പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.

​ഈശോയിൽ ഏറ്റവും സ്നേഹമുള്ള പ്രിയപ്പെട്ട സഹോദരങ്ങളെ, പരിശുദ്ധ കുർബാന അനുഭവമായി മാറി 40 ദിവസത്തെ അനുഗ്രഹീതമായ ഒരു പ്രാർത്ഥനാ ജീവിതത്തിന്റെ, ഒരു വിമോചന ശുശ്രൂഷയുടെ ദിവസങ്ങളിലാണ് നമ്മളായിരിക്കുന്നത്.

ഇന്ന് നമ്മുടെ ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ മൂന്നാമത്തെ ദിവസത്തിലേക്ക് ഏറ്റവും പ്രാർത്ഥനയോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്.

കർത്താവിന്റെ വലിയ കൃപ നിങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

​നമ്മൾ ഈ ദിവ്യകാരുണ്യ ശുശ്രൂഷയുമായി ബന്ധപ്പെട്ട് പറഞ്ഞു തന്ന ആമുഖ ശുശ്രൂഷ നിങ്ങളെല്ലാവരും കാണണമെന്ന് ഒരിക്കൽ കൂടി ഞാൻ ആദ്യമേ തന്നെ ഓർമ്മിപ്പിക്കുകയാണ്.

കാരണം, ഇതെന്താണെന്നും എങ്ങനെയാണ് നമ്മൾ ഈ ശുശ്രൂഷയിൽ പങ്കെടുക്കേണ്ടതെന്നും നമുക്ക് മനസ്സിലാകണമെങ്കിൽ ഈ ആമുഖ ശുശ്രൂഷ, ആ എപ്പിസോഡ് നിങ്ങൾ കാണാതിരുന്നാൽ സാധിക്കുകയില്ല എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

​എല്ലാ ദിവസവും ദിവ്യകാരുണ്യത്തിൽ പങ്കെടുക്കാനും ആരാധനയിൽ പങ്കെടുക്കാനും ഉപവാസമെടുത്ത് പ്രാർത്ഥിക്കാനും അതുപോലെതന്നെ ഇവിടെ നിർദ്ദേശിക്കുന്ന കാര്യങ്ങൾ പൂർണ്ണമായി വിശ്വസ്തതയിൽ ചെയ്യാനും ശ്രമിച്ചാൽ നമുക്ക് വലിയ അനുഗ്രഹത്തിന്റെ, ഒരു വലിയ ആത്മീയ ഉയർച്ചയുടെ അനുഭവമായിട്ട് സെപ്റ്റംബർ മാസം എട്ടാം തീയതി ഈ പ്രാർത്ഥന പൂർത്തിയാക്കുമ്പോൾ നമുക്കെല്ലാവർക്കും ദൈവം വലിയ കൃപകൾ തരും എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചുകൊണ്ട് നമ്മൾ ഇന്നത്തെ മൂന്നാമത്തെ ദിവസത്തെ ചിന്തയിലേക്ക് കടക്കുകയാണ്.

​ഉല്പത്തി പുസ്തകം, രണ്ടാം അദ്ധ്യായം, ഒന്നു മുതലുള്ള വാക്യങ്ങൾ (Genesis 2:1 on):
​”അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സകലതും പൂർണ്ണമായി. ദൈവം തന്റെ ജോലി ഏഴാം ദിവസം പൂർത്തിയാക്കി താൻ തുടങ്ങിയ പ്രവർത്തിയിൽ നിന്ന് വിരമിച്ച് ഏഴാം ദിവസം അവിടുന്ന് വിശ്രമിച്ചു. സൃഷ്ടികർമ്മം പൂർത്തിയാക്കി തന്റെ പ്രവർത്തികളിൽ നിന്ന് വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ച് വിശുദ്ധമാക്കി.”

​നമ്മൾ ഇന്ന് ചിന്തിക്കുന്നത് ഈ ഏഴാം ദിവസത്തെ കുറിച്ചാണ്. ബൈബിളിൽ ഈ ഏഴാമത്തെ ദിവസം, അല്ലെങ്കിൽ ഈ സാബത്ത് ദിവസം, അല്ലെങ്കിൽ കർത്താവിന്റെ ദിവസം എന്ന് പറയുന്നത്, ‘ഏഴ്’ എന്ന് പറയുന്നത് മറ്റ് ഏതെങ്കിലും ഒരു നമ്പർ പോലെ ഒരു സാധാരണ നമ്പർ അല്ല. മറിച്ച്, ഈ ഏഴിന് ദൈവികമായ ഒരുപാട് അർത്ഥതലങ്ങളുണ്ട്. ഞാൻ അതിന്റെ ഒരു വ്യാഖ്യാനത്തിലേക്ക് നിങ്ങളുടെ ശ്രദ്ധയെ കൊണ്ടുവരാനാണ് ഇന്ന് ആഗ്രഹിക്കുന്നത്.

​അതിന് ആമുഖമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട ആദ്യത്തെ ചിന്ത: ദൈവം ആദ്യമായി വിശുദ്ധീകരിച്ചത്—കർത്താവ് ആദ്യമായി ‘Sanctify’ ചെയ്തത്, വിശുദ്ധമാക്കിയത്, ഹോളി ആക്കിയത്—ഒരു സ്ഥലമല്ല. ഏതെങ്കിലും ഒരു വ്യക്തിയെയല്ല, ഏതെങ്കിലും ഒരു സംവിധാനത്തെയല്ല. കർത്താവ് ആദ്യമായി ബൈബിളിൽ വിശുദ്ധീകരിച്ചു എന്ന് പറഞ്ഞിരിക്കുന്നത് ഒരു സമയത്തെയാണ്.

​അപ്പോൾ ആദ്യമായി നമ്മുടെ മനസ്സിലേക്ക് രജിസ്റ്റർ ചെയ്യേണ്ട ചിന്ത ഇതാണ്: ദൈവം വിശുദ്ധീകരിച്ച ആദ്യത്തെ യാഥാർത്ഥ്യം ഒരു സ്ഥലമല്ല. ഉദാഹരണത്തിന് ഒരു ദേവാലയം വിശുദ്ധീകരിച്ച് ദൈവജനത്തിന് ദൈവം തരികയല്ല, മറിച്ച് ദൈവം ആദ്യമായിട്ട് ബൈബിളിൽ വിശുദ്ധീകരിക്കുന്നത് ഒരു സമയത്തെയാണ്.

ആ സമയമാണ് ‘ഏഴാം ദിവസം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
​വ്യാപകമായ അർത്ഥത്തിൽ, വിശാലമായ അർത്ഥത്തിൽ ഏഴാം ദിവസം എന്ന് പറയുന്നത് ഒരു പ്രത്യേക ദിവസം എന്നതിനപ്പുറത്ത്, വിശാലമായ അർത്ഥത്തിലാണ്.
ഒരു പ്രത്യേക ദിവസം എന്നതിനപ്പുറത്ത് ഏഴാം ദിവസം എന്ന് പറയുന്നത് നമ്മൾ ദൈവത്തോടുള്ള ബന്ധത്തിലേക്ക് പ്രവേശിക്കുന്ന ഏത് സമയത്തെയും വിളിക്കാവുന്ന പേരാണ് ഏഴാമത്തെ ദിവസം, അല്ലെങ്കിൽ സാബത്ത് ദിവസം.

നമ്മൾ ദൈവത്തോടുള്ള ബന്ധത്തിലേക്ക് പ്രവേശിക്കുന്ന ഏത് ദിവസവും ഏഴാമത്തെ ദിവസമാണ്.

​അപ്പോൾ എന്താണ് ഇതിന്റെ പ്രത്യേകത?

ഞാൻ ഒരു നാല് കാര്യങ്ങൾ വേഗം ഇതിനെക്കുറിച്ച് പറയാം:
​ഒന്നാമത്തെ കാര്യം: ബൈബിളിൽ ‘ഏഴ്’ എന്ന് പറയുന്നത് ഉടമ്പടിയുടെ സംഖ്യയാണ് (Number of Covenant). ഉടമ്പടിയുടെ നമ്പറാണ്.

ഉദാഹരണത്തിന്, ഉല്പത്തി പുസ്തകം 21-ാം അധ്യായം 29-ാമത്തെ വാക്യത്തിൽ അബ്രാഹാം അബിമേലക്കുമായി ഒരു ഉടമ്പടി സ്ഥാപിക്കുമ്പോൾ, അബ്രാഹം ആ ഉടമ്പടിയുടെ ഓർമ്മയ്ക്കായി ഏഴ് ആടുകളെ, പെണ്ണാടുകളെ മാറ്റി നിർത്തുന്നതായി നമ്മൾ കാണുന്നുണ്ട്.

അപ്പോൾ അങ്ങനെ ഏഴ് ആടുകളെ മാറ്റി നിർത്തിയത് എന്ത് എന്ന ചോദ്യത്തിന് ഉത്തരം: ഒരു ഉടമ്പടിയിൽ ‘ഏഴ്’ എന്ന് പറയുന്ന നമ്പർ വളരെ പ്രധാനപ്പെട്ട നമ്പറാണ്; ബൈബിളിലെ ഉടമ്പടിയുടെ നമ്പറാണ് ഏഴ്.

​അപ്പോൾ അങ്ങനെ വരുമ്പോൾ ഏഴാമത്തെ ദിവസം എന്നത് ആദ്യമായി നമ്മളെ ഓർമ്മിപ്പിക്കുന്നത് ദൈവം നമ്മളുമായി ചെയ്ത ഉടമ്പടിയെ ഓർക്കാനുള്ള ദിവസമാണ് ഏഴാമത്തെ ദിവസം.

കുറച്ചുകൂടെ ലളിതമായിട്ട് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ, ഞായറാഴ്ച ദേവാലയത്തിലേക്ക് പോകുമ്പോൾ ആ ഞായറാഴ്ച ആചരണം നടത്തുന്നത് വഴിയായി തന്നെ നമ്മൾ പ്രഖ്യാപിക്കുന്നത് ദൈവവും നമ്മളും തമ്മിൽ ഒരു ഉടമ്പടി ബന്ധത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നാണ്.

​ഇതിന്റെ ഒരു ആഴം മനസ്സിലാകണമെങ്കിൽ ബൈബിളിൽ ഉടമ്പടി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കൂടി നമ്മൾ അറിയണം.

പുരാതന കാലങ്ങളിൽ ആർക്കും ആരെയും ഉപദ്രവിക്കാമായിരുന്നു. പോലീസ് ഇല്ല, ഗവൺമെന്റ് ഇല്ല, നിയമവ്യവസ്ഥയില്ല, നിയമപാലകരില്ല. ആ സാഹചര്യത്തിൽ ആർക്ക് വേണമെങ്കിലും ആരെയും ഉപദ്രവിക്കാൻ കഴിയുന്ന ഒരു പശ്ചാത്തലത്തിൽ മനുഷ്യൻ സ്വയരക്ഷയ്ക്ക് കണ്ടെത്തിയ ഒരു സംരക്ഷണ വഴിയാണ് ഉടമ്പടികൾ.

​ഉദാഹരണത്തിന് കായേൻ പറയുന്നുണ്ട്: “എന്നെ കാണുന്നവരെല്ലാം കൊല്ലാൻ നോക്കും.” കായേൻ അവരെ ഉപദ്രവിച്ചിട്ടല്ല, അന്ന് അന്നങ്ങനെയാണ്. കാട്ടുനീതിയാണ്, ‘Might is right’ ആണ്; കയ്യൂക്കുള്ളവൻ കാര്യക്കാരനാണ്.

അപ്പോൾ അതുകൊണ്ട് കാടിന്റെ നിയമങ്ങൾ പോലെയാണ് മനുഷ്യന്റെ നിയമങ്ങളും. അതുകൊണ്ട് ആർക്കും ആരെയും ഉപദ്രവിക്കാം. അതുകൊണ്ട് അപരിചിതരായ മനുഷ്യർ, രണ്ട് ബന്ധമില്ലാത്ത മനുഷ്യർ തമ്മിൽ പരസ്പരം ഉപദ്രവിക്കാതിരിക്കാനും, പരസ്പരം സംരക്ഷിക്കാനും, അവർ ഒരു കുടുംബമാണ് എന്ന ഓർമ്മപ്പെടുത്തൽ നൽകാനുമായി അവർ എത്തിച്ചേർന്നിരുന്ന കരാറുകളെ വിളിക്കുന്ന പേരാണ് ഉടമ്പടികൾ.

​പരസ്പരം ഉപദ്രവിക്കാതിരിക്കാൻ, പരസ്പരം സംരക്ഷിക്കാൻ, അതുപോലെതന്നെ ഒരു കാര്യം വളരെ വ്യക്തമായിട്ട് ഓർക്കണം: അവരൊരു കുടുംബമാണെന്ന്.

അവരൊരു കുടുംബമാണ്, അപരിചിതരല്ല എന്ന് പ്രഖ്യാപിക്കാൻ അവരെടുത്തിരുന്ന ഒരു കരാറിന്റെ പേരാണ്, ഒരു എഗ്രിമെന്റാണ്, ഒരു മ്യൂച്വൽ എഗ്രിമെന്റിന്റെ പേരാണ് ഉടമ്പടി.

​അപ്പോൾ ഇവിടെ അബ്രാഹാം അബിമേലക്കുമായി ഉടമ്പടിയിൽ ഏർപ്പെടുമ്പോൾ അബ്രാഹാം പ്രഖ്യാപിക്കുന്നത്: നീയും ഞാനും ഇനി അപരിചിതരല്ല, ഒരു കുടുംബമാണ്; നമ്മൾ പരസ്പരം ആക്രമിക്കാൻ പാടില്ല, ആർക്ക് ഒരു ഉപദ്രവം ഉണ്ടായാലും നമ്മൾ പരസ്പരം സഹായിക്കണം, നമ്മൾ ഒരു കുടുംബമാണ്.

​ആ അർത്ഥത്തിൽ ദൈവം മനുഷ്യനുമായി ഏർപ്പെട്ടിട്ടുള്ള ആറ് പ്രധാനപ്പെട്ട ഉടമ്പടികളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്:
​ആദത്തോട് ചെയ്ത ഉടമ്പടി
​നോഹയോട് ചെയ്ത ഉടമ്പടി
​അബ്രാഹാമിനോട് ചെയ്ത ഉടമ്പടി
​മോശയോട് ചെയ്ത ഉടമ്പടി
​ദാവീദിനോട് ചെയ്ത ഉടമ്പടി
​പിന്നീട് യേശുക്രിസ്തുവിലൂടെ വന്ന പുതിയനിയമ ഉടമ്പടി.
​ഇങ്ങനെ ആറ് മേജർ കവനന്റുകൾ ബൈബിളിൽ ഉണ്ട്.

ഈ ഉടമ്പടികളെല്ലാം ബൈബിളിലൂടെ നമ്മളോട് പറയുന്നത് നമ്മളും ദൈവവും തമ്മിൽ ഒരു കുടുംബ ബന്ധത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നാണ്.

ദൈവവുമായിട്ട് ഒരു കുടുംബ ബന്ധത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു; ദൈവവും നമ്മളും തമ്മിൽ ഒരു കുടുംബമാണ്. മാത്രമല്ല, ദൈവം ആ കുടുംബത്തിലെ കുടുംബനാഥനാണ്, ദൈവം നമ്മുടെ പിതാവാണ്.

​അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്, ബൈബിളിലെ ഏഴാമത്തെ ദിവസം അല്ലെങ്കിൽ സാബത്ത് ദിവസം, അല്ലെങ്കിൽ പുതിയ നിയമത്തിലേക്ക് വരുമ്പോൾ ഞായറാഴ്ച കർത്താവിന്റെ ദിവസം നമ്മളെ ഓർമ്മിപ്പിക്കുന്നത് നമ്മളും ദൈവവും തമ്മിൽ ഒരു കുടുംബ ബന്ധത്തിലാണ്, ദൈവം നമ്മുടെ പിതാവാണ്, നാം ദൈവത്തിന്റെ മക്കളാണ് എന്ന സത്യമാണ്. അതാണ് അതിന്റെ ഒന്നാമത്തെ അർത്ഥം.

​രണ്ടാമതായിട്ട് നമ്മളിതിനെ കാണേണ്ടത് ഏഴാമത്തെ ദിവസവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ചിന്ത ബൈബിളിൽ ‘ഏഴ്’ ഒരു ദൈവിക നമ്പർ ആണെങ്കിൽ, ‘ആറ്’ ഒരു പൈശാചിക നമ്പറാണ്.

ആറ് ഒരു ഈവിൾ നമ്പറാണ്; ദൈവികമല്ലാത്ത നമ്പറാണ്.

ഉദാഹരണത്തിന് ഗോലിയാത്തിനെ കുറിച്ചുള്ള വിവരണങ്ങളിൽ നിങ്ങൾക്ക് ആറ് കാണാൻ കഴിയും.

നെബുക്കദ്നേസർ ഉണ്ടാക്കിയ പ്രതിമയുടെ വലിപ്പത്തിൽ ആറ് കാണാൻ കഴിയും.

അതുപോലെതന്നെ സോളമൻ സമാഹരിച്ച സ്വർണ്ണത്തിന്റെ അളവ് പറയുമ്പോൾ അത് ദൈവത്തിനെതിരായിട്ടാണെന്ന് ബൈബിൾ വായിക്കുന്നവർക്ക് അറിയാം; അപ്പോൾ അത് 666 താലന്ത് സ്വർണ്ണമാണ്.

അതുപോലെ വെളിപാട് പുസ്തകത്തിലെ എതിർക്രിസ്തുവിന്റെ നമ്പർ 666 (ആറേ ആറേ ആറ്) ആണ്.

ബൈബിളിൽ മിക്കവാറും ഒക്കെ തന്നെ ഈ ആറ് ദൈവത്തിനെതിരെ നിൽക്കുന്ന ഒരു നമ്പറായിട്ടാണ് കാണുന്നത്; എതിർക്രിസ്തുവിന്റെ നമ്പറാണത്.

​അപ്പോൾ നമ്മൾ അവിടെ കാണുന്ന വളരെ കൗതുകകരമായ ഒരു നിരീക്ഷണം: മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് ആറാമത്തെ ദിവസമാണ്. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് ഏഴാമത്തെ ദിവസമല്ല, ആറാമത്തെ ദിവസമാണ്.

ആറാമത്തെ ദിവസം മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനോട് ആവശ്യപ്പെടുന്നത് അവൻ ഏഴാമത്തെ ദിവസത്തിലേക്ക് പ്രവേശിക്കണം എന്നാണ്. അതായത്, ഏഴ് ദൈവികമായ നമ്പറാണ്; ആറ് മനുഷ്യൻ തന്നിൽ തന്നെ ആശ്രയിച്ചു നിൽക്കുമ്പോൾ അവന്റെ തന്നിൽ തന്നെയുള്ള ആശ്രയത്വത്തിന്റെ, അല്ലെങ്കിൽ അവനിലെ എതിർക്രിസ്തുവിന്റെ, പൈശാചികതയുടെ നമ്പറാണ് ആറ്.

​ദൈവത്തെ കൂടാതെ നിൽക്കുന്ന, അതായത് ഏഴിലേക്ക് വരാതെ നിൽക്കുന്ന ആറ്—ദൈവത്തിൽ നിന്ന് അകന്നു നിൽക്കുന്ന മനുഷ്യൻ.

ബൈബിൾ നമ്മളോട് പറയുകയാണ്: മനുഷ്യൻ അവനിൽ തന്നെ നിന്നാൽ, ആറിൽ തന്നെ നിന്നാൽ, അവൻ അവൻ സൃഷ്ടിക്കപ്പെട്ട അവസ്ഥയിൽ തന്നെ നിന്നാൽ അവൻ എതിർക്രിസ്തുവായി മാറും.

എന്നാൽ അവനെ ദൈവം വിളിച്ചത് ആറിൽ നിൽക്കാനല്ല, ഏഴിലേക്ക് വരാനാണ്.

​ഏഴ് എന്താണ്?

ഏഴ് ദൈവാരാധനയുടെ, ദൈവബന്ധത്തിന്റെ, ദൈവസ്നേഹത്തിന്റെ, ദൈവത്തെ അപ്പനായിട്ട് കാണുന്നതിന്റെ, ദൈവമക്കളാണെന്ന് അംഗീകരിക്കുന്നതിന്റെ നമ്പറാണ് ഏഴ്.

അപ്പോൾ ഏഴ് ഇല്ലാത്ത ആറ് എതിർക്രിസ്തുവാണ്. ഏഴിലേക്ക് എത്താത്ത ആറ് ദൈവത്തിന് എതിരാണ്.

മാത്രമല്ല, ആറിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ, ആറാം ദിവസം സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് ഏഴാം ദിവസത്തിന് വേണ്ടിയാണ്; ദൈവത്തിന്റെ വിശ്രമത്തിലേക്ക് പ്രവേശിക്കാനാണ്.

​ഞാൻ ഇങ്ങനെ ഈ നമ്പറുകളെ കുറിച്ചുള്ള കാര്യങ്ങൾ, ആ വെളിപാടുകൾ പറയുന്നത്: നമ്മുടെ മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം നമ്മൾ നമ്മളിൽ തന്നെ സന്തോഷം കണ്ടെത്തി ജീവിക്കാനല്ല.

നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം നമ്മൾ കണ്ടെത്തുന്നതും നമ്മുടെ ജീവിതത്തിന്റെ അർത്ഥം നമ്മൾ തിരിച്ചറിയുന്നതും നമുക്ക് വെളിയിലേക്ക്, ദൈവത്തിലേക്ക് നമ്മൾ നോക്കുമ്പോഴാണ്.
​നമ്മൾ നമ്മളിലേക്ക് തന്നെ നോക്കിയിരുന്നാൽ നമുക്ക് ഒരിക്കലും ആത്യന്തികമായ ആനന്ദം കൈവരിക്കാൻ കഴിയില്ല.

മറിച്ച് നമ്മൾ നമുക്ക് വെളിയിലേക്ക് നോക്കണം. ഇത് ഒത്തിരി ദൂരവ്യാപകമായ വ്യാഖ്യാനങ്ങൾ തരാൻ പറ്റും. നമുക്ക് വെളിയിലാണ് എല്ലാ കാര്യത്തിന്റെയും അർത്ഥം, നമുക്കുള്ളിലല്ല.

​എന്നു പറഞ്ഞാൽ നമുക്ക് ഉള്ളിൽ, അല്ലെങ്കിൽ നമ്മളെ സന്തോഷിപ്പിക്കുന്ന, നമുക്ക് സന്തോഷം തരുന്ന, നമുക്ക് നമ്മുടെ ഈഗോയെ സാറ്റിസ്ഫൈ ചെയ്യുന്ന, നമ്മുടെ ഇഷ്ടങ്ങളെ പ്ലീസ് ചെയ്യുന്ന കാര്യങ്ങളുമായി ജീവിക്കുമ്പോൾ അത് എതിർക്രിസ്തുവിന്റെ സ്വഭാവമാണ്.

അവിടെയാണ് ഒരാളുടെ അഹം, ഒരാൾ അയാൾക്ക് വേണ്ടി മാത്രം ജീവിക്കുന്നു, അയാൾ അയാളുടെ സന്തോഷങ്ങൾ മാത്രം കണ്ടെത്തുന്നു.

​എന്നാൽ അതിനപ്പുറത്ത് ഒരാൾ ദൈവത്തിലേക്ക് നോക്കുമ്പോൾ, ദൈവത്തിലേക്കും ദൈവത്തിന്റെ മക്കളിലേക്കും അയാളുടെ ശ്രദ്ധ തിരിയുമ്പോൾ, ദൈവത്തിലേക്ക് അയാളുടെ നോട്ടം ഉയരുമ്പോൾ അയാൾ ആ മനുഷ്യൻ എതിർക്രിസ്തുവിന്റെ സ്വഭാവത്തിൽ നിന്ന് മാറുകയാണ്.

അപ്പോൾ അങ്ങനെ വരുമ്പോൾ ഏഴ് എന്ന് പറയുന്നത് ഒരു മനുഷ്യൻ എന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടോ അതിന്റെ നമ്പറാണ്.

​മൂന്നാമത്തെ കാര്യം: ദൈവം ഈ ദിവസത്തെ “അനുഗ്രഹിച്ച് വിശുദ്ധമാക്കി” എന്നാണ് പറയുന്നത്.

അനുഗ്രഹിച്ചു (Blessed) എന്ന് പറഞ്ഞാൽ ഇനി ഈ സാബത്ത് ദിവസത്തിന്, അല്ലെങ്കിൽ കർത്താവിന്റെ ദിവസത്തിന് ഒരു പ്രത്യേക ശക്തിയുണ്ട്.

ആ ദിവസം നമ്മൾ പ്രാർത്ഥിച്ചാൽ, ആ ദിവസം നമ്മൾ ദൈവത്തോട് ചേർന്നിരുന്നാൽ അതിന് പ്രത്യേകതയുണ്ടെന്നാണ് ‘അനുഗ്രഹിച്ചു’ എന്നതിന്റെ അർത്ഥം.

അനുഗ്രഹിച്ചു എന്ന് പറഞ്ഞാൽ അത് മറ്റ് സാധാരണ ദിവസങ്ങൾ പോലെയല്ല.

​നമ്മൾ ദൈവത്തോട് ചേർന്നു നിൽക്കുന്ന സമയത്തിന് നമ്മുടെ ജീവിതത്തിലെ മറ്റു സമയങ്ങളെക്കാൾ വാല്യൂവിന് വ്യത്യാസമുണ്ട്.

യഥാർത്ഥത്തിൽ ആ സമയമാണ് നമ്മുടെ ജീവിതം മുഴുവൻ സ്വാധീനിക്കാൻ പോകുന്നത്. നമ്മളിപ്പോൾ ഉദാഹരണത്തിന് ഒരു മണിക്കൂർ കർത്താവിനോട് ചേർന്നിരിക്കുന്നെങ്കിൽ, ആ സമയമാണ് ബാക്കി 23 മണിക്കൂറിനേക്കാളും നമ്മുടെ ജീവിതത്തിന്റെ ഗതിയെ മാറ്റിമറിക്കാൻ പോകുന്നത്.

അതുകൊണ്ട് അതിനെ അനുഗ്രഹിച്ചു എന്ന് പറഞ്ഞാൽ അത് മറ്റു ദിവസങ്ങളിൽ നിന്ന് വ്യത്യാസപ്പെടുത്തി.

​രണ്ടാമത്തെ കാര്യം, അതിനെ “വിശുദ്ധമാക്കി”. വിശുദ്ധമാക്കി എന്ന് പറഞ്ഞാൽ അതിനെ വേർതിരിച്ചു വെച്ചു എന്നാണ് ബൈബിളിലെ അർത്ഥം (Separated). അതിനെ ഒരു ദൈവിക കാര്യത്തിന് വേണ്ടി മാറ്റിനിർത്തി.

ഞാൻ പറഞ്ഞു വരുന്നത്, നമ്മൾ ഈ ഏഴാം ദിവസത്തിൽ അതിനെ ഒരു പ്രത്യേകതയോടെ കണ്ട്, എന്നുപറഞ്ഞാൽ ആരാധനയെ, ദൈവത്തോട് ചേർന്നിരിക്കുന്ന സമയത്തെ പ്രത്യേകതയോടെ കണ്ടാൽ അതിനൊരു പ്രത്യേകമായ ശക്തി നമ്മുടെ ജീവിതത്തിലേക്ക് ഒഴുക്കിത്തരാനുള്ള കഴിവുണ്ട്.

​നാലാമത്തെ കാര്യം: ഈ ഏഴാം ദിവസം ദൈവം വിശ്രമിച്ച ദിവസമാണ്. ആ ദിവസം ദൈവം തന്റെ വിശ്രമത്തിലേക്ക് നമ്മൾ കടക്കാൻ നമ്മളെ ക്ഷണിക്കുന്ന ദിവസമാണ്.

​എന്നു പറഞ്ഞാൽ ദൈവം വിശ്രമിച്ചു എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം?

ദൈവം വിശ്രമിച്ചു എന്ന് പറഞ്ഞാൽ അത് നമ്മളോട് പറഞ്ഞു തരുന്നത് ദൈവം എല്ലാറ്റിന്റെയും അധികാരിയായി—ഞാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു, അവിടുന്ന് സിംഹാസനസ്ഥനായി നമ്മുടെ ജീവിതത്തിന്റെ രാജാവായി മാറി എന്നാണ് വിശ്രമിച്ചു എന്ന വാക്കിന്റെ അർത്ഥം.

​അപ്പോൾ നമ്മൾ ദൈവത്തിന്റെ വിശ്രമത്തിലേക്ക് കടക്കുക എന്ന് പറഞ്ഞാൽ എന്താണ് അത് അർത്ഥമാക്കുന്നത്?

നമ്മൾ ദൈവത്തിന്റെ വിശ്രമത്തിലേക്ക് കടക്കുമ്പോൾ എല്ലാ കാര്യങ്ങളും ദൈവം നമുക്ക് വേണ്ടി ചെയ്തു തരുന്നു.

എല്ലാ കാര്യങ്ങളും ദൈവം ചെയ്യുന്നു; നമ്മുടെ ആത്മാവ് സ്വസ്ഥതയിലും വിശ്രമത്തിലുമാണ്.

​മനസ്സിലാകാൻ ഞാൻ ഒരു ഉദാഹരണം പറഞ്ഞാൽ: നിങ്ങൾക്ക് ഒരു 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് വിചാരിക്കുക. ഈ 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുടെ ആധി മുഴുവൻ നിങ്ങളുടെ തലയിലാണ് കിടക്കുന്നത്. അതുകൊണ്ട് നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല, ഉറങ്ങാൻ തോന്നുന്നില്ല, ആരോടും മിണ്ടാൻ തോന്നുന്നില്ല, മരിച്ചാൽ മതി എന്ന് തോന്നുന്നു. അപ്പോൾ ഇതിന്റെ ഭാരം മുഴുവൻ നിങ്ങളാണ് ചുമക്കുന്നത്.

​എന്നാൽ ഒരു വ്യക്തി ദൈവത്തെ പിതാവായി കണ്ട്, ആ പിതാവിനോട് ആശ്രയിച്ച്, ആ ബന്ധത്തിലാണ് ജീവിക്കുന്നതെങ്കിൽ, എല്ലാ ദിവസവും പിതാവായ, അപ്പനായ ദൈവത്തിന്റെ മുൻപിൽ ഈ ഭാരം എടുത്തു കൊടുക്കുമ്പോൾ, ആ ദൈവത്തിൽ ആശ്രയിക്കുമ്പോൾ, “ആ ദൈവം എന്റെ അപ്പനായതുകൊണ്ട് എന്നെ കൈവിടില്ല” എന്ന് അയാൾ ഹൃദയത്തിൽ ഉറച്ചു വിശ്വസിക്കുമ്പോൾ ആ ഭാരം മുഴുവൻ സത്യത്തിൽ അയാളിൽ നിന്ന് പോയി അത് കർത്താവിന്റെ ഭാരമായിട്ട് മാറുകയാണ്.

​അതുകൊണ്ടാണ് വചനം പറയുന്നത്: “നിന്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക; അവിടുന്ന് നിന്നെ താങ്ങിക്കൊള്ളും.”

അപ്പോൾ അയാൾക്ക് അയാളുടെ ഭാരം കർത്താവ് ഏറ്റെടുത്തു.

ഇപ്പോൾ അയാൾക്ക് എന്താണ്?

ഇപ്പോൾ അയാൾക്ക് സ്വസ്ഥതയുണ്ട്, സമാധാനമുണ്ട്, ആശ്വാസമുണ്ട്; എവിടെയോ ഒരു ശാന്തതയുണ്ട്, വിശ്രമമുണ്ട്.

​ഇന്ന് മനുഷ്യന് ഒന്ന് ചിരിക്കാൻ പോലും പറ്റാത്തത് എന്തുകൊണ്ടാണ്?

അതിന്റെ കാരണം മനുഷ്യൻ എല്ലാ ഭാരവും അവന്റെ തലയിൽ കൊണ്ടു നടക്കുകയാണ്.

എന്നാൽ ദൈവം നമ്മളെ വിളിച്ചത് എന്തിനാണ്?

ആറാമത്തെ ദിവസത്തിൽ നമ്മൾ നമ്മളിൽ തന്നെ ഈ ഭാരമെല്ലാം വെക്കാനല്ല; മറിച്ച് ഏഴാമത്തെ ദിവസത്തിലേക്ക്, ദൈവത്തിലേക്ക് എല്ലാം കൊടുക്കാനാണ്. നിന്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക. കർത്താവിന് നിന്നെക്കുറിച്ച് വിചാരമുണ്ട്, അവിടുന്ന് നിന്നെ അനുഗ്രഹിക്കും.

​അപ്പോൾ ഇത് നമ്മൾ അത് ഒരു ബന്ധമുള്ളവന് മാത്രമേ അങ്ങനെ ചിന്തിക്കാൻ പറ്റൂ.

എന്ത് ഭാരമുണ്ടെങ്കിലും, എന്തെല്ലാം ഭൂകമ്പം വന്നാലും സുനാമി വന്നാലും ഏതെല്ലാം മഹാമാരികൾ വന്നാലും അതിന്റെ നടുവിൽ ഒരാൾക്ക് ശാന്തതയോടെ നിൽക്കാൻ പറ്റണമെങ്കിൽ അയാൾക്ക് ദൈവത്തോട് അത്രയും ബന്ധമുണ്ടെങ്കിലേ പറ്റൂ.

​അപ്പോൾ ഈ ബന്ധമാണ്—ഞാൻ ചുരുക്കി പറയാം—അതിന്റെ പേരാണ് ആരാധന. ഇങ്ങനെ ദൈവത്തിൽ ആശ്രയിച്ച്, ദൈവത്തെ ആരാധിച്ച്, ദൈവം തരുന്ന വിശ്രമം അനുഭവിക്കുന്നതിന് ദൈവം നമ്മളെ വിളിച്ചിരിക്കുന്ന ഒരു പ്രധാനപ്പെട്ട ദിവസമാണ് ഏഴാം ദിവസം.

അല്ലെങ്കിൽ അത് നമ്മളെ ഓർമ്മിപ്പിക്കാനാണ് ഏഴാമത്തെ ദിവസം ദൈവം നമ്മൾ സാബത്ത് ആചരിക്കണം, ദൈവത്തെ ആരാധിക്കണം എന്ന് പറഞ്ഞിരിക്കുന്നത്.

​അപ്പോൾ നമുക്കറിയാം, പുതിയ നിയമത്തിൽ ജീവിക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം ഇത് ഒരു ദിവസം മാത്രമല്ല, 24 മണിക്കൂറും നമ്മൾ ദൈവത്തോടുള്ള ഈ ബന്ധത്തിൽ, ആത്മാവിൽ ജീവിക്കാനുള്ളവരാണ്.

അതിലേക്ക് ദൈവം നമ്മളെ വിളിക്കുന്ന ഒരു പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തലാണ് ഏഴാമത്തെ ദിവസം.

​ഞാൻ വിശുദ്ധ കുർബാനയുമായിട്ട് ബന്ധപ്പെടുത്തി ഈ ചിന്ത നിങ്ങളുടെ മുൻപിലേക്ക് വയ്ക്കാൻ കാരണം: ഇങ്ങനെ ദൈവത്തെ ആശ്രയിച്ച്, ദൈവത്തെ ആരാധിച്ച്, ദൈവത്തിന്റെ വിശ്രമത്തിലേക്ക് പ്രവേശിക്കാൻ ദൈവം നമുക്ക് തന്ന ആ ഏറ്റവും വിലപ്പെട്ട ഏഴാം ദിവസമാണ് നമ്മുടെ ഓരോ കുർബാന അർപ്പണങ്ങളും.

​എന്നു പറഞ്ഞാൽ ഞാൻ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഈ വിശുദ്ധ കുർബാനയിൽ ആ ഒരു മണിക്കൂറിൽ നമ്മുടെ ജീവിതത്തിലേക്ക് സംഭവിക്കുന്നു.

അതായത്, നമ്മൾ ദൈവത്തിന്റെ സന്നിധിയിൽ നമ്മുടെ എല്ലാ ആകുലതകളും വെക്കാനുള്ള ഏറ്റവും നല്ല സമയമാണത്.

നമ്മൾ ദൈവത്തോട് ചേർന്നിരിക്കുന്ന സമയമാണത്.

ദൈവം നമ്മുടെ പിതാവും നമ്മൾ മക്കളുമാണെന്ന് നമ്മൾ തിരിച്ചറിയുന്ന സമയമാണത്.

നമ്മളും ദൈവവും തമ്മിൽ ഒരു ഉടമ്പടി ബന്ധത്തിലാണെന്ന് ഓർക്കുന്ന സമയമാണത്.

നമ്മൾ ദൈവത്തിന്റെ ഉടമ്പടിയുടെ ആ സംരക്ഷണത്തിനകത്തേക്ക് കയറുന്ന സമയമാണത്.

​ആ ഒരു തിരുമണിക്കൂർ, ആ ഒരു മണിക്കൂർ നമ്മുടെ ജീവിതത്തിനെ മുഴുവൻ മാറ്റിമറിക്കുന്ന വലിയ അത്ഭുതങ്ങൾ നടക്കുന്ന സമയമാണ്.

ഞാൻ ദിവ്യകാരുണ്യ കോൺഗ്രസിലും അതുപോലെതന്നെ പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട ടോക്കുകളിൽ എല്ലാം ഒരുപാട് അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്.

അതായത് വിശുദ്ധ കുർബാനയിലേക്ക് ഒരു കാര്യം എടുത്തു വെക്കുമ്പോൾ അവിടെ ഏത് തുറക്കാത്ത വാതിലും തുറക്കുന്ന അത്ഭുതങ്ങൾ.

​എന്തുകൊണ്ടാണത്?

അത് ഈ ദൈവം തിരഞ്ഞെടുത്ത ഒരു സമയമായതുകൊണ്ടാണ്. ആ ദൈവത്തെ ആരാധിക്കുന്ന സമയമായതുകൊണ്ടാണ്.

അതുകൊണ്ട് പരിശുദ്ധ കുർബാനയിലൂടെ മഹാ അത്ഭുതങ്ങൾ നിങ്ങളുടെ ജീവിതങ്ങളിൽ നടക്കും.

അതിന് ദൈവം നമുക്ക് തരുന്ന ഓരോ ഒരുക്കത്തിന്റെ ദിവസങ്ങളാണിത്. അതുകൊണ്ട് നന്നായി കുർബാനയിൽ പങ്കെടുക്കുക, വിശുദ്ധ കുർബാനയെ സ്നേഹിക്കുക. കുർബാനയ്ക്ക് പോകാനായുള്ള ഇഷ്ടം നഷ്ടപ്പെട്ടെങ്കിൽ ഒരിക്കൽ കൂടി പ്രാർത്ഥിച്ച് വിശുദ്ധ കുർബാനയ്ക്ക് വേണ്ടിയുള്ള ദാഹം, നമ്മുടെ തീക്ഷ്ണത നമ്മൾ നേടിയെടുക്കുക.

​ഇന്നത്തെ പുണ്യവും പ്രാർത്ഥനാ നിയോഗവും
​ഈ ചിന്തകൾക്ക് ശേഷം ഞാൻ ഇന്ന് നമ്മുടെ ഇന്നത്തെ നമ്മൾ അഭ്യസിക്കേണ്ട പുണ്യം: നമ്മൾ കർത്താവിന്റെ മുൻപിൽ ശരിക്കും ആത്മീയമായിട്ട് ആഗ്രഹിക്കേണ്ടത്, ഇന്ന് ആഗ്രഹിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും:
​പ്രാർത്ഥന: “ദൈവമേ, ആത്മാവിന് ദൈവത്തോട് കണക്റ്റ് ആവാനുള്ള എല്ലാ വാതിലുകളും തുറന്നു തരേണമേ.”

​ഒന്നുകൂടെ ഞാൻ പറയാം: എന്റെ ആത്മാവിന് ദൈവത്തോട് കണക്റ്റ് ആവാൻ—പെട്ടെന്ന് നമുക്ക് കണക്റ്റ് ആവാൻ ലൗകിക മനുഷ്യന് പറ്റില്ല; നമ്മൾ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ രണ്ടു മിനിറ്റ് കഴിയുമ്പോഴേ നമ്മൾ ഫോൺ എടുക്കും, ഡിസ്ട്രാക്റ്റഡ് ആകും, പ്രാർത്ഥിക്കത്തില്ല.

എന്നാൽ ആത്മാവ് ദൈവത്തോട് ഇങ്ങനെ
ബന്ധപ്പെട്ട് മണിക്കൂറുകൾ ദൈവബന്ധത്തിൽ ഇരിക്കാനുള്ള ആത്മാവിന്റെ ദൈവസമ്പർക്ക വാതിലുകൾ തുറന്നു തരേണമേ. ദൈവത്തോട്കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള എന്റെ ആത്മാവിന്റെ ഡോർസ് എല്ലാം ദൈവമേ നീ ഓപ്പൺ ചെയ്തു തരണേ എന്ന് ഇന്ന് ആഗ്രഹിക്കണം.

അതാണ് നമ്മൾ ഇന്ന് നമുക്ക് ഉണ്ടാവേണ്ട പുണ്യം.
​അപ്പോൾ നമ്മളിൽ നിന്ന് മാറിപ്പോകേണ്ട തിന്മ: ആത്മീയ അന്ധതയാണ്. ആത്മാവിന്റെ ഫാക്കൽറ്റികൾ അടഞ്ഞിരിക്കുന്ന അവസ്ഥ. ആത്മീയ അന്ധത, ആത്മീയ ബധിരത, ദൈവസ്വരം കേൾക്കാൻ പറ്റാത്ത അവസ്ഥ, പ്രാർത്ഥനയ്ക്ക് ഒരു തുറവിയില്ലാത്ത അവസ്ഥ.

ഈ ആത്മീയ അന്ധത—ഈ ലോകത്തിന്റെ ദൈവം അവരുടെ മനസ്സിനെ അന്ധമാക്കിയിരിക്കുന്നു എന്ന് 2 കോറിന്തോസ് 4:4-ൽ പൗലോസ് അപ്പസ്തോലൻ പറഞ്ഞതുപോലെ ആത്മീയ അന്ധത.
​പുണ്യം: ആത്മാവിന്റെ വാതിലുകൾ തുറക്കപ്പെടാൻ, ദൈവസമ്പർക്ക സാധ്യതകൾ തുറക്കപ്പെടാൻ പ്രാർത്ഥിക്കണം.

​പാപം: നമ്മുടെ ആത്മീയ അന്ധത മാറാനായിട്ട് നമ്മളിന്ന് ആഗ്രഹിക്കണം.

​നിയോഗം/ടാസ്ക്: ഇതിനുവേണ്ടി നമ്മൾ ചൊല്ലേണ്ടത് ഒരു ജപമാല ഈ നിയോഗത്തിന് വേണ്ടി നമ്മൾ കാഴ്ചവെക്കണം.

ഇത് വളരെ ഇംപോർട്ടന്റ് ആയ കാര്യമായതുകൊണ്ടാണ് ഞാൻ ഒരു ജപമാല തന്നെ ചൊല്ലണമെന്ന് പറയുന്നത്. ഒരു ജപമാല മാതാവിന്റെ മധ്യസ്ഥം അപേക്ഷിച്ച് ചൊല്ലി, ഈ ആത്മീയ അന്ധത മാറാനും ആത്മാവിന്റെ ദൈവസമ്പർക്ക സാധ്യതകൾ തുറക്കപ്പെടാനും പ്രാർത്ഥിക്കണം എന്നുള്ളതാണ് നമ്മുടെ ഇന്ന് നമ്മൾ ഏറ്റെടുക്കേണ്ട പ്രാർത്ഥന.

ഇനി ടാസ്ക് എന്താണ്?

ഈ കാര്യങ്ങൾ കർത്താവിന്റെ മുൻപിൽ വച്ച് ഒരു മണിക്കൂർ നമ്മൾ ഒരു ജപമാല ചൊല്ലുന്നത് തന്നെ യഥാർത്ഥത്തിൽ ഒരു നമ്മൾ ഏറ്റെടുക്കേണ്ട ഒരു കാര്യമായതുകൊണ്ട് വേറൊരു കാര്യം നിർദ്ദേശിക്കുന്നില്ല.

​ഇത്രയും കാര്യങ്ങൾ നിങ്ങളുടെ മനസ്സിലേക്ക് വെക്കുക.

അനുഗ്രഹീതമായ ഒരു ദിവസം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമുക്ക് നാളെ വീണ്ടും ഈ ചിന്തകളുമായിട്ട് കാണാം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

​പlരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
​കർത്താവിന്റെ തിരുസന്നിധിയിൽ നമ്മളെ ഓരോരുത്തരെയും ഈ സമയത്ത് നമുക്ക് സമർപ്പിക്കാം.

ദൈവം ഈ ദിവ്യകാരുണ്യ ശുശ്രൂഷയിലൂടെ നമ്മുടെ കുടുംബങ്ങളിലേക്ക് അനുഗ്രഹത്തിന്റെ വലിയ പ്രവാഹം ഒഴുക്കി തരണമേ എന്ന് നമുക്ക് ആഗ്രഹിച്ച് പ്രാർത്ഥിക്കാം.

​കർത്താവായ ദൈവമേ, ഈ ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഓരോ മകനും മകൾക്കും വേണ്ടി ഇന്ന് അങ്ങയുടെ കാരുണ്യം അപേക്ഷിക്കുന്നു.

അങ്ങ് സൃഷ്ടിച്ച ഞങ്ങളെ കർത്താവേ അങ്ങയിലേക്ക് തിരിഞ്ഞു ജീവിക്കാനാണ് ഞങ്ങളെ അവിടുന്ന് ഏഴാം ദിവസത്തിലേക്ക് വിളിച്ചത്.

അവിടുന്ന് വാഗ്ദാനം ചെയ്ത വിശ്രമത്തിലേക്ക് പ്രവേശിക്കാൻ, കർത്താവേ ഞങ്ങളുടെ ഭാരങ്ങളെല്ലാം കർത്താവിന്റെ കയ്യിൽ ഏൽപ്പിക്കാൻ, ഞങ്ങൾ ആകുലതയും ഉത്കണ്ഠയും ഭയവും നിരാശയും നിറഞ്ഞ ജീവിതങ്ങൾ നയിക്കാതിരിക്കാൻ, ഞങ്ങൾ എപ്പോഴും സന്തോഷമുള്ളവരും നിർമ്മല ഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി സന്തോഷത്തോടെ ജീവിക്കാൻ കർത്താവേ നീ ഞങ്ങളുടെ ആകുലതകളും ഉത്കണ്ഠകളും ഭാരവും ഭയവും നിരാശയും ഏറ്റെടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

​കർത്താവായ ദൈവമേ, ഞങ്ങൾ എപ്പോഴും അങ്ങയിൽ ആശ്രയിക്കുന്നവരായി ജീവിക്കാൻ ഞങ്ങളെ അവിടുന്ന് ഇടയാക്കണമേ എന്ന് അപേക്ഷിക്കുന്നു.

ഞങ്ങളുടെ ഹൃദയത്തിൽ ആനന്ദം തരണമേ എന്ന് പ്രാർത്ഥിക്കുന്നു.

ഈ ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഏതെങ്കിലും മകനോ മകളോ നിരാശയിലാണെങ്കിൽ കർത്താവേ അങ്ങയിൽ ആശ്രയിക്കാൻ കൃപ കൊടുക്കണമേ, കൈപിടിച്ചുയർത്തണമേ എന്ന് പ്രാർത്ഥിക്കുന്നു.

കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് കേൾക്കുമാറാകേണമേ, ആമേൻ.

​നമ്മൾ പരിശുദ്ധ കുർബാനയുടെ ആശീർവാദം സ്വീകരിക്കുമ്പോൾ, പ്രിയപ്പെട്ടവരെ നിങ്ങളുടെ എല്ലാ വേദനകളും കർത്താവിലേക്ക് സമർപ്പിക്കാം.

ഈ ദിവ്യകാരുണ്യ ആശീർവാദത്തിലൂടെ നിങ്ങളുടെ കുടുംബങ്ങളിലേക്ക് വലിയ കൃപകൾ കടന്നുവരാനായിട്ട് ആഗ്രഹിച്ചുകൊണ്ട് നിങ്ങളെവിടെയായിരുന്നാലും മുട്ടുമേൽ നിന്നോ, കരങ്ങൾ കൂപ്പി കണ്ണടച്ചുനിന്നോ, തലകുനിച്ചു നിന്നോ നിങ്ങൾ ഈ ആശീർവാദം സ്വീകരിക്കുമ്പോൾ ദൈവം വലിയ കൃപകളെ വർഷിക്കും.

നമുക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദം സ്വീകരിക്കാം.
​
​കർത്താവായ ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

ദൈവികമായ കൃപാവരങ്ങൾ ദൈവം നിങ്ങളുടെ മേൽ വർഷിക്കട്ടെ.

ഇന്ന് നിങ്ങൾ കടന്നുപോകുന്ന എല്ലാ സഹനങ്ങളും ദുരിതങ്ങളും വേദനകളും കർത്താവ് ഏറ്റെടുക്കട്ടെ.

പൈശാചിക ബന്ധനങ്ങൾ നിങ്ങളെ വിട്ടുപോകട്ടെ. രോഗക്കെട്ടുകൾ നിങ്ങളുടെ കുടുംബങ്ങളിൽ നിന്ന് അഴിഞ്ഞു ഇല്ലാതാവട്ടെ.

തലമുറ തലമുറകളായി ഉണ്ടായ വിനാശങ്ങൾ പരിഹരിക്കപ്പെടട്ടെ.

പിശാചിന്റെ എല്ലാ കെണികളും തന്ത്രങ്ങളും നിങ്ങളുടെ കുടുംബങ്ങളിൽ നിന്ന് തകർന്ന് ഇല്ലാതാവട്ടെ.

കർത്താവേ നിന്റെ കാരുണ്യം ഈ മക്കളുടെ മേൽ വർഷിക്കണമേ. അങ്ങയുടെ വിലയേറിയ ശരീരത്തിന്റെ യോഗ്യതകളാൽ തന്നെ, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading