പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.

​ഈശോയിൽ ഏറ്റവും സ്നേഹമുള്ള സഹോദരങ്ങളെ,

ദിവ്യകാരുണ്യ വിമോചനയാത്രയുടെ മുപ്പത്തിരണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുകയാണ്.

ഒത്തിരി സന്തോഷവും സ്നേഹവും ഞാൻ അനുഭവിക്കുന്നുണ്ട്.

​നിങ്ങൾ ഓരോരുത്തരും ഈ യാത്രയിൽ കൂടെ വന്നതിനും, ഒരുമിച്ച് നടന്നതിനും, ഒരുമിച്ച് പ്രാർത്ഥിച്ചതിനും, നമ്മുടെ ലോകമാസകലമുള്ള വിശ്വാസികളുടെ ഇടയിൽ നടന്നിട്ടുള്ള ദിവ്യകാരുണ്യ അവഹേളനങ്ങൾക്ക് പരിഹാരം ചെയ്തതിനും, നമ്മുടെ വ്യക്തിജീവിതത്തിലും നമ്മുടെ പൂർവികരിലും വന്നുപോയ ദൈവാരാധനയുടെ തലങ്ങളിൽ വന്ന വീഴ്ചകൾക്ക് പരിഹാരം ചെയ്തതിനും, കുറേക്കൂടി ഈശോയെ ദിവ്യകാരുണ്യത്തിൽ ജീവനോടെ കണ്ട് ആരാധിക്കാൻ ഹൃദയങ്ങൾ ഒരുക്കപ്പെട്ടതിനും എല്ലാം ഞാൻ ദൈവത്തിന് മഹത്വവും സ്തുതിയും ആരാധനയും സമർപ്പിക്കുന്നു.

​ഒത്തിരി അനുഗൃഹീതമായ ഈ യാത്രയിൽ അനേകം ദിവ്യകാരുണ്യ ബോധ്യങ്ങൾ നമുക്ക് ഈശോ തന്നു.

അതിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഈശോ പരിശുദ്ധ കുർബാന സ്ഥാപിക്കുന്ന സംഭവം.

അത് ഇന്ന് നമ്മുടെ ദിവ്യകാരുണ്യ ചിന്തയ്ക്കായിട്ട് എടുക്കുകയാണ്.

​മത്തായിയുടെ സുവിശേഷത്തിൽ ഇരുപത്തിയാറാം അധ്യായത്തിൽ പതിനേഴു മുതലുള്ള വാക്യങ്ങളിലാണ് പെസഹാ ഭക്ഷിക്കുന്നതും അതിനിടയിൽ വിശുദ്ധ കുർബാന സ്ഥാപിക്കുന്നതും നമ്മൾ വായിക്കുന്നത്.

നമുക്ക് അതിലെ ഏതാനും കാര്യങ്ങൾ ഇന്നത്തെ ചിന്തയ്ക്കായിട്ട് എടുക്കാം.

​മത്തായി 26:17

​പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്നു ചോദിച്ചു: “നിനക്ക് പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?”

അവൻ പറഞ്ഞു: “നിങ്ങൾ പട്ടണത്തിൽ പോയി ഇന്ന ആളുടെ അടുത്ത് പോയി പറയുക, ഗുരു പറയുന്നു എന്റെ സമയം സമാഗതമായി, ഞാൻ എന്റെ ശിഷ്യന്മാരോടുകൂടെ നിന്റെ വീട്ടിൽ പെസഹാ ആചരിക്കും.”

​ഒന്നാമത്തേത്, നമുക്ക് ഇവിടെനിന്ന് ലഭിക്കുന്ന ആദ്യത്തെ ആശയം—മാളികമുറി, അവിടെയാണ് (Upper Room), അവിടെയാണ് യേശു പെസഹാ ആചരിക്കുന്നത്.

മർക്കോസ് അതിനെക്കുറിച്ച് പറയുന്നത് (മർക്കോസ് 14:15-ൽ), “സജ്ജീകൃതമായ ഒരു വലിയ മാളികമുറി” എന്നാണ്. സജ്ജീകൃതമായ ഒരു വലിയ—a big upper room— വലിയൊരു മാളികമുറി.

​മർക്കോസ് ഇത് പറയുമ്പോൾ മർക്കോസിന് അങ്ങനെ പറയാം, കാരണം ഇത് മർക്കോസിന്റെ വീടാണ്.

മർക്കോസിന്റെ അമ്മയായ മറിയത്തിന്റെ വീടാണ് ഈ മാളികമുറി.

അപ്പൊ അവിടെയാണ് പെസഹാ ഭക്ഷിക്കുന്നത്.

​നമ്മൾ സ്വീകരിക്കേണ്ട ആദ്യത്തെ ചിന്ത: നമ്മുടെ ദേവാലയങ്ങളെ നമ്മൾ നന്നായി കാത്തു സൂക്ഷിക്കേണ്ടതുണ്ട്. നമ്മൾ വിശുദ്ധ കുർബാന നടക്കുന്ന സ്ഥലങ്ങൾ ചിലപ്പോൾ പലപ്പോഴും ദേവാലയങ്ങൾ മനോഹരമായിട്ട് പണിയുമ്പോൾ പല ആളുകളുടെയും ഉള്ളിൽ ഒരു ചോദ്യചിഹ്നം വരും—”ഇത്രയും വലുത് വേണോ?

ഇത്രയും ബ്യൂട്ടിഫുൾ ആക്കണോ?

ഇത്രയും അലങ്കാരപ്പണികൾ വേണോ?” എന്നൊക്കെ.

​ഒരു വശത്ത് നമ്മൾ വലിയ ആഡംബരങ്ങൾ ഒഴിവാക്കേണ്ടതുണ്ട്, മറുവശത്ത് തീരെ അനാകർഷകമായി മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുമുണ്ട്.

കാരണം നല്ല ഉടുപ്പിടുന്ന നമ്മള്, നല്ല വസ്ത്രം ധരിക്കുന്ന നമ്മള്, നല്ല ഭക്ഷണം കഴിക്കുന്ന നമ്മള്, നല്ല വീട്ടിൽ താമസിക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മള്, നല്ല വാഹനങ്ങളിൽ യാത്ര ചെയ്യുന്ന നമ്മള് ദൈവാരാധനയുടെ കാര്യം വരുമ്പോൾ മാത്രം ലുബ്ധിക്കുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.

എല്ലാം നല്ലതായിട്ട് ചെയ്യുന്ന നമ്മൾ ഏറ്റവും നന്നായി ചെയ്യേണ്ടത് ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ്.

അതുകൊണ്ട് ദേവാലയങ്ങൾ ഏറ്റവും മനോഹരമാവണം. ദേവാലയത്തിന്റെ പുറം മനോഹരമാക്കുന്നതിനേക്കാളും ശ്രദ്ധ ദേവാലയത്തിന്റെ അകം ബ്യൂട്ടിഫുൾ ആക്കുന്നതിന് നമ്മൾ ശ്രദ്ധിക്കണം.

​ഈ മലയാളികൾക്കുള്ള ഒരു കൾച്ചർ വെളിയിലെല്ലാം നല്ല നന്നായിട്ടിരിക്കാൻ ആഗ്രഹിക്കും, അകത്ത്—ഈ ആ വാക്ക് പറയാൻ ക്ഷമിക്കുക—കന്നാലിക്കൂട് പോലെയായിരിക്കും, അകം.

അപ്പൊ വെളി ബ്യൂട്ടിഫുൾ ആയിരിക്കും. പക്ഷേ, നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും യൂറോപ്പിലൊക്കെ എല്ലാ വീടും കണ്ടാൽ ഒരുപോലെയിരിക്കും വെളിയിൽനിന്ന് നോക്കിയാൽ.

പക്ഷേ, അകത്തോട്ട് കയറി ചെന്നാൽ മനോഹരമായ ഇന്റീരിയർ ആണ്. അപ്പൊ അത് രണ്ട് കാഴ്ചപ്പാടാണ്. ചിലപ്പോൾ നമ്മൾ ചിന്തിക്കുന്നത് എല്ലാം വെളിയിലൊക്കെ നല്ല നീറ്റ് ആയിട്ടിരുന്നാൽ മതി, അകത്ത് എങ്ങനെയായാലും കുഴപ്പമില്ലാന്ന്.

പക്ഷേ, മറ്റുള്ള മനുഷ്യർ ചിന്തിക്കുന്നത് അങ്ങനെയല്ല; പുറത്ത് എങ്ങനെയിരുന്നാലും കുഴപ്പമില്ല, നമ്മൾ ജീവിക്കുന്ന സ്പേസ് ബ്യൂട്ടിഫുൾ ആയിരിക്കണം.

​അപ്പൊ ഞാൻ പറഞ്ഞു വരുന്നത് നമ്മുടെ ദേവാലയങ്ങളുടെ പുറം മോടി പിടിപ്പിക്കുന്നതിനേക്കാളും ഇമ്പോർട്ടന്റ് ആണ് ദേവാലയത്തിന്റെ അകം—അൾത്താര, ബലിപീഠം—എല്ലാ കാര്യങ്ങളും നല്ല മനോഹരമാവാൻ ശ്രദ്ധിക്കണം.

നമ്മൾ ഇപ്പോൾ ഈ റെക്കോർഡിങ് ചെയ്യുന്നത് ഒരു ദേവാലയത്തിൽ വെച്ചാണ്. ഇത് നിങ്ങൾക്ക് മുഴുവൻ കാണാൻ പറ്റിയില്ലെങ്കിലും അറ്റ്ലീസ്റ്റ് മനോഹരമായി ക്രമീകരിച്ചിരിക്കുന്ന ഒരു ദേവാലയമാണ്.

അപ്പൊ അത് അതിന്റെ ആ ദൈവികത, പരിശുദ്ധത, അത് ഒരാൾ കൊടുക്കുന്ന അതിനു കൊടുക്കുന്ന വാല്യൂ ദേവാലയത്തെ എങ്ങനെ ഒരാൾ കീപ്പ് ചെയ്യുന്നു എന്നുള്ളത് വളരെ ഇമ്പോർട്ടന്റ് ആണ്.

​അപ്പൊ ഞാൻ പറഞ്ഞു വരുന്നത് സജ്ജീകൃതമായ ഒരു വലിയ മാളികമുറി, അങ്ങനെ യേശു നിർദ്ദേശിച്ചതുപോലെ ശിഷ്യന്മാർ അവിടെ പെസഹാ ഒരുക്കി.

​വൈകുന്നേരമായപ്പോൾ അവൻ പന്ത്രണ്ട് ശിഷ്യന്മാരോടൊത്ത് ഭക്ഷണത്തിനിരുന്നു. ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.”

​രണ്ടാമതായിട്ട് നമ്മുടെ ഹൃദയത്തിലേക്ക് വരേണ്ട ചിന്ത ഇതാണ്: ദിവ്യകാരുണ്യം സ്ഥാപിക്കപ്പെട്ടത് ഈശോ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലാണ്.

നമുക്കൊരു കാര്യം അറിയാം, ഈ betray ചെയ്യപ്പെട്ടിട്ടുള്ളവരാണെങ്കിൽ നിങ്ങൾക്ക് മനസ്സിലാവും. ചതിക്കപ്പെട്ട ഒരാള് വല്ലാതെ മുറിവേറ്റ ഒരാളാണ്.

എല്ലാം നമുക്ക് സഹിക്കാം. ചതി, ചതിക്കുക—അത് നിങ്ങൾ സത്യസന്ധമായി ജീവിക്കുന്ന ഒരു മനുഷ്യനാണെങ്കിൽ നിങ്ങൾക്ക് അത് താങ്ങാൻ പറ്റില്ല. വല്ലാത്തൊരു തരം ഈ ലോകം മുഴുവനോടും എല്ലാവരോടും പകയോടെ എന്ന് പറയുന്നപോലെ അങ്ങനെ ഒരു മനോഭാവത്തിലേക്ക് മനുഷ്യൻ എത്തിച്ചേരുന്ന ഒരു സമയമാണ് ഈ betray ചെയ്യപ്പെടുന്ന സമയം.

ഇവിടെ ഈശോ ചതിക്കപ്പെട്ടു, ഒറ്റിക്കൊടുക്കപ്പെട്ടു. അത് ഈ ലോകത്ത് യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് പണം വാങ്ങി എന്നുള്ള കാര്യം ഈശോയ്ക്കും അറിയാം, ഒറ്റിക്കൊടുക്കാൻ അവന് പണം കൊടുത്തവർക്കും അറിയാം, ഈ പണം വാങ്ങി ഒറ്റിക്കൊടുത്ത യൂദാസിനും അറിയാം; ബാക്കി 11 പേർക്ക് അത് അറിയില്ല.

​അപ്പൊ ഈ ഐഡന്റിറ്റി ആരാണ് ഒറ്റിക്കൊടുക്കുന്നത് എന്ന് ഈശോ പരസ്യമായിട്ട് പറയില്ല. പക്ഷേ, ഒറ്റിക്കൊടുക്കാൻ പോകുന്നവൻ ഈ മേശയിൽ അടുത്തുണ്ട്. അപ്പൊ ദിവ്യകാരുണ്യം സ്ഥാപിക്കപ്പെടുന്നത് ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലാണ്.

അപ്പൊ ഞാൻ എനിക്കറിയാം, നമുക്ക് എന്തെങ്കിലും ഒരു അസഹനീയമായ വേദന വരുമ്പോൾ നമ്മൾ പെട്ടെന്ന് ആരോടും സംസാരിക്കാൻ ഇഷ്ടമില്ലാതാവും, പെട്ടെന്ന് കതകടച്ച് മുറിക്കകത്തിരിക്കാൻ ഇഷ്ടപ്പെടും.

അങ്ങനെ ഒരു അവനവനിലേക്ക് തന്നെ തിരിയാൻ ഒരു മനുഷ്യൻ ആഗ്രഹിക്കുന്ന ഒരു സമയമാണിത്. ആ സമയത്താണ് ലോകത്ത് ഏറ്റവും വലിയ സ്നേഹത്തിന്റെ ആ സമ്മാനം ക്രിസ്തു

ക്രിസ്തു ലോകത്തിന് തരുന്നത്.

​അങ്ങനെ wounded ആവുമ്പോ, അത്രയും മുറിവേൽക്കുമ്പോ, അത്രയും ചതിക്കപ്പെടുമ്പോ തന്റെ ഏറ്റവും നല്ലത് അവൻ വെച്ചു വിളമ്പുകയാണ്.

നമ്മൾ എത്തേണ്ട—ഇപ്പൊ എത്താൻ പറ്റുന്നില്ലായിരിക്കും—പക്ഷേ എത്തേണ്ട ഒരു ദൂരമാണിത്.

ഇങ്ങനെ നമ്മൾ തകർക്കപ്പെടുമ്പോഴും നമ്മളെ മനുഷ്യർ ദ്രോഹിക്കുമ്പോഴും നമ്മളെ മനുഷ്യര് പീഡിപ്പിക്കുമ്പോഴും നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവര്—ഇപ്പൊ കുടുംബാംഗങ്ങൾ, ജീവിതപങ്കാളി, മക്കളൊക്കെ അത്രയും torture ചെയ്യുമ്പോഴും നമ്മളിലെ ഏറ്റവും നല്ലത് അവർക്ക് കൊടുക്കാനുള്ള ഒരു ക്ഷണമാണ് കുർബാന.

ഒറ്റിക്കൊടുക്കപ്പെടുന്ന രാത്രികളിലും പകലുകളിലും ദിവ്യകാരുണ്യമായി മാറാനുള്ള ക്ഷണമാണ് ഈശോ നമുക്ക് തരുന്നത്.

​അവർ ഓരോരുത്തരും അത് കേട്ട് ദുഃഖിതരായി, “അത് ആരാണ്?” എന്ന് അവർ ചോദിച്ചു.

അങ്ങനെ ആ ഡിസ്കഷൻ ആണ് നമ്മൾ താഴോട്ട് വായിക്കുന്നത്.

ഇനി നമ്മൾ അതിന്റെ ഒരു മൂന്നാമത്തെ തലത്തിലേക്ക് വരാൻ 26 മുതലുള്ള വാക്യങ്ങൾ ഞാൻ വായിക്കുകയാണ്:

​”അവർ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ യേശു അപ്പമെടുത്തു…”

​Eucharistic Words എന്ന് പറയും, ദിവ്യകാരുണ്യ വചനങ്ങൾ.

അത് നമുക്ക് എന്തൊക്കെയാണെന്ന് നോക്കാം:

​എടുത്തു (He took, He took the bread)

​ആശീർവദിച്ചു (He blessed)

​മുറിച്ചു (He broke)

​ശിഷ്യന്മാർക്ക് കൊടുത്തു (He gave)

​ഒരു കാര്യം കൂടെയുണ്ട്, ഒരു വാക്കുകൂടിയുണ്ട്. അത് ഇവിടെയില്ല, മറ്റു ഭാഗങ്ങളിലുണ്ട്—കൃതജ്ഞതാ സ്തോത്രം ചെയ്തു (Gave thanks). അങ്ങനെ അഞ്ച് കാര്യങ്ങളാണ് Eucharistic Words എന്ന് പറയുന്നത്.

ദിവ്യകാരുണ്യ വചസ്സുകൾ അഞ്ച് വാക്കുകളാണ്:

​He took

​And He gave thanks

​And He blessed

​He broke

​And gave to His disciples (കൊടുത്തു)

​അപ്പൊ: എടുത്തു, കൃതജ്ഞതാ സ്തോത്രം ചെയ്തു, ആശീർവദിച്ചു, മുറിച്ചു, കൊടുത്തു.

​ഈ ദിവ്യകാരുണ്യ ജീവിതത്തിന് ഈ അഞ്ചു വാക്കുകളും ഇമ്പോർട്ടന്റ് ആണ്.

എന്ന് പറഞ്ഞാൽ എന്താണ്?

നമ്മൾ വിശുദ്ധ കുർബാനയായി മാറണമെങ്കിൽ നമ്മൾ നമ്മുടെ ജീവിതം എടുക്കണം (take).

രണ്ടാമതായിട്ട് അത് കൃതജ്ഞതാ സ്തോത്രം ചെയ്യണം; അതായത് ഈ കൃതജ്ഞത പറഞ്ഞ് വാങ്ങണം.

അപ്പൊ ജീവിതത്തെക്കുറിച്ച് മനുഷ്യർക്ക് ഇങ്ങനെ ചിന്തിക്കാം: ഒന്നുകിൽ ഇത് എന്റെ പരിശ്രമമാണ്, ഇത് എന്റെ കഴിവാണ്. അല്ലെങ്കിൽ അയാൾക്ക് ചിന്തിക്കാം ഇത് എനിക്ക് ദൈവം തന്ന ദാനമാണ്. അപ്പൊ എന്റെ കഴിവാണ് എന്ന് ചിന്തിക്കാം, effort ആണെന്ന് ചിന്തിക്കാം, gift ആണെന്ന് ചിന്തിക്കാം.

ഈ ദാനബോധം (gift consciousness)—അതായത് ജീവിതത്തിൽ എന്ത് നന്മയുണ്ടെങ്കിലും അത് നേടിയെടുത്തതല്ല, ദൈവം തന്നതാണ്. അതുകൊണ്ട് എല്ലാ കാര്യങ്ങൾക്കും മഹത്വം പോകേണ്ടത് ദൈവത്തിനാണ്.

​അതായത് നമ്മൾ ഇങ്ങനെ ഈ ഒരു കാര്യമുണ്ട്, ഈ privileged എന്ന് പറയുമ്പോൾ ഇതൊക്കെ ദാനമാണ്.

ഉദാഹരണത്തിന് പറഞ്ഞാൽ നിങ്ങൾ നല്ല സ്കൂളിൽ പഠിച്ചു, അത് നിങ്ങളുടെ കഴിവല്ല; ദൈവം അങ്ങനെ ഒരു ദാനം തന്നതാണ്.

നിങ്ങൾക്ക് നല്ല കൂട്ടുകാരുണ്ടായി, നല്ല പേരെന്റ്സ് ഉണ്ടായി—എല്ലാം ദാനമാണ്.

ഹെൽത്ത് ഉണ്ട്, അത്യാവശ്യം പൈസയുണ്ട് കയ്യിൽ—എല്ലാം ദാനമാണ്.

അതുകൊണ്ട് എന്ത് കാര്യം എടുക്കുമ്പോഴും അതിന്റെ ഒരു മഹത്വം പോകേണ്ടത് ഇത് തന്നവനിലേക്കാണ്.

അതാണ് ഈശോ എടുത്തു, നന്ദി പറഞ്ഞു.

​മൂന്നാമത്തേത് അവൻ ആശീർവദിച്ചു, അത് bless ചെയ്തു.

നമുക്ക് രണ്ടു രീതിയിൽ കൊടുക്കാം: ആശീർവദിച്ചും കൊടുക്കാം, ആശീർവദിക്കാതെയും കൊടുക്കാം.

ഇപ്പൊ നിങ്ങൾ ഒരാളെ സഹായിക്കുന്നു; ബ്ലെസ്സ് ചെയ്തു കൊടുത്താൽ നിങ്ങൾക്ക് ഈ കൊടുത്തതിന് കണക്കുമില്ല, കൊടുത്ത ആള് നിങ്ങളോട് തിരിച്ച് സ്നേഹം കാണിച്ചില്ലെങ്കിൽ പരാതിയുമില്ല.

ആശീർവദിക്കാതെ കൊടുത്താലോ?

കൊടുത്തതിനെല്ലാം കണക്കുമുണ്ടാവും, കൊടുത്തതിനെക്കുറിച്ച് എല്ലാം എല്ലാവരോടും പറയുകയും ചെയ്യും, പിന്നെ ആർക്കാണോ കൊടുത്തത് അവരൊരു ചെറിയ പ്രകോപനം അവരുടെ ഭാഗത്തുനിന്നുണ്ടായാൽ ഈ അരിശം മുഴുവൻ പുറത്തുവരികയും ചെയ്യും.

അപ്പൊ ജീവിതത്തിൽ നമ്മൾ ആർക്ക് എന്ത് കൊടുക്കുമ്പോഴും ബ്ലെസ്സ് ചെയ്ത് കൊടുക്കുക.

എന്ന് പറഞ്ഞാൽ ദൈവം തന്നതാണ്, അത് കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്, കൊടുക്കാതിരിക്കുന്നതാണ് പാപം, കൊടുത്തതിനെക്കുറിച്ച് പ്രത്യേകിച്ച് അഹംഭാവം ഒന്നുമില്ല. അങ്ങനെ ആശീർവദിച്ചു.

​നാലാമത്തേത് അവൻ മുറിച്ചു.

മുറിച്ചാ കൊടുത്തത്.

എല്ലാ സ്നേഹത്തിന്റെ പ്രവർത്തികളിലും ഒരു മുറിയലുണ്ട്. അതായത് pain എടുക്കാതെ നിങ്ങൾക്കൊരാളെ സ്നേഹിക്കാൻ പറ്റില്ല.

എനിക്ക് ഒരിക്കൽ ഒരു കുമ്പസാരത്തിലാണ് കുമ്പസാരക്കാരൻ എനിക്ക് പറഞ്ഞുതന്നത്; അതായത് ഒരാൾ വേദനിപ്പിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് ഇങ്ങനെ പറഞ്ഞുതന്നത്: അതായത് pain എടുക്കാതെ ഒരു സ്നേഹവുമില്ല.

ഒരാളെ സ്നേഹിക്കുക എന്ന് പറഞ്ഞതിന്റെ അർത്ഥം എന്താ?

നിങ്ങൾ അയാൾക്കുവേണ്ടി വേദനയെടുക്കാൻ റെഡിയാവുന്നു എന്നുള്ളതാണ്.

​നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ജീവിതത്തിൽ നിങ്ങൾ സത്യസന്ധമായിട്ട് സ്നേഹിക്കുന്ന എല്ലാ മനുഷ്യരിൽ നിന്നും നമുക്ക് വേദനയുണ്ട്.

അപ്പൊ അവരെ സ്നേഹിക്കണമെങ്കിൽ നമ്മളൊരു pain എടുക്കേണ്ടതുണ്ട്.

അപ്പൊ കുടുംബജീവിതം നയിക്കുന്നവർക്ക് കുറച്ചുകൂടെ ഇത് relate ചെയ്യാൻ പറ്റും. അപ്പൊ കുടുംബജീവിതത്തിന്റെ ഒരു ആരംഭകാലം കഴിഞ്ഞ് ലൈഫിന്റെ ഹാർഡ് റിയാലിറ്റികളിലേക്ക് വരുന്ന സമയത്ത് പിന്നെ ഈ സ്നേഹിക്കണമെങ്കിൽ ഒരാൾ പെയ്ൻ എടുത്താലേ പറ്റൂ.

അപ്പൊ അങ്ങനെ മുറിക്കപ്പെടാതെ സ്നേഹിക്കാൻ പറ്റത്തില്ല; മുറിച്ചു.

​അഞ്ചാമത്തേത്: കൊടുത്തു.

​ഇവിടെ ഒരു പഴയനിയമ കണക്ഷൻ ഉണ്ട് ഇതിനകത്ത്. ഈ എടുത്തു (He took). ‘Take’ എന്ന് പറയുന്നതിന് ഒരു പഴയനിയമ ബന്ധമുണ്ട്.

ഞാൻ അത് മലയാളം വായിക്കുമ്പോൾ അത്ര വ്യക്തമല്ലെങ്കിലും നിങ്ങൾ ഇംഗ്ലീഷ് ബൈബിൾ നിങ്ങൾക്ക് വായിക്കാൻ സമയം കിട്ടുകയാണെങ്കിൽ ഇത് കുറെക്കൂടെ നിങ്ങൾക്ക് ക്ലിയർ ആകും.

സാമുവലിന്റെ ഒന്നാം പുസ്തകത്തിൽ അതിന്റെ ഒൻപതാമത്തെ അധ്യായത്തിൽ—അതൊരു വളരെ ക്രിട്ടിക്കലായ മൊമെന്റ് ആണ്, എട്ടാമത്തെ അധ്യായം (9 അല്ല, 8; 1 സാമുവൽ 8)—ഇസ്രായേൽ രാജാവിനു വേണ്ടി മുറവിളി കൂട്ടുകയാണ്.

​അപ്പൊ അത് രാജാവിനു വേണ്ടി ഇസ്രായേൽ ആവശ്യപ്പെട്ടത് സാമുവലിന് ഇഷ്ടപ്പെട്ടില്ല. ആ സമയത്ത് സാമുവൽ ജനത്തോട് പറഞ്ഞു കൊടുക്കും: “ഈ രാജാവ് വന്നാൽ, നിങ്ങൾ ആവശ്യപ്പെടുന്ന ഒരു രാജാവ് വന്നാൽ—ദൈവം അയക്കുന്ന രാജാവല്ല, നിങ്ങൾ പറയുന്ന പ്രകാരം ഒരു രാജാവിനെ നമ്മൾ തിരഞ്ഞെടുത്താൽ—ആ രാജാക്കന്മാർ എന്തെല്ലാം ദ്രോഹങ്ങൾ നിങ്ങൾക്ക് ചെയ്യും?” എന്ന് സാമുവൽ അവർക്ക് പറഞ്ഞു കൊടുക്കുന്ന ഒരു ഭാഗമുണ്ട്.

അതിനകത്ത് ഇംഗ്ലീഷ് ബൈബിൾ ശ്രദ്ധിച്ചു വായിച്ചാൽ നിങ്ങൾക്ക് കാണാൻ പറ്റും.

അത് ഈ 1 സാമുവൽ 8-ന്റെ 11 മുതൽ 17 വരെയുള്ള വാക്യങ്ങളിൽ ‘Take’ എന്ന് പറയുന്ന വാക്ക്—’Lakkach’ എന്ന് പറയുന്ന ഒരു ഹീബ്രു വാക്കാണത്—’Take’ എന്ന് പറയുന്ന വാക്ക് ഏതാണ്ട് ഒരു അഞ്ചാറു തവണ ആവർത്തിക്കും.

അവൻ നിങ്ങളുടെ പുത്രീപുത്രന്മാരെ എടുക്കും, നിങ്ങളുടെ സമ്പത്ത് എടുക്കും, നിങ്ങളുടെ കന്നുകാലികളെ എടുക്കും; എടുക്കും, എടുക്കും (take).

ഈ വാക്ക് ആവർത്തിക്കുന്നുണ്ട്.

​ഞാൻ ഇത് പറയാൻ കാരണം: ദൈവം അയക്കാത്ത ഒരു രാജാവ്, അല്ലെങ്കിൽ നിങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഒരു രാജാവ് നിങ്ങൾക്ക് എന്ത് ചെയ്യും?

നിങ്ങളുടെതെല്ലാം എടുക്കും,

ഞാൻ ഒന്ന് കൂടി പറയാം. നിങ്ങൾ ആവശ്യപ്പെടുന്ന പ്രകാരമുള്ള ഒരു രാജാവ് വരുമ്പോൾ ആ രാജാവ് നിങ്ങളുടേതെല്ലാം എടുക്കും. അവനുവേണ്ടി എടുക്കും. അവൻ അവനുവേണ്ടി നിങ്ങളുടേത് എടുക്കും.

​എന്നാൽ ഇവിടെ നൂറ്റാണ്ടുകളായിട്ട് അവര് പ്രതീക്ഷിച്ചിരുന്ന ദൈവം അയച്ച രാജാവ്, ക്രിസ്തു എന്ന രാജാവ് വരുമ്പോൾ അവൻ അവനുള്ളത് എടുത്ത് നിങ്ങൾക്ക് തരും (He will take and give you).

ഈയൊരു reversal ഇവിടെ നടക്കുന്നുണ്ട്. യഥാർത്ഥ രാജാവ് അവനുള്ളത് എടുത്ത് നമുക്ക് തരികയാണ്.

​അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് അവർക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: “നിങ്ങളെല്ലാവരും ഇതിൽ നിന്ന് പാനം ചെയ്യുവിൻ. ഇത് പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന ഉടമ്പടിയുടെ എന്റെ രക്തമാണ്.”

​ഇവിടെ പുതിയ ഉടമ്പടിയാണ് വിശുദ്ധ കുർബാന.

ആ ഉടമ്പടിയുടെ രക്തമാണ് വിശുദ്ധ കുർബാനയിൽ നമ്മൾ സ്വീകരിക്കുന്ന യേശുവിന്റെ രക്തം.

അതു കൊണ്ടു തന്നെ ഉടമ്പടിയുടെ രക്തം നമ്മളെ സംരക്ഷിക്കും, നമുക്ക് എല്ലാ അനുഗ്രഹങ്ങളും തരും.

അതുകൊണ്ട് അവന്റെ രക്തം നമ്മുടെ സംരക്ഷണമാണ് എന്നൊരു ചിന്ത കൂടി നമുക്ക് ഇവിടെ ലഭിക്കുന്നുണ്ട്.

​അപ്പൊ ഇത്രയും കാര്യങ്ങൾ ഈ വിശുദ്ധ കുർബാനയുടെ സ്ഥാപന വചനങ്ങളുമായി ബന്ധപ്പെട്ട് ചിന്തിച്ച് നമുക്കത് നമ്മുടെ ജീവിതത്തിൽ നമ്മൾ കുർബാനയാകുമ്പോൾ

​നമ്മൾ എടുക്കണം

​നന്ദി പറയണം

​ആശീർവദിക്കണം

​മുറിക്കണം

​കൊടുക്കണം.

​അങ്ങനെ വലിയൊരു സജ്ജീകരിക്കപ്പെട്ട മാളികമുറിയായി നമ്മുടെ ജീവിതം മാറണം.

ക്രിസ്തുവിനു വേണ്ടി അത് കൊടുക്കണം.

അങ്ങനെ ഒരു അനുഗ്രഹം നമുക്കുണ്ടാവാൻ നമുക്ക് ഏറ്റവും ആത്മാർത്ഥമായിട്ട് ആഗ്രഹിച്ച് പ്രാർത്ഥിക്കാം.

​നമുക്കറിയാമല്ലോ, ഇന്ന് നമ്മൾ ഈ ദിവസം വലിയൊരു അനുഗ്രഹത്തിന്റെ യാത്രയിലെ ഏറ്റവും അവസാനത്തെ ദിവസങ്ങളിലേക്ക് നമ്മൾ കടക്കുക കൂടി ചെയ്യുകയാണ്.

അതുകൊണ്ടുതന്നെ ഒത്തിരി ഗൗരവമായ ശ്രദ്ധ ആവശ്യമുള്ള ഒരു സമയമാണിത്.

പ്രധാനമായും ഞാൻ പറഞ്ഞില്ലേ, ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലാണ് കുർബാന ഉണ്ടായതെന്ന് പറഞ്ഞപ്പോ ഒത്തിരി മുറിവുകൾ ചിലപ്പോൾ നിങ്ങളുടെ മനസ്സിലേക്ക് വന്നുകാണും.

ഞാൻ ഇന്നത്തെ ഒരു ടാസ്ക് ആയിട്ട്, ഒരു ഡ്യൂട്ടി ആയിട്ട് പറയുന്നത്: നമ്മുടെ മുറിവുകളെ നമുക്കൊന്ന് അറ്റൻഡ് ചെയ്യാം.

ഒരു നാലഞ്ച് ഒത്തിരി ആഴത്തിൽ വേദനിപ്പിക്കുന്ന കാര്യങ്ങൾ ഒന്ന് പിക്കപ്പ് ചെയ്യാം.

എന്നിട്ട് അത് ഈശോയുടെ അടുത്ത് പ്രാർത്ഥനയിൽ വെയ്ക്കാം. അതുമായി ബന്ധപ്പെട്ട വ്യക്തികളോട് ക്ഷമിച്ച് പ്രാർത്ഥിക്കാം.

പിന്നെ ഇങ്ങനെ പ്രാർത്ഥിക്കാം: “ഈശോയെ, എന്റെ മുറിവുകളെ തിരുമുറിവുകളാക്കി മാറ്റണമേ” എന്ന് പ്രാർത്ഥിക്കുകയും ചെയ്യാം.

ദൈവം നിങ്ങളെ ഈ ആശീർവാദത്തിൽ അനുഗ്രഹിക്കും, അനുഗ്രഹിക്കട്ടെ, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​കർത്താവേ, ഒരു ദിവസം കൂടി അവിടുത്തെ മുമ്പിലേക്ക് വരാൻ നല്ല ദൈവം ഞങ്ങളെ സഹായിക്കുന്നതിന് അങ്ങേക്ക് നന്ദി പറയുന്നു.

ദിവ്യകാരുണ്യമായി മാറാൻ അങ്ങ് ഞങ്ങളെ വിളിക്കുകയാണല്ലോ.

ഞങ്ങളുടെ ജീവിതം എടുക്കാനും, കർത്താവേ ആ ജീവിതം ദൈവത്തിന്റെ ദാനമാണെന്ന് തിരിച്ചറിഞ്ഞ് അങ്ങേക്ക് നന്ദി പറയാനും, കൃതജ്ഞതാ സ്തോത്രം ചെയ്യാനും, കർത്താവേ അത് ആശീർവദിക്കാനും, ഞങ്ങൾ കൊടുക്കുന്നതെല്ലാം ആശീർവദിച്ചു കൊടുക്കാനും, കർത്താവേ സ്നേഹത്തിനുവേണ്ടി മുറിവേൽക്കാനും, വേദന ഏറ്റെടുത്ത് മറ്റുള്ളവരെ സ്നേഹിക്കാനും, കർത്താവേ ഞങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് ദൈവത്തിനും ദൈവത്തിന് പ്രിയപ്പെട്ടവർക്കും പ്രയോജനമുള്ള ജീവിതങ്ങളാക്കി സമർപ്പിക്കാനും ഈ ദിവ്യകാരുണ്യം ഞങ്ങളെ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

​ഞങ്ങൾ നൽകുമ്പോൾ, കർത്താവേ ഞങ്ങൾ അങ്ങ് നൽകിയ ദാനമാണ് നൽകുന്നത് എന്ന് തിരിച്ചറിയാൻ ആ ദാനബോധം, കർത്താവേ കൃതജ്ഞതയുള്ള ഒരു ഹൃദയം ഞങ്ങൾക്ക് തരണമേ എന്ന് പ്രാർത്ഥിക്കുന്നു.

അങ്ങ് തന്നതെല്ലാം, കർത്താവേ അതിന്റെ മഹത്വം അങ്ങേക്ക് തരാൻ ഞങ്ങൾ മറന്നു പോകാതിരിക്കാൻ ഞങ്ങളെ സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

ഈശോയെ, നിന്റെ കരുണകൊണ്ട് ഞങ്ങളെ പൊതിയണമേ.

​ഇപ്പോൾ ഈ പ്രാർത്ഥനയിൽ ഒരുമിച്ചു ചേരുന്ന എല്ലാ മക്കളെയും, കർത്താവേ അങ്ങയുടെ കൃപ ഇപ്പോൾ പൊതിയണം.

അങ്ങ് അനുഗ്രഹിക്കണം, കരം നീട്ടണം.

അവരുടെ ജീവിതത്തിന് വഴികളും വാതിലുകളും ദൈവമേ അങ്ങ് തുറന്നുകൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

നമുക്ക് ഈശോയുടെ ആശീർവാദം സ്വീകരിക്കുമ്പോൾ നിസ്വാർത്ഥമായി ഈശോയെ സ്നേഹിക്കാനും, നമ്മുടെ ജീവിതം ഒരു ദിവ്യകാരുണ്യമാക്കി മാറ്റാനും കർത്താവേ കൃപ തരണമേ എന്ന് അപേക്ഷിക്കാം.

​സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

ദൈവപിതാവിന്റെ സ്നേഹം നിങ്ങളുടെ ഹൃദയങ്ങളിൽ നിറയട്ടെ.

യേശുക്രിസ്തുവിന്റെ രക്തം നിങ്ങളെ സംരക്ഷിക്കട്ടെ.

പരിശുദ്ധാത്മാവ് നിങ്ങളുടെ നേരെ മുഖമുയർത്തി നിങ്ങളെ പരിപാലിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ.

യേശുവിന്റെ രക്തത്താൽ നിങ്ങൾ എല്ലാ പൈശാചിക ശക്തികളിൽ നിന്നും സംരക്ഷിക്കപ്പെടട്ടെ.

യേശുവിന്റെ രക്തം നിങ്ങളുടെ ഭവനത്തിന് സംരക്ഷണ മുദ്രയായി മാറട്ടെ.

കർത്താവായ യേശു അവിടുത്തെ കരം നിങ്ങളുടെ മേൽ നീട്ടി നിങ്ങളുടെ ജീവിതത്തെയും കുടുംബത്തെയും ദിവ്യകാരുണ്യത്തിന്റെ അഭിഷേകം കൊണ്ട് നിറയ്ക്കട്ടെ.

കർത്താവ് ഈശോമിശിഹായുടെ തിരുശരീരത്തിന്റെ യോഗ്യതകളാൽ തന്നെ, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading