ: ദൈവത്തിൻ്റെ ഭവനമേ, ഞാൻ നിന്നോടു യാത്ര പറയുന്നു. മാമ്മോദീസാവഴി എന്നെ വിശുദ്ധീകരിക്കയും പരി ശുദ്ധകുർബാനയാൽ എന്റെ ആത്മാവിനെ പോഷിപ്പിക്കയും മറ്റു കൂദാശകളാൽ എൻ്റെ ആത്മാവിൽ കൃപാവരം ചൊരി യുകയും ചെയ്ത പ്രിയപ്പെട്ട ദേവാലയമേ ഞാൻ നിനക്കു വന്ദനം പറയുന്നു.

എന്റെ പിതാക്കൻമാരും ആത്മീയപാലകരുമായ പുരോ ഹിതരേ, ദൈവവചനങ്ങളാൽ എന്റെ ആത്മാവിനു പോഷണം നൽകിയ നിങ്ങളോടും ഞാൻ യാത്രപറയുന്നു. ഞാൻ നിങ്ങ ളിൽ നിന്നകന്നുപോകുന്നുവെങ്കിലും എൻ്റെ സ്നേഹം എന്നും നിങ്ങളോടുകൂടെയുണ്ടായിരിക്കും. സ്വർഗ്ഗരാജ്യത്തിൽ നാം ഒരുമിക്കുന്നതുവരെ നിങ്ങൾ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.

മൃതശരിരം സിമിത്തേരിയിലേക്കു കൊണ്ടുപോകുന്നു. തത്സമയം താഴെക്കാടുത്തിരിക്കുന്ന ഗാനം ആലപിക്കുന്നു.

ഗാനം

എന്റെ സഹോദരരെ, നമ്മെ സൃഷ്ടിക്കയും മരണവിധേയരാക്കുകയും. മരണശേഷം ഉയിർപ്പിച്ച് അക്ഷയരാക്കുകയും ചെയ്യുന്ന ദൈവം വാഴ്ത്ത പ്പെട്ടവനാകട്ടെ.

വയലിൽപ്പുലരും പുൽക്കൊടിപോലെ
ജീവിതമിളയിൽ;
ഓർത്തോർത്തിനിയും നൈരാശ്യമൊടേ
വിലപിക്കരുതേ.

സ്ഫുടമാ‌യ്ക്കേൾക്കാം പുനരുത്ഥാനം
നവജീവിതവും
അറിയിച്ചുയരും സുവിശേഷത്തിൻ
തിരുസന്ദേശം.

വാഗ്ദാനങ്ങൾ തിങ്ങിമുഴങ്ങും
കാഹളനാദം
ആകാശത്തിൻ സീമകളെല്ലാം
മുഖരിതമാക്കും.

തിരുലിഖിതങ്ങൾ വായിച്ചവതൻ
വ്യാഖ്യാനങ്ങൾ
ശരിയായ് നല്‌കാൻ നിങ്ങൾക്കിനിയും
കഴിവില്ലേതും.

“സ്ത്രീപുരുഷൻമാരന്തരമിയലാ-
തുത്ഥാനത്തിൽ
സ്വർഗ്ഗംതന്നിൽ ദൂതർകണക്കേ
രാജിക്കുന്നു”

മൃതനായ് മിശിഹാ മൂന്നാം ദിവസം
ജീവൻനേടി;
ഭീകരമൃതിതൻ ചങ്ങലയേവം
പൊട്ടിനുറുങ്ങി.

മൃതിയുടെ കൊടുതാം കോട്ടകളെല്ലാം
തട്ടിനിരത്തി
നാഥൻ നവമായുത്ഥാനത്തിൻ
പാത തുറന്നു.

സ്വർഗ്ഗമണഞ്ഞോരജസുതനിനിയും
ജയലാളിതനായ്
വരുമീധരയിൽ കുരിശിൻ പ്രഭയാൽ
പരിവേഷ്ടിതനായ്.

ആകാശത്തിൽ ദൂതൻമാരും
ധരമേൽ നരരും
അക്ഷമരായ് നിൻ ആഗമദിവസം
പാർത്തുകഴിപ്പു.

വീട്ടെജമാനൻ പ്രതിഫലമേകാ-
നെത്തും ദിവസം
വേഗം പുലരാൻ ഭൃത്യഗണങ്ങൾ
നോക്കിയിരിപ്പു.

മണവാളൻ വന്നെത്തുംന്നേരം
മണവറ ചേരാൻ
തിരികൾ തെളിച്ചാക്കന്യാമണികൾ
കാത്തുകഴിപ്പൂ.

നിശ്ചഞ്ചലരായ് ദൂതൻമാരും
തിരുസന്നിധിയിൽ
ആദരപൂർവ്വം കാഹളമൂതാ-
നണിനിൽക്കുന്നു.

‘ഓശാന’ കളാലെതിരേല്‌പതിനായ്
പരിശുദ്ധൻമാർ
ആകാശത്തിൻ മണിവാതിൽക്കൽ
നിലകൊള്ളുന്നു.

മരണത്താലേ വിജയമണിഞ്ഞോ-
രുന്നതനൃപനായ്
പരിമളമുതിരും പുഷ്പകിരീടം
നിർമ്മിക്കുന്നു.

സുകൃതസുമങ്ങൾ ചാർത്തിയൊരുങ്ങി
സമലംകൃതരായ്
വരുവിൻ, വരുവിൻ നൃപനെ മുറപോ-
ലെതിരേല്പ‌തിനായ്.

സിമിത്തേരിയിലെത്തുമ്പോൾ

കാർമ്മി: കർത്താവേ, നിൻ്റെ ദാസൻ്റെ (ദാസിയുടെ) ആത്മാവിനെ നീതിമാൻമാരുടെ രാജ്യത്തു പ്രവേശിപ്പിക്കണമേ.

സമൂ: അയാൾക്കു നിത്യാശ്വാസം കൊടുക്കുകയും ചെയ്യണമേ.

കുഴിവെഞ്ചരിപ്പ്

കാർമ്മി: മണ്ണിൽനിന്നു മനുഷ്യനെ സൃഷ്ട്‌ടിക്കയും അവനെ മരണവിധേയനാക്കുകയും ചെയ്യുന്ന ദൈവമേ, നിന്റെ വിശുദ്ധൻമാർ വിശ്രമം കൊള്ളുന്ന കബറിടം എത്ര മനോഹരമാകുന്നു! വിശുദ്ധ മാമ്മോദീസയാൽ മുദ്രിതവും പരിശുദ്ധ കുർബാനയാൽ പരിപുഷ്‌ടവും വിശുദ്ധ തൈലത്താൽ അഭിഷിക്തവുമായ ഈ ശരീരത്തിനു നിന്റെ ദിവ്യപുത്രന്റെ രണ്ടാമത്തെ ആഗമനം വരെ വിശ്രമം നൽകേണ്ട ഈ കബറിടം നീ പവിത്രീകരിക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരി ശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ

പുരോഹിതർ ധൂപം വാഴ്ത്തുന്നു.

കാർമ്മി: സോപ്പാകൊണ്ടു നീ എന്നെ തളിക്കുക: ഞാൻ നിർമ്മലനാകും.

കർത്താവേ, നിന്റെ അനുഗ്രഹത്തിൻ്റെ ദിവ്യജലത്താൽ ഈ ആളെ ആശ്വസിപ്പിക്കണമേ.

മൃതശരീരത്തിൻമേൽ കുരിശാകൃതിയിൽ വിശുദ്ധ പനിനീർ തളിക്കുന്നു.

അതിൽ എന്നെ കഴുകുക: ഞാൻ മഞ്ഞിനേക്കാൾ വെൺമ യുള്ളവനാകും.

കർത്താവേ, നിന്റെ അനുഗ്രഹത്തിൻ്റെ ദിവ്യജലത്താൽ ഈ കബറിടം പവിത്രീകരിക്കണമേ.

കുഴിയിൽ കുരിശാകൃതിയിൽ വിശുദ്ധ പനിനീർ തളിക്കുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

കുരിശുവഴിയായി നമ്മെ രക്ഷിച്ച പുത്രനും സ്തുതിയും ബഹുമാനവും സമർപ്പിക്കാം.

പുരോഹിതൻ മൃതശരീരത്തെ ഈരണ്ടുവീതം മൂന്നുപ്രാവശ്യം ധൂപിക്കുന്നു.

ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.

ഞങ്ങളുടെ പ്രാർത്ഥനകൾ പരിമളധൂപം പോലെ നിന്നെ പ്രസാദിപ്പിക്കട്ടെ.

പുരോഹിതൻ കുഴി ഈരണ്ടുവീതം മൂന്നുപ്രാവശ്യം ധൂപിക്കുന്നു.

കുന്തുരുക്കമിടൽ

കാർമ്മി: “മനുഷ്യാ, നീ പൊടിയാകുന്നു; പൊടിയിലേയ്ക്കുതന്നെ മടങ്ങും” എന്ന് അരുളിച്ചെയ്‌ത സകലത്തി ന്റെയും നാഥനായ ദൈവം നിന്നെ ഉയിർപ്പിൻ്റെ മഹത്വത്തോ ടുകൂടെ അവസാനദിവസം തൻ്റെ വലത്തു ഭാഗത്തുനിറുത്തട്ടെ. നീ സ്വീകരിച്ച വിശുദ്ധ കൂദാശകൾ അത്യുന്നത ദൈവത്തിന്റെ ന്യായാസനത്തിങ്കൽ നിന്നെ സഹായിക്കട്ടെ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ

കാർമ്മി: മനുഷ്യാ, നീ പൊടിയാകുന്നു; പൊടിയിലേയ്ക്കു തന്നെ മടങ്ങുമെന്ന് ഓർത്തുകൊള്ളുക.

പുരോഹിതൻ മൃതശരീരത്തിൻമേൽ കുന്തുരുക്കമിടുന്നു. പെട്ടി മൂടിയശേഷം കുഴിയിലേയ്ക്ക് ഇറക്കുന്നു. തൽസമയം താഴെ കൊടുത്തിരിക്കുന്ന ഗാനം പാടുന്നു. മറ്റുള്ളവർ കുഴിയിൽ കുന്തുരുക്കമിടുന്നു.

സൂചന: ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ താഴെക്കാണുന്ന ചെറിയ ഒപ്പീസുനടത്തേണ്ട
തുള്ളൂ. അല്ലെങ്കിൽ തുടർന്നുള്ള മൂന്നു പ്രാർത്ഥന കൾ ചൊല്ലി അവസാനിക്കുന്നു.

ഗാനം

എൻ്റെ കർത്താവേ, നിന്നെ ഞാൻ പ്രകീർത്തിക്കും.

മഹിമയോടന്തിമവിധിനാളിൽ
കർത്താവേ, നീയണയുമ്പോൾ
കരുണയൊടെന്നെ നിറുത്തണമേ
നല്ലവരൊത്തു വലംഭാഗേ.

കർത്താവേ, നിന്നെ ഞാനാശ്രയിച്ചു

കർത്താവേ, നിൻ കുരിശിനെ ഞാ-
നാരാധിച്ചുവണങ്ങുന്നു:
അതു താൻ ഞങ്ങൾക്കുത്ഥാനം
രക്ഷയുമുയിരും നൽകുന്നു.

ആകാശവും ഭൂമിയും നിൻ്റേതാകുന്നു.

ആകാശവുമീ ഭൂതലവും
താവകമല്ലോ കർത്താവേ,
ജീവിക്കുന്നവനഭയം നീ
നല്കണമേ; മൃതനായുസ്സും

അവരാനന്ദകീർത്തനങ്ങൾ പാടും.

മൃതരാം നരരുടെ പാപങ്ങൾ
മായ്ക്കണമേ നിൻ കൃപയാലേ
മാമ്മോദീസാ വഴിയങ്ങേ
സുതരാണവരെന്നോർക്കണമേ.

അവന്റെ സന്തോഷത്തിൽ അവരാനന്ദിക്കും.

കർത്താവേ, നിൻ ശോണിതവും
ദിവ്യശരീരവുമറിവോടെ
ഉൾക്കൊണ്ടവരാം നിൻസുതരേ
നിത്യവിരുന്നിൽ ചേർക്കണമേ.

അവരിലാരും അവശേഷിച്ചില്ല.

മഴപെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടിമുളയ്ക്കുന്നു;
കാഹളനാദം കേൾക്കുമ്പോൾ
മൃതരിൽ ജീവനുദിക്കുന്നു.

ആദിമുതലുള്ളവയെല്ലാം.

തെളിവായെന്നുടെ നാഥാ നിൻ
തിരുമിഴിയെല്ലാം കാണുന്നു:
നിരവധിയാമെൻ പാപങ്ങൾ
നിരയായെണ്ണി വിധിക്കല്ലേ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ബാവാപുത്രൻ റൂഹായേ,
മൃതനാമെന്നിൽക്കനിയേണം
ജീവൻ നൽകി മഹോന്നതമാം
പ്രഭയുടെ നാട്ടിൽച്ചേർക്കേണം.

ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.

സർവ്വാധിപനാം കർത്താവേ
നിന്നെ വണങ്ങി നമിക്കുന്നു
ഈശോമിശിഹാ, ഞങ്ങളിതാ,
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

ജനമെല്ലാം പ്രകീർത്തിക്കട്ടെ.

ഞങ്ങടെ മർത്യശരീരങ്ങൾ
ക്കുത്ഥാനം നീയേകുന്നു:
നാഥാ, ഞങ്ങടെയാത്മാവും
രക്ഷിക്കുന്നവനല്ലോ നീ.

ആമ്മേൻ ആമ്മേൻ എന്നുദ്ഘോഷിക്കുവിൻ.

സർവ്വേശാ, നീ പരിശുദ്ധൻ
ബലവാനേ, നീ പരിശുദ്ധൻ
നിത്യനമർത്യൻ പരിശുദ്ധൻ
നിൻകൃപ ഞങ്ങൾക്കേകണമേ.

കാർമ്മി: പാപിനിക്കു പൊറുതി കൊടുത്ത് അവളെ വിശുദ്ധീകരിച്ച കർത്താവേ, നിൻ്റെ അനുഗ്രഹത്താൽ മരിച്ചവരെ വിശുദ്ധീകരിക്കണമേ. മാലാഖമാരോടുകൂടെ സ്വർഗ്ഗത്തിൽ നിന്നെ സ്‌തുതിക്കുവാൻ അവരെ യോഗ്യരാക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ, കർത്താവേ, അനുഗ്രഹിക്കണമേ.

കാർമ്മി: മരിച്ചവരെ ഉയിർപ്പിക്കുന്നവനും, അവർക്ക് നിത്യാശ്വാസം കൊടുക്കുന്നവനുമായ കർത്താവേ, നിന്നെ ഞങ്ങൾ ആരാധിക്കയും പുകഴ്ത്തുകയും ചെയ്യുന്നു. ജീവന്റെയും മരണത്തിൻ്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ

ബോധനഗാനം

(പുരുഷൻമാർക്ക്)

കാർമ്മി: നാഥനണഞ്ഞിടുമന്തിമനാളിൽ
കാരുണ്യമെഴും വിധിയാൽ വാനവരാജ്യം നേടും
മനുജനുഭാഗ്യം.

സമൂ: നാഥനണഞ്ഞിടു….

കാർമ്മി: കറയറ്റവനായ്ച്ചിരമഹിമാവിൽ
മിന്നിവിളങ്ങും മുഖമൊടു കല്ലറവിട്ടെഴുന്നേൽക്കും മനുജനുഭാഗ്യം.

സമൂ: നാഥനണഞ്ഞിടു…..

കാർമ്മി: “വരിക നിനക്കായാദിമുതൽ ഞാൻ
കരുതിയരാജ്യം നേടുക” നാഥനിൽ നിന്നിതു കേൾക്കും മനുജനുഭാഗ്യം.

സമൂ: നാഥനണഞ്ഞിടു….

(സ്ത്രീകൾക്ക്)

കാർമ്മി: മിശിഹാ കർത്താവിൻ ദാസീ വിധിനാളിൽ കാഹളസംഗീതം നിന്നെ വിളിക്കട്ടെ
മഗ്ദലമറിയമണിഞ്ഞൊരു വെൺമഹിമദ്യുതിയോടെ.

സമൂ: മിശിഹാ കർത്താവിൻ…..

കാർമ്മി: നിർമ്മലചരിതകളാം സാറാ, ഏലീശ്വാ മർത്തയൊടുംകൂടെ കടശിയിലുത്ഥാനം
നിതരാം കനിവാർന്നരുളട്ടെ കർത്താവഖിലേശൻ.

സമൂ: മിശിഹാ കർത്താവിൻ….

കാർമ്മി: മൃതിയോർത്തിനി നിങ്ങൾ കദനം തുടരാതെ രക്ഷാവചനങ്ങൾ കേട്ടു നടന്നിടുവിൻ:
പുനരുത്ഥാനം വരുമല്ലോ; മരണമുറക്കം താൻ.

സമൂ: മിശിഹാ കർത്താവിൻ….

സങ്കീർത്തനം

(പുരുഷൻമാർക്ക്)

ശുശ്രൂ: ദൈവമേ; എൻ്റെ പാപങ്ങൾ കഴുകിക്കളയണമേ മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിൻ്റെ തിരുനാമത്തിന സ്‌തുതി.

സമൂഹം രണ്ടു ഗണമായി തുടരുന്നു. (സ. 51)

ദൈവമേ എന്റെ പാപങ്ങൾ കഴുകിക്കളയണമേ: എൻ്റെ തെറ്റുകൾ തുടച്ചുമാറ്റണമേ.

എന്തുകൊണ്ടെന്നാൽ എൻ്റെ പാപങ്ങൾ ഞാനറിയുന്നു: ഞാൻ അവയെല്ലാം കണ്ടുകൊണ്ടിരിക്കുന്നു.

നിനക്കെതിരായി ഞാൻ പാപം ചെയ്തുപോയി
നിന്റെ സന്നിധിയിൽ ഞാൻ തിൻമകൾ പ്രവർത്തിച്ചു.

എന്റെ പാപങ്ങളിൽ നിന്നു മുഖം തിരിച്ചുകളയണമേ;
എന്റെ കുറ്റങ്ങളെല്ലാം തുടച്ചുമാറ്റുകയും ചെയ്യണമേ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.

ശുശ്രൂ: ദൈവമേ, എൻ്റെ പാപങ്ങൾ കഴുകിക്കളയണമേ. മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിൻ്റെ തിരുനാമത്തിനു സ്തുതി. പ്രാർത്ഥിക്കാം: നമുക്കു സമാധാനം.

(സ്ത്രീകൾക്ക്)

ശുശ്രൂ: കാട്ടരുവി തേടിനടക്കുന്ന മാൻപേടയെപ്പോലെ കർത്താവേ, നിന്നെ ഞാൻ തേടിവിളിക്കുന്നു. മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.

സമൂഹം രണ്ടു ഗണമായി തുടരുന്നു (സ. 41)

കാട്ടരുവി തേടിനടക്കുന്ന മാൻപേടയെപ്പോലെ കർത്താവേ, നിന്നെ ഞാൻ തേടിവിളിക്കുന്നു.

സജീവനായ ദൈവത്തെ ഞാൻ ദാഹിക്കുന്നു:
ഞാൻ എപ്പോൾ എന്റെ ദൈവത്തെ കാണും?

രാവും പകലും ഞാൻ കണ്ണിരു കുടിക്കുന്നു:
എന്തുകൊണ്ടെന്നാൽ “നിൻ്റെ ദൈവം എവിടെ” എന്ന്
അവർ നിത്യവും എന്നെ പരിഹസിക്കുന്നു.

എന്റെ ആത്മാവേ, നീ എന്തിനു നിരാശപ്പെടുന്നു?
നീ എന്തിനു വിഷാദിച്ചു കലങ്ങുന്നു?
നീ ദൈവത്തിലാശ്രയിക്കുക.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി:
ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.

ശുശ്രൂ: കാട്ടരുവി തേടിനടക്കുന്ന മാൻപേടയെപ്പോലെ കർത്താവേ, നിന്നെ ഞാൻ തേടിവിളിക്കുന്നു. മരിച്ചവരെ ഉയിർപ്പിക്കുന്നവനേ, നിൻ്റെ തിരുനാമത്തിനു സ്തുതി. പ്രാർത്ഥിക്കാം. നമുക്കു സമാധാനം.

കാർമ്മി: സജീവവും ജീവദായകവുമായ ശബ്‌ദത്താൽ ലാസറിനെ ഉയിർപ്പിച്ച കർത്താവേ, ആ ശബ്ദം മഹനീമായ നീതിവിധിയുടെ ദിവസത്തിൽ നിൻ്റെ ദാസനെ (ദാസിയെ) വിളിക്കയും നിന്റെ വലതുഭാഗത്തു നിറുത്തുകയും ചെയ്യട്ടെ. പാപങ്ങൾ പൊറുക്കുന്നവനും കരുണനിറഞ്ഞവനും നീതിമാനുമായ വിധികർത്താവേ, ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ

കാർമ്മി: കർത്താവേ, മരിച്ചവരെ നീ കരുണാപൂർവ്വം ജീവിപ്പിക്കണമേ. ജീവിക്കുന്നവരെ ദയാപൂർവ്വം പരിപാലിക്കണമേ, ഉത്ഥാനം പ്രതീക്ഷിച്ചു മരണമടഞ്ഞവരെ മഹിമയോടെ ഉയിർപ്പിക്കണമേ. ജീവൻ്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ, കർത്താവേ അനുഗ്രഹിക്കണമേ.

കാർമ്മി: സകലത്തിൻ്റെയും നാഥനായ ദൈവം തന്റെ നീതിമാൻമാരോടും വിശുദ്ധരോടുംകൂടെ ഉൽകൃഷ്‌ടമായ ഉയിർപ്പും മഹനീയമായ നിത്യജീവനും നൽകി സ്വർഗ്ഗരാജമാകുന്ന ഓർഗ്ലത്തേക്ക് ഈ ആളെ പ്രവേശിപ്പിക്കുമാറാകട്ടെ. നമ്മിൽ നിന്നു വേർപെട്ടുപോയ മിശിഹായുടെ മൗതിക ശരീരത്തിലെ ഈ അംഗത്തെ അനുഗമിക്കുകയും, ഈ മൃതസംസ്കാരത്തിൽ സഹകരിച്ച് ഈ ആളെ ബഹുമാനിക്കയും ചെയ്‌ത നിങ്ങളെല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്ര ഹിക്കുമാറാകട്ടെ. അവിടത്തെ കൃപ നിരന്തരം നിങ്ങളിൽ വസിക്കയും അവിടത്തെ കാരുണ്യം നിത്യം നിങ്ങളെ അനു ഗമിക്കുകയും ചെയ്യട്ടെ. ഇപ്പോഴും ✝ എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേൻ.

എല്ലാവരും കുരിശുതൊട്ടു നമസ്ക്‌കരിച്ചു പിരിഞ്ഞു പോകുന്നു.

Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply