പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.

​ഈശോയിൽ സ്നേഹമുള്ളവരേ, ദിവ്യകാരുണ്യ വിമോചന യാത്രയുടെ ഇരുപത്തിമൂന്നാമത്തെ ദിവസത്തിലേക്ക് നമ്മൾ കടക്കുകയാണ്.

വളരെ അനുഗ്രഹീതമായ ഈ യാത്രയിൽ കർത്താവിന്റെ സ്വരം കേട്ട് പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിയ നിങ്ങളെ എല്ലാവരെയും ഞാൻ ഏറ്റവും സ്നേഹത്തോടെ ഈ പ്രഭാതത്തിൽ അഭിവാദനം ചെയ്യുന്നു.

​നമ്മൾ ദൈവത്തിന്റെ ശക്തമായ പ്രവർത്തി നമ്മുടെ ജീവിതത്തിൽ നടക്കുന്നതിന് നമ്മളെത്തന്നെ സമർപ്പിക്കുന്ന ദിവസങ്ങളാണ്.

വളരെ ആഗ്രഹത്തോടെ, ഒരുപാട് പ്രാർത്ഥനയിലും ഒരുപാട് ദൈവകൃപയിലും ആശ്രയിച്ച് മുന്നോട്ടുപോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

​നമുക്ക് ഇന്നത്തെ ചിന്തകളിലേക്ക് കടക്കാം.

നമ്മൾ ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഇന്ന് അതിന് നമ്മളെ സഹായിക്കുന്ന പുതിയ നിയമത്തിൽ നിന്നുള്ള ഒരു പ്രധാനപ്പെട്ട ഭാഗത്തേക്ക് നമ്മൾ കടക്കുകയാണ്.

യോഹന്നാന്റെ സുവിശേഷത്തിന്റെ രണ്ടാമത്തെ അധ്യായത്തിന്റെ ഒന്നു മുതൽ പതിനൊന്നു വരെയുള്ള തിരുവചനങ്ങളിൽ വിവരിക്കുന്ന കാനായിലെ കല്യാണവിരുന്നാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം.

​ദിവ്യകാരുണ്യവുമായി, വിശുദ്ധ കുർബാനയുമായി വളരെ അഭേദ്യമായ ബന്ധമുള്ള ഒരു ഭാഗമാണിത്.

അതുകൊണ്ടുതന്നെ ആഴമായ ശ്രദ്ധ നമുക്ക് ഈ ഒരു വചന വിചിന്തനത്തിൽ നമ്മൾ നൽകുമ്പോൾ പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള ചില വളരെ ആഴമായ കാഴ്ചപ്പാടുകൾ നമുക്ക് ലഭിക്കുന്നതിന് ഇടയാവും.

നമുക്ക് യോഹന്നാന്റെ സുവിശേഷം രണ്ടാമത്തെ അധ്യായത്തിന്റെ ആദ്യത്തെ ചില വാക്യങ്ങൾ വായിക്കാം:

​മൂന്നാം ദിവസം ഗലീലിയിലെ കാനായിൽ ഒരു വിവാഹവിരുന്ന് നടന്നു. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.

യേശുവും ശിഷ്യന്മാരും വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നു.

അവിടെ വീഞ്ഞു തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോട് പറഞ്ഞു: അവർക്ക് വീഞ്ഞില്ല.

​യേശു അവളോട് പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്?

എന്റെ സമയം ഇനിയും ആയിട്ടില്ല.

​അവന്റെ അമ്മ പരിചാരകരോട് പറഞ്ഞു: അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ.

​യഹൂദരുടെ ശുദ്ധീകരണ കർമ്മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറ് കൽഭരണികൾ അവിടെ ഉണ്ടായിരുന്നു.

ഓരോന്നിലും രണ്ടോ മൂന്നോ അളവ് കൊള്ളുമായിരുന്നു.

ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ എന്ന് യേശു അവരോട് കൽപ്പിച്ചു.

അവർ അവയെല്ലാം വക്കോളം നിറച്ചു.

ഇനി പകർന്ന് കലവറക്കാരന്റെ അടുത്ത് കൊണ്ടുചെല്ലുവിൻ എന്ന് അവൻ പറഞ്ഞു.

അവർ അപ്രകാരം ചെയ്തു. കലവറക്കാരൻ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി.

​നമ്മൾ ഈ ഭാഗം മനസ്സിലാക്കണമെങ്കിൽ ചില ആമുഖമായ പരാമർശങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

​യോഹന്നാന്റെ സുവിശേഷം യോഹന്നാൻ എഴുതുമ്പോൾ, യോഹന്നാൻ ഈ സുവിശേഷ രചനയ്ക്ക് ഒരു മാതൃകയായി എടുത്തത് ബൈബിളിലെ ഉൽപ്പത്തിയുടെ പുസ്തകമാണ്.

ഉൽപ്പത്തി പുസ്തകത്തിലെ ആരംഭ അധ്യായങ്ങളിലെ പല ആശയങ്ങളും യോഹന്നാൻ ആവർത്തിക്കുന്നതായി കാണാം.

ഉദാഹരണമായി: വെളിച്ചം, ജീവൻ, അതുപോലെ തന്നെ വചനം, അതുപോലെ ആറാം ദിവസം, ഏഴാം ദിവസം, അതു പോലെ സ്ത്രീ തുടങ്ങിയ ഉൽപ്പത്തി പുസ്തകത്തിലെ ആശയങ്ങൾ—പ്രത്യേകിച്ച് അതിന്റെ ആരംഭ അധ്യായങ്ങളിലെ, ആദ്യത്തെ മൂന്ന് അധ്യായങ്ങളിലെ ആശയങ്ങൾ—യോഹന്നാൻ വളരെ നിർലോഭമായി, ലുബ്ധില്ലാതെ ഉപയോഗിക്കുന്നതായി കാണാം.

​അപ്പോൾ ഇത് നമ്മുടെ മനസ്സിൽ വച്ചെങ്കിൽ മാത്രമേ യോഹന്നാൻ നമുക്ക് മനസ്സിലാക്കാൻ പറ്റൂ.

യോഹന്നാൻ തുടങ്ങുന്നത് ഉൽപ്പത്തി തുടങ്ങുന്നതുപോലെ തന്നെയാണ്: ‘ആദിയിൽ’ (In the beginning).

ആദിയിൽ ദൈവം, ആദിയിൽ വചനം.

അപ്പോൾ യോഹന്നാന്റെ സുവിശേഷം, അതിലെ സംഭവങ്ങൾ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു അറിവാണ് യോഹന്നാന് ഉൽപ്പത്തി പുസ്തകവുമായുള്ള ബന്ധം.

​ഇനി ഉൽപ്പത്തി പുസ്തകത്തിലെ യോഹന്നാൻ എടുക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ആശയമാണ് ഏഴാം ദിവസവും ആറാം ദിവസവും.

നമുക്ക്, അല്ലെങ്കിൽ ഏഴാം ദിവസം, ആറാം ദിവസം എന്ന് പറയുന്നതിനേക്കാൾ കുറച്ചുകൂടി വ്യക്തതയോടെ പറഞ്ഞാൽ നമ്പർ ഏഴും നമ്പർ ആറും.

ഇത് ഈ ഭാഗം മനസ്സിലാക്കുന്നതിന് നമ്മൾ മനസ്സിൽ സൂക്ഷിക്കേണ്ട ഒരു അറിവാണ്.

​ഞാൻ അതിന്റെ വിശദീകരണത്തിലേക്ക് കടക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ മനസ്സിലാകും.

ഈ ഭാഗം തുടങ്ങുന്നത് രണ്ടാം അധ്യായം ഒന്നാം വാക്യം “മൂന്നാം ദിവസം ഗലീലിയിലെ കാനായിൽ…”

എന്ന് പറഞ്ഞുകൊണ്ടാണ്. പക്ഷേ യോഹന്നാന്റെ സുവിശേഷം തുടക്കം മുതൽ വായിച്ചു വരുന്ന ഒരാൾക്ക് മനസ്സിലാകും യഥാർത്ഥത്തിൽ ഇത് മൂന്നാം ദിവസമല്ല, മറിച്ച് ഏഴാം ദിവസമാണ്.

​അതെങ്ങനെയാണ് ഏഴാം ദിവസം ആകുന്നത് എന്ന് ചോദിച്ചാൽ:

​യോഹന്നാൻ 1:29-ൽ നമ്മൾ കാണുന്നത് ‘അടുത്ത ദിവസം’ എന്നാണ്.

വായിച്ചു വരുമ്പോൾ നമുക്ക് മനസ്സിലാകും അത് രണ്ടാം ദിവസമാണ് (അടുത്ത ദിവസം എന്ന് പറഞ്ഞിരിക്കുന്നത് രണ്ടാം ദിവസമാണ്).

​ഇനി 1:35-ൽ കാണാൻ പറ്റും ‘അടുത്ത ദിവസം’. അപ്പോൾ ദിവസം 2 + 1 = 3 ആയി.

​ഇനി 1:43-ൽ കാണാൻ പറ്റും ‘പിറ്റേ ദിവസം’.

അപ്പോൾ 3 + 1 = 4 ആയി.

​രണ്ടാം അധ്യായം ഒന്നാം വാക്യത്തിൽ കാണാൻ പറ്റും ‘മൂന്നാം ദിവസം’. അപ്പോൾ 4 + 3 = 7 ആയി.

​ചുരുക്കിപ്പറഞ്ഞാൽ, ശ്രദ്ധയോടെ വായിക്കുന്ന ഒരു വായനക്കാരന് മനസ്സിലാകുന്നു ഇത് മൂന്നാം ദിവസമല്ല, ഏഴാം ദിവസമാണ്.

അപ്പോൾ അതാണ് നമ്മുടെ മനസ്സിൽ സൂക്ഷിക്കേണ്ട ഒന്നാമത്തെ അറിവ്.

​രണ്ടാമതായിട്ട്, അവിടെ ഒരു വിവാഹവിരുന്ന് നടന്നു എന്ന് പറയുമ്പോൾ ഉൽപ്പത്തി പുസ്തകത്തിൽ ഏഴാമത്തെ ദിവസം നടന്ന ഒരു സംഭവമാണ് യോഹന്നാന്റെ മനസ്സിൽ.

അതെന്താണ്?

യഹൂദ റബ്ബിമാർ പഠിപ്പിച്ചിരുന്നത് ഇങ്ങനെയാണ്: ആദം സൃഷ്ടിക്കപ്പെട്ടത് ആറാം ദിവസമാണെങ്കിലും ഹവ്വാ സൃഷ്ടിക്കപ്പെട്ടത് ആറാം ദിവസം അർദ്ധരാത്രിയിലാണ്.

ആദം ഗാഢനിദ്രയിൽ ആണ്ടു കിടക്കുമ്പോഴാണ് അവന്റെ വാരിയെല്ലിൽ നിന്ന് ഹവ്വാ സൃഷ്ടിക്കപ്പെട്ടത്.

അപ്പോൾ ആദം ഹവ്വായെ കാണുന്നത് ആറാം ദിവസമല്ല, ഏഴാം ദിവസമാണ്.

അതുകൊണ്ട് റബ്ബിമാർ ഇങ്ങനെ പഠിപ്പിച്ചിരുന്നു: യഹൂദ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ആദത്തിന്റെയും ഹവ്വായുടെയും ദാമ്പത്യം, വിവാഹം ദൈവം ആശീർവദിക്കുന്നത് ഏഴാം ദിവസമാണ്.

​അങ്ങനെ വരുമ്പോൾ ഉൽപ്പത്തി പുസ്തകവുമായി യോഹന്നാനുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ, ഇവിടെ ഏഴാം ദിവസം കാനായിലെ കല്യാണവിരുന്ന് നടക്കുന്നു എന്ന് യോഹന്നാൻ പറയുമ്പോൾ, യോഹന്നാന്റെ ഉള്ളിൽ ഉൽപ്പത്തി പുസ്തകത്തിൽ നടന്ന ആദ്യത്തെ വിവാഹം ഉണ്ട് എന്ന് കൂടി നമ്മൾ അറിയണം.

​ഇനി, യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. ‘അമ്മ’ എന്ന് യോഹന്നാൻ പറയുന്നെങ്കിലും ഇനി യേശു തന്റെ അമ്മയെ വിളിക്കാൻ പോകുന്നത് ‘സ്ത്രീയേ’ എന്നാണ്.

അവർക്ക് വീഞ്ഞില്ല എന്ന് പറയുമ്പോൾ “സ്ത്രീയേ, എനിക്കും നിനക്കും എന്ത്?”

എന്നാണ് യേശുവിന്റെ മറുപടി.

അപ്പോൾ അടുത്ത ആശയം ഇവിടെ നമ്മൾ കാണുന്നത് ‘സ്ത്രീ’. നമ്മൾ ഉൽപ്പത്തി പുസ്തകത്തിന്റെ ഒന്നും, ഉൽപ്പത്തി പുസ്തകത്തിന്റെ രണ്ടും മൂന്നും അധ്യായങ്ങൾ വായിച്ചാൽ നമുക്ക് കാണാൻ പറ്റും അവിടെ ‘ഹവ്വാ’ എന്ന വാക്ക് ഉപയോഗിക്കുന്നതിനേക്കാളും കൂടുതൽ ഉൽപ്പത്തി ഉപയോഗിക്കുന്ന വാക്ക് ‘സ്ത്രീ’ എന്ന വാക്കാണ്.

‘സ്ത്രീ’ എന്ന വാക്കാണ്.

‘ഹവ്വാ’ എന്ന വാക്ക് വളരെ ചുരുക്കമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

എല്ലാ സന്ദർഭങ്ങളിലും വാക്ക് ഉപയോഗിക്കുന്നത് ഹവ്വായെ വിളിക്കാൻ ‘സ്ത്രീ’ എന്ന വാക്കാണ്.

അപ്പോൾ ഇവിടെയും ഉൽപ്പത്തി പുസ്തകവുമായി ഒരു താരതമ്യം കൊണ്ടുവരാൻ യോഹന്നാൻ ശ്രമിക്കുന്നതായി കാണാം.

​ഇനി മറ്റൊരു അറിവ് നമ്മൾ മനസ്സിൽ സൂക്ഷിക്കേണ്ടത്: യഹൂദരുടെ ശുദ്ധീകരണ കർമ്മത്തിനുള്ള വെള്ളം നിറയ്ക്കുന്ന എത്ര കൽഭരണികളാണ്?

ആറ് കൽഭരണികളാണ് അവിടെ ഉണ്ടായിരുന്നത്. ആറും നമ്മൾ ഉൽപ്പത്തിയിൽ കാണുന്നതാണ്.

ആറാം ദിവസമാണ് ആദം സൃഷ്ടിക്കപ്പെട്ടത്, മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്.

എന്നാൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ആറാം ദിവസത്തിനുവേണ്ടിയല്ല, മനുഷ്യൻ തന്റെ തന്നെ കഴിവിൽ നിൽക്കാൻ അല്ല, മറിച്ച് ഏഴാം ദിവസത്തിനുവേണ്ടിയാണ് എന്ന് നമ്മൾ കണ്ടിരുന്നു.

അപ്പോൾ ഇവിടെ ആറ് കൽഭരണികൾ—അതും നമ്മുടെ മനസ്സിൽ സൂക്ഷിക്കാം.

​ചുരുക്കിപ്പറഞ്ഞാൽ എന്താണ് യോഹന്നാൻ കാനായിൽ നടന്ന ഈ വിവാഹവിരുന്നിനെ ഇപ്രകാരം അവതരിപ്പിക്കുന്നത് വഴി വായനക്കാരായ നമ്മൾ അറിയണമെന്ന് ആഗ്രഹിക്കുന്നത്?

അതാണ് പരിശുദ്ധ കുർബാനയുമായി ഈ ടെക്സ്റ്റിനുള്ള ബന്ധം. യോഹന്നാൻ പറയാൻ ശ്രമിക്കുകയാണ്: ആദിമാതാവും ആദിപിതാവും, അവരുടെ പരമ്പരകളും, അല്ലെങ്കിൽ സ്നാപകയോഹന്നാൻ വരെ എത്തിനിൽക്കുന്ന പഴയനിയമം, ദൈവത്തിന്റെ മനുഷ്യനെക്കുറിച്ചുള്ള സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിന് പരാജയപ്പെട്ടു.

​പരാജയപ്പെട്ടു നിൽക്കുന്ന പഴയനിയമം.

പരാജയപ്പെട്ടു നിൽക്കുന്ന പഴയ ഉടമ്പടി.

എന്താണ് അവരുടെ പരാജയം?

ഈ കൽഭരണികൾ ശുദ്ധീകരണത്തിനുള്ള കൽഭരണികൾ ആയിരുന്നു.

ശുദ്ധീകരണ ജലം സൂക്ഷിച്ചിരുന്നത് അതിനകത്താണ്. മനുഷ്യൻ തന്റെ പാപാവസ്ഥയിൽ നിന്ന് തന്നെത്തന്നെ ശുദ്ധീകരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത് അവന്റെ തന്നെ പരിശ്രമങ്ങളാലാണ്.

പാപം ചെയ്യുന്നു, ശുദ്ധീകരിക്കുന്നു; വീണ്ടും പാപം ചെയ്യുന്നു, ശുദ്ധീകരിക്കുന്നു.

​ഈ ആറ് കൽഭരണികൾ, ആറ് എന്ന നമ്പർ, ഒരു മനുഷ്യൻ അവന്റെ തന്നെ കഴിവിൽ ആശ്രയിച്ച് അവൻ തന്നെ പരിശ്രമിക്കുന്നതിന്റെ, മനുഷ്യന്റെ സ്വന്തം പരിശ്രമങ്ങളുടെ നമ്പറാണ് ആറ്.

ആറ് കൽഭരണികൾ സൂചിപ്പിക്കുന്നത് പഴയനിയമം മുഴുവൻ അത്യദ്ധ്വാനം ചെയ്ത്, ദൈവം തങ്ങളെക്കുറിച്ച് ആഗ്രഹിച്ച ആ നീതിയുടെ നിലവാരത്തിലേക്ക് എത്താൻ പരിശ്രമിച്ച് പരാജയപ്പെട്ട് പരാജയപ്പെട്ട് പരാജയപ്പെട്ട് നിൽക്കുന്ന ആ പഴയനിയമത്തിന്റെ പ്രതീകമാണ് ഈ ഒഴിഞ്ഞ ആറ് കൽഭരണികൾ.

​ഈ കൽഭരണികളിൽ വെള്ളം കൊള്ളുമായിരുന്നെങ്കിലും അതിനകത്തൊന്നും വെള്ളം ഉണ്ടായിരുന്നില്ല.

അതുകൊണ്ടാണ് അവർക്കത് എടുത്തുകൊണ്ടു വരാൻ പറ്റിയതും അതിൽ വെള്ളം നിറയ്ക്കാൻ യേശു ആവശ്യപ്പെട്ടതും.

അപ്പോൾ കാനായിലെ കല്യാണവീട്ടിലെ ഒഴിഞ്ഞ കൽഭരണികൾ സൂചിപ്പിക്കുന്നത് മനുഷ്യനെ ശുദ്ധീകരിക്കാൻ കഴിയാതെ, മനുഷ്യനെ ദൈവം ആഗ്രഹിക്കുന്ന ഒരു നിലവാരത്തിലേക്ക് എത്തിക്കാൻ കഴിയാതെ പരാജയപ്പെട്ട പഴയനിയമത്തിന്റെ പ്രതീകമാണ് ആറ് കൽഭരണികൾ.

അത് വെള്ളമാണ്.

ആ വെള്ളത്തിന് മനുഷ്യനെ ശുദ്ധീകരിക്കാൻ കഴിവില്ല.

​അപ്പോൾ ഞാൻ പറഞ്ഞു വന്നത്, മനുഷ്യനെ ശുദ്ധീകരിക്കാൻ പരാജയപ്പെട്ടു നിൽക്കുന്ന ആ പഴയനിയമത്തിന്റെ പ്രതീകമാണ് ആറ് കൽഭരണികൾ.

അതിലേക്കാണ് വെള്ളം നിറയ്ക്കാൻ യേശു ആവശ്യപ്പെടുന്നത്. അപ്പോൾ വെള്ളം നിറയ്ക്കുമ്പോൾ ആ വെള്ളം കർത്താവ് വീഞ്ഞാക്കി മാറ്റുകയാണ്.

അതിന്റെ അർത്ഥം, വെള്ളത്തിന്റെ ഗുണമേന്മയല്ല വീഞ്ഞിന്റെ ഗുണമേന്മ.

വെള്ളത്തിന്റെ സാന്ദ്രതയല്ല വീഞ്ഞിന്റെ സാന്ദ്രത.

അതിനെ ഗുണമേന്മയുള്ളതാക്കി മാറ്റുകയാണ്.

അതായത് പഴയനിയമത്തിന് കഴിയാതെ പോയ കാര്യം യേശു പുതിയ നിയമത്തിലൂടെ ചെയ്യുകയാണ്.

​ഇനി അടുത്ത ചോദ്യം: യേശു അത് എങ്ങനെയാണ് ചെയ്യുന്നത്?

കർത്താവ് അത് എങ്ങനെയാണ് എക്സിക്യൂട്ട് ചെയ്തത്? അത് വെള്ളത്തെ വീഞ്ഞാക്കി മാറ്റിക്കൊണ്ടാണ്.

അപ്പോൾ അവിടെ വീഞ്ഞ് സൂചിപ്പിക്കുന്നത് എന്താണ് എന്ന് അറിയണമെങ്കിൽ, ഈ ഭാഗത്ത് പരിശുദ്ധ അമ്മ യേശുവിനോട് “അവർക്ക് വീഞ്ഞില്ല” എന്ന് പറയുമ്പോൾ കർത്താവിന്റെ ഉത്തരം “എന്റെ സമയം ഇനിയും ആയിട്ടില്ല” എന്നാണ്.

യോഹന്നാന്റെ സുവിശേഷത്തിൽ ‘സമയം’ എന്ന വാക്ക് യേശു ഉപയോഗിക്കുന്നത് തന്റെ മരണത്തെ സൂചിപ്പിക്കാനാണ്.

​അപ്പോൾ യേശു പറയാൻ ശ്രമിക്കുന്നത്: ഈ വെള്ളം വീഞ്ഞാക്കി മാറ്റുന്ന, അല്ലെങ്കിൽ പഴയനിയമത്തിന് കഴിയാതിരുന്ന മനുഷ്യനെ ശുദ്ധീകരിക്കാനുള്ള കാര്യം, ആ ശുദ്ധീകരണ കർമ്മം ഞാൻ കൊണ്ടുവരാൻ പോകുന്നത്, ഞാൻ നിർവഹിക്കാൻ പോകുന്നത് എന്റെ മരണത്തിലാണ്, എന്റെ മരണത്തോടുകൂടിയാണ്, എന്റെ മരണത്താലാണ്.

​അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ യോഹന്നാൻ കാനായിലെ കല്യാണവിരുന്നിലെ ഈ സംഭവത്തിലൂടെ വായനക്കാരായ നമ്മളോട് പറയാൻ ശ്രമിക്കുന്നത്: ആറ് സൂചിപ്പിക്കുന്ന പഴയനിയമത്തിന്റെ പരിശ്രമങ്ങൾ, മനുഷ്യന്റെ പരിശ്രമങ്ങൾ, മനുഷ്യന്റെ അധ്വാനം—എന്തിനുള്ള അധ്വാനം?

നന്നാവാൻ, ശുദ്ധീകരിക്കപ്പെടാൻ, ദൈവം ആഗ്രഹിക്കുന്ന നിലവാരത്തിൽ എത്താൻ ആഗ്രഹിക്കുന്ന മനുഷ്യന്റെ പരിശ്രമങ്ങൾക്ക് കഴിയാതെ പോയത് കൃപയാൽ സാധ്യമാക്കുന്ന, ദൈവത്തിന്റെ സഹായത്താൽ സാധ്യമാക്കുന്ന ആ പുതിയ നിയമത്തിന്റെ പുതിയ ഉടമ്പടി, ആ പുതിയ നിയമത്തിന്റെ കൃപ യേശു കൊണ്ടുവരുന്നത് തന്റെ മരണത്താലാണ്, തന്റെ കുരിശുമരണത്താലാണ്.

​അതായത് മനുഷ്യന് സ്വന്തം പരിശ്രമം കൊണ്ട് നന്നാവാൻ കഴിയില്ല, എന്നാൽ മനുഷ്യനെ ദൈവത്തിന്റെ കൃപയ്ക്ക് മാറ്റാൻ പറ്റും.

ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, ഒരു ജനറ്റിക്കൽ ചേഞ്ച് വരുത്താൻ (ഞാൻ ഉദ്ദേശിക്കുന്നത് ഡിഎൻഎയിൽ മാറ്റം വരുത്തി മനുഷ്യന്റെ ക്യാരക്ടർ മാറ്റാൻ) ഈ ലോകത്ത് ദൈവത്തിന് മാത്രമേ കഴിയൂ.

അങ്ങനെ ദൈവം ജീവിതങ്ങളെ മാറ്റിമറിച്ച് എത്രയോ പേരെ നിങ്ങൾക്കും എനിക്കും പരിചയമുണ്ട്.

​നമ്മൾ അതുകൊണ്ട് കർത്താവ് നമ്മളോട് പറയാൻ ആഗ്രഹിക്കുന്ന ഈ കാര്യം കാണാതെ പോകരുത്.

കർത്താവ് പറയുകയാണ്: വെള്ളം എന്ന പഴയനിയമത്തെ വീഞ്ഞ് എന്ന പുതിയ നിയമമാക്കി മാറ്റാൻ എന്റെ കുരിശുമരണത്തിന് ശക്തിയുണ്ട്.

അതുകൊണ്ട് ഒരു മനുഷ്യനെ ശുദ്ധീകരിക്കാൻ മനുഷ്യന്റെ അധ്വാനങ്ങൾക്കല്ല കഴിയുന്നത്, മറിച്ച് ദൈവകൃപയിൽ ആശ്രയിച്ച് ഒരു മനുഷ്യൻ അധ്വാനിക്കുമ്പോഴാണ് ഒരു മനുഷ്യന്റെ ജീവിതം മാറിമറിയുന്നത്.

​നമ്മൾ ഹെബ്രായ ലേഖനത്തിൽ ഹെബ്രായ ലേഖന കർത്താവ് ഇതിനെക്കുറിച്ച് പറയുന്ന ഒരു വാക്യം ഞാൻ വായിക്കാം.

നിത്യാത്മാവ് മൂലം (ഹെബ്രായർ 9:14):

​നിത്യാത്മാവ് മൂലം കളങ്കമില്ലാതെ ദൈവത്തിന് തന്നെത്തന്നെ സമർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാൻ നമ്മുടെ മനസ്സാക്ഷിയെ നിർജീവ പ്രവർത്തികളിൽ നിന്ന് എത്രയോ അധികമായി വിശുദ്ധീകരിക്കും.

​കോലാടുകളുടെയും കാളക്കിടാങ്ങളുടെയും രക്തം തളിക്കുന്നത് മനുഷ്യരെ ശാരീരികമായി മാത്രമേ ശുദ്ധീകരിച്ചിട്ടുള്ളൂ.

എന്നാൽ മനുഷ്യനെ ഉള്ളിൽ ശുദ്ധീകരിക്കാൻ, അവന്റെ അകം മാറ്റം വരുത്താൻ കഴിയുന്നത് ദൈവകൃപയ്ക്ക് മാത്രമാണ്.

വെള്ളത്തെ വീഞ്ഞാക്കി മാറ്റാൻ ദൈവത്തിന്റെ സാന്നിധ്യത്തിനും കൃപയ്ക്കും മാത്രമേ കഴിയൂ.

അത് യേശു സാധിച്ചത് തന്റെ മരണത്തിലൂടെയാണ്. അതാണ് മേൽത്തരം വീഞ്ഞ് അവൻ അവസാനം വരെ കാത്തുവെച്ചു എന്നതിന്റെ അർത്ഥം.

​ഞാൻ ദിവ്യകാരുണ്യവുമായി ഇതിനെ ബന്ധപ്പെടുത്തി പറഞ്ഞാൽ: പരിശുദ്ധ കുർബാന ഈശോ നമുക്ക് തരുന്നത് നമുക്ക് ശാരീരികമായി നമ്മുടെ വിശപ്പ് മാറ്റാനല്ല, നമ്മളെ ആന്തരികമായി വിശുദ്ധീകരിക്കാനാണ്.

അതുകൊണ്ട് നമ്മളെ വിശുദ്ധീകരിക്കുന്ന കൂദാശയാണിത്.

നമ്മൾ ഓരോ ദിവസവും വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ നമ്മുടെ പ്രാർത്ഥന ഏത് ദിശയിലേക്ക് തിരിയണം എന്ന് ഇത് നമ്മളെ ഓർമ്മിപ്പിക്കും.

ഓരോ ദിവസവും നമ്മൾ നമ്മളെത്തന്നെ, നമ്മുടെ ശരീരങ്ങളെ ബലിയാക്കി മാറ്റാൻ, നമ്മുടെ മനസ്സ് നവീകരിക്കപ്പെടാൻ, നമ്മുടെ ആത്മാവ് ശുദ്ധീകരിക്കപ്പെടാൻ വിശുദ്ധ കുർബാനയിലൂടെ ദൈവം നമ്മളെ സഹായിക്കും.

​അതുകൊണ്ട് ആ ഒരു ബോധ്യം, ആ ഒരു ആഗ്രഹം കുർബാന അർപ്പിക്കുമ്പോൾ നമുക്ക് ഉണ്ടാവണം.

ഏതെല്ലാം മേഖലകളിലാണോ നമുക്ക് ഒരു മാറ്റം ആവശ്യമുള്ളത് അത് കർത്താവിന്റെ മുൻപിൽ നമ്മൾ പറയണം; അങ്ങനെ പറഞ്ഞ് പ്രാർത്ഥിക്കണം.

​ഇന്ന് നമ്മൾ പരിശീലിക്കേണ്ട പുണ്യം ഞാൻ ഓർത്തപ്പോൾ എന്റെ മനസ്സിലേക്ക് വന്നത്: നമ്മൾ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവർക്ക് കൊടുക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്.

അതായത് ഞാൻ എപ്പോഴും ഓർക്കാറുണ്ട്, നമ്മൾ സത്യത്തിൽ നമ്മുടെ സ്നേഹം കിട്ടാതെ ബൈപ്പാസ് ചെയ്തു പോകുന്ന ആളുകൾ നമ്മുടെ ഏറ്റവും അടുത്ത് നിൽക്കുന്ന ആളുകളാണ്. അത് ചിലപ്പോൾ പേരെന്റ്സ് ആവാം (മാതാപിതാക്കൾ ആവാം), ജീവിതപങ്കാളി ആവാം, കുഞ്ഞുങ്ങൾ ആവാം, അല്ലെങ്കിൽ നമുക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന മനുഷ്യര്.

​ഇന്നത്തെ നമ്മുടെ ഒരു അഭ്യസിക്കേണ്ട പുണ്യം: അവരുടെ കൂടെ കുറച്ചു സമയം ക്വാളിറ്റേറ്റീവ് ആയിട്ട് (ഗുണപരമായിട്ട്) ചെലവഴിക്കുക എന്നുള്ളതാണ്.

അപ്പോൾ തിന്മ, അവർക്ക് കൊടുക്കാതിരുന്ന ഒരു സ്നേഹം, ഒരു കരുതൽ—അത് ചിലപ്പോൾ ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുന്നതിൽ ആവാം, അല്ലെങ്കിൽ കുറച്ചു സമയം അവർക്കുവേണ്ടി സ്പെൻഡ് ചെയ്യുന്നതിൽ ആവാം, പേരെന്റ്സ് ഒക്കെ വൃദ്ധരാണെങ്കിൽ അവരെ ചെന്ന് വിസിറ്റ് ചെയ്യുന്നതിൽ ആവാം.

അങ്ങനെ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം വരുന്ന ഒന്നോ രണ്ടോ വ്യക്തികൾക്ക് കുറച്ചു സമയം അന്ന് അവർക്കുവേണ്ടി ഒന്ന് ക്വാളിറ്റേറ്റീവ് ആയിട്ട് ചിലവഴിക്കാൻ നമ്മൾ ഇന്ന് സമയം കണ്ടെത്തുക.

​അപ്പോൾ അതിനു കഴിയാതിരുന്ന ആ സാഹചര്യം—നമുക്കറിയാമല്ലോ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ ബൈപ്പാസ് ചെയ്തു വിടുന്നത് നമ്മുടെ ഹൃദയത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ആളുകളെയാണ്.

അപ്പോൾ അത് നമ്മുടെ ഇന്നത്തെ ഒരു പരിശീലനമായിട്ട് എടുക്കാം.

ടാസ്ക് ആയിട്ടും പുണ്യമായിട്ടും ഒഴിവാക്കേണ്ട തിന്മയായിട്ടും എല്ലാം ആ കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെ നമുക്ക് എടുക്കാം.

​പ്രാർത്ഥിക്കേണ്ടത്: “ദൈവമേ, വെള്ളം പോലെയായ എന്നെ മേൽത്തരം വീഞ്ഞുപോലെ മാറ്റി നീ അനുഗ്രഹിക്കണമേ.

എന്നെ മേൽത്തരം വീഞ്ഞാക്കി മാറ്റണമേ. വെള്ളം പോലെയുള്ള എന്റെ ജീവിതത്തെ മേൽത്തരം വീഞ്ഞുപോലെ ഗുണപരമാക്കി നീ മാറ്റണമേ”

എന്ന് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.

ആരാധനയിൽ അതിനുവേണ്ട കൃപ പരിശുദ്ധാത്മാവ് നമുക്ക് പ്രധാനം ചെയ്യും.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​നല്ല കർത്താവേ, ഈ ദിവസത്തിന് ഒരിക്കൽക്കൂടി നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു.

ഈ ആരാധനയിൽ ഞങ്ങളോടൊപ്പം പങ്കുചേരുന്ന, ലോകത്തിന്റെ നാനാഭാഗങ്ങളിൽ കർത്താവിനെ ആരാധിക്കാൻ ഒരുമിച്ചു വരുന്ന എല്ലാ പ്രിയപ്പെട്ടവരെയും കർത്താവേ, നിന്റെ മുൻപിലേക്ക് ഒരിക്കൽക്കൂടി സമർപ്പിക്കുന്നു.

​ഈ പ്രാർത്ഥനാ യാത്രയിൽ ഞങ്ങളെ ഒരുമിച്ചുകൂട്ടിയ അവിടുത്തെ കൃപയ്ക്ക് നന്ദി പറയുന്നു.

പ്രത്യേകിച്ച് ഇന്ന് ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ വെള്ളത്തെ വീഞ്ഞാക്കിയ കർത്താവ് ഞങ്ങളുടെ ഹൃദയങ്ങളെ പുതുക്കുകയും ഞങ്ങളുടെ ജീവിതങ്ങളെ മാറ്റമുള്ള ജീവിതങ്ങളാക്കി രൂപാന്തരപ്പെടുത്തുന്ന അവിടുത്തെ ശക്തി ഞങ്ങളിൽ തരികയും ചെയ്യണമേ.

​വെള്ളം വീഞ്ഞാക്കി മാറ്റിയതുപോലെ, കർത്താവേ:

​ഞങ്ങളുടെ ബലഹീനതകളെ കൃപയാക്കി മാറ്റണമേ,

​ഞങ്ങളുടെ കഴിവുകേടുകളെ ശക്തിയാക്കി മാറ്റണമേ,

​ഞങ്ങളുടെ പാപങ്ങളെ പുണ്യമാക്കി മാറ്റണമേ,

​ഞങ്ങളുടെ അറിവുകേടുകളെ ജ്ഞാനമാക്കി മാറ്റണമേ,

​ഞങ്ങളുടെ നിസ്സഹായതയെ ദൈവശക്തിയാക്കി മാറ്റണമേ.

​കർത്താവേ, ഞങ്ങളുടെ മുറിവുകളെ തിരുമുറിവുകളാക്കി മാറ്റണമേ,

​കർത്താവേ, ഞങ്ങളുടെ ദാരിദ്ര്യത്തെ സമ്പത്താക്കി മാറ്റണമേ,

​ഞങ്ങളുടെ രോഗങ്ങളെ ആരോഗ്യമാക്കി മാറ്റണമേ.

​കർത്താവേ, അങ്ങയുടെ മുൻപിൽ മേൽത്തരം വീഞ്ഞുപോലെ രൂപാന്തരപ്പെടാൻ ഞങ്ങളെ സഹായിക്കണമെന്ന് പ്രാർത്ഥിക്കുന്നു.

​പ്രിയപ്പെട്ടവരെ, നമ്മുടെ കുടുംബങ്ങളിലേക്ക് കർത്താവിന്റെ പരിശുദ്ധ കുർബാനയുടെ ശക്തി ഒഴുകിവരാൻ നമുക്ക് ഈശോയുടെ ആശീർവാദം സ്വീകരിക്കാം.

​കാരുണ്യവാനായ കർത്താവ് നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും ആശീർവദിക്കട്ടെ.

സർവ്വശക്തനായ ദൈവം തന്റെ മുഖം നിങ്ങളുടെ നേരെ ഉയർത്തുകയും അവിടുന്ന് നിങ്ങളെ കടാക്ഷിക്കുകയും നിങ്ങളോട് കരുണ കാണിക്കുകയും ചെയ്യട്ടെ.

ദൈവമായ കർത്താവ് നിങ്ങളുടെ കുടുംബങ്ങളിലെ സകല തകർച്ചകളും എടുത്തുമാറ്റി അനുഗ്രഹിക്കട്ടെ.

നിങ്ങൾക്ക് സന്തോഷമുള്ള ഹൃദയവും പുഞ്ചിരിക്കുന്ന മുഖവും ആശ്വാസമുള്ള ഒരു ജീവിതവും സമാധാനം നിറഞ്ഞ ജീവിതത്തിന്റെ സാഹചര്യങ്ങളും കർത്താവ് പ്രധാനം ചെയ്ത് നിങ്ങളെ അനുഗ്രഹിക്കട്ടെ.

ദൈവം അവിടുത്തെ സ്നേഹം കൊണ്ട് നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കട്ടെ.

വെള്ളം പോലെ ജീവിതത്തിന്റെ കഷ്ടപ്പാടുകൾ വീഞ്ഞായി മാറുന്ന അനുഭവം നിങ്ങൾക്ക് ഉണ്ടാവട്ടെ, യേശുവിന്റെ ശരീരത്തിന്റെ യോഗ്യതകളാൽ തന്നെ, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading