ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
പ്രിയപ്പെട്ടവരെ, നമ്മുടെ പരിശുദ്ധ കുർബാന വിമോചന ശുശ്രൂഷയുടെ ഇരുപത്തിരണ്ടാമത്തെ ദിവസത്തിലേക്ക് പ്രാർത്ഥനയോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.
നിങ്ങളെല്ലാവരും ഈയൊരു ശുശ്രൂഷയിൽ കാണിക്കുന്ന താല്പര്യത്തിനും ശ്രദ്ധയ്ക്കും ഞാൻ ദൈവത്തിന് നന്ദി പറയുന്നു.
നന്നായി പ്രാർത്ഥനയോടെ മുന്നോട്ടു പോകാൻ നിങ്ങൾക്കു കഴിയട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു.
നിങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങൾ ഞങ്ങളെയും ഓർക്കണം.
ദിവസങ്ങളിലെല്ലാം ശക്തമായ പ്രാർത്ഥന ഞങ്ങൾക്കു വേണ്ടിക്കൂടി കാഴ്ചവയ്ക്കണം എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യട്ടെ.
നമ്മൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ട, ഇന്നലെ കണ്ട ചിന്തകളുടെ തുടർച്ചയായി ദേവാലയവുമായി ബന്ധപ്പെട്ട, അതിനോട് ചേർന്നുനിൽക്കുന്ന മറ്റൊരു ആശയം ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.
ഇങ്ങനെ ഓരോ ദിവസവും പറയുന്ന ഓരോ ചിന്തകളും പരിശുദ്ധ കുർബാനയുമായി ആഴത്തിൽ ബന്ധപ്പെടാൻ, കണക്ടഡ് ആവാൻ നമ്മളെ സഹായിക്കുന്ന വിധത്തിലാണ് അത് നിങ്ങൾ എടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്.
അപ്പോൾ ഓരോ ആശയം പറയുമ്പോഴും അതെങ്ങനെയാണ് എനിക്ക് ബാധകമാകുന്നത് എന്ന് നമ്മൾ ഗൗരവമായി ചിന്തിക്കണം, അതിനെ ധ്യാനിക്കണം.
ഒരു പ്രാവശ്യം കേൾക്കുമ്പോൾ നിങ്ങളത് പ്രാർത്ഥനാപൂർവ്വം കേൾക്കുകയാണെങ്കിൽ, ദൈവം അതിൽനിന്ന് എന്ത് ആഗ്രഹിക്കുന്നു എന്ന് പരിശുദ്ധാത്മാവ് നിങ്ങൾക്ക് പറഞ്ഞു തരും.
അതുകൊണ്ട് ദേവാലയവുമായി ബന്ധപ്പെട്ട് എനിക്ക് ബൈബിളിൽനിന്ന് ഒരു വെളിപാടുപോലെ മനസ്സിലായ ഒരു കാര്യമാണ് ഞാൻ ഇന്ന് പങ്കുവെച്ചുതരാൻ ആഗ്രഹിക്കുന്നത്.
അതായത്, എന്റെ മനസ്സിനെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിലൊന്നാണ് നമ്മൾ ഒത്തിരി പരിശുദ്ധമായിട്ട് ഇടുന്ന സ്ഥലങ്ങളൊക്കെ മലിനമാക്കാൻ പിശാച് ശ്രമിക്കുന്ന പിശാചിന്റെ പരിശ്രമങ്ങൾ.
എനിക്ക് വലിയൊരു അസ്വസ്ഥതയും വേദനയും പലപ്പോഴും വ്യക്തിപരമായ എന്റെ ജീവിതത്തിൽ തോന്നുന്ന ഒരു മേഖലയാണത്.
അതായത്, നമ്മൾ ഒരുപാട് നല്ല വിശുദ്ധമായിട്ടും അനുഗ്രഹമായിട്ടുമൊക്കെ ഇടാൻ ശ്രമിക്കുന്ന സ്ഥലങ്ങളെ സാത്താൻ അശുദ്ധമാക്കാൻ ശ്രമിക്കുന്നത്.
ഞാൻ സമയക്കുറവുകൊണ്ട് അനുഭവങ്ങൾ പറയുന്നില്ല; ഒത്തിരി പ്രാർത്ഥിച്ച്, വെഞ്ചരിച്ച്, വിശുദ്ധീകരിച്ചൊക്കെ ഇടുന്ന സ്ഥലങ്ങളെ പെട്ടെന്ന് ഓർക്കാപ്പുറത്ത് ഒറ്റ രാത്രികൊണ്ട് പിശാച് മലിനമാക്കാൻ ശ്രമിക്കുന്നത് ഞാൻ വളരെ വേദനയോടെ കണ്ടുനിന്നിട്ടുണ്ട്.
അപ്പോൾ അതാണ് ഈ കാര്യങ്ങൾ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത്.
ഒരു വിശുദ്ധ സ്ഥലം അശുദ്ധമാകുന്നതിന്റെ ഘട്ടങ്ങൾ (Desecration)
അങ്ങനെയുള്ള ഒരു അന്വേഷണത്തിൽ, ഒരു വിശുദ്ധ സ്ഥലം മലിനമാകുന്നത് എങ്ങനെയാണ് എന്നതുമായി ബന്ധപ്പെട്ട് എനിക്ക് മനസ്സിലായ ചില കാര്യങ്ങൾ നിങ്ങളോട് ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.
അപ്പോൾ നമ്മുടെ വിഷയം ഇതാണ്: എങ്ങനെയാണ് ഒരു വിശുദ്ധ സ്ഥലം മലിനമാകുന്നത്?
ഒരു വിശുദ്ധ സ്ഥലം അശുദ്ധമാകുന്നത് എങ്ങനെയാണ്?
ഈ വിശുദ്ധ സ്ഥലം അശുദ്ധമാകുന്നതിന് കാരണമായി മാറുന്ന സാഹചര്യങ്ങൾ നമ്മൾ കണ്ടെത്തിക്കഴിയുമ്പോൾ ഒത്തിരി നമ്മുടെ പ്രായോഗിക ജീവിതത്തിന് അത് സഹായമായിട്ടു മാറും.
അപ്പൊ ‘Desecration’ നടക്കുന്നത് എങ്ങനെ?
അതിൻ്റെ ആദ്യത്തെ സ്റ്റേജ്, എനിക്ക് മനസ്സിലായതനുസരിച്ച് അത് തുടങ്ങുന്നത് ഒരു പാപത്തിലാണ്.
ആ പാപമാണ്—നിങ്ങളാരും പ്രതീക്ഷിക്കത്തില്ല പാപം എന്താണെന്ന്—ആ പാപമാണ് പിറുപിറുപ്പ്.
പിറുപിറുപ്പ്, കുറ്റം പറച്ചിൽ, ആവലാതി.
ഇങ്ങനെയാണ് ഒരു വിശുദ്ധ സ്ഥലത്തിൻ്റെ ആ നാശം ആരംഭിക്കുന്നത്.
അത് നമുക്ക് സംഖ്യയുടെ പുസ്തകം പതിനൊന്നാം അധ്യായം മുതലാണ് കാണുന്നത്.
അപ്പൊ സ്റ്റേജ് വൺ, Desecration-ൻ്റെ, ഒരു വിശുദ്ധ സ്ഥലം അശുദ്ധമാകുന്നതിൻ്റെ സ്റ്റേജ് വൺ.
അതിന് ബൈബിളിലെ ഭാഗമാണ് സംഖ്യയുടെ പുസ്തകം 11-ാം അധ്യായം ഒന്നാമത്തെ വാക്യം:
കർത്താവിന് ഇഷ്ടപ്പെടാത്ത വിധം ജനം പിറുപിറുത്തു; അതുകേട്ടപ്പോൾ കർത്താവിൻ്റെ കോപം ജ്വലിച്ചു.
അവിടുത്തെ അഗ്നി അവരുടെയിടയിൽ പടർന്നു കത്തി, അത് പാളയത്തിൻ്റെ ചില ഭാഗങ്ങൾ ദഹിപ്പിച്ചു കളഞ്ഞു.
അതായത്, ജനം പാളയമടിച്ചിരുന്ന, സമാഗമ കൂടാരം സ്ഥിതിചെയ്തിരുന്ന ആ സ്ഥലം, അതിൻ്റെ കുറെ ഭാഗങ്ങൾ കത്തി നശിച്ചു.
അതാണ് തുടക്കം. അതിൻ്റെ കാരണം പിറുപിറുപ്പ്, കുറ്റം പറച്ചിൽ, ആവലാതി, പരാതി പറച്ചിൽ.
കൂട്ടംകൂടിയിരുന്ന് കുറ്റം പറയുക, മറ്റുള്ളവരെ വിധിക്കുക, പരാതി പറയുക, ദൈവം തന്ന നന്മകൾ കാണാതിരിക്കുക.
ഇവിടെയാണ് അതിൻ്റെ പിശാച് ഡോർ തുറന്ന് കേറുന്നത് അവിടെയാണ്.
അപ്പൊ ഇതാണ്, സമയക്കുറവ് കൊണ്ട് പെട്ടെന്ന് പോവാണ്, ഇതാണ് ആദ്യത്തെ സ്റ്റേജ്. പിറുപിറുപ്പ്, കുറ്റം പറച്ചിൽ. അപ്പൊ അവിടെ പാളയത്തിന്റെ കുറച്ചു ഭാഗങ്ങളിലേക്ക് ഒരു തിന്മ വരാൻ തുടങ്ങി.
ഇനി ഇത് കഴിയുമ്പോൾ സംഖ്യയുടെ പുസ്തകം 12-ൽ സ്റ്റേജ് ടു നമ്മൾ കാണുകയാണ്, രണ്ടാമത്തെ സ്റ്റേജ്. മോശയുടെ സഹോദരിയായ മിറിയാമും മോശയുടെ ചേട്ടനായ അഹറോനും ഒരുമിച്ചു ചേർന്ന് മോശയുടെ ഭാര്യയായ സിപ്പോറയെ കുറ്റം പറഞ്ഞുകൊണ്ട് മോശയ്ക്കെതിരെ കലഹിക്കുന്നതാണ് നമ്മളവിടെ കാണുന്നത്.
അപ്പൊ കണ്ടോ, ജനം തൊട്ടുമുമ്പത്തെ സ്റ്റേജിൽ പാളയത്തിന്റെ വാതിൽക്കലിരുന്ന് പിറുപിറുത്തു; ഇപ്പൊ അത് പാളയത്തിന്റെ അകത്താണ്.
പാളയത്തിന്റെ അകത്ത് ഇവരുടെ ഏറ്റവും പ്രിയപ്പെട്ട ലീഡേഴ്സിന്റെ വീടിനകത്ത് പിറുപിറുപ്പ്, കുറ്റം പറച്ചിൽ, ആവലാതി അവിടെ നടക്കുകയാണ്.
അവിടെ നമ്മൾ ഒമ്പതാമത്തെ വാക്യത്തിൽ വായിക്കും, 12:9: കർത്താവിൻ്റെ കോപം അവർക്കെതിരെ ജ്വലിച്ചു; അവിടുന്ന് അവരെ വിട്ടുപോയി.
കണ്ടോ?
ദൈവം അവരെ വിട്ടുപോയി!
എന്തൊരു വേദനാജനകമായ ഒരു കാര്യമാണത്.
കർത്താവ് ഇറങ്ങിവന്നു നിൽക്കുന്ന ആ പാളയത്തിൽ നിന്ന് ദൈവം അവരെ വിട്ടുപോയി.
എപ്പഴാ?
ഈ വീടിനകത്ത് ഈ വഴക്ക്, ഈ പിറുപിറുപ്പ്, ഈ കുറ്റം പറച്ചിൽ, ഈ മത്സരം നടക്കുമ്പോൾ. രണ്ടാമത്തെ സ്റ്റേജ് അതാണ്.
ഇനി അതിന്റെ മൂന്നാമത്തെ സ്റ്റേജ് എന്ന് പറയുന്നത് നമ്മൾ കാണുന്നത് സംഖ്യയുടെ പുസ്തകം പതിനാറാമത്തെ അധ്യായത്തിലാണ്.
അവിടെ പുരോഹിതന്മാരുടെ കുടുംബത്തിൽപ്പെട്ട കുറെ ആളുകൾ അടുത്ത കലഹം.
അവര് മോശയ്ക്കും അഹറോനും എതിരെ കലഹിച്ചു. കോറഹ്, ദാത്താൻ, അബീറാം.
ഇവിടെ ആ കുടുംബങ്ങളിലെല്ലാം തിന്മയും അന്ധകാരവും വരുകയും, ആ പാളയത്തിൽ കർത്താവിൻ്റെ കോപത്തിന്റെ അഗ്നി ആളിക്കത്തുകയും ചെയ്യുന്നത് കാണുന്നു.
സമയക്കുറവ് കൊണ്ട് ഞാൻ വിശദീകരിക്കുന്നില്ല.
ഇതാണ് എനിക്ക് മനസ്സിലായതനുസരിച്ച് ഇതിന്റെ മൂന്നാമത്തെ ഘട്ടം.
തുടങ്ങിയത് എവിടെയാണ്?
ഈ പാളയത്തിന്റെ വാതിൽക്കലും വെളിയിലും ഒക്കെയിരുന്ന ആളുകള് പിറുപിറുപ്പും കുറ്റം പറച്ചിലും തുടങ്ങി.
രണ്ടാമത്തെ സ്റ്റേജ്: ഈ വീടിനകത്ത് പിറുപിറുപ്പും മത്സരവും തുടങ്ങി. ഇപ്പൊ ഇതാ പുരോഹിതന്മാര്—പുരോഹിതന്മാരെന്ന് ഞാൻ പറയുമ്പോൾ കണ്ടോ, അവര് ആരാധനാ സ്ഥലത്തോട് അടുത്ത് നിൽക്കുന്ന ആളുകള്—അവരുടെയിടയില് ഈ കലഹം, മത്സരം അത് കുറെക്കൂടി രൂക്ഷമായിട്ട് കടന്നുവരാൻ തുടങ്ങി.
Desecration-ൻ്റെ സ്റ്റേജസ് ആണ് ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്നത്.
ഇനി എന്താ സംഭവിക്കുന്നത് എന്നറിയാമോ?
ഇങ്ങനെ ആ പാളയം അശുദ്ധമായി അശുദ്ധമായി അശുദ്ധമായി മുന്നോട്ട് വരുമ്പോൾ ഭയാനകമായ ഒരു കാര്യം നാലാമത്തെ ഘട്ടം എന്ന് പറയുന്നത് സംഖ്യയുടെ പുസ്തകം ഇരുപത്തിയഞ്ചാമത്തെ അധ്യായത്തിലാണ്.
അവിടെ നമ്മൾ കാണുന്നത്, ഒരു മനുഷ്യൻ, ശിമയോൻ ഗോത്രത്തിൽപ്പെട്ട സാലു എന്ന് പറയുന്ന ഒരു മനുഷ്യന്റെ മകൻ സിമ്രി എന്ന് പറയുന്ന ആള് ഒരു മിദിയാൻകാരി സ്ത്രീയെ—അവരൊരു മന്ത്രവാദിയാണ്—ആ മന്ത്രവാദി സ്ത്രീയെ വ്യഭിചാരം ചെയ്യാൻ വേണ്ടി പാളയത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുവന്നു.
ഫിനഹാസ് എന്ന് പറയുന്ന പുരോഹിതൻ അവരെ വധിക്കുന്നത് അവിടെ വെച്ചിട്ടാണ്.
അപ്പൊ കണ്ടോ?
കുറ്റം പറച്ചില്, അതുകഴിഞ്ഞ് കുടുംബത്തിനകത്ത് വീണ്ടും കുറ്റം പറച്ചില്, പിന്നെ പുരോഹിതന്മാര് തമ്മില് കലഹം, അതുകഴിയുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് അടുത്ത സ്റ്റേജ് ഈ ദൈവം വസിക്കുന്ന പാളയത്തിനകത്തേക്ക് വ്യഭിചാരം കടന്നു വരികയാണ്.
പ്രിയപ്പെട്ടവരെ, നിങ്ങളിതിനെ യാദൃച്ഛികമായിട്ടോ ഇതിങ്ങനെ വെറുതെ ഇങ്ങനെ കണക്റ്റ് ചെയ്യുന്നതായിട്ടോ നിങ്ങൾ കാണരുത്.
ഞാൻ അത്രയും ജീവിതത്തിൽ നടന്നിട്ടുള്ള അനുഭവങ്ങളുടെ ബോധ്യത്തിൽ നിന്നാണ് ഞാനിത് പഠിച്ചത്, എനിക്കിത് മനസ്സിലായത്.
അതായത് അടുത്ത സ്റ്റേജ് എന്ന് പറയുന്നത് ഈ പാളയത്തിനകത്ത് പാപം നടക്കുകയാണ്; വ്യഭിചാരം നടക്കുകയാണ്.
ഇനി അടുത്ത സ്റ്റേജ് എന്തെന്നറിയാമോ?
ഇനിയിത് ഒരു സാധാരണ—നമ്മുടെ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ—അല്മായനാണ്, അല്ലെങ്കിൽ സാധാരണ വിശ്വാസിയാണ് ഇത് ചെയ്തത്; ഈ സ്ത്രീയുമായിട്ട് പാളയത്തിനകത്ത് വന്ന് പാപം ചെയ്യുന്നത്.
എന്നാൽ അടുത്ത സ്റ്റേജ് എന്തെന്നറിയാമോ?
സാമുവലിന്റെ പുസ്തകം ഒന്നാം അധ്യായത്തിലേക്ക് എത്തുമ്പോൾ പുരോഹിതന്മാര് തന്നെ അങ്ങനെ ചെയ്യാൻ തുടങ്ങി.
സാമുവലിന്റെ ഒന്നാം പുസ്തകം രണ്ടാം അധ്യായം: ഏലിയുടെ പുത്രന്മാർ ദുർമാർഗ്ഗികളും കർത്താവിനെ ബഹുമാനിക്കാത്തവരുമായിരുന്നു.
അവരെന്താ ചെയ്തതെന്നറിയാമോ?
അവര് ദൈവാലയത്തിൽ കർത്താവിനുള്ള ബലിയർപ്പിക്കുമ്പോൾ അവർക്ക് വേണ്ടി ഏറ്റവും ബെസ്റ്റ് പോർഷൻ മുപ്പല്ലി കൊണ്ട് കുത്തിയെടുത്ത് അവര് വീട്ടിൽ കൊണ്ടുപോകും.
എന്ന് പറഞ്ഞാൽ അവര് ആർത്തിയുള്ളവരായിട്ട് മാറി. അത് മാത്രമല്ല അവര് ചെയ്തത്, അവര് ചെയ്തതെന്തെന്നറിയാമോ?
സമാഗമ കൂടാരത്തിന്റെ പ്രവേശന കവാടത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീകളോടൊത്ത് അവര് വ്യഭിചാരം ചെയ്യാനും തുടങ്ങി.
ആരാണ്?
പുരോഹിതന്മാര്.
പ്രിയപ്പെട്ടവരെ, സ്റ്റേജ് എങ്ങനെയാണ് തുടങ്ങിയത്?
മുറ്റത്തിരുന്ന് കുറ്റം പറയുന്നവരിൽ തുടങ്ങി, വീടിനകത്ത് കുറ്റം പറയുന്നവരിൽ തുടങ്ങി, പിന്നെ അതുകഴിഞ്ഞിട്ട് പുരോഹിതന്മാര് മത്സരിക്കാൻ തുടങ്ങി, പിന്നെ അതുകഴിഞ്ഞിട്ട് സ്ത്രീകളെയും കൊണ്ട് പാളയത്തിനകത്തേക്ക് വരാൻ തുടങ്ങി, പിന്നെ അതുകഴിഞ്ഞിട്ട് പുരോഹിതന്മാര് തന്നെ ആരാധനാ സ്ഥലത്ത് വ്യഭിചാരം ചെയ്യാൻ തുടങ്ങി.
ഇത് കഴിയുമ്പോഴാണ് ഷീലോയിലെ ആരാധനാലയം തകർക്കപ്പെടുന്നത്.
ഷീലോയിലെ ആരാധനാലയം ഫിലിസ്ത്യർ വന്നു നശിപ്പിക്കുന്നത് ഇത് കഴിഞ്ഞിട്ടാണ്.
ഇത് നിങ്ങളുടെ മനസ്സിൽ വെച്ചിരിക്കുക; ഞാൻ ലെസ്സൺ, മെസ്സേജ് അവസാനം പറയാം.
ഇപ്പൊ ഇത്, ഈ ചരിത്രത്തിൽ നടന്നത് മനസ്സിൽ വെച്ചിരിക്കുക.
ഇനി, ഇത് കഴിഞ്ഞ് സോളമൻ ദൈവാലയം പണിതു കഴിയുമ്പോൾ ഇതുപോലെ തന്നെ—ഇതുപോലെ തന്നെ നിയമഗ്രന്ഥത്തെ അവഗണിച്ചു, വിഗ്രഹാരാധന പെരുകി, തിന്മ പെരുകി, ദൈവാലയത്തിനകത്ത് കച്ചവടം പെരുകി, പിറുപിറുപ്പ്, ആവലാതി, കുറ്റം പറച്ചിലെല്ലാം തുടർന്നു.
ഒടുവില് പുരോഹിതന്മാരും വിശ്വാസികളും ദൈവാലയം മലിനമാക്കി കഴിഞ്ഞപ്പോൾ ബാബിലോൺകാർ വന്ന് ആ ദൈവാലയം തകർത്തു.
ഇനി മൂന്നാമത്, സെറുബാബേൽ പണിത ദൈവാലയം.
അവിടെയും എസ്രാ-നെഹെമിയായുടെ പുസ്തകത്തിന്റെ അവസാന ഭാഗത്ത് നമ്മൾ വായിക്കുന്നുണ്ട്, അവിടെയും ഇതുപോലെ തന്നെ ഇതേ കാര്യങ്ങൾ ആവർത്തിക്കപ്പെട്ടു കഴിഞ്ഞപ്പോൾ അന്ത്യോക്കസ് എപ്പിഫാനസ് വന്ന് ഈ ദൈവാലയം മലിനമാക്കി.
അതുകഴിഞ്ഞ് യേശുവിന്റെ കാലമെത്തിയപ്പോൾ ഹേറോദേസ് പുതുക്കിപ്പണിത ദൈവാലയത്തിൽ കച്ചവടവും ഇതുപോലെ തന്നെ മത്സരവും കലഹവും ഇതെല്ലാം പെരുകിക്കഴിഞ്ഞപ്പോൾ റോമാക്കാര് വന്ന് ദൈവാലയം അശുദ്ധമാക്കി.
പ്രിയപ്പെട്ടവരെ, ഞാൻ ഇതിന്റെ പൊരുളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ കൊണ്ടുവരികയാണ്.
എന്താണ് ദൈവാലയം desecrated ആവാനുള്ള കാരണം?
പതുക്കെ പതുക്കെ ചെറിയ ചെറിയ ചെറിയ തിന്മകളിൽ തുടങ്ങി ഇത് വലിയ നാശത്തിലേക്ക് എത്തുമ്പോൾ, നമ്മൾ ഏത് സ്ഥലവും ദൈവം തിരഞ്ഞെടുത്ത ഏത് സ്ഥലവും മലിനമാകുന്നത് ഇങ്ങനെ പതുക്കെ പതുക്കെ പതുക്കെ പതുക്കെയാണ്.
ഈ പാപത്തിന്റെ പാമ്പ് ഇഴഞ്ഞിഴഞ്ഞിഴഞ്ഞ് പിന്നെ അത് പത്തി വിടർത്താൻ പോകുന്നത്.
എന്താണ് നമ്മൾ ശ്രദ്ധിക്കേണ്ടത്?
ഇത് നമ്മൾ ശ്രദ്ധിക്കേണ്ടത് എവിടെയൊക്കെയാണ്?
ഒന്ന്, നമ്മുടെ വ്യക്തിജീവിതത്തിൽ; രണ്ട്, നമ്മുടെ വീട്ടിൽ; മൂന്ന്, നമ്മുടെ ഇടവക പള്ളിയിൽ; നാല്, നമ്മുടെ ദൈവ ശുശ്രൂഷ നടക്കുന്ന സ്ഥലങ്ങളിൽ, സെന്ററുകളിൽ…
എല്ലായിടത്തും ശ്രദ്ധിക്കാനുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് മനസ്സിലായത് ഞാൻ പറഞ്ഞുതരികയാണ്: വെളിയിൽ നിന്നൊരാള് വന്ന് നമ്മുടെ വിശുദ്ധ സ്ഥലങ്ങളെ മലിനമാക്കാൻ ദൈവം അനുവദിക്കണമെങ്കിൽ—ഒന്നുകൂടെ ഞാൻ പറയാം—പുറത്തുനിന്നൊരാള് വന്ന് നമ്മുടെ വിശുദ്ധ സ്ഥലത്തെ അശുദ്ധമാക്കാൻ ദൈവം അനുവദിക്കണമെങ്കിൽ, അതിനുമുമ്പ് ഇതിനകത്തുള്ളവര് ഇത് അശുദ്ധമാക്കിയെങ്കിൽ മാത്രമേ ദൈവം അനുവദിക്കൂ.
അതായത്, ദൈവാലയത്തിന്റെ desecration തുടങ്ങുന്നത് വെളിയിലുള്ള അവിശ്വാസികളിൽ നിന്നല്ല; അകത്തുള്ള വിശ്വാസികളിൽ നിന്നാണ്.
നമ്മുടെ വിശുദ്ധ സ്ഥലങ്ങള് നമ്മള് മലിനമാക്കാത്ത പക്ഷം വെളിയിൽ നിന്നാരും വന്ന് മലിനമാക്കില്ല.
നമ്മള് മലിനമാക്കിയാൽ വെളിയിൽ നിന്നുള്ളവർ വരും; അവരത് നശിപ്പിക്കും.
നമ്മുടെ വിശുദ്ധ സ്ഥലങ്ങൾ പാവനമായിട്ട് നിലനിൽക്കണമെങ്കിൽ അതിനകത്തുള്ളവര് വിശുദ്ധരാവണം.
അപ്പൊ ഇവിടെയാണ് ഞാനിത് നിങ്ങളോട് പറയാൻ കാരണം: നമ്മുടെ ഇടവക ദൈവാലയങ്ങൾ ഒരുപാട് പേര് അനുഗ്രഹം പ്രാപിക്കാനുള്ള സ്ഥലമാണ്.
നമ്മുടെ വിശുദ്ധ സ്ഥലങ്ങൾ അശുദ്ധമാകാതെ ഇരിക്കണമെങ്കിൽ നമ്മൾ അവിടെ വിശുദ്ധി പാലിക്കണം; നമ്മൾ അത് ശ്രദ്ധിക്കണം.
അവിടെയുള്ള നമ്മള് എത്രത്തോളം വളരെ ഗൗരവത്തോടെ ജീവിക്കണമെന്നതിനെക്കുറിച്ച് നമുക്ക് വലിയ ധാരണകൾ ഉണ്ടാവണം.
പ്രിയപ്പെട്ടവരെ, അതുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാം.
നമുക്ക് ഒത്തിരി ഈ കാലഘട്ടങ്ങളിലുള്ള വലിയൊരു വേദനയാണ്, നമ്മുടെ വിശുദ്ധ സ്ഥലങ്ങളൊക്കെ മലിനമാവുന്നു.
അവിടെ വഴക്കുകൾ നടക്കുന്നു, അൾത്താരകളിൽ കേറി ബഹളമുണ്ടാക്കുന്നു.
അതുപോലെ തന്നെ ദൈവാലയങ്ങള് വഴക്കിന്റെയും കലഹത്തിന്റെയും സ്ഥലങ്ങളായി മാറുന്നു.
എല്ലാ സഭകളിലും വഴക്കുകളും കലഹങ്ങളും പെരുകുന്നു. പ്രിയപ്പെട്ടവരെ, ഇതൊരു അപകട സൂചനയാണ്.
ഈ മത്സരവും കലഹങ്ങളും ഒടുവിൽ നമ്മളെ എന്നെന്നേക്കുമായി നമ്മൾ വൈപ്പ് ഔട്ട് ചെയ്യപ്പെടുന്നതിന് ഇടയാക്കും.
ശത്രു വന്ന് നമ്മളെ നശിപ്പിക്കുന്നതിന് ഇടയാക്കും; പിശാച് കൈവെക്കുന്നതിന് ഇടയാക്കും. അതുകൊണ്ട് അത്തരം മേഖലകള് നമ്മൾ അനുതപിക്കണം. നമ്മൾ ബഹുമാനത്തോടെ പെരുമാറേണ്ട സ്ഥലങ്ങളില് ഭയഭക്തി ബഹുമാനത്തോടെ, ദൈവഭയത്തോടെ പെരുമാറാൻ നമ്മൾ ശ്രദ്ധിക്കണം.
അപ്പൊ അത് ഇന്നത്തെ ഒരു ചിന്തയായിട്ട് നിങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവരാം.
അതുകൊണ്ട് പരിശുദ്ധ കുർബാന അർപ്പിക്കുന്ന ബലിപീഠങ്ങളും വിശുദ്ധ സ്ഥലങ്ങളും എല്ലാം വളരെ വിശുദ്ധിയോടെ ഇടാൻ, അത് കാണാൻ, അങ്ങനെ നമ്മളതിനെ കരുതാൻ നമുക്ക് ഉത്തരവാദിത്വമുണ്ട് എന്ന് നമ്മൾ മറന്നുപോകരുത്.
ഇന്നത്തെ നമ്മൾ പരിശീലിക്കേണ്ട ആ പുണ്യം എന്ന് പറയുന്നത് കേൾക്കാനുള്ള സന്മനസ്സ്; അതായത്, ‘willingness to listen’.
മറ്റുള്ളവര് പറയുന്നത് കേൾക്കാനുള്ള മനസ്സ്. നമുക്ക് ഒത്തിരി പറയാനാണ് ഇഷ്ടം.
പക്ഷേ, മറ്റുള്ളവരെ കേൾക്കാൻ—listening capacity—അത് നമുക്കുണ്ടാവണം.
അത് ഒരു ദൈവമനുഷ്യന്റെ പ്രത്യേകതയാണ്.
എന്താണ്?
മറ്റുള്ളവർ എന്താണ് പറയുന്നത് എന്ന് കേൾക്കാനുള്ള ഒരു മനസ്സ്. അപ്പൊ അതുകൊണ്ട് അത് നമുക്കുണ്ടാവാൻ…
അതുണ്ടായാലുള്ള ഒരു ഗുണം നമ്മൾ ദൈവത്തെയും കേൾക്കാൻ തുടങ്ങും.
അല്ലെങ്കിൽ നമ്മളെപ്പോഴും ഇങ്ങനെ പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് പറഞ്ഞുകൊണ്ടേയിരിക്കും; നമ്മൾ ദൈവം പറയുന്നതൊന്നും കേൾക്കത്തില്ല.
അതുകൊണ്ട് നമുക്ക് പ്രാർത്ഥനയിലാണെങ്കിലും മനുഷ്യരോട് നമ്മൾ ഇടപെടുമ്പോഴാണെങ്കിലും ഒക്കെ നമുക്ക് ശ്രവിക്കാനുള്ള ഒരു സന്നദ്ധത…
അപ്പൊ സംസാരിക്കുന്നതിൽ—വചനം പറയുന്നുണ്ട്—സംസാരിക്കുന്നതിൽ തിടുക്കം കൂട്ടാത്തവരും കേൾക്കുന്നതിൽ നിങ്ങൾ കേൾക്കുന്നതിൽ ശ്രദ്ധയുള്ളവരും താല്പര്യമുള്ളവരും ആയിരിക്കണം.
അപ്പൊ അത് നമ്മുടെ മനസ്സിലേക്ക് വെക്കാം.
അപ്പൊ എപ്പോഴും ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് പകരം കുറച്ച് എന്താണ് പ്രകൃതി പറയുന്നത്, എന്താണ് ഈ ശാന്തത നമ്മളോട് പറയുന്നത്, എന്താണ് മറ്റുള്ളവര് പറയുന്നത് അതൊക്കെ ഒന്ന് ശ്രദ്ധിക്കാൻ നമുക്ക് ഇന്നത്തെ ദിവസം പ്രയോജനപ്പെടുത്താം.
നമുക്ക് കർത്താവിനോട് നമ്മൾ നടത്തുന്ന പ്രാർത്ഥന ഇതാണ്, സോളമൻ പ്രാർത്ഥിച്ച പ്രാർത്ഥന: ദൈവമേ, ശ്രവിക്കുന്ന ഒരു ഹൃദയം എനിക്ക് തരണമേ;
‘Give me a listening heart’.
കർത്താവേ, ശ്രവിക്കുന്ന ഒരു ഹൃദയം എനിക്ക് തരണമേ.
ടാസ്ക് എന്താണ്? പറയാൻ വെമ്പല് വരുമ്പോഴെല്ലാം അതിനെ നടക്കുക, അതാണ് ടാസ്ക്.
അത് പറയാൻ, അത് 10 പ്രാവശ്യം ആലോചിച്ചിട്ടേ ഒരു കാര്യം പറയണോ വേണ്ടയോ എന്ന് തീരുമാനിക്കാവൂ.
പെട്ടെന്നിങ്ങ് ഒരു കാര്യം പറയാൻ തോന്നുമ്പോൾ അത് പറയണ്ടാന്നങ്ങ് വെക്കുക.
അങ്ങനെ സംസാരിക്കുന്നതിൽ തിടുക്കം കൂട്ടാത്തവരായിട്ട് മാറുക; കേൾക്കാൻ ശ്രദ്ധിക്കുക.
അതൊരു ടാസ്ക് ആയിട്ട് നമുക്ക് എടുക്കാം.
നമുക്ക് ഇന്നത്തെ ആശീർവാദം സ്വീകരിക്കുമ്പോൾ അതിനാവശ്യമായ കൃപ പരിശുദ്ധാത്മാവ് തരികയും ചെയ്യും.
ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ആരാധനയും ആശീർവാദ പ്രാർത്ഥനയും
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
പ്രിയമുള്ളവരെ, ഇന്നത്തെ ആരാധനയില് നമ്മൾ നമ്മുടെ വാക്കോ, നമ്മുടെ സംസാരമോ, നമ്മുടെ നിലപാടുകളോ, പ്രവർത്തികളോ, പാപമോ മൂലം നമ്മുടെ കുടുംബങ്ങളോ, ദൈവാലയങ്ങളോ, വിശുദ്ധ സ്ഥലങ്ങളൊക്കെ മലിനമാകുന്നതിന് ഇടയായിട്ടുണ്ടെങ്കിൽ കർത്താവിനോട് മാപ്പ് ചോദിക്കാം.
കർത്താവ് നമ്മളെ വിശുദ്ധ സ്ഥലങ്ങളുടെ പാവനതയും പവിത്രതയും കാത്തുസൂക്ഷിക്കാൻ ഏല്പിച്ച ഉത്തരവാദിത്വം നമുക്കൊരിക്കൽക്കൂടി ഏറ്റെടുക്കാം.
തോട്ടം സൂക്ഷിക്കാനും തോട്ടം കാക്കാനുമാണ് ആദത്തെ ദൈവം ഏല്പിച്ചത്.
നമുക്ക് നമ്മളെ ഏൽപ്പിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം വിശുദ്ധമായി കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്.
അത് തിരിച്ചറിയാൻ ഇന്ന് കൃപ തരണമേ എന്ന് അപേക്ഷിക്കാം.
നല്ല ദൈവമേ കർത്താവേ, ഞങ്ങളുടെ ജീവിതത്തില് ഞങ്ങളുടെ വാക്കും ചിന്തയും പ്രവർത്തിയും മൂലം വിശുദ്ധ സ്ഥലങ്ങള്, ഞങ്ങളുടെ ഭവനം മുതല് പലയിടങ്ങളും അശുദ്ധമാകുന്നതിന് ഇടയായിട്ടുണ്ട്.
ഞങ്ങൾ ജീവിച്ച പരിസരങ്ങളിൽ ഞങ്ങൾ പാപം വിതച്ചിട്ടുണ്ട്. കർത്താവേ, ഞങ്ങൾ പാപത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.
അതെല്ലാം ഓർത്ത് മാപ്പ് ചോദിക്കുന്നു.
കർത്താവേ, ഞങ്ങളുടെ വീടുകളെ വിശുദ്ധമാക്കണമേ. ഞങ്ങളുടെ ഇടവക ദൈവാലയങ്ങളെ വിശുദ്ധീകരിക്കണമേ.
ഞങ്ങളുടെ ആത്മീയ സങ്കേതങ്ങളെ കൂടുതൽ കൂടുതൽ വിശുദ്ധിയിൽ നിലനിർത്തണമേ. ദൈവമേ, അതിനെ അശുദ്ധമാക്കാൻ പിശാച് ഒരുക്കുന്ന എല്ലാ കെണികളും തിരിച്ചറിയാനും നശിപ്പിച്ചു കളയാനും ഞങ്ങളെ സഹായിക്കണമേ.
ഞങ്ങളുടെ കണ്ണ് ആ മേഖലയിൽ അവിടുന്ന് തുറന്നു തരണമേ.
ഞങ്ങൾക്ക് വിശുദ്ധ സ്ഥലങ്ങളെക്കുറിച്ചുള്ള വലിയ ഭാരം ഉണ്ടാവാൻ ഞങ്ങളെ സഹായിക്കണമേ.
കർത്താവേ, എല്ലാ അശുദ്ധികളും തിന്മകളും ഞങ്ങളുടെ വിശുദ്ധ ഇടങ്ങളിൽ നിന്ന് അവിടുന്ന് നീക്കിക്കളയണം എന്ന് പ്രാർത്ഥിക്കുന്നു.
നമുക്ക് ഈയൊരു പ്രാർത്ഥനയോടെ ദിവ്യകാരുണ്യ ആശീർവാദം സ്വീകരിക്കാം.
കാരുണ്യവാനായ കർത്താവ് ദിവ്യകാരുണ്യ ആശീർവാദത്തിലൂടെ നിങ്ങളെയും നിങ്ങളുടെ ശരീരത്തെ, നിങ്ങളുടെ ജീവിതത്തെ, നിങ്ങളുടെ കുടുംബത്തെ, നിങ്ങളുടെ പ്രാർത്ഥനാ ഇടങ്ങളെ, ആത്മീയ സങ്കേതങ്ങളെ വിശുദ്ധീകരിച്ച് അനുഗ്രഹിക്കട്ടെ.
ശരീരത്തിലും മനസ്സിലും ആത്മാവിലും വിശുദ്ധി കാത്തുസൂക്ഷിക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ.
നിങ്ങളുടെ വീട്, വീട് നിൽക്കുന്ന മണ്ണ്, വീട്ടിലെ മുറികള്, ഉപകരണങ്ങള്, ഉപയോഗ വസ്തുക്കള്, നിങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ സ്ഥലങ്ങളും വിശുദ്ധീകരിക്കപ്പെടട്ടെ.
അവിടേക്ക് ദൈവത്തിന്റെ പ്രകാശവും ശക്തിയും കടന്നുവരട്ടെ. കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് നാലുദിക്കുകളിലേക്കും കർത്താവിന്റെ ശക്തി ഒഴുകി എല്ലായിടങ്ങളും വിശുദ്ധീകരിക്കപ്പെടട്ടെ.
കർത്താവിന്റെ സാന്നിധ്യമുള്ള ഇടമായി നിങ്ങൾ ജീവിക്കുന്ന ഇടങ്ങൾ മാറട്ടെ; ഇപ്പോഴും എപ്പോഴും എന്നേക്കും
ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply