പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.

​ഈശോയിൽ സ്നേഹമുള്ളവരെ,

​നമ്മുടെ ദിവ്യകാരുണ്യ വിമോചന യാത്രയുടെ പതിനാറാമത്തെ ദിവസത്തിലേക്ക് കടക്കാൻ നല്ല ദൈവം നമുക്ക് ആരോഗ്യവും ആയുസ്സും അവസരവും തരുന്ന അവിടുത്തെ കാരുണ്യത്തിന് നമുക്ക് നന്ദി പറയാം.

നിങ്ങളെല്ലാവരും ഈ യാത്രയിൽ കൂടെ വരുന്നതിന് ഞാൻ നന്ദി പറയുന്നു. തീക്ഷ്ണതയോടുകൂടി മുന്നോട്ടുപോകാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

​നമ്മൾ ഇന്ന് കാണുന്നത് സോളമൻ അർപ്പിച്ച വലിയ പഴയനിയമം വിവരിക്കുന്ന ആ രണ്ടു ഭാഗങ്ങൾ നമ്മൾ ഇന്ന് കാണാനായിട്ട് ശ്രമിക്കുകയാണ്.

സോളമൻ രണ്ടു പ്രാവശ്യമാണ് ബലിയർപ്പിക്കുന്നത്. ഒന്നാമത്തേത് രാജാക്കന്മാരുടെ ഒന്നാം പുസ്തകം മൂന്നാം അധ്യായത്തിലാണ് സോളമന്റെ ആദ്യത്തെ ബലിയെക്കുറിച്ച് പറയുന്നത്. 1 രാജാക്കന്മാർ അധ്യായം 3 വാക്യം 4

​ഒരിക്കൽ രാജാവ് ബലിയർപ്പിക്കാൻ മുഖ്യ പൂജാഗിരിയായ ഗിബയോനിലേക്ക് പോയി.

​ഗിബയോൻ ജെറുസലേമിൽ നിന്ന് ഏതാണ്ട് വടക്കുപടിഞ്ഞാറായി 6 കിലോമീറ്റർ അകലെയുണ്ടായിരുന്ന ഒരു ഒരു ഹിൽ ടൗൺ ആണ്. ഒരു മലമുകളിൽ സ്ഥിതിചെയ്ത പട്ടണമാണ് ഗിബയോൻ. ഇത് ജെറുസലേമിന് അടുത്താണ്.

എന്താണ് ഗിബയോന്റെ ബൈബിളിലെ പ്രാധാന്യം?

ബലിയർപ്പിക്കാൻ എന്തുകൊണ്ടാണ് ഗിബയോനിലേക്ക് പോയതെന്ന് ചോദിച്ചാൽ നമ്മൾ സാമുവേലിന്റെ പുസ്തകത്തിന്റെ ഒന്നാം പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളിൽ കാണുന്നുണ്ട് ഫിലിസ്ത്യർ വന്ന് വാഗ്ദാനപേടകം പിടിച്ചുകൊണ്ടുപോയി.

വാഗ്ദാനപേടകം ഫിലിസ്ത്യർ അപഹരിച്ചു കൊണ്ടു പോയിക്കഴിഞ്ഞ് ഷീലോയിലുള്ള ആരാധനാലയം ഇല്ലാതായി എന്ന് ജറെമിയായുടെ പുസ്തകം ഏഴാം അധ്യായത്തിലും നമ്മൾ കാണുന്നുണ്ട്.

​അങ്ങനെ ഷീലോയിലെ ആരാധനാലയം നശിപ്പിക്കപ്പെട്ടപ്പോൾ വാഗ്ദാനപേടകം പിന്നീട് പല സ്ഥലങ്ങളിൽ മാറിമാറി സഞ്ചരിച്ച് മറ്റൊരു സ്ഥലത്തേക്ക് പോയി.

അപ്പോൾ അന്നുണ്ടായിരുന്ന സമാഗമകൂടാരവും അതുപോലെതന്നെ ബലിപീഠവുമെല്ലാം എടുത്ത് അവര് കൊണ്ടുപോയി വച്ച ആ സ്ഥലമാണ് ഗിബയോൻ.

അതുകൊണ്ട് ബലിയർപ്പിക്കാൻ ദാവീദോ സോളമനോ ഒക്കെ ആഗ്രഹിക്കുമ്പോൾ അവര് പൊയ്ക്കൊണ്ടിരുന്നത് ഗിബയോനിലേക്കാണ്. കാരണം അവിടെയാണ് മോശ മരുഭൂമിയിൽ വച്ച് സീനായ് മലയുടെ അടിവാരത്തിൽ വച്ച് ദൈവം പറഞ്ഞപ്രകാരം നിർമ്മിച്ച ബലിപീഠം ഗിബയോനിലാണ് ഉണ്ടായിരുന്നത്.

അതുകൊണ്ടാണ് ഇവിടെ പറഞ്ഞിരിക്കുന്നത്, രാജാവ് ബലിയർപ്പിക്കാൻ മുഖ്യ പൂജാഗിരിയായ ഗിബയോനിലേക്ക് പോയി.

​ഇവിടെ നമ്മൾ കാണുന്ന രണ്ടാമത്തെ ആശയം, അവിടെ രാജാവ് 1,000 ദഹനബലി അർപ്പിച്ചിട്ടുണ്ടായിരുന്നു.

സോളമന്റെ ജീവിതത്തിന്റെ ആരംഭകാലത്ത് നമ്മൾ കാണുന്ന ഒരു പ്രധാനപ്പെട്ട പുണ്യം അദ്ദേഹം ദൈവകാര്യങ്ങളിൽ വളരെയധികം എക്സ്ട്രാവഗന്റ് ആയിരുന്നു.

ധാരാളിത്തം.

ഒരു ലുബ്ധുമില്ലാതെ ആത്മീയ കാര്യങ്ങളിൽ വ്യാപരിച്ചിരുന്ന ആളാണ് തുടക്കത്തിൽ സോളമൻ. പിന്നീട് കാലാന്തരത്തിൽ അദ്ദേഹം അതിൽ നിന്നെല്ലാം മാറുന്നത് നമ്മൾ കാണുന്നുണ്ട്.

എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ രാജകീയ ശുശ്രൂഷയുടെ തുടക്കത്തിൽ അദ്ദേഹം ദൈവകാര്യങ്ങളിൽ കാണിച്ച ആ നിർലോഭമായ ഉദാരത, അത് വളരെ എടുത്തുപറയേണ്ട ഒരു കാര്യമാണ്.

അതുകൊണ്ടാണ് ഇവിടെ അദ്ദേഹം ആ ഒരാൾ തന്നെ, അദ്ദേഹം തന്നെ ആ പൂജാഗിരിയിൽ അവിടെ ഗിബയോനിൽ 1,000 ബലി അർപ്പിച്ചിട്ടുണ്ടായിരുന്നു.

​അപ്പോ അതൊരു നിസ്സാരമായ ഇൻഫർമേഷൻ അല്ല.

എന്താണ് അതിന്റെ ഫലം?

ആ 1,000 ദഹനബലി അർപ്പിച്ച സ്ഥലത്ത് ദൈവം അദ്ദേഹത്തിന് പ്രത്യക്ഷനായി.

നമ്മൾ വിശുദ്ധ കുർബാനയിൽ എന്നും പങ്കെടുക്കുമ്പോൾ ഞാൻ എല്ലാദിവസവും കുർബാനയിൽ പങ്കെടുത്ത്, ഞാൻ ആയിരക്കണക്കിന് കുർബാനകളിൽ പങ്കെടുത്തു, എനിക്കെന്താണ് ലഭിക്കുന്നത് എന്ന് ഒരാൾ ചിന്തിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് സോളമന് പ്രത്യക്ഷപ്പെട്ടതു പോലെ തന്നെ ദൈവത്തെ നമുക്ക് നേരിട്ട് അനുഭവിക്കാൻ സാധിക്കുന്ന ഒരു വലിയ ഇൻവെസ്റ്റ്മെന്റാണ് പരിശുദ്ധ കുർബാന അർപ്പണത്തിലുള്ള പങ്കുചേരൽ.

​അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ നമ്മൾ ആയുസ്സ് മുഴുവൻ കുർബാന സ്വീകരിച്ചാൽ അത് നമുക്ക് നമ്മുടെ ആത്മാവിന് ഈ ഭൂമിയിൽ കൈവരിക്കാൻ കഴിയുന്ന നേട്ടങ്ങളിൽ വലിയൊരു നേട്ടമാണ്.

നമുക്ക് ഈ ഭൂമിയിൽ ശേഖരിക്കാൻ കഴിയുന്ന വലിയൊരു നിക്ഷേപമാണത്.

സ്വർഗ്ഗത്തിനുവേണ്ടി ഒരാൾക്ക് കരുതിവയ്ക്കാവുന്ന വലിയൊരു നിക്ഷേപമാണ് നമ്മൾ തുടർച്ചയായി എല്ലാ ദിവസവും കുർബാനയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചാൽ അത് നമുക്ക് തരുന്ന ഒരു നേട്ടം, ദൈവം നേരിട്ട് പ്രത്യക്ഷപ്പെടുന്ന അനുഭവമാണ്.

ഞാൻ പല അനുഭവങ്ങളും ഷെയർ ചെയ്തപ്പോൾ ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, ഞാൻ അതിലേക്ക് കടക്കുന്നില്ല.

പക്ഷേ ഇത് വളരെ സത്യസന്ധമായ കാര്യമാണ്. നമ്മൾ ബലിയർപ്പിക്കുമ്പോൾ അവിടെ ദൈവം നേരിട്ട് ഇടപെടുന്ന അനുഭവങ്ങൾ ഉണ്ടാകും.

​അങ്ങനെ ഈ ഗിബയോനിലെ പൂജാഗിരിയിലേക്ക് ആരാധനാ വസ്തുക്കൾ മാറ്റിയതിനെക്കുറിച്ച് ബൈബിളിൽ എവിടെയാണെന്ന് നിങ്ങൾക്ക് കാണണമെങ്കിൽ 1 ദിനവൃത്താന്തം 21:29-ലാണ് അത് കാണുന്നത്.

അതൊരു ഇൻഫർമേഷൻ ഞാൻ പറഞ്ഞു എന്നേയുള്ളൂ.

1 ദിനവൃത്താന്തം 21:29-ൽ നമ്മൾ കാണുന്നുണ്ട്, ഗിബയോനിലായിരുന്നു ബലിപീഠം, കൂടാരമൊക്കെ സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടാണ് സോളമൻ അവിടേക്ക് പോകുന്നത്.

​ഇനി ദൈവം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞപ്പോൾ സോളമന്റെ ഈ ബലിയിൽ നമ്മൾ പഠിക്കേണ്ട രണ്ടാമത്തെ ഒരു പാഠം, ദൈവം അദ്ദേഹത്തോട് ചോദിക്കുകയാണ്: “സോളമൻ, എനിക്ക് നിന്നിൽ വലിയ പ്രസാദമുണ്ട്, നിനക്ക് ഞാൻ എന്താണ് തരേണ്ടത്?”

ആ സമയത്ത് അദ്ദേഹത്തിന് എന്തുവേണമെങ്കിലും ചോദിക്കാം. സമ്പത്ത് ചോദിക്കാം, മഹത്വം ചോദിക്കാം, സൽപ്പേര് ചോദിക്കാം, പ്രശസ്തി ചോദിക്കാം. പക്ഷേ അദ്ദേഹം, ആ ചെറുപ്പക്കാരൻ വളരെ വിവേകത്തോടുകൂടി അദ്ദേഹം ചോദിച്ചത്: “ദൈവമേ, എനിക്ക് നിന്നെ ശ്രവിക്കുന്ന ഒരു ഹൃദയം തരണമേ” എന്നാണ്.

നിന്നെ കേൾക്കാൻ പറ്റുന്ന ഒരു ഹൃദയം—ലിസണിങ് ഹാർട്ട്.

വിവേകം, ജ്ഞാനം എനിക്ക് തരണമേ എന്നാണ് അദ്ദേഹം പ്രാർത്ഥിച്ചത്.

​അപ്പോൾ നമ്മൾ പരിശുദ്ധ കുർബാനയ്ക്ക് പോകുമ്പോൾ എന്ത് ചോദിക്കുന്നു എന്നുള്ളതും വളരെ ഇംപോർട്ടന്റാണ്.

നമ്മൾ ദൈവത്തിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ, പ്രത്യേകിച്ച് നമ്മൾ ദിവ്യകാരുണ്യ ആരാധനയിൽ ദൈവം നേരിട്ട് ഇറങ്ങി വരുന്ന സമയമാണ്, ആ സമയത്ത് നമ്മൾ ദൈവത്തോട് എന്താണ് ചോദിക്കുന്നത്?

എന്താണ് ചോദിക്കേണ്ടത്? സോളമൻ ചോദിച്ചതുപോലെ നമ്മൾ ജ്ഞാനം ചോദിക്കണം, ആലോചന ചോദിക്കണം, ദൈവഭയം ചോദിക്കണം, വിശുദ്ധി ചോദിക്കണം, വിശ്വസ്തത ചോദിക്കണം, ദൈവസ്നേഹം ചോദിക്കണം, എളിമ ചോദിക്കണം, ആഴമായ വിശ്വാസം ചോദിക്കണം, പ്രാർത്ഥനാവരം ചോദിക്കണം, ആത്മീയ കാര്യങ്ങൾ ചോദിക്കണം.

​എന്താണ് അത് അങ്ങനെ ചോദിച്ചാലുള്ള നേട്ടം?

ദൈവത്തിന് അത് പ്രസാദകരമായി മാറി. കർത്താവിന് അത് വളരെ ഇഷ്ടപ്പെട്ടു.

അപ്പോൾ കർത്താവ് പറയുകയാണ്: “നിനക്ക് ചോദിക്കാമായിരുന്ന ഭൂമിയിലെ പല നേട്ടങ്ങളും ചോദിക്കാതെ നീ ജ്ഞാനം ചോദിച്ചതുകൊണ്ട് ജ്ഞാനം ഞാൻ നിനക്ക് തരുന്നു, ആ കൂട്ടത്തിൽ നീ ചോദിക്കാത്തതു കൂടി ഞാൻ നിനക്ക് തരുന്നു.”

സോളമന് ദൈവം മഹത്വവും സമ്പത്തും അഭിവൃദ്ധിയും അവൻ ചോദിക്കാത്തതുകൂടി…

ഇതാണ് നമ്മൾ മനസ്സിലാക്കേണ്ട കാര്യം. നമ്മൾ ദൈവത്തോട് പരിശുദ്ധ കുർബാനയ്ക്ക് പോകുമ്പോൾ നമ്മൾ ആത്മീയ കാര്യങ്ങൾ ചോദിച്ചാൽ നമുക്ക് ഭൗതികമായ കാര്യങ്ങൾ ചോദിക്കാതെ തന്നെ ദൈവം തരും.

അതു കൊണ്ടാണ് ഈശോ പറഞ്ഞത്: “നിങ്ങൾ എന്റെ രാജ്യവും എന്റെ നീതിയും അന്വേഷിച്ചാൽ എല്ലാം കൂട്ടിച്ചേർക്കപ്പെടും.”

അപ്പൊ അതുകൊണ്ട് അത് നമ്മൾ ഈ ഭാഗത്തുനിന്ന് പഠിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പാഠമാണ്.

​നമ്മൾ സോളമന്റെ ആദ്യത്തെ ബലിയാണ് ഈ മൂന്നാം അധ്യായത്തിൽ നമ്മൾ കണ്ടത്. ഇനി നമ്മൾ കാണുന്നത് സോളമൻ ജീവിതത്തിൽ കുറച്ചു കഴിഞ്ഞിട്ട് ദേവാലയം പണിതു കഴിയുമ്പോൾ അദ്ദേഹം ഒരു ബലിയർപ്പിക്കുന്നതായിട്ട് കാണുന്നുണ്ട്.

അത് 2 ദിനവൃത്താന്തം ഏഴാം അധ്യായത്തിലാണ്. 2 ദിനവൃത്താന്തം ഏഴാം അധ്യായത്തിൽ സോളമന്റെ ആ ബലിയെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ട്.

അതിൽ ഒന്നാമത്തെ വാക്യം ഇങ്ങനെയാണ്:

​സോളമൻ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ സ്വർഗ്ഗത്തിൽനിന്ന് അഗ്നിയിറങ്ങി ദഹനബലിവസ്തുവും മറ്റു വസ്തുക്കളും ദഹിപ്പിച്ചു.

​അതായത് സോളമന്റെ ആ ബലി അത്രയും തീക്ഷ്ണതയുള്ള ബലിയായിരുന്നതുകൊണ്ട് സ്വർഗ്ഗത്തിൽനിന്ന് തീയിറങ്ങിയാണ് ആ ബലിപീഠത്തിലെ ബലിവസ്തുക്കളെ ദഹിപ്പിക്കുന്നത്.

​ഇനി അഞ്ചാമത്തെ വാക്യത്തിൽ നമ്മൾ വായിക്കുന്നുണ്ട്, നാലാമത്തെ വാക്യം നാലും അഞ്ചും: തുടർന്ന് രാജാവും ജനവും ചേർന്ന് കർത്താവിന് ബലിയർപ്പിച്ചു.

സോളമൻ രാജാവ് 22,000 കാളകളെയും 1,20,000 ആടുകളെയും ബലിയർപ്പിച്ചു.

ഞാൻ നേരത്തെ പറഞ്ഞില്ലേ, ബലിയർപ്പിക്കുന്ന കാര്യം വരുമ്പോൾ സോളമൻ ധാരാളിത്തമുള്ള ആളായിരുന്നു. അപ്പൊ അങ്ങനെ അത്രയും ഒരു ഉദാരതയോടുകൂടി ഈ ബലിയർപ്പിച്ചു കഴിയുമ്പോൾ വീണ്ടും കർത്താവ് സോളമന് പ്രത്യക്ഷപ്പെടുകയാണ്.

നമ്മൾ ഈ സോളമന്റെ ബലിയിൽ രണ്ടു ഭാഗത്തും—തുടക്കത്തിലും അതുപോലെ ഈ ഭാഗത്തും—നമ്മൾ കണ്ടത് ഇതാണ്: സോളമൻ ബലിയർപ്പിച്ചു കഴിയുമ്പോൾ കർത്താവ് പ്രത്യക്ഷനാവുകയാണ്.

​അങ്ങനെ ദേവാലയം പണിത് ബലിയർപ്പിക്കുന്ന സോളമന്റെ ജീവിതത്തിലേക്ക് ആ അഗ്നിയിറങ്ങി, ദൈവസാന്നിധ്യം ഇറങ്ങി വെളിപ്പെടുന്ന വലിയൊരു അത്ഭുതകരമായ ഇടപെടലാണ് നമ്മൾ കാണുന്നത്.

നമുക്ക് എന്താണ് ഇതിൽനിന്ന് നമ്മുടെ ജീവിതത്തിലേക്ക് പകർത്തേണ്ട പാഠം?

നമ്മൾ ബലിയർപ്പിക്കാൻ പോകുമ്പോൾ നമ്മൾ എടുക്കേണ്ട ഒരു തീക്ഷ്ണതയാണ് സോളമൻ നമ്മളെ പഠിപ്പിക്കുന്നത്.

അത് നിസ്സാരമായിട്ട്, കാഷ്വൽ ആയിട്ട് ഒരു ചടങ്ങിന് പോയി കുർബാനയിൽ പങ്കെടുത്തു വരുന്ന ഒരു രീതിയല്ല സോളമനിൽ നമ്മൾ കാണുന്നത്.

അദ്ദേഹം അതിന് നല്ല വില കൊടുക്കുകയാണ്. അത് ദാവീദ് അദ്ദേഹത്തിന് കൊടുത്ത മാതൃക ആ മകൻ അതുപോലെ അക്ഷരംപ്രതി പിന്തുടരുകയാണ്.

അപ്പൊ അദ്ദേഹത്തിന്റെ ജീവിതത്തിൽ അതുകൊണ്ട് ദൈവം കൊടുത്ത മഹത്വം, ജ്ഞാനം, സമ്പത്ത് ഒക്കെ നമുക്ക് ബൈബിളിൽനിന്ന് വായിച്ചറിയാൻ പറ്റുന്നുണ്ട്.

​പ്രിയപ്പെട്ടവരെ, ഞാൻ പറയാൻ ആഗ്രഹിക്കുന്നത് നമ്മൾ ബലിയർപ്പിക്കാൻ, ഓരോ ബലിയർപ്പിക്കാൻ ഓരോ ദിവസവും പോകുമ്പോൾ അത്രയും തീക്ഷ്ണതയിൽ, ഉദാരതയിൽ, അതുപോലെ അത് ദൈവത്തിന് അത്രയും പ്രസാദകരമായി ദൈവം ഇറങ്ങിവരുന്ന ഒരു സമയമാണ് എന്ന് കണ്ട് ആ തീക്ഷ്ണതയിൽ ബലിയർപ്പിക്കാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

​നമ്മൾ ഇന്ന് അഭ്യസിക്കേണ്ട പുണ്യം പ്രത്യാശയാണ്, പ്രത്യാശ.

വചനം പറയുന്നുണ്ട്: “ഈ ഭൂമിയിലെ പ്രത്യാശയില്ലാത്ത മറ്റു മനുഷ്യരെപ്പോലെ നിങ്ങൾ ദുഃഖിക്കരുത്.”

നമ്മുടെ ജീവിതത്തിലെ വിഷമവും തകർച്ചയും വേദനയും നമ്മളെ ഭാരപ്പെടുത്തുന്ന അനുഭവങ്ങളും ഒക്കെ വരുമ്പോൾ ലോകത്തുള്ള മറ്റു മനുഷ്യർ ചെയ്യുന്നതു പോലെ നമ്മൾ പ്രത്യാശയില്ലാത്തവരെപ്പോലെ പെരുമാറരുത്.

നമുക്ക് പ്രത്യാശയുണ്ട്.

We have a hope in Jesus Christ.

പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. പ്രത്യാശയുള്ളതുകൊണ്ട് നമുക്ക് നിരാശയില്ല.

അപ്പൊ ഒഴിവാക്കേണ്ട തിന്മ ഡെസ്പെയർ (despair) ആണ്, നിരാശയാണ്.

ഇച്ഛാഭംഗം, നിരാശ, പ്രത്യാശയില്ലായ്മ.

​ഇനി നമ്മൾ ഇന്ന് പ്രാർത്ഥിക്കാൻ ഞാൻ ഒരു പ്രത്യേക പ്രാർത്ഥന പറയുന്നതിനുപകരം ഒരു ഏതെങ്കിലും ഒരു അഞ്ച് സങ്കീർത്തനം ദിവസത്തിന്റെ പല ഭാഗങ്ങളിലായി ഓരോ സങ്കീർത്തനം വച്ച് സമയം കിട്ടുമ്പോൾ ഒരു സങ്കീർത്തനം വച്ച് അഞ്ച് സങ്കീർത്തനം ഇന്ന് ഉറങ്ങുന്നതിനു മുൻപ് ഒന്ന് വായിച്ച് അത് പ്രാർത്ഥനയാക്കി കാഴ്ച വയ്ക്കുക.

​ടാസ്ക് ഇതാണ്: മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ ബോധപൂർവ്വം പറയാൻ ഇന്ന് ശ്രമിക്കുക. അവർക്ക് അഭിനന്ദനം കൊടുക്കുന്ന, പ്രോത്സാഹനം കൊടുക്കുന്ന, എൻകറേജ് (encourage) ചെയ്യുന്ന വാക്കുകൾ പറയാൻ ബോധപൂർവ്വം ശ്രമിക്കുക.

​സ്നേഹമുള്ളവരെ, ഇന്ന് ഈ പതിനാറാമത്തെ ദിവസം നമ്മുടെ ചിന്തകൾ അവസാനിപ്പിക്കുന്നതിന് മുൻപ് ഞാൻ ഈ ദാവീദും സോളമനും ഒക്കെ ബലിയർപ്പിച്ച കാര്യങ്ങൾ നമ്മൾ ചിന്തിച്ചല്ലോ, ഒരു ചോദ്യം കൂടി ഇതിനോട് ചേർത്ത് ചോദിക്കാനുണ്ട്: സത്യത്തിൽ എന്തുകൊണ്ടാണ് ദൈവത്തെ ആരാധിക്കാൻ ബലിയർപ്പിക്കണം എന്ന് ദൈവം ആവശ്യപ്പെടുന്നത്?

Why sacrifice?

വേറെ ഏതെല്ലാം രീതികളുണ്ട് ആരാധിക്കാൻ.

ബലിയർപ്പിക്കണം എന്ന് തന്നെ പറയാനും, അല്ലെങ്കിൽ മനുഷ്യൻ ആരംഭകാലം മുതൽ തന്നെ ദൈവാരാധനയ്ക്ക് ബലി എന്നൊരു സങ്കൽപം രൂപപ്പെട്ടത് എങ്ങനെയാണ്?

അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കുറച്ച് ധാരണകൾ നിങ്ങളോടൊന്ന് പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.

​ഒന്നാമത്തേത്, എന്തുകൊണ്ട് ബലി എന്ന ചോദ്യത്തിന്റെ ആദ്യത്തെ ഉത്തരം: എല്ലാ പാപത്തിനും സ്വയം പ്രസാദിപ്പിക്കുന്ന ഒരു തലമുണ്ട്. ഓരോ പാപത്തിലും നമ്മൾ നമ്മളെ സന്തോഷിപ്പിക്കുകയാണ്.

Every sin is self-gratification.

അതൊരു ആത്മസന്തോഷം, തനിക്ക് തന്നെ ഒരു ആനന്ദം ഓരോ പാപത്തിലും ഒരാൾ കണ്ടെത്തുന്നുണ്ട്.

ഒരാൾ തന്നിലേക്ക് തന്നെ തിരിയുകയാണ്—turning into oneself.

ഒരാൾ സ്വാർത്ഥതയുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന്റെ പേരാണ് പാപം.

​ബലി എന്ന് പറഞ്ഞാൽ എന്താണ്?

Sacrifice: taking something valuable from oneself.

ഒരാളിൽ നിന്ന് വിലപ്പെട്ടത് എന്തോ അയാൾ എടുക്കുകയാണ്. എടുത്ത് നിവേദിക്കുകയാണ്.

അയാൾക്ക് വാല്യൂബിൾ (valuable) ആയ എന്തോ ഒന്ന് എടുത്ത് അയാൾ ബലിപീഠത്തിലേക്ക് വയ്ക്കുകയാണ്.

അത് അയാളുടെ ധാന്യമാവാം, ആടിനെയാവാം, കാളയെയാവാം, ഇനി അയാളെത്തന്നെയാവാം. അയാൾക്ക് വിലപ്പെട്ടത് എന്തുമാവാം.

ബലിയർപ്പിക്കുക എന്ന് പറയുമ്പോൾ you are taking something out of you.

അപ്പൊ അത് പാപത്തിന് ഏറ്റവും ഉത്തമമായ പരിഹാരമാണ് ബലി.

എന്താണ് കാര്യം?

പാപം ഒരാൾ അവനവനിലേക്ക് തന്നെ തിരിഞ്ഞതാണ്. ബലി എന്ന് പറയുന്നത് ഒരാൾ തന്നിൽ നിന്ന് എന്തോ എടുത്ത് ദൈവത്തിന് കൊടുക്കുകയാണ്.

​അതുകൊണ്ട് sacrifice always has a repairing element.

ഒരാൾ തന്നോട് തന്നെ മരിക്കുന്നതിന്റെ പ്രതീകമാണ് ബലിയർപ്പിക്കുക എന്നുള്ളത്.

സത്യത്തിൽ നമ്മൾ തന്നെയാണ് മരിക്കേണ്ടതാണ്, അതിനുപകരമാണ് ഈ ആട് കൊല്ലപ്പെടുന്നത്, അല്ലെങ്കിൽ ഈ കാള കൊല്ലപ്പെടുന്നത്.

അതിനു പകരമാണ് ഈ ധാന്യം ബലിയർപ്പിക്കപ്പെടുന്നത്. അപ്പോ നമ്മളിലേക്ക് തിരിഞ്ഞതിന് ഒരാൾ നമ്മിൽ നിന്ന് വിലപ്പെട്ടത് എടുത്ത് തന്നോട് തന്നെ മരിക്കുന്നതിന്റെ പ്രതീകമാണ് ബലി.

​അപ്പോ ആ ബലിയർപ്പണം യഥാർത്ഥത്തിൽ it costs.

അത് നമുക്കെന്തോ വിലപ്പെട്ടത് നമ്മളിൽ നിന്ന് എടുത്തു കൊടുക്കുന്നുണ്ട്.

അതാണ് ദാവീദൊക്കെ പറഞ്ഞത്: “എനിക്ക് ചേതമില്ലാത്ത, വിലയില്ലാത്ത ബലി ഞാൻ അർപ്പിക്കുകയില്ല” എന്ന് പറഞ്ഞതിന്റെ കാരണം അതാണ്.

ബൈബിളിലെ ആരാധനകൾ എല്ലാം തന്നെ ബലിയർപ്പണങ്ങളാണ്. അത് കായേനും ആബേലും ആവട്ടെ, അബ്രാഹം ആവട്ടെ, നോഹ ആവട്ടെ, യാക്കോബ് ആവട്ടെ, മോശ ആവട്ടെ, ദാവീദ് ആവട്ടെ, സോളമൻ ആവട്ടെ ഇവരെല്ലാം ബലിയർപ്പിക്കുകയാണ്.

അപ്പോ ആ ഒരു തലം കുർബാനയിൽ ഉണ്ട് എന്ന് നമ്മൾ ഓർക്കണം.

​അത് ഞാൻ പറയുമ്പോൾ ഒരു കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിലേക്ക് വരണം.

ഇപ്പൊ ചില കുർബാനകൾ പെട്ടെന്ന് തീരും. ചില കുർബാനകൾ അല്പം സമയമെടുക്കും. എല്ലാദിവസവും കുർബാനയിൽ പോയി പ്രത്യേകിച്ച് നിന്നൊക്കെ പ്രാർത്ഥിക്കുമ്പോൾ കുറച്ചൊക്കെ ഒരു വേദനയുടെ തലമുണ്ട്.

കയ്യിന്റെ വേദന, കാലിന്റെ വേദന, നടുവിന്റെ വേദന…

പിന്നെ പള്ളിയിലേക്ക് പോകാൻ എടുക്കുന്ന ആ യാത്ര, രാവിലെ എഴുന്നേൽക്കുന്ന ഒരു ത്യാഗം…

അപ്പൊ ബലിയർപ്പിക്കാൻ പോകുമ്പോൾ ഉണ്ടാവുന്ന എല്ലാ കഷ്ടപ്പാടുകളും ഈയൊരു കണ്ണിലൂടെ വേണം കാണാൻ: ഞാൻ എന്റെ പാപത്തിന് പരിഹാരം അനുഷ്ഠിക്കുന്ന, എന്റെ സന്തോഷങ്ങളിലേക്ക് തിരിഞ്ഞ ഞാൻ എന്നിൽ നിന്ന് എന്തൊക്കെയോ എടുത്ത് സമർപ്പിക്കുന്ന ഒരു ത്യാഗത്തിന്റെ തലം കൂടി ബലിക്കുണ്ട് എന്ന് ഓർക്കാൻ കൂടി ഈ ദിവസം, സോളമന്റെ ബലിയെക്കുറിച്ച് ചിന്തിച്ച ഈ ദിവസം, അങ്ങനെ ഒരു ചിന്ത കൂടി നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരട്ടെ.

​അപ്പൊ ഇങ്ങനെ നമുക്ക് ഈ ദിവസം അനുഗ്രഹത്തോടെ നമ്മുടെ ഈ 40 ദിന പ്രാർത്ഥനയിലെ പതിനാറാമത്തെ ദിവസം ഒത്തിരി അനുഗ്രഹത്തോടെ ജീവിക്കാൻ കഴിയട്ടെ, മുന്നോട്ട് കൊണ്ടുപോവാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

ആരെങ്കിലുമൊക്കെ മടുത്ത് പുറകോട്ട് പോകുന്നുണ്ടെങ്കിൽ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരണം.

നമുക്ക് ആരാധനയിൽ അതിനുവേണ്ട ആശീർവാദം പ്രാപിക്കുകയും ചെയ്യാം.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​പ്രിയമുള്ളവരെ, ഇന്നത്തെ ആരാധനയിലേക്ക് കർത്താവ് നമുക്ക് പ്രാർത്ഥിക്കാൻ അവസരം തരുമ്പോൾ, ദൈവത്തെ തേടാൻ കൃപ തരുമ്പോൾ, ആത്മീയ കാര്യങ്ങൾ ആവശ്യപ്പെടാനും ആത്മീയ കാര്യങ്ങൾക്ക് വേണ്ടി ദാഹിക്കാനുമുള്ള ഒരു കൃപ ലഭിക്കുന്നതിന് പ്രാർത്ഥിക്കാം.

​നല്ല കർത്താവേ, അവിടുത്തെ തിരുസന്നിധിയിലേക്ക് ഞങ്ങൾ വരുന്നു.

ഈ ലോകത്തേക്കാളും ദൈവത്തെ വിലമതിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ.

ഞങ്ങൾ ഈ ലോക വസ്തുക്കളെ ആഗ്രഹിക്കുന്നതിന് പകരം കർത്താവ് തരുന്ന ആത്മീയ ദാനങ്ങൾക്ക് വേണ്ടി ആഗ്രഹിക്കാൻ ഞങ്ങളെ സഹായിക്കണമേ.

പൗലോസ് അപ്പസ്തോലൻ ഞങ്ങളെ പഠിപ്പിച്ചതുപോലെ ആത്മീയ ദാനങ്ങൾക്ക് വേണ്ടി വലിയ ആഗ്രഹമുണ്ടാവാൻ കർത്താവേ, ഈ സമയത്ത് ഞങ്ങൾ അങ്ങയോട് കൃപ യാചിക്കുകയാണ്.

സ്വർഗ്ഗത്തെ നോക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. വിലയില്ലാത്ത കാര്യങ്ങൾക്ക് കർത്താവേ, ഞങ്ങളുടെ ശ്രദ്ധ കൊടുക്കാതിരിക്കാൻ ഞങ്ങളെ സഹായിക്കണമേ.

ഞങ്ങളുടെ ജീവിതം ഏറ്റവും അമൂല്യമായ നിധി കണ്ടെത്താനുള്ള ഒരു ശ്രമമാക്കി മാറ്റണമേ.

​കർത്താവേ ഇന്ന് ഈ ആശീർവാദം അവിടുന്ന് നൽകുമ്പോൾ ഈ പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുക്കുന്ന ആരെങ്കിലും ദൈവമായ കർത്താവേ, ഈ ലോകത്തിനു വേണ്ടി മാത്രമാണ് ജീവിക്കുന്നതെങ്കിൽ കർത്താവേ ആത്മാവിന്റെ കണ്ണുകൾ തുറക്കപ്പെടാൻ, ആത്മീയ അന്ധത മാറാൻ ഈ സമയത്ത് കർത്താവ് ശക്തമായ ഒരു അനുഗ്രഹം നൽകണമെന്ന് പ്രാർത്ഥിക്കുന്നു.

നമുക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദം സ്വീകരിക്കാം.

​കാരുണ്യവാനായ കർത്താവ് നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ.

കർത്താവ് നിങ്ങളുടെ ആത്മീയ കണ്ണുകൾ തുറന്നു തരട്ടെ. ഈ ലോകത്തിന്റെ ദൈവം അന്ധമാക്കിയ കണ്ണുകൾ തുറക്കപ്പെടട്ടെ.

ഈ ലോകത്തിലേക്ക് മാത്രം ശ്രദ്ധ വച്ചിരിക്കുന്ന ഹൃദയത്തിന്റെ എല്ലാ ഏകാഗ്രതയ്ക്കുള്ള തടസ്സങ്ങളും മാറി കർത്താവിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയട്ടെ.

ഈ ലോകം വിഭജിക്കപ്പെട്ടുപോയ ഒരു മനസ്സോടെ ജീവിക്കാൻ ഞങ്ങളെ മാടി വിളിക്കുമ്പോൾ കർത്താവിലേക്ക് മടങ്ങിവരാൻ, ദൈവത്തിലേക്ക് തിരിയാൻ കർത്താവിന്റെ കൃപ നിങ്ങളെ സഹായിക്കട്ടെ.

​ഈശോമിശിഹായുടെ അനന്തമായ, വിലയേറിയ ശരീരത്തിന്റെ യോഗ്യതകളാൽ ദൈവം നിങ്ങളെ അനുഗ്രഹിച്ച് ആശീർവദിക്കട്ടെ, ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading