ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

​പ്രിയപ്പെട്ടവരേ, നമ്മുടെ ദിവ്യകാരുണ്യ വിമോചന യാത്രയുടെ ഇരുപത്തിനാലാമത്തെ ദിവസത്തിലേക്ക് ഒത്തിരി സ്നേഹത്തോടെ, സന്തോഷത്തോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.

നമ്മൾ ഒരുമിച്ച് നടത്തുന്ന പ്രാർത്ഥനായത്രയാണിത്. ഞാൻ ആരംഭത്തിൽ സൂചിപ്പിച്ചിരുന്നതുപോലെ, ഒരുപാട് മാറ്റം നമ്മുടെ ജീവിതത്തിൽ വരുന്ന, ഒത്തിരി ദൈവകൃപകൾ പ്രാപിക്കാൻ നമുക്ക് ഇടയാവുന്ന, ഒരു വലിയ നന്മയിലേക്ക് നമ്മൾ നടന്നുപോകുന്ന ഒരു അവസരമായിട്ട് ഇത് മാറും.

അതുകൊണ്ട് നിങ്ങളുടെ കൂടെയുള്ളവരെയെല്ലാം പരസ്പരം പ്രോത്സാഹിപ്പിച്ചു മുന്നോട്ടു പോകാൻ നമുക്ക് കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

​നമ്മൾ ഇന്നത്തെ നമ്മുടെ ദിവ്യകാരുണ്യ ചിന്തയ്ക്ക് വേണ്ടി എടുക്കുന്ന ഭാഗം മർക്കോസിന്റെ സുവിശേഷത്തിന്റെ ആറാം അധ്യായത്തിൽ 30 മുതൽ 44 വരെയുള്ള വാക്യങ്ങളിൽ യേശു അപ്പം വർദ്ധിപ്പിക്കുന്ന സംഭവമാണ്.

​മർക്കോസിന്റെ സുവിശേഷം 6:30-44

അപ്പസ്തോലന്മാർ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു.

അനേകം ആളുകൾ അവിടെ വരികയും പോവുകയും ചെയ്തിരുന്നു; ഭക്ഷണം കഴിക്കാൻ പോലും അവർക്ക് ഒഴിവ് കിട്ടിയിരുന്നില്ല.

​വളരെ തിരക്കിട്ട ഒരു ജീവിതമാണ് യേശു നയിച്ചിരുന്നത്.

അവൻ രാത്രിയുടെ യാമങ്ങളിൽ മലമുകളിൽ പോയി പ്രാർത്ഥിക്കുകയും, പകൽ മുഴുവൻ മനുഷ്യരോടുകൂടെ ചെലവഴിക്കുകയും ചെയ്തിരുന്ന ഒരു ജീവിതക്രമമാണ് അവലംബിച്ചിരുന്നത്.

​യേശു തന്റെ ശിഷ്യന്മാരെ ഇതിനു തൊട്ടുമുമ്പ് ആറാം അധ്യായത്തിന്റെ ആരംഭത്തിൽ അയക്കുന്നുണ്ട്.

ഗ്രാമപ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ പന്ത്രണ്ടുപേരെ അടുത്തുവിളിച്ച് അവൻ അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാൻ അധികാരം കൊടുത്തു, വചനം പ്രസംഗിക്കാൻ അധികാരം കൊടുത്തു അവൻ അവരെ പറഞ്ഞയക്കുന്നത് ആറാം അധ്യായത്തിന്റെ ആരംഭത്തിലുണ്ട്.

​ഈ അപ്പം വർദ്ധിപ്പിക്കുന്ന സംഭവത്തിന്റെ തുടക്കത്തിൽ പറഞ്ഞിരിക്കുന്നത്, ഇങ്ങനെ പോയ അപ്പസ്തോലന്മാർ യേശുവിന്റെ അടുത്തേക്ക് തിരിച്ചു വരികയാണ്.

തിരിച്ചു വന്ന് കർത്താവിന്റെ അടുത്ത് വരുമ്പോൾ അവർ ചെയ്ത ഒരുപാട് കാര്യങ്ങൾ അവർക്ക് യേശുവിനോട് പറയാനുണ്ട്.

എന്നാൽ ജനാധിക്യം—ജനത്തിരക്ക് കാരണം അതിന് സാധിക്കാതെ വന്നപ്പോൾ, ശിഷ്യന്മാർ അസ്വസ്ഥരാകുന്നത് കണ്ടിട്ട്, ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാത്ത ഒരു പശ്ചാത്തലത്തിൽ യേശു അവരോട് പറയുകയാണ്: “നിങ്ങൾ ഒരു വിജനസ്ഥലത്തേക്ക് വരുവിൻ; നമുക്ക് അല്പം വിശ്രമിക്കാം.”

​ഇതാണ് നമ്മൾ എടുക്കേണ്ട ആദ്യത്തെ ഒരു ധ്യാനം.

​’വിശ്രമം’ എന്ന വാക്ക് പഴയനിയമത്തിൽ ഉൽപ്പത്തിപുസ്തകത്തിൽ നമ്മൾ കണ്ടു.

നമ്മൾ അതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു.

ദൈവം തരുന്ന ഒരു ആശ്വാസമാണ്, സമാധാനമാണ് വിശ്രമം.

എല്ലാ കാര്യങ്ങളും ദൈവം ചെയ്യുന്നു; മനുഷ്യൻ ജീവിതത്തിലെ ഒരു കാര്യത്തെക്കുറിച്ചും ഭാരപ്പെടാതെ ജീവിക്കുന്നു.

അതിന്റെ പേരാണ് വിശ്രമം.

​അപ്പോൾ ഈ വിശ്രമത്തിന് കർത്താവ് നിർദ്ദേശിക്കുന്ന ഒരു വഴിയാണ് നമ്മൾ ഇവിടെ കാണേണ്ടത്—നമുക്കൊരു വിജനസ്ഥലത്തേക്ക് പോകാം.

ഒരു wilderness-ലേക്ക്, ഒരു deserted place-ലേക്ക്, ഒഴിഞ്ഞ സ്ഥലത്തേക്ക് പോകാം.

നമുക്ക് ദൈവം തരുന്ന വിശ്രമം അനുഭവിക്കാൻ കഴിയണമെങ്കിൽ നമ്മൾ കർത്താവുമായിട്ട് യോജിച്ചിരിക്കാൻ പറ്റുന്ന, മറ്റ് ബഹുസ്വരതകൾ നമ്മളെ ശല്യപ്പെടുത്താത്ത, മറ്റ് distractions നമുക്ക് നമ്മുടെ ജീവിതത്തിന്റെ ഏകാഗ്രത കളഞ്ഞ് വ്യഗ്രതകളിലേക്ക് നമ്മളെ നയിക്കുന്ന കാര്യങ്ങളിൽ നിന്ന് നമ്മൾ മാറിനിൽക്കണം.

​അതുകൊണ്ടാണ് ഈശോ മലമുകളിലേക്ക് മാറിയിരുന്ന് പ്രാർത്ഥിക്കുന്നു; വിജനപ്രദേശത്തേക്ക് മാറിയിരുന്ന് പ്രാർത്ഥിക്കുന്നു.

ഇവിടെ ശിഷ്യന്മാരെ യേശു വിളിക്കുകയാണ്: “നമുക്കൊരു വിജനസ്ഥലത്തേക്ക് പോകാം.”

നിങ്ങൾ ഒരു ആത്മീയ അനുഭവം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എപ്പോഴും നമ്മൾ കർത്താവിനോട് ഏകാഗ്രമായി ബന്ധപ്പെടാൻ സാധിക്കുന്ന ഒഴിഞ്ഞ ഇടങ്ങളിലേക്ക് മാറണം.

​നമുക്ക് അങ്ങനെ ദൈവത്തോട് ഐക്യപ്പെടാൻ നമ്മളെ സഹായിക്കുന്ന ഒരു മണിക്കൂർ സമയമാണ് പരിശുദ്ധ കുർബാന അർപ്പിക്കുന്ന സമയം.

നമുക്ക് ആ സമയത്ത് മൊബൈൽ ഫോൺ, മറ്റ് ജോലിയുടെ കാര്യങ്ങൾ, വീട്ടിലെ കാര്യങ്ങൾ, മറ്റ് യാതൊരു വ്യഗ്രതകളും നമ്മളെ അലട്ടാതെ ഏകാഗ്രമായി നമുക്ക് ദൈവത്തെ ആരാധിക്കാൻ പറ്റുന്ന ഒരു സമയമാണ്.

നമ്മൾ ദേവാലയത്തിൽ എല്ലാ ദിവസവും പോയി കുർബാന അർപ്പിക്കാൻ ശ്രമിച്ചാൽ ആ ഒരു മണിക്കൂർ സമയം നമുക്ക് കർത്താവിനോട് ചേർന്നിരിക്കാം.

ഇനി ദേവാലയത്തിലേക്ക് പോകുമ്പോഴും വരുമ്പോഴും കൂടി നമ്മൾ പ്രാർത്ഥനയിലായിരുന്നാൽ ആ ഒരു സമയം നമ്മുടെ ലൈഫിലെ ഏറ്റവും ഇമ്പോർട്ടന്റായ ഒരു സമയമായിട്ട് മാറും.

​അങ്ങനെ അവരൊരു വഞ്ചിയിൽ കയറി കടലിനക്കരെ മറുകരയിലേക്ക് പോവുകയാണ്.

മനുഷ്യർ യേശുവിനെ കാണുകയും തിരിച്ചറിയുകയും ചെയ്യുന്നു. അതുകൊണ്ട് ഇവർ പോകുന്നത് കാണുമ്പോൾ എല്ലാ പട്ടണങ്ങളിൽ നിന്നും ജനങ്ങൾ കരയിലൂടെ ഓടി—നമ്മൾ മനസ്സിലാക്കേണ്ടത് ഇത് ഗലീലി കടൽ എന്ന് പറഞ്ഞാലും ഇത് യഥാർത്ഥത്തിൽ ഒരു തടാകമാണ്, ഇതൊരു ലേക്കാണ്.

അപ്പൊ അതുകൊണ്ട് ആളുകൾ ഈ തടാകത്തിന്റെ കരയിലൂടെ ഓടി, അവര് നേരത്തെ, ഒരു വഞ്ചിയിൽ യേശു എത്തുന്നതിനു മുൻപേ (ഇവിടെ കാറ്റ് പ്രതികൂലമായിരുന്നതുകൊണ്ട് അവർ വളരെ പതുക്കെയാണ് അക്കരെയെത്തുന്നത്), ആളുകൾ നേരത്തെ ഓടി അക്കരെയെത്തി ഇവരെ കാത്തിരിക്കുകയാണ്.

​അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയ ജനക്കൂട്ടത്തെ കണ്ടു.

അവർ ഇടയനില്ലാത്ത ആട്ടിൻപറ്റത്തെപ്പോലെയായിരുന്നു.

അവൻ അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി.

​നമ്മൾ പരിശുദ്ധ കുർബാനയ്ക്ക് പോകുമ്പോൾ, കർത്താവ് നമുക്ക് ഈശോയുടെ ശരീരരക്തങ്ങൾ മാത്രമല്ല തരുന്നത്, മറിച്ച് ഈശോ നമ്മളോട് അവിടെ സംസാരിക്കുന്നുണ്ട്.

ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾ ലളിതമായ ഒരു കാര്യമാണെങ്കിലും അത് വളരെ ശ്രദ്ധയോടെ സ്വീകരിച്ചാൽ നിങ്ങൾക്ക് ജീവിതത്തിൽ വലിയൊരു അനുഗ്രഹമായിരിക്കും അത്.

അതായത്, ഓരോ കുർബാനയിലും നമുക്ക് രണ്ട് ശുശ്രൂഷകളുണ്ട്:

​വചനം മുറിക്കുന്ന ശുശ്രൂഷ

​അപ്പം മുറിക്കുന്ന ശുശ്രൂഷ

​വചനം മുറിച്ചിട്ടാണ് അപ്പം മുറിക്കുന്നത്.

അപ്പൊ നമുക്ക് ഒരു മിനിറ്റാണെങ്കിലും, അഞ്ചു മിനിറ്റാണെങ്കിലും, ഏഴു മിനിറ്റാണെങ്കിലും ദൈവവചനം കർത്താവ് നമ്മളോട് സംസാരിക്കുന്നുണ്ട്.

ഇനി ബലിയർപ്പിക്കുന്ന പുരോഹിതൻ സാധാരണ ദിവസങ്ങളിൽ പ്രത്യേകിച്ച് വചനവ്യാഖ്യാനം നടത്തിയില്ലെങ്കിലും വായനയുണ്ട്.

അപ്പൊ ഏറ്റവും മിനിമം നമുക്ക് ഒരു രണ്ട് റീഡിംഗെങ്കിലും ഏത് സാധാരണ ദിവസത്തെ കുർബാനയിലും കാണും. അപ്പൊ ദൈവവചനത്തിൽ നിന്ന് ഒരു അഞ്ചോ പത്തോ വാക്യങ്ങൾ നമ്മൾ എല്ലാ ദിവസവും ദിവ്യകാരുണ്യത്തിൽ പങ്കെടുക്കുമ്പോൾ കേൾക്കുന്നുണ്ട്.

​അവിടെ പുരോഹിതൻ ബൈബിൾ വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ നമ്മൾ കൊണ്ടുവരേണ്ട ഒരു ചിന്തയാണ് ഞാൻ പറയാൻ പോകുന്നത്.

ഞാൻ ഉൾപ്പെട്ടിരിക്കുന്ന ആരാധനാ രീതി അനുസരിച്ച് ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് കർത്താവ് തന്നെയാണ് സുവിശേഷം വായിക്കുന്നത്.

പുരോഹിതൻ കർത്താവിന്റെ സ്ഥാനത്തു നിന്ന് വായിക്കുന്നെന്നേയുള്ളൂ. യഥാർത്ഥത്തിൽ തന്റെ ജനത്തോട് യേശു സംസാരിക്കുന്ന സമയമാണ് വിശുദ്ധ കുർബാനയിലെ വചനവായനയുടെ സമയം.

​അപ്പൊ ആ സമയത്ത് നമ്മൾ അച്ഛൻ ബൈബിൾ വായിക്കുന്നു എന്ന രീതിയിലല്ല പള്ളിയിൽ നിൽക്കേണ്ടത്; മറിച്ച് നമ്മൾ, ഈശോ എന്നോട് ഇപ്പോൾ നേരിട്ട് സംസാരിക്കുകയാണ്—അത് അപ്പസ്തോലന്മാരുടെ ലേഖനങ്ങളിൽ നിന്ന് വായിക്കുകയാണെങ്കിലും, സങ്കീർത്തനം നമ്മൾ ചൊല്ലുകയാണെങ്കിലും, സെക്കൻഡ് റീഡിംഗ് ആണെങ്കിലും, ഗോസ്പൽ റീഡിംഗ് ആണെങ്കിലും എന്താണെങ്കിലും—നമ്മൾ ആ സമയത്ത് കാതു തുറന്ന് കർത്താവ് സംസാരിക്കുന്നത് കേൾക്കാൻ ശ്രദ്ധയോടെ നിന്നാൽ, (അങ്ങനെ നിൽക്കണം എന്നുള്ള ആഹ്വാനമൊക്കെ ശുശ്രൂഷകർ പറയുന്നതൊക്കെ കുർബാനകളിൽ കാണാൻ പറ്റും), അങ്ങനെ ശ്രദ്ധയോടെ നമ്മൾ നിന്നാൽ നമുക്ക് ആ ദിവസത്തിനു വേണ്ട ആത്മീയ ഭക്ഷണം ആ വചനത്തിലൂടെ യേശു നമുക്ക് തരും.

​സാധാരണ പല ആളുകൾക്കും സംഭവിക്കുന്നത്:

​ആളുകൾ വായിക്കുന്നത് ശ്രദ്ധിക്കാറില്ല.

​അഥവാ ശ്രദ്ധിച്ചാൽത്തന്നെ പിന്നെ അത് ഓർക്കാറില്ല.

​ജീവിതത്തിൽ എന്നും ഒരു നിർബന്ധം ഉണ്ടാക്കേണ്ടത്, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, രാവിലെ നമ്മൾ കുർബാനയിൽ പങ്കെടുത്തവരാണെങ്കിൽ ഒന്നോർത്തു നോക്കണം: ഇന്ന് എന്താണ് വചനത്തിലൂടെ ദൈവം സംസാരിച്ചത്?

നാലുമണിക്ക് ചായ കുടിക്കുമ്പോൾ, അല്ലെങ്കിൽ രാത്രി അത്താഴം കഴിക്കുന്നതിനു മുമ്പ്, ഉറങ്ങുന്നതിനു മുമ്പൊക്കെ ഒരു രണ്ടു മൂന്നു തവണ അതൊന്ന് ഓർത്താൽ നമുക്ക് അന്നത്തെ ദിവസം വേണ്ട ആത്മീയ ഭക്ഷണമായിട്ട് അത് മാറും.

​അപ്പൊ ഇങ്ങനെ കർത്താവ് അപ്പം വർദ്ധിപ്പിക്കുന്നതിനു മുമ്പ് യേശു അവരെ പഠിപ്പിക്കാൻ തുടങ്ങി.

ഇതെല്ലാ കുർബാനയിലും നടക്കുന്ന ഒരു കാര്യമാണ്. നമ്മൾ ഗൗരവമായിട്ട് എടുക്കാത്തതുകൊണ്ടാണ് അതിന്റെ ഒരു ആഴം നമുക്ക് പലപ്പോഴും മനസ്സിലാവാത്തത്.

​നേരം വൈകിയപ്പോൾ ശിഷ്യന്മാർ അവന്റെ അടുത്ത് വന്നു പറഞ്ഞു: “ഇതൊരു വിജനപ്രദേശമാണ്, സമയം വൈകിയിരിക്കുന്നു.

ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് എന്തെങ്കിലും വാങ്ങി ഭക്ഷിക്കാൻ അവരെ പറഞ്ഞയക്കുക.”

​അവൻ പ്രതിവചിച്ചു: “നിങ്ങൾ തന്നെ അവർക്ക് ഭക്ഷിക്കാൻ കൊടുക്കുവിൻ.”

​അതായത് കർത്താവ് അപ്പസ്തോലന്മാരോട് പറയുകയാണ്: ഞാൻ ഇപ്പോൾ ഇവിടെ നിർവഹിക്കാൻ പോകുന്നത്, വരുംകാലങ്ങളിൽ നിങ്ങൾ ജനത്തിന് ചെയ്തു കൊടുക്കേണ്ട ഒരു ഉത്തരവാദിത്തം നിങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു കാര്യമാണ്.

അവര് പോയി അവർക്ക് വേണ്ട ഭക്ഷണം വീട്ടിൽ പോയി കഴിച്ചോളും, അല്ലെങ്കിൽ വഴിയിൽ നിന്ന് കഴിച്ചോളും എന്ന് എനിക്കുമറിയാം, നിങ്ങൾക്കുമറിയാം. എന്നാലും ഞാൻ നിങ്ങളോട് പറയുന്നത്, നിങ്ങൾ അവർക്ക് കൊടുക്കേണ്ട ഒരു ഭക്ഷണമുണ്ട്.

​ദിവ്യകാരുണ്യം ജനത്തിന് നൽകുക എന്നത് സഭയുടെ ഉത്തരവാദിത്തമായിട്ട് യേശു ഏൽപ്പിച്ചതാണ്.

അതുകൊണ്ട് ഒരു ജനത്തിന് വിശുദ്ധ കുർബാന കൊടുക്കേണ്ടത് സഭയുടെയും അതിനെ ഏൽപ്പിക്കപ്പെട്ട പുരോഹിതരുടെയും ഉത്തരവാദിത്തമാണ്.

അതിന് എന്തു വില കൊടുത്തും ആ കുർബാന ജനത്തിന് കൊടുക്കാൻ സഭയ്ക്ക് ഉത്തരവാദിത്തമുണ്ട്.

​ഞാൻ പെറുവിൽ നിന്ന് വന്ന ഒരു വൈദികനെ കണ്ടു.

ഒടിഞ്ഞ കയ്യുമായിട്ടാണ് അദ്ദേഹം ധ്യാനകേന്ദ്രത്തിൽ വന്നത്.

കൈ ഒടിഞ്ഞത് എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ പള്ളിയിൽ എന്തോ ജോലി ചെയ്യാൻ വേണ്ടി ഏണി വെച്ച് കയറിയപ്പോൾ വീണ് ഒടിഞ്ഞതാണെന്ന് പറഞ്ഞു.

ആ സഹോദര വൈദികൻ എന്നോട് പറഞ്ഞ ഒരു കാര്യം, അദ്ദേഹം പറഞ്ഞു: 25-ഉം 30-ഉം ഒക്കെ കിലോമീറ്ററുകൾ ചിലപ്പോൾ കഷ്ടപ്പെട്ട് യാത്ര ചെയ്ത് അനേകം കിലോമീറ്ററുകൾ അതിൽ നടന്നുമാണ് അച്ഛൻ അവിടെ പല സ്റ്റേഷനുകളിലും കുർബാനയ്ക്ക് പോകുന്നത്.

മലയാളി വൈദികനാണ്, പെറുവിലാണ്.

അദ്ദേഹം എന്നോട് പറഞ്ഞു: ഒരു പുരോഹിതനെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ അവിടെയുണ്ടെന്ന്.

എന്ന് പറഞ്ഞാൽ അവരൊക്കെ ക്രിസ്ത്യൻസാണ്, ജന്മനാ ക്രിസ്ത്യാനികളാണ്.

പക്ഷേ അവർ ഒരു പുരോഹിതനെ കണ്ടിട്ട് 50-ഉം 60-ഉം 70-ഉം വർഷം ആയിട്ടുണ്ടെന്ന്.

എന്ന് പറഞ്ഞാൽ പല സ്റ്റേഷൻസിലും കുർബാന കൊടുക്കാൻ പറ്റുന്നില്ല.

​നമ്മൾ ഈ ദിവ്യകാരുണ്യ പ്രബോധനങ്ങൾ ശ്രദ്ധിക്കുന്ന പുരോഹിതരോട് എനിക്ക് പറയാനുള്ളത്, നമ്മൾ വിലയില്ലാത്ത ഒരുപാട് കാര്യങ്ങളുടെ പേരിൽ നമ്മുടെ സമയം പാഴാക്കിക്കളയുമ്പോൾ, എവിടെയെങ്കിലും ഒരു ജനം കുർബാനയ്ക്ക് വേണ്ടി ദാഹിക്കുന്നുണ്ടെങ്കിൽ അവർക്ക് കുർബാന കൊടുക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട് എന്ന് നമ്മൾ മറന്നുപോകാൻ പാടില്ല.

നമ്മുടെ പുരോഹിതരുടെ ഉത്തരവാദിത്തമാണ്.

​ഞാൻ റുവാണ്ടയിൽ പോയപ്പോൾ ഒരിടവകയിലെ പുരോഹിതനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, മുപ്പതിനായിരം (30,000) ആളുകൾ ആ ഇടവകയിലുണ്ട്.

ആകെയുള്ളത് രണ്ട് വൈദികരാണ്; പത്ത് സബ്-സ്റ്റേഷൻസുണ്ട്.

നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, ലോകത്തിന്റെ എത്രയോ രാജ്യങ്ങളിൽ മനുഷ്യർക്ക് കുർബാന കൊടുക്കാൻ ആളില്ല!

​കേരളത്തിലുള്ള പുരോഹിതരോട് എനിക്ക് പറയാനുള്ള ഒരു കാര്യം: നിങ്ങൾക്ക് രാവിലത്തെ വിശുദ്ധ കുർബാന കഴിഞ്ഞാൽ ചെയ്യാൻ ഒന്നുമില്ലെങ്കിൽ നിങ്ങൾ ഓർക്കണം, എത്രയോ കോടി മനുഷ്യർ ഒരു കുർബാന കിട്ടാൻ ആഗ്രഹിക്കുന്നുണ്ട്.

അതിപ്പോ കേരളത്തിൽ അങ്ങനെ ഒരു സാഹചര്യമില്ലെങ്കിൽ അതിന് ആവശ്യമുള്ള എത്രയോ സ്ഥലങ്ങളുണ്ട്.

മിഷണറിമാരായിട്ട് പോകാൻ പുരോഹിതർ കേരളത്തിൽ നിന്ന് അനേകം പേര് കർത്താവിനാൽ അഭിഷേകം ചെയ്യപ്പെടണം എന്ന ഒരു ആഗ്രഹം നമുക്ക് ഈ ദിവ്യകാരുണ്യ ശുശ്രൂഷയിൽ ഒരു നിയോഗമായിട്ട് ചേർത്തു വെക്കാം.

ലോകത്തിന്റെ നാനാരാജ്യങ്ങളിൽ കുർബാന അർപ്പിക്കാൻ, കുർബാനയ്ക്ക് വരാൻ മനുഷ്യർക്ക് ആഗ്രഹമുണ്ട്; പക്ഷേ ബലിയർപ്പിക്കാൻ ഒരു പുരോഹിതനില്ല.

ദൈവികവിളികൾ ഉണ്ടാവാൻ പ്രാർത്ഥിക്കാം.

​അപ്പൊ ഇത് ശിഷ്യന്മാരെ ഏൽപ്പിക്കുകയാണ്: “നിങ്ങൾ അവർക്ക് ഭക്ഷണം കൊടുക്കണം.” നിങ്ങളുടെ ഉത്തരവാദിത്തമാണ്.

അത് ജനത്തിന് സ്വയം കുർബാന അർപ്പിക്കാൻ പറ്റില്ല. അതുകൊണ്ട് അതിന് ഉത്തരവാദിത്തം കിട്ടിയവരുടെ ഉത്തരവാദിത്തത്തെ ഓർമ്മിപ്പിക്കുന്ന വാക്യമാണത്: “നിങ്ങൾ അവർക്ക് ഭക്ഷണം കൊടുക്കുവിൻ.”

​അപ്പൊ അവർ പറഞ്ഞു: “ഞങ്ങൾ ചെന്ന് ഇരുനൂറു ദനാറയ്ക്ക് അപ്പം വാങ്ങിക്കൊണ്ടുവന്ന് അവർക്ക് ഭക്ഷിക്കാൻ കൊടുക്കട്ടെയോ?”

അവൻ ചോദിച്ചു: “നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്?

ചെന്നു നോക്കുവിൻ.”

അവർ ചെന്നു നോക്കിയിട്ട് പറഞ്ഞു: “അഞ്ച് അപ്പവും രണ്ട് മീനും.”

​നമ്മൾ എപ്പോഴും ഓർക്കേണ്ടത്, വിശുദ്ധ കുർബാനയ്ക്ക് നമ്മൾ പോകുമ്പോൾ നമുക്ക് നമ്മൾ അർപ്പിക്കാൻ നമ്മുടെ കയ്യിൽ എന്തുണ്ട് എന്ന് നമ്മൾ എപ്പോഴും ഓർക്കണം.

ഞാൻ മുൻപ് ഒരു എപ്പിസോഡിൽ ഇത് പറഞ്ഞിരുന്നു—പോകുന്നതിനു മുമ്പ് തന്നെ ഒരു പേപ്പറിനകത്ത് എഴുതിക്കൊണ്ടു പോകണം: എന്താണ് ഇന്ന് ഞാൻ അർപ്പിക്കാൻ പോകുന്നത്?

ഇന്ന് എനിക്ക് അർപ്പിക്കാനുള്ളത് എന്താണ്? ആയിരക്കണക്കിന് കാര്യങ്ങൾ ഒരു കുർബാനയിൽ അർപ്പിക്കാൻ പറ്റും.

​പുൽത്തകിടിയിൽ കൂട്ടംകൂട്ടമായി ഇരിക്കാൻ അവൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി. നൂറും അമ്പതും വീതമുള്ള കൂട്ടങ്ങളായി അവർ ഇരുന്നു.

അവൻ അഞ്ചപ്പവും രണ്ടു മീനുമെടുത്ത് സ്വർഗ്ഗത്തിലേക്ക് നോക്കി കൃതജ്ഞതാസ്തോത്രം—അതാണ് വിശുദ്ധ കുർബാന, Eucharist എന്ന് പറഞ്ഞാൽ കൃതജ്ഞതാബലി എന്നാണ്—കൃതജ്ഞതാസ്തോത്രം ചെയ്ത് അപ്പം മുറിച്ചതിനുശേഷം ജനങ്ങൾക്ക് വിളമ്പാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു.

അവരെല്ലാവരും ഭക്ഷിച്ച് തൃപ്തരായി. ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ട് കുട്ട നിറയെ അവർ ശേഖരിച്ചു.

പന്ത്രണ്ടുപേരും പന്ത്രണ്ട് കുട്ടയിൽ മിച്ചം വന്ന അപ്പക്കഷണങ്ങൾ ശേഖരിച്ചു.

അപ്പം ഭക്ഷിച്ചവർ അയ്യായിരം പുരുഷന്മാരുണ്ടായിരുന്നു.

​പ്രിയപ്പെട്ടവരേ, ഈ ഭാഗം നമ്മൾ ഇന്ന് വായിക്കുമ്പോൾ കർത്താവ് നമുക്ക് പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് തരുന്ന ഏറ്റവും പ്രധാനപ്പെട്ട ചില സൂചനകൾ ഞാൻ പങ്കുവെച്ചിരുന്നു:

​നമുക്ക് വിശ്രമം ലഭിക്കുന്ന വിജനപ്രദേശമാണ് നമ്മുടെ ദേവാലയങ്ങൾ.

​അവിടെവെച്ച് കർത്താവ് നമ്മളോട് നേരിട്ട് സംസാരിക്കുന്നതാണ് പരിശുദ്ധ കുർബാനയിലെ വചനശുശ്രൂഷ.

​അവിടെ വിശുദ്ധ കുർബാന ജനത്തിന് കൊടുക്കേണ്ടത് സഭയുടെ ഉത്തരവാദിത്തമാണ്.

​നാലാമതായി, നമുക്ക് കാഴ്ചവെക്കാൻ നമ്മുടെ കയ്യിലുള്ളതാണ് നമ്മൾ എടുത്ത് സമർപ്പിക്കേണ്ടത്.

പുരോഹിതൻ അർപ്പിക്കുന്ന ആരുടെയോ ഒരു ബലിയല്ലിത്; ഇത് എന്റെ ബലിയായി മാറണമെങ്കിൽ എന്റെ കയ്യിലുള്ളത് ഞാൻ എടുത്ത് സമർപ്പിക്കണം.

അത് നമ്മുടെ കണ്ണുനീര്, വേദന, ഭാരം…

എന്താണ് കുർബാനയിൽ അർപ്പിക്കാനുള്ളത് എന്നതിനെക്കുറിച്ച് കൃത്യമായ ചില ധാരണകൾ രൂപപ്പെടുത്തിയിട്ടേ നമ്മൾ ബലിയർപ്പിക്കാനായി പോകാവൂ.

​അവിടെ എന്തു സംഭവിക്കും?

അവിടെ നമ്മുടെ കയ്യിൽ വളരെ പരിമിതമായ കാര്യങ്ങളേ ഉള്ളുവെങ്കിലും അതിനെ സമ്പന്നമാക്കാൻ ദൈവത്തിന് എണ്ണത്തിന്മേൽ അധികാരമുണ്ട്.

അഞ്ചിനെ അയ്യായിരമാക്കാൻ യേശുവിന് പറ്റും; നമ്മുടെ ഇല്ലായ്മകളെ സമൃദ്ധിയാക്കി മാറ്റാൻ യേശുവിന് പറ്റും; നമ്മുടെ ശൂന്യതാബോധത്തെ നിറയ്ക്കാൻ യേശുവിന് പറ്റും; നമ്മുടെ കഷ്ടപ്പാടുകളിലേക്ക് അവൻ നടന്നു വരും; നമ്മുടെ രോഗങ്ങളെ അവൻ ഏറ്റെടുക്കും; നമ്മുടെ ഭാരങ്ങൾ അവൻ വഹിക്കും.

അതുകൊണ്ട് കുർബാനയിലേക്ക് ചേർത്തുവെക്കാൻ നമുക്ക് നമ്മുടെ ജീവിതം മാത്രമേയുള്ളൂ.

അത് നമ്മൾ എടുത്ത് സമർപ്പിക്കുന്ന കാര്യവും മറന്നുപോകരുത്.

​ഈ ചിന്തകളോട് കൂടി നമ്മൾ ഇന്നത്തെ…

ഇന്ന് നമ്മൾ അഭ്യസിക്കേണ്ട പുണ്യം എന്താണ്?

​ഒരു സഹായത്തിന്റെ കരം ആരിലേക്കെങ്കിലും ഒന്ന് നീട്ടാൻ ഇന്ന് നമുക്ക് കഴിയട്ടെ.

അതായത്, ഒരു helping hand.

അത് ചിലപ്പോൾ റോഡ് മുറിച്ചുകടക്കാൻ പാടുപെടുന്ന ഒരു പ്രായമുള്ള മനുഷ്യനെ കൈപിടിച്ച് അപ്പുറത്ത് എത്തിക്കുന്നതാവാം, ഒരാൾക്ക് ഒരു ലിഫ്റ്റ് കൊടുക്കുന്നതാവാം, അല്ലെങ്കിൽ ഒരു എക്സ്ട്രാ പൊതി കെട്ടിക്കൊണ്ടു പോയി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാത്ത ഒരാൾക്ക് ഭക്ഷണം കൊടുക്കുന്നതാവാം.

അല്ലെങ്കിൽ ആർക്കെങ്കിലും ഒരാൾക്ക്…

നമ്മൾ ഒരു ദിവസം ഞാൻ ആലോചിക്കാറുണ്ട്, ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ ഒരു ദിവസം ഒരു ഹോട്ടൽ ഭക്ഷണത്തിന് ചിലവാകുന്നുണ്ടെങ്കിൽ ചിലപ്പോൾ ഒരാഴ്ച ഒരു പാവപ്പെട്ട കുടുംബത്തിന് മീനും കൂട്ടി ചോറുണ്ണാൻ പറ്റും.

അപ്പൊ എത്രയോ പണമാണ് സത്യത്തിൽ പാഴായിപ്പോകുന്നത്, പാഴാക്കിക്കളയുന്നത്.

​അപ്പൊ നമുക്ക് ഇന്ന് ചിലപ്പോൾ ചില കാര്യങ്ങളൊക്കെ ഒന്ന് മാറ്റിവെച്ചിട്ട്, കൂട്ടുകാരോ വീട്ടുകാരോ എല്ലാവരും കൂടെ ചേർന്ന് പുറത്തുപോകുന്ന ഒരു കാര്യമൊക്കെ ഒന്ന് മാറ്റിവെച്ചിട്ട് ആ പൈസ ഏതെങ്കിലും ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു മൂന്നാലു ദിവസം നന്നായിട്ട് ഭക്ഷണം കഴിക്കാനുള്ള പൈസയുണ്ടാവും.

അങ്ങനെ എന്തെങ്കിലും ഒരു കാര്യം. ഒരു ഹെൽപ്പിംഗ് ഹാൻഡ് നമുക്ക് ഇന്ന് കൊടുക്കാൻ കഴിയട്ടെ.

​അപ്പൊ ഒഴിവാകുന്നത് എന്താണ്?

നമ്മുടെ ഒരു സ്വാർത്ഥത—നമ്മുടെ ആവശ്യങ്ങൾ വലുത് എന്ന് കാണുന്ന ഒരു കാര്യം, ആ തിന്മ ഒഴിവാകും.

നമുക്ക് അതൊരു ടാസ്കും അതുതന്നെ നമുക്ക് ഇന്ന് ചെയ്യാനുള്ള ഒരു കർമ്മമായിട്ട് അതുതന്നെ എടുക്കാം.

അങ്ങനെ ഒരാളെ ചിലപ്പോൾ ഒന്നിലധികം പേരെ നമുക്ക് കണ്ടെത്താൻ പറ്റിയേക്കും. അതൊന്ന് ഗൗരവമായിട്ട് എടുത്ത് ചെയ്യുക.

​പ്രാർത്ഥിക്കേണ്ടത് ഇതാണ്:

​”കർത്താവേ, എന്റെ പരിമിതികളെ നിറവാക്കി മാറ്റണമേ.

എന്റെ ഇല്ലായ്മകളെ സമൃദ്ധിയാക്കി മാറ്റണമേ. എന്റെ കഷ്ടപ്പാടുകളെ അനുഗ്രഹമാക്കി മാറ്റണമേ.”

​നമുക്ക് അങ്ങനെ പ്രാർത്ഥിക്കാം.

പരിശുദ്ധ കുർബാനയിൽ ഈശോ അതിനുവേണ്ട അനുഗ്രഹം നമുക്ക് തരട്ടെ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​കർത്താവായ ദൈവമേ, ഈ പ്രിയമക്കളെ എല്ലാവരെയും ഒരു ദിവസം കൂടി കർത്താവേ അങ്ങയുടെ മുൻപിൽ നിൽക്കാൻ, ഒരുമിച്ച് നിൽക്കാൻ അവിടുന്ന് സഹായിച്ചതിന് നന്ദി പറയുന്നു.

നല്ല ദൈവമേ, ഈ പ്രഭാതത്തിൽ അങ്ങയെ ആരാധിക്കുമ്പോൾ ദൈവമേ, ഞങ്ങളുടെ കഷ്ടപ്പാടുകൾ ഞങ്ങൾ സമർപ്പിക്കുകയാണ്.

​ഇല്ലായ്മകൾ സമർപ്പിക്കുന്നു.

​സാമ്പത്തികമായ ഞെരുക്കങ്ങൾ സമർപ്പിക്കുന്നു.

​ബിസിനസിലെ തകർച്ചകൾ സമർപ്പിക്കുന്നു.

​ദാരിദ്ര്യവും കടക്കെണിയും സമർപ്പിക്കുന്നു.

​ലോണെടുത്തിട്ട് തിരിച്ചടക്കാൻ പറ്റാത്ത അവസ്ഥകൾ സമർപ്പിക്കുന്നു.

​കൊള്ളപ്പലിശ കൊടുത്ത് തകരുന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു.

​കർത്താവേ, ആജീവനാന്തം അധ്വാനിച്ചാലും വീട്ടിത്തീർക്കാനാവാത്ത കടഭാരത്തിൽ നട്ടംതിരിയുന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു.

തകരുന്ന സംരംഭങ്ങളെ സമർപ്പിക്കുന്നു. എത്ര അധ്വാനിച്ചാലും സാമ്പത്തിക പുരോഗതിയില്ലാതെ വലയുന്ന, എപ്പോഴും കൈനീട്ടേണ്ടി വരുന്ന, കടം വാങ്ങേണ്ടി വരുന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു.

​കർത്താവേ, അഞ്ചപ്പത്തെ അയ്യായിരമാക്കി മാറ്റിയ അവിടുന്ന് ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും സാമ്പത്തികമേഖലയെ അനുഗ്രഹിച്ച് ദാരിദ്ര്യം മാറ്റി, വഴികൾ തുറന്ന് അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

കർത്താവേ, സമൃദ്ധിയുടെ ഒരു കാലം അവിടുന്ന് ഞങ്ങൾക്ക് തരണം, യേശുവിന്റെ നാമത്തിൽ.

​ഈശോയുടെ ആശീർവാദം സ്വീകരിക്കുമ്പോൾ നമ്മുടെ സാമ്പത്തികമേഖല, അധ്വാനത്തിന്റെ മേഖല അനുഗ്രഹിക്കപ്പെടാൻ നമുക്ക് നമ്മളെത്തന്നെ സമർപ്പിക്കാം.

​സർവ്വശക്തനായ ദൈവം നിങ്ങളുടെ ജീവിതത്തെ, പ്രത്യേകിച്ച് നിങ്ങളുടെ സാമ്പത്തികമേഖലയെ അനുഗ്രഹിച്ച് ആശീർവദിക്കട്ടെ.

സമ്പത്തിന്റെ മേൽ ആരുടെയെങ്കിലും കണ്ണുനീരോ, രക്തമോ, നിലവിളികളോ, ശാപങ്ങളോ കടന്നുവന്നിട്ടുണ്ടെങ്കിൽ യേശുവിന്റെ രക്തത്തിന്റെ യോഗ്യതയാൽ അത് മാറിപ്പോകട്ടെ.

നിങ്ങളുടെ അധ്വാനത്തെ ദൈവം ഫലമണിയിക്കട്ടെ. നിങ്ങളുടെ ദാരിദ്ര്യം മാറട്ടെ. കടബാധ്യതകളിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കട്ടെ.

​കാക്കയെക്കൊണ്ട് അപ്പം കൊടുത്ത് പ്രവാചകനെ സംരക്ഷിച്ച ദൈവം, നിങ്ങൾ അറിയാത്ത വഴികൾ തുറന്ന് നിങ്ങളുടെ ജീവിതത്തിന്റെ ഞെരുക്കങ്ങളിൽ ഇടപെടട്ടെ.

കർത്താവ് നിങ്ങൾക്ക് നാലു ദിക്കുകളിൽ നിന്നും സഹായം എത്തിച്ചുതരട്ടെ.

ബാബിലോണിൽ ദാനിയേലിന് ഹബക്കുക്കിലൂടെ അപ്പം കൊടുത്ത കർത്താവ് അത്ഭുതകരമായ വഴികൾ തുറന്ന് നിങ്ങളുടെ സാമ്പത്തികമേഖലയെ അനുഗ്രഹിക്കട്ടെ; ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading