ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

​ദിവ്യകാരുണ്യ വിമോചന യാത്രയുടെ 35-ാമത്തെ ദിവസത്തിലേക്ക് പ്രാർത്ഥനാപൂർവ്വം നിങ്ങളെ എല്ലാവരെയും ഞാൻ സ്വാഗതം ചെയ്യുന്നു.

​35 ദിവസങ്ങൾ നമ്മൾ പിന്നിടുകയാണ്.

വലിയ സന്തോഷം എൻറെ ഹൃദയത്തിലുണ്ട്.

നിങ്ങളും അതേ സന്തോഷത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു.

നമുക്ക് എത്ര അനുഗ്രഹീതമായ ഒരു യാത്രയാണ് നടത്താൻ ഇടയായത്. നമ്മുടെ കഴിവല്ല ദൈവത്തിൻറെ കൃപയാണ്.

ഓരോ എപ്പിസോഡും നിങ്ങളിത് കാണുമ്പോൾ നിങ്ങൾക്ക് അത് എത്രമാത്രം അനുഗ്രഹം തന്നു എന്ന് എനിക്ക് അറിഞ്ഞുകൂടാ.

പക്ഷേ ഇതിലെ ഓരോ എപ്പിസോഡും നിങ്ങളോട് പങ്കുവെക്കാൻ ഒരുങ്ങുമ്പോഴും പ്രാർത്ഥിക്കുമ്പോഴും അത് പങ്കുവെക്കുമ്പോഴും എനിക്ക് വലിയ ദൈവകൃപ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.

അത് തന്നെ നിങ്ങളുടെ ജീവിതത്തിലും ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ​ഈ പ്രാർത്ഥനാ ദിവസങ്ങൾ ഒരുപാട് ദൈവകൃപകൾ നിറഞ്ഞതാവട്ടെ.

നിങ്ങളുടെ ജീവിതത്തിലെ ദുഃഖങ്ങളും രോഗങ്ങളും വിഷമങ്ങളും കാലതാമസങ്ങളും തടസ്സങ്ങളും തകർച്ചകളും ഒക്കെ മാറി ഒരു വലിയ അനുഗ്രഹത്തിന്റെ പ്രഭാതം പൊട്ടിവിടരുന്നത് കാണാൻ നിങ്ങൾക്കിടയാവട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

​35-ാമത്തെ ദിവസത്തെ ചിന്തയ്ക്ക് വേണ്ടി ഞാൻ എടുക്കുന്നത് വിവാഹം, വിവാഹവിരുന്ന് എന്ന ഒരു ആശയം വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് ബൈബിൾ അവതരിപ്പിക്കുന്നുണ്ട്.

അപ്പോൾ അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് ചിന്തിക്കാൻ പോകുന്നത്.

വിവാഹവിരുന്ന്; ഈ കുർബാന അനുഭവത്തെ ഒരു വിവാഹവിരുന്നിനോടാണ് ബൈബിൾ പലപ്പോഴും ഉപമിച്ചിട്ടുള്ളത്.

​ആ ഒരു ആശയം വരുന്നതിന്റെ ആദ്യത്തെ ഒരു ഉറവിടം എന്ന് പറയുന്നത് ‘ഉടമ്പടി’ എന്ന് പറയുന്ന ഒരു ആശയമാണ്, Covenant.

ബൈബിളിനെക്കുറിച്ച് പറയാറുണ്ട് ബൈബിൾ ഉടമ്പടിയുടെ ഗ്രന്ഥമാണ്. പ്രധാനപ്പെട്ട ആറ് ഉടമ്പടികളാണ് സത്യത്തിൽ ബൈബിളിന്റെ ചരിത്രം.

​ആദത്തോട് ചെയ്ത ഉടമ്പടി

​നോഹയോട് ചെയ്ത ഉടമ്പടി

​അബ്രഹാമിനോട് ചെയ്ത ഉടമ്പടി

​മോശയോട് ചെയ്ത ഉടമ്പടി

​ദാവീദിനോട് ചെയ്ത ഉടമ്പടി

​യേശുക്രിസ്തുവിലൂടെ വന്ന പുതിയ ഉടമ്പടി

​ഇങ്ങനെ ആറ് പ്രധാന ഉടമ്പടികളുടെ ചരിത്രമാണ് ബൈബിൾ.

​ഈ ഉടമ്പടി എന്ന് പറയുന്ന ആശയം ബൈബിൾ കാലഘട്ടത്തിൽ വരുന്നത് ഒരു പ്രത്യേക പശ്ചാത്തലത്തിലാണ്.

മനുഷ്യർ തമ്മിൽ ബന്ധങ്ങളില്ലാതിരുന്ന, ആർക്കും ആരെയും ഉപദ്രവിക്കാൻ സാധ്യമായിരുന്ന, പോലീസോ സർക്കാരോ നിയമമോ നിയമവാഴ്ചയോ ഗവൺമെന്റോ ഒന്നുമില്ലാതിരുന്ന ഒരു കാലത്ത് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ഉപദ്രവിക്കാതിരിക്കാൻ, മറ്റൊരാളിൽ നിന്ന് ഒരാൾക്ക് സംരക്ഷണം നേടാൻ രണ്ടുപേർക്കിടയിൽ രൂപപ്പെട്ട ഒരു കരാറാണ് ഉടമ്പടി.

​അപ്പോൾ ഇങ്ങനെയാണ് ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്നത്, ഉടമ്പടിയിലൂടെ അവർ ഒരു കുടുംബമായി മാറുന്നു.

അതുകൊണ്ട് ഇങ്ങനെ പറയുമായിരുന്നു “Covenants created families” അല്ലെങ്കിൽ Covenant and Kinship (KIN); ‘Kinship’ എന്ന് പറഞ്ഞ ഒരു ആശയം സാധാരണ അവർ പറയാറുണ്ടായിരുന്നു.

​ഈയൊരു ആശയത്തിലാണ് നമ്മൾ ഉടമ്പടിയെ കാണേണ്ടത്. ദൈവം അല്ലെങ്കിൽ യഹോവ ഇസ്രായേലുമായി ഉടമ്പടിയിൽ ഏർപ്പെട്ടു എന്ന് പറയുമ്പോൾ ദൈവം ഇസ്രായേലിനെ തന്റെ കുടുംബമായി സ്വീകരിച്ചു എന്നാണ് അതിന്റെ അർത്ഥം. അതുകൊണ്ട് പഴയനിയമത്തിൽ പ്രവാചകന്മാർ ആവർത്തിച്ചു പറഞ്ഞിരുന്നു, ദൈവം മണവാളനും ഇസ്രായേൽ മണവാട്ടിയുമാണ്. ദൈവജനം മണവാട്ടിയും ദൈവം മണവാളനുമാണ്.

ഇങ്ങനെ ഒരു ചിന്ത പ്രവാചകന്മാരിലൂടെ പതുക്കെപ്പതുക്കെ ഡെവലപ്പ് ചെയ്തു വരുന്നുണ്ട് പഴയനിയമത്തിൽ.

​ഇത് പുതിയനിയമത്തിലേക്ക് വരുമ്പോൾ യേശുക്രിസ്തു തന്നെത്തന്നെ മണവാളനായിട്ടാണ് അവതരിപ്പിച്ചിരുന്നത്.

ഉദാഹരണത്തിന് മർക്കോസ് 2-ന്റെ 19-ഉം 20-ഉം വാക്യങ്ങളിൽ, മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ഉപവസിക്കാൻ കഴിയുമോ എന്നൊരു ചോദ്യം ചോദിക്കുന്നുണ്ട്.

ഈശോ തന്നെത്തന്നെ അഭിസംബോധന ചെയ്യുന്നത് മണവാളൻ എന്നാണ്.

അതുപോലെ യോഹന്നാൻ 3:29-ൽ സ്നാപകയോഹന്നാൻ യേശുവിനെ വിളിക്കുന്നത് മണവാളൻ എന്ന അപദാനത്തിലാണ്.

​അങ്ങനെ മണവാളനായ ക്രിസ്തു മണവാട്ടിയായ തന്റെ സഭയ്ക്ക് തന്നെത്തന്നെ സമ്പൂർണ്ണമായി സമർപ്പിച്ച ആ ആത്മബലിയുടെ, ആത്മസമർപ്പണത്തിന്റെ ക്ലൈമാക്സ് ആണ് കാൽവരിയിലെ കുരിശിൽ ലോകം കണ്ടത്.

അതുകൊണ്ട് അപ്പസ്തോലനായ പൗലോസ് ഒരിക്കൽ ഇങ്ങനെ എഴുതി; എഫേസോസ് 5:2-ൽ: ക്രിസ്തു തന്റെ സഭയെ സ്നേഹിക്കുകയും തന്നെത്തന്നെ അവൾക്കുവേണ്ടി ബലിയർപ്പിക്കുകയും നൽകുകയും ചെയ്തു.

എഫേസോസ് 5:2-ൽ നമ്മൾ കാണുന്നുണ്ട്: “ക്രിസ്തു നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുവിൻ. അവിടുന്ന് നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിന് സമർപ്പിച്ചു.”

തന്നെത്തന്നെ ദൈവത്തിന് സമർപ്പിച്ചു. അപ്പോൾ അങ്ങനെ ക്രിസ്തു നമുക്കുവേണ്ടി, സഭയ്ക്ക് വേണ്ടി തന്നെത്തന്നെ തന്നു, തന്നെത്തന്നെ ദൈവത്തിന് കൊടുത്തു.

​അതുപോലെ തന്നെ പിന്നീട് വെളിപാട് പുസ്തകത്തിലേക്ക് വരുമ്പോൾ നമ്മൾ കാണുന്ന ഒരു ആശയമാണ് ഈ വെളിപാട് 19:9, കുഞ്ഞാടിന്റെ വിവാഹവിരുന്നിന് ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ.

ലത്തീൻ സഭയുടെ വിശുദ്ധ കുർബാനയിൽ “ഇതാ ദൈവത്തിന്റെ കുഞ്ഞാട്, ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്നവൻ, കുഞ്ഞാടിന്റെ വിവാഹവിരുന്നിന് ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ” എന്ന് പറഞ്ഞുകൊണ്ടാണ് വിശുദ്ധ കുർബാന പുരോഹിതൻ ഉയർത്തി ജനത്തെ ദിവ്യകാരുണ്യ സ്വീകരണത്തിനായി ക്ഷണിക്കുന്നത്.

​ഞാൻ പറഞ്ഞുവരുന്നത്, ക്രിസ്തുവാകുന്ന മണവാളൻ തന്റെ മണവാട്ടിക്ക് തന്നെത്തന്നെ കൊടുക്കുന്ന ഒരു ഇമേജ് ആയിട്ടാണ്, പ്രതീകമായിട്ടാണ് ദിവ്യകാരുണ്യത്തെ പലപ്പോഴും ബൈബിൾ അവതരിപ്പിച്ചിട്ടുള്ളത്.

​അപ്പോൾ നമ്മൾ ഈ ചിന്ത നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുമ്പോൾ അതിനെ ഒന്നു മനസ്സിലാക്കാൻ ഞാൻ നിങ്ങൾക്ക് പരിചിതമായ ഒരു പ്രതീകം എടുക്കുകയാണ്.

എന്നുവെച്ചാൽ, ഈ ഭൂമിയിൽ ഏറ്റവും ശക്തമായ ബന്ധം ഏതാണ്?

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധമാണോ?

അല്ലെങ്കിൽ സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണോ?

ഒരു സ്നേഹിതനും സ്നേഹിതയും അല്ലെങ്കിൽ സ്നേഹിതന്മാർക്കിടയിലുള്ള ബന്ധമാണോ?

ഇനി അതുമല്ലെങ്കിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധമാണോ?

​നമുക്ക് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ പലരും ചിലപ്പോൾ പറയാം.

പക്ഷേ നമ്മൾ അതിന്റെ ഒരു ആഴത്തിൽ പരിശോധിച്ചാൽ ഈ ഭൂമിയിൽ ഏറ്റവും ശക്തമായ ബന്ധം ഒരു ഭാര്യയ്ക്കും ഭർത്താവിനും ഇടയിലുള്ള ബന്ധമാണ്.

​അതെന്തുകൊണ്ടാണ്?

അതിലൊരു കാരണമുണ്ട്.

ഭൂമിയിലെ മറ്റൊരൊറ്റ ബന്ധത്തിലും ശരീരം പങ്കുവെക്കപ്പെടുന്നില്ല.

അതായത് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലോ, സ്നേഹിതർ തമ്മിലുള്ള ബന്ധത്തിലോ ഒന്നും ശരീരം എക്സ്ചേഞ്ച് ചെയ്യപ്പെടുന്നില്ല, പങ്കുവെക്കപ്പെടുന്നില്ല.

രണ്ടുപേർക്കിടയിൽ മാനസികവും ആത്മീയവും ശാരീരികവുമായ ഒരൊന്നാകൽ നടക്കുന്നത് ഭാര്യാഭർതൃ ബന്ധത്തിൽ മാത്രമാണ്.

അതുകൊണ്ടാണ് ഭാര്യാഭർതൃ ബന്ധമാണ് ഭൂമിയിൽ ഏറ്റവും ആഴമുള്ള ബന്ധം എന്ന് പറയുന്നത്. അവർ മനസ്സുകൊണ്ടും ആത്മാവു കൊണ്ടും ശരീരം കൊണ്ടും ഒന്നാകുന്നു.

​അപ്പോൾ ഈ വിവാഹ ഉടമ്പടിക്ക്, വിവാഹ കൂദാശയ്ക്ക് വെളിയിൽ ഒരു സ്ത്രീക്കും പുരുഷനും ഇടയിലുള്ള ശാരീരികബന്ധം പാപമാണെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.

അതെന്തു കൊണ്ടാണെന്ന് വെച്ചാൽ ഹൃദയം കൊടുത്തവർക്ക് മാത്രമേ ശരീരം കൊടുക്കാൻ അവകാശമുള്ളൂ. അല്ലെങ്കിൽ ഹൃദയം കൊടുക്കുന്നവരാണ് ശരീരം കൊടുക്കുന്നത് പരസ്പരം. അപ്പോൾ അത് രണ്ടുപേർക്കിടയിൽ മാത്രം സംഭവിക്കണം.

അതിനിടയിൽ മൂന്നാമതൊരാൾ ഉണ്ടാവരുത് അല്ലെങ്കിൽ പലരുണ്ടാവരുത് എന്നത് ബൈബിളിന്റെ നിർബന്ധമാണ്.

അല്ലെങ്കിൽ ദൈവം നമുക്ക് പറഞ്ഞുതന്നിട്ടുള്ളതാണ് അങ്ങനെ.

​ഞാൻ പറഞ്ഞുവരുന്നത്, ഇങ്ങനെ ഞാൻ വായിച്ചിട്ടുണ്ട്: ഒരു ഭാര്യയും ഒരു ഭർത്താവും പരസ്പരം അവരുടെ ശരീരം പങ്കുവെക്കുമ്പോൾ ഇങ്ങനെയാണ് അതിനെക്കുറിച്ച് പറയുന്നത്: “എന്റെ ഹൃദയം കൊണ്ട് നിന്റെ ഹൃദയത്തെ എനിക്ക് തൊടാൻ കഴിയാത്തതുകൊണ്ട് എന്റെ ശരീരം കൊണ്ട് നിന്റെ ശരീരത്തെ ഞാൻ തൊടുന്നു” എന്നാണ് അവർ പറയാതെ പറയുന്നത്.

അതായത് എന്റെ ഹൃദയം കൊണ്ട് നിന്റെ ഹൃദയത്തെ തൊടാൻ എനിക്ക് പറ്റാത്തതുകൊണ്ട് ഞാൻ എന്റെ ശരീരം കൊണ്ട് നിന്റെ ശരീരത്തെ തൊടുന്നു.

എന്ന് വെച്ചാൽ രണ്ടുപേർക്കിടയിലുള്ള ഏറ്റവും ആഴമായ ഹൃദയബന്ധത്തിന്റെ ആവിഷ്കാരമാണ് അവർക്കിടയിലുള്ള ശാരീരികബന്ധം.

​ഈ ഹൃദയത്തിന്റെ ആഴമില്ലാത്ത രണ്ടുപേർക്കിടയിലുള്ള ശാരീരികബന്ധത്തെ വ്യഭിചാരം, പ്രോസ്റ്റിറ്റ്യൂഷൻ എന്നാണ് വിളിക്കുന്നത്.

അത് ദാമ്പത്യബന്ധമല്ല, അത് വ്യഭിചാരമാണ്, വേശ്യാവൃത്തിയാണ്.

ഞാൻ പറഞ്ഞുവരുന്നത്, ആഴമായ ഇന്റിമേറ്റ് ആയ ഒരു സ്നേഹബന്ധത്തിലാണ് ശരീരങ്ങൾ പങ്കുവെക്കപ്പെടുന്നത്.

​ചോദ്യം: യേശു എന്തുകൊണ്ട് തന്റെ ശരീരം തന്റെ ജനത്തിന് കൊടുത്തു? അല്ലെങ്കിൽ കൊടുക്കാൻ ആഗ്രഹിച്ചു? അതിനൊറ്റ ഉത്തരമേയുള്ളൂ: അത്രയും ആഴമായ ഒരു ബന്ധത്തിലേക്ക് അവൻ നമ്മളുമായി കടക്കുന്നതിന് ആഗ്രഹിച്ചു.

അതുകൊണ്ടാണ് യേശു തന്റെ ശരീരം നമുക്ക് പങ്കുവെച്ചു തന്നത്.

So it is a physical exchange. It is a marital exchange of the bodies, where the relationship is so deep and intimate.

അത്രയും അഗാധവും അത്രയും ഇഴയടുപ്പമുള്ളതും ആഴമുള്ളതുമായ ഒരു ബന്ധമാണ് ക്രിസ്തുവും ക്രിസ്തുവിന്റെ ശരീരം സ്വീകരിക്കുന്ന വിശ്വാസിയും തമ്മിലുള്ളത്.

​അപ്പോൾ അതുകൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ഈ വിവാഹബന്ധത്തിന്റെ അടയാളമാണ്.

ക്രിസ്തുവുമായി നമ്മൾ ഒരു മണവാളൻ-മണവാട്ടി ബന്ധത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണ് യേശുവിന്റെ ശരീരം നമ്മൾ സ്വീകരിക്കുന്നത്.

അതു കൊണ്ടു തന്നെ ക്രിസ്തുവിന്റെ ശരീരം സ്വീകരിക്കുന്ന നമുക്ക് ക്രിസ്തുവിനോട് ഒരു മണവാട്ടിക്ക് മണവാളനോടുള്ളതു പോലെ ഒരു സ്നേഹബന്ധം രൂപപ്പെടേണ്ടതുണ്ട്.

​രണ്ടുപേർക്കിടയിലെ സ്നേഹം വളരുന്നത് എങ്ങനെയാണ്?

​അവർ ഒരുമിച്ചിരിക്കാൻ ആഗ്രഹിക്കുന്നു.

​അവർ തമ്മിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു.

​അവർ പരസ്പരം പങ്കാളിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു.

​അവർ മറ്റുള്ളവർക്ക് വേണ്ടി ചില കാര്യങ്ങൾ ഒഴിവാക്കുന്നു.

​അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പരിശ്രമിക്കുന്നു.

​ഇങ്ങനെയാണ് മനുഷ്യർക്കിടയിൽ രണ്ടുപേർക്കിടയിലെ സ്നേഹം വളരുന്നത്.

അപ്പോൾ നമ്മൾ കുർബാന സ്വീകരിക്കുന്ന നമുക്ക് എനിക്ക് നിങ്ങളെ ഓർമ്മിപ്പിക്കാനുള്ളത്, നമ്മൾ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ഈ കുർബാന സ്വീകരിക്കുന്ന നമുക്ക് തീർച്ചയായും യേശുക്രിസ്തുവിനോടുള്ള സ്നേഹത്തിൽ വളരാനുള്ള ഒരു ഉത്തരവാദിത്വമുണ്ട്.

കാരണം അവൻ മണവാളനും നമ്മൾ മണവാട്ടിയുമാണ്.

അങ്ങനെയൊരു ബ്രൈഡൽ റിലേഷൻഷിപ്പ് (Bridal relationship)

​മാത്രമല്ല, ഈ ചേംബർ സീക്രട്ട് (Chamber secret), ബെഡ്റൂം സീക്രട്ട് (Bedroom secret) എന്ന് പറഞ്ഞ ഒരു തലമുണ്ട് ആത്മീയതയിൽ.

അതായത് ക്രിസ്തു തന്റെ ഹൃദയരഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് ഈ മണവാളൻ-മണവാട്ടി ബന്ധത്തിന്റെ ആഴത്തിലേക്ക് കടക്കുന്നവരോടാണ്. അതായത് കിടപ്പറയിൽ ഭാര്യയോട് പറയുന്നതോ ഭർത്താവിനോട് പറയുന്നതോ മൂന്നാമതൊരാളോട് ആരും പറയില്ല. അങ്ങനെയൊരു ബെഡ്റൂം സീക്രട്ട്, ഒരു കിടപ്പുമുറിയിലെ ഹൃദയരഹസ്യങ്ങൾ; അത് ക്രിസ്തു പങ്കുവെക്കുന്നത് അത്രയും ആഴമായൊരു ബന്ധത്തിലേക്ക് കടക്കുന്ന വ്യക്തികൾക്ക് മാത്രമാണ്.

​ഞാൻ ഈ എപ്പിസോഡ് നിങ്ങളോട് സംസാരിക്കുമ്പോൾ ഞാൻ ആഗ്രഹിച്ചത് ഇതാണ്: നമുക്ക് അതുകൊണ്ട് കുർബാന സ്വീകരിക്കുമ്പോൾ ഈശോയോട് എത്രമാത്രം ഒരു സ്നേഹമുണ്ട് എന്ന ഒരു തലം നമ്മളൊന്ന് ശരിക്ക് ആത്മശോധന ചെയ്യേണ്ടതുണ്ട്.

നമ്മളൊരു ചടങ്ങിനോ ഒരാചാരത്തിനോ വേണ്ടി കുർബാനയിൽ പങ്കെടുക്കാം.

അല്ലെങ്കിൽ സ്നേഹത്തിന്റെ ഒരു നിറവിൽ, അല്ലെങ്കിൽ ക്രിസ്തുവിന്റെ ശരീരവും ക്രിസ്തുവിന്റെ…

അതായത് ഒരു ജീവിതപങ്കാളി തന്റെ ജീവിതപങ്കാളിയോട് എത്രമാത്രം മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നാവാൻ ആഗ്രഹിക്കുന്നുവോ അതുപോലെ ഒരു ആഗ്രഹത്തിലാണ് നമ്മൾ കുർബാന സ്വീകരിക്കാനായി വരുന്നത്.

അതൊരു ബ്രൈഡൽ റിലേഷൻഷിപ്പ് ആണ്, ഒരു മണവാളൻ-മണവാട്ടി ബന്ധമാണ്.

​ഈയൊരു കാര്യം ഒന്ന് നിങ്ങളുടെ മനസ്സിൽ ഓർക്കുക. ഒന്ന് ആത്മശോധന ചെയ്യുക, അതായത് എനിക്ക് ഈശോയോട് ശരിക്കും സ്നേഹമുണ്ടോ?

അമ്മ ത്രേസ്യ ഈശോയോട് ചോദിച്ചു: “ഞാൻ എങ്ങനെയാണ് നിന്നെ സ്നേഹിക്കേണ്ടത്?”

ഈശോ കൊടുക്കുന്ന ഉത്തരം ഇതാണ്: “നീ പോയി ഒരു കുർബാനയിൽ സംബന്ധിക്കുക” എന്നാണ്.

അപ്പോൾ നമുക്ക് കുർബാനയിൽ സംബന്ധിക്കുമ്പോൾ നമ്മൾ ആ ഈശോ, ആ മണവാളന്റെ സ്നേഹം അനുഭവിക്കാൻ കഴിയുന്ന ഒരു ബന്ധം നമുക്കുണ്ടോ എന്ന് പരിശോധിച്ചു നോക്കുന്നത് നല്ലതാണ്.

​നമ്മളിന്ന് ഈ ചിന്തകൾ ഉപസംഹരിക്കുമ്പോൾ നിങ്ങളോട് എനിക്ക് പറയാനുള്ള ഒരു കാര്യം, നമ്മൾ ഇന്ന് എടുക്കേണ്ട ഒരു പുണ്യം, അതായത് ചിലപ്പോഴൊക്കെ നമ്മുടെ പ്രിയപ്പെട്ടവർക്ക് നമ്മുടെ ഒരു അവയ്ലബിലിറ്റി (Availability) കിട്ടുന്നില്ല എന്നുള്ളത് നമ്മളോട് ചേർന്നു നിൽക്കുന്ന ആളുകൾക്കൊക്കെ, പ്രത്യേകിച്ച് കുടുംബജീവിതത്തിലൊക്കെ ഒരു സങ്കടമായിരിക്കും.

ഒരു പത്തു നാൽപ്പതും വയസ്സൊക്കെ കഴിയുമ്പോൾ, 40-45 ഒക്കെ കഴിയുമ്പോൾ സ്ത്രീകൾ ഒക്കെ അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം ഇങ്ങനെയൊക്കെ കേട്ടിട്ടുണ്ട്: ഈ ജീവിതപങ്കാളിയുടെ അവയ്ലബിലിറ്റി.

​ക്വാളിറ്റി ടൈം (Quality time) പ്രിയപ്പെട്ടവരുമായി ചെലവഴിക്കുക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

അത് കുട്ടികളുമായിട്ടാവാം, പേരന്റ്സുമായിട്ടാവാം, ഭാര്യാഭർത്താക്കന്മാർക്കിടയിലാവാം.

സ്നേഹിതർക്കിടയിലൊക്കെ അത് കുറെക്കൂടി നടക്കുന്നുണ്ട്. ഈ കുടുംബത്തിലുള്ളവർക്ക് വേണ്ടി കുറച്ചു ടൈം സ്പെൻഡ് ചെയ്യാൻ നമ്മൾ കുറച്ചൊരു വാല്യു ആയിട്ട് എടുക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

പ്രത്യേകിച്ച് ഒത്തിരി ലേറ്റ് ആയിട്ടൊക്കെ വീട്ടിലേക്ക് എത്തുന്നവർ. പിന്നെ യൂറോപ്പിലെയും വിദേശ രാജ്യങ്ങളിലേയും ഒക്കെ ഒരു കോൺടെക്സ്റ്റ് അറിയാവുന്നത്, പല ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നവർ വളരെ റെയർ ആയിട്ട് മാത്രമേ ഭാര്യാഭർത്താക്കന്മാർ തമ്മിൽ കാണുന്നു പോലുമുള്ളൂ.

അപ്പോൾ അല്ലെങ്കിൽ കുട്ടികൾ, അവരുമായിട്ട് ക്വാളിറ്റി ടൈം സ്പെൻഡ് ചെയ്യാൻ പറ്റാത്ത ഒരു തിരക്കുണ്ട്. ഈ തിരക്ക് സത്യത്തിൽ നമ്മുടെ ജീവിതത്തിന്റെ നല്ല നിമിഷങ്ങളെ എല്ലാം കവർന്നു കളയും.

​അതുകൊണ്ട് കുറച്ചു പ്രിയപ്പെട്ടവരുമായിട്ട്, നമ്മളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ആളുകളുമായിട്ട് കുറച്ചു ക്വാളിറ്റി ടൈം സ്പെൻഡ് ചെയ്യാൻ…

അപ്പോൾ ഞാൻ പുണ്യമായിട്ട് ഇന്ന് നമ്മൾ അഭ്യസിക്കാൻ സജസ്റ്റ് ചെയ്യുന്നത് അവയ്ലബിലിറ്റി (Availability) ആണ്; ലഭ്യത.

നമ്മളെ സ്നേഹിക്കുന്നവർക്കും നമ്മൾ സ്നേഹിക്കുന്നവർക്കും നമ്മുടെ കുറച്ചു സമയം അവയ്ലബിൾ ആക്കി കൊടുക്കുക എന്നുള്ളത് ഒരു വാല്യു ആണ്.

അതൊന്ന് ട്രൈ ചെയ്യുക.

​പിന്നെ അപ്പോൾ അതിന്റെ ഓപ്പോസിറ്റ് ആയിട്ടുള്ള പാപം, തിന്മ എന്താണ്? ബോർഡറുകൾ, അതിരുകൾ സൃഷ്ടിക്കുക എന്നുള്ളതാണ്.

അതിരുകൾ; അത് ഒരു മുറിയുടെ വാതിൽ ഒരു അതിരാണ്. ഡോർ അടച്ചുകഴിഞ്ഞാൽ അതൊരു അതിരാണ്. തുറക്കപ്പെടാത്ത ഒരു ഗേറ്റ് അതിരാണ്. അതുപോലെ സംസാരിക്കാത്ത ഒരു മനുഷ്യൻ ഒരു അതിരുകെട്ടിയിട്ടുണ്ട്. സ്നേഹമായിട്ട് ഉരിയാടാത്ത ആളുകൾ അതിരുകെട്ടിയിട്ടുണ്ട്. അപ്പോൾ ഇങ്ങനെ നമ്മൾ ക്രിയേറ്റ് ചെയ്ത ബാരിയറുകൾ (barriers) ഒന്ന് പൊളിക്കാൻ ബോധപൂർവ്വം ഒരു ശ്രമം നടത്തുക.

​പ്രാർത്ഥിക്കുക കർത്താവിനോട്. ഈശോ പറഞ്ഞു തന്ന ഒരു പ്രാർത്ഥന ഞാൻ പറയാം: “ഈശോയേ, നീ എനിക്ക് തന്നവരെ ഞാൻ സ്നേഹിച്ചു, അവസാനം വരെ സ്നേഹിച്ചു.” അതാണ് ഈശോയുടെ പ്രാർത്ഥന.

“ദൈവമേ നീ എനിക്ക് തന്നവരെ ഞാൻ സ്നേഹിച്ചു, അവസാനം വരെ സ്നേഹിച്ചു.” അപ്പോൾ ഇങ്ങനെ പ്രാർത്ഥിക്കാം: “ഈശോയേ, നീ എനിക്ക് തന്നവരെ അവസാനം വരെ സ്നേഹിക്കാൻ, അവസാനത്തെ നിമിഷം വരെ സ്നേഹിക്കാൻ എനിക്ക് കൃപ തരണമേ” എന്ന് പ്രാർത്ഥിക്കാം.

കുറച്ചു ക്വാളിറ്റി ടൈം പ്രിയപ്പെട്ടവരോട് കൂടെ ചെലവഴിക്കുക എന്നുള്ളതാണ് ഇന്നത്തെ ടാസ്ക്.

നമുക്ക് ദിവ്യകാരുണ്യ ആശീർവാദത്തിൽ നമ്മുടെ ബന്ധങ്ങൾ കുറെക്കൂടി ആഴമുള്ളതാവാൻ പ്രാർത്ഥിക്കുകയും ചെയ്യാം.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​നല്ല കർത്താവേ, ഒരു ദിവസം കൂടി അങ്ങയുടെ മുൻപാകെ നിന്ന് അങ്ങയെ നോക്കാൻ, അവിടുത്തെ മുഖത്തുനോക്കി പ്രകാശിതരാവാൻ, ഞങ്ങളുടെ ജീവിതത്തിന്റെ നന്മകൾക്കെല്ലാം നന്ദി പറയാൻ, ഞങ്ങളുടെ ജീവിതത്തിലെ കുറവുകൾക്ക് മാപ്പ് ചോദിക്കാൻ, കർത്താവേ അങ്ങയുടെ മുൻപിൽ നിൽക്കാൻ ഞങ്ങൾക്ക് അല്പമായ ഈ സമയമെങ്കിലും അങ്ങ് തന്നു.

കർത്താവേ ഈ ദിവസങ്ങളിൽ എല്ലാം പ്രാർത്ഥനയിൽ നിൽക്കാൻ ഞങ്ങളെ അങ്ങ് സഹായിച്ചു.

പരിഹാരത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പ്രാർത്ഥനയുടെ ദിവസങ്ങളാക്കി അങ്ങ് ഇതിനെ മാറ്റി.

ദൈവമേ ഇന്ന് ഈ കൂടാരത്തിൽ കർത്താവേ ഞങ്ങളോടൊപ്പം ദൂരെയും ചാരത്തുമായി ഈ പ്രാർത്ഥനയിൽ പങ്കുചേരുന്ന ജനത്തിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.

​പ്രത്യേകിച്ച് ഞങ്ങളുടെ കുടുംബങ്ങളിലെ യുവതീയുവാക്കളെയും കുഞ്ഞുങ്ങളെയും ബാലികാബാലന്മാരെയും ഗർഭസ്ഥ ശിശുക്കളെയും കർത്താവേ ഈ ആരാധനയിൽ ചേർത്തു വെച്ച് പ്രാർത്ഥിക്കുന്നു.

കുഞ്ഞുങ്ങൾ ഇല്ലാത്തവരെ പ്രത്യേകം ഞങ്ങൾ ഇന്ന് ഓർത്തു പ്രാർത്ഥിക്കുന്നു.

വിവാഹം നടക്കാത്തവരെയും കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ ഉള്ളവരെയും പ്രത്യേകം ഈ ദിവസം ഈ സമയത്ത് അങ്ങയുടെ മുൻപാകെ ഞങ്ങൾ എടുത്തുയർത്തി പ്രാർത്ഥിക്കുന്നു.

കർത്താവായ ദൈവമേ, അവിടുത്തെ മുറിവേറ്റ കരം ഇന്ന് ആ മക്കളിലേക്ക് അങ്ങ് നീട്ടണമേ.

ഇന്ന് തങ്ങളുടെ കുഞ്ഞുങ്ങളെ, പ്രിയപ്പെട്ടവരെ ഓർത്ത് ഭാരപ്പെട്ടു നിൽക്കുന്ന ആരെങ്കിലും അങ്ങയുടെ മുൻപിൽ നിൽക്കുന്നുണ്ടെങ്കിൽ കർത്താവേ നീ ഇന്ന് കരുണ കാണിക്കണമെന്ന് പ്രാർത്ഥിക്കുന്നു.

​കർത്താവേ നീ അടച്ചാൽ ആരും തുറക്കില്ല. നീ തുറന്നാൽ ആരും അടയ്ക്കില്ല.

കർത്താവിന്റെ കരം രക്ഷിക്കാൻ കഴിയാത്തവിധം കുറുകിപ്പോയിട്ടില്ല.

ഇന്ന് ദൈവമേ നീ അനുഗ്രഹിക്കണം. ഞങ്ങളുടെ കുടുംബങ്ങളെല്ലാം നീ ഉയർത്തണം. കർത്താവേ ഞങ്ങളുടെ കുടുംബങ്ങളിൽ അങ്ങ് സന്തോഷം നൽകണം എന്ന് പ്രാർത്ഥിക്കുന്നു.

തലമുറകളെ അനുഗ്രഹിക്കുന്ന അവിടുന്ന് ഞങ്ങളുടെ ബാലികാബാലന്മാരെ, യുവതീയുവാക്കളെ അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

യേശുവിന്റെ വലിയേറിയ നാമത്തിൽ പിതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണം.

ആശീർവാദം സ്വീകരിക്കുമ്പോൾ ഞങ്ങളുടെ ഓരോ കുടുംബത്തിലേക്കും അങ്ങയുടെ കൃപ ഒഴുകണമേ എന്ന് അപേക്ഷിക്കുന്നു.

​സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളെ കടാക്ഷിക്കുകയും നിങ്ങളുടെ നേരെ അവിടുന്ന് മുഖമുയർത്തുകയും ചെയ്യട്ടെ.

കർത്താവിന്റെ ചൈതന്യം നിങ്ങളുടെ തലമുറകളിലേക്ക്, കുഞ്ഞുങ്ങളിലേക്ക്, ബാലികാബാലന്മാരിലേക്ക്, ഗർഭസ്ഥ ശിശുക്കളിലേക്ക്, യുവതീയുവാക്കളിലേക്ക് ഈ ആശീർവാദത്തിലൂടെ ഒഴുകിയിറങ്ങാൻ ഇടയാവട്ടെ.

ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരാൻ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ എന്ന് കർത്താവീശോമിശിഹായുടെ നാമത്തിൽ അനുഗ്രഹിക്കുന്നു.

എല്ലാ കുടുംബങ്ങളും അനുഗ്രഹിക്കപ്പെട്ടതായി മാറട്ടെ.

നിങ്ങളുടെ കുടുംബങ്ങളിൽ സന്തോഷം സമാധാനം വർദ്ധിക്കാൻ ഇടയാവട്ടെ.

​നിങ്ങളുടെ നാവിൽ ദൈവം നിക്ഷേപിച്ച വചനം, ദൈവം നിങ്ങളിൽ നിവേശിപ്പിച്ച ആത്മാവ് നിങ്ങളുടെ സന്തതികളിൽ നിന്നോ അവരുടെ സന്തതികളിൽ നിന്നോ അറ്റുപോകാതിരിക്കട്ടെ.

കൃപയിൽ നിങ്ങളുടെ കുടുംബം നിലനിൽക്കാൻ ഇടയാവട്ടെ.

നിങ്ങളുടെ തലമുറ ദൈവത്തെ മഹത്വപ്പെടുത്തുന്നവരായി മാറട്ടെ, ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading