ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

​പ്രിയപ്പെട്ടവരെ, നമ്മുടെ പരിശുദ്ധ കുർബാന വിമോചന പ്രാർത്ഥനാ ശുശ്രൂഷയുടെ ഇരുപത്തിയഞ്ചാമത്തെ ദിവസത്തിലേക്ക് ഒത്തിരി സ്നേഹത്തോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.

​ദൈവം നമുക്ക് തരുന്ന അനുഗ്രഹങ്ങൾ വലുതാണ്.

നമുക്ക് ഇങ്ങനെ ചിട്ടയായി, ഒരുക്കത്തോടെ പ്രാർത്ഥിച്ച്, വചനം കേട്ട്, അതിന്റെ ഒടുവിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദവും സ്വീകരിച്ച്, പിന്നെ നമ്മൾ ഓരോ ദിവസവും നടത്തുന്ന പ്രാർത്ഥനകളിലൂടെ കൂടുതൽ കൂടുതൽ പരിഹാരം ചെയ്ത്, ദൈവകൃപകൾ സമ്പാദിച്ച്, പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥിച്ച് ഒക്കെ വലിയ ഒരു ദൈവകൃപയിലേക്ക് നടന്നെടുക്കാൻ ദൈവം തന്ന ഈ ആത്മീയ പ്രേരണകൾക്ക് നമുക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ ചിന്തകളിലേക്ക് കടക്കുകയാണ്.

​പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട ഇന്നത്തെ ആത്മീയ ചിന്തകൾക്ക് ആധാരമായി എടുക്കുന്നത് യോഹന്നാന്റെ സുവിശേഷം ആറാം അധ്യായമാണ്.

യോഹന്നാൻ ആറാം അധ്യായം ദിവ്യകാരുണ്യത്തിന്റെ ഏറ്റവും ക്ലാസിക്കലായ ഒരു ടെക്സ്റ്റ് ആണ്.

പല സന്ദർഭങ്ങളിൽ പലരും അത് വ്യാഖ്യാനിച്ചും വിശദീകരിച്ചും നമുക്ക് പരിചയമുണ്ട്.

ഞാൻ തന്നെ പലപ്പോഴും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്.

നമുക്കിന്ന് ഈ ഒരു പശ്ചാത്തലത്തിൽ, ഈ ഒരു സാഹചര്യവുമായി ബന്ധപ്പെട്ട് എടുക്കാവുന്ന ഏറ്റവും നല്ല ടെക്സ്റ്റ് അതായതുകൊണ്ട് ഒരിക്കൽക്കൂടി നമുക്ക് അതിനെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവെക്കാം എന്ന് ആഗ്രഹിക്കുന്നു.

​യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തെ നമുക്ക് അഞ്ച് ഭാഗങ്ങളായി തിരിക്കാം:

​ഒന്നാമത്തെ ഭാഗം: യേശു അപ്പം വർദ്ധിപ്പിക്കുന്ന സംഭവമാണ്.

​രണ്ടാമത്തെ ഭാഗം: യേശു വെള്ളത്തിനുമീതെ നടക്കുന്ന അത്ഭുതമാണ്.

​മൂന്നാമത്തേത്: യേശുവിന്റെ ആ പ്രസിദ്ധമായ അവകാശവാദം—ഞാനാണ് ജീവന്റെ അപ്പം.

ജീവന്റെ അപ്പമായ എന്നെ ഭക്ഷിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും, എന്നെ ഭക്ഷിച്ചില്ലെങ്കിൽ നിങ്ങൾ മരിക്കും.

സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന നിത്യജീവന്റെ അപ്പം ഞാനാണ് എന്ന ഈ പ്രസിദ്ധമായ യേശുവിന്റെ ക്ലെയിം.

ഇതിന്റെ ​നാലാം ഭാഗം: ക്രിസ്തുവിന്റെ തന്നെക്കുറിച്ചുള്ള വെളിപ്പെടുത്തൽ കേൾക്കുന്ന ജനത്തിന്റെ പ്രതികരണം.

​അഞ്ചാം ഭാഗം: ജനം വളരെ നിഷേധാത്മകമായി, നെഗറ്റീവായി പ്രതികരിക്കുമ്പോൾ യേശു അവിടെ എടുക്കുന്ന നിലപാട്.

​ഇങ്ങനെ അഞ്ച് ഭാഗങ്ങളായി നമുക്ക് യോഹന്നാൻ 6-നെ കാണാൻ പറ്റും.

ഞാൻ ഓരോ ഭാഗത്തെക്കുറിച്ചും അല്പാല്പമായി വിശദീകരിച്ച് ഈയൊരു ആശയത്തിന്റെ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു.

​ഒന്നാമത്തേത്, യേശു അപ്പം വർദ്ധിപ്പിക്കുന്ന സംഭവമാണ്.

എന്താണ് അപ്പം വർദ്ധിപ്പിക്കുന്ന സംഭവത്തിന്റെ അർത്ഥം?

അപ്പം വർദ്ധിപ്പിക്കുമ്പോൾ അവിടെ നടന്നത് എന്താണെന്ന് നോക്കിയാൽ മതി.

അഞ്ച് അപ്പം യേശുവിന്റെ കയ്യിലേക്ക് വെച്ചു കൊടുക്കുന്നു, അവിടുന്ന് അതെടുത്ത് സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തി ആശീർവദിച്ച്, കൃതജ്ഞതാ സ്തോത്രം പറഞ്ഞ്, മുറിച്ച് ശിഷ്യന്മാർക്ക് കൊടുക്കുന്നു.

അഞ്ച് അപ്പത്തിന്റെ മീതെ അഞ്ച് കാര്യങ്ങൾ യേശു ചെയ്യുന്നതായിട്ടാണ് കാണുന്നത്.

അങ്ങനെ അപ്പം വർദ്ധിപ്പിക്കുന്നു. യേശുവിന്റെ കയ്യിൽ കൊടുക്കുന്ന അപ്പം മൾട്ടിപ്ലൈ ചെയ്യുന്നു, പെരുകുന്നു, വർദ്ധിക്കുന്നു.

​എന്താണ് അതിൽനിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് എന്ന് ചോദിച്ചാൽ, യേശുവിന്റെ കയ്യിലേക്ക് നമ്മൾ, നമ്മളുണ്ടാക്കുന്ന ഒരു അപ്പം വെച്ചുകൊടുത്താൽ യേശുവിന് ആ അപ്പത്തിൽ മാറ്റം വരുത്താൻ കഴിയും.

അതാണ് അപ്പം വർദ്ധിപ്പിക്കുന്ന സംഭവത്തിന്റെ പൊരുൾ, അതിന്റെ ഉള്ളർത്ഥം.

ക്രിസ്തുവിന്റെ കരങ്ങളിലേക്ക് അപ്പം എടുത്തു വെച്ചുകൊടുത്താൽ ക്രിസ്തുവിന് അതിൽ—അപ്പത്തിൽ മാറ്റം വരുത്താൻ കഴിയും.

അതുകൊണ്ടാണ് അഞ്ച് അപ്പം അയ്യായിരമായി പെരുകിയത്.

അപ്പത്തിൽ മാറ്റം വരുത്താൻ കഴിയുന്ന ദൈവപുത്രൻ. ഇതാണ് ഒന്നാം ഭാഗം.

​ഞാൻ ഇനി രണ്ടാം ഭാഗത്തിലേക്ക് പോവുകയാണ്.

ഇതിന്റെ രണ്ടാം ഭാഗം യേശു വെള്ളത്തിനുമീതെ നടക്കുന്നതാണ്. യേശു കടലിന്റെ മീതെ നടന്ന്, ശക്തിയേറിയ കാറ്റടിച്ച് കടൽ ക്ഷോഭിച്ചിരുന്ന ആ സമയത്ത് അവൻ നടന്ന് വള്ളത്തെ സമീപിച്ചു.

എന്നിട്ട് യേശു പറയുന്നത്: “ഞാനാണ്, ഭയപ്പെടേണ്ട” എന്നാണ്.

ഞാനാണ്—’ഏഗോ എയ്മി’ (Ego eimi),

‘ഐ ആം’ (I am). യഹോവ പഴയനിയമത്തിൽ ദൈവം പറയുന്ന വാക്യമാണത്, ‘ഞാൻ ദൈവമാണെന്നാണ്’.

​അപ്പോൾ വെള്ളത്തിനുമീതെ നടക്കുന്നു.

എന്താണ് ആ അത്ഭുതം വഴി നമ്മൾ അറിയണമെന്ന് യേശു ആഗ്രഹിക്കുന്നത്?

ഈശോ നമ്മളോട് പറയുകയാണ്: “എനിക്ക് അപ്പത്തിൽ മാത്രമല്ല മാറ്റം വരുത്താൻ കഴിവുള്ളത്, എനിക്ക് എന്റെ ശരീരത്തിലും മാറ്റം വരുത്താൻ കഴിയും.”

എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?

ഒരു മനുഷ്യൻ വെള്ളത്തിന്റെ മീതെ നടക്കാൻ ശ്രമിച്ചാൽ പ്രപഞ്ച നിയമം അനുസരിച്ച് ആ മനുഷ്യൻ വെള്ളത്തിൽ താണുപോകും.

ഒരു ഇരുമ്പ് വെള്ളത്തിലിട്ടാൽ താണുപോകും. എന്നാൽ ഇരുമ്പ് വെള്ളത്തിൽ താഴുമെങ്കിലും ഇരുമ്പ് കപ്പൽ താഴില്ല.

താഴാത്തതിന്റെ കാരണമെന്താണ്?

വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പരുവപ്പെട്ട ഒരു അവസ്ഥയിൽ ആ ഇരുമ്പിൽ രൂപഭേദം വരുത്തിയപ്പോഴാണ് അത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്.

​അപ്പോൾ ഭാരമുള്ള ഒരു വസ്തു വെള്ളത്തിൽ താണുപോകുന്ന ഒരു വസ്തു താണുപോകാതിരിക്കണമെങ്കിൽ അതിന് ഒരു ശാരീരിക വ്യതിയാനം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിൽ വരുത്തേണ്ടതുണ്ട്.

നമ്മൾ ചോദിക്കുന്ന ചോദ്യം: ഇവിടെ വെള്ളമാണോ മാറിയത്, യേശുവാണോ മാറിയത്?

വെള്ളത്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ല. കാരണം അതേ വെള്ളത്തിൽ പത്രോസ് മുങ്ങിപ്പോകുന്നത് നമ്മൾ മറ്റു സുവിശേഷങ്ങളിൽ കാണുന്നുണ്ട്.

അപ്പോൾ യഥാർത്ഥത്തിൽ വെള്ളത്തിനല്ല മാറ്റം വന്നത്, യേശുവിനാണ് മാറ്റം വന്നത്.

​അപ്പോൾ ഈ വെള്ളത്തിനു മീതെ നടക്കുന്ന സംഭവത്തിലൂടെ യേശു പറയാൻ ശ്രമിക്കുന്നത് എന്താണ്?

നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം: എനിക്ക് അപ്പത്തിൽ മാത്രമല്ല മാറ്റം വരുത്താൻ കഴിയുന്നത്, എനിക്ക് എന്റെ ശരീരത്തെ മാറ്റാൻ പറ്റും.

എന്റെ ശരീരത്തിന്റെ ഭാരം ഇല്ലാതാക്കാൻ, അങ്ങനെ വെള്ളത്തിനുമീതെ നടക്കുമ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന അവസ്ഥയിൽ നടക്കാൻ എനിക്ക് എന്റെ ശരീരത്തിൽ മാറ്റം വരുത്താൻ പറ്റും. അതാണ് രണ്ടാമത്തെ ഭാഗം.

​തനിക്ക് അപ്പത്തിലും തന്റെ ശരീരത്തിലും മാറ്റം വരുത്താൻ കഴിയുമെന്ന് പറയുകയല്ല, തെളിയിച്ചു കാണിച്ചിട്ടാണ് യേശു തുടർന്നു പറയുന്നത്: “എന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്, എന്റെ രക്തം യഥാർത്ഥ പാനീയമാണ്. നിങ്ങൾ എന്നെ ഭക്ഷിക്കുകയും എന്നെ പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ടായിരിക്കുകയില്ല. ഞാനാണ് സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം.”

​അപ്പസ്തോലന്മാർ ആരും തന്നെ ഇത് സംശയിക്കുന്നില്ല.

കാരണമെന്താണ്?

അവരുടെ മുമ്പിൽ യേശു തെളിയിച്ചു കഴിഞ്ഞു,

എന്ത്?

തനിക്ക് അപ്പത്തിലും ശരീരത്തിലും മാറ്റം വരുത്താൻ കഴിയും എന്ന്.

​ഈ യേശുവിന്റെ പ്രഖ്യാപനം കേൾക്കുമ്പോൾ—നാലാം ഭാഗം—കേൾവിക്കാർ എങ്ങനെയാണ് പ്രതികരിച്ചത്?

വാക്യം 60: ഇത് കേട്ട് അവന്റെ ശിഷ്യന്മാരിൽ പലരും പറഞ്ഞു—അവനെ കേൾക്കാൻ കൂടിയ, അവനെ അനുഗമിച്ചിരുന്ന, അവനോട് ഇഷ്ടമുണ്ടായിരുന്ന ആളുകളാണ് ഈ ശിഷ്യന്മാർ എന്ന് പറയുന്നത്, അപ്പസ്തോലന്മാരല്ല, ബാക്കിയുള്ള ശിഷ്യന്മാർ പറഞ്ഞു—”ഈ വചനം കഠിനമാണ്, ഇത് ശ്രവിക്കാൻ ആർക്ക് കഴിയും?”

തന്റെ ശിഷ്യന്മാർ പിറുപിറുക്കുന്നു.

അപ്പോൾ ആദ്യത്തെ പ്രതികരണം അതാണ്; അവർ ആദ്യം പിറുപിറുത്തു, ഇത് കഠിനമാണ്.

​ഇനി അതുകഴിഞ്ഞിട്ട്, വാക്യം 66-ൽ പറയുകയാണ്, ഈശോ അത് വിശദീകരിച്ചു കഴിയുമ്പോൾ 66-ാമത്തെ വാക്യം എത്തുമ്പോൾ: അവരിൽ വളരെപ്പേർ അവനെ വിട്ടുപോയി. അവർ പിന്നീട് ഒരിക്കലും അവന്റെ കൂടെ നടന്നില്ല.

അപ്പോൾ എന്താണ് കേൾവിക്കാരുടെ പ്രതികരണം?

ഒന്ന്, അവര് ആദ്യം ഇരുന്ന് പിറുപിറുത്തു. ഇത് മനസ്സിലാക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു. രണ്ടാമതായിട്ട് അവരിറങ്ങിപ്പോയി.

യേശുവിന്റെ കൂടെ പിന്നെ ഒരിക്കലും നടന്നില്ല എന്ന് പറഞ്ഞാൽ എന്നെന്നേക്കുമായി ഗുഡ് ബൈ പറഞ്ഞു പോയി.

ഇനി ഒരിക്കലും യേശുവിന്റെ കൂടെ നടക്കില്ല എന്ന് അവര് തീരുമാനിച്ചു.

എന്നെന്നേക്കുമായിട്ട് യേശുവിനെ അവര് വിട്ടു, യാത്ര പറഞ്ഞുപോയി.

​നിങ്ങൾ നോക്കൂ, എത്ര ഗൗരവതരമായ ഒരു കാര്യമാണ് യേശുവിന് ഈയൊരു കാര്യം പറഞ്ഞു കഴിഞ്ഞപ്പോൾ ഉണ്ടായ പ്രതികരണം.

ഇത്രയും നാൾ കൂടെയുണ്ടായിരുന്നവർ പെട്ടെന്ന് യേശുവിന്റെ കൂടെനിന്ന് വിട്ടുപോവുകയാണ്.

സഭയുടെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ പറ്റും, കാലാകാലങ്ങളിൽ അനേകം പേർ തിരുസഭാ ശരീരത്തിൽ നിന്ന് വിട്ടുപോയിട്ടുണ്ട്. അനേകം അനേകം ആളുകൾ. അതിൽ അനേകം പേര് വിട്ടുപോയത് യേശുവിന്റെ ശരീരം ഭക്ഷിക്കണം, രക്തം പാനം ചെയ്യണം, പരിശുദ്ധ കുർബാനയിൽ പങ്കെടുക്കണം, കുർബാന യേശുവിന്റെ ശരീരരക്തങ്ങളാണ് എന്ന ഈ പ്രബോധനം മനസ്സിലാകാത്തതിന്റെ പേരിൽ സഭ വിട്ടുപോയ കോടിക്കണക്കിന് ആളുകളുണ്ട്.

​സഭയിലെ ആദ്യത്തെ വിഭജനം തുടങ്ങുന്നത് സത്യത്തിൽ യോഹന്നാൻ 6:66-ലാണ്.

6, 66… നിങ്ങൾ ശ്രദ്ധിച്ചോ? 6, 6, 6 (666)—എതിർക്രിസ്തുവാണ്.

അതായത് ക്രിസ്തുവിന് എതിരാവുകയാണ്.

ക്രിസ്തുവിന് എതിരാവുകയാണ് എന്തിന്റെ പേരിൽ?

കുർബാന ഭക്ഷിക്കണം എന്ന് പറഞ്ഞതിന്റെ പേരിൽ.

അപ്പോൾ ഇത് വളരെ ഷോക്കിങ് ആയ ഒരു മൊമെന്റാണ്. അങ്ങനെ അനേകം പേർ അവനെ വിട്ടുപോയി, യേശുവിന്റെ മുമ്പിൽ നിന്ന്.

അതാണ് ഇതിന്റെ നാലാം ഭാഗം.

​ഇനി ഇതിന്റെ അവസാന ഭാഗം: ഒത്തിരി മനുഷ്യർ യേശുവിന്റെ അടുത്തുനിന്ന് പോകുമ്പോൾ എന്താണ് യേശുവിന്റെ പ്രതികരണം?

നമുക്ക് ക്രിസ്തുവിന്റെ സ്വഭാവം പരിചയമുണ്ട്. നമുക്ക് യേശുവിനെ പരിചയമുള്ളത് എങ്ങനെയാണ്?

യേശു ഭയങ്കര സോഫ്റ്റ് ഹാർട്ടഡ് ആയ ഒരാളാണ്. അതായത് ആരെങ്കിലും ഒരാൾ ക്രിസ്തുവിന് എതിരായി നിൽക്കുമ്പോൾ, അല്ലെങ്കിൽ ഒരാട് ഇറങ്ങിപ്പോകുമ്പോൾ, ഒരു മനുഷ്യൻ പാപം ചെയ്ത് അകന്നുപോകുമ്പോൾ അവന്റെ പിന്നാലെ ഏത് അറ്റം വരെയും പോകുന്ന അത്രയും ഹൃദയാലുവും കാരുണ്യവാനും ആർദ്രഹൃദയനും വിശാലമനസ്കനുമായ യേശു.

കൂട്ടം കൂട്ടമായി തന്റെ പക്കൽനിന്ന് ആളുകൾ എഴുന്നേറ്റു പോകുന്നത് കാണുമ്പോൾ സത്യത്തിൽ അവരുടെ പിന്നാലെ പോകേണ്ടതായിരുന്നു.

“ഞാൻ പറഞ്ഞത് നിങ്ങൾ മനസ്സിലാകാത്തതു കൊണ്ടാണ്, വേണമെങ്കിൽ കുറച്ചുകൂടെ ഞാൻ ലളിതമായി പറഞ്ഞു തരാം, അല്ലെങ്കിൽ ഞാൻ പറഞ്ഞത് പിൻവലിക്കാം” എന്നൊക്കെ വേണമെങ്കിൽ പറയാൻ പറ്റുന്ന ഒരു ക്യാരക്ടറാണ് യേശുവിന്റേത്.

കാരണം മനുഷ്യനോട് അവന് അത്രയും അലിവും കരുണയുമുണ്ട്. ഒരു മനുഷ്യൻ പോലും നഷ്ടപ്പെടാൻ അവൻ ആഗ്രഹിക്കുന്നില്ല.

​എന്നാൽ നമ്മളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ക്രിസ്തുവിൽ നിന്ന് ഇന്നുവരെ നമ്മൾ കാണാത്ത ഒരു റെസ്പോൺസ് ആണ് ഇവിടെ വരുന്നത്.

അവൻ കൂടെ നിന്ന അപ്പസ്തോലന്മാരുടെ മുഖത്തുനോക്കി അവരോട് ചോദിക്കുകയാണ്: “നിങ്ങളും വേണമെങ്കിൽ പൊക്കൊള്ളുക.”

ഷോക്കിങ് ആണത്.

എന്താ കാര്യം?

ക്രിസ്തു പറയുകയാണ്: ഈ അടിസ്ഥാന വിശ്വാസം നിങ്ങൾക്ക് സ്വീകരിക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ എന്റെ ശരീരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിട്ട് യാതൊരു അർത്ഥവുമില്ല. അതായത് എന്റെ ശരീരം ഭക്ഷിക്കണം, എന്റെ രക്തം പാനം ചെയ്യണം, വിശുദ്ധ കുർബാന ഭക്ഷിക്കണം, യേശുവിന്റെ ശരീരരക്തങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്ത് കർത്താവിന്റെ ശരീരത്തിന്റെ ഭാഗമാകണം എന്ന കാര്യം നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ നിങ്ങൾ ഇനി ഈ വിശ്വാസത്തിൽ തുടർന്നിട്ട് കാര്യമില്ല.

അത്രയും സ്ട്രോങ്ങും ബോൾഡുമായി യേശു പ്രതികരിക്കുകയാണ്.

​പ്രിയപ്പെട്ടവരെ, ഇന്ന് നിങ്ങളീ വചനം കേൾക്കുമ്പോൾ എനിക്ക് പറയാനുള്ളത്, ഞാനോ നിങ്ങളോ കർത്താവിന്റെ കൂടാരത്തിൽ നിന്ന് ഗുഡ് ബൈ പറഞ്ഞ് ഇറങ്ങിപ്പോയാലും ക്രിസ്തു ഈ പ്രബോധനത്തിൽ മാറ്റം വരുത്തില്ല എന്നാണ് ബൈബിൾ ശ്രദ്ധിച്ചു വായിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്നത്.

അതുകൊണ്ട് ദിവ്യകാരുണ്യം എനിക്കോ നിങ്ങൾക്കോ മനസ്സിലായില്ലെങ്കിൽ നമ്മൾ സഭ വിട്ടുപോകുന്നത് കർത്താവ് ഒരിക്കലും അതിനെക്കുറിച്ച് ആകുലപ്പെടില്ല എന്നാണ് എന്റെ അഭിപ്രായം.

കാരണം ഇത് അടിസ്ഥാനമാണ്.

ഇതത്രയും ഫണ്ടമെന്റൽ ടീച്ചിങ് ആണ്. ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കാത്ത നമുക്ക് ക്രിസ്തുവായിട്ട് മാറാൻ പറ്റില്ല.

അത് ഞാൻ അതിനെക്കുറിച്ച് പിന്നീട് മറ്റൊരു എപ്പിസോഡിൽ പറയുന്നുണ്ട്—കർത്താവ് ഇത്രയും നിർബന്ധം പിടിക്കുന്നത് എന്തുകൊണ്ടാണ് എന്ന്.

​പ്രിയപ്പെട്ടവരെ, വിശുദ്ധ കുർബാന ക്രിസ്തു അത്രയും വിലകൊടുത്ത് ഗൗരവമായി കണ്ട ഒരു കാര്യമാണ്. അവന്റെ ശരീരവും രക്തവും സ്വീകരിക്കണം എന്നുള്ളത് വേണമെങ്കിൽ ചെയ്യാം, വേണമെങ്കിൽ ചെയ്യേണ്ട എന്ന അർത്ഥത്തിൽ കർത്താവ് പറഞ്ഞ ഒരു കാര്യമല്ല.

“It is so fundamental, pivotal, so close to His heart, and He is not ready to dilute any of the elements of the Eucharist.”

അതുകൊണ്ട് അത് നമുക്ക് നമ്മുടെ ഹൃദയത്തിൽ ഏറ്റെടുക്കാം. നമുക്ക് വളരെ ശക്തമായ ഒരു ദൈവാനുഭവം വിശുദ്ധ കുർബാനയിലൂടെ ഉണ്ടാകുന്നതിന് അത് നമ്മളെ സഹായിക്കും.

അതുകൊണ്ട് ഈ അധ്യായം നമ്മൾ വായിക്കുമ്പോൾ നമുക്ക് ക്രിസ്തു എത്രമാത്രം തന്റെ ശരീരരക്തങ്ങൾ നമുക്ക് തരാൻ ആഗ്രഹിച്ചു എന്ന ഒരു വലിയ ഭാവം നമ്മുടെ മനസ്സിലേക്ക് വരട്ടെ എന്ന് ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു.

​ഈശോയിൽ പ്രിയമുള്ളവരെ, നമ്മൾ ഇന്നത്തെ ഈ ചിന്തകൾ അവസാനിപ്പിക്കുന്നതിന് മുൻപ് ഒരു പ്രധാനപ്പെട്ട ആശയം കൂടി കാണാനുണ്ട്.

അത് എന്താണ് ‘ജീവൻ’ എന്നുള്ള ഒരു ആശയമാണ്.

യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം പത്താം വാക്യം: കള്ളൻ വരുന്നത് മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ്. ഈശോ പറയുകയാണ്: “എന്നാൽ ഞാൻ വന്നിരിക്കുന്നത് നിങ്ങൾക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.”

അത് മാത്രമല്ല, യോഹന്നാൻ സുവിശേഷം തുടങ്ങുമ്പോൾ തന്നെ അവനിൽ ജീവനുണ്ടായിരുന്നു, ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.

അങ്ങനെ പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങുന്നത്.

പിന്നെ അവസാനം, സുവിശേഷം അവസാനിക്കുമ്പോൾ യോഹന്നാൻ പറയുന്നുണ്ട്: “ഞാൻ ഈ കാര്യങ്ങളെല്ലാം നിങ്ങൾക്ക് എഴുതുന്നത് അവൻ ക്രിസ്തുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനും അതുവഴി അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്.”

​എന്താണ് ഈ ജീവൻ?

ആ ജീവൻ എന്താണെന്ന് യോഹന്നാൻ വിശദീകരിക്കുന്ന ഒരു ഭാഗമാണ്, “ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു”.

അതൊരു നല്ല വിശദീകരണം നൽകുന്ന വാക്യമാണ്.

എന്താണ് ജീവൻ?

എവിടെ ജീവനുണ്ടോ അവിടെ മനുഷ്യന് കുറെക്കൂടി വെട്ടമുള്ള ഒരു ജീവിതം നയിക്കാൻ പറ്റും. കുറെക്കൂടി വെളിച്ചമുണ്ട് അവിടെ.

ഇത് സത്യത്തിൽ നമുക്ക് ഈ വെളിച്ചമുള്ള ജീവിതങ്ങൾ നമ്മുടെ കൂടെയുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിന് ആ വ്യത്യാസം കാണാൻ പറ്റും.

​ഉദാഹരണത്തിന്, മദർ തെരേസ ഭിക്ഷ യാചിക്കാൻ പോയ ഒരു സംഭവം നിങ്ങൾ കേട്ടിട്ടുണ്ടാവും.

ഒരു വീടിന്റെ മുറ്റത്തു ചെന്നുനിന്ന് എന്തെങ്കിലും തരുമോ എന്ന് ചോദിക്കുമ്പോൾ ആട്ടും തുപ്പും…

കേട്ടിട്ടില്ലേ?

നന്നായിട്ടൊന്ന് ആട്ടി, പിന്നെ മുഖത്തുതന്നെ തുപ്പി.

അപ്പൊ അങ്ങനെ തുപ്പിയപ്പോൾ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്ക്, ഏത് മനുഷ്യനും—സത്യത്തിൽ ഒന്നുമില്ല, വഴിയിൽ കിടക്കുന്നവനും ഒന്നുമില്ലാത്തവനും ആകെയുള്ളത് അവന്റെ ആത്മാഭിമാനമാണ്.

ആ കാര്യത്തിൽ എല്ലാവർക്കും ഈഗോ ഉണ്ട്.

അപ്പൊ അതിന്, ആ ആത്മാഭിമാനത്തിന്റെ മുഖത്താണ് ആ തുപ്പൽ വന്നു വീഴുന്നത്.

അതിങ്ങനെ ഒരു തുണിയെടുത്ത് പതുക്കെ തുടച്ചിട്ട് അമ്മ പറഞ്ഞ ഒരു വാചകമുണ്ട്: “എനിക്കുള്ളത് തന്നല്ലോ, ഇനി എന്റെ മക്കൾക്ക് എന്തെങ്കിലും തന്നോളൂ”

എന്ന് പറഞ്ഞു.

​അത് ഈ വെളിച്ചമുള്ള ഒരാളാണ്. വല്ലാതെ ക്ഷോഭിക്കുകയും കരയുകയും വിഷമിക്കുകയും തകരുകയും ഒക്കെ ചെയ്യും സാധാരണ മനുഷ്യര്.

പക്ഷേ ജീവനുണ്ട്, അതായത് ഈശോയുടെ ജീവനുണ്ടെന്ന് പറയുന്ന ആളുകൾ കുറെക്കൂടി വ്യത്യാസപ്പെട്ട രീതിയിൽ പ്രതികരിക്കാൻ അറിയാവുന്ന ആളുകളാണ്.

അതാണ് ജീവൻ.

ജീവൻ എന്ന് പറഞ്ഞാൽ കുറച്ചുകൂടെ വെളിച്ചത്തോടെ ജീവിതത്തെ കാണാൻ പറ്റുന്ന ആ ജീവൻ.

അത് തരാനാണ് ഈശോ വന്നതെന്നാണ് പറയുന്നത്. അതാ ഈശോ പറഞ്ഞത്, നിങ്ങൾക്ക് എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ ജീവൻ…

അപ്പൊ എന്ത് ജീവനാണെന്ന് മനസ്സിലായല്ലോ?

സാധാരണ മറ്റുള്ള മനുഷ്യര് ജീവിക്കുന്നതുപോലെ ജീവിക്കാൻ ആണെങ്കിൽ നിങ്ങൾക്ക് കുർബാനയുടെ ആവശ്യമില്ല.

പക്ഷേ കുറച്ചുകൂടി ഒരു ഭേദപ്പെട്ട ജീവിതം നയിക്കാൻ പറ്റണമെങ്കിൽ, കുറച്ചുകൂടെ ഒരു ഉയർന്ന നിലവാരത്തിൽ പ്രതികരിക്കാൻ പറ്റണമെങ്കിൽ, കുറച്ചുകൂടെ ക്വാളിറ്റേറ്റീവ് ആയിട്ട് മനുഷ്യരെയും ലോകത്തെയും ഒക്കെ കാണാൻ പറ്റണമെങ്കിൽ നമുക്ക് ഈ ജീവൻ…

​അപ്പൊ ഈശോ പറയുകയാണ്, അത് എന്റെ ശരീരം ഭക്ഷിച്ചാൽ, എന്റെ രക്തം പാനം ചെയ്താൽ, എന്നെ ഭക്ഷിച്ചാൽ, എന്നെക്കുറിച്ച് ധ്യാനിച്ചാൽ നിങ്ങൾക്ക് അത് കിട്ടും എന്നാണ് ഇവിടെ പറയുന്ന ആ വാക്യത്തിന്റെ അർത്ഥം.

ആ ജീവൻ നമുക്ക് തരുന്ന കൂദാശയാണ് പരിശുദ്ധ കുർബാന.

അതുകൊണ്ട് അത് നമ്മുടെ ഹൃദയത്തിൽ ഒരു ബോധ്യമായിട്ട് നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കർത്താവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

​നമുക്കൊരു ആഴമായ അനുതാപം ഉണ്ടാവാൻ ദൈവം സഹായിച്ചിട്ടുണ്ട്. ഞാൻ മുമ്പ് സൂചിപ്പിച്ചിരുന്നു, നമ്മൾ നല്ലൊരു കുമ്പസാരത്തിന് വേണ്ടി ഒരുങ്ങണം.

നമുക്കിനി ഏകദേശം ഒരു 15 ദിവസമാണ് നമ്മുടെ മുമ്പിൽ ഉള്ളത്. അപ്പൊ അതുകൊണ്ട് അതിനുമുമ്പ്, ഇനിയൊരു അഞ്ചു ദിവസങ്ങൾക്ക് ഉള്ളില്, അവസാനത്തെ പത്തു ദിവസത്തിന് മുമ്പ് നല്ല ഒരു കുമ്പസാരം നടത്തി ആ ലാസ്റ്റ് ടെൻ ഡേയ്സ് വലിയൊരു കൃപയിലും വിശുദ്ധിയിലും പ്രാർത്ഥന പൂർത്തിയാക്കാൻ ഉള്ള ഒരുക്കങ്ങൾ നടത്തണം.

ഇനിയൊരു അഞ്ചു ദിവസങ്ങൾക്ക് ഉള്ളിൽ ഒരു പൂർണ്ണ കുമ്പസാരം നടത്താൻ ശ്രദ്ധിക്കണമെന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു.

​ഇന്ന് നമുക്ക് ആ വിശുദ്ധ കുർബാനയുടെ വില മനസ്സിലാക്കാൻ ഉള്ള ഒരു കൃപ കിട്ടുന്നതിനാണ് പ്രാർത്ഥിക്കേണ്ടത്.

ഞാൻ ഇന്നത്തെ ഒരു ടാസ്ക് ആയിട്ട് നിർദ്ദേശിക്കുന്നത്, ഒരു കുരിശിന്റെ വഴി ചൊല്ലാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഒന്ന് ചൊല്ലുന്നത് നല്ലതാണ്.

ഒരു കുരിശിന്റെ വഴി പ്രാർത്ഥന ചൊല്ലി നമുക്കൊന്ന് പ്രാർത്ഥിച്ച്, അല്പസമയം നമുക്കൊന്ന് ആ ദിവ്യകാരുണ്യത്തിന്റെ വില ധ്യാനിക്കാൻ, ഈശോയുടെ സഹനങ്ങളെ ഒന്ന് ധ്യാനിക്കുന്നത് നല്ലതാണ്.

ആ ലാഘവബുദ്ധി നമുക്ക് ഉണ്ടാവാതിരിക്കാൻ, ആ പാപം നമ്മിൽ നിന്ന് മാറാൻ അത് സഹായിക്കുകയും ചെയ്യും.

​പ്രാർത്ഥിക്കേണ്ട പ്രാർത്ഥന, ഞാൻ ഒരു പ്രാർത്ഥന പറഞ്ഞു തരാം. ഇങ്ങനെ പ്രാർത്ഥിക്കണം:

​”ഈശോയേ, നീ കാണുന്നതുപോലെ നിന്റെ ശരീരത്തെ കാണാൻ എന്റെ ആന്തരിക കണ്ണുകൾ തുറന്നു തരണമേ. യേശുവേ, നീ കാണുന്നതുപോലെ എന്റെ ശരീരത്തെ കാണാൻ എന്റെ ആന്തരിക കണ്ണുകൾ തുറന്നു തരണമേ.”

​എന്ന് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.

നമുക്ക് ദിവ്യകാരുണ്യ ആശീർവാദം സ്വീകരിക്കാം.

​(ദിവ്യകാരുണ്യ ആരാധനയും ആശീർവാദ പ്രാർത്ഥനയും)

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​കർത്താവേ, ഒരു ദിവസം കൂടി അങ്ങയുടെ മുമ്പാകെ വരാൻ അങ്ങ് തന്ന കൃപാവരങ്ങൾക്ക് കർത്താവേ നന്ദി പറയുന്നു.

ഒരുപാട് സ്നേഹമാണ് കുർബാനയിലൂടെ അങ്ങ് ഞങ്ങൾക്ക് തരുന്നതെന്ന് തിരിച്ചറിയാൻ ഞങ്ങളെ ഈ ദിവസങ്ങളിൽ എല്ലാം അങ്ങ് സഹായിച്ചല്ലോ.

കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു.

അങ്ങയിൽ ഞങ്ങൾ വിശ്വസിക്കുന്നു. അങ്ങയെ ഞങ്ങൾ ആശ്രയിക്കുന്നു.

​നല്ല കർത്താവേ, ഇന്നീ ആരാധനയിൽ ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ കുടുംബങ്ങൾക്കെല്ലാം പരിശുദ്ധ കുർബാനയ്ക്ക് വില കൊടുക്കാനുള്ള, കർത്താവ് അത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നു എന്ന തിരിച്ചറിവ് കൊടുത്ത് സഹായിക്കണമേ.

കർത്താവായ ദൈവമേ, കുർബാനയിൽ നിന്ന് അകന്നുപോയ എല്ലാവരെയും സമർപ്പിക്കുകയാണ്.

ഞങ്ങളുടെ കുടുംബങ്ങളിൽ ആരാധന നഷ്ടപ്പെട്ടുപോയ, കുർബാനയെ സ്നേഹിക്കാൻ കഴിയാതെ പോയ, കുർബാന വിരസമായിപ്പോയ, ഏതെങ്കിലും കാരണങ്ങളാൽ ദേവാലയത്തിൽ നിന്ന് അകന്നുപോയ മക്കളെ എല്ലാവരെയും സമർപ്പിക്കുന്നു.

ദൈവമേ, ആരുടെയെങ്കിലും മുറിപ്പെടുത്തുന്ന വാക്കുകളോ കർത്താവേ പക്വതയില്ലാത്ത സമീപനങ്ങളോ മൂലം സഭയിൽ നിന്ന് അകന്നുപോയവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

വിശ്വാസസംബന്ധമായ വിഷയങ്ങൾ മനസ്സിലാകാത്തതിനാൽ സഭ വിട്ടുപോയ മക്കളെ സമർപ്പിക്കുന്നു.

കർത്താവേ, അവിശ്വാസത്തിലേക്കും നിരീശ്വരവാദത്തിലേക്കും പോയവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

മാനസാന്തരം ആവശ്യമുള്ള ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി കർത്താവേ ഇന്ന് അങ്ങയുടെ ആശീർവാദം ഞങ്ങൾ യാചിക്കുന്നു.

​നമുക്ക് ദിവ്യകാരുണ്യ ആശീർവാദം സ്വീകരിക്കുമ്പോൾ കർത്താവിന്റെ കൃപ ഒഴുകിയിറങ്ങാൻ നമ്മുടെ കുടുംബങ്ങളിൽ ആർക്കെല്ലാം അത് ആവശ്യമുണ്ടെന്ന് തോന്നുന്നോ അവരെയെല്ലാം കർത്താവിന് സമർപ്പിച്ച് നമുക്ക് ആശീർവാദം പ്രാർത്ഥിക്കാം.

​കാരുണ്യവാനായ കർത്താവ് നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ.

നഷ്ടപ്പെട്ടുപോയ ഓരോ ആത്മാവിനെയും തേടി ഈ ഭൂമിയിലേക്ക് എത്തിയ ക്രിസ്തുവിന്റെ സ്നേഹം നിങ്ങളുടെ കുടുംബങ്ങളിൽ നിന്ന്, കർത്താവിൽ നിന്ന് അകന്നുകഴിയുന്ന സകല വ്യക്തികളിലേക്കും ദിവ്യകാരുണ്യത്തിന്റെ ശക്തി കടന്നുചെന്ന് അവരെ സ്പർശിക്കാൻ കൃപ ഒഴുക്കി തരട്ടെ.

​ഈ ദിവ്യകാരുണ്യ ആരാധനയിൽ നിന്ന് കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് നാലു ദിക്കുകളിലേക്കും കർത്താവിന്റെ കരുണയും ദൈവത്തിന്റെ ശക്തിയും ഒഴുകിയിറങ്ങി നിങ്ങളുടെ കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടാനും, ഈശോയിൽ നിന്ന് അകന്നുപോയവർ മടങ്ങിവരാനും, വിശ്വാസം നഷ്ടപ്പെട്ടവർ വിശ്വാസം തിരിച്ചു കിട്ടാനും, അവിശ്വാസത്തിലേക്ക് പോയവർ യേശുവിന്റെ സ്നേഹം അനുഭവിക്കാനും ഇടയാവട്ടെ.

വലിയ മാനസാന്തരങ്ങൾ നിങ്ങളുടെ കുടുംബങ്ങളിൽ സംഭവിക്കട്ടെ.

പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്ത പ്രവർത്തികൾ ദൈവം നിങ്ങൾക്കുവേണ്ടി ചെയ്യട്ടെ.

യേശുവിന്റെ ശരീരത്തിന്റെ അനന്ത യോഗ്യതകളാൽ തന്നെ, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading