പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.

​ഈശോയിൽ ഏറ്റവും സ്നേഹമുള്ളവരെ, ദിവ്യകാരുണ്യ വിമോചന യാത്രയുടെ മുപ്പത്തിനാലാമത്തെ ദിവസത്തിലേക്ക് പ്രാർത്ഥനാപൂർവ്വം നിങ്ങളെ സന്തോഷത്തോടെ ഞാൻ സ്വാഗതം ചെയ്യുന്നു.

ദൈവകൃപ നിറഞ്ഞ ഒരു യാത്ര നമ്മൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

വളരെ പ്രതികൂലങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിലാണ് ഓരോരുത്തരും ഈ യാത്രയിൽ പങ്കെടുക്കുന്നത്.

എങ്കിലും ദൈവം തരുന്ന പ്രേരണകൾ അനുസരിച്ച് നമ്മൾ 40 ദിനരാത്രങ്ങൾ കർത്താവിനോട് ചേർന്ന് ജീവിക്കാൻ പരിശ്രമിക്കുമ്പോൾ വലിയ അത്ഭുതകരമായ നവീകരണവും ഉയർച്ചയും നമ്മുടെ ജീവിതത്തിന് ഉണ്ടാകുന്നതിന് ദൈവം നമ്മെ സഹായിക്കും.

അതുകൊണ്ട് ഈ യാത്രയിൽ പങ്കുചേരുന്ന നിങ്ങളെ ഒരിക്കൽക്കൂടി സന്തോഷത്തോടെ അഭിവാദനം ചെയ്തുകൊണ്ട് ഞാൻ ഇന്നത്തെ ദിവ്യകാരുണ്യ ചിന്തകളിലേക്ക് കടക്കുകയാണ്.

​നമ്മൾ ഇന്ന് ചിന്തിക്കുന്നത് വിശുദ്ധ കുർബാനയിലൂടെ നമ്മൾ എങ്ങനെയാണ് രക്ഷയുടെ പൂർണ്ണാനുഭവത്തിലേക്ക് എത്തിച്ചേരുന്നത് എന്നാണ്.

അല്ലെങ്കിൽ എങ്ങനെയാണ് നമ്മൾ ദിവ്യകാരുണ്യത്തിലൂടെ രക്ഷിക്കപ്പെടുന്നത്?

​രക്ഷ എന്നതിന് പ്രധാനമായും മൂന്ന് തലങ്ങൾ ഉള്ളതായി അപ്പസ്തോലിക സഭകളുടെ രക്ഷാശാസ്ത്രം പഠിപ്പിക്കുന്നുണ്ട്.

രക്ഷയ്ക്ക് ഒരു ഭൂതകാലമുണ്ട്; അതായത് ഒരിക്കൽ നമ്മൾ രക്ഷ അനുഭവിച്ചു, രക്ഷയുടെ ആരംഭം.

‘പ്രാരംഭ നീതീകരണം’ എന്ന വാക്കാണ് കത്തോലിക്കാ സഭ ഉപയോഗിക്കുന്നത്.

ഇനി നമ്മൾ രക്ഷ ആരംഭിച്ചു കഴിഞ്ഞാൽ പിന്നീട് നമ്മൾ ആ രക്ഷയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു.

“എന്റെ പിന്നിലുള്ളത് വിസ്മരിച്ച് മുന്നിലുള്ളത് ലക്ഷ്യമാക്കി ഓടുന്നു” എന്ന് വിശുദ്ധ പൗലോസ് പറയുന്ന, രക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന തലം.

“നിൽക്കുന്നു എന്ന് വിചാരിക്കുന്നവൻ വീഴാതെ സൂക്ഷിക്കട്ടെ” എന്ന് അപ്പസ്തോലൻ ഓർമ്മിപ്പിക്കുന്ന ഒരു തലമാണത്.

ഈ രക്ഷയുടെ മൂന്നാമത്തെ തലമാണ് നമ്മൾ രക്ഷയുടെ പൂർണ്ണതയിലേക്ക് എത്തിച്ചേരും.

​നീതീകരണം, വിശുദ്ധീകരണം, മഹത്വീകരണം എന്നീ മൂന്ന് വാക്കുകൾ കൊണ്ടും ഈ മൂന്ന് തലങ്ങളെ വിശദീകരിക്കാൻ സഭ ഉപയോഗിക്കാറുണ്ട്—Justification, Sanctification, Glorification.

ഞാൻ പറഞ്ഞു വരുന്നത് അങ്ങനെ പ്രാരംഭ നീതീകരണം സംഭവിച്ച നമ്മൾ, അല്ലെങ്കിൽ രക്ഷയുടെ ആദ്യ അനുഭവം കിട്ടിയ നമ്മൾ എങ്ങനെയാണ് രക്ഷയുടെ പൂർണ്ണതയിലേക്ക് എത്തിച്ചേരുന്നതിന് വിശുദ്ധ കുർബാന നമ്മളെ സഹായിക്കുന്നത് എന്നുള്ളതാണ് ഇന്ന് നമ്മൾ ചിന്തിക്കുന്ന വിഷയം.

​നമ്മൾ എങ്ങനെയാണ് രക്ഷിക്കപ്പെടുന്നത്?

അല്ലെങ്കിൽ എങ്ങനെയാണ് രക്ഷ അനുഭവിക്കുന്നത്?

അപ്പസ്തോലന്മാർ പഠിപ്പിച്ചത് ഇങ്ങനെയാണ്, എഫേസോസ് ലേഖനം രണ്ടാം അധ്യായം എട്ടാമത്തെ വാക്യം: “വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്; അത് നിങ്ങൾ നേടിയെടുത്തതല്ല, അത് ദൈവത്തിന്റെ ദാനമാണ്.”

അതുപോലെ തന്നെ റോമാ ലേഖനം അഞ്ചാം അധ്യായം ഒന്നാം തിരുവചനത്തിലും നമ്മൾ അങ്ങനെ വായിക്കും: “വിശ്വാസത്താൽ നീതീകരിക്കപ്പെട്ട നാം ദൈവവുമായി സമാധാനത്തിലായിരിക്കുന്നു.”

അപ്പോൾ രക്ഷയുടെ ആരംഭം അല്ലെങ്കിൽ രക്ഷയുടെ അനുഭവം നമുക്ക് ലഭിക്കുന്നത് പ്രധാനമായും വിശ്വാസത്തിലൂടെയാണ്.

​അപ്പോൾ എന്താണ് വിശ്വസിക്കേണ്ടത്?

അത് റോമാ ലേഖനത്തിൽ അപ്പസ്തോലൻ നാലാം അധ്യായത്തിൽ എന്താണ് വിശ്വസിക്കേണ്ടത് എന്ത് വിശ്വസിക്കുമ്പോൾ ആണ് രക്ഷ പ്രാപിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്.

അതിങ്ങനെയാണ്. നാലാം അധ്യായമല്ല മൂന്നാം അധ്യായം

മൂന്നാം അധ്യായത്തിൽ പറയുകയാണ്: “ഈ ദൈവനീതി വിശ്വസിക്കുന്ന എല്ലാവർക്കും ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി mlലഭിക്കുന്നതാണ്.”

അപ്പോൾ വിശ്വാസം എന്ന്

പറയുന്നത് എന്തെങ്കിലും വിശ്വസിക്കുകയല്ല, യേശുക്രിസ്തുവിൽ ഉള്ള

വിശ്വാസമാണ്.

നമ്മൾ ആ വിശ്വാസത്തെ സാധാരണയായി രണ്ടായി

തിരിക്കാറുണ്ട്:

​അനുഗ്രഹങ്ങൾ തരുന്ന വിശ്വാസം (പൊതു വിശ്വാസം) – അല്ലെങ്കിൽ എല്ലാ മതങ്ങളിലും ഒക്കെ കാണുന്ന, പ്രാർത്ഥിക്കുമ്പോൾ അനുഗ്രഹം കിട്ടും, പ്രാർത്ഥിക്കുമ്പോൾ നന്മ കൈവരും എന്ന തരത്തിലുള്ള വിശ്വാസം.

​രക്ഷാകര വിശ്വാസം – രക്ഷിക്കുന്ന വിശ്വാസം; എന്ന് പറഞ്ഞാൽ ക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കാൻ സഹായിക്കുന്ന വിശ്വാസം.

ആ വിശ്വാസത്തെക്കുറിച്ചാണ്

നമ്മൾ സംസാരിക്കുന്നത്.

​എന്താണ് രക്ഷാകരമായ

വിശ്വാസം?

അത് യേശുക്രിസ്തു എന്ന വ്യക്തിയിലുള്ള

വിശ്വാസമാണ്.

അല്ലെങ്കിൽ കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ,

യേശുക്രിസ്തു നമ്മുടെ രക്ഷയ്ക്ക് വേണ്ടി എന്തെല്ലാം ചെയ്തു എന്ന കാര്യങ്ങളിലുള്ള വിശ്വാസമാണ്.

ഹെബ്രായർ 11:1 – “വിശ്വാസം എന്നത് പ്രത്യാശിക്കുന്നത് ലഭിക്കുമെന്ന ഉറപ്പും

കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.”

കാണപ്പെടാത്തവ ഉണ്ട്; എന്താണ്

കാണപ്പെടാത്തത്?

യേശുക്രിസ്തു നമുക്ക് വേണ്ടി എന്തെല്ലാം ചെയ്തു (നമ്മൾ കണ്ടിട്ടില്ല), ആ കാര്യങ്ങളിലുള്ള ഉറപ്പാണ് രക്ഷാകരമായ വിശ്വാസം.

അത് വിശ്വസിക്കുന്ന

ഒരാളാണ് യേശുക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കുന്നത്.

​അപ്പോൾ അങ്ങനെ വരുമ്പോൾ, ആ വിശ്വാസം ഒരാളുടെ ജീവിതത്തിൽ രക്ഷയിലേക്ക് എങ്ങനെയാണ് നയിക്കുന്നത് എന്ന് റോമാ ലേഖനത്തിന്റെ പത്താം അധ്യായത്തിന്റെ ഒമ്പതാമത്തെ വാക്യത്തിലുണ്ട്.

അതിങ്ങനെയാണ്: “യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും അധരം കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്താൽ നിങ്ങൾ രക്ഷപ്രാപിക്കും.”

അതായത് ഹൃദയത്തിൽ വിശ്വസിക്കണം, അധരം കൊണ്ട് പ്രഖ്യാപിക്കണം—”Believe in your heart and proclaim with your mouth.”

അപ്പോൾ ഈ രണ്ടു തലങ്ങൾ വിശ്വാസത്തിലൂടെ ഒരാൾ രക്ഷ അനുഭവിക്കുന്നതിന് അത്യാവശ്യമാണ്.

​അതുകൊണ്ട് ഞാൻ പറഞ്ഞുവരുന്നത്, രക്ഷയുടെ അനുഭവത്തിലേക്ക് ഒരാൾ വരുന്നതിന് അയാളെ സഹായിക്കുന്നത് ഹൃദയത്തിൽ യേശുക്രിസ്തു തനിക്ക് വേണ്ടി ചെയ്ത കാര്യങ്ങളിലുള്ള ഉറപ്പും, അത് അയാൾ അധരം കൊണ്ട് പ്രഖ്യാപിക്കുന്നതുമാണ്.

അങ്ങനെയാണെങ്കിൽ അടുത്ത ചോദ്യം ഇതാണ്:

എങ്ങനെയാണ് വിശുദ്ധ കുർബാന ഇങ്ങനെ ഹൃദയത്തിലുള്ള വിശ്വാസവും അധരം കൊണ്ടുള്ള പ്രഖ്യാപനവുമായി മാറുന്നത്?

എങ്ങനെയാണ് നമുക്ക് ഈ കൂദാശയെ വിശ്വാസ

പ്രഖ്യാപനമായി കാണാൻ കഴിയുന്നത്?

കാരണം വിശ്വാസം ഹൃദയത്തിൽ വിശ്വസിച്ച് അധരം കൊണ്ട് ഏറ്റുപറഞ്ഞാലേ ഒരാൾ രക്ഷ പ്രാപിക്കുകയുള്ളൂ.

നമ്മുടെ അടുത്ത അന്വേഷണ വിഷയം വിശുദ്ധ കുർബാന ഏതെങ്കിലും വിധത്തിൽ വിശ്വാസ പ്രഖ്യാപനമായി മാറുന്നുണ്ടോ എന്നതാണ്.

​അതിന് നമ്മൾ പരിശോധിക്കുന്നത് അപ്പസ്തോലനായ പൗലോസ് ദിവ്യകാരുണ്യത്തെക്കുറിച്ച് കോറിന്തോസ് ലേഖനത്തിൽ പറയുമ്പോൾ അദ്ദേഹം ഈ കാര്യം വളരെ വ്യക്തമായി നമുക്ക് പറഞ്ഞു തരുന്ന ഒരു ഭാഗം നമ്മൾ വായിക്കുമ്പോൾ നമുക്കത് മനസ്സിലാകും.

ചോദ്യം ഇതാണ്: എങ്ങനെയാണ് യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി രക്ഷപ്രാപിക്കുന്നതിന് വിശുദ്ധ കുർബാന നമ്മളെ സഹായിക്കുന്നത്?

എന്നുവെച്ചാൽ എങ്ങനെയാണ് വിശുദ്ധ കുർബാന നമ്മുടെ വിശ്വാസ പ്രഖ്യാപനമായി മാറുന്നത്?

എങ്കിൽ മാത്രമല്ലേ നമുക്ക് രക്ഷ കിട്ടുകയുള്ളൂ.

​കോറിന്തോസുകാർക്ക് പൗലോസ് അപ്പസ്തോലൻ എഴുതിയ ഒന്നാം ലേഖനം 11-ാം അധ്യായം 23 മുതലുള്ള വാക്യങ്ങളിലാണ് ഈ പുതിയ ഉടമ്പടിയെക്കുറിച്ച് പറയുന്നത്:

​”കർത്താവിൽ നിന്ന് എനിക്ക് ലഭിച്ചതും ഞാൻ നിങ്ങളെ പരമേൽപ്പിച്ചതുമായ

കാര്യം ഇതാണ്: കർത്താവായ യേശു താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ അപ്പമെടുത്ത് കൃതജ്ഞത അർപ്പിച്ചതിനു

ശേഷം അത് മുറിച്ചുകൊണ്ട്

അരുളിച്ചെയ്തു: ‘ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓർമ്മയ്ക്കായി നിങ്ങളിത് ചെയ്യുവിൻ.’

അപ്രകാരം തന്നെ അത്താഴത്തിനു ശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ‘ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. നിങ്ങൾ ഇത് പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.

നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.’”

​ഇവിടെ പറഞ്ഞ ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചോ എന്ന് അറിഞ്ഞുകൂടാ.

അതായത് ആരെങ്കിലും ഈ പരിശുദ്ധ കുർബാനയിൽ സംബന്ധിക്കുമ്പോൾ അവിടെ സംഭവിക്കുന്ന ഒരു കാര്യം എന്താണെന്ന് ഈ 26-ാമത്തെ വാക്യത്തിൽ പറയുകയാണ്. “നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം…”

നോക്കുക, പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുക, കുർബാന ഭക്ഷിക്കുക, പാനം ചെയ്യുക—ഇത് മനുഷ്യന്റെ കണ്ണിൽ ഒരു പ്രവർത്തിയാണ്.

എന്നാൽ പൗലോസ് അപ്പസ്തോലൻ പറയുകയാണ്, ഒരു ദൈവമനുഷ്യന്റെ കണ്ണിൽ ഈ ദിവ്യകാരുണ്യത്തിൽ പങ്കെടുക്കുന്നത് ഒരു പ്രവർത്തിയല്ല, മറിച്ച് ഒരു പ്രഖ്യാപനമാണ്.

​”നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം നിങ്ങൾ കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനം (രണ്ടാം വരവ്) വരെ പ്രഖ്യാപിക്കുകയത്രേ ചെയ്യുന്നത്.”

It is a proclamation!

അതായത് കുർബാന വിശ്വാസിക്ക് ഒരു ritual (ആചാരമല്ല), ഒരു പ്രഖ്യാപനമാണ്.

എന്ത് പ്രഖ്യാപിക്കുന്നു?

ഒരു വ്യക്തി യേശുക്രിസ്തുവിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിക്കുന്ന പ്രഖ്യാപനമാണ് കൂദാശകൾ.

ഒരുപാട് ആളുകൾ മാമ്മോദീസായെയും കുമ്പസാരത്തെയും കുർബാനയെയും കൂദാശകളെയും തെറ്റിദ്ധരിച്ചിട്ടുണ്ട്; പ്രത്യേകിച്ചും അപ്പസ്തോലിക സഭകൾക്ക് പുറത്തുള്ള സഹോദരങ്ങൾ പലപ്പോഴും അതിനെ ഒരു പ്രവർത്തി, ഒരു cult, ഒരു ആചാരം എന്നായിട്ടാണ് കാണുന്നത്.

അതൊരു തെറ്റിദ്ധാരണ മൂലമാണ്.

അപ്പസ്തോലൻ വ്യക്തമായിട്ട് പറയുകയാണ്: നിങ്ങൾ ദിവ്യകാരുണ്യത്തിൽ കുർബാന അർപ്പിക്കുമ്പോൾ അതൊരു ആചാരമല്ല, അതൊരു വിശ്വാസ പ്രഖ്യാപനമാണ്.

കർത്താവിന്റെ മരണവും കർത്താവിന്റെ ഉയർപ്പും കർത്താവിന്റെ രണ്ടാം വരവും പ്രഖ്യാപിക്കുന്നതാണ് കുർബാന.

അപ്പോൾ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ ഒരു ആചാരം നടത്തുകയല്ല, ഒരു വിശ്വാസ പ്രഖ്യാപനം നടത്തുകയാണ്.

അതുകൊണ്ടാണ് കുർബാനയിൽ നമുക്ക് രക്ഷ അനുഭവിക്കാൻ കഴിയുന്നു, നമ്മൾ രക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

​സീറോ മലബാർ കുർബാനയിൽ മനോഹരമായിട്ട് ഈ ആശയം പറയുന്നത് ഇങ്ങനെയാണ്:

“സ്നേഹമോടെന്നെ കൈക്കൊൾവോൻ എന്നിൽ നിത്യം ജീവിക്കും,

നേടുമവൻ സ്വർഗ്ഗം നിശ്ചയമായ്.”

എന്ന് പറഞ്ഞാൽ യോഗ്യതയോടെ ഈ ദിവ്യകാരുണ്യ ആചരണം നടത്തുകയും ദിവ്യകാരുണ്യ ജീവിതം നയിക്കുകയും ചെയ്യുന്നവൻ നിശ്ചയമായും സ്വർഗ്ഗത്തിൽ പോകും എന്ന് പറയുന്നതിന്റെ കാരണം ഇതാണ്: ഈ കുർബാന നമ്മുടെ രക്ഷയുടെ ഒരു കൂദാശയായി മാറുകയാണ്.

അതാണ് എനിക്ക് ഇതുമായി ബന്ധപ്പെട്ട് പറയാനുള്ള ഒന്നാമത്തെ ആശയം.

അത് കൊണ്ട് ​രണ്ടാമത്തെ ആശയം ഇതിനോട് ചേർന്നതാണ്. 11-ാം അധ്യായത്തിൽ അതിനോട് ചേർന്ന് അപ്പസ്തോലൻ പറയുന്ന ചില കാര്യങ്ങൾ കൂടി ഞാൻ വായിക്കുകയാണ്:

“തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്താൽ അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റ് ചെയ്യുന്നു.” അതായത് കുർബാന ആരെങ്കിലും അയോഗ്യതയോടെ ഭക്ഷിച്ചാൽ അവൻ തെറ്റ് ചെയ്യുന്നത് യേശുവിന്റെ ശരീരത്തിനും രക്തത്തിനും എതിരായിട്ടാണ്. അതിനാൽ ഓരോരുത്തരും ആത്മശോധന ചെയ്തതിനു ശേഷം ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാൽ ഈ ശരീരം യേശുവിന്റെ ശരീരമാണെന്ന് വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവൻ തന്റെ തന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്. നിങ്ങളിൽ പലരും രോഗികളും ദുർബലരും ആയിരിക്കുന്നതിനും പലരും മരിച്ചുപോയതിനും കാരണം ഇതാണ്.

​അപ്പോൾ അപ്പസ്തോലൻ പറയുകയാണ്: നിങ്ങൾ അതുകൊണ്ട് ഇത് യേശുക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലും പങ്കുചേരുന്നതും ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്നതും ആയതുകൊണ്ട് യോഗ്യതയോടെ, ഒരുക്കത്തോടെ, വിശുദ്ധിയോടെ വേണം ഇതിൽ പങ്കെടുക്കാൻ.

അല്ലെങ്കിൽ നമ്മുടെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും.

എങ്ങനെയാണ് ഇത് നമ്മുടെ രക്ഷയെ സഹായിക്കുന്നത്?

ഓരോ കുർബാനയിലും ഒരാൾ പങ്കെടുക്കുമ്പോൾ അയാൾ വളരെ ഒരുക്കത്തോടും വിശുദ്ധിയോടും അനുതാപത്തോടും പാപങ്ങളെക്കുറിച്ചുള്ള ശരിയായ ബോധ്യത്തോടും കൂടി പശ്ചാത്തപിച്ച് പങ്കെടുക്കുമ്പോൾ നിരന്തരം നമ്മൾ രക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

കാരണം നിരന്തരം നമ്മൾ വിശുദ്ധ കുർബാനയ്ക്ക് വേണ്ടി വിശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

കുർബാനയ്ക്ക് അകത്ത് നടക്കുന്ന ഒരു വിശുദ്ധീകരണമുണ്ട്, കുർബാനയ്ക്ക് വേണ്ടി നമ്മൾ നടത്തുന്ന ഒരു വിശുദ്ധീകരണമുണ്ട്.

അപ്പോൾ ഈ അർത്ഥത്തിൽ ഇത് നമ്മുടെ രക്ഷയെ ഒത്തിരി സഹായിക്കുന്നുണ്ട്.

​മൂന്നാമതായിട്ട്, നമ്മുടെ കുർബാന വിശുദ്ധ കുർബാന നമ്മളെ രക്ഷയിലേക്ക് സഹായിക്കുന്നത്, രക്ഷയുടെ പൂർണ്ണതയിൽ എത്താൻ സഹായിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ രക്ഷയുടെ അവസാനത്തെ ഘട്ടം ഏതാണെന്ന് വിശദീകരിക്കണം.

അത് മഹത്വീകരണമാണ്. മഹത്വീകരണം എന്ന് പറഞ്ഞാൽ യേശുക്രിസ്തുവിനെപ്പോലെ ആവുക എന്നാണ്.

അതാണ് റോമർ 8:29.

അതുപോലെ 1 കോറിന്തോസ് 3-ലും പറയുന്നുണ്ട്: ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുന്നു, പുത്രന്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുന്നു, യേശുക്രിസ്തുവിനെപ്പോലെ ആകുന്നു. ഇതാണ് രക്ഷയുടെ മൂന്നാമത്തെ ഘട്ടം.

നമ്മൾ മഹത്വീകരിക്കപ്പെടുന്നു, ക്രിസ്തുവിനെപ്പോലെ ആകുന്നു.

​ഓരോ കുർബാന സ്വീകരിക്കുമ്പോഴും ആ കുർബാന ഈശോ നമുക്ക് തരുന്നത് യേശുക്രിസ്തുവിനെപ്പോലെ പെരുമാറാനാണ്.

ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു, ക്രിസ്തുവിനെ ഭക്ഷിക്കുക എന്ന് പറഞ്ഞാൽ അപ്പം ഭക്ഷിക്കുക എന്ന് മാത്രമല്ല, ക്രിസ്തുവിന്റെ കാഴ്ചപ്പാടുകൾ ഭക്ഷിക്കുക, ക്രിസ്തുവിന്റെ മനോഭാവം ഭക്ഷിക്കുക, ക്രിസ്തുവിന്റെ ചിന്തകൾ ഭക്ഷിക്കുക, ക്രിസ്തുവിന്റെ ജീവിതരീതി ഭക്ഷിക്കുക, ക്രിസ്തുവിന്റെ പെരുമാറ്റശൈലി ഭക്ഷിക്കുക.

ക്രിസ്തു എങ്ങനെ ജീവിച്ചോ അതുപോലെ അനുകരിച്ച് ആയിത്തീരാനുള്ള പരിശ്രമമാണ് ദിവ്യകാരുണ്യത്തിലൂടെ നടക്കുന്നത്.

അതുകൊണ്ട് നമ്മുടെ ഈ christification, നമ്മുടെ ഈ ക്രിസ്തുവായി മാറുന്ന പ്രക്രിയ, ദൈവവൽക്കരണം (deification)—ആ പ്രോസസ്സ് നടക്കുന്നത് കുർബാനയിലാണ്.

അതാണ് അതിന്റെ ഒരു മൂന്നാമത്തെ ആശയം.

​നാലാമതായിട്ട് ഒരു കാര്യം കൂടി സൂചിപ്പിച്ച് അവസാനിപ്പിക്കാം.

റോമാ ലേഖനം എട്ടാം അധ്യായം ഒന്നാം വാക്യത്തിൽ പറയുന്നുണ്ട്: “യേശുക്രിസ്തുവിനോട് ഐക്യപ്പെടുന്നവർക്ക് ശിക്ഷാവിധി ഇല്ല.” അതായത് നമുക്ക് നിത്യതയിൽ എത്തിച്ചേരുന്നതിനുള്ള തടസ്സമായ ശിക്ഷാവിധികൾ ഇല്ലാതാകുന്നത് യേശുക്രിസ്തുവിനോട് ഐക്യപ്പെടുമ്പോഴാണ്. നമ്മൾ കുർബാനയിൽ എത്രമാത്രം യേശുക്രിസ്തുവിനോട് ഐക്യപ്പെടുകയാണ്! ഈശോയുടെ ശരീരവും രക്തവുമായിട്ട് നമ്മൾ ഐക്യപ്പെടുകയാണ്. നമ്മൾ അങ്ങനെ ഈശോയോട് united ആവുന്നത് വഴി നമ്മൾ രക്ഷ അനുഭവിക്കുകയാണ്.

അതാണ് ഈശോ യോഹന്നാൻ 6:56-ൽ പറഞ്ഞത്: “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്താൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ടാകും. ഇല്ലെങ്കിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ടാവുകയില്ല.”

​ഞാൻ ഈ എപ്പിസോഡിൽ പറയാൻ ശ്രമിച്ചത്, നമ്മൾ വിശുദ്ധ കുർബാന ഭക്ഷിക്കുമ്പോൾ, നമ്മൾ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ എത്രമാത്രം നമ്മുടെ ശിക്ഷാവിധികൾ മാറിപ്പോകുന്നു, നമ്മൾ രക്ഷ അനുഭവിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ കുർബാനയിലൂടെ നിരന്തരം നമ്മൾ രക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഹെബ്രായ ലേഖനം 3-ൽ പറയുന്നതുപോലെ നമ്മുടെ ആദ്യ വിശ്വാസത്തെ അവസാനം വരെ മുറുകെപ്പിടിച്ചാൽ മാത്രമേ നമ്മൾ രക്ഷ പ്രാപിക്കുകയുള്ളൂ, ക്രിസ്തുവിൽ പങ്കുകാരാവുകയുള്ളൂ.

അപ്പോൾ അതിന് നമ്മളെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു കൂദാശയാണ് വിശുദ്ധ കുർബാന.

അതുകൊണ്ട് വിശുദ്ധ കുർബാന രക്ഷയുടെ കൂദാശയാണ്—It is a sacrament of salvation.

അതായത് യേശുക്രിസ്തുവിനെ തന്നെ നമ്മൾ സ്വീകരിക്കുന്ന, ആ രക്ഷ നേരിട്ട് അനുഭവിക്കുന്ന, രക്ഷകനെ നമ്മുടെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങാൻ സഹായിക്കുന്ന ഒരു കൂദാശയാണ്.

അതുകൊണ്ട് ആ ഗൗരവത്തോടുകൂടി കുർബാനയിൽ പങ്കെടുക്കാൻ നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

​നമ്മൾ ഇന്ന് നമ്മുടെ ജീവിതത്തിലെ ഒരു പുണ്യം അഭ്യസിക്കേണ്ടത് ഇതാണ്: നമ്മൾ ക്രിസ്തു എന്ന ആ രക്ഷയുടെ വഴി നമുക്കറിയാവുന്ന എല്ലാ ആളുകളോടും പങ്കുവെക്കാൻ ഉത്തരവാദിത്തമുള്ളവരാണ്.

യേശുക്രിസ്തുവിലൂടെ നമ്മൾ അനുഭവിച്ച സ്നേഹം പങ്കുവെക്കാൻ നമുക്ക് അവകാശമുണ്ട്. അതാണ് സുവിശേഷവേല എന്ന് പറയുന്നത്.

അതുകൊണ്ട് നമ്മൾ കണ്ടുമുട്ടുന്ന വ്യക്തികളോട് ക്രിസ്തുവിന്റെ സ്നേഹം പങ്കുവെക്കാൻ, ക്രിസ്തുവിനെക്കുറിച്ച് പറയാനുള്ള ഒരു ഉത്തരവാദിത്തമുണ്ട്. ആ സ്നേഹം പകർന്നു കൊടുക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അത് ധൈര്യപൂർവ്വം ചെയ്യാൻ നമുക്കൊരു കൃപ കിട്ടുന്നതിന് പ്രാർത്ഥിക്കാം.

ഒഴിവാക്കേണ്ട തിന്മ: ആ മേഖലയിൽ അതിന്റെ ആവശ്യമില്ല എന്ന് ചിന്തിക്കുന്ന ഒരുപാട് പേരുണ്ട്; അതൊരു തിന്മയായിട്ട് തന്നെയാണ് ബൈബിൾ പറയുന്നത്. അതുകൊണ്ട് നമുക്ക് ഇപ്രകാരം പ്രാർത്ഥിക്കാം: കർത്താവേ, സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അങ്ങയെ പങ്കുവെക്കാനുള്ള കൃപ എനിക്ക് തരണമേ എന്ന്.

​ടാസ്ക് ഇതാണ്: ഒരാളോടെങ്കിലും ഇന്ന് നിങ്ങൾ അനുഭവിച്ച ക്രിസ്തുവിനെക്കുറിച്ച് പങ്കുവെക്കുക എന്നുള്ളതാണ് ഇന്നത്തെ നമ്മുടെ ടാസ്ക്.

നിങ്ങൾ വളരെ തീഷ്ണതയിൽ മുന്നോട്ടു പോകുന്നതിന് ഞാൻ നന്ദി പറയുന്നു. ഇനി ഏതാനും ദിവസങ്ങൾ കൂടിയേ നമ്മുടെ ഈ ദിവ്യകാരുണ്യ യാത്ര അവസാനിക്കാനുള്ളൂ.

അതുകൊണ്ട് ഒത്തിരി പ്രാർത്ഥനയിൽ ആയിരിക്കുക. കൂടുതൽ കർത്താവിന്റെ കൃപയോട് ചേർന്ന് ജീവിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

എനിക്കുവേണ്ടിയും പ്രാർത്ഥിക്കണം. അടുത്ത ദിവസം വീണ്ടും കണ്ടുമുട്ടുന്നതു വരെയും നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ആമേൻ.

​പ്രാർത്ഥന

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​നല്ല കർത്താവേ, ഒരു ദിവസം കൂടി അങ്ങയുടെ മുമ്പിൽ നിൽക്കാൻ ഞങ്ങൾക്ക് അനുഗ്രഹവും ഭാഗ്യവും ആയുസ്സും അവസരവും കർത്താവ് ഒരുക്കി തരുന്നതിനായി ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.

ദൈവമേ, വിശ്വാസം വഴി കൃപയാലാണ് ഞങ്ങൾ രക്ഷിക്കപ്പെടുന്നത്. ഹൃദയത്തിൽ വിശ്വസിച്ച് യേശുക്രിസ്തുവിനെ അധരം കൊണ്ട് ഏറ്റുപറയുമ്പോഴാണ് ഞങ്ങൾ രക്ഷ പ്രാപിക്കുന്നതെന്ന് അങ്ങ് ഞങ്ങൾ തിരുവചനത്തിലൂടെ കർത്താവേ പറഞ്ഞുതന്നു.

ഞങ്ങൾ ആ വിശ്വാസത്തിന്റെ പ്രഖ്യാപനം നടത്തുന്നത് പരിശുദ്ധ കുർബാനയിലാണ്, കൂദാശകളിലാണ് എന്ന് ഞങ്ങൾ വചനത്തിലൂടെ മനസ്സിലാക്കി.

​നല്ല കർത്താവേ, പരിശുദ്ധ കുർബാനയിൽ ഞങ്ങൾ വിശ്വാസം പ്രഖ്യാപിക്കുമ്പോൾ ഓരോ നിമിഷവും രക്ഷ അനുഭവിക്കുന്ന ആ അനുഭവം, രക്ഷയിലേക്ക് ഞങ്ങൾ അതിന്റെ പൂർണ്ണതയിലേക്ക് ഞങ്ങൾ നടന്നെടുക്കുന്ന അനുഭവം കർത്താവേ ഞങ്ങൾക്ക് ഒരു ബോധ്യമായി അങ്ങ് നൽകണമെന്ന് പ്രാർത്ഥിക്കുന്നു.

ഞങ്ങളുടെ ജീവിതത്തിലെ കുറവുകൾ തിരിച്ചറിയാനും അയോഗ്യതകൾ മനസ്സിലാക്കാനും അയോഗ്യതകളെല്ലാം പരിഹരിച്ച് വിശുദ്ധരായി മാറാനും ഓരോ ബലിയർപ്പണവും ഞങ്ങളെ സഹായിക്കണമേ.

ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും പാപങ്ങളെ അതിജീവിച്ച് വിശുദ്ധരാവാൻ കർത്താവേ പരിശുദ്ധ കുർബാനയിൽ അങ്ങ് ഞങ്ങളെ സഹായിക്കണമെന്ന് കർത്താവേ ഞങ്ങൾ പ്രാർത്ഥിക്കുന്നു.

​ഈ പ്രാർത്ഥനാ കൂട്ടായ്മയോട് ചേർന്ന് ഈ ദിവസങ്ങളിലെല്ലാം അങ്ങയുടെ പിന്നാലെ യാത്ര ചെയ്ത അവിടുത്തെ ജനത്തെ അവിടുന്ന് അനുഗ്രഹിക്കണമേ.

ഇന്ന് ഇവരുടെ ഹൃദയത്തിൽ ഇവരെ വിഷമിപ്പിക്കുന്ന ഏതെങ്കിലും മേഖലകൾ ഉണ്ടെങ്കിൽ കർത്താവേ നീ ആശ്വാസം തരണമെന്ന് പ്രാർത്ഥിക്കുന്നു.

പരിശുദ്ധ കുർബാനയുടെ ആശീർവാദം നമുക്ക് സ്വീകരിക്കാം. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും സമർപ്പിച്ച്, കർത്താവേ അനുഗ്രഹിക്കണമേ എന്ന് ആഗ്രഹിച്ച് ഈശോയുടെ ആശീർവാദം സ്വീകരിക്കാം.

​ജീവിക്കുന്ന ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ.

പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രനായ യേശുവിന്റെ സംരക്ഷണവും പരിശുദ്ധാത്മാവിന്റെ പരിപാലനയും നിങ്ങളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കാൻ ഇടയാവട്ടെ.

തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി നിങ്ങൾക്കാവശ്യമുള്ളതെല്ലാം ദൈവം പ്രദാനം ചെയ്യട്ടെ.

അവിടുന്ന് അമർത്തിക്കുലുക്കി നിറച്ചളന്ന് നിങ്ങളുടെ മടിയിലിട്ടു തന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ.

നമുക്ക് ആവശ്യമുള്ളവ സദാ സമൃദ്ധമായി ഉണ്ടാകാനും സൽപ്രവൃത്തികൾ ധാരാളം ചെയ്യാനും വേണ്ടതെല്ലാം തരാൻ കഴിവുറ്റവനായ ദൈവം അവിടുത്തെ അനന്തമായ കരുണയാൽ നിങ്ങളെ ആശീർവദിച്ച് അനുഗ്രഹിക്കട്ടെ,

യേശുവിന്റെ ശരീരത്തിന്റെ യോഗ്യതകളാൽ തന്നെ, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading