ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
പ്രിയമുള്ളവരേ, ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ ഇരുപതാമത്തെ ദിവസത്തിലേക്ക് ഏറ്റവും പ്രാർത്ഥനയോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.
ഇരുപതാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോൾ ഇരുപത് ദിവസങ്ങൾ പിന്നിടുകയാണ്.
എന്ന് പറഞ്ഞാൽ, 40 ദിവസം നീളുന്ന യാത്രയുടെ ഏതാണ്ട് പകുതി ദൂരം നമ്മൾ പിന്നിടുകയാണ്.
നമുക്കൊന്ന് നന്നായിട്ട് തിരിഞ്ഞുനോക്കി നമ്മൾ എങ്ങനെയാണ് യാത്ര ചെയ്തത് എന്ന് വിലയിരുത്താനുള്ള ഒരു സമയം കൂടിയാണിത്.
അതുകൊണ്ട് നമ്മൾ യഥാർത്ഥത്തിൽ നമ്മുടെ തീക്ഷ്ണത കൂടിയോ കുറഞ്ഞോ, എങ്ങനെയായിരുന്നു ഈ 20 ദിവസങ്ങൾ എന്ന് നിങ്ങൾ തീർച്ചയായും ചിന്തിക്കണം.
അത് നിങ്ങളുടെ പ്രാർത്ഥനയിൽ വയ്ക്കണം.
എന്നിട്ട് എവിടെയെങ്കിലും ഒരല്പം പുറകോട്ടുപോയി എന്ന് തോന്നുന്നുണ്ടെങ്കിൽ ഇനി ബാക്കി പകുതി ഒട്ടും തീക്ഷ്ണത കുറയാതെ മുന്നോട്ടുപോകാൻ നമ്മൾ ശ്രദ്ധിക്കുകയും ചെയ്യണം എന്ന് സ്നേഹത്തോടെ ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്.
ഈ ഇരുപതാമത്തെ ദിവസത്തെ ചിന്തയ്ക്കായിട്ട് ഞാൻ എടുക്കുന്നത് ബൈബിളിലെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഒരു ആശയമാണ്: പൈശാചിക ബലിപീഠങ്ങൾ തകർക്കണം എന്ന് പറയുന്ന ഒരു ആശയം.
പൈശാചിക ബലിപീഠങ്ങൾ തകർക്കണം.
ഇത് ഒറ്റപ്പെട്ട വാക്യങ്ങളിൽ അല്ല, നമ്മൾ ഇതൊരു ആശയമായിട്ട് പലയിടങ്ങളിൽ ചിതറിക്കിടപ്പുണ്ട്.
ഏറ്റവും പ്രധാനപ്പെട്ടത് കാനാൻ ദേശത്തേക്ക് ഇവർ പോകുന്ന സമയത്ത് ഇസ്രായേൽക്കാർക്ക് ദൈവം കൊടുത്ത ഒരു നിർദ്ദേശം എന്ന് പറയുന്നത് ഈ പൈശാചിക ബലിപീഠങ്ങൾ തകർക്കണം എന്ന് പറഞ്ഞ ഒരു ആശയമാണ്.
എന്തുകൊണ്ടാണ് പൈശാചിക ബലിപീഠങ്ങൾ തകർക്കണം എന്ന് പറഞ്ഞത് എന്നതിനെക്കുറിച്ച് ആദ്യം നമുക്കൊന്ന് ചിന്തിക്കാം.
പ്രധാനമായിട്ടും ഞാൻ ഒരു വാക്യം വായിച്ചുകൊണ്ട് തുടങ്ങാം.
നിയമാവർത്തന പുസ്തകത്തിന്റെ പന്ത്രണ്ടാമത്തെ അധ്യായം, നിയമാവർത്തനം 12:2 മുതലുള്ള വാക്യങ്ങൾ:
”നിങ്ങൾ കീഴടക്കുന്ന ജനതകൾ ഉയർന്ന മലകളിലും കുന്നുകളിലും മരച്ചുവടുകളിലും തങ്ങളുടെ ദേവന്മാരെ ആരാധിച്ചിരുന്ന എല്ലാ സ്ഥലങ്ങളും നിശ്ശേഷം നശിപ്പിക്കണം.
അവരുടെ ബലിപീഠങ്ങൾ തട്ടിമറിക്കണം. സ്തംഭങ്ങൾ തകർത്തു പൊടിയാക്കണം.
അഷേരാ ദേവതയുടെ ചിഹ്നങ്ങൾ ദഹിപ്പിക്കണം. ദേവന്മാരുടെ കൊത്തുവിഗ്രഹങ്ങൾ വെട്ടിമുറിച്ച് ആ സ്ഥലങ്ങളിൽ അവരുടെ നാമം നിർമ്മാർജ്ജനം ചെയ്യണം.”
പൈശാചിക ബലിപീഠങ്ങൾ തകർക്കണം എന്ന് പറയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത്, ഈ പിശാചിന് പ്രവേശനമുള്ള വഴികൾ അടയ്ക്കണം.
അതായത് നമ്മൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഞാൻ വ്യക്തതയോടെ ഒന്ന് പറയാൻ ശ്രമിക്കുകയാണ്.
നമ്മൾ ഈ കാനാൻ ദേശത്തെ ജനതകളുടെ ജീവിതത്തിൽ, ആ ജനതയുടെ ജീവിതത്തിൽ എങ്ങനെയാണ് ഈ പൈശാചിക ബലിപീഠങ്ങൾ അവരെ സ്വാധീനിച്ചിരുന്നത് എന്ന് അറിഞ്ഞാലേ നമുക്ക് ഈ ഒരു വചനത്തിന്റെ ആഴം മനസ്സിലാവുകയുള്ളൂ.
പ്രധാനമായും കാനാൻ ദേശക്കാർക്ക് പല ദേവന്മാർ ഉണ്ടായിരുന്നെങ്കിലും പ്രധാനമായും അവരുടെ ദേവന്മാർ ഒന്ന് ബാൽ—ബാൽ ദേവൻ.
രണ്ടാമത്തേത് അഷേര എന്ന് പറയുന്ന ദേവത.
മൂന്നാമത്തേത് മൊളേക്ക് എന്ന് പറയുന്ന മറ്റൊരു ദേവൻ.
ഇങ്ങനെ മൂന്ന് പ്രധാനപ്പെട്ട ദേവന്മാരെയാണ്, അല്ലെങ്കിൽ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ പൈശാചിക രൂപികളെയാണ് അവർ ആരാധിച്ചിരുന്നത്.
എന്താണ് അവിടുത്തെ ആ പ്രശ്നം?
ബാലിന്റെ ആരാധനയുമായി ബന്ധപ്പെട്ടും അശേരയുടെ ആരാധനയുമായി ബന്ധപ്പെട്ടും ഉണ്ടായിരുന്ന വലിയൊരു പ്രശ്നമാണ് ഈ ക്ഷേത്രവേശ്യകൾ ഉണ്ടായിരുന്നു—ടെമ്പിൾ പ്രോസ്റ്റിറ്റ്യൂട്ട്.
ഈ ഫെർട്ടിലിറ്റി കൾട്ട് (Fertility Cult) എന്ന് പറയുന്ന ഒരു ആശയമുണ്ട്.
അതായത് ഭൂമി വിളവ് നൽകണമെങ്കിൽ—അവർ ഇങ്ങനെ വിശ്വസിച്ചിരുന്നു—ഭൂമി വിളവ് നൽകണമെങ്കിൽ, ഭൂമിക്ക് പ്രത്യുൽപാദനശേഷി, പ്രൊഡക്റ്റിവിറ്റി ഉണ്ടാകണമെങ്കിൽ എന്ത് ചെയ്യണം?
ക്ഷേത്രവേശ്യകളുമായി—അത് മെയിൽ പ്രോസ്റ്റിറ്റ്യൂട്ടും ഉണ്ട്, ഫീമെയിൽ പ്രോസ്റ്റിറ്റ്യൂട്ടും ഉണ്ട്; ആൺ വേശ്യകളും പെൺ വേശ്യകളും ഉണ്ട്—ക്ഷേത്രത്തോട് ബന്ധപ്പെട്ടിട്ടാണ്, ഈ പൈശാചിക ആരാധനകളുമായി ബന്ധപ്പെട്ടിട്ടാണ്.
അപ്പോൾ അവരോട് ഈ പാപം ചെയ്ത്, ശാരീരികമായി പാപം ചെയ്ത് ഈ ഭൂമിയെ പ്രസാദിപ്പിക്കണം.
അപ്പോഴാണ് ഭൂമി വിളവ് നൽകുന്നത്. ഇതായിരുന്നു അവരുടെ ചിന്ത.
അതുകൊണ്ട് ഈ പൈശാചിക ആരാധന നടക്കുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ഒത്തിരി പാപം നടന്നിരുന്നു, തിന്മ നടന്നിരുന്നു.
അതുകൊണ്ടാണ് കർത്താവ് പറയുന്നത്, ആ ബലിപീഠങ്ങൾ എല്ലാം തകർക്കണം.
എന്തുകൊണ്ടാണ് ആ ബലിപീഠം തകർക്കേണ്ടത്?
ഒരു ബലിപീഠം ദൈവത്തിന്റെ ബലിപീഠമായി മാറുന്നത്, ആ ബലിപീഠത്തിൽ നമ്മൾ ആരാധിക്കുമ്പോൾ നമ്മളെ പരിശുദ്ധരാവാൻ ആ ബലിപീഠം സഹായിക്കുമ്പോഴാണ്.
ഞാൻ ഒന്നുകൂടെ പറയാം: ഒരു ബലിപീഠം ദൈവത്തിന്റെ ബലിപീഠമായി മാറുന്നത്, ആ ബലിപീഠത്തിൽ ആരാധിക്കുന്ന നമ്മളെ കൂടുതൽ പരിശുദ്ധരാവാൻ ആ ബലിപീഠം സഹായിക്കുമ്പോഴാണ്.
ഇപ്പോൾ നമ്മൾ പലയിടങ്ങളിലും ഒരുപാട് ഭക്തരായ ആളുകളെ കാണുന്നുണ്ട്. അവർ ഭക്തരാണ്.
പക്ഷേ അവരുടെ ഭക്തിയെല്ലാം എന്തിനാണ്?
കൂടുതൽ കൊള്ളലാഭം ഉണ്ടാക്കാൻ, കൂടുതൽ മറ്റുള്ളവന് അവകാശമായിരിക്കുന്ന കാര്യങ്ങൾ പിടിച്ചെടുക്കാൻ, അല്ലെങ്കിൽ അധികാരം കിട്ടാൻ, രാഷ്ട്രീയമായ അധികാരങ്ങൾ സ്ഥാപിക്കാൻ, നമ്മൾ വലിയ ആളുകളായി മാറാൻ, ബിസിനസ് മെച്ചപ്പെടാൻ…
എന്ന് പറഞ്ഞാൽ അക്രമം, അഴിമതി, അനീതി, കൊതികാൽവെട്ട്, കള്ളത്തരം ഇതൊന്നും അവസാനിപ്പിക്കാതെ അനുഗ്രഹങ്ങൾ കിട്ടാൻ പലവിധമായ പൂജകളും പലവിധമായ ആരാധനകളും ഒക്കെ നടത്തുന്ന ആളുകളെല്ലാം ആത്യന്തികമായി ആരാധിക്കുന്നത് ദൈവത്തെയല്ല, പിശാചിനെയാണ്.
അപ്പോൾ അതുകൊണ്ട് ഈ ബലിപീഠങ്ങളുടെ പ്രശ്നം, ഈ ബലിപീഠങ്ങൾ അവരെ വിശുദ്ധരാക്കിയില്ല, അശുദ്ധരാക്കി.
തങ്ങളെത്തന്നെ മ്ലേച്ഛത നിറഞ്ഞ മനുഷ്യരാവാനാണ് ഇത് അവരെ പ്രേരിപ്പിച്ചത്.
അതുപോലെതന്നെ മൊളേക്ക്—ബെൻഹിന്നോം താഴ്വരയിലെ മൊളേക്കിന്റെ തോഫെത്ത് എന്ന് പറയുന്ന ആ സ്ഥലത്ത് മൊളേക്കിന്റെ വലിയൊരു വിഗ്രഹം.
അതിന്റെ രണ്ടു കൈയും വലിയ കൈയാണ്. ആ കയ്യിൽ, അതിന്റെ അടിയിൽ തീയിട്ട് പഴുപ്പിച്ച് അതിന്റെ മുകളിൽ കുഞ്ഞുങ്ങളെ വെച്ച് കത്തിച്ചുകളയുമായിരുന്നു. കുട്ടികൾ കരയുന്നത് കേൾക്കാതിരിക്കാൻ ഡ്രം അടിച്ചു ശബ്ദം ഉണ്ടാക്കുമായിരുന്നു.
അപ്പൊ എന്ന് പറഞ്ഞാൽ കിരാതമായ, അധീനമായ, ക്രൂരമായ നടപടിക്രമങ്ങൾ നടന്നിരുന്ന ബലിപീഠങ്ങളാണ് ഇതെല്ലാം.
അതുകൊണ്ടാണ് കർത്താവ് പറയുന്നത്, നിങ്ങൾ കാനാൻ ദേശത്ത് ചെന്ന് കഴിയുമ്പോൾ അവരുടെ ബലിപീഠങ്ങൾ എല്ലാം തകർത്തു കളയണം.
എന്താണ് നമുക്ക് ഈ ഭാഗത്തുനിന്ന് എടുക്കേണ്ട ആശയം?
നമ്മുടെ ജീവിതത്തിൽ നമ്മളോ നമ്മുടെ മാതാപിതാക്കളോ പൂർവ്വികരോ പിശാചിന് ബലിപീഠം തീർത്തിട്ടുണ്ടോ എന്ന് നമ്മൾ പരിശോധിക്കണം.
പിശാചിന് എങ്ങനെയാണ് ബലിപീഠം തീർക്കുന്നത്?
ഒന്ന്, വിഗ്രഹാരാധന. അല്ലെങ്കിൽ ഇതുപോലെ പൈശാചിക ആരാധന, സാത്താൻ സേവ, ബ്ലാക്ക് മാസ്, കടമറ്റത്ത് സേവ, കൂടോത്രം, മന്ത്രവാദം, ആഭിചാരം ഇങ്ങനെയൊക്കെയുള്ള എല്ലാ കാര്യങ്ങളിലും സാത്താന് ബലിപീഠം പണിയുകയാണ്.
അതുപോലെ സമ്പത്ത് തട്ടിയെടുക്കുക, കൊലപാതകം, ഭ്രൂണഹത്യ, വൈദികഹത്യ, ഗുരുഹത്യ…
ഇങ്ങനെയെല്ലാമുള്ള സ്ഥലങ്ങളിൽ അവിടെയൊരു പിശാചിന് ബലിപീഠം പണിയുകയാണ്.
വ്യഭിചാരം, അശുദ്ധി, ദുർനടപ്പ്, സ്വവർഗ്ഗഭോഗം, മൃഗഭോഗം, സ്വയംഭോഗം ഇവിടെയെല്ലാം പിശാചിന് ബലിപീഠം പണിയുകയാണ്.
അപ്പോൾ വചനം പറയുകയാണ്, നമ്മളെ ഓർമ്മിപ്പിക്കുകയാണ്: പരിശുദ്ധ കുർബാന എന്ന യഥാർത്ഥ സത്യദൈവത്തിന്റെ ബലിപീഠത്തിലേക്ക് വരുന്ന എല്ലാ മനുഷ്യരും പിശാചിന്റെ ബലിപീഠങ്ങൾ തകർക്കണം.
എന്ന് പറഞ്ഞാൽ പാപത്തിന്റെ ബലിപീഠങ്ങൾ തകർക്കണം, അശുദ്ധിയുടെ ബലിപീഠങ്ങൾ തകർക്കണം.
അപ്പോൾ ഇതാണ് ഈ ആശയം. നിങ്ങൾക്ക് അത് മനസ്സിലായി എന്ന് ഞാൻ വിചാരിക്കുന്നു, എന്താണ് പൈശാചിക ബലിപീഠം എന്ന്.
അതായത് നമ്മളെ വിശുദ്ധരാവാൻ സഹായിക്കാത്ത എല്ലാ ബലിപീഠങ്ങളെയും വിളിക്കാവുന്ന പേരാണ് പൈശാചിക ബലിപീഠങ്ങൾ. അത് നമ്മൾ തകർക്കണം.
ഇങ്ങനെയൊരു നിർദ്ദേശം നമ്മൾ ദൈവം മനുഷ്യർക്ക് നൽകുന്നതായി കാണുന്നുണ്ട്.
പ്രത്യേകിച്ച് ന്യായാധിപന്മാരുടെ പുസ്തകത്തിൽ, ആറാമത്തെ അധ്യായത്തിന്റെ 25-ാമത്തെ വാക്യം ഞാൻ വായിക്കുകയാണ് (ന്യായാധിപന്മാർ 6:25):
”ആ രാത്രി കർത്താവ് അവനോട് കൽപ്പിച്ചു: നിന്റെ പിതാവിന്റെ ഏഴു വയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടുവരിക. അവൻ ഉണ്ടാക്കിയിട്ടുള്ള ബാലിന്റെ യാഗപീഠം ഇടിച്ചുനിരത്തുകയും അതിന്റെ സമീപത്തുള്ള അഷേരാ പ്രതിഷ്ഠ വെട്ടി വീഴ്ത്തുകയും ചെയ്യുക.
ഈ ദുർഗ്ഗത്തിന് മുകളിൽ കല്ലുകൾ യഥാക്രമം അടുക്കി നിന്റെ ദൈവമായ കർത്താവിന് ഒരു ബലിപീഠം പണിയുക.”
കണ്ടോ, ഗിദെയോനോട് ദൈവം പറയുകയാണ്: നിന്റെ പിതാവ് ബാലിന് ഉണ്ടാക്കിയ ബലിപീഠം തകർത്ത് യഹോവയുടെ ബലിപീഠം പണിയുക.
ഇതുപോലെ തന്നെ നമ്മൾ രാജാക്കന്മാരുടെ പുസ്തകത്തിലേക്ക് വരുമ്പോൾ, രാജാക്കന്മാരുടെ പുസ്തകത്തിൽ ജെറോബോവാം എന്ന് പറയുന്ന ഒരു രാജാവ്—1 രാജാക്കന്മാർ അദ്ധ്യായം 12-ൽ 25 മുതലുള്ള വാക്യങ്ങളിൽ—ദാനിലും ബെഥേലിലും കാളക്കുട്ടിയെ നിർമ്മിച്ച് വെച്ച്, കാളക്കുട്ടിയെ ആഗ്രഹിച്ച് പിശാചിന് ബലിപീഠം പണിയുന്നതായിട്ട് നമ്മൾ കാണുന്നുണ്ട്.
എന്നാൽ അങ്ങനെ ജെറോബോവാം പിശാചിന് ബലിപീഠം പണിതു കഴിയുമ്പോൾ ഒരു പ്രവാചകൻ—1 രാജാക്കന്മാർ 13-ാം അധ്യായത്തിൽ—ഒരു പ്രവാചകൻ വന്നിട്ട് പറയുകയാണ്: യൂദാ രാജ്യത്തുനിന്ന് ജോസിയ എന്ന് പേരുള്ള ഒരു രാജാവ് വന്ന് ഈ പിശാചിന് നീ തീർത്ത ബലിപീഠം തകർക്കും എന്നൊരു പ്രവചനം നടത്തുന്നുണ്ട്.
നമ്മൾ പിന്നീട് യൂദായുടെ പരമ്പരയിൽ, ദാവീദിന്റെ പരമ്പരയിൽ ജോസിയ എന്ന് പറഞ്ഞൊരു രാജാവ് വരുകയും ഈ ജെറോബോവാം നിർമ്മിച്ച പിശാചിന്റെ ബലിപീഠങ്ങൾ തകർക്കുകയും ചെയ്യുന്നത് നമ്മൾ കാണുന്നുണ്ട്.
ഞാൻ ഈ ആശയം നിങ്ങളോട് പങ്കുവെക്കുന്നത്, നമ്മൾ ഈ 40 ദിവസത്തെ പ്രാർത്ഥനയുമായി ബന്ധപ്പെട്ട് ഞാൻ നിങ്ങളോട് പറഞ്ഞിരുന്ന ഒരു കാര്യമാണ്: നമ്മുടെ പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥിക്കണം.
അതിനു വേണ്ട പേപ്പറുകൾ, ആത്മശോധന ചെയ്യാനുള്ള മേഖലകൾ, അതിനുവേണ്ട ആ പൂർവ്വികരിലൂടെ വന്ന ബന്ധനങ്ങൾ മാറുന്നതിനുള്ള പ്രാർത്ഥനയെല്ലാം നമ്മുടെ വെബ്സൈറ്റിലും Encounter ആപ്പിലും അവൈലബിൾ ആണെന്ന് ഞാൻ ഇൻട്രൊഡക്ടറി എപ്പിസോഡിൽ പറഞ്ഞിരുന്നു.
നിങ്ങൾ അത് ഡൗൺലോഡ് ചെയ്ത് എടുത്തു എന്ന് ഞാൻ വിശ്വസിക്കുന്നു.
നമ്മൾ ഈ 40 ദിവസവും, ഇനിയുള്ള 20 ദിവസവും—20 ദിവസം കഴിഞ്ഞു, ഇനി 20 ദിവസവും—നമ്മൾ ചെയ്യേണ്ടത് ഈ പൂർവ്വികർക്ക് വേണ്ടിയുള്ള പ്രാർത്ഥന ശക്തമായിട്ട് നടത്തണം.
അങ്ങനെ നടത്തുമ്പോൾ പൂർവ്വികരായി നിർമ്മിച്ച—ഇവിടെ ഗിദെയോനോട് പറഞ്ഞതുപോലെ—പൂർവ്വികരായി നിർമ്മിച്ച പിശാചിന്റെ ബലിപീഠങ്ങൾ തകരും.
അവിടെ നമുക്ക് കർത്താവിന്റെ ബലിപീഠം—നമ്മൾ എന്നും കുർബാനയ്ക്ക് പോകുന്നുണ്ട്—അപ്പോൾ കർത്താവിന്റെ ബലിപീഠം പണിയാനും സാധിക്കും.
ഞാൻ പറഞ്ഞു വരുന്നത്, ഇങ്ങനെ പിശാചിനു വേണ്ടി നമ്മൾ ബലിപീഠം പണിഞ്ഞത് തകർത്തു കളഞ്ഞാൽ എന്താണ് സംഭവിക്കുന്നത്?
ഞാൻ അബ്രാഹത്തിന്റെ ബലിപീഠത്തെയും യാക്കോബിന്റെ ബലിപീഠത്തെയും കുറിച്ച് ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു.
അപ്പോൾ അത് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞിരുന്നു: ബലിപീഠം പണിഞ്ഞവൻ മരിച്ചാലും ബലിപീഠം മരിക്കുന്നില്ല.
ആ ബലിപീഠം ആർക്കുവേണ്ടിയാണോ പണിതത്, ആ ശക്തി അവിടെ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
അപ്പോൾ ദൈവത്തിനാണ് നമ്മൾ ബലിപീഠം പണിതതെങ്കിൽ, നമ്മൾ ബലിപീഠം പണിതത് നമ്മുടെ അപ്പന്റെ അപ്പൻ ആണെങ്കിലും നമ്മുടെ കൊച്ചുമക്കളുടെ ജീവിതത്തിൽ ആ ബലിപീഠം ദൈവത്തിന്റെ സാന്നിധ്യവും ശക്തിയും അവരിൽ പ്രകടമാകുന്നതിന് ആ ബലിപീഠം കാരണമാകും.
എന്ന് പറഞ്ഞപോലെ പിശാചിനാണ് ബലിപീഠം പണിതതെങ്കിൽ അടുത്ത തലമുറയിൽ പിശാചിന്റെ പ്രവർത്തികൾ നടക്കുന്നതിനും അത് ഇടയാക്കും.
അതുകൊണ്ട് നമ്മൾ ബോധപൂർവ്വം സാത്താന് പണിയപ്പെട്ട ബലിപീഠങ്ങൾ തകർക്കണം.
ബലിപീഠങ്ങൾ എന്ന് ഞാൻ പറയുമ്പോൾ അത് ഭൗതികമായ ഒരു സ്ട്രക്ചർ അല്ല ഉദ്ദേശിക്കുന്നത്.
മറിച്ച്, സാത്താന് നമ്മൾ ആരാധന കൊടുത്തിട്ടുള്ള എല്ലാ മേഖലകളെയും കുറിച്ച് പശ്ചാത്തപിച്ചു പ്രാർത്ഥിക്കണം.
അത് നമുക്ക് വേണ്ടി മാത്രമല്ല, നമ്മുടെ പൂർവ്വികർക്ക് വേണ്ടിയും അങ്ങനെ പ്രാർത്ഥിക്കണം.
ഞാൻ ഒരു ഉദാഹരണം പറഞ്ഞ് അത് മനസ്സിലാക്കി തരാൻ ശ്രമിക്കാം.
ഇപ്പോൾ ഉദാഹരണത്തിന്, നമ്മുടെ കുടുംബത്തിൽ പൂർവ്വികരിൽ ആരെങ്കിലും—ഇപ്പോൾ നമ്മുടെ അപ്പന്റെ അപ്പൻ—മന്ത്രവാദം ചെയ്യുന്ന ഒരാളായിരുന്നു എന്ന് വിചാരിക്കുക.
മന്ത്രവാദം പിശാചിന് നേരിട്ട് ആരാധന കൊടുക്കുന്ന ഒരു സമ്പ്രദായമാണ്—ആഭിചാരം, മന്ത്രവാദം എല്ലാം.
അപ്പോൾ അവിടെ ആ വലിയപ്പൻ നമ്മുടെ കുടുംബത്തിലേക്ക് പിശാചിന് ഒരു വാതിൽ തുറന്നു കൊടുത്തു മന്ത്രവാദത്തിലൂടെ.
അപ്പോൾ തീർച്ചയായും നിങ്ങൾ വിശ്വസിക്കുമെങ്കിലും ഇല്ലെങ്കിലും, സമ്മതിച്ചാലും ഇല്ലെങ്കിലും, എനിക്ക് അത്രയും ബോധ്യമുണ്ട് ഈ കാര്യങ്ങളിൽ: പിശാചിന് ഒരു വാതിൽ തുറന്നു കൊടുത്താൽ ആ കുടുംബവൃക്ഷത്തിലേക്ക് പിശാച് പ്രവേശിക്കും; ഒരു ദുഷ്ടാരൂപി അല്ലെങ്കിൽ ഒന്നിലധികം ദുഷ്ടാരൂപികൾ പ്രവേശിക്കും.
എന്നിട്ട് പിശാച് ഒരു കുടുംബത്തിലേക്ക് വന്നാൽ—യോഹന്നാൻ 10:10—പിശാച് വരുന്നത് മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ്.
അവൻ നമ്മളെ സന്തോഷിപ്പിക്കാൻ അല്ല വരുന്നത്.
അപ്പോൾ അതുകൊണ്ട് എന്തു ചെയ്യും?
ആ ദുഷ്ടാരൂപി ആ കുടുംബവൃക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഏതെങ്കിലുമൊക്കെ മേഖലകളിൽ അവൻ തകർച്ചകൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും.
അപ്പോൾ നമ്മൾ എന്ത് ചെയ്യണം?
ജോസിയായെപ്പോലെ, അല്ലെങ്കിൽ ഗിദെയോനെപ്പോലെ, അല്ലെങ്കിൽ മോശ പറഞ്ഞതുപോലെ കാനാൻ ദേശത്ത് പ്രവേശിച്ച് ഇസ്രായേൽ മക്കളെപ്പോലെ ആ പൈശാചിക ബലിപീഠം തകർക്കണം.
എന്ന് പറഞ്ഞാൽ നമ്മൾ യേശുക്രിസ്തുവിന്റെ നാമത്തിൽ മാപ്പ് ചോദിക്കണം.
ഇപ്പോൾ ഉദാഹരണത്തിന് ഞാൻ നേരത്തെ പറഞ്ഞതുപോലെ, നമ്മുടെ ആരുടെയെങ്കിലും ഗ്രാൻഡ്ഫാദർ പിശാചിനെ ആരാധിക്കുന്ന അല്ലെങ്കിൽ മന്ത്രവാദം ചെയ്യുന്ന ഒരാളായിരുന്നു എന്ന് വിചാരിക്കുക.
അല്ലെങ്കിൽ കൊലപാതകം ചെയ്തിട്ടുണ്ടെന്ന് വിചാരിക്കുക.
അല്ലെങ്കിൽ അനേകം ഭ്രൂണഹത്യകൾ, അബോർഷൻസ് നമ്മുടെ കുടുംബങ്ങളിൽ നടന്നിട്ടുണ്ടെന്ന് വിചാരിക്കുക.
പ്രിയപ്പെട്ടവരെ, നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും ഇങ്ങനെയുള്ള പാപങ്ങൾ നടക്കുമ്പോൾ പിശാചിന് ഒരു വാതിൽ തുറക്കപ്പെടും.
അപ്പോൾ ആ കാര്യം നമ്മൾ അനുതപിച്ച് പ്രാർത്ഥിക്കണം. നമ്മുടെ കാര്യമാണെങ്കിൽ നമുക്ക് കുമ്പസാരക്കൂട്ടി പറഞ്ഞു പ്രാർത്ഥിക്കാം.
മാതാപിതാക്കളുടെയും പൂർവ്വികരുടെയും കാര്യം ആകുമ്പോൾ അവർ ചിലപ്പോൾ മരിച്ചു പോയിട്ടുണ്ടാവും.
അവർക്കുവേണ്ടി ജീവിച്ചിരിക്കുന്നവർ മാപ്പ് ചോദിച്ച് പ്രാർത്ഥിക്കണം. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
കർത്താവിനോട് മാപ്പ് ചോദിച്ച് പ്രാർത്ഥിക്കണം. അങ്ങനെ വന്ന തെറ്റ്, അതിന്റെ ഉത്തരവാദിത്വം ഞങ്ങളുടെ കുടുംബം ഏറ്റെടുക്കുന്നു; ഞങ്ങൾ കർത്താവിനോട് മാപ്പ് ചോദിക്കുന്നു; ഞങ്ങൾ മന്ത്രവാദം, ആഭിചാരം, ക്ഷുദ്രം, കൂടോത്രം തുടങ്ങിയവയിലൂടെ പിശാചിന് വാതിൽ തുറന്നു കൊടുത്തതിന് മാപ്പ് ചോദിക്കുന്നു.
ഇങ്ങനെ പ്രാർത്ഥിച്ചിട്ട് യേശുവിന്റെ നാമം ഉച്ചരിച്ച്, യേശുവിന്റെ രക്തം തളിച്ച്—അതെങ്ങനെയാണ്, ഇതെല്ലാം നമ്മുടെ നാവുകൊണ്ടാണ് നമ്മൾ ചെയ്യുന്നത്—എങ്ങനെയാണ്: യേശുവിന്റെ നാമത്തിൽ, യേശുവിന്റെ രക്തം തളിച്ച് ഞങ്ങളുടെ കുടുംബവൃക്ഷത്തിൽ നിന്ന് അവിടെ പ്രവേശിച്ച പൈശാചിക അരൂപികൾ വിട്ടുമാറാൻ കൽപ്പിക്കുന്നു. അങ്ങനെ പറഞ്ഞു പ്രാർത്ഥിക്കണം!
ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് നിസ്സാരമായിട്ട് തോന്നാം.
എന്നാൽ ആയിരക്കണക്കിന് അനുഭവങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമാണ്: ഇങ്ങനെ നമ്മൾ അത് ഏറ്റെടുത്തു പ്രാർത്ഥിക്കുമ്പോൾ നമ്മുടെ കുടുംബങ്ങളിലെ പല തകർച്ചകളും വന്നിട്ടുണ്ട് പല രീതിയിൽ, അതെല്ലാം എടുത്തു മാറ്റപ്പെടും.
അവിടെയെല്ലാം ദൈവത്തിന്റെ ഒരു പ്രവർത്തി കാണാൻ പറ്റും. ദൈവം എല്ലാം നന്മയായിട്ട് മാറ്റുന്നത് കാണാൻ പറ്റും.
അപ്പോൾ അതുകൊണ്ട് ഇത് ക്രിസ്തീയ ജീവിതത്തിൽ നമുക്ക് വളരെ ഉത്തരവാദിത്തമുള്ള ഒരു കാര്യമാണ്.
അതുകൊണ്ട് ഈ 40 ദിവസത്തെ പ്രാർത്ഥനയിൽ ഈ വിഷയം നിങ്ങൾ വളരെ ഗൗരവമായി എടുത്ത് പ്രാർത്ഥിക്കണം.
നിങ്ങൾ മുടങ്ങിപ്പോയിട്ടുണ്ടെങ്കിൽ, കഴിഞ്ഞ 20 ദിവസം പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു: അടുത്ത ഒരു 20 ദിവസം കൂടി എടുത്ത് 40 ദിവസം നിങ്ങൾ പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ വലിയ മാറ്റങ്ങൾ കുടുംബത്തിൽ ഉണ്ടാവുന്നത് കാണാൻ പറ്റും.
കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
നമ്മൾ ഇന്ന്, ഇന്നത്തെ നമ്മുടെ പുണ്യം—നമ്മൾ അഭ്യസിക്കേണ്ട പുണ്യം—നമ്മുടെ ജീവിതത്തിൽ നമ്മുടെ കൃപകൾ കളയുന്ന പ്രധാനപ്പെട്ട ഒരു അവയവമാണ് നാവ്.
ബൈബിളിൽ ഒരുപാട് വചനങ്ങൾ നാവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
നാവിനെ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് ആത്മീയ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോവാൻ പറ്റും.
അപ്പോൾ അതുകൊണ്ട് ഇന്നത്തെ പുണ്യം അഭ്യസിക്കേണ്ടത് നാവിന്റെ നിയന്ത്രണം.
എന്ന് പറഞ്ഞാൽ സംസാരത്തിൽ തെറ്റുവരുത്താത്തവൻ പൂർണ്ണനാണ് എന്ന് ബൈബിൾ പറയുന്നു.
നമ്മൾ സംസാരിക്കുമ്പോൾ വളരെ ശ്രദ്ധയോടെ സംസാരിക്കാൻ, നാവുകൊണ്ട് പാപം ചെയ്യാതിരിക്കാൻ, അഹങ്കാരം പറയാതിരിക്കാൻ, നുണ പറയാതിരിക്കാൻ, മറ്റുള്ളവരെ പുച്ഛിക്കാതിരിക്കാൻ, നാവുകൊണ്ട് മറ്റുള്ളവരെ മുറിപ്പെടുത്താതിരിക്കാൻ ഒക്കെ നല്ല ഒരു ശ്രദ്ധ ഈ ദിവസം നമുക്കൊന്ന് പരിശീലിക്കാം.
അപ്പോൾ പുണ്യം: നാവിനെ നിയന്ത്രിക്കുക.
പാപം—ഒഴിവാക്കേണ്ട പാപം എന്ന് പറയുന്നത്—നാവിലൂടെ വരുന്ന തിന്മകൾ ഒഴിവാക്കാൻ ശ്രമിക്കുക ഇന്ന്.
പ്രാർത്ഥിക്കാൻ മനോഹരമായ ഒരു പ്രാർത്ഥന സങ്കീർത്തനത്തിൽ ഉണ്ട്, അത് ഞാൻ പറഞ്ഞു തരാം.
സങ്കീർത്തനം നമുക്ക് ഈ നാവുമായി ബന്ധപ്പെട്ട് മനോഹരമായ ഒരു പ്രാർത്ഥന പറഞ്ഞു തരുന്നുണ്ട്.
അത് 141-ാം സങ്കീർത്തനത്തിന്റെ മൂന്നാമത്തെ വാക്യമാണ്:
”കർത്താവേ, എന്റെ നാവിന് കടിഞ്ഞാണിടണമേ; എന്റെ അധരകവാടത്തിന് കാവലേർപ്പെടുത്തണമേ.”
ഇതാണ് പ്രാർത്ഥന: “എന്റെ നാവിന് കടിഞ്ഞാണിടണമേ; എന്റെ അധരകവാടങ്ങൾക്ക് കാവൽ ഏർപ്പെടുത്തണമേ.”
നമുക്ക് ടാസ്ക് ഇതാണ്: ഓരോ തവണ സംസാരിക്കുമ്പോഴും ശ്രദ്ധിച്ച്, നാവുകൊണ്ട് തെറ്റുവരുത്താതിരിക്കാൻ നമുക്കൊന്ന് പരിശ്രമിക്കാം.
ദൈവം നിങ്ങളെ സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ.
നമുക്ക് ആശീർവാദം തരുമ്പോൾ ആ കൃപകൾ നല്ലതുപോലെ സ്വീകരിക്കാൻ നമ്മുടെ ഹൃദയം തുറന്ന് നമുക്ക് ഒരുങ്ങുകയും ചെയ്യാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
ഇന്നത്തെ ആരാധനയിൽ പ്രിയമുള്ളവരെ, നമ്മുടെ പൂർവ്വികരെ നമുക്ക് പ്രത്യേകം ഓർത്തു പ്രാർത്ഥിക്കാം.
ശുദ്ധീകരണ സ്ഥലത്തായിരിക്കുന്ന, നമ്മുടെ കുടുംബങ്ങളിൽ നിന്ന് മരിച്ചുപോയവരെ ഈ ആരാധനയിലേക്ക് നമുക്ക് ചേർത്തുവെക്കാം.
ഈശോയുടെ പരിശുദ്ധ കുരിശിന്റെ മുമ്പിൽ, കർത്താവിന്റെ പരിശുദ്ധ ശരീരത്തിന്റെ മുമ്പിൽ ദൈവമേ, ഞങ്ങളുടെ പൂർവ്വികർ ചെയ്തുപോയ പാപങ്ങളും ബലഹീനതകളും, കർത്താവേ, ഞങ്ങളുടെ പൂർവ്വികർക്ക് വന്നുപോയ പിഴകളും കർത്താവേ നീ ക്ഷമിക്കണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ഞങ്ങളുടെ കുടുംബാംഗങ്ങളിൽ പൂർവ്വികരിൽ ആരെങ്കിലും ഏതെങ്കിലും തലമുറയിൽ സാത്താന് ബലിപീഠങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിൽ, കർത്താവേ കുടുംബത്തിന്റെ പ്രതിനിധികളായി നിന്ന് ഞങ്ങൾ അങ്ങയോട് മാപ്പ് ചോദിക്കുന്നു.
കർത്താവേ, ഈ ദിവ്യകാരുണ്യ ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ, അങ്ങയെ ആരാധിക്കുമ്പോൾ എല്ലാ പൈശാചിക ബലിപീഠങ്ങളും ഞങ്ങളുടെ കുടുംബങ്ങളിൽ നിന്ന് തകർന്ന് ഇല്ലാതാവട്ടെ, ദൈവത്തിന് ബലിപീഠം പണിയട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കർത്താവേ, പൂർവ്വികരുടെ ജീവിതത്തിൽ വന്നുപോയ കുറവുകൾ കർത്താവ് കരുണ കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
നമ്മൾ ഈ പരിശുദ്ധ കുർബാനയുടെ ആശീർവാദം സ്വീകരിക്കുമ്പോൾ പ്രിയപ്പെട്ടവരെ, ഈ ആശീർവാദം നമ്മുടെ കുടുംബങ്ങളിൽ നിന്ന് മരിച്ചുപോയ എല്ലാവർക്കും വേണ്ടി നമുക്ക് കാഴ്ചവെക്കാം.
അവരുടെ ജീവിതം കർത്താവിന്റെ മുമ്പിൽ അവരുടെ ആത്മാവ് വിശുദ്ധീകരിക്കപ്പെട്ട് ഈശോയോട് ചേർന്ന് അവർ നിത്യമായി അനുഗ്രഹിക്കപ്പെടുന്നതിന് ഈ ആശീർവാദം കാഴ്ചവെച്ച് പ്രാർത്ഥിക്കുകയും ചെയ്യാം.
കാരുണ്യവാനായ ദൈവം ഈ പരിശുദ്ധ കുർബാനയുടെ ആശീർവാദത്തിലൂടെ നിങ്ങളുടെ കുടുംബങ്ങളിൽ നിന്ന് പാപങ്ങളും കടങ്ങളും ശാപങ്ങളും പൈശാചിക ബന്ധനങ്ങളും എടുത്തു മാറ്റട്ടെ.
ദൈവത്തിന്റെ കരം നിങ്ങളുടെ കുടുംബത്തിൽ ശക്തമായി പ്രവർത്തിക്കാൻ ഇടയാവട്ടെ.
മരിച്ചുപോയവരുടെ ആത്മാക്കൾക്ക് നിത്യശാന്തിയും ആശ്വാസവും വിമോചനവും കർത്താവ് പ്രധാനം ചെയ്യട്ടെ.
ശുദ്ധീകരണാത്മാക്കളുടെ മേൽ ഈ നിമിഷങ്ങളിൽ വലിയ ദൈവകരുണ വർഷിക്കപ്പെടട്ടെ.
കർത്താവിന്റെ നിരവധിയായ അനുഗ്രഹങ്ങൾ കുടുംബങ്ങളിൽ കടന്നുവരുന്നതിന് തടസ്സമായി നിൽക്കുന്ന സകല ബന്ധനാവസ്ഥകളും യേശുവിന്റെ നാമത്തിൽ മാറിപ്പോകട്ടെ.
കർത്താവ് നിങ്ങൾക്ക് അനുഗ്രഹവും സമാധാനവും ഐശ്വര്യവും നൽകട്ടെ; ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply