ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
പ്രിയപ്പെട്ടവരെ, നമ്മുടെ ദിവ്യകാരുണ്യ വിമോചന യാത്രയുടെ 26-ാമത്തെ ദിവസത്തിലേക്ക് ദൈവകൃപയാൽ കടന്നുവരാൻ നല്ല ദൈവം നമ്മെ സഹായിക്കുന്നു.
നിങ്ങൾ ഓരോരുത്തരും വളരെ തീക്ഷ്ണതയോടെയാണ് മുന്നോട്ടു പോകുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു.
നിങ്ങൾക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്; നിങ്ങൾ നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും ഈ ശുശ്രൂഷയിൽ സഹായിക്കുന്ന എല്ലാവരെയും ഓർക്കണം എന്ന് ഓർമിപ്പിച്ചുകൊണ്ട് ഇന്നത്തെ ചിന്തയിലേക്ക് കടക്കുകയാണ്.
ഇന്നത്തെ ഇരുപത്തിയാറാമത്തെ ദിവസത്തെ ചിന്തക്കായി നമ്മൾ എടുക്കുന്നത് യോഹന്നാന്റെ സുവിശേഷം 13-ാം അധ്യായത്തിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്ന സംഭവമാണ്.
യോഹന്നാൻ 13-ാം അധ്യായത്തിന്റെ ഒന്നു മുതൽ 20 വരെയുള്ള വാക്യങ്ങളാണ് നമ്മൾ ഈ ഭാഗത്ത് കാണുന്നത്.
”ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാ തിരുനാളിനു മുമ്പ് യേശു അറിഞ്ഞു; ലോകത്തിൽ തനിക്ക് സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു, അവസാനം വരെ സ്നേഹിച്ചു”.
ഈ രണ്ടു വാക്യങ്ങളിൽ വിശുദ്ധ കുർബാനയുടെ ഒരു മർമ്മം കിടപ്പുണ്ട്.
ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് യേശു അറിഞ്ഞു.
യേശു പിതാവുമായി സത്തയിൽ ഒന്നാണ്. സബ്സ്റ്റൻസിൽ അവര് രണ്ടുപേരും ഒന്നാണ്, ഒരു ദൈവമാണ്.
രണ്ടു വ്യക്തികളാണെങ്കിലും അവര് സത്തയിൽ ഒന്നാണ്, ഒരു ദൈവമാണ്, ദൈവത്വത്തിൽ ഒന്നാണ്.
എന്നു പറഞ്ഞാൽ പിതാവും പുത്രനും തമ്മില് വേർപിരിക്കാനാവാത്ത ഒരു ആഴമായ ആ ഐക്യമുണ്ട്, യൂണിയൻ ഉണ്ട്, യൂണിറ്റിയുണ്ട്.
ക്രിസ്തു ഈ ഭൂമിയിൽ മനുഷ്യനായിട്ട് അവതരിക്കുമ്പോൾ, ദൈവപുത്രൻ മനുഷ്യനായി ഭൂമിയിലേക്ക് വരുമ്പോൾ, സത്യത്തില് പിതാവിൽനിന്ന് ഉള്ള ഒരു വേർപെടൽ ദൈവത്വത്തിൽ വേർപെട്ടിട്ടില്ലെങ്കിലും മനുഷ്യന്റെ പരിമിതികൾ ഉള്ളതുകൊണ്ട്, അവന്റെ മാനുഷിക പരിമിതിയില് അവന്റെ ദൈവത്വം ആ ദൈവത്വത്തിന്റെ സമ്പൂർണ്ണതയിൽ നിലനിൽക്കേണ്ടവൻ മനുഷ്യന്റെ പരിമിതികൾ ഏറ്റുവാങ്ങി വരുമ്പോൾ തീർച്ചയായിട്ടും ക്രിസ്തു ഏറ്റെടുത്ത ഒരു ശൂന്യതയുണ്ട് അവിടെ.
അവൻ ദാസന്റെ രൂപം സ്വീകരിച്ചു എന്നാണ്.
ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി എന്നാണ്.
അപ്പൊ എപ്പോഴും പിതാവിലേക്ക്, പിതാവിന്റെ പക്കലേക്ക് എത്തിച്ചേരാൻ അല്ലെങ്കിൽ അവന്റെ ദൈവത്വത്തിന്റെ പൂർണ്ണതയില് പരിമിതികളില്ലാതെ ആയിരിക്കാനുള്ള ഒരു ആന്തരിക പ്രേരണ, ഒരു പ്രഷർ പിതാവിന്റെ പക്കലേക്ക് പോകാൻ ആ പ്രഷർ യേശുവിലുണ്ട്.
അതാണ് ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി.
അപ്പൊ ഞാന് ഇതിനെ വിളിക്കാൻ ആഗ്രഹിക്കുന്നത് ‘എ പുൾ അപ്‌വേർഡ്’ (A pull upward) എന്നാണ്.
മുകളിലേക്ക്, പിതാവ് മുകളിലേക്ക് പിടിക്കുന്ന ഒരു പ്രഷർ. അല്ലെങ്കിൽ പിതാവിന്റെ പക്കൽ ആയിരിക്കാനുള്ള ആഗ്രഹം, പരിമിതികളില്ലാതെ ആയിരിക്കാൻ.
മറുവശത്ത്, രണ്ടാമത്തെ വായിച്ച വാക്യം: “അവൻ തനിക്ക് സ്വന്തമായുള്ളവരെ സ്നേഹിച്ചു, അവസാനം വരെ സ്നേഹിച്ചു.”
എന്ന് പറയുമ്പോഴ് ആ ഈശോയുടെ സ്നേഹം നമ്മുടെ സ്നേഹം പോലെയല്ല.
നമ്മുടെ സ്നേഹത്തിന് എപ്പോഴും ഒരു പരിധിയുണ്ട്. ഈ യേശു ഏറ്റവും കൂടുതൽ സ്നേഹിച്ചത് യോഹന്നാനെയാണെന്ന് യോഹന്നാനാണ് എഴുതിയത്.
പത്രോസാണ് സുവിശേഷം എഴുതിയതെങ്കിൽ പത്രോസ് പറഞ്ഞേനെ എന്നെയാണ് ഏറ്റവും കൂടുതൽ സ്നേഹിച്ചതെന്ന്.
അന്ത്രയോസ് ആണെങ്കിൽ അന്ത്രയോസ് പറഞ്ഞേനെ.
കാരണം എന്തെന്നറിയാമോ?
ഓരോരുത്തരും യേശുവിനാൽ സ്നേഹിക്കപ്പെടുമ്പോൾ അവർക്ക് തോന്നും അവരെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതെന്ന്.
എന്നു പറഞ്ഞാൽ അത്രയും ആഴമായിട്ടാണ് ക്രിസ്തു സ്നേഹിക്കുന്നത്. നമ്മുടെ സ്നേഹം പോലെയല്ല അത്.
നമുക്ക് ഏതെങ്കിലും ഒരു പോയിന്റിൽ സ്നേഹം അവസാനിപ്പിക്കാൻ പറ്റും. പക്ഷേ ക്രിസ്തുവിന് അങ്ങനെയല്ല.
അവൻ അവസാനം വരെ സ്നേഹിച്ചു തനിക്ക് സ്വന്തമായി ഉള്ളവരെ, ‘അൺ ടു ദ ലാസ്റ്റ്’ (Unto the last).
എന്നു പറഞ്ഞാ എല്ലാ പരിധികളും വിട്ട് എന്ത് വില കൊടുത്തും ഏതറ്റം വരെ പോയും സ്നേഹിക്കും.
അപ്പൊ അങ്ങനെ സ്നേഹിക്കുന്ന ഒരാൾക്ക് തന്റെ സഹോദരന്മാരെ വിട്ട് പോകാനുള്ള ഒരു മടിയുണ്ട്.
അതിനെ ഞാൻ വിളിക്കുന്നത് ‘എ പുൾ ഡൗൺവേർഡ്’ (A pull downward) എന്നാണ്; താഴേക്കുള്ള ഒരു പ്രഷർ.
അതായത് പിതാവിന്റെ അടുത്ത് ആയിരിക്കണം, തന്റെ സഹോദരന്മാരെ വിട്ടുപിരിയാനും വയ്യ.
ഇങ്ങനെ രണ്ട് പ്രഷറുകൾക്ക് നടുവിൽ നിൽക്കുന്ന ക്രിസ്തു ഇതിന് കണ്ടെത്തിയ ഒരു പരിഹാരമാണ് പരിശുദ്ധ കുർബാന സ്ഥാപിക്കുക എന്നത്.
അതായത് ഒരേ സമയത്ത് പിതാവിന്റെ അടുത്ത് ആയിരിക്കുമ്പോൾ തന്നെ, അതേ സമയത്ത് പത്രോസിന്റെയും അന്ത്രയോസിന്റെയും യാക്കോബിന്റെയും യോഹന്നാന്റെയും കൂടെ അവരുടെ ഉള്ളിലും വസിക്കാൻ, ദിവ്യകാരുണ്യമായി അവരുടെ ഉള്ളിലും വസിക്കാൻ യേശു എടുക്കുന്ന ഒരു തീരുമാനമാണ് വിശുദ്ധ കുർബാന.
ഈശോ തന്റെ സ്നേഹം നമ്മളോട് കാണിക്കാൻ എടുത്ത ഒരു തീരുമാനമായിട്ട് കാണുമ്പോൾ അതിനകത്തെ ആ ആ സ്നേഹത്തിന്റെ ആഴം നമുക്ക് മനസ്സിലാക്കാൻ പറ്റും.
അതായത് നമ്മുടെ കൂടെ ആയിരിക്കാൻ യേശു എന്തുമാത്രം ആഗ്രഹിച്ചു!
അവൻ തനിക്ക് സ്വന്തമായുള്ളവരെ സ്നേഹിച്ചു, അവസാനം വരെ സ്നേഹിച്ചു.
നമുക്ക് നമ്മുടെ കൂടെ ആയിരിക്കാൻ യേശു എത്രമാത്രം ആഗ്രഹിച്ചതുകൊണ്ടാണ് ഈശോ പരിശുദ്ധ കുർബാനയാവാൻ അവന്റെ അനന്ത ജ്ഞാനത്തിൽ തീരുമാനിച്ചത്.
നമുക്കൊരിക്കലും എക്സ്പ്ലോർ ചെയ്തോ മനസ്സിലാക്കിയോ മനസ്സിലാക്കിയെടുത്തോ നമുക്കൊരിക്കലും അത് അങ്ങ് പൂർണ്ണമായിട്ട് കിട്ടില്ല.
ഈ ഈശോ അങ്ങനെ കുർബാനയാവാൻ ദൈവമല്ലേ!
ദൈവം അപ്പമായി നമ്മുടെ കൂടെ ജീവിക്കുന്നു, നമ്മുടെ ഉള്ളിൽ വരുന്നു.
അതായത് മനുഷ്യനോട് ദൈവം അത്രയും ഒട്ടിയിരിക്കാൻ ആഗ്രഹിച്ചു എന്ന ആ സ്നേഹമാണ് ഈ ആദ്യത്തെ വാക്യങ്ങളിൽ കാണുന്നത്.
അത്താഴസമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്കറിയോത്തായുടെ മനസ്സിൽ യേശുവിനെ ഒറ്റിക്കൊടുക്കാൻ തോന്നിപ്പിച്ചു.
ഒറ്റിക്കൊടുക്കാൻ തോന്നിപ്പിച്ചു.
പിതാവ് സകലതും തന്റെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു എന്നും താൻ ദൈവത്തിൽ നിന്ന് വരികയും ദൈവത്തിലേക്ക് പോവുകയും ചെയ്യുന്നു എന്നും യേശു അറിഞ്ഞു.
അത്താഴത്തിനിടയിൽ അവൻ എഴുന്നേറ്റ് മേലങ്കി മാറ്റി ഒരു തുവാലയെടുത്ത് അരയിൽ കെട്ടി, താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും തൂവാല കൊണ്ട് തുടയ്ക്കാനും തുടങ്ങി.
രണ്ടു മൂന്നു കാര്യങ്ങൾ കാണാനുണ്ട്. ഒന്നാമത്തേത്, യോഹന്നാൻ വിശുദ്ധ കുർബാനയുടെ സ്ഥാപന വചനങ്ങൾ നമുക്ക് എഴുതിയിട്ടില്ല ഇവിടെ.
ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചത് മറ്റ് സുവിശേഷകർ എഴുതിയിട്ടുണ്ട്, അപ്പമെടുത്തു വാഴ്ത്തി… അത് പറഞ്ഞിട്ടില്ല.
അന്ത്യത്താഴ മേശയിൽ വെച്ച് യേശു കുർബാന സ്ഥാപിക്കുന്നത് യോഹന്നാൻ പറഞ്ഞിട്ടില്ല.
അപ്പൊ ഒരു ചോദ്യം വരും, എന്താ പറയാത്തത്?
രണ്ടു മൂന്നു കാരണങ്ങളുണ്ട്.
ഒന്നാമത്തെ കാരണം എന്ന് പറയുന്നത്, അപ്പൊ ഇത് ഏകദേശം എ.ഡി. 90 കഴിഞ്ഞിട്ടാണല്ലോ യോഹന്നാൻ എഴുതുന്നത്. അപ്പോഴേക്കും കുർബാന സഭയിലെ ഒരു പ്രധാനപ്പെട്ട ആരാധനയായി മാറിക്കഴിഞ്ഞു.
അപ്പൊ ഈശോ ഇനി കുർബാന സ്ഥാപിച്ചതിനെക്കുറിച്ച് വീണ്ടും യോഹന്നാൻ പറയേണ്ട കാര്യമില്ല.
കാരണം മറ്റു സുവിശേഷകന്മാർ അത് പറഞ്ഞിട്ടുമുണ്ട്, ഓൾറെഡി കുർബാന എല്ലാവരുടെയും ഉള്ളിൽ എസ്റ്റാബ്ലിഷ്ഡ് ആയിക്കഴിഞ്ഞു.
ഇനി ഈശോ കുർബാന സ്ഥാപിച്ചു എന്ന് പ്രത്യേകിച്ച് ആർക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.
ആ സ്ഥാപന വചനങ്ങൾ ഉച്ചരിക്കുന്നതിനുപകരം, അത് വിവരിക്കുന്നതിനു പകരം യോഹന്നാൻ നമുക്ക് പറഞ്ഞു തരുന്നത് എന്താണെന്നറിയാമോ?
യോഹന്നാൻ നമുക്ക് പറഞ്ഞു തരുന്നത് ഈ കുർബാനയുടെ യഥാർത്ഥ അർത്ഥം എന്താണ് എന്നാണ്.
എന്താണ് കുർബാനയ്ക്ക് യോഹന്നാൻ നമുക്ക് പറഞ്ഞു തരുന്ന അർത്ഥം?
ഒന്നാമത്തെ അർത്ഥം എന്ന് പറയുന്നത്, വിശുദ്ധ കുർബാന എന്നത് പാദം കഴുകാനുള്ള ഒരു വിളിയാണ്.
അതായത് കുർബാനയിൽ പങ്കെടുക്കുന്നവരും യേശുവിനെ സ്വീകരിക്കുന്നവരും ശുശ്രൂഷകരാണ്.
മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യാനുള്ളവരാണ്. അവരുടെമേൽ അധികാരം പ്രയോഗിക്കാൻ ഉള്ളവരല്ല.
ദാസനെപ്പോലെ താഴ്ന്ന് മറ്റുള്ളവരെ ബഹുമാനിച്ച് ആ കുർബാനയുടെ ഭാവം പ്രകടമാക്കണം.
അതാണ് ഈശോ അവർക്ക് പറഞ്ഞുകൊടുക്കുന്നത്: “നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. നിങ്ങളിൽ ഏറ്റവും വലിയവനാവാൻ ആഗ്രഹിക്കുന്നവൻ ഏറ്റവും ചെറിയവനാവണം, ദാസനാവണം. ഞാൻ നിങ്ങൾക്കൊരു മാതൃക കാണിച്ചു തന്നിരിക്കുന്നു.”
അപ്പൊ എപ്പോഴും കുർബാനയുടെ സ്പിരിറ്റ് എന്ന് പറയുന്നത് ഈ ഹ്യുമിലിറ്റി (Humility) ആണ്.
ആ പാദം കഴുകാനുള്ള സന്നദ്ധത, ശുശ്രൂഷിക്കാനുള്ള സന്നദ്ധത.
മറ്റുള്ളവർക്കുവേണ്ടി നമ്മുടെ ജീവിതത്തിന്റെ സമയം, ആരോഗ്യം, പണം, നമ്മുടെ അറിവ് ഇതെല്ലാം പകർന്നു കൊടുക്കാനുള്ള, മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള ഒരു ഒരു ഒരു സന്നദ്ധത.
അതാണ് ഇവിടെ കാണുന്ന ഒന്നാമത്തെ കാര്യം.
ഇനി രണ്ടാമതായിട്ട്, അവസാനം വരെ സ്നേഹിക്കാനുള്ള വിളിയാണിത്.
അത് ആദ്യഭാഗത്ത് നമ്മൾ കണ്ടതാണ്, അവസാനം വരെ. എന്നു പറഞ്ഞാല് ഈ സ്നേഹിക്കുന്നതിന് മനുഷ്യന് എപ്പോഴും കാരണങ്ങൾ വേണം.
സ്നേഹിക്കുന്നത് അവസാനിക്കും, എപ്പോഴാണ്?
സ്നേഹിക്കാനുള്ള കാരണങ്ങൾ ഇല്ലാതാവുമ്പോൾ.
ഒരു കാരണങ്ങളും ഇല്ലെങ്കിലും സ്നേഹിക്കണം എന്നതാണ് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആ ക്ഷണം.
എന്നു പറഞ്ഞാല് കാരണങ്ങൾ ഇല്ലാതെ സ്നേഹിക്കുക.
നിങ്ങൾക്ക് സ്നേഹമുണ്ടോ എന്ന് എങ്ങനെയാ അറിയുന്നത്? സ്നേഹിക്കാൻ കൊള്ളാത്തവരെ നിങ്ങൾ സ്നേഹിക്കുമ്പോഴാണത്. അതായത് നമ്മുടെ ഉള്ളില് സ്നേഹമുണ്ടോ എന്ന് അറിയുന്നത്, അപ്പൊ അപ്പുറത്തു നിൽക്കുന്ന ആൾക്ക് സ്നേഹിക്കപ്പെടാൻ ഒരു യോഗ്യതയുമില്ല, അപ്പോഴും നമ്മൾ സ്നേഹിക്കുന്നു.
അയാൾ നമ്മൾ പ്രതീക്ഷിക്കാത്ത വിധത്തിലാണ് പെരുമാറുന്നത്, അപ്പോഴും നമ്മൾ സ്നേഹിക്കുന്നു. അയാൾ നമ്മളെ വേദനിപ്പിക്കുന്ന പ്രകൃതമാണ്, അപ്പോഴും നമ്മൾ സ്നേഹിക്കുന്നു.
അപ്പൊ അതാണ് അവസാനം വരെ സ്നേഹിക്കുക എന്ന് പറഞ്ഞാൽ. എന്നു പറഞ്ഞാൽ സ്നേഹിക്കാൻ എപ്പോഴും ഒരാള് കാരണങ്ങൾ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല, അയാൾ സ്നേഹിച്ചു കൊണ്ടേയിരിക്കും. സ്നേഹം അയാളുടെ തീരുമാനമല്ല, സ്നേഹം അയാളുടെ മറ്റുള്ളവരുടെ സ്വഭാവത്തോട് കാണിക്കുന്ന പ്രതികരണമല്ല, മറിച്ച് സ്നേഹം അയാളുടെ ക്യാരക്ടറാണ്.
ഞാൻ ഒന്നൂടെ പറയാം: സ്നേഹം അയാൾ ഒരു ഡിസിഷൻ മേക്കിങ്ങിൽ സ്നേഹിക്കുന്നതല്ല, ‘ആ അയാളെ സ്നേഹിച്ചു കളയാം’ അങ്ങനെയല്ല. സ്നേഹം മറ്റേയാള് നല്ല രീതിയിൽ പെരുമാറുമ്പോൾ അതിനോടുള്ള പ്രതികരണമല്ല, മറിച്ച് സ്നേഹം അയാളുടെ ക്യാരക്ടറാണ്.
അയാൾ സ്നേഹമായതു കൊണ്ടാണ് അയാൾ സ്നേഹിക്കുന്നത്.
അപ്പൊ ഇങ്ങനെ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ അവസാനം വരെ സ്നേഹിക്കാനുള്ള ഒരു നിക്ഷേപമാണ് കുർബാനയിലൂടെ ഈശോ നമുക്ക് തരുന്നത്.
ഈശോ പറയുകയാണ്, നിങ്ങൾക്ക് ഞാൻ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ അതിനുവേണ്ടി ഞാൻ എന്നെത്തന്നെ നിങ്ങൾക്ക് തരുകയാണ്.
അപ്പൊ അതാണ് അതിൽ നിന്ന് കിട്ടുന്ന ഒരു രണ്ടാമത്തെ അർത്ഥം.
മൂന്നാമതായിട്ട്, ഇവിടെ ഈശോ ശിഷ്യന്മാരുടെ കാല് കഴുകുമ്പോൾ പിതാക്കന്മാർ അതിനെ വ്യാഖ്യാനിക്കുന്നത്, നമ്മൾ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനു മുമ്പ് യേശു നമ്മളെ കഴുകുകയാണ്.
ഈശോ പറഞ്ഞു, “നിങ്ങൾ സ്വയം കഴുകാൻ പറ്റില്ല. ഞാൻ കഴുകിയില്ലെങ്കിൽ” എന്നാ പറയുന്നേ.
എന്നു പറഞ്ഞാ യേശുക്രിസ്തുവിന്റെ രക്തമാണ് നമ്മളെ കഴുകേണ്ടത്.
നമ്മൾ എത്രത്തോളം നമ്മൾ നമ്മളെത്തന്നെ നമ്മളെന്തെല്ലാം ചെയ്ത് നമ്മളെത്തന്നെ ശുദ്ധീകരിക്കാൻ ശ്രമിച്ചാലും ക്രിസ്തുവിന്റെ രക്തമാണ് നമ്മളെ കഴുകേണ്ടത്.
അതാ ഈശോ പത്രോസിനോട് പറയുന്നത്: “ഞാൻ കഴുകിയില്ലെങ്കിൽ നിനക്ക് എന്നോട് കൂടെ പങ്കില്ല.”
അപ്പൊ അങ്ങനെ ഒരർത്ഥം കൂടി അതിനുണ്ട്. കുർബാനയ്ക്ക് മുമ്പുള്ള നമ്മുടെ അനുതാപം, കുമ്പസാരം നമ്മൾ വിശുദ്ധിയോടുകൂടി യേശുവിനെ സ്വീകരിക്കണം എന്നുള്ളതിന്റെ ഒരു മാതൃകയാണ് യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകുന്നത്.
ഇനി നാലാമതായിട്ട് ഈശോ പറയുകയാണ്, ഇത് സഭയ്ക്ക് ഒരു മാതൃകയാണ്.
ഞാൻ നിങ്ങൾക്കൊരു മാതൃക തന്നിരിക്കുന്നു. നമുക്ക് കുർബാന ഒരാചാരമല്ല, ഒരു ജീവിതശൈലിയാണ്.
ഞാൻ ഒന്നൂടെ പറയാം: കുർബാന നമുക്കൊരു റിച്വൽ അല്ല, മറിച്ച് ഒരു ജീവിതശൈലിയാണ്.
അപ്പൊ കുർബാനയിൽ പങ്കെടുക്കുന്നവര് കുർബാനയുടെ ജീവിതം നയിക്കണം എന്നതിന് യേശു ഒരു മാതൃക തരികയാണ്.
നമ്മളിന്ന് ഒന്ന് ആലോചിച്ചു നോക്കൂ, വിശുദ്ധ കുർബാനയുടെ പേരിൽ എന്തോരം തല്ലാ നമ്മുടെ ഇടയിൽ നടക്കുന്നത്!
എന്തൊരു ഓപ്പോസിറ്റ് വിറ്റ്നസ്സിംഗ് (Opposite witnessing) ആണിത്!
ഇതൊരു ശരിക്കും എന്തൊരു വലിയ സ്കാൻഡൽ ആണ് നമ്മൾ കൊടുക്കുന്നത്. നമ്മൾ സാക്ഷ്യമാവുന്നില്ല എന്ന് മാത്രമല്ല, ഭയങ്കര സ്കാൻഡൽ അല്ലേ?
എനിക്ക് ഭയങ്കര സങ്കടം തോന്നുന്ന കാര്യം, ഈ അഡ്വക്കേറ്റ് ജയശങ്കർ പോലെയുള്ള ആളുകൾ നമ്മളെ ഉപദേശിക്കുന്നത് ആ ഒരു അവസ്ഥയിൽ നമ്മൾ എത്തി.
അതായത് നമ്മളെ ആരാണ് ഉപദേശിക്കുന്നത്?
അതായത് അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, അത് ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ അദ്ദേഹം ക്രിസ്ത്യാനിയല്ല.
അദ്ദേഹം ബൈബിൾ വായിച്ചിട്ടുണ്ട്, നമ്മളെ എനിക്ക് തോന്നുന്നു നമ്മൾ പലരും വായിക്കുന്നതിനേക്കാൾ കൂടുതൽ അദ്ദേഹം ബൈബിൾ വായിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. അപ്പോ അദ്ദേഹം പറയുകയാണ്, പിതാക്കന്മാർക്ക് അദ്ദേഹം ഉപദേശം കൊടുക്കുകയാണ്, അച്ചന്മാർക്ക് അദ്ദേഹം ഉപദേശം കൊടുക്കുകയാണ്.
അത് തെറ്റാണെന്നല്ല ഞാൻ പറയുന്നത്, ആ ഗതികേടിലേക്ക് നമ്മളെത്തി.
അതായത് കുർബാന സ്വീകരിക്കുന്ന നമ്മള് തല്ല് തല്ല് കൂടുകയാണ് കുർബാന കഴിഞ്ഞ്.
കുർബാനയ്ക്ക് വേണ്ടി തല്ലുകൂടുകയാണ്. കുർബാന എങ്ങനെ ചൊല്ലണം എന്ന് പറഞ്ഞിട്ട് തല്ലു കൂടുകയാണ്.
നമ്മളെ പിശാച് കൊണ്ടുവന്നെത്തിച്ച ഒരു അധഃപതനം, ഇത് നിസ്സാരമാണെന്ന് നിങ്ങൾ വിചാരിക്കരുത്.
എന്തൊരു നാണക്കേടാണിത്! എന്തൊരു നാണക്കേടാണ്!
ഇനി നാളെ ഒരു സമയത്ത് കുർബാനയ്ക്ക് വേണ്ടി തല്ലുകൂടാൻ നിങ്ങള് നിങ്ങളുടെ ഉള്ളിൽ ഒരു പ്രേരണ വരികയാണെങ്കില്, നിങ്ങള് സത്യത്തില് ഈ വിശ്വാസം ഉപേക്ഷിച്ചു പോകുന്നതാണ് നല്ലത്.
നിങ്ങളീ ക്രിസ്തുമതത്തിന്, യേശുക്രിസ്തുവിന് ഒരു അപമാനം ആവരുത്.
അല്ല ഞാൻ, എന്റെ നിലപാട് ഞാൻ പറയുകയാണ്. എന്റെ നിലപാട് ഞാൻ പറയുകയാണ്. അത് പറയാതിരിക്കാൻ പറ്റത്തില്ലല്ലോ, എന്തെന്നറിയാമോ?
അതായത് കുർബാനയ്ക്ക് വേണ്ടി വഴക്കുണ്ടാക്കേണ്ട ഒരു ഗതികേട് എനിക്കുണ്ടായാൽ അതിലും ഭേദം ഞാൻ ഈ വിശ്വാസം ഉപേക്ഷിച്ചു പോകുന്നതാണ്.
കാരണം വഴക്കുണ്ടാക്കരുതെന്നും സ്നേഹിക്കണമെന്നും ക്ഷമിക്കണമെന്നും മാപ്പ് കൊടുക്കണമെന്നും വിട്ടുകൊടുക്കണമെന്നും ഒക്കെ പറഞ്ഞ ഒരാളുടെ ശരീരം ഭക്ഷിക്കാൻ വേണ്ടി വഴക്കിടുക എന്ന് പറഞ്ഞാൽ എന്തൊരു കോമഡിയാണത്!
അപ്പോ അതുകൊണ്ട് ഞാൻ ഇനിയിത് കൂടുതൽ പറഞ്ഞാല് നമ്മുടെ ഈ ശുശ്രൂഷയുടെ ദിശ മാറിപ്പോകും എന്നുള്ളതുകൊണ്ട് ഞാൻ അതിലേക്ക് പറയുന്നില്ല.
ഇത് സത്യത്തിൽ ഇതൊക്കെ വായിക്കുമ്പോൾ നമുക്ക് കരച്ചിൽ വരും.
പാദം കഴുകൽ സഭയ്ക്കൊരു മാതൃകയാണിത്, മാതൃക.
അതുകൊണ്ട് നമുക്ക് സമാധാനത്തോടെ കുർബാന അർപ്പിക്കാൻ ആരെല്ലാം അതിന് അവർക്ക് എന്തെല്ലാം ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യാൻ ഒരു ബാധ്യത കൂടിയുണ്ട്.
പിടിവാശികൾ നമ്മൾ കളയണം.
ഇനി കർത്താവ് പറയുകയാണ്, യോഹന്നാൻ 13:34: “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കാൻ നിങ്ങൾക്കൊരു മാതൃക ഞാൻ തരികയാണ്.”
പുതിയ കൽപ്പനയും, യേശുവിന്റെ പുതിയ കൽപ്പനയാണ്: “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കണം.”
അതിനാണ് കുർബാന.
അടുത്തത്, അടുത്ത ഒരു ആശയം കത്തോലിക്കാസഭ ഈ ഭാഗത്തെ വിശദീകരിക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് സഭ പഠിപ്പിക്കുന്നത്:
ഒന്ന്, വിശുദ്ധ കുർബാന സ്ഥാപിച്ച ഭാഗമാണിത്.
രണ്ടാമതായി, പൗരോഹിത്യം സ്ഥാപിച്ച സമയം കൂടിയാണിത്.
അതിന് ഉദാഹരണമായിട്ട് ചൂണ്ടിക്കാണിക്കപ്പെടുന്നത് മോശ അഹറോനെയും പുത്രന്മാരെയും പുരോഹിതന്മാരായിട്ട് അഭിഷേകം ചെയ്യുന്ന സമയത്ത് മോശ അവരുടെ കാല് കഴുകിയതായിട്ട് നമ്മൾ വായിക്കുന്നുണ്ട് പുറപ്പാട് പുസ്തകത്തില്.
അപ്പൊ യേശു ഇവിടെ തന്റെ അനുയായികളെ, തന്റെ സഹോദരന്മാരെ അവരുടെ കാല് കഴുകുന്നതിലൂടെ പഴയനിയമത്തിൽ മോശ അഹറോന്റെയും പുത്രന്മാരുടെയും പൗരോഹിത്യ അഭിഷേകം കൊടുക്കുന്നതിനുമുമ്പ് കാല് കഴുകിയതുപോലെ യേശു ശിഷ്യന്മാരുടെ കാല് കഴുകുകയാണ്.
അപ്പൊ അത് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പ്രീസ്റ്റ്ഹുഡ് (Institution of priesthood) കൂടിയായിട്ടാണ് സഭ അതിനെ കാണുന്നത്.
ഇതിന് ഉപോൽബലകമായിട്ട് ഉദ്ധരിക്കപ്പെടുന്ന വചനം പത്രോസിനോട് പറഞ്ഞ വാക്യമാണ്, “എനിക്ക് നിന്നോട് കൂടെ പങ്കില്ല.”
പങ്ക്, പോർഷൻ (Portion) എന്ന് പറയുന്ന ആ വാക്ക്, ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്ക് പഴയനിയമത്തില് ലേവ്യരെക്കുറിച്ച്, പുരോഹിതന്മാരെക്കുറിച്ച് ‘ലേവ്യ പുരോഹിതന്മാർക്ക് ദൈവമാണ് അവരുടെ പങ്ക്, ദൈവമാണ് അവരുടെ അവകാശം, ദൈവമാണ് അവരുടെ ഓഹരി’ എന്ന് പറഞ്ഞിരിക്കുന്നിടത്ത് ഉപയോഗിച്ചിരിക്കുന്ന അതേ വാക്ക് തന്നെയാണ്.
അപ്പൊ ഇത് ശരിക്കും അവരെ പുരോഹിതരാക്കി മാറ്റുന്ന ഒരു ശുശ്രൂഷ കൂടിയാണ്.
പ്രിയപ്പെട്ടവരെ, നമ്മൾ ഈ കാര്യങ്ങൾ ഇന്ന് ഉപസംഹരിക്കുമ്പോൾ നമ്മുടെ ജീവിതത്തില് വിശുദ്ധ കുർബാന നമ്മളെ സ്നേഹമാകാൻ സഹായിക്കണം എന്ന ഒരു ചിന്ത നമ്മൾ മറന്നുപോകരുത്.
കുർബാന സ്വീകരിച്ചിട്ട് വീട്ടിലേക്ക് വന്ന് ഭാര്യയോട് വഴക്കിടാനും ഭർത്താവിനോട് വഴക്കിടാനുമാണ് നമ്മൾ ശ്രമിക്കുന്നതെങ്കില് നമ്മളൊരു ആന്റി-വിറ്റ്നസ്സ് (Anti-witness) ആവുകയാണ്, ആന്റി-യൂക്കരിസ്റ്റിക് സ്പിരിച്വാലിറ്റി (Anti-eucharistic spirituality) ഡെവലപ്പ് ചെയ്യുകയാണ്.
എതിർ കുർബാനയുടെ അല്ലെങ്കിൽ സാത്താൻ കുർബാനയുടെ ഭാവമാണ് കുർബാനയ്ക്ക് ശേഷം നമ്മള് വൈരാഗ്യവും വെറുപ്പും വഴക്കും ഉള്ളവരായിട്ട് മാറുക എന്നുള്ളത്.
അത്തരം ബലികൾ അർപ്പിക്കപ്പെടുന്നത് ദൈവത്തിനല്ല പിശാചിനാണ് എന്ന് നമ്മൾ മറന്നുപോകാനും പാടില്ല.
അതുകൊണ്ട് ഈ ദിവസം നമുക്ക് ഒത്തിരി നമുക്ക് സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കണം, നമ്മുടെ കൂട്ടായ്മകളില് കുർബാനയുമായി ബന്ധപ്പെട്ട് നടക്കുന്ന അസ്വസ്ഥതകൾ മാറാൻ.
നമ്മളീ ശുശ്രൂഷ നടത്തുമ്പോൾ അതിനൊക്കെക്കൂടി ഒരു പരിഹാരമായിട്ടു കൂടിയാണ് നമ്മളീ ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെക്കുന്നത്.
അതുകൊണ്ട് അത് പ്രത്യേകം നിങ്ങളുടെ മനസ്സിലേക്ക് സൂക്ഷിക്കാനായിട്ട് ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങള് ഇന്ന് നമ്മുടെ ഉള്ളിൽ നിന്ന് പോകണം എന്ന് നമ്മൾ ആഗ്രഹിക്കേണ്ടത്, അതായത് കലഹം, കലഹപ്രകൃതി, വഴക്കുണ്ടാക്കുന്ന പ്രകൃതം.
നമുക്ക് എവിടെ വേണമെങ്കിലും വഴക്കുണ്ടാക്കാം.
റോഡിൽ വണ്ടി ഓടിക്കുമ്പോൾ വഴക്കുണ്ടാക്കാം.
ഒരാൾ നമ്മുടെ വണ്ടിയെ ഓവർടേക്ക് ചെയ്യാൻ വരുമ്പോൾ നമുക്കുള്ളിൽ അയാളുമായിട്ട് വഴക്കുണ്ടാക്കാം.
റോഡ് റേജ് (Road rage), കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ് റോഡ് റേജ്. മറ്റുള്ളവർക്ക് സൈഡ് കൊടുക്കാതിരിക്കാം, മറ്റുള്ളവനെ ഓടയിൽ ചാടിക്കുന്ന വിധത്തിൽ ഓടിക്കാം.
വഴക്ക്…
കടയിൽ പോയി വഴക്കുണ്ടാക്കാം, സാധനം വാങ്ങിക്കാൻ പോകുന്നിടത്ത് വഴക്കുണ്ടാക്കാം, ഓട്ടോറിക്ഷയിൽ കേറി വഴക്കുണ്ടാക്കാം.
ഓട്ടോറിക്ഷക്കാരനെ അഞ്ചു രൂപ കൊടുക്കുന്ന കാര്യത്തിൽ വഴക്കുണ്ടാക്കാം.
വഴക്കുണ്ടാക്കാൻ ആണെങ്കിൽ നമുക്ക് രാവിലെ മുതൽ വൈകുന്നേരം വരെ വഴക്കുണ്ടാക്കാനുള്ള സംഭവങ്ങൾ ഈ ഭൂമിയിലുണ്ട്.
നമ്മള് നമ്മുടെ ഉള്ളിൽ നിന്ന് ഈ വഴക്കിന്റെ പ്രകൃതം മാറിപ്പോകാൻ പ്രാർത്ഥിക്കാം.
പിന്നെ വേറൊരു കാര്യം എന്താണെന്ന് വെച്ചാല്, നമ്മൾ ആ വഴക്കില്ലാതാവുമ്പോൾ നമുക്ക് കുറച്ചുകൂടി ഒരു സംയമനം, പുണ്യം… സംയമനം, ഒരു സെൽഫ് കൺട്രോൾ (Self-control). എല്ലാ കാര്യങ്ങളിലും ഒരു സംയമനം.
ഒരു ജ്ഞാനത്തോടുകൂടി ഒന്ന് ചിന്തിച്ച് ‘ഇപ്പോ ഇത് പറയണോ? ഇപ്പോ ഇത് ചെയ്യണോ? ഇപ്പോ ഇങ്ങനെ ആക്രോശിക്കണോ?’ എന്നൊക്കെ കാണാനുള്ള ഒരു കൃപ.
പിന്നെ ഒരു ടാസ്ക് എന്താണെന്ന് വെച്ചാല്, ഇന്ന് നിങ്ങൾക്ക് സമയം കിട്ടുകയാണെങ്കില് അല്പസമയം ദിവ്യകാരുണ്യത്തിന് മുമ്പിലിരിക്കണം.
ദിവ്യകാരുണ്യ ചാപ്പലിൽ പോകാൻ നിങ്ങൾക്ക് സമയമില്ലെങ്കിൽ രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് ഒരു 10 മിനിറ്റ് നിത്യാരാധനയുടെ യൂട്യൂബ് ലൈവ് ഉണ്ട്, പെർപെച്വൽ അഡോറേഷൻസ് (Perpetual Adorations).
അതിൽ ഏതെങ്കിലും ഒരു യൂട്യൂബ് ലൈവ് ഇട്ട് വിശുദ്ധ കുർബാനയുടെ മുമ്പിലിരുന്ന് ദിവ്യകാരുണ്യ അവഹേളനങ്ങൾക്ക് മാപ്പ് ചോദിക്കണം.
നമ്മുടെ നാട്ടിലും ലോകമെമ്പാടും വിശുദ്ധ കുർബാന അവഹേളിക്കപ്പെട്ട കാര്യങ്ങൾക്ക് മാപ്പ് ചോദിച്ച് അല്പസമയം പ്രാർത്ഥിക്കണം.
അത് നമ്മുടെ ടാസ്കും പ്രയറും ആയിട്ട് അത് മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
നമുക്ക് ദിവ്യകാരുണ്യ ആശീർവാദം സ്വീകരിക്കാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
നല്ല കർത്താവേ ദൈവമേ, ഒരു പ്രഭാതം കൂടി അങ്ങ് ഞങ്ങൾക്ക് തന്നതിന് നന്ദി പറയുന്നു.
ഒരു ദിവസം കൂടി അങ്ങയുടെ മുഖം കാണാൻ, കർത്താവേ അങ്ങയുടെ മുഖത്തുനോക്കി പ്രകാശിതരാവാൻ, കർത്താവ് ഞങ്ങൾക്ക് തന്ന കൃപകൾക്കായിട്ട് അങ്ങയെ സ്തുതിക്കുന്നു.
ദൈവമേ, സ്നേഹമായി മാറാനാണല്ലോ വിശുദ്ധ കുർബാന ഞങ്ങൾക്ക് അവിടുന്ന് തന്നത്.
സ്നേഹമായി മാറാതിരിക്കുമ്പോഴെല്ലാം ഞങ്ങൾക്ക് കുർബാനയുടെ അപവാദങ്ങളായി ഞങ്ങൾ മാറുകയാണെന്ന് തിരിച്ചറിയാനുള്ള കൃപ ഞങ്ങൾക്ക് തരേണമേ.
സ്നേഹിക്കാത്ത ഇടങ്ങളിലെല്ലാം വിശുദ്ധ കുർബാന അവഹേളിക്കപ്പെടുകയാണെന്ന് മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കണമേ.
എളിമപ്പെടാനും പാദം കഴുകാനും ശുശ്രൂഷിക്കാനും കർത്താവേ സ്വാഭാവികമായി ഇഷ്ടമില്ലാത്തവരാണല്ലോ ഞങ്ങൾ.
ഞങ്ങളുടെ ഹൃദയത്തില് അങ്ങ് കർത്താവേ മാംസം ധരിക്കുന്നതിന്, അങ്ങ് ഞങ്ങളുടെ ജീവിതത്തിൽ ജീവിക്കുന്നതിന്, ഞങ്ങൾ അങ്ങയെപ്പോലെ ആകുന്നതിന്, ഞങ്ങൾ അങ്ങ് സ്നേഹിച്ചതുപോലെ സ്നേഹിക്കുന്നതിന്, തനിക്ക് സ്വന്തമായുള്ളവരെ അവസാനം വരെ സ്നേഹിച്ച് അങ്ങ് പരിശുദ്ധ കുർബാനയിൽ നിന്ന് ആ സ്നേഹത്തിന്റെ സാധ്യതകളും ശക്തിയും ഞങ്ങൾക്ക് തുറന്നു തരണമേ എന്ന് പ്രാർത്ഥിക്കുന്നു.
ഇന്ന് ഈ ആശീർവാദം സ്വീകരിക്കുന്ന ഞങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ ഉള്ളിലെ ഉറവ അടഞ്ഞുപോയ സ്നേഹത്തിന്റെ ധാരകൾ തുറക്കപ്പെടാൻ ആശീർവാദം തരണമേ എന്ന് അപേക്ഷിക്കുന്നു.
പ്രിയപ്പെട്ടവരെ, നമ്മുടെ ഹൃദയത്തില് സ്നേഹം തുറക്കപ്പെടാൻ ആഗ്രഹിച്ച് നമുക്കിന്നത്തെ ആശീർവാദം സ്വീകരിക്കാം.
കാരുണ്യവാനായ ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
കർത്താവിന്റെ സ്നേഹം നിങ്ങളുടെ ഹൃദയങ്ങളിൽ ആഴമായി ഒരു വലിയ ജലധാര പോലെ ഒഴുകാൻ ഇടയാവുകയും, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും അറിയാൻ ദൈവം നിങ്ങളെ സഹായിക്കുകയും ചെയ്യട്ടെ.
നിങ്ങളുടെ ഹൃദയത്തിൽ നിന്ന് ആഴമായ, നിർമ്മലമായ, സ്വാർത്ഥതയില്ലാത്ത, കലവറയില്ലാത്ത, കണക്കു പറയാത്ത, വ്യവസ്ഥകളില്ലാത്ത സ്നേഹം പുറത്തുവരട്ടെ.
യേശുവിനെപ്പോലെ സ്നേഹിക്കാൻ ദിവ്യകാരുണ്യം നിങ്ങളെ സഹായിക്കട്ടെ.
കർത്താവിന്റെ കൃപയിൽ എല്ലാവരെയും സ്നേഹത്തിന്റെ കണ്ണുകളോടെ കാണാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply