പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.
ഈശോയിൽ ഏറ്റവും സ്നേഹമുള്ള സഹോദരങ്ങളെ, ദിവ്യകാരുണ്യ വിമോചന യാത്രയുടെ ഇരുപത്തിയേഴാമത്തെ ദിവസത്തിലേക്ക് പ്രാർത്ഥനാപൂർവ്വം നിങ്ങളെ ഏറ്റവും സ്നേഹത്തോടെ ഞാൻ സ്വാഗതം ചെയ്യുന്നു.
പ്രാർത്ഥനാ യാത്രയാണിത്.
വലിയ തീക്ഷ്ണമായ പ്രാർത്ഥന, ആഴമായ ഒരു ദൈവബന്ധം, കർത്താവിനോട് ചേർന്നു ജീവിക്കുന്ന മണിക്കൂറുകൾ—ഇതൊക്കെയായിട്ട് ഇത് മാറുമ്പോഴാണ് നമുക്കീ 40 ദിവസങ്ങൾ അനുഗ്രഹമായിട്ട് തീരുന്നത്.
അതുകൊണ്ട് നിങ്ങളുടെ ഉത്സാഹവും താല്പര്യവും നഷ്ടപ്പെടാതെ മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചുകൊണ്ട്, നമ്മുടെ ഇന്നത്തെ വചന ചിന്തയിലേക്ക് കടക്കുകയാണ്.
നമ്മളിന്ന് ദിവ്യകാരുണ്യ ചിന്തയ്ക്കായി തിരഞ്ഞെടുക്കുന്നത് യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിന്റെ 63-ാമത്തെ വാക്യമാണ്.
യോഹന്നാൻ 6:63:
“ആത്മാവാണ് ജീവൻ നൽകുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്.”
ഇവിടെ നമ്മൾ ചോദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം: യേശു എന്തിനാണ് തന്റെ ശരീരം നമുക്ക് ഭക്ഷണമായി നൽകിയത്?
ഈ ചോദ്യത്തിന് നാനാവിധത്തിലുള്ള ഉത്തരങ്ങൾ നമുക്ക് നൽകാൻ കഴിയും.
എന്തിനാണ് യേശു നമുക്ക് തന്റെ ശരീരം ഭക്ഷണമായി നൽകുന്നത്?
അപ്പോൾ ഇതിന് വിവിധ ഉത്തരങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്തരത്തിലേക്കാണ് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നത്.
ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്?
നമ്മൾ യേശുക്രിസ്തുവിനെ അറിഞ്ഞത് നമ്മൾ എന്തായിത്തീരാനാണ്, ആരായിത്തീരാനാണ്?
നമ്മുടെ ഈ യാത്രയുടെ ലക്ഷ്യം എന്താണ്?
ഈ ചോദ്യം ചോദിക്കുമ്പോൾ, അതിന് റോമാ ലേഖനം എട്ടാം അധ്യായം 29-ാമത്തെ വാക്യം നൽകുന്ന ഉത്തരം:
റോമർ 8:29:
നമ്മളെ ദൈവം വിളിച്ചത് യേശുക്രിസ്തുവിനോട് അനുരൂപപ്പെടാനാണ്.
അവിടുന്ന് മുൻകൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാൻ മുൻകൂട്ടി നിശ്ചയിച്ചു.
അപ്പോൾ ദൈവം നമ്മളെ വിളിച്ചത് എന്തിനാണ് എന്ന ചോദ്യത്തിന്റെ ഉത്തരം അതാണ്—തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാനാണ്; അല്ലെങ്കിൽ പുത്രനെപ്പോലെ ആക്കാനാണ്, യേശുക്രിസ്തുവിനെപ്പോലെ ആക്കാൻ.
അപ്പോൾ നമ്മൾ യേശുവിനെപ്പോലെ ആയിത്തീരുന്നതാണ് ഈ യാത്രയുടെ അന്ത്യം.
അല്ലെങ്കിൽ യേശുവിനെപ്പോലെ ആയിത്തീരാനാണ് കർത്താവ് നമ്മളെ വിശ്വാസത്തിലേക്ക് വിളിച്ചത്.
അപ്പോൾ നമ്മൾ ഇങ്ങനെയൊരു ലക്ഷ്യം സെറ്റ് ചെയ്തു കഴിയുമ്പോൾ, യേശുക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടാനുള്ള കർത്താവിന്റെ വിളിയിലേക്ക് നമ്മൾ കടന്നുവന്നു കഴിയുമ്പോൾ, അതിന് തടസ്സമായി നിൽക്കുന്ന ചില യാഥാർത്ഥ്യങ്ങളെ നമ്മൾ കണ്ടുമുട്ടും.
അതിന് തടസ്സമായി നിൽക്കുന്നത് എന്താണെന്ന് റോമാ ലേഖനം ഏഴാം അധ്യായത്തിൽ അപ്പോസ്തലൻ വിവരിക്കുന്നുണ്ട്.
നമ്മൾ ദൈവത്തെപ്പോലെ ആവാൻ, യേശുക്രിസ്തുവിനെപ്പോലെ ആവാൻ പരിശ്രമിക്കുമ്പോൾ നമ്മുടെ മുൻപിൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട തടസ്സത്തെക്കുറിച്ച് റോമാ ലേഖനം ഏഴാം അധ്യായം 14 മുതലുള്ള വാക്യങ്ങളിൽ പൗലോസ് അപ്പോസ്തലൻ വിവരിക്കുന്നുണ്ട്.
അദ്ദേഹം പറയുകയാണ്:
”ഞാൻ പാപത്തിന് അടിമയായി വിൽക്കപ്പെട്ട ജഡികനാണ്. ഞാൻ ചെയ്യുന്ന പ്രവർത്തികൾ തന്നെ എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ ആഗ്രഹിക്കുന്നതല്ല, വെറുക്കുന്നതാണ് ഞാൻ ചെയ്യുന്നത്. ഞാൻ ആഗ്രഹിക്കാത്തത് ചെയ്യുന്നെങ്കിൽ അങ്ങനെ പ്രവർത്തിക്കുന്നത് ഞാനല്ല, എന്നിൽ കുടികൊള്ളുന്ന പാപമാണ്. എന്നിൽ, അതായത് എന്റെ ശരീരത്തിൽ നന്മ വസിക്കുന്നില്ലെന്ന് ഞാൻ അറിയുന്നു. നന്മ ഇച്ഛിക്കാൻ എനിക്ക് കഴിയും, എന്നാൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാൻ പ്രവർത്തിച്ചു പോകുന്നത്. ഞാൻ ഇച്ഛിക്കാത്തത് ഞാൻ ചെയ്യുന്നെങ്കിൽ അത് ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ്.”
എന്നിട്ടദ്ദേഹം പറയുകയാണ്:
”നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന എന്നിൽത്തന്നെ അങ്ങനെ തിന്മയുണ്ട് എന്നൊരു തത്വം ഞാൻ കാണുന്നു. എന്റെ അന്തരംഗത്തിൽ ഞാൻ ദൈവത്തിന്റെ നിയമമോർത്ത് ആഹ്ലാദിക്കുന്നു. എന്നാൽ എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്സിന്റെ നിയമത്തോട് പോരാടുന്ന മറ്റൊരു നിയമം ഞാൻ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു.”
ഇത്രയും വായിച്ച വാക്യങ്ങളുടെ രത്നച്ചുരുക്കം എന്താണെന്ന് വെച്ചാൽ: എനിക്ക് നന്മ ചെയ്യാൻ ആഗ്രഹമുണ്ട്, നന്മ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു.
പക്ഷേ നന്മ എനിക്ക് ചെയ്യാൻ കഴിയുന്നില്ല, പ്രവർത്തിക്കാൻ കഴിയുന്നില്ല.
അങ്ങനെ നന്മ പ്രവർത്തിക്കാതിരിക്കാൻ, നന്മ പ്രവർത്തിക്കുന്നത് തടയുന്ന ആ ഫോഴ്സ് എന്താണെന്നാണ് അദ്ദേഹം പറയുന്നത്?
അത് എന്നിൽ, അതായത് എന്റെ അവയവങ്ങളിൽ അല്ലെങ്കിൽ എന്റെ ശരീരത്തിൽ പാപം വസിക്കുന്നത് കൊണ്ടാണ്.
അപ്പോൾ റോമാ ലേഖനം 7:14 മുതലുള്ള വാക്യങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാകുന്നു: യേശുക്രിസ്തുവിനെപ്പോലെ ആകാൻ ദൈവം നമ്മളെ വിളിക്കുമ്പോൾ അതിന് നമുക്ക് കഴിയാത്തതിന്റെ കാരണം, അതിന് തടസ്സം നിൽക്കുന്നത് വേറെ ആരുമല്ല, പിശാച് പോലുമല്ല, നമ്മുടെ ശരീരമാണ്.
അത് എട്ടാം അധ്യായത്തിൽ, റോമർ 8-ൽ അദ്ദേഹം പറയുന്നുണ്ട്, മൂന്നാമത്തെ വാക്യത്തിൽ: “ശരീരത്താൽ ബലഹീനമാക്കപ്പെട്ട നിയമം” എന്നൊരു വാക്ക് അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.
അതായത് നമ്മുടെ യേശുക്രിസ്തുവിനെപ്പോലെ ആകാനുള്ള പരിശ്രമത്തിന് തടസ്സം നിൽക്കുന്നത് വേറെ ആരുമല്ല, നമ്മുടെ ശരീരമാണ്.
ഞാൻ ഈ പ്രശ്നം എന്താണെന്ന് ഒന്ന് വിശദീകരിക്കാൻ ശ്രമിക്കുകയാണ്. എന്താണ് ഈ ശരീരത്തിന്റെ പ്രശ്നം?
ഈ ശരീരത്തിന് അടിസ്ഥാനപരമായിട്ട് മൂന്ന് പ്രശ്നങ്ങളുണ്ട്. ആ മൂന്ന് പ്രശ്നങ്ങൾ നമ്മൾ കാണുന്നത് ഉല്പത്തി പുസ്തകത്തിൽ ഏദൻ തോട്ടത്തിൽ വെച്ച് ആദവും ഹവ്വയും പാപം ചെയ്യുമ്പോഴാണ്.
ആ മൂന്ന് പ്രശ്നങ്ങളിലെ ആദ്യത്തെ പ്രശ്നം, മനുഷ്യന്റെ ശരീരത്തിനുള്ള ഒരു പോരായ്മയാണ്—മനുഷ്യന് സത്യം വിശ്വസിക്കുന്നതിനേക്കാളും എളുപ്പം നുണ വിശ്വസിക്കുന്നതാണ്.
ഇപ്പോൾ ഉദാഹരണത്തിന്, നിങ്ങൾ ഇങ്ങനെ ചിന്തിച്ചു നോക്കിക്കേ: അതായത് നമ്മളെ നമ്മൾ പോകുന്ന വഴികളിൽ ദൈവം കാത്തുസൂക്ഷിക്കും എന്ന് വിശ്വസിക്കാനാണോ നിങ്ങൾക്ക് ഇഷ്ടം, അതോ ഒരു പൂച്ച കുറുകെ ചാടിയാൽ എന്തെങ്കിലും ആപത്ത് വരുമെന്ന് വിശ്വസിക്കാനാണോ നിങ്ങൾക്ക് എളുപ്പം?
രണ്ടാമത്തേത് വിശ്വസിക്കാനാണ് മനുഷ്യന് എളുപ്പം.
അതായത് എന്തെങ്കിലുമൊക്കെ നുണകൾ വിശ്വസിക്കാനാണ് മനുഷ്യന് പെട്ടെന്ന് അവന്റെ ശരീരത്തിന് ഇഷ്ടം.
സത്യം വിശ്വസിക്കുന്നതിനേക്കാളും ഒരു മനുഷ്യൻ ഇഷ്ടപ്പെടുന്നത് നുണ വിശ്വസിക്കാനാണ്.
ഇതാണ് ആദ്യ മാതാപിതാക്കൾക്ക് ആദ്യം പറ്റിയത്.
അവര് ഈ ദൈവം പറഞ്ഞത് വിശ്വസിക്കുന്നതിനേക്കാളും വിശ്വസിച്ചത് പിശാച് പറഞ്ഞ നുണയാണ്. അപ്പൊ അങ്ങനെ നുണ വിശ്വസിച്ച് അവര് പാപം ചെയ്തു.
ഇനി ഈ ശരീരത്തിന്റെ രണ്ടാമത്തെ പ്രശ്നം: ആദ്യത്തെ പ്രശ്നം സത്യം വിശ്വസിക്കുന്നതിനേക്കാളും നുണ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ശരീരം. രണ്ടാമത്തെ പ്രശ്നം, ഈ പാപം ചെയ്തു കഴിഞ്ഞപ്പോൾ അവര് നഗ്നരാണെന്ന് മനസ്സിലാക്കിയ സമയത്ത് അവര് അവരുടെ നഗ്നത മറയ്ക്കാൻ സ്വന്തം പരിശ്രമങ്ങൾ എടുക്കുകയാണ്. അതിന്റെ പേരാണ് അത്തിയില. അത്തിയിലകൾ തുന്നി ധരിക്കുകയാണ്.
അതായത് മനുഷ്യന്റെ ശരീരത്തിന്റെ രണ്ടാമത്തെ പ്രശ്നം, നമ്മൾ നമ്മുടെ ബലഹീനതകളെ നമ്മൾ തന്നെ പരിഹരിക്കാൻ ശ്രമിക്കും. നമ്മൾ തന്നെ അതിനൊരു പരിഹാരം കണ്ടെത്തും. ഞാൻ ഒരു ഉദാഹരണം പറയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. അതായത് എനിക്ക് നിങ്ങളോട് നിങ്ങളെ കാണുമ്പോൾ എന്റെ ഉള്ളിൽ വരുന്നത് ഇഷ്ടക്കേടാണ്.
അതാണ് എന്റെ ഉള്ളിൽ യഥാർത്ഥത്തിൽ വരുന്നത്, ഇഷ്ടക്കേടാണ്. പക്ഷേ അത് നിങ്ങൾ അറിയാതിരിക്കാൻ ഞാൻ ഒരു കള്ളപ്പുഞ്ചിരി എന്റെ മുഖത്ത് എടുത്തു അണിയും. ഇതിന്റെ പേരാണ് അത്തിയില. എനിക്ക് നിങ്ങൾ എന്തെങ്കിലും ഒരു സഹായം ചോദിക്കുമ്പോൾ അത് തരാൻ ഇഷ്ടമില്ല. പക്ഷേ ഞാൻ അത് പ്രകടിപ്പിക്കാതെ അത് എനിക്ക് ഇഷ്ടമാണ് എന്ന രീതിയിൽ ചിലപ്പോൾ പെരുമാറും. അതാണ് അത്തിയില. ഇത് മനുഷ്യന്റെ ശരീരത്തിന്റെ ഒരു പ്രശ്നമാണ്.
അതായത് മനുഷ്യന്റെ ശരീരത്തിന് സ്വാഭാവികമായി നന്മ ചെയ്യാനുള്ള ഒരു ശേഷി പലപ്പോഴും ഇല്ല.
അപ്പോൾ നമ്മൾ എന്ത് ചെയ്യുന്നു?
നമ്മൾ പല അത്തിയിലകൾ എടുത്ത് അണിഞ്ഞ് നമ്മൾ മറ്റുള്ളവരുടെ മുൻപിൽ നല്ലവരായി കാണപ്പെടുന്നു. ഇതാണ് ശരീരത്തിന്റെ രണ്ടാമത്തെ വീക്ക്നെസ്സ്.
ഇനി ശരീരത്തിന്റെ മൂന്നാമത്തെ വീക്ക്നെസ്സ്, നമ്മൾ നമ്മുടെ കുറ്റങ്ങൾ അംഗീകരിക്കാൻ മടിക്കുന്നത് കൊണ്ട് അതിന്റെ ഉത്തരവാദിത്തം ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കും. അതാണ് ആദം ഹവ്വയുടെ തലയിൽ കുറ്റം കെട്ടിവെക്കുന്നത്; ഹവ്വ പാമ്പിന്റെ തലയിൽ കുറ്റം കെട്ടിവെക്കുന്നത്.
അതായത് നമ്മൾ പാപത്തിന്റെ ഉത്തരവാദിത്തം നമ്മൾ ഏറ്റെടുക്കില്ല; പകരം അതിന് പഴിചാരാൻ മറ്റാരെയെങ്കിലും നമ്മൾ കണ്ടെത്തും.
അപ്പൊ ഇങ്ങനെ ഈ മനുഷ്യന്റെ ശരീരത്തിന് ഇത്തരം പല പ്രശ്നങ്ങളുണ്ട്.
മനുഷ്യ ശരീരത്തിന്റെ വേറൊരു പ്രശ്നമാണ്—മനുഷ്യന്റെ ശരീരത്തിന് സ്വാഭാവികമായി നിസ്വാർത്ഥമായി മറ്റുള്ളവരെ സ്നേഹിക്കാനുള്ള ശേഷിയില്ല.
എന്ന് പറഞ്ഞാൽ യേശുക്രിസ്തുവിനെപ്പോലെ സ്നേഹിക്കാനുള്ള ശേഷി മനുഷ്യന്റെ ഈ സ്വാഭാവിക ശരീരത്തിനില്ല. മനുഷ്യന്റെ എല്ലാ നന്മ പ്രവർത്തികൾക്കും ഒരു അപകടമുണ്ട്.
നമ്മൾ ചെയ്യുന്ന ഏത് നന്മ പ്രവർത്തിക്കും ഒരു പ്രശ്നമുണ്ട്; ആ നന്മ പ്രവർത്തി ചെയ്യുന്നതോടുകൂടി അത് ചെയ്തു എന്നൊരു അഹങ്കാരം നമുക്ക് വരുന്നുണ്ട്.
രണ്ടാമതായിട്ട്, മനുഷ്യന്റെ ഏത് നന്മ പ്രവർത്തിക്കും വേറൊരു പ്രശ്നമുണ്ട്—നമ്മൾ ഏത് നന്മ പ്രവർത്തി ചെയ്താലും അതിന് നമ്മൾ ഒരു പ്രത്യുപകാരം പ്രതീക്ഷിക്കുന്നുണ്ട്, ദൈവത്തിൽ നിന്നോ മനുഷ്യരിൽ നിന്നോ. അതുകൊണ്ട് ഇങ്ങനെ പറയാറുണ്ട് ആത്മീയ ഭാഷയിൽ: മനുഷ്യന്റെ എല്ലാ നല്ല പ്രവർത്തികളും അഹങ്കാരത്താലോ പ്രതിഫലേച്ഛയാലോ മലിനമാക്കപ്പെടുന്നു എന്ന് (“Every good action is contaminated by either pride or by desire for reward”).
അപ്പൊ ഞാൻ പറയുന്നത്, നമ്മുടെ ശരീരത്തിന് സ്വാഭാവികമായി ക്രിസ്തുവിനെപ്പോലെ പെരുമാറാനുള്ള ശേഷിയില്ല. നിസ്വാർത്ഥമായി സ്നേഹിക്കാനുള്ള ശേഷിയില്ല.
ഇനി ഞാൻ പറഞ്ഞില്ലേ, നന്മ പ്രവർത്തികളിൽ പോലും പ്രശ്നം: നന്മ പ്രവർത്തി ചെയ്തു എന്നൊരു അഹങ്കാരം നമുക്കുണ്ട്; നന്മ പ്രവർത്തികൾക്ക് പ്രതിഫലം പ്രതീക്ഷിക്കുന്ന ഒരു മനസ്സാണ് നമ്മുടേത്. ഇത് കൂടുതൽ വിശദീകരിക്കുമ്പോൾ അല്ലെങ്കിൽ കൂടുതൽ ഉദാഹരണങ്ങൾ നമുക്ക് തന്നെ കണ്ടെത്താൻ കഴിയും; ഞാൻ അതിലേക്ക് കടക്കുന്നില്ല നമ്മുടെ സമയച്ചുരുക്കം കൊണ്ട്.
ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം ഇതാണ്: ക്രിസ്തുവിനെപ്പോലെ ആവാൻ നമ്മളെ തടയുന്നത് യഥാർത്ഥത്തിൽ നമുക്ക് വെളിയിലുള്ള ആരുമല്ല, നമ്മുടെ ശരീരമാണ്; നമ്മുടെ ശരീരത്തിന്റെ പോരായ്മകളാണ്.
അപ്പൊ അങ്ങനെ വരുമ്പോൾ സ്നാപക യോഹന്നാൻ നമ്മളെ വിളിച്ച ഒരു പേരുണ്ട്: ‘അണലി സന്തതികളെ’ (Brood of vipers).
എന്ന് പറഞ്ഞാൽ നമ്മുടെ ഉള്ളിൽ എല്ലാ മനുഷ്യന്റെയും ശരീരത്തിൽ ഈ പാപത്തിന്റെ വിഷമുണ്ട്.
കത്തോലിക്കാ ദൈവശാസ്ത്രം അതിനെ വിളിക്കുന്നത് ‘കോൺക്യുപിസെൻസ്’ (Concupiscence) എന്നാണ്—പാപാസക്തി.
അത് പാപം ചെയ്യാനുള്ള ഒരു ആഗ്രഹം മനുഷ്യന്റെ സ്വാഭാവിക ജഡപ്രകൃതിയിലുണ്ട്; വീണുപോയ മനുഷ്യ പ്രകൃതിയിലുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് ക്രിസ്തു സ്നേഹിച്ചതുപോലെ മറ്റുള്ളവരെ സ്നേഹിക്കാനുള്ള ശേഷി ഈ ശരീരത്തിലില്ല, ക്രിസ്തു സഹിച്ചതുപോലെ പരാതിയില്ലാതെ സഹിക്കാനുള്ള ശേഷി ഈ ശരീരത്തിലില്ല, ക്രിസ്തു ക്ഷമിച്ചതുപോലെ നിർവ്യാജം ക്ഷമിക്കാനുള്ള ശേഷി ഈ ശരീരത്തിലില്ല, ക്രിസ്തു ജീവിച്ചതുപോലെ ജീവിക്കാനുള്ള ശേഷി ഈ ശരീരത്തിലില്ല.
പക്ഷേ നമ്മൾ ക്രിസ്തുവിനെപ്പോലെ നൂറിൽ നൂറു ശതമാനം സ്നേഹമായി മാറുന്നില്ലെങ്കിൽ നമുക്ക് നിത്യത അവകാശപ്പെടുത്താൻ കഴിയത്തുമില്ല, നമ്മൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയുമില്ല.
അപ്പൊ ഈ പ്രശ്നത്തിനാണ് യേശുക്രിസ്തു ദിവ്യകാരുണ്യം എന്ന മരുന്നിലൂടെ, ഔഷധത്തിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്നത്.
ക്രിസ്തു പറയുകയാണ്:
”ഞാൻ മറ്റുള്ളവരെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ എന്റെ ശരീരത്തിനുള്ള ശേഷി നിങ്ങളുടെ ശരീരത്തിനില്ല. ഞാൻ മറ്റുള്ളവരോട് ക്ഷമിച്ചതുപോലെ മറ്റുള്ളവരോട് ക്ഷമിക്കാൻ എന്റെ ശരീരത്തിനുള്ള ശേഷി നിങ്ങളുടെ ശരീരത്തിനില്ല.
ഞാൻ സഹിച്ചതുപോലെ പരാതികൂടാതെ സഹിക്കാനുള്ള ശേഷി എന്റെ ശരീരത്തിനുള്ളതുപോലെ നിങ്ങളുടെ ശരീരത്തിനില്ല. ഞാൻ പിതാവിനെ സ്നേഹിച്ചതുപോലെ ദൈവത്തെ സ്നേഹിക്കാനുള്ള ശക്തി എന്റെ ശരീരത്തിനുള്ളതു പോലെ നിങ്ങളുടെ ശരീരത്തിനില്ല.
അതുകൊണ്ട് നിങ്ങളുടെ ശരീരത്തിന്റെ ആ ബലഹീനത എനിക്കറിയാവുന്നതുകൊണ്ട്, നിങ്ങൾ എന്നെപ്പോലെ ആകാൻ എന്റെ ശരീരം ഞാൻ നിങ്ങൾക്ക് തരികയാണ്.
ഞാൻ മേൽപ്പറഞ്ഞ സകല ശേഷിയുമുള്ള, സ്നേഹത്തിന്റെ അനന്ത സാധ്യതകളുള്ള, ക്ഷമയുടെ അനന്ത സാധ്യതകളുള്ള, ദൈവസ്നേഹത്തിന്റെ അനന്ത സാധ്യതകളുള്ള, ദൈവത്തെ പ്രതി സഹിക്കാനുള്ള അനന്ത സാധ്യതകളുള്ള എന്റെ ശരീരം ഞാൻ നിങ്ങൾക്ക് തരികയാണ്.”
അപ്പോൾ നമ്മൾ കാണേണ്ടത് ഇവിടെ, ക്രിസ്തുവിന്റെ ശരീരം സ്വീകരിക്കുമ്പോൾ ക്രിസ്തുവിനെപ്പോലെ ആകാനുള്ള ക്രിസ്തു നമുക്ക് തരുന്ന അതിസ്വാഭാവിക സഹായമാണ് യേശുക്രിസ്തുവിന്റെ ശരീരം എന്ന ദിവ്യകാരുണ്യം.
It’s a supernatural gift given by Jesus for us to become like Jesus.
യേശുവിനെപ്പോലെ ആവാൻ യേശു നമുക്ക് തരുന്ന അതിസ്വാഭാവിക സഹായം—കൈത്താങ്ങിന്റെ പേരാണ് ദിവ്യകാരുണ്യം.
അപ്പൊ ഇത് യഥാർത്ഥത്തിൽ അതുകൊണ്ടാണ് ഇത് ഔഷധമായി മാറുന്നത്. ഇത് നമ്മുടെ ശരീരത്തിന്റെ ഗതികേടുകൾക്കുള്ള പരിഹാരമാണ്.
ഇത് നമ്മുടെ ശരീരത്തിന്റെ ബലഹീനതകൾക്കുള്ള പരിഹാരമാണ്.
അതുകൊണ്ട് നമ്മൾ ഇങ്ങനെ കുർബാനയിൽ ആഗ്രഹിക്കണം: “കർത്താവേ, എന്റെ ശരീരത്തിന്റെ പോരായ്മകൾ നിന്റെ ശരീരം കൊണ്ട് മറികടക്കാൻ എന്നെ സഹായിക്കണമേ.
എന്റെ ശരീരത്തിന്റെ പോരായ്മകൾ നിന്റെ ശരീരം കൊണ്ട് മറികടക്കാൻ എന്നെ സഹായിക്കണമേ.”
അപ്പൊ അങ്ങനെ ഒരു ആഗ്രഹത്തിൽ നമ്മൾ കുർബാനയിൽ സംബന്ധിക്കുമ്പോഴാണ് വിശുദ്ധ കുർബാന നമ്മുടെ ശരീരത്തിന്റെ—ഞാൻ ഇങ്ങനെ പറയാറുണ്ട്—ജനറ്റിക്കൽ സ്ട്രക്ച്ചറിനെപ്പോലും മാറ്റിമറിക്കുന്ന ഒരു ശക്തിയായിട്ട് മാറും.
നമ്മുടെ ഡി.എൻ.എ അത് മാറ്റും, നമ്മുടെ ക്യാരക്ടർ അത് മാറ്റും, നമ്മുടെ സ്വഭാവത്തിൽ അത് വ്യത്യാസം വരുത്തും.
നമ്മൾ കാണുന്ന കാഴ്ചയും, നമ്മൾ ജീവിതത്തെ കാണുന്ന വീക്ഷണവും, നമ്മൾ ജീവിതത്തെക്കുറിച്ച് എടുക്കുന്ന നിലപാടുകളും അത് രൂപാന്തരപ്പെടുത്തും.
അപ്പോൾ കർത്താവ് നമുക്ക് തരുന്ന ഈയൊരു പ്രശ്നത്തിന് തരുന്ന—പ്രശ്നം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായി എന്ന് ഞാൻ വിചാരിക്കുന്നു, അതായത് നമുക്ക് യേശുക്രിസ്തുവിനെപ്പോലെ ആകാൻ സാധിക്കാത്ത നമ്മുടെ ബലഹീനതയ്ക്ക് യേശു നമുക്ക് തരുന്ന ആ പരിഹാരമാണ്, സഹായമാണ് പരിശുദ്ധ കുർബാന.
അപ്പോൾ അതുകൊണ്ട് ഈശോ പറയുകയാണ്: “ആത്മാവാണ് ജീവൻ നൽകുന്നത്, ശരീരം ഒന്നിനും ഉപകരിക്കുന്നില്ല.”
നമ്മൾ ആ വാക്യത്തിലാണല്ലോ തുടങ്ങിയത്—”The flesh profits nothing.”
ഒരു ട്രാൻസ്ലേഷനിൽ പറയുന്നത് “Flesh is useless” എന്നാണ്.
ശരീരം ഉപകരിക്കുന്നില്ല; എന്തിനുപകരിക്കുന്നില്ല? ശരീരം എന്തെല്ലാം കാര്യങ്ങൾക്ക് ഉപകരിക്കുന്നുണ്ട്!
നമ്മൾ നടന്നുവരുന്നത് ശരീരം കൊണ്ടല്ലേ?
ജോലി ചെയ്യുന്നത് ശരീരം കൊണ്ടല്ലേ?
പണമുണ്ടാക്കുന്നത് ശരീരം കൊണ്ടല്ലേ?
നമ്മളീ കണ്ട ഭൂമിയിലെ മുഴുവൻ ലൗകിക വികസനങ്ങളും ഉണ്ടാക്കിയത്, ഭൗതിക വികസനങ്ങൾ ഉണ്ടാക്കിയത് മനുഷ്യൻ തന്റെ ശരീരം കൊണ്ടല്ലേ? പിന്നെന്തു കൊണ്ടാണ് യേശു ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്ന് പറഞ്ഞത്?
ഒന്നിനും ഉപകരിക്കുന്നില്ല എന്ന് ഈശോ പറയുമ്പോൾ അതിന്റെ അർത്ഥം: എന്ത്, എന്താണോ നമ്മുടെ ആത്യന്തിക ലക്ഷ്യം അതിന് ശരീരം സഹായിക്കുന്നില്ല.
ക്രിസ്തുവാകാൻ ഈ ശരീരം സഹായിക്കുന്നില്ല. സ്നേഹത്തിന്റെ 100% ജീവിക്കാൻ ഈ ശരീരം പോരാ, അത് യൂസ്‌ലെസ് ആണ്, it profits nothing.
അതുകൊണ്ട് പ്രയോജനമില്ല; ഈ ശരീരത്തിന് അതിനുള്ള ശേഷിയില്ല എന്നാ പറയുന്നത്.
അപ്പൊ അവിടെ ഈ ശരീരത്തിന്റെ ശേഷിയില്ലായ്മയ്ക്ക് ഈശോ പറയുകയാണ്: “ഞാൻ നിങ്ങളോട് പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല.”
എന്താണ് ഞാൻ നിങ്ങളോട് പറഞ്ഞ വാക്കുകൾ?
നന്നായിട്ട് നമ്മളീ ഭാഗം ശ്രദ്ധിച്ചാലേ നമുക്കത് മനസ്സിലാവൂ.
എന്താണ് ഞാൻ നിങ്ങളോട് പറഞ്ഞ ഈ വാക്കുകൾ?
ഇത്രയും നേരം എന്തിനെക്കുറിച്ചാ പറഞ്ഞുകൊണ്ടിരുന്നത് യോഹന്നാൻ ആറിൽ?
“എന്റെ ശരീരം ഭക്ഷിക്കണം, എന്റെ രക്തം പാനം ചെയ്യണം; അത് നിങ്ങൾക്ക് ആത്മാവും ജീവനുമായിട്ട് മാറും.”
എന്ന് പറഞ്ഞാൽ, ശരീരം ഉപകരിക്കാത്തത് നിങ്ങൾക്ക് നേടിയെടുക്കാൻ ഞാൻ ദിവ്യകാരുണ്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് ആത്മാവും ജീവനുമായി നിങ്ങളെ സഹായിക്കും.
അതുകൊണ്ട് പ്രിയപ്പെട്ടവരെ, നമ്മുടെ ഇന്നത്തെ ചിന്ത നമ്മൾ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുമ്പോൾ നമ്മൾ വിശുദ്ധ കുർബാനയിൽ നമ്മുടെ ഓരോ ശരീരത്തിന്റെ ബലഹീനതകളും എടുത്തു വെക്കണം.
എന്ന് വെച്ചാൽ, നമുക്കൊത്തിരി നമുക്കറിയാമല്ലോ, നമ്മൾ സ്നേഹമാകാൻ നമ്മുടെ സ്നേഹത്തിന്റെ അനന്ത സാധ്യതകൾ നമ്മളിൽ നിന്ന് പുറത്തുവരാൻ നമ്മളെ എപ്പോഴും തടയുന്ന, പുറകോട്ടു പിടിക്കുന്ന ഒത്തിരി നമ്മുടെ ശാരീരിക ബലഹീനതകളും പ്രത്യേകതകളും ഉണ്ട്. അതിനെ മറികടക്കാൻ നമ്മൾ ഓരോ ദിവസവും കുർബാനയിൽ അത് ചേർത്തുവെച്ച്, അത് കർത്താവിന് സമർപ്പിച്ച് പ്രാർത്ഥിക്കണം.
അപ്പോൾ അത് നമുക്ക് വലിയൊരു ദൈവകൃപയുടെ അവസരമായിട്ട് മാറുകയും ചെയ്യും.
അപ്പൊ അതുകൊണ്ട് നമുക്കിന്ന് അങ്ങനെയൊരു നിലപാടോടുകൂടി പ്രാർത്ഥിക്കാം.
നമ്മളിന്ന് പ്രാർത്ഥനയ്ക്കായിട്ട് ഞാൻ നിർദ്ദേശിക്കുന്നത് ഞാൻ നേരത്തെ പറഞ്ഞ ഒരു പ്രാർത്ഥനയാണ്; അതായത്: “ഈശോയേ, എന്റെ ശരീരത്തിന് കഴിയാത്തത് നിന്റെ ശരീരം കൊണ്ട് പൂർത്തിയാക്കാൻ എന്നെ സഹായിക്കണമേ” എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഇന്ന് നമ്മൾ അഭ്യസിക്കേണ്ട പുണ്യം: ക്ഷമയാണ് (Patience).
നമുക്കിന്ന് ഒഴിവാക്കേണ്ട തിന്മ: ഇംപേഷ്യൻസ് (Impatience) ആണ്—അക്ഷമ.
എന്ന് പറഞ്ഞാൽ ക്ഷമിക്കാൻ പറ്റാത്ത അവസ്ഥകളും സാഹചര്യങ്ങളുമാണ് നമ്മളിന്ന് ഒഴിവാക്കാൻ പരിശ്രമിക്കേണ്ടത്.
ഇന്നത്തെ ടാസ്ക്: കുറച്ച് കംഫർട്ട്, എന്തെങ്കിലും ഒരു കംഫർട്ട്. നമുക്ക് എന്തെങ്കിലും നമ്മൾ ജീവിതത്തിൽ എടുക്കുന്ന ഒരു സുഖം, ഒരു കംഫർട്ട്, ഒരു ആശ്വാസം അതൊന്ന് ഒഴിവാക്കാൻ വേണ്ടി ഇന്ന് നമുക്ക് പരിശ്രമിക്കാം; അതൊരു ടാസ്ക് ആയിട്ട് എടുക്കാം.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
നമ്മുടെ ഇന്നത്തെ ആശീർവാദം സ്വീകരിക്കുമ്പോൾ നമുക്ക്: “ദൈവമേ, ഈശോയായിട്ട് മാറാൻ എന്നെ തടസ്സപ്പെടുത്തുന്ന എന്റെ ശരീരത്തിന്റെ അവശതകൾ, ബലഹീനതകൾ മറികടക്കാൻ സഹായിക്കണമേ” എന്ന് പ്രാർത്ഥിക്കുകയും ചെയ്യാം.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
പ്രിയമുള്ളവരെ, ഇന്നത്തെ ആരാധനയിൽ ദിവ്യകാരുണ്യം സ്ഥാപിച്ച കർത്താവ് നമ്മളെ എന്തിനു വേണ്ടിയാണ് വിളിച്ചത് എന്ന് ചിന്തിച്ചാൽ, ആ ദൈവികമായ പ്രേരണകൾ അനുസരിച്ച് യേശുവിനെപ്പോലെ ആകാൻ ദൈവം നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നു എന്ന് തിരിച്ചറിയുമ്പോൾ നമുക്കറിയാം നമ്മുടെ ശരീരത്തിന്റെ ബലഹീനതകളാണ് നമ്മളെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
കർത്താവേ, ഈ സമയത്ത് ഞങ്ങൾ അങ്ങയോട് പ്രാർത്ഥിക്കുന്നു; ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്ന ഞങ്ങൾ എല്ലാവരും ഞങ്ങളുടെ ശരീരത്തിന്മേൽ കർത്താവ് ഞങ്ങൾക്ക് തരുന്ന വിജയം, അനുഗ്രഹം ഞങ്ങളുടെ ജീവിതത്തിൽ ഏറ്റെടുക്കാൻ ദിവ്യകാരുണ്യത്തിലൂടെ അങ്ങ് ഞങ്ങളെ ശക്തിപ്പെടുത്തണമേ എന്ന് പ്രാർത്ഥിക്കുന്നു.
ഞങ്ങൾ ആഗ്രഹിക്കുന്ന നന്മയല്ല, ഞങ്ങൾ ആഗ്രഹിക്കാത്ത തിന്മയാണ് ഞങ്ങൾ ചെയ്തു പോകുന്നത്.
ഞങ്ങൾക്ക് കർത്താവേ അങ്ങയെപ്പോലെ ആകാൻ, അങ്ങ് സംസാരിക്കുന്നത് പോലെ സംസാരിക്കാൻ, അങ്ങ് സ്നേഹിക്കുന്നത് പോലെ സ്നേഹിക്കാൻ, അങ്ങ് ക്ഷമിക്കുന്നത് പോലെ ക്ഷമിക്കാൻ സാധിക്കാതെ വരുന്നത് ഞങ്ങളുടെ ശരീരത്തിന്റെ ബലഹീനതകളാലാണ്.
ഞങ്ങളുടെ ശരീരത്തിന് കഴിയാത്തത് അങ്ങയുടെ ദിവ്യകാരുണ്യ ശരീരം കൊണ്ട് പൂർത്തിയാക്കാൻ പരിശുദ്ധ കുർബാന ഞങ്ങൾക്ക് തന്ന കർത്താവേ, ഞങ്ങളുടെ ശരീരത്തിന്റെ എല്ലാ പാപകരമായ ചായ് വുകളെയും അതിജീവിക്കാൻ ആവശ്യമായ കൃപ ഞങ്ങൾക്ക് തരേണം.
കർത്താവ് ഞങ്ങളെ അനുഗ്രഹിക്കണം. കൂടുതൽ വിശുദ്ധരാവാൻ ഞങ്ങളെ പ്രാപ്തരാക്കണം.
കൂടുതൽ ദൈവസ്നേഹം നിറഞ്ഞവരായി ഈ ലോകത്തിൽ കാണപ്പെടാൻ ഞങ്ങളെ അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു.
കർത്താവേ, ഈ ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഓരോ കുടുംബത്തെയും ഇപ്പോൾ അങ്ങയുടെ മുൻപിലേക്ക് ചേർത്തുവെക്കുന്നു. അങ്ങ് ആശീർവദിക്കണമേ.
അങ്ങ് കൃപ കൊണ്ട് അവരെ പൊതിയണമേ.
കഷ്ടപ്പാടും കണ്ണുനീരും അനുഭവിച്ചു ജീവിക്കുന്ന ഓരോ കുടുംബത്തിലും പ്രത്യാശ കാണാൻ ദൈവം വാതിലുകൾ തുറന്നു കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
കർത്താവേ, ഞങ്ങൾ ഇന്ന് ഈ ആശീർവാദം സ്വീകരിക്കുമ്പോൾ ഞങ്ങളുടെ ശരീരത്തെ ആത്മാവിന്റെ കൃപ കൊണ്ട് ജയിക്കാൻ, ജഡത്തിന്റെ പ്രേരണകളെ ആത്മാവിനാൽ നിഹനിക്കാൻ പരിശുദ്ധ കുർബാനയുടെ ശക്തികൊണ്ട് ഞങ്ങളെ നിറയ്ക്കണം എന്ന് പ്രാർത്ഥിക്കുന്നു.
നമുക്ക് കർത്താവിന്റെ ആശീർവാദം സ്വീകരിക്കാം.
കാരുണ്യവാനായ കർത്താവ് എല്ലാ പാപങ്ങളും പൊറുത്ത് നിങ്ങളെ അനുഗ്രഹിക്കട്ടെ.
പാപകരമായ ചായ് വുകളെയും വാസനകളെയും അതിജീവിക്കാൻ ആവശ്യമായ കൃപകൾ നല്ല ദൈവം അവിടുത്തെ കുരിശിന്റെ ശക്തിയാൽ പ്രദാനം ചെയ്യട്ടെ.
ജഡത്തിന്റെ പ്രേരണകളെ ആത്മാവിനാൽ നിഹനിക്കാൻ കർത്താവ് നമ്മെ സഹായിക്കട്ടെ.
ഇന്നീ ആശീർവാദം സ്വീകരിക്കുമ്പോൾ പാപത്തിന്മേൽ ജയം നേടാൻ യേശുവിന്റെ രക്തം നമ്മളെ കർത്താവിന്റെ കൃപ കൊണ്ട് പൊതിഞ്ഞു അനുഗ്രഹിക്കട്ടെ.
ബാലിന്റെ മുൻപിൽ മുട്ടുമടക്കാത്ത ഏഴായിരം പേരെ ഞാൻ അവശേഷിപ്പിച്ചിട്ടുണ്ട് എന്ന് പറയുന്ന കർത്താവിന്റെ വചനം പോലെ, പാപത്തിന്റെ മുൻപിൽ തോൽക്കാത്ത ഒരു ജീവിതം കർത്താവിന്റെ കൃപയാൽ നിങ്ങൾക്ക് ലഭിക്കട്ടെ; യേശുവിന്റെ ശരീരത്തിന്റെ യോഗ്യതകളാൽ തന്നെ, ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply