പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.

​ഈശോയിൽ ഏറ്റവും സ്നേഹമുള്ള സഹോദരങ്ങളേ,

​നമ്മുടെ ദിവ്യകാരുണ്യ വിമോചന യാത്രയിലെ ഇരുപത്തിയൊന്നാമത്തെ ദിവസത്തിലേക്ക് കടക്കുകയാണ്.

ഈ ദിവസം നിങ്ങളെ എല്ലാവരെയും ഒത്തിരി സ്നേഹത്തോടെ ഞാൻ പ്രാർത്ഥനയോടെ ഓർക്കുന്നു.

നിങ്ങളെ സന്തോഷത്തോടെ ഈ യാത്രയിൽ പങ്കുചേരുന്ന നിങ്ങളുടെ ഉത്സാഹത്തിന് ഞാൻ നന്ദി പറയുന്നു.

​നമ്മൾ അടുത്ത ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഈ ഇരുപത്തിയൊന്നാമത്തെ ദിവസം മുതൽ കൂടുതൽ ആഴമായ ഒരു ദൈവബന്ധം നമുക്കുണ്ടാവാൻ നമ്മൾ കൂടുതൽ കർത്താവിനെ ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുകയാണ്.

ഈ 40 ദിവസത്തെ പ്രാർത്ഥനയിൽ നിങ്ങളുടെ കുടുംബം മുഴുവൻ വലിയ തീക്ഷ്ണതയോടെ പങ്കുചേരണം എന്ന് ഞാൻ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

​നമ്മുടെ ഇന്നത്തെ വചന ചിന്തയ്ക്കായി എടുക്കുന്നത് സങ്കീർത്തനം 132-ലെ ഒരു വാക്യമാണ്.

132-ാം സങ്കീർത്തനത്തിന്റെ 13-ാമത്തെയും 14-ാമത്തെയും വാക്യം:

​”കർത്താവ് സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാൻ അവിടുന്ന് ആഗ്രഹിച്ചു.

ഇതാണ് എന്നേക്കും എന്റെ വിശ്രമസ്ഥലം; ഞാൻ ഇവിടെ വസിക്കും, എന്തെന്നാൽ ഞാൻ അത് ആഗ്രഹിച്ചു.”

​ഇത് ദൈവാലയത്തെക്കുറിച്ചുള്ള ഒരു വാക്യമാണ്.

ദൈവാലയം

​നമ്മൾ ഇന്ന് ചിന്തിക്കാൻ പോകുന്നത് യഹൂദന്റെ ദൈവാലയവുമായി ബന്ധപ്പെട്ട് ബൈബിളിൽ പറഞ്ഞിരിക്കുന്ന കുറച്ച് ദൈവീകമായ കാര്യങ്ങൾ, അതിന്റെ ഒരു ചരിത്രവഴി, ദൈവാലയം എങ്ങനെയാണ് സ്ഥാപിക്കപ്പെട്ടത്, ദൈവാലയത്തിലേക്ക് നയിച്ച കാര്യങ്ങൾ എന്താണ്, എന്താണ് അതിന് ഇന്ന് നമ്മുടെ ക്രിസ്തീയ ജീവിതത്തിലുള്ള പ്രാധാന്യം എന്നിവയാണ്.

ഈ കാര്യങ്ങളാണ് ഇന്ന് ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.

​യഹൂദന്റെ ദൈവാലയം എന്ന സങ്കൽപം തുടങ്ങുന്നത് ‘ബലിപീഠം’ എന്ന ആ സങ്കൽപത്തിലാണ്.

ബലിപീഠം എന്താണെന്ന് നമ്മൾ നേരത്തെ വിശദീകരിച്ചിരുന്നു.

അദൃശ്യനായ ദൈവം, അരൂപിയായ ദൈവം നമ്മുടെ ഇടയിലേക്ക് വന്ന് നമ്മുടെ ജീവിതത്തിൽ ഇടപെടാൻ ആഗ്രഹിക്കുമ്പോൾ അവിടുന്ന് ഇറങ്ങിവന്ന് നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന മാധ്യമമാണ് ബലിപീഠം.

അങ്ങനെ കായേനും ആബേലും ബലിയർപ്പിച്ചപ്പോൾ അവർ ഒരു ബലിപീഠം പണിത കാര്യം ഞാൻ സൂചിപ്പിച്ചു.

പിന്നീട് നോഹ ബലിപീഠം പണിതു, ബലിയർപ്പിച്ചു. പിന്നെ അബ്രാഹാം കാനാൻ ദേശത്തുവെച്ച് ബലിപീഠം പണിതത് നമ്മൾ കണ്ടു. യാക്കോബ് ബലിയർപ്പിച്ച് ബലിപീഠം പണിയുന്നത് നമ്മൾ കണ്ടു.

​പിന്നീട് നമ്മൾ ഇസ്രായേലിന്റെ ചരിത്രത്തിലേക്ക് വരുമ്പോൾ ഈ ബലിപീഠം എന്ന ആ ആരാധനാസ്ഥലം കുറച്ചുകൂടെ വ്യാപകമായ വിധത്തിൽ വളരുന്നത് നമ്മൾ കാണുകയാണ്.

അതിന്റെ ഒരു വളർച്ച എങ്ങനെയാണെന്ന് ചോദിച്ചാൽ, പിന്നീട് മരുഭൂമിയിലേക്ക് അവർ എത്തിക്കഴിഞ്ഞപ്പോൾ, ഇസ്രായേൽ ഈജിപ്തിൽ നിന്ന് പുറത്തുവന്ന് മരുഭൂമിയിലേക്ക് വന്നപ്പോൾ സീനായ് മലയുടെ അടിവാരത്തിൽ വെച്ച് ദൈവം മോശയ്ക്ക് മലമുകളിൽ വെച്ച് കൊടുത്ത ദർശനം അനുസരിച്ച് അവർ ‘സമാഗമ കൂടാരം’ പണിതു.

ഇതാണ് ദൈവാലയവുമായി ബന്ധപ്പെട്ട അവരുടെ രണ്ടാമത്തെ ഘട്ടം.

ആദ്യത്തെ ഘട്ടം ബലിപീഠങ്ങൾ (ഒറ്റപ്പെട്ട ബലിപീഠങ്ങൾ അവിടെയും ഇവിടെയുമെല്ലാം).

​രണ്ടാമത്തെ ഘട്ടം ടാബർനക്കിൾ (Tabernacle) ആണ് — സമാഗമ കൂടാരം. അതൊരു കൂടാരമാണ്, ഒരു ടെന്റാണ്.

അതിന് കൃത്യമായി വേർതിരിച്ചു പറയാവുന്ന മൂന്ന് ഭാഗങ്ങളുണ്ട്:

അതിനു ​ഏറ്റവും വെളിയിലുള്ള ഭാഗമാണ് പുറത്തെ പ്രാകാരം അഥവാ മുറ്റം (Outer Court).

ഈ ​മുറ്റം കഴിഞ്ഞാൽ ഒരു തിരശ്ശീല; തിരശ്ശീല കഴിഞ്ഞാൽ അകത്തുള്ള സ്ഥലമാണ് വിശുദ്ധ സ്ഥലം (Holy Place).

​അതുകഴിഞ്ഞാൽ കുറേക്കൂടെ കട്ടിയുള്ള അടുത്ത സ്ഥലം അതിനെ വേർതിരിക്കുന്ന രണ്ടാമത്തെ തിരശ്ശീല; അതുകഴിഞ്ഞാൽ അതിവിശുദ്ധ സ്ഥലം (Holy of Holies).

​ഇങ്ങനെ മൂന്ന് ഭാഗങ്ങൾ യഹൂദന്റെ സമാഗമ കൂടാരത്തിനുണ്ടായിരുന്നു.

ഇത് നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കുക.

യഹൂദന്റെ സമാഗമ കൂടാരത്തിന് കൃത്യമായി വേർതിരിക്കാവുന്ന മൂന്ന് ഭാഗങ്ങളുണ്ട്:

​പുറത്തെ പ്രാകാരം (മുറ്റം / Outer court)

​അതുകഴിഞ്ഞാൽ ഒരു തിരശ്ശീല, വിശുദ്ധ സ്ഥലം (Holy place)

​അതുകഴിഞ്ഞാൽ അടുത്ത കട്ടിയുള്ള, കുറെക്കൂടി വളരെ കട്ടിയുള്ള മറ്റൊരു തിരശ്ശീല, അതുകഴിഞ്ഞാൽ അതിവിശുദ്ധ സ്ഥലം

​ഇനി ഇതുകഴിഞ്ഞ് സമാഗമ കൂടാരം അവര് എവിടെ ചെന്നു, കാനാൻ ദേശത്തേക്ക് എത്തിച്ചേർന്നു.

അവര് കാനാൻ ദേശത്ത് എത്തിച്ചേർന്നു കഴിയുമ്പോൾ സമാഗമ കൂടാരം അവര് കൊണ്ടുപോയി ‘ഷീലോ’ എന്ന് പറയുന്ന സ്ഥലത്താണ് സ്ഥാപിക്കുന്നത്; ഷീലോ (Shiloh).ഷീലോ നിങ്ങൾക്ക് പരിചയമുണ്ട്.

സാമുവൽ പ്രവാചകൻ തന്റെ ശുശ്രൂഷ ആരംഭിക്കുന്നത് ഷീലോയിലെ ആരാധനാലയത്തിൽ വാഗ്ദാനപേടകത്തിന് അടുത്ത് അദ്ദേഹം കിടന്നുറങ്ങുമ്പോഴാണ് കർത്താവ് വിളിക്കുന്നതൊക്കെ.

ഷീലോ —ഏലി പുരോഹിതൻ ശുശ്രൂഷ ചെയ്ത, ഹന്നാ വന്ന് പ്രാർത്ഥിക്കുന്ന ആ സ്ഥലമാണത്.

ഷീലോയിലാണ് ഈ സമാഗമ കൂടാരം കൊണ്ടുപോയി അവര് വെച്ചത്.

​പിന്നെ അവരുടെ ചരിത്രത്തിൽ സംഭവിച്ചത് ഫിലിസ്ത്യര് വന്ന് ഈ സമാഗമ കൂടാരം തകർത്തുകളഞ്ഞു. വാഗ്ദാനപേടകം തട്ടിയെടുത്ത് കൊണ്ടുപോവുകയും ചെയ്തു. അങ്ങനെ ഷീലോയിലെ ആരാധനാലയം തകർക്കപ്പെട്ടു.

​അതുകഴിഞ്ഞപ്പോൾ സമാഗമ കൂടാരവും ബലിപീഠവും അതുമായി ബന്ധപ്പെട്ട് വാഗ്ദാനപേടകം ഒഴിച്ചുള്ള ബാക്കി എല്ലാ കാര്യങ്ങളും അവര് ‘ഗിബെയോൻ’ എന്ന് പറയുന്ന സ്ഥലത്ത് ഒരു പൂജാഗിരിയുണ്ട്, ആ ഗിബെയോനിലെ പൂജാഗിരിയിൽ അവര് സമാഗമ കൂടാരം പിന്നെ കൊണ്ടുപോയി സ്ഥാപിച്ചു. അവിടെയാണ് സോളമനൊക്കെ പോയി ബലിയർപ്പിച്ചത്, ദാവീദൊക്കെ പോയി ബലിയർപ്പിച്ചത് ഈ ഗിബെയോനിലാണ്.

​അപ്പോ ഞാൻ പറഞ്ഞു വന്നത്: ആദ്യത്തെ സ്റ്റേജ് ബലിപീഠം, രണ്ടാമത്തേത് സമാഗമ കൂടാരം.

സമാഗമ കൂടാരം ആദ്യം ഷീലോയിൽ, പിന്നെ ഗിബെയോനിൽ.

​ഇതുകഴിഞ്ഞാൽ പിന്നെ നമ്മൾ അതിന്റെ ചരിത്രം കാണുമ്പോൾ, ഇവര് സോളമന്റെ കാലം എത്തുമ്പോഴേക്കും ടെമ്പിൾ മൗണ്ടിൽ (അബ്രാഹം ഇസഹാക്കിനെ ബലികഴിക്കാൻ തുടങ്ങിയ സ്ഥലത്ത്) സോളമൻ വലിയ ഒരു ബ്രഹ്മാണ്ഡ ദൈവാലയം പണിതു.

ആ ദൈവാലയത്തിനും ഇതുപോലെതന്നെ മുറ്റം, അതുപോലെ വിശുദ്ധ സ്ഥലം, അതിവിശുദ്ധ സ്ഥലം—ഇങ്ങനെ മൂന്ന് ഭാഗങ്ങൾ ആ ദൈവാലയത്തിനും ഉണ്ട്.

ആ ദൈവാലയം പണിതു കഴിഞ്ഞപ്പോൾ പിന്നെ ഈ സമാഗമ കൂടാരം അധികം ശ്രദ്ധിക്കാതെയായി.

സോളമന്റെ ദൈവാലയത്തിലായി പിന്നെ ആരാധന.

അപ്പോ ദൈവാലയത്തിന്റെ മൂന്നാമത്തെ ഘട്ടമായിട്ട് നിങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടത് ‘സോളമന്റെ ദൈവാലയം’.

​അപ്പോ ബലിപീഠം, സമാഗമ കൂടാരം, മൂന്നാമത്തെ സ്റ്റേജ് ആണ് സോളമന്റെ ദൈവാലയം.

അതിനെ ഒന്നാം ദൈവാലയം എന്നാണ് യഹൂദന്റെ ചരിത്രത്തിൽ വിളിക്കുന്നത്—ഫസ്റ്റ് ടെമ്പിൾ (First Temple), ഒന്നാമത്തെ ദൈവാലയം.

​ഈ സോളമന്റെ ദൈവാലയം ബി.സി. 587-ൽ ബാബിലോൺകാര് വന്ന് തകർത്തുകളഞ്ഞു, കത്തിച്ച് ഇല്ലാതാക്കി.

അപ്പോ സോളമന്റെ ദൈവാലയം 587 ബി.സി.യിൽ ഇല്ലാതായി.

​ഇനി ഇതുകഴിഞ്ഞ് ജനം ബാബിലോണിലേക്ക് നാടുകടത്തപ്പെട്ടു; പ്രവാസം.

70 കൊല്ലം കഴിഞ്ഞ് ഇവര് തിരിച്ചുവരുമ്പോൾ അവരുടെ നേതാവായിരുന്ന ആളുടെ പേരാണ് സെറൂബാബേൽ.

സെറൂബാബേലിന്റെ നേതൃത്വത്തിൽ തിരിച്ചുവന്ന ജനം 70 കൊല്ലം കഴിഞ്ഞ് രണ്ടാമത് ഒരു ദൈവാലയം കൂടി പണിതു. അതിനെ സെക്കൻഡ് ടെമ്പിൾ (Second Temple) എന്നാണ് വിളിക്കുന്നത്, രണ്ടാം ദൈവാലയം.

അതിനെ നമുക്ക് മനസ്സിലാവാൻ വേണ്ടി ‘സെറൂബാബേലിന്റെ ദൈവാലയം’ എന്ന് വിളിക്കാം.

​അപ്പോ ഇതുവരെ പറഞ്ഞ ഘട്ടങ്ങൾ: ഒന്ന്, അബ്രാഹാം, ഇസഹാക്ക്, യാക്കോബ്, നോഹ, കായേൻ, ആബേൽ തുടങ്ങിയവരെല്ലാം ബലിപീഠങ്ങൾ പണിതു. ഇതാണ് ദൈവാലയത്തിന്റെ ആദ്യ രൂപം.

അതുകഴിയുമ്പോൾ സമാഗമ കൂടാരം. അതുകഴിയുമ്പോൾ സോളമന്റെ ദൈവാലയം. നാലാമത്തെ ഘട്ടമാണ് സെറൂബാബേലിന്റെ ദൈവാലയം; അതിനെ സെക്കൻഡ് ടെമ്പിൾ എന്നാണ് വിളിക്കുന്നത്.

​ആ സെറൂബാബേലിന്റെ ദൈവാലയം പിന്നെയും കുറച്ചുകാലം മുന്നോട്ടു നീങ്ങിക്കഴിയുമ്പോൾ അന്തിയോക്കസ് എപ്പിഫാനസ് എന്ന് പേരുള്ള സിറിയൻ രാജാവ് (അന്ത്യോക്യൻ രാജാവ്) വന്ന് ഈ ദൈവാലയത്തെ അശുദ്ധമാക്കുകയും ദൈവാലയത്തിന്റെ പല ഭാഗങ്ങളും നശിപ്പിക്കുകയും ചെയ്തു. പൂർണ്ണമായും തകർത്തില്ല, പക്ഷേ ദൈവാലയത്തെ ഡെസെക്രേറ്റ് (desecrate) ചെയ്തു, മലിനമാക്കി, നശിപ്പിച്ചു; അതിന്റെ പവിത്രത നശിപ്പിച്ചു.

ഏതാണ്ട് മൂന്നര വർഷത്തോളം അന്തിയോക്കസിന്റെ നിയന്ത്രണത്തിലായിരുന്നു ദൈവാലയം.

അവിടെ വിജാതീയ ബലികൾ, പന്നികളെ ബലിയർപ്പിക്കുക, ഇതെല്ലാം ആ ദൈവാലയത്തെ വേശ്യാലയമാക്കി മാറ്റി അങ്ങനെ ഒത്തിരി ദുരിതങ്ങൾ ആ കാലത്ത് നടന്നു.

​ആ കാലഘട്ടത്തിനു ശേഷം മൂന്നര വർഷം കഴിയുമ്പോൾ യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തിൽ ഈ ദൈവാലയം തിരിച്ചുപിടിച്ചു, അന്തിയോക്കസിനെ തോൽപ്പിച്ചു.

അങ്ങനെ ദൈവാലയം യൂദാസിന്റെ നേതൃത്വത്തിൽ വീണ്ടും പ്രതിഷ്ഠിച്ചു.

അതിനെ ദൈവാലയത്തിന്റെ പ്രതിഷ്ഠാ തിരുനാൾ—’ഹാനൂക്കാ ഫെസ്റ്റിവൽ’ (Hanukkah) എന്ന് പറഞ്ഞ് യഹൂദന്മാർ ഇപ്പോഴും അത് ആഘോഷിക്കാറുണ്ട്, ദൈവാലയത്തിന്റെ പ്രതിഷ്ഠാ തിരുനാൾ. ഇപ്പോഴും അവർക്കുള്ള, യഹൂദർക്കുള്ള ഒരു ആഘോഷമാണ്.

ഇസ്രായേലിൽ ആ ദിവസം വലിയൊരു ആഘോഷത്തിന്റെ ദിവസമാണ്, എട്ടു ദിവസം നീളുന്ന ആഘോഷമാണ് ഹാനൂക്കാ.

അപ്പോ അത് എപ്പോഴാണ്? അന്തിയോക്കസ് ദൈവാലയം അശുദ്ധമാക്കി കഴിഞ്ഞപ്പോൾ യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തിൽ അവര് ദൈവാലയം തിരിച്ചുപിടിച്ച്, വീണ്ടും വിശുദ്ധീകരിച്ച്, വീണ്ടും പ്രതിഷ്ഠിച്ച്—അതാണ് ദൈവാലയത്തിന്റെ അടുത്ത ഘട്ടം.

അപ്പോ ബലിപീഠം, സമാഗമ കൂടാരം, സോളമന്റെ ദൈവാലയം, സെറൂബാബേലിന്റെ ദൈവാലയം, പിന്നീട് യൂദാസ് സെറൂബാബേലിന്റെ ദൈവാലയത്തെ നവീകരിച്ചത്; അത് ദൈവാലയത്തിന്റെ ഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.

​യേശുവിന്റെ കാലം എത്തുമ്പോൾ നിലനിന്നിരുന്നത് ഈ യൂദാസ് നവീകരിച്ച ദൈവാലയമാണ്.

ആ ദൈവാലയം അന്നത്തെ യഹൂദന്മാരുടെ ഭരണാധികാരിയാണെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ഹേറോദേസ്—’മഹാനായ ഹേറോദേസ്’ എന്നാണ് അദ്ദേഹത്തെ ചരിത്രത്തിൽ വിളിക്കുന്നത്—ഈ മഹാനായ ഹേറോദേസ് ആ ദൈവാലയം പുതുക്കിപ്പണിയാൻ തുടങ്ങി, വലുതാക്കാൻ തുടങ്ങി, മോടിപിടിപ്പിക്കാൻ തുടങ്ങി.

കർത്താവിന്റെ കാലത്ത് ഈശോ കുരിശിൽ മരിക്കുന്ന സമയമൊക്കെ എത്തുമ്പോൾ അപ്പോഴും അതിന്റെ നിർമ്മാണം തുടർന്നു കൊണ്ടിരിക്കുകയായിരുന്നു.

അപ്പോ ‘ഹേറോദേസിന്റെ പുനർനിർമ്മാണം’ എന്ന് നമുക്ക് ആ ഘട്ടത്തെ വിളിക്കാം.

​അപ്പോ ഈ പേരുകൾ നിങ്ങൾ ഓർത്തിരിക്കുക:

​പൂർവ്വപിതാക്കന്മാര് ബലിപീഠം പണിതത്

​മോശ സമാഗമ കൂടാരം പണിതത്

​അതിനുശേഷം സോളമന്റെ ദൈവാലയം

​സെറൂബാബേലിന്റെ ദൈവാലയം

​പിന്നീട് യൂദാസ് നവീകരിക്കുന്നത്

​ഇപ്പോൾ യേശുവിന്റെ കാലം എത്തുമ്പോൾ ഹേറോദേസ് നവീകരിക്കുന്നതും മോടിപിടിപ്പിക്കുന്നതും

​എ.ഡി. 70 എത്തുമ്പോഴേക്കും ഈ ദൈവാലയം കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർക്കപ്പെട്ടു.

റോമൻ പട്ടാളക്കാര് വന്ന് പരിപൂർണ്ണമായി ഈ ദൈവാലയം കത്തിച്ച് ഇല്ലാതാക്കി.

അതോടുകൂടി യഹൂദന്റെ ദൈവാലയം ഇല്ലാതായി.

​അവിടെ ഇപ്പോൾ ആ ദൈവാലയം നിന്ന സ്ഥലത്ത് മുസ്ലീങ്ങളുടെ ഒരു മോസ്ക് നിൽപ്പുണ്ട്.

ആ ദൈവാലയം ടെമ്പിൾ മൗണ്ടിന്റെ ആ മതില് കെട്ടിയിരുന്ന സ്ഥലത്ത് മതില് പൊളിഞ്ഞു കിടക്കുന്ന സ്ഥലത്തെ ഇന്ന് വിളിക്കുന്നത് ‘വിലാപത്തിന്റെ മതിൽ’ (Wailing Wall) എന്നാണ്.

അവിടെ നിങ്ങൾ ഇസ്രായേലിൽ പോയാൽ കാണാൻ പറ്റും, തൊപ്പിയും തലപ്പാവുമൊക്കെ വെച്ച യഹൂദന്മാർ ആ വിലാപത്തിന്റെ തകർന്നു കിടക്കുന്ന മതിലിൽ തലയിടിച്ച് കരയുന്നത് കാണാം.

അത് അവരുടെ ദൈവാലയം തകർന്നുപോയതിന്റെ ഇന്നും അവസാനിക്കാത്ത ദുഃഖത്തിന്റെ ഒരു നിതാന്ത പ്രതീകം എന്നോണം ഇന്നും ഇസ്രായേലിൽ സന്ദർശകർക്ക് കാണാൻ പറ്റും, ഇങ്ങനെ തലയിടിച്ച് കരയുന്ന യഹൂദനെ കാണാൻ പറ്റും.

​അപ്പോ എ.ഡി. 70 എത്തുമ്പോഴേക്കും യഹൂദന്റെ ദൈവാലയം പൂർണ്ണമായും തകർക്കപ്പെട്ടു.

പിന്നെ ഇപ്പൊ 2026 ആയി, പിന്നെ ഇതുവരെയും യഹൂദന് ദൈവാലയം പണിയാൻ കഴിഞ്ഞിട്ടില്ല.

​ഇത്രയും ചരിത്രം മനസ്സിൽ വെച്ചിട്ട് ഞാൻ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടെ നിങ്ങൾ കാണണം.

ദൈവത്തിന്റെ പദ്ധതി അനുസരിച്ച് യഹൂദന്റെ ദൈവാലയം എന്ന സങ്കൽപ്പം ഇല്ലാതായി.

ഇനി യഹൂദന് ഒരു ദൈവാലയം ആവശ്യമില്ല എന്ന് ദൈവം തീരുമാനിച്ചു.

ദൈവാലയം ഇല്ലാതായതോടുകൂടി ഞാൻ ഒരു എപ്പിസോഡിൽ പഴയനിയമത്തിലെ അഞ്ച് ബലികളെക്കുറിച്ച് പറഞ്ഞിരുന്നു, ബലിയർപ്പണങ്ങളും അവിടെ ഇല്ലാതായി.

ഇപ്പോൾ ഇസ്രായേലിൽ നിങ്ങൾ പോയാൽ യഹൂദര് ബലിയർപ്പിക്കാറില്ല, കാരണം അവർക്ക് ദൈവാലയം ഇല്ല.

ബലിയർപ്പണവും ഇല്ലാതായി, ദൈവാലയവും ഇല്ലാതായി.

​അപ്പോ ഈ ഘട്ടത്തിൽ നമ്മളൊരു ചോദ്യം ചോദിക്കണം; വിശ്വാസികൾ, ക്രിസ്ത്യാനികൾ ഒരു ചോദ്യം ചോദിക്കണം.

എന്താണ് ചോദിക്കേണ്ടത്? എന്തുകൊണ്ട് ദൈവം പറഞ്ഞിട്ട് നിർമ്മിച്ച ഈ ദൈവാലയം തകർക്കാൻ ദൈവം അനുവദിച്ചു? അത് പുനർനിർമ്മിക്കാൻ ദൈവം അനുവദിച്ചില്ല? എന്തുകൊണ്ട് യഹൂദന്റെ സകല ബലികളും നിർത്തലാക്കപ്പെടാൻ ദൈവം ഇടയാക്കി?

​ഈ ചോദ്യത്തിനാണ് ഉത്തരം കൊടുക്കേണ്ടത്. അതിന് ദൈവശാസ്ത്രപരമായ, ദൈവീകമായ ഒരു കാരണമുണ്ട്.

ആ കാരണം എന്താണെന്ന് വെച്ചാൽ, യേശുക്രിസ്തു ഈ ലോകത്തിലേക്ക് വരുമ്പോൾ, മനുഷ്യനായി അവതരിക്കുമ്പോൾ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ പതിനാലാമത്തെ വാക്യത്തിൽ നമ്മൾ കാണുന്നുണ്ട്: “വചനം മാംസമായി നമ്മുടെ ഇടയിൽ കൂടാരമടിച്ചു.” കൂടാരമടിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്; കൂടാരമടിച്ചു, ടാബർനക്കിൾഡ് (tabernacled) എന്നാണ്.

അവന്റെ മഹത്വം നമ്മൾ ദർശിച്ചു.

​യോഹന്നാൻ പറയുകയാണ്, കല്ലും മണ്ണും കൊണ്ട് നിർമ്മിച്ച ദൈവാലയത്തിന് പകരം ദൈവത്തിന്റെ പുത്രൻ ഈ ഭൂമിയിൽ ഒരു ദൈവാലയമായി ഇറങ്ങിവന്നു.

യോഹന്നാന്റെ സുവിശേഷത്തിന്റെ രണ്ടാം അധ്യായത്തിൽ എത്തുമ്പോൾ യോഹന്നാൻ നമുക്ക് പറഞ്ഞു തരുന്നുണ്ട്, ഈശോ പറയുകയാണ്: “നിങ്ങൾ ഈ ദൈവാലയം തകർത്തുകൊള്ളുക, മൂന്നു ദിവസത്തിനകം ഞാൻ ഇത് പുനരുദ്ധരിക്കാം.”

എന്താണ് അപ്പോ അതിന്റെ അർത്ഥം?

യേശു ദൈവാലയമായി കാണുന്നത് തന്റെ ശരീരത്തെയാണ്. “നിങ്ങൾ എന്നെ കുരിശിൽ തറച്ചു കൊല്ലുമ്പോൾ, നിങ്ങൾ എന്നെ പീഡിപ്പിക്കുമ്പോൾ, നിങ്ങൾ എന്നെ ഉപദ്രവിക്കുമ്പോൾ, എന്നെ ഇഞ്ചോടിഞ്ച് തകർക്കുമ്പോൾ ഈ ദൈവാലയമാണ് തകർക്കപ്പെടുന്നത്. പക്ഷേ മൂന്നുദിവസം കഴിയുമ്പോൾ ഞാൻ ഉയർത്തെഴുന്നേൽക്കുമ്പോൾ ഈ ദൈവാലയം വീണ്ടും പുതുക്കിപ്പണിയും.”

കർത്താവ് ഉപമയിലൂടെ, പ്രതീകാത്മകമായി സംസാരിക്കുകയാണ്.

​അപ്പോ ദൈവാലയത്തിന്റെ അടുത്ത ഘട്ടം—ബലിപീഠം, സമാഗമ കൂടാരം, സോളമന്റെ ദൈവാലയം, അതുപോലെ സെറൂബാബേലിന്റെ ദൈവാലയം, യൂദാസ് നവീകരിച്ച ദൈവാലയം, ഹേറോദേസ് മോടിപിടിപ്പിച്ച ദൈവാലയം, റോമാക്കാര് നശിപ്പിച്ച ദൈവാലയം—ആ സ്ഥാനത്ത് നമ്മൾ ദൈവാലയത്തിന്റെ അടുത്ത ഘട്ടം യേശുക്രിസ്തുവിന്റെ ശരീരം എന്ന ദൈവാലയം.

അതായത് നമ്മൾ ദൈവത്തെ കണ്ടുമുട്ടുന്നതും ആരാധിക്കുന്നതും യേശുക്രിസ്തു എന്ന വ്യക്തിയിലാണ്, യേശുക്രിസ്തുവിന്റെ ശരീരത്തിലാണ്.

ഇതാണ് ഈശോ അവതരിപ്പിക്കുന്ന ഒരു ആശയം.

​അങ്ങനെ ഈശോ മരിച്ച്, അടക്കപ്പെട്ട്, ഉയർത്തെഴുന്നേറ്റ് കഴിയുമ്പോൾ ഈ ദൈവാലയം—യേശുവിന്റെ ശരീരം എന്ന ദൈവാലയം, മഹത്വീകരിക്കപ്പെട്ട ശരീരം—പൗലോസ് അപ്പസ്തോലന്റെ പ്രബോധനമനുസരിച്ച് ‘സഭ’യായി മാറി.

അപ്പോ ഇന്ന് ദൈവാലയത്തിന്റെ നിലനിൽക്കുന്ന രൂപം സഭയാണ്, സഭ.

വിശ്വാസികളുടെ സമൂഹമാണ് ഇന്ന് ദൈവാലയം.

അവിടെയാണ് ദൈവത്തെ, പിതാവിനെ നമ്മൾ ക്രിസ്തുവിൽ ആരാധിക്കുന്നത്.

​ഇനി അതിന്റെ ഏറ്റവും അവസാനത്തെ രൂപം എന്ന് പറഞ്ഞാൽ, ലേഖനങ്ങളിലേക്ക് എത്തുമ്പോൾ, പ്രത്യേകിച്ച് കോറിന്തോസ് ലേഖനത്തിലേക്ക് ഒക്കെ എത്തുമ്പോൾ പരിശുദ്ധാത്മാവ് നമുക്ക് പറഞ്ഞു തരും: നിങ്ങളാണ് ദൈവത്തിന്റെ ആലയം.

യേശുക്രിസ്തു ദൈവത്തിന്റെ ആലയം എന്ന ആശയത്തിൽ നിന്ന് അടുത്ത ആശയത്തിലേക്ക് ദൈവാലയ സങ്കൽപ്പം എത്തുന്നത് ഓരോ വിശ്വാസിയും ദൈവത്തിന്റെ ആലയമായി മാറുകയാണ്.

അതുകൊണ്ടാണ് പറയുന്നത്: “നിങ്ങൾ പരിശുദ്ധാത്മാവിന്റെ ആലയമാണ്, നിങ്ങളുടെ ശരീരം എന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടേ?”

​അപ്പൊ ഇന്ന് നമ്മൾ ചോദിക്കുകയാണ്, ദൈവം വസിക്കുന്നത് എവിടെയാണ് എന്ന് ചോദിച്ചാൽ നമ്മളാകുന്ന ഈ ദൈവാലയത്തിലാണ്. നമ്മുടെ ആത്മാവിലാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും ജീവിക്കുന്നത്.

നമ്മളിൽ ദൈവം ജീവിക്കുന്നു, നമ്മൾ ദൈവത്തിന്റെ ആലയമാണ്.

അതുകൊണ്ടാണ് നമ്മൾ നമ്മുടെ ശരീരത്തെ പരിശുദ്ധമായി സൂക്ഷിക്കേണ്ടത്.

കാരണം നമ്മൾ ദൈവം വസിക്കുന്ന ആലയമാണ്.

ശരീരത്തെ മാന്യതയിലും വിശുദ്ധിയിലും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മളിൽ ദൈവം ജീവിക്കുന്നു!

​പ്രിയപ്പെട്ടവരെ, നമ്മൾ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ഈ ആശയം കുറെക്കൂടെ സജീവമാവുകയാണ്.

നമ്മൾ യേശുവിന്റെ ശരീരം, ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ നമ്മളിലെ ഈ ദൈവാലയം കുറെക്കൂടി കർത്താവിന്റെ സാന്നിധ്യം കൊണ്ട് നിറയുന്നു. കർത്താവ് ജീവനോടെ നമ്മളിലേക്ക് എഴുന്നള്ളി വരുന്നു.

ഞാൻ ഈ ദൈവാലയവുമായി ബന്ധപ്പെട്ട ആശയം നിങ്ങളോട് പങ്കുവെച്ചത് ഓരോ കുർബാനയിലും നമ്മൾ ദൈവാലയങ്ങളായി മാറുന്നു എന്ന ആശയം മനസ്സിലാക്കാൻ വേണ്ടിയാണ്.

നമ്മൾ കുർബാനയ്ക്ക് പോയി ഒരു കല്ലും മണ്ണും കൊണ്ട് ഉണ്ടാക്കിയ ഒരു സ്ട്രക്ചറിനകത്ത്, ഒരു ദൈവാലയത്തിനകത്ത് നിന്ന് നമ്മൾ പ്രാർത്ഥിച്ച്, ആരാധിച്ച്, കുർബാന സ്വീകരിച്ചിറങ്ങുമ്പോൾ നമ്മൾ ദൈവാലയമായി മാറുകയാണ്.

നമ്മളിൽ ദൈവം ജീവിക്കുകയാണ്.

​അപ്പൊ നമ്മളെ കാണുന്നവര് ദൈവത്തെ കാണാൻ പറ്റണം, നമ്മളെ കേൾക്കുന്നവർക്ക് ദൈവത്തെ കേൾക്കാൻ പറ്റണം. നമ്മളോട് സംസാരിക്കുമ്പോൾ മനുഷ്യർക്ക് ദൈവാനുഭവം ഉണ്ടാവണം, നമ്മളോട് സംസാരിക്കുമ്പോൾ മനുഷ്യന്റെ സങ്കടങ്ങൾ മാറണം, നമ്മൾ സംസാരിക്കുമ്പോൾ മനുഷ്യന്റെ രോഗത്തിന് ശമനം വരണം, നമ്മളിലൂടെ ദൈവത്തിന്റെ ശക്തി മറ്റുള്ളവരിലേക്ക് ഒഴുകണം. ഒരു ദൈവാലയത്തിൽ നിന്ന് മനുഷ്യന് എന്തെല്ലാം കിട്ടുന്നോ അത് മുഴുവൻ വിശുദ്ധ കുർബാന സ്വീകരിക്കുന്ന മനുഷ്യരിലൂടെ മറ്റ് മനുഷ്യർക്ക് കിട്ടണം.

ഇതാണ് യേശു നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നത്.

​അതുകൊണ്ട് ഈ ആശയം നമ്മുടെ മനസ്സിൽ വെച്ചുകൊണ്ട് ഓരോ കുർബാനയ്ക്ക് പോകുമ്പോഴും ദൈവാലയങ്ങളായി മാറാൻ, “കർത്താവേ, എന്നെ സഹായിക്കണമേ” എന്ന് നമുക്ക് ആഗ്രഹിച്ച് പ്രാർത്ഥിക്കാം.

​ഇന്ന് നമ്മൾ നമ്മുടെ ജീവിതത്തിലേക്ക് ഏറ്റെടുക്കേണ്ട പുണ്യം എന്താണ്?

അത് ‘വൃത്തി’യാണ് (cleanliness).

ഇങ്ങനെ ഒരു ചൊല്ലുണ്ട് ഇംഗ്ലീഷിൽ: “Cleanliness is next to godliness.”

വൃത്തി ദൈവീകതയുടെ അടുത്ത് നിൽക്കുന്നതാണ് എന്ന് പറഞ്ഞാൽ നമ്മൾ നമുക്ക് വൃത്തി ഉണ്ടാവണം. അത് നമ്മൾ കുളിക്കുന്നു, വസ്ത്രം അലക്കുന്നു, നമ്മൾ വൃത്തിയായിട്ട് നടക്കുന്നു; നമ്മുടെ തലമുടി മുതൽ നഖം വരെ നമ്മൾ വൃത്തിയായി കൊണ്ട് നടക്കണം.

കാരണം എന്താണ്?

നമ്മൾ ദൈവത്തിന്റെ ആലയമാണ്.

​അതുകൂടാതെ നമ്മൾ കിടക്കുന്ന സ്ഥലം, കിടക്കുന്ന കട്ടിൽ, നമ്മൾ ജോലി ചെയ്യുന്ന സ്ഥലങ്ങൾ, അതുപോലെതന്നെ നമ്മൾ ജീവിക്കുന്ന വീട്, വീടിന്റെ പരിസരങ്ങൾ, നമ്മൾ ധരിക്കുന്ന വസ്ത്രം, നമ്മുടെ വാഹനം എല്ലാം വൃത്തിയുള്ളതായിരിക്കണം.

കാരണം എന്താണ്?

നമ്മൾ ദൈവത്തിന്റെ ആലയമാണ്.

​അപ്പോ അതുകൊണ്ട് എന്താണ് നമ്മുടെ ജീവിതത്തിൽ ഒഴിവാക്കേണ്ടത്? വൃത്തികേട്.

നമ്മുടെ ക്ലീൻലിനസ്സിന് തടസ്സമായ എല്ലാ കാര്യങ്ങളും. അത് നമ്മൾ ഒഴിവാക്കണം.

​അതുകൊണ്ട് നമ്മൾ കർത്താവിനോട് പ്രാർത്ഥിക്കണം: “ദൈവമേ, എനിക്ക് എന്റെ ജീവിതത്തിൽ ഒരു നല്ല, ഒരു വൃത്തിയുള്ള—വൃത്തിയും വെടിപ്പുമുള്ള, അച്ചടക്കമുള്ള—ഒരു ജീവിതം എനിക്ക് തരണമേ” എന്ന് നമുക്ക് പ്രാർത്ഥിക്കണം.

​അപ്പോ ടാസ്ക് എന്താണ്? നിങ്ങൾ ഇന്ന് പോയിട്ട് നിങ്ങൾ താമസിക്കുന്ന സ്ഥലം, വീട്, ഉപയോഗിക്കുന്ന വസ്തുക്കൾ എല്ലാം നോക്കുക; അത് വൃത്തിയുള്ളതാണോ എന്ന് നോക്കുക. അത് വൃത്തിയുള്ളതല്ലെങ്കിൽ അത് വൃത്തിയാക്കുക.

അത് നമ്മുടെ ആത്മീയതയുടെ ഭാഗമാണ്. ദൈവം നിങ്ങളെ സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

നമുക്ക് ആരാധനയുടെ ആശീർവാദം സ്വീകരിക്കാൻ വേണ്ടി ഒരുങ്ങാം.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​പ്രിയമുള്ളവരെ, നമ്മളാകുന്ന ദൈവാലയങ്ങളെ കർത്താവ് വസിക്കുന്ന പരിശുദ്ധ ഇടങ്ങളായി കാത്തുസൂക്ഷിക്കാനുള്ള കൃപ ഈ ആരാധനയിൽ നമുക്ക് കർത്താവിനോട് ചോദിക്കാം.

നമ്മുടെ ശരീരങ്ങളെ വിശുദ്ധമായി കാത്തുസൂക്ഷിക്കാൻ, നമ്മൾ ദൈവത്തിന്റെ ആലയങ്ങളാണെന്ന് മറന്നുപോകാതിരിക്കാൻ, “ദൈവമേ, അങ്ങ് സഹായിക്കണമേ” എന്ന് അപേക്ഷിക്കാം.

​നല്ല കർത്താവേ, എത്രമാത്രം വലിയ ഒരു ദാനമാണ് ഞങ്ങൾ ദൈവത്തെ വഹിക്കുന്നവരാണ് എന്ന് മനസ്സിലാക്കുമ്പോൾ ഞങ്ങൾക്ക് അവിടുന്ന് തന്ന ആ ദാനം എത്ര വലുതാണ് എന്ന് ഞങ്ങൾ അറിയുന്നു.

ജീവിക്കുന്ന ദൈവത്തിന്റെ ആലയങ്ങളാകാൻ, ദൈവമേ, ഞങ്ങളെ അങ്ങ് സഹായിക്കണം എന്ന് അപേക്ഷിക്കുന്നു.

കർത്താവേ, പരിശുദ്ധാത്മാവ് വസിക്കുന്ന ഞങ്ങളുടെ ഹൃദയം, ദൈവാത്മാവിന്റെ ആലയമായ ഞങ്ങളുടെ ശരീരം അതിനെ ഏറ്റവും തികഞ്ഞ പരിശുദ്ധിയിൽ കാത്തുസൂക്ഷിക്കാൻ പാപത്തിന്റെ എല്ലാ മുള്ളുകളും മാലിന്യങ്ങളും കറകളും ഞങ്ങളിൽ നിന്ന് എടുത്തു മാറ്റണമേ.

​ഞങ്ങൾ വിശുദ്ധിയുള്ളവരായി ഈ ലോകത്ത് ജീവിക്കാൻ ഇടയാവണമേ.

ഞങ്ങളുടെ ഏറ്റവും ചെറിയ തെറ്റുകൾ പോലും, കർത്താവേ, മനസ്സിലാക്കാനുള്ള കൃപ തരണമേ.

ഞങ്ങൾ പാപമില്ലാത്തവരായി, കളങ്കമില്ലാത്തവരായി, ഈ ലോകത്തിന്റെ മാലിന്യമേൽക്കാത്തവരായി ജീവിക്കാൻ ഞങ്ങളെ സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

​പ്രിയപ്പെട്ടവരെ, നമ്മുടെ ശരീരമാകുന്ന ദൈവാലയത്തിൽ വന്നുപോയ കുറവുകൾക്കെല്ലാം ഈ ആശീർവാദത്തിൽ ഈശോ മോചനം തരുന്നതിനു വേണ്ടി ആഗ്രഹിച്ച്, വലിയ വിശുദ്ധിക്കുള്ള കൃപ കിട്ടുന്നതിന് ദാഹിച്ച് ആശീർവാദം സ്വീകരിക്കാം.

​സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

ഈ ദിവ്യകാരുണ്യ ആശീർവാദത്തിലൂടെ നിങ്ങളുടെ ശരീരങ്ങൾ വിശുദ്ധമായി മാറട്ടെ.

നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും പാപക്കറകളും കളങ്കങ്ങളും കർത്താവ് മോചിച്ച്, വിശുദ്ധീകരിച്ച് നിങ്ങൾക്ക് അനുഗ്രഹവും സൗഖ്യവും പ്രധാനം ചെയ്യട്ടെ.

കർത്താവിനെ വഹിക്കുന്നവരായി ഈ ലോകത്തിൽ ജീവിക്കാൻ നിങ്ങൾക്ക് ഇടയാവട്ടെ.

​നിങ്ങൾ പോകുന്ന ഇടങ്ങളിലെല്ലാം ദൈവം കടന്നുവന്ന്, നിങ്ങൾ സന്ദർശിക്കുന്ന ഇടങ്ങളിലെല്ലാം കർത്താവിന്റെ സാന്നിധ്യം നിറഞ്ഞ്, നിങ്ങൾ കാലുകുത്തുന്ന ഇടങ്ങളെല്ലാം ദൈവകൃപയുടെ ഇടങ്ങളായി മാറാൻ ഇടയാവട്ടെ.

അതിശക്തമായ വലിയ വിശുദ്ധിയുടെ അഭിഷേകവും വിശുദ്ധിക്കുവേണ്ടിയുള്ള ദാഹവും പരിശുദ്ധാത്മാവ് നിങ്ങൾക്ക് പ്രധാനം ചെയ്യട്ടെ, യേശുവിന്റെ തിരുശരീരത്തിന്റെ യോഗ്യതകളാൽ തന്നെ, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading