ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

​പ്രിയപ്പെട്ടവരെ, ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ മുപ്പത്തിമൂന്നാമത്തെ ദിവസത്തിലേക്ക് ഒത്തിരി സന്തോഷത്തോടെ, സ്നേഹത്തോടെ നിങ്ങളെ ഞാൻ ക്ഷണിക്കുന്നു.

വളരെ തീക്ഷ്ണതയോടെ നിങ്ങൾ ഇതിൽ പങ്കെടുക്കുന്നു എന്ന് അറിയുന്നതിൽ എനിക്ക് വലിയ സ്നേഹമുണ്ട്.

നമുക്ക് പലയിടങ്ങളിൽ പലരീതിയിൽ പല സാഹചര്യങ്ങളിൽ ജീവിക്കുന്ന നമ്മളാണ്.

പല ക്രിസ്തീയ ചാനലുകളിലൂടെ ഈ ശുശ്രൂഷ വരുമ്പോൾ നമ്മൾ ഇതിൽ പങ്കെടുക്കുന്നു, പ്രാർത്ഥിക്കുന്നു, പരസ്പരം പ്രോത്സാഹിപ്പിക്കുന്നു, ദൈവകൃപകൾ നമ്മൾ ഒരുമിച്ച് പ്രാപിക്കുന്നു. എത്ര അനുഗ്രഹീതമായ ഒരു സമയമാണ്.

അതുകൊണ്ട് നിങ്ങൾക്ക് എല്ലാ സ്നേഹവും പ്രാർത്ഥനയും ഞാൻ അറിയിക്കുന്നു.

​നമ്മുടെ ഇന്നത്തെ ചിന്തയ്ക്കായിട്ട് ഞാൻ അപ്പസ്തോലനായ പൗലോസ് പരിശുദ്ധ കുർബാനയെക്കുറിച്ച് പറഞ്ഞ ചില പരാമർശങ്ങൾ കോറിന്തോസ് ലേഖനം, ഒന്നാമത്തെ ലേഖനത്തിന്റെ അഞ്ചാം അധ്യായത്തിൽ നിന്നും പത്താമത്തെ അധ്യായത്തിൽ നിന്നും പങ്കുവെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്; 1 കോറിന്തോസ് 5-ഉം 10-ഉം. അപ്പൊ അതിൽ നമുക്ക് കുറച്ച് സ്കാറ്റേർഡ് ആയി ചിന്തകൾ ആയിരിക്കും, പക്ഷേ പൗലോസ് ശ്ലീഹാ ദിവ്യകാരുണ്യത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ നമുക്ക് അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.

​എന്നാൽ അതിലേക്ക് പോകുന്നതിനു മുമ്പ് അപ്പസ്തോലൻ ഈ വിശുദ്ധ കുർബാനയുടെ മധ്യേ ഒരു ഒരു കാര്യം അപ്പസ്തോലനായ പൗലോസിന്റെ ജീവിതത്തിൽ നടന്നത് നമ്മൾ ഒന്ന് വായിച്ചിട്ട് നമുക്ക് ഈ കോറിന്തോസ് ലേഖനത്തിലേക്ക് പോകാമെന്ന് വിചാരിക്കുകയാണ്.

പൗലോസ് അപ്പസ്തോലൻ തന്റെ ജെറുസലേമിലേക്കുള്ള യാത്രയുടെ ഇടയിൽ അദ്ദേഹം ഒരു സ്ഥലത്ത് കുർബാന അർപ്പിക്കുന്നതായി നമ്മൾ വായിക്കുന്നുണ്ട്.

അത് അപ്പസ്തോല പ്രവർത്തനങ്ങൾ ഇരുപതാമത്തെ അധ്യായത്തിലാണ്.

അവിടെ ഒരു ഒരാശയം നമുക്ക് ഗ്രഹിക്കാൻ ഉണ്ട്. അതുകൊണ്ടാണ് അത് പറഞ്ഞിട്ട് മുന്നോട്ട് പോകാം.

​അപ്പസ്തോല പ്രവർത്തനങ്ങൾ 20-ൽ 7 മുതലുള്ള വാക്യങ്ങൾ:

​”ആഴ്ചയുടെ ആദ്യദിവസം അപ്പം മുറിക്കാൻ ഞങ്ങൾ ഒരുമിച്ചുകൂടി.”

​അപ്പൊ കുർബാനയാണ്. ഞായറാഴ്ചയാണ്, കുർബാന അർപ്പണമാണ്.

​”അടുത്ത ദിവസം യാത്ര പുറപ്പെടേണ്ടിയിരുന്നതുകൊണ്ട് പൗലോസ് അവരോട് പ്രസംഗിച്ചു. അർദ്ധരാത്രി വരെ പ്രസംഗം ദീർഘിച്ചു.”

​കുർബാനയ്ക്കിടയിൽ അപ്പസ്തോലൻ പ്രസംഗിക്കുകയാണ്. അപ്പൊ രാത്രിയായി, പാതിരാത്രിയായി.

​”ഞങ്ങൾ സമ്മേളിച്ചിരുന്ന മുകളിലത്തെ നിലയിൽ അനേകം വിളക്കുകൾ കത്തിക്കൊണ്ടിരുന്നു.

എവുത്തിക്കോസ് എന്ന് പേരുള്ള ഒരു യുവാവ് ജനൽപടിയിൽ ഇരിക്കുകയായിരുന്നു.”

​ജനൽപടി എന്ന് പറയുമ്പോൾ നമ്മുടേതുപോലെ അഴികളുള്ള ജനലല്ല. മറിച്ച് ഒരു വിൻഡോ, അതിൽ ഗ്ലാസ്സോ അഴികളോ ഇല്ല. അപ്പൊ അയാൾ ഈ ജനൽപടിയിൽ ഇരുന്ന് ഇതിങ്ങനെ കേട്ടു കൊണ്ടിരിക്കുകയാണ്. കേട്ടു കൊണ്ടിരിക്കുന്നതിനിടയിൽ ഒത്തിരി രാത്രിയായി, ഇയാൾ ഉറങ്ങിപ്പോയി.

​”പൗലോസിന്റെ പ്രസംഗം ദീർഘിച്ചതിനാൽ അവൻ ഗാഢനിദ്രയിലാണ്ടു. നിദ്രാധീനനായ അവൻ മൂന്നാമത്തെ നിലയിൽ നിന്ന് താഴെ വീണു.”

​അപ്പൊ അവൻ താഴെപ്പോയി. തേർഡ് ഫ്ലോർ ആയിരുന്നു. താഴേക്ക് ചെന്നുകഴിഞ്ഞപ്പോൾ അവിടെ വന്ന് അവനെ എടുക്കുമ്പോൾ അവൻ മരിച്ചു കഴിഞ്ഞിരുന്നു.

​”എന്നാൽ പൗലോസ് താഴെ ഇറങ്ങി ചെന്ന് കുനിഞ്ഞ് അവനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു: ഭയപ്പെടേണ്ട, അവന് ജീവനുണ്ട്.

പൗലോസ് മുകളിൽ ചെന്ന് അപ്പം മുറിച്ച് ഭക്ഷിച്ചതിനു ശേഷം പ്രഭാതം വരെ അവരുമായി ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ടു. അനന്തരം അവൻ അവിടെ നിന്നും വിട്ടുപോയി.

അവർ ആ യുവാവിനെ ജീവനുള്ളവനായി കൂട്ടിക്കൊണ്ടുപോയി.

അവർക്ക് അത്യധികം ആശ്വാസമുണ്ടായി.”

​ഞാൻ ഈ ഭാഗം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത് കുർബാനയ്ക്കിടയിൽ മരിച്ച ഒരു മനുഷ്യന് ജീവൻ തിരിച്ചു കിട്ടുകയാണ്.

മനുഷ്യനെ, മരിച്ച മനുഷ്യരെ ഉയർപ്പിക്കേണ്ട ഇടമാണ് ദിവ്യകാരുണ്യം.

എന്ന് പറഞ്ഞാൽ ശാരീരികമായിട്ട് അവര് ജീവനിലേക്ക് തിരിച്ചു വരണമെന്നില്ല.

പക്ഷേ പലതരത്തിലും മരിച്ച മനുഷ്യരാണ് ദേവാലയങ്ങളിൽ എത്തുന്നത്.

അപ്പൊ അതുകൊണ്ട് സഭയുടെ ഒരു ഉത്തരവാദിത്വം ഈ റിസറക്ഷൻ ഡ്യൂട്ടി, ഉത്ഥാനം ചെയ്യിപ്പിക്കുക എന്ന ആ ഉത്തരവാദിത്വം പലതരത്തിൽ ആത്മീയമായി മരിച്ച മനുഷ്യരെ എവുത്തിക്കസിനെ പോലെ മരിച്ച മനുഷ്യരെ ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ഒരു ഒരു ഒരു മരിച്ചവനെ ഉയർപ്പിക്കുന്ന ശുശ്രൂഷയാണ് കുർബാനയിൽ നടക്കേണ്ടത്.

​അതുകൊണ്ട് അത്രയും ഉത്തരവാദിത്വബോധത്തോടെ വൈദികര് ബലിയർപ്പിക്കണം.

ഓരോ കുർബാനയും മനുഷ്യന്റെ തകർന്നു കിടക്കുന്ന, മരിച്ചു കിടക്കുന്ന, ചത്തതുപോലെ ജീവിക്കുന്ന മനുഷ്യരെ പ്രത്യാശയിലേക്കും ജീവനിലേക്കും തിരിച്ചെടുക്കാനുള്ള ഒരു സമയമാണതെന്ന് അറിയണം.

ഞാനിത് പറയാൻ കാരണം ഇത് കുർബാനയൊക്കെ കഴിഞ്ഞ് ഇറങ്ങിപ്പോകുന്ന മനുഷ്യര് മരിച്ചവരെപ്പോലെ ഇറങ്ങിപ്പോകരുത്.

അതായത് ചത്തതുപോലെ ഇറങ്ങിപ്പോകരുത്. ആകെ ടയേർഡ് ആയി, മടുത്ത്, ഒരു പ്രതീക്ഷയില്ലാതെ, ആരോടും മിണ്ടാതെ…

അതായത് ഓരോ കുർബാന അർപ്പണത്തിനു ശേഷവും മനുഷ്യന് ജീവനുണ്ടാവണം, സന്തോഷം ഉണ്ടാവണം.

​ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, ചില പുരോഹിതര് നന്നായിട്ട് ഉള്ളിൽ തട്ടി ഹൃദയം നൊന്ത് ബലിയർപ്പിക്കും.

ബലിയർപ്പിച്ചിട്ട് അവസാനം കുറച്ച് അനൗൺസ്മെന്റും സംസാരവും നടത്തി ജനത്തെ വെറുപ്പിച്ചിട്ട് പറഞ്ഞയക്കും.

എന്നോട് ക്ഷമിക്കണം ഞാൻ ഇങ്ങനെ പറയുന്നത്. അത് ചെയ്യരുത്.

അത് മനുഷ്യന് അവന് ആ കുർബാനയിൽ കിട്ടിയ അനുഭവം, ആ സ്നേഹം, ആ സന്തോഷം അവന്റെ ജീവിതത്തിലേക്ക് ക്യാരിഓവർ ചെയ്യാൻ പറ്റണമെങ്കിൽ നമ്മൾ അതിനുശേഷം അവൻ സന്തോഷത്തോടെ പോണം.

ചില ദേവാലയങ്ങളിൽ കുർബാന കഴിഞ്ഞിട്ട് പിന്നെ പോര്, തല്ല്, വഴക്ക്, ഭിന്നത, വാദപ്രതിവാദങ്ങൾ…

അവിടെ ആ വിശുദ്ധ കുർബാനയിൽ അവന് കിട്ടിയ ജീവൻ അവൻ വീണ്ടും മരിച്ചിട്ടാണ് പോകുന്നത്.

അപ്പൊ ഇത്രയും ഒരു മണിക്കൂർ അവൻ ബലിയർപ്പിച്ച് അവന് ദൈവം കൊടുത്ത ആ ജീവൻ ഇല്ലാതായി.

അപ്പൊ അത് നമ്മൾ ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കാനാണ് ഞാൻ ഈ ഭാഗം പറഞ്ഞത്.

​ഇനി നമുക്ക് 1 കൊറിന്തോസ് 5-ലേക്ക് വരാം. അവിടെ അപ്പസ്തോലൻ ഒരു വലിയ ക്രൈസിസ് ആ കമ്മ്യൂണിറ്റിയിൽ ഉണ്ടായിരുന്നു.

അതായത് ആ സഭയിലുള്ള ഒരാള് ഒരു മ്ലേച്ഛമായ ബന്ധത്തിൽ ഏർപ്പെട്ട് ജീവിക്കുകയാണ്. താൻ ഒരിക്കലും ഒരു അവിഹിത ബന്ധത്തിലേക്ക് പോകാൻ പാടില്ലാത്ത ഒരാളുമായി ഒരു ബന്ധത്തിൽ ഏർപ്പെട്ട് ഒരു വിശ്വാസി ജീവിക്കുകയാണ്.

അപ്പൊ പൗലോസ് പറയുകയാണ് അവിടെ ഈ പ്രവർത്തി, ഈ പാപം ചെയ്തു കഴിയുന്നവനെ നിങ്ങളുടെ ഇടയിൽ നിന്ന് നീക്കിക്കളയണം

എന്ന് പറഞ്ഞാൽ നിങ്ങൾ കുർബാന അർപ്പിക്കുമ്പോൾ ഈ സ്കാൻഡലിൽ ജീവിക്കുന്നവനെ നിങ്ങൾ നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒഴിവാക്കണം.

​എന്നിട്ട് മൂന്നാമത്തെ വാക്യത്തിൽ പറയുകയാണ്:

​”ശാരീരികമായിട്ടല്ലെങ്കിലും ആത്മീയമായി ഞാൻ അവിടെ സന്നിഹിതനായി ഈ പ്രവർത്തി ചെയ്തവനെ നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ വിധിച്ചു കഴിഞ്ഞു.

നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിലും എന്റെ ആത്മീയ സാന്നിധ്യത്തിലും നിങ്ങൾ ഒരുമിച്ചു കൂടുമ്പോൾ…”

​ഒരുമിച്ചു കൂടുമ്പോൾ എന്ന് പറഞ്ഞാൽ നിങ്ങൾ കുർബാനയ്ക്ക് ഒരുമിച്ചു വരുമ്പോൾ…

​”നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അധികാരം ഉപയോഗിച്ച് ആ മനുഷ്യനെ അവന്റെ അധമവികാരങ്ങൾ ഇല്ലായ്മ ചെയ്യേണ്ടതിന് പിശാചിന് ഏൽപ്പിച്ചു കൊടുക്കണം.”

​എന്ന് പറഞ്ഞാൽ കമ്മ്യൂണിറ്റിയിൽ നിന്ന് അവനെ മാറ്റണം, അവനെ മുടക്കണം. കാരണം അവൻ ഈ തെറ്റ് തിരുത്താൻ തയ്യാറല്ല.

അപ്പൊ അവനെ നിങ്ങൾ കമ്മ്യൂണിറ്റിയിൽ നിന്ന് മാറ്റി നിർത്തുമ്പോൾ അവനൊരു അനുതാപം ഉണ്ടായി അവൻ രക്ഷപ്പെടാൻ ഇടയാകും. ഇതാണ് ആ പശ്ചാത്തലം.

​ഇത് പറഞ്ഞിട്ട് അദ്ദേഹം പറയുന്ന മൂന്നാല് വാക്യങ്ങൾ വളരെ ഇമ്പോർട്ടന്റ് ആണ്:

​”നിങ്ങളുടെ ആത്മപ്രശംസ ഒട്ടും നന്നല്ല.”

​എന്ത് ചെയ്തിട്ട്?

പാപത്തിൽ കഴിഞ്ഞിട്ട്. തിന്മയിൽ ജീവിച്ചിട്ട്. ദൈവം ആഗ്രഹിക്കാത്ത ജീവിതമെല്ലാം നയിച്ചിട്ട് നിങ്ങൾ ഇങ്ങനെ ആത്മപ്രശംസ ചെയ്യുന്നത് ഒട്ടും നല്ലതല്ല.

​”അല്പം പുളിപ്പ് മുഴുവൻ മാവിനെയും പുളിപ്പിക്കുമെന്ന് നിങ്ങൾക്ക് അറിവുള്ളതല്ലേ?”

​എന്ന് പറഞ്ഞാൽ നിങ്ങളുടെ കൂട്ടത്തിൽ ഒരാളെങ്കിലും ഇങ്ങനെ തിന്മയിലും ദൈവനിഷേധത്തിലും അശുദ്ധിയിലും ജീവിച്ചാൽ അത് ആ കമ്മ്യൂണിറ്റിയെ മുഴുവൻ ബാധിക്കും.

​”നിങ്ങൾ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടവരാണ്.”

​എന്ന് പറഞ്ഞാൽ നിങ്ങൾ തിന്മയില്ലാതെ ജീവിക്കേണ്ടവരാണ്.

​”അതുകൊണ്ട് ആ പഴയ പുളിപ്പ്, അശുദ്ധിയും തിന്മയുമാകുന്ന ആ പഴയ പുളിപ്പ് നീക്കിക്കളയണം.

നിങ്ങൾ പുളിപ്പില്ലാത്തവരായിരിക്കേണ്ടവരാണ്.

എന്തെന്നാൽ നമ്മുടെ പെസഹാ കുഞ്ഞാടായ യേശുക്രിസ്തു ബലിയർപ്പിക്കപ്പെട്ടു എന്ന ആ ബലിയാണ് നമ്മൾ ആചരിക്കുന്നത്.

നമ്മുടെ പെസഹാ കുഞ്ഞാടായ ക്രിസ്തു ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു.”

​അവന്റെ ബലിയാണിത്.

അതായത് പൗലോസ് അപ്പസ്തോലൻ നേരിട്ട് നമ്മളോട് പറയുകയാണ് യേശുക്രിസ്തു കുരിശിൽ അർപ്പിച്ച അതേ ബലിയാണ് കുർബാനയിൽ നമ്മൾ അർപ്പിക്കുന്നത്.

​”അതിനാൽ അശുദ്ധിയും തിന്മയുമാകുന്ന പഴയ പുളിപ്പുകൊണ്ടല്ല, ആത്മാർത്ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പം കൊണ്ട്…”

​എന്ന് പറഞ്ഞാൽ വിശുദ്ധിയോടെ, പാപം ചെയ്യാതെ, അനുതപിച്ച് നമുക്ക് ഈ പെസഹാ കുഞ്ഞാടിന്റെ ബലിയിൽ പങ്കുചേരാം.

​അതുകൊണ്ട് അതിനു ചേർന്ന നിർദ്ദേശങ്ങളാണ് വിശ്വാസികൾക്കിടയിലുള്ള വ്യഭിചാരം, വഴക്ക്, അതുപോലെ സഹോദരങ്ങൾ തമ്മിൽ കേസ് കൊടുക്കുന്നത് ഇതെല്ലാമാണ് താഴോട്ട് പറയുന്നത്.

നമ്മൾ ഇതെല്ലാം ഞാനിത് പറയുമ്പോൾ ഇതെല്ലാം ഈ കാലഘട്ടത്തിന് ബാധകമാണ്. വിശ്വാസികളുടെ ഇടയിലെ വ്യവഹാരം, വഴക്ക്, തിന്മ ഇതെല്ലാം പെരുകുന്നു. ഒരുവശത്ത് നമ്മൾ ബലിയർപ്പിക്കുന്നു, മറുവശത്ത് ഈ തിന്മയെല്ലാം പെരുകുന്നു.

ഇത് ദൈവത്തോട് ചേർന്നുനിൽക്കുന്ന മനുഷ്യർ വളരെ ഗൗരവമായി എടുക്കേണ്ട ഒരു കാര്യമാണ്.

​ഇനി നമുക്ക് പത്താമത്തെ അധ്യായത്തിലേക്ക് വരാം. പത്താം അധ്യായത്തിൽ ചർച്ച ചെയ്യുന്ന വിഷയം വിഗ്രഹാരാധനയാണ്.

നിങ്ങൾ വിഗ്രഹാരാധകർ ആകരുത് എന്നാണ് അവിടെ പറയുന്നത്.

പത്താം അധ്യായത്തിന്റെ ഏഴാമത്തെ വാക്യം: പഴയനിയമത്തിലെ ചില ആളുകളെപ്പോലെ നിങ്ങൾ വിഗ്രഹാരാധകർ ആകരുത്.

പിന്നെ പറയുന്നു നിങ്ങൾ വ്യഭിചാരം ചെയ്യരുത്.

മൂന്നാമത് പറയുന്നു നിങ്ങൾ പിറുപിറുക്കുകയും പരാതി പറയുന്നവരുമായി മാറരുത്.

ഈ മൂന്ന് കാര്യമാണ് പത്താം അധ്യായത്തിന്റെ ആദ്യഭാഗത്ത് പറയുന്നത്.

​എന്നിട്ട് പതിനാലാമത്തെ വാക്യത്തിൽ പറയുകയാണ് (10:14):

​”പ്രിയപ്പെട്ടവരെ വിഗ്രഹാരാധനയിൽ നിന്ന് നിങ്ങൾ ഓടിയകലണം.”

​കുർബാനയ്ക്ക് വരുന്ന ആളുകൾ ഒരിക്കലും ദൈവത്തെ അല്ലാതെ മറ്റൊന്നിനെയും മറ്റാരെയും ആരാധിക്കരുത്.

വിഗ്രഹങ്ങളെ ആരാധിക്കരുത്, അന്ധവിശ്വാസങ്ങളിലേക്ക് പോകരുത്, പൈശാചിക പൂജകൾ—കേരളത്തിലൊക്കെ അങ്ങനെയുള്ള പൂജകളുണ്ട്; ചാത്തൻ മഠങ്ങളുണ്ട്, സാത്താൻ സേവകളുണ്ട്, കടമറ്റത്ത് സേവകളുണ്ട്, പലതരത്തിലുള്ള സേവകൾ ക്രിസ്ത്യാനികളുടെ ഇടയിലുണ്ട്.

അപ്പോ വിശുദ്ധ കുർബാന അർപ്പിക്കുന്നവർ അതിൽ നിന്ന് ഓടിയകലണം. അങ്ങനെ ചെയ്യരുത്.

​”വിവേകമതികളോട് എന്നപോലെ ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ പറയുന്നത് നിങ്ങൾ വിധിക്കുവിൻ. നാം ആശീർവദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം (Cup of Blessing)…”

​ഞാൻ പിന്നീട് ഈ നാല് കപ്പുകൾ, ഫോർത്ത് കപ്പിനെ കുറിച്ച് പറയും ഒരു എപ്പിസോഡിൽ.

അതിൽ വിശുദ്ധ കുർബാനയെ സൂചിപ്പിക്കാൻ പൗലോസ് അപ്പസ്തോലൻ ഉപയോഗിക്കുന്ന വാക്ക് ഇതാണ്: അനുഗ്രഹത്തിന്റെ പാനപാത്രം (Cup of Blessing).

എന്ന് പറഞ്ഞാൽ വിശുദ്ധ കുർബാന.

​”…നമ്മുടെ വിശുദ്ധ കുർബാന ക്രിസ്തുവിന്റെ രക്തത്തിലും ശരീരത്തിലുമുള്ള ഭാഗഭാഗിത്വമല്ലേ?”

​വളരെ ഇമ്പോർട്ടന്റായ ഒരു ദൈവശാസ്ത്ര സത്യം അപ്പസ്തോലൻ കൊണ്ടുവരികയാണ്.

നമ്മൾ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ, വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ യേശുക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലും ഭാഗഭാക്കുകൾ, പങ്കാളികൾ ആവുകയാണ്.

എന്ന് പറഞ്ഞാൽ നമ്മൾ സ്വീകരിക്കുന്നത് യേശുവിന്റെ അതേ ശരീരവും യേശുവിന്റെ അതേ രക്തവുമാണെന്ന് വ്യക്തമായി പറയുന്ന ഒരു ടെക്സ്റ്റാണിത്.

​”നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? അപ്പം ഒന്നേയുള്ളൂ. അതിനാൽ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ ഒരേ അപ്പത്തിൽ ഭാഗഭാക്കുകളാണ്.”

​’ദിവ്യകാരുണ്യം സഭയെ സൃഷ്ടിക്കും’ എന്നൊരു പ്രസിദ്ധമായ വാചകമുണ്ട് (Eucharist makes the Church).

എന്ന് പറഞ്ഞാൽ എന്താണ്?

ഒരപ്പത്തിൽ നിന്ന് നമ്മളിൽ പലര് ഭക്ഷിക്കുമ്പോൾ നമ്മൾ ഒരു ശരീരമായി തീരുന്നു.

നമ്മളിലും യേശുവിന്റെ ശരീരം, നമ്മുടെ അടുത്ത് നിൽക്കുന്നവരിലും യേശുവിന്റെ ശരീരം, അങ്ങനെ നമ്മൾ ഏക ശരീരമായി ഒരു സഭയായി മാറുന്നത് ദിവ്യകാരുണ്യം—യൂക്കരിസ്റ്റ് എന്ന പ്രിൻസിപ്പിളിലാണ്.

അതുകൊണ്ടാണ് Eucharist becomes the principle of the unity of the Church.

സഭാശരീരത്തിന്റെ ഐക്യത്തിന്റെ തത്വമാണ് വിശുദ്ധ കുർബാന.

അതിന്റെ പ്രിൻസിപ്പിളാണ് വിശുദ്ധ കുർബാന.

അപ്പൊ ഒരേ അപ്പത്തിൽ നാം ഭാഗഭാക്കുകളാണ്.

എന്നിട്ട് അദ്ദേഹം പറയുകയാണ്:

​”ഒരേസമയം കർത്താവിന്റെ പാനപാത്രത്തിലും പിശാചുക്കളുടെ പാനപാത്രത്തിലും നിങ്ങൾക്ക് പങ്കാളികളാകാൻ സാധിക്കുകയില്ല.”

​അതായത് ബലിവസ്തുക്കൾ ഭക്ഷിക്കുമ്പോൾ നമ്മൾ ആ ബലിയിൽ, ആ ബലിയിലുള്ള ആരെയാണോ—ദൈവത്തെയാണോ പിശാചിനെയാണോ ആരാധിക്കുന്നത് അവരുമായി ഒരു അഭേദ്യമായ, ഒരു മുറിച്ചു മാറ്റാൻ പറ്റാത്ത ഒരു ബന്ധത്തിലേക്ക് കടക്കുകയാണ്.

അപ്പൊ ഞാൻ ഈ ഭാഗം വായിക്കുന്നത് നമുക്ക് ഇതിൽ നിന്ന് നമുക്ക് എടുക്കാനുള്ള ആശയം: വിശുദ്ധ കുർബാന നമ്മൾ ഭക്ഷിക്കുമ്പോൾ നമ്മൾ യേശുക്രിസ്തുവുമായി ശാരീരികമായി ഒന്നായി മാറുന്നു. അതിന്റെ കൂടുതൽ തലങ്ങൾ പിന്നീട് നമുക്ക് വിശദീകരിക്കാം.

അങ്ങനെ യേശുക്രിസ്തുവിനോട് ഒന്നായി മാറുന്നത് കൊണ്ട് നമുക്ക് വേറെ ഒരു വിഗ്രഹാരാധനയിലേക്കും പോകാൻ പാടില്ല.

നമ്മൾ മറ്റൊരു തരത്തിലുള്ള ആരാധനകളിൽ പങ്കെടുക്കാനോ അങ്ങനെയൊന്നും അതിന് നമുക്ക് അനുവാദമില്ല. നമുക്ക് വിഗ്രഹാർപ്പിത ഭക്ഷണം കഴിക്കാൻ അനുവാദമില്ല.

നമുക്ക് മറ്റ് അന്ധവിശ്വാസങ്ങളിലേക്കോ പൈശാചിക പൂജകളിലേക്കോ പോകാൻ അനുവാദമില്ല, അതിൽ നിന്നും ഓടിയകലണം.

​ഒരു വശത്ത് പരിശുദ്ധ കുർബാന, മറുവശത്ത് അന്ധവിശ്വാസങ്ങൾ, മറുവശത്ത് പൈശാചിക പൂജകൾ…

പ്രിയപ്പെട്ടവരെ ഇങ്ങനെ ചെയ്യുന്ന ആളുകൾ നമ്മുടെ ഇടയിൽ അനേകം പേരുണ്ട്. അത് ചെയ്യാൻ പാടില്ല എന്ന് അപ്പസ്തോലൻ നമ്മളെ ഓർമ്മിപ്പിക്കുകയാണ്.

ഇവിടെ “വിജാതീയർ ബലിയർപ്പിക്കുന്നത് പിശാചിനാണ്” എന്ന് പറഞ്ഞ ഒരു വാചകം പൗലോസ് അപ്പസ്തോലൻ പറഞ്ഞത് നമ്മുടെ വായനയിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും.

ഒരു വളരെ പ്രധാനപ്പെട്ട ആശയം നമ്മൾ അതിൽ നിന്ന് ഗ്രഹിക്കാനുണ്ട്. പിശാച് എപ്പോഴും ആരാധന ചോദിക്കുന്ന ആളാണ്.

​സാത്താന് എന്താണ് വേണ്ടതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പിശാചിന് എന്താ വേണ്ടത്?

പിശാചിന് വേണ്ടത് ആരാധനയാണ്. അതിന്റെ ഏറ്റവും നല്ല തെളിവാണ് പിശാച് ഈശോയോട് തന്നെ നേരിട്ട് വന്നിട്ട് പറയുന്ന ഒരു വാചകമുണ്ട്: “നീ എന്നെ കുമ്പിട്ട് ആരാധിച്ചാൽ ഈ ലോകവും അതിന്റെ മുഴുവൻ മഹത്വവും ഞാൻ നിനക്ക് തരാം.”

പറയുന്നത് ദൈവപുത്രനോടാണെന്ന് ഓർക്കണം.

സാത്താൻ പറയുകയാണ്: “നീ എന്നെ ആരാധിച്ചാൽ…”

സാത്താന് ഒരൊറ്റ ആഗ്രഹമേയുള്ളൂ, എല്ലാ മനുഷ്യരും അവനെ ആരാധിക്കണം.

​അപ്പൊ അവന് ആരാധന കൊടുക്കുമ്പോൾ അത് പലരീതിയിലുണ്ട്.

പിശാചിനെ ആരാധിക്കുമ്പോൾ, പലതരത്തിലുള്ള വിഗ്രഹാരാധനയിലേക്ക് പോകുമ്പോൾ, സാത്താനെ ആരാധിക്കുമ്പോൾ, പൈശാചിക പൂജകൾ നടത്തുമ്പോഴൊക്കെ അത് ഡയറക്റ്റ് വർഷിപ്പാണ്.

അതുകൂടാതെ പിശാചിനെ നമ്മൾ ആരാധിക്കുന്നത് പാപം വഴിയാണ്. നമ്മൾ പുണ്യത്തെ, വിശുദ്ധിയെ സ്നേഹിക്കുമ്പോൾ നമ്മൾ ദൈവത്തെ സ്നേഹിക്കുന്നു.

പാപത്തെ സ്നേഹിക്കുമ്പോൾ നമ്മൾ സത്യത്തിൽ പിശാചിനെയാണ് സ്നേഹിക്കുന്നത്.

അപ്പൊ പാപം വഴി അല്ലെങ്കിൽ പൈശാചിക ആരാധനകൾ വഴി പിശാചിനെ ആരാധിക്കുമ്പോൾ എവിടെയാണോ അവനെ ആരാധിക്കുന്നത് ആ സ്ഥലം അവന്റേതാവുകയാണ്.

അപ്പൊ അവിടെയാണ് Satan has a claim on the land.

എവിടെയാണോ പൈശാചികമായ ആരാധന—ഇപ്പൊ ഉദാഹരണത്തിന് ഒരു സ്ഥലത്ത് ഒരുപാട് തിന്മ നടക്കുന്നു, അബോർഷൻ നടക്കുന്നു എന്ന് വിചാരിക്കുക.

ഒരുപാട് അബോർഷൻ നടക്കുന്ന ഒരു സ്ഥലത്ത്, ആ സ്ഥലത്ത് പിശാചിനാണ് ആരാധന പോകുന്നത്.

അല്ലെങ്കിൽ ഒരുപാട് വഴക്ക്, കലഹം… ഭിന്നിച്ചിരിക്കുന്ന ഏതൊരാളും കലഹത്തിനും വഴക്കിനും ഒടുവിൽ പോയി പള്ളിയിൽ പോയി കുർബാന അർപ്പിച്ചാലും ഉറപ്പിച്ചുകൊള്ളുക, ആരാധന പോകുന്നത് പിശാചിനാണ്.

​അപ്പൊ എവിടെ പിശാചിന് വർഷിപ്പ് കിട്ടുന്നോ ആ ലൊക്കേഷനിൽ അവനൊരു ക്ലെയിം ഉണ്ടാവുകയാണ്, ഒരു ലീഗൽ ക്ലെയിം.

എന്താണ് ഇതിന് പരിഹാരം?

പരിഹാരം യഥാർത്ഥ ദൈവത്തെ ആരാധിക്കുക എന്നുള്ളതാണ്.

നമ്മൾ എവിടെ ഉദാഹരണത്തിന് ദേവാലയത്തിൽ ദൈവം ആഗ്രഹിക്കുന്ന പോലെ വിശുദ്ധിയോടെ, ഒരുക്കത്തോടെ, ഭക്തിയോടെ, പ്രാർത്ഥനയോടെ, സ്നേഹത്തോടെ, ഐക്യത്തോടെ ബലിയർപ്പിക്കപ്പെടുമ്പോൾ ആ ലാൻഡ് ദൈവത്തിന്റെ രാജ്യമായി മാറുകയാണ്.

മറുവശത്ത് അവിടെ പിശാചിന് ആരാധന പോകുന്നിടത്ത് അത് പിശാചിന്റേതായിട്ട് മാറുകയാണ്.

അപ്പൊ ഈ പിശാചിന് ആരാധന അർപ്പിക്കുന്നതും ദൈവത്തിന് ആരാധന അർപ്പിക്കുന്നതും, പിശാചിന്റെ ബലി ദൈവത്തിന് അർപ്പിക്കുന്ന ബലി, ഈ വ്യത്യാസം പൗലോസ് അപ്പസ്തോലൻ പറയുമ്പോൾ ഈ ഒരു ആശയം കൂടി നിങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവന്നാൽ ആ ധാരണ കുറേക്കൂടി മെച്ചപ്പെടുന്നതിന്, ഒരു ക്ലാരിറ്റി കിട്ടുന്നതിന് ഇടയാകും എന്നുള്ളതുകൊണ്ട് അത് ഓർമ്മിപ്പിച്ചു എന്നേയുള്ളൂ.

യഥാർത്ഥ ആരാധന നടക്കുന്നിടത്ത് പിശാചിന് ആ ലാൻഡിന്റെ മേലുള്ള ക്ലെയിം ഇല്ലാതാവുകയാണ് എന്നാണ് അതിന്റെ അർത്ഥം.

​ഞാൻ ഇന്നത്തെ ഈ എപ്പിസോഡ് അവസാനിക്കുമ്പോൾ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്, നമുക്ക് ഈ ഒരു ദിവസം നമ്മൾ കേട്ട വചനങ്ങളുടെ വെളിച്ചത്തിൽ നമ്മൾ ഒരു ശരീരമാണ് എന്നാണ് നമ്മൾ കണ്ടത്.

അതു കൊണ്ടു തന്നെ നമ്മുടെ ഇടയിൽ പലതരത്തിൽ വേദന അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ നമുക്കൊരു നിയോഗമുണ്ട്.

അവരെ കഴിയുന്നിടത്തോളം സഹായിക്കാനും മുഖ്യധാരയിലേക്ക് പൊക്കിയെടുക്കാനും അവരെ അവരെ സമൂഹത്തിലേക്ക് അന്തസ്സുള്ളവരായി ജീവിക്കാൻ പ്രാപ്തരാക്കാനും ഉള്ള ഒരു സാമൂഹിക ഉത്തരവാദിത്വം നമുക്കുണ്ട്.

കാരണം ഒരു മേശയിൽ നിന്ന് ഭക്ഷിക്കുന്നവരാണ്, ഒരു ശരീരമാണ്. അതുകൊണ്ട് വീടില്ലാത്തവര്, ചികിത്സിക്കാൻ വഴിയില്ലാത്തവര്, ഭക്ഷണമില്ലാത്തവര്, അതുപോലെതന്നെ ആത്മീയമായി തകർന്നു കിടക്കുന്നവര് ഒക്കെ അങ്ങനെയുള്ള ആളുകളെ കരുണയോടെ കാണാൻ, അവരെ സഹായിക്കാൻ, അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ അതാണ് ഇന്നത്തെ നമ്മുടെ ഒരു ഉത്തരവാദിത്വം.

ഈ ഒരു കാര്യം മറക്കുമ്പോൾ നമ്മൾ ദിവ്യകാരുണ്യത്തിന് വിപരീതമായ ഒരു അരൂപിയിലേക്ക് കടന്നു വരികയാണ്.

അതുകൊണ്ട് ആ ഒരു ഗൗരവമുള്ള കാര്യം നിങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവരിക.

വിശുദ്ധ കുർബാനയുടെ ആശീർവാദം നമുക്ക് സ്വീകരിക്കാം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​നല്ല കർത്താവേ, ഒരു ദിവസം കൂടി അങ്ങയുടെ മുമ്പിൽ നിൽക്കാൻ ഞങ്ങളെ അനുവദിക്കുന്നതിന് കർത്താവേ നന്ദി പറഞ്ഞ് ആരാധിക്കുന്നു.

നല്ല കർത്താവേ, മറ്റു മനുഷ്യർക്ക് ജീവൻ കൊടുക്കാനുള്ള, മനുഷ്യർക്ക് പ്രത്യാശ കൊടുക്കാനുള്ള, അവരെ ഉയർപ്പിക്കാനുള്ള, അവർക്ക് ജീവിതത്തിന് പ്രതീക്ഷ നൽകുന്ന ഒരു ജീവിതമായി മാറാൻ ആണല്ലോ പരിശുദ്ധ കുർബാന അവിടുന്ന് ഞങ്ങൾക്ക് തന്നത്.

സുഖപ്പെടുത്തുന്ന ശുശ്രൂഷയാണല്ലോ ഇത്.

കർത്താവേ ദിവ്യകാരുണ്യം സ്വീകരിക്കുന്ന ഞങ്ങൾ അനേകരുടെ ജീവിതത്തിന് ജീവൻ കൊടുക്കുന്നവരായി മാറാൻ ഞങ്ങളെ അങ്ങ് സഹായിക്കണം.

​കർത്താവേ, പരിശുദ്ധ കുർബാനയിൽ ഞങ്ങൾ പങ്കെടുക്കുമ്പോൾ ആത്മാർത്ഥതയും സത്യവുമാകുന്ന പുളിമാവുകൊണ്ട് അശുദ്ധിയില്ലാത്തവരായി, പാപമില്ലാത്തവരായി, ദുഷിച്ച ജീവിതത്തിൽ നിന്നകന്ന് വിശുദ്ധിയോടെ നിന്നെ സമീപിക്കാൻ ഞങ്ങൾക്ക് കൃപ തരണമേ എന്ന് ഞങ്ങൾ ഇന്ന് പ്രാർത്ഥിക്കുന്നു.

കർത്താവേ വിഗ്രഹാരാധനയിൽ നിന്ന് ഓടിയകലാൻ ഞങ്ങളുടെ ഹൃദയത്തിൽ വ്യക്തികളോ, പൈശാചികമായ മോഹങ്ങളോ, സമ്പത്തോ ഒന്നും വിഗ്രഹമാകാതിരിക്കാൻ കർത്താവേ നീ ഞങ്ങളെ സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

​ദൈവമായ കർത്താവേ, ഞങ്ങൾ ദിവ്യകാരുണ്യത്തിലൂടെ ഒരു ശരീരമായി മാറുന്നതുകൊണ്ട് മറ്റുള്ള ഞങ്ങളുടെ സഹോദരങ്ങൾ ഞങ്ങളുടെ ശരീരത്തിന്റെ ഭാഗമാണ് എന്ന് കണ്ട് അവരെ സ്നേഹിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ എന്ന് പ്രാർത്ഥിക്കുന്നു.

ഞങ്ങൾ ആശീർവാദം സ്വീകരിക്കുമ്പോൾ ഞങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരെയും, പ്രത്യേകിച്ച് ഞങ്ങളുടെ കുടുംബാംഗങ്ങൾ മാത്രമല്ല ഞങ്ങളുടെ അയൽക്കാര്, ഞങ്ങളുടെ ഇടവകയിലെ ആളുകൾ, ഞങ്ങളുടെ ശുശ്രൂഷയിലുള്ള സഹകാരികൾ, കർത്താവേ ദൂരത്തും ചാരത്തുമായി ഞങ്ങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കണോ അവരെല്ലാം അനുഗ്രഹിക്കപ്പെടാൻ ഈ ആശീർവാദത്തിൽ അങ്ങ് സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

​കാരുണ്യവാനായ കർത്താവ് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും നിങ്ങളുടെ കുടുംബത്തെയും ഭവനത്തെയും നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും അനുഗ്രഹിക്കട്ടെ.

അനേകം പേരുടെ ജീവിതത്തിൽ അനുഗ്രഹമാവാൻ ജോസഫിനെപ്പോലെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

നിങ്ങൾ കാലു കുത്തുന്ന സ്ഥലം അനുഗ്രഹിക്കപ്പെടാനും നിങ്ങളുടെ വാക്കുകൾ അനേകർക്ക് സമാധാനമാവാനും നിങ്ങളുടെ ജീവിതം കൊണ്ട് അനേകർ യേശുവിനെ അറിയാനും ഇടയാവട്ടെ.

​കർത്താവായ യേശു അവിടുത്തെ നാമത്തിൽ ജീവിക്കുന്ന നിങ്ങളിലൂടെ തന്റെ ശരീരത്തെ ബലപ്പെടുത്തുകയും പുഷ്ടിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യട്ടെ.

യേശുവിന്റെ ശരീരത്തിന് ഇന്ന് ഏൽക്കേണ്ടിവരുന്ന മുറിവുകൾ സൗഖ്യപ്പെടുത്തുന്നതിന് നിങ്ങളുടെ ജീവിതം യേശു ഒരു ഉപകരണമാക്കി മാറ്റട്ടെ.

കർത്താവായ ദൈവം നിങ്ങളെ ഏൽപ്പിച്ച ദൈവരാജ്യ ശുശ്രൂഷയ്ക്കായി ആവശ്യമായ എല്ലാ കൃപകളും ദാനങ്ങളും വരങ്ങളും ഫലങ്ങളും നിങ്ങളിൽ സമൃദ്ധമാവട്ടെ; ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading