ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ നാലാമത്തെ ദിവസത്തിലേക്ക് ഏറ്റവും പ്രാർത്ഥനയോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.

​നമ്മുടെ 40 ദിവസം നീളുന്ന പ്രാർത്ഥനാ യാത്രയാണിത്. നിങ്ങൾ മറന്നു പോകാതിരിക്കാനാണ് ഓരോ എപ്പിസോഡിലും ഞാൻ അതെക്കുറിച്ച് സൂചിപ്പിക്കുന്നത്.

40 ദിവസത്തെ പ്രാർത്ഥനയുടെ ശക്തി എന്താണെന്ന് നിങ്ങൾക്കാർക്കെങ്കിലും ഇനിയും മനസ്സിലായിട്ടില്ലെങ്കിൽ ആദ്യത്തെ എപ്പിസോഡ്, ആ ആമുഖ എപ്പിസോഡ് നിങ്ങൾ കാണണം. അതിൽ വിശദമായിട്ട് ആ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

​ഈ 40 ദിവസം നിങ്ങൾ വലിയ വിശ്വസ്തതയോടെ എന്നോടൊപ്പം യാത്ര ചെയ്താൽ, പ്രാർത്ഥിച്ചാൽ, നിങ്ങൾക്കൊരു വലിയ ആത്മീയ വളർച്ചയുണ്ടാവും.

ഭൗതിക വളർച്ചയുണ്ടാവും. അനേക കാലങ്ങളായി നിങ്ങളുടെ ജീവിതത്തിൽ തടസ്സപ്പെട്ടു കിടക്കുന്ന ചില മേഖലകൾ തുറന്നുകിട്ടും.

ഞാൻ ഇതെല്ലാം പറയുന്നത് അത്രയും ആത്മീയമായ ഉറപ്പോടുകൂടിയാണ്. കഴിഞ്ഞ പത്തിരുപത് വർഷം ഈ വചനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളും ജീവിതത്തിലുണ്ടായ അനുഭവങ്ങളും കടന്നുപോയ പലതരത്തിലുള്ള ആത്മീയമായ പ്രതിസന്ധികളും എല്ലാം അതിന്റെ ഒടുവിൽ എനിക്ക് കിട്ടുന്ന ബോധ്യങ്ങളിലാണ് ഞാൻ ഇതെല്ലാം സംസാരിക്കുന്നത്.

​അതുകൊണ്ട് നമ്മുടെ ജീവിതത്തിലെ ഏത് തകർച്ചയും ദൈവത്തിന് ഏറ്റെടുക്കാൻ പറ്റും.

നമ്മുടെ ജീവിതത്തിലെ ഏത് പാപത്തെയും പരിഹരിക്കാൻ കർത്താവിന് പറ്റും. നമ്മുടെ ജീവിതത്തിലെ ഏത് വൈകല്യവും എടുത്തു മാറ്റാൻ കർത്താവിന് കഴിയും.

നമ്മൾ അങ്ങനെ പറഞ്ഞിട്ട് നടന്നിട്ട് കാര്യമില്ല. നമ്മൾ അതിനുവേണ്ടി ആത്മീയ സാധനകളിലൂടെ കടന്നുപോകണം.

ബൈബിളിലെ എല്ലാ ദൈവമനുഷ്യരും ഇതുപോലെയുള്ള പ്രാർത്ഥനകൾ ഏറ്റെടുത്തവരാണ്. മാറിയിരുന്ന് പ്രാർത്ഥിച്ചവരാണ്, ഉപവസിച്ചവരാണ്, ഇതുപോലെ 21 ദിവസം, 40 ദിവസം ഒക്കെ പ്രാർത്ഥിച്ച് ദൈവത്തോട് ബന്ധപ്പെട്ട് ജീവിച്ചവരാണ്.

​അപ്പോ അതുകൊണ്ട് നിങ്ങൾ എന്തെങ്കിലും പ്രയാസമുണ്ട് എന്ന് പറഞ്ഞ് വിഷമിച്ചു നടക്കാതെ, ഇതുപോലെയുള്ള പ്രാർത്ഥനകളിൽ പങ്കെടുക്കുക. തുടർച്ചയായിട്ട് പ്രാർത്ഥിക്കുക. കൂടുതൽ സമയം ദൈവസന്നിധിയിൽ ചെലവഴിക്കുക. അപ്പോൾ എല്ലാ കാര്യത്തിലും ദൈവത്തിൽ നിന്ന് ഒരു വിടുതലും വിമോചനവും വരും എന്നുള്ളത് നമ്മുടെ എല്ലാവരുടെയും അനുഭവമാണ്.

ഞാൻ അതൊരിക്കൽ കൂടി ഓർമ്മിപ്പിച്ചു എന്ന് മാത്രമേയുള്ളൂ.

​നാലാമത്തെ ദിവസം, നമ്മൾ ചിന്തിച്ച കാര്യങ്ങളിൽ ഉല്പത്തി പുസ്തകത്തിലെ ഏദൻ തോട്ടത്തിന്റെ അനുഭവത്തെക്കുറിച്ച് കണ്ടു.

ആ അനുഭവത്തിലേക്ക് വീണ്ടും നമ്മൾ കടക്കുന്ന ഒരു പ്രധാനപ്പെട്ട മാർഗ്ഗമാണ് വിശുദ്ധ കുർബാന എന്നും നമ്മൾ മനസ്സിലാക്കിയിരുന്നു.

​വിശുദ്ധ കുർബാനയെ വിളിക്കുന്നത് ‘യൂക്കരിസ്റ്റ്’ എന്നാണ് അതിന്റെ ഗ്രീക്ക് വാക്ക്. വിശുദ്ധ കുർബാന എന്ന് നമ്മൾ പറയുന്നു. എന്നാൽ കുർബാന സ്വീകരിക്കുന്നതിനെ, ദിവ്യകാരുണ്യ സ്വീകരണത്തിന് ഇംഗ്ലീഷിൽ പറയുന്ന വാക്ക് ‘കമ്യൂണിയൻ’ (Communion) എന്നാണ്, കമ്യൂണിയൻ. “We receive communion” എന്നല്ലേ പറയുന്നത്, കമ്യൂണിയൻ. കമ്യൂണിയൻ എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം? കമ്യൂണിയൻ എന്ന് പറഞ്ഞാൽ ‘കൂട്ടായ്മ’ എന്നാണ്.

ഓരോ വിശുദ്ധ കുർബാനയും നമുക്ക് തരുന്നത് ഈ കമ്യൂണിയനാണ്. നമ്മൾ ദൈവത്തോടുള്ള ആഴമായ ഒരു ബന്ധത്തിലേക്ക് കടക്കുകയാണ്.

​അതുകൊണ്ട് ആ ദൈവം തരുന്ന വലിയ കൃപയിലേക്ക് കടക്കാൻ പരിശുദ്ധ കുർബാനയെ കുറിച്ചുള്ള ഈ ചിന്തകൾ നിങ്ങളെ സഹായിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

​ഇന്ന് നമ്മൾ കാണുന്നത് ഉല്പത്തി പുസ്തകത്തിന്റെ നാലാമത്തെ അധ്യായത്തിൽ കായേനും ആബേലും സമർപ്പിക്കുന്ന ബലിയെ കുറിച്ചാണ്.

ഞാൻ ആ ഭാഗം വായിക്കാം.
​ഉല്പത്തി പുസ്തകം, നാലാം അധ്യായം, ഒന്നു മുതലുള്ള വാക്യങ്ങൾ:
​”ആദം തന്റെ ഭാര്യയായ ഹവ്വായോട് ചേർന്നു. അവൾ ഗർഭം ധരിച്ച് കായേനെ പ്രസവിച്ചു. അവൾ പറഞ്ഞു: കർത്താവ് കടാക്ഷിച്ച് എനിക്ക് പുത്രനെ ലഭിച്ചിരിക്കുന്നു. പിന്നീട് അവൾ കായേന്റെ സഹോദരൻ ആബേലിനെ പ്രസവിച്ചു. ആബേൽ ആട്ടിടയനും കായേൻ കൃഷിക്കാരനുമായിരുന്നു. ഒരിക്കൽ കായേൻ തന്റെ വിളവിൽ ഒരു ഭാഗം കർത്താവിന് കാഴ്ച സമർപ്പിച്ചു. ആബേൽ തന്റെ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂൽ കുഞ്ഞുങ്ങളെ എടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങൾ അവിടുത്തേക്ക് കാഴ്ചവെച്ചു. ആബേലിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്ന് പ്രസാദിച്ചു; എന്നാൽ കായേനിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്ന് പ്രസാദിച്ചില്ല.”

​ഇത് പൊതുവേ അറിയപ്പെടുന്നത് ബൈബിളിലെ ആദ്യത്തെ ബലിയർപ്പണമായിട്ടാണ്.

എന്നാല് നമ്മൾ വളരെ സൂക്ഷിച്ചു വായിച്ചാൽ ബൈബിളിലെ ആദ്യത്തെ ബലി ഇതല്ല.

മറിച്ച്, ബൈബിളിലെ ആദ്യത്തെ ബലി എന്ന് പറയുന്നത് മനുഷ്യൻ പാപം ചെയ്ത് കഴിയുമ്പോൾ ദൈവം മനുഷ്യനെ, ദൈവമായ കർത്താവ് തോലുകൊണ്ട് ഒരു ഉടയാട ഉണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു.

ഉല്പത്തി 3:21.
​അവിടെ ‘തോലുകൊണ്ട്’, തോലെന്ന് പറയുമ്പോൾ മൃഗത്തിന്റെ തോലാണ്. തീർച്ചയായിട്ടും അതൊരു ആടിന്റെ തോല് ആയിരിക്കണം.

അങ്ങനെയാണെങ്കിൽ ആദ്യ മാതാപിതാക്കളുടെ ജീവിതത്തിൽ ദൈവം തന്നെ ഒരു കുഞ്ഞാടിനെ അവർക്കുവേണ്ടി ബലിയാക്കിയിട്ടുണ്ട്.

അപ്പോ അങ്ങനെ വരുമ്പോൾ ഏദൻ തോട്ടത്തിൽ നടന്ന ആദ്യത്തെ ബലി ഈ ആദ്യ മാതാപിതാക്കന്മാരുടെ നഗ്നത മറയ്ക്കാൻ കർത്താവ് ആ ആടിനെ ബലിയാക്കിയതാണ് എന്ന് വേണമെങ്കിൽ പറയാം.

ഇത് ബൈബിളിലെ രണ്ടാമത്തെ ബലിയാണ്.

​വിശുദ്ധ കുർബാനയെ സംബന്ധിക്കുന്ന മൂന്ന് പ്രധാനപ്പെട്ട പാഠങ്ങളാണ് നമുക്ക് ഈ ഭാഗത്തുനിന്ന് പഠിക്കാനുള്ളത്.
​ഒന്നാമത്തേത്:
ഈ ‘ആരാധന’ എന്ന് പറയുമ്പോൾ നമ്മൾ സാധാരണ നമ്മുടെ മനസ്സിലേക്ക് വരുന്നത് കുറച്ചു പാട്ട്, കുറച്ചു പ്രാർത്ഥന, കുറച്ചു സ്വയംപ്രേരിതമായ പ്രാർത്ഥനകൾ, പിന്നെ കുറച്ചു സ്തുതിപ്പ് ഇതൊക്കെയാണ് ആരാധന എന്നതുകൊണ്ട് നമ്മുടെ മനസ്സിലേക്ക് വരുന്നത്.

എനിക്ക് നിങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിയണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്.

​ബൈബിളിൽ ആരാധന എന്ന് പറഞ്ഞാൽ അത് അടിസ്ഥാനപരമായി ബലിയർപ്പിച്ച് ദൈവത്തെ ആരാധിക്കുന്നതാണ്.

“Biblical worship, most of the times, is sacrificial worship.” സാക്രിഫീഷ്യൽ ആണ്.

അതായത് ഒരു മനുഷ്യൻ ദൈവത്തെ ആരാധിക്കുന്നു എന്ന് ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ മിക്കവാറും എല്ലായിടങ്ങളിലും അത് ബലി സംബന്ധമായ ആരാധനയാണ്.

അല്ലാതെ വെറുതെ ഇങ്ങനെ ഒരു പ്രാർത്ഥന നടത്തുക മാത്രമല്ല, അവിടെയൊരു ബലി നടക്കുന്നുണ്ട്. മാത്രമല്ല നമ്മൾ കാണുന്നുണ്ട്, ദൈവത്തെ എങ്ങനെ ആരാധിക്കണമെന്ന് ദൈവം ലേവ്യ പുസ്തകത്തിൽ ദൈവജനത്തെ പഠിപ്പിക്കുമ്പോൾ ബലിയർപ്പിച്ച് ആരാധിക്കാനാണ് പറയുന്നത്.

​അപ്പോ അതുകൊണ്ടുതന്നെ “Christian worship is sacrificial worship.”

പ്രത്യേകിച്ച് ഈ ന്യൂജനറേഷൻ സഭകളൊക്കെ വന്നതിനുശേഷം ആളുകൾക്കിടയിൽ ഉണ്ടായിട്ടുള്ള ഒരു തെറ്റിദ്ധാരണയാണ്, ഈ ബലിയർപ്പിക്കുന്നത് എന്തോ വിഗ്രഹാരാധനയാണ് അല്ലെങ്കിൽ ബലിയർപ്പിക്കുന്നത് വിശുദ്ധ കുർബാന പോലും വിഗ്രഹാരാധനയാണ് എന്ന രീതിയിൽ വ്യാഖ്യാനിക്കുന്ന സമൂഹങ്ങളെ കണ്ടിട്ടുണ്ട്.

അത് ബൈബിളിനെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണ്. എന്തുകൊണ്ടാണ്?

ബൈബിളിൽ ആരാധിക്കുക എന്ന് പറഞ്ഞാൽ അത് ബലിയർപ്പിച്ചുള്ള ആരാധനയാണ്.

​അപ്പോ അതാണ് ഇവിടെ നമ്മൾ ഒന്നാമതായിട്ട് കാണുന്നത്.

കായേനും ആബേലും ദൈവത്തെ ആരാധിക്കാനായി പോകുമ്പോൾ അവര് പ്രാർത്ഥിക്കുകയല്ല, അവര് കുറച്ചു നേരം ശാന്തമായിട്ടിരുന്ന് പ്രാർത്ഥിക്കുകയല്ല ചെയ്യുന്നത്; അവര് ബലിയർപ്പിക്കുകയാണ്.

അതുകൊണ്ടാണ് അമ്മ ത്രേസ്യ, വിശുദ്ധ അമ്മ ത്രേസ്യ ഒരിക്കൽ ഹൃദയം മുഴുവൻ ദൈവസ്നേഹം കൊണ്ട് നിറഞ്ഞപ്പോൾ ഈശോയോട് ചോദിച്ച ഒരു ചോദ്യം: “കർത്താവേ, ഞാനിനി എങ്ങനെയാണ് നിന്നെ സ്നേഹിക്കേണ്ടത്?”

അപ്പോ ഈശോ പറഞ്ഞു: “പോയി ബലിയിൽ സംബന്ധിക്കുക. കുർബാനയിൽ സംബന്ധിക്കുക.”

അപ്പോ അത് മനസ്സിലേക്ക് ഒന്നാമതായിട്ട് വെയ്ക്കുക: “Biblical worship is always sacrificial worship in the first sense.”

​ഇനി നമ്മൾ ഈ ഒന്നാമത്തെ, സത്യത്തിൽ ആദം-ഹവ്വ അവരുടെ എപ്പിസോഡ് കഴിഞ്ഞ് കായേനും ആബേലും ബലിയർപ്പിക്കുമ്പോൾ നമ്മൾ ശ്രദ്ധിച്ചു വായിക്കാത്തതുകൊണ്ട് കാണാതെ പോകുന്ന ചില കാര്യങ്ങൾ ഞാൻ ചൂണ്ടിക്കാണിക്കാം.

​ഒന്നാമത്തേത്, ഈ കുടുംബത്തിന് ദൈവത്തെ ആരാധിക്കണമെങ്കിൽ അത് ബലിയർപ്പിച്ചാണ് ആരാധിക്കേണ്ടതെന്ന് അറിയാമായിരുന്നു.

അതുകൊണ്ടാണ് അവര് ദൈവത്തിന് ബലിയർപ്പിക്കാൻ വേണ്ടി ഒരിക്കൽ കായേൻ തന്റെ വിളവിൽ ഒരു ഭാഗം കർത്താവിന് ബലി, കാഴ്ച സമർപ്പിച്ചു.

അപ്പോ ദൈവത്തെ ആരാധിക്കേണ്ടത് എങ്ങനെയാണെന്ന് ഈ മാതാപിതാക്കന്മാർ ഈ മക്കൾക്ക് പറഞ്ഞു കൊടുത്തിരുന്നു.

അതാണ് ഒന്നാമത്തെ കാര്യം.

​രണ്ടാമത്തെ കാര്യം, അവർക്ക് ആരാധന സമർപ്പിക്കാൻ ഒരു സ്ഥലമുണ്ടായിരുന്നു. അത് നമ്മൾ ഇവിടെ കാണുന്നില്ല, എഴുതിയിട്ടില്ല; പക്ഷേ ഉണ്ട്. അതുകൊണ്ടാണ് പ്രത്യേകിച്ച് ഒരു ആശങ്കയുമില്ലാതെ എന്ത് ചെയ്യണമെന്ന് അവർക്ക് കൃത്യതയുണ്ട്.

അവർക്ക് അതിനെക്കുറിച്ച് അൺസെർട്ടൻറ്റീസ് (uncertainties) ഒന്നുമില്ല. അവർക്ക് ആരാധിക്കാൻ “They had a place of worship.”

​മൂന്നാമത്തേത്, അവർക്ക് ആരാധിക്കാൻ ഒരു സമയമുണ്ടായിരുന്നു. എപ്പോഴാണ് ദൈവത്തിന് ആരാധന സമർപ്പിക്കേണ്ടത്?

അത് വിളവിന്റെ ഒരു ഭാഗം, ആട്ടിൻകൂട്ടത്തിൽ നിന്ന് കടിഞ്ഞൂലുകളെ എന്നൊക്കെ പറഞ്ഞാൽ അതായത് എപ്പോഴൊക്കെയാണ്?

ജീവിതത്തിൽ നന്മ വരുമ്പോൾ, ജീവിതത്തിൽ അനുഗ്രഹം വരുമ്പോൾ, ജീവിതത്തിൽ പ്രയാസം വരുമ്പോൾ ഒക്കെ ബലിയർപ്പിക്കേണ്ടത് എപ്പോഴാണെന്ന് അവർക്ക് അറിയാമായിരുന്നു.

​ഒന്ന്, they knew how to worship through sacrifice; രണ്ട്, they had a place of worship; മൂന്ന്, they had a time of worship.

​രണ്ടാമതായിട്ട്:
നമ്മൾ ഈ ഭാഗത്തുനിന്ന് കാണേണ്ടത്, നമ്മൾ ദൈവത്തെ ആരാധിക്കേണ്ടത് നമുക്കിഷ്ടപ്പെട്ട വിധത്തിലല്ല, മറിച്ച് ദൈവം കൽപ്പിച്ച വിധത്തിലാണ്.

അതിന്ന് ആളുകൾക്ക് ഒരുപാട് പേർക്ക് തെറ്റിദ്ധാരണ വരുന്ന ഒരു മേഖല അതാണ്. അതായത് ദൈവത്തെ ആരാധിക്കേണ്ടത് നമുക്കിഷ്ടപ്പെട്ട വിധത്തിലല്ല.

​അപ്പോ പ്രാർത്ഥനയും ആരാധനയും ഒന്നല്ല, അത് രണ്ടാണ്. പ്രാർത്ഥിക്കുന്നത് നമ്മൾ നമ്മുടെ കാര്യങ്ങളൊക്കെ ദൈവത്തോട് പറയാനും നമുക്ക് നമ്മുടെ ആവശ്യങ്ങളൊക്കെ പറയാനും ദൈവത്തോടുള്ള ബന്ധത്തിൽ ഇരിക്കാനും അതൊക്കെയാണ് പ്രാർത്ഥന.

പക്ഷേ ആരാധന എന്ന് പറഞ്ഞാൽ നമ്മൾ ദൈവത്തിന് കൊടുക്കാൻ കടപ്പെട്ടിരിക്കുന്ന പ്രധാനപ്പെട്ട നമ്മുടെ ഉത്തരവാദിത്വമാണ് ആരാധന.

​പ്രാർത്ഥിക്കാൻ നമുക്ക് ഇഷ്ടമുള്ള, എങ്ങനെ വേണമെങ്കിലും പ്രാർത്ഥിക്കാം. ഒരാൾക്ക് ഇഷ്ടമുള്ളതുപോലെ പ്രാർത്ഥിക്കാം; എന്നാൽ ആരാധിക്കുന്നതിന് ആരാധനാ വിധികളുണ്ട്.

ബൈബിളിൽ നമ്മൾ കാണുന്നുണ്ട്, കർത്താവ് വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്, “നിനക്ക് തോന്നുന്നിടത്തെല്ലാം പോയി ബലിയർപ്പിക്കരുത്.” കൃത്യമായിട്ട് നിയമാവർത്തനത്തിൽ പറഞ്ഞിരിക്കുകയാണ്. അതുപോലെതന്നെ പറഞ്ഞിരിക്കുകയാണ്, “വർഷത്തിൽ ഇത്ര പ്രാവശ്യം പോണം.” ഇനി അതെങ്ങനെ? ധാന്യബലി, ദഹനബലി, സമാധാനബലി, പാപപരിഹാരബലി, അനുരഞ്ജനബലി ഇത് ഇതിങ്ങനെ അതിന് കൃത്യമായിട്ട്, ചിലതിൽ ഉപ്പ് ചേർക്കണം, ചിലതിൽ കുന്തിരിക്കം ചേർക്കണം, ചിലതിൽ എണ്ണ ചേർക്കണം, ചിലതിൽ ഉപ്പ് ചേർക്കരുത് ഇങ്ങനെയൊക്കെ പറഞ്ഞിട്ട് പുളിപ്പുണ്ടാവരുത്, പലരീതിയിൽ… അതായത് ഇൻസ്ട്രക്ഷൻസ് (instructions) ആണ്, ഇൻസ്ട്രക്ഷൻസ്.

​നമ്മുടെ മനസ്സിൽ ഇത് ആഴത്തിൽ പതിയട്ടെ. പ്രത്യേകിച്ച് നമ്മൾ വിശുദ്ധ കുർബാന ആചരണമൊക്കെയായിട്ട് ബന്ധപ്പെട്ട് ഒത്തിരി തർക്കങ്ങളും വഴക്കുകളും ഒക്കെ പലയിടങ്ങളിൽ നിലനിൽക്കുമ്പോൾ ഒരു ആത്മീയ ചിന്ത നമ്മുടെ മനസ്സിൽ ആഴപ്പെടട്ടെ.

അതായത് ദൈവം നമ്മളോട് ആവശ്യപ്പെട്ട വിധത്തിൽ, അല്ലെങ്കിൽ സഭ നമുക്ക് നിർദ്ദേശിക്കുന്ന വിധത്തിലാണ് നമ്മൾ ദൈവത്തെ ആരാധിക്കേണ്ടത്.

അതിൽ നമ്മുടെ ഇഷ്ടങ്ങൾ അതിനകത്ത് കൂട്ടിക്കലർത്താൻ പാടില്ല. നമ്മുടെ ഇഷ്ടങ്ങൾ അനുസരിച്ച് അതിനകത്ത് ഭേദഗതികൾ വരുത്താനും പാടില്ല.

അപ്പോ അത് ആരാധനയുമായി ബന്ധപ്പെട്ട് നമ്മളിവിടെ കാണേണ്ട രണ്ടാമത്തെ കാര്യമാണ്.

​മൂന്നാമത്തെ കാര്യം:
കാലാകാലങ്ങളായിട്ട് നമ്മൾ ഒത്തിരിപ്പേര് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ആബേലിന്റെ ബലി ദൈവം സ്വീകരിച്ചത്, കായേന്റെ ബലി ദൈവം സ്വീകരിക്കാതിരുന്നത്?

പല കാരണങ്ങൾ പറഞ്ഞിട്ടുണ്ട്, അതിലേക്കൊന്നും ഞാൻ കടക്കുന്നില്ല.

എന്നാല് യഥാർത്ഥത്തിൽ അതിന്റെ ഉത്തരം ഇവിടെ പറഞ്ഞിട്ടുണ്ട്.
​”കായേനിലും അവന്റെ കാഴ്ചവസ്തുക്കളിലും ദൈവം പ്രസാദിച്ചില്ല; ആബേലിലും അവന്റെ കാഴ്ചവസ്തുക്കളിലും ദൈവം പ്രസാദിച്ചു.”

അത് കൃത്യമായിട്ട് രണ്ടായിട്ട് പറയുക. അതായത് ആബേലിൽ പ്രസാദിച്ചു, അതുകൊണ്ട് അവന്റെ കാഴ്ചവസ്തുക്കളിലും പ്രസാദിച്ചു; കായേനനിൽ പ്രസാദിച്ചില്ല, അതുകൊണ്ട് അവന്റെ കാഴ്ചവസ്തുക്കളിലും പ്രസാദിച്ചില്ല.

അതായത് ദൈവം നോക്കുന്നത് ബലിയർപ്പിക്കുന്നവനെയാണ്, ബലിയർപ്പിച്ച വസ്തുവിനെ അല്ല.

ദൈവം നോക്കുന്നത് ഓഫററർ (offerer)-നെയാണ്, ഓഫറിംഗ് (offering)-നെ അല്ല.

​കൃത്യമായിട്ട് ബൈബിളിൽ ആവർത്തിച്ച് ആവർത്തിച്ച് ആവർത്തിച്ച് ആവർത്തിച്ച് ഇത് പറഞ്ഞിട്ടുണ്ട്.

യോഹന്നാന്റെ ഒന്നാം ലേഖനം മൂന്നാം അധ്യായം പന്ത്രണ്ടാം വാക്യം (1 യോഹന്നാൻ 3:12):
​”തിന്മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെ ആകരുത്. എന്ത് കാരണത്താലാണ് അവൻ സഹോദരനെ കൊന്നത്? തന്റെ പ്രവർത്തികൾ ദുഷിച്ചതും തന്റെ സഹോദരന്റെ പ്രവർത്തികൾ നീതിയുക്തവും ആയിരുന്നത് കൊണ്ടുതന്നെ.”

​ഇവിടെ കണ്ടോ, അവിടെ യോഹന്നാൻ പറയുകയാണ് കായേന്റെ പ്രവർത്തികൾ ദുഷിച്ചതായിരുന്നു.

അതുകൊണ്ടാണ് അവന്റെ പ്രവർത്തി ദുഷിച്ചതുകൊണ്ടാണ് അവൻ ഓഫർ ചെയ്തതും ദുഷിച്ചതായത്; അത് ദൈവത്തിന് സ്വീകാര്യമല്ലാത്തത്.

​സുഭാഷിതങ്ങൾ 15:8:
​”ദുഷ്ടന്റെ ബലി കർത്താവിന് വെറുപ്പാണ്. സത്യസന്ധരുടെ പ്രാർത്ഥന അവിടുത്തെ സന്തോഷിപ്പിക്കും.”

​കണ്ടോ, ദുഷ്ടന്റെ ബലി കർത്താവിന് വെറുപ്പാണ്.

ഇനി സുഭാഷിതങ്ങൾ 21:27-ലും ഇത് പറയുന്നുണ്ട്:
​”ദുഷ്ടന്റെ ബലി വെറുപ്പുളവാക്കും; ദുരുദ്ദേശത്തോടെ സമർപ്പിക്കുമ്പോൾ അത് എത്രയോ അധികമായി വെറുക്കപ്പെടും.”

​എന്ന് പറഞ്ഞാൽ പാപം, തിന്മ, ദുഷ്ടത നിറഞ്ഞിരിക്കുന്ന വ്യക്തിയുടെ ബലി ദൈവത്തിന് സ്വീകാര്യമല്ല.

​ഇനി പ്രഭാഷകൻ 34-ൽ 22 മുതൽ 24 വരെയുള്ള വാക്യങ്ങളിലും നമ്മൾ വായിക്കും:
​”നിയമനിഷേധകന്റെ കാഴ്ചകൾ സ്വീകാര്യമല്ല. ദൈവഭക്തിയില്ലാത്തവന്റെ ബലികളിൽ അത്യുന്നതൻ പ്രസാദിക്കുന്നില്ല. അവൻ എത്ര ബലിയർപ്പിച്ചാലും അവിടുന്ന് പ്രസാദിക്കുകയോ പാപമോചനം നൽകുകയോ ചെയ്യുകയില്ല. ദരിദ്രന്റെ സമ്പത്ത് തട്ടിയെടുത്ത് ബലിയർപ്പിക്കുന്നവൻ പിതാവിന്റെ മുമ്പിൽ വെച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെ ആണ്.”

​നമുക്കറിയാവുന്ന ഒരു സംഭവമാണല്ലോ വിധവയുടെ ചെമ്പുനാണയം. കർത്താവ് നോക്കുന്നത് അവൾ എത്ര നാണയം ഇട്ടു എന്നല്ല, മറിച്ച് അവളുടെ ഹൃദയം, അവളുടെ സമർപ്പണം, അവളുടെ ഉള്ളിലെ നന്മ, അവളുടെ ഉള്ളിലെ ഔദാര്യം (generosity), ഇതാണ് നോക്കുന്നത്.

​അപ്പോ ഞാൻ ചുരുക്കി പറഞ്ഞാൽ, കായേന്റെ ബലി ദൈവം സ്വീകരിക്കാതിരുന്നതിന്റെ കാരണം എന്താണെന്ന് വെച്ചാൽ കായേൻ ദുഷ്ടത നിറഞ്ഞ ഒരു മനുഷ്യനായിരുന്നു.

ഇതിന്റെ ഒരു വിശദീകരണം നമുക്ക് കാണാൻ പറ്റുന്നത് ഈ നാലാം അധ്യായത്തിന്റെ അവസാന ഭാഗത്ത് കായേന്റെ സന്താനപരമ്പരയെ കാണുമ്പോൾ അവിടെ മർദ്ദനം, കൊലപാതകം, ബഹുഭാര്യത്വം, വൈരാഗ്യം, വെറുപ്പ് ഇതെല്ലാം കായേന്റെ പരമ്പരയിൽ കാണാൻ പറ്റും.

അഹങ്കാരം, ഇതെല്ലാം കാണാൻ പറ്റും.

അതായത് ഈ തിന്മയെല്ലാം വെച്ചിട്ട്, പാപമെല്ലാം വെച്ചിട്ട്, പാപം തിരുത്താൻ തയ്യാറാവാതെ ബലിയർപ്പിക്കുന്നത് കൊണ്ട് അത് ദൈവസന്നിധിയിൽ സ്വീകാര്യമല്ല.

​അപ്പോ എന്താണ് നമ്മൾ ഇതിൽ നിന്ന് നമുക്ക് ടേക്ക് എവേ (takeaway)?

ഈ 40 ദിവസത്തെ യാത്ര നമുക്കൊരു പൂർണ്ണ മാനസാന്തരത്തിന്റെ യാത്രയായിട്ട് മാറണം.

നമ്മുടെ പാപമുള്ള എല്ലാ മേഖലകളിലും നമ്മൾ തെറ്റ് തിരുത്താൻ തയ്യാറാവുകയും ദൈവത്തിന്റെ സഹായം ചോദിക്കുകയും വേണം. അതുകൊണ്ട് നമ്മുടെ ഈ ശുശ്രൂഷ നമുക്ക് വലിയൊരു മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും സമയമായിട്ട് മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്.

ഇന്ന് നമ്മൾ അഭ്യസിക്കണമെന്ന് ആഗ്രഹിച്ച് പ്രാർത്ഥിക്കേണ്ട പുണ്യമാണ്, “കർത്താവേ എനിക്ക് true repentance (ശരിയായ അനുതാപം) തരേണമേ.”

ഒരുപാട് മേഖലകളെക്കുറിച്ച് നമുക്ക് അനുതാപമില്ലാത്തതുകൊണ്ടാണ് നമ്മൾ അനുതപിക്കാത്തത്. അതുകൊണ്ട് കർത്താവിനോട് നമുക്ക് ഇന്ന് നമ്മൾ അഭ്യസിക്കാൻ ആഗ്രഹിക്കേണ്ട പുണ്യം ഇതാണ്: ശരിയായ അനുതാപം (True repentance).

​അപ്പോ അങ്ങനെയാണെങ്കിൽ ഒഴിവാക്കേണ്ട പാപം എന്താണ്?

സ്വയം നീതീകരണം. അതായത് ഏത് തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കുന്ന, നീതീകരിക്കുന്ന സ്വഭാവം. ന്യായീകരിക്കുന്ന സ്വഭാവം, സ്വയം ന്യായീകരണം, സ്വയം നീതീകരണം; അതാണ് ഒഴിവാക്കേണ്ട പാപം.

​പ്രാർത്ഥന ഇങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്: “യേശുവേ, ദാവീദിന്റെ പുത്രാ, എനിക്ക് പാപബോധം തരേണമേ” എന്ന് ആവർത്തിച്ച് പ്രാർത്ഥിക്കണം.

“യേശുവേ, ദാവീദിന്റെ പുത്രാ, എനിക്ക് പാപബോധം തരേണമേ.”

​ഇന്നത്തെ ടാസ്ക്: ഇനി ഇന്ന് ചെയ്യേണ്ട ടാസ്ക് ഇതാണ്: നമ്മുടെ ഈ ശുശ്രൂഷ നടക്കുമ്പോൾ പല മേഖലകളെക്കുറിച്ച് നമ്മൾ ചിന്തിക്കും. അപ്പോ ആ പല മേഖലകളിലും നമുക്ക് അനുതാപം ആവശ്യമുള്ള മേഖലകൾ ദൈവം ചൂണ്ടിക്കാണിക്കും.

നിങ്ങൾ ഒരു ബുക്കോ പേപ്പറോ ഡയറിയോ ഒക്കെ എടുത്ത് ഈ ശുശ്രൂഷ അവസാനിക്കുന്നതിനു മുമ്പ് ഒരു സമ്പൂർണ്ണ കുമ്പസാരം നടത്താൻ ദൈവം പ്രേരണ തരുന്ന മേഖലകളെല്ലാം എഴുതിവെക്കാൻ വേണ്ടി ഒരു ബുക്ക് തയ്യാറാക്കുക. അങ്ങനെ ഇന്ന് തന്നെ ഇരുന്ന് ഓർമ്മിക്കുന്ന മേഖലകളെല്ലാം എഴുതിവെക്കുക. ഓരോ ദിവസത്തെയും ശുശ്രൂഷ കഴിയുമ്പോൾ നിങ്ങൾക്ക് അനുതാപം ആവശ്യമുണ്ടെന്ന് തോന്നുന്ന മേഖലകൾ ദൈവം പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതൊന്നു കുറിച്ച് വെച്ച് ഒരു പൂർണ്ണ കുമ്പസാരം നടത്തി നമുക്ക് അഭിഷേകം പ്രാപിക്കാനായിട്ട് ഒരുങ്ങാം.

​നമുക്ക് ആരാധനയിലേക്ക് കടക്കാം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​ഈ ആരാധനയിൽ നമ്മുടെ ഓരോ വ്യക്തിജീവിതത്തെയും കുടുംബത്തെയും കർത്താവിന് കൊടുക്കാം.

കായേനും ആബേലും ബലിയർപ്പിച്ചതുപോലെ നമ്മുടെ ജീവിതത്തിൽ നമ്മൾ ബലിയർപ്പിക്കുമ്പോൾ പാപത്തോടുകൂടെയാണോ, ദുഷ്ടതയും പാപവും തിന്മയും നിറഞ്ഞ ഒരു ജീവിതം നമ്മൾ നയിക്കുമ്പോഴും ബലിയർപ്പിക്കുമ്പോൾ ബലിയർപ്പിച്ചാൽ ദൈവം പ്രസാദിക്കും എന്ന ചിന്തയോടുകൂടിയാണോ കർത്താവേ ഞങ്ങൾ അങ്ങയുടെ മുൻപിലേക്ക് വരുന്നത് എന്ന് വിലയിരുത്താൻ അങ്ങ് വചനത്തിലൂടെ ഞങ്ങളോട് ആവശ്യപ്പെട്ടു.

​അയോഗ്യതയോടെ കുർബാനയിൽ പങ്കെടുത്തിട്ടുള്ള എല്ലാ സാഹചര്യങ്ങളും ഞങ്ങൾ ഓർത്ത് മാപ്പ് ചോദിക്കുന്നു.

കർത്താവേ, പാപത്തെ ഗൗരവമായി എടുക്കാതെ ഞങ്ങൾ അങ്ങയുടെ മുൻപിലേക്ക് വന്ന, പാപത്തോടുകൂടി അവിടുത്തെ സന്നിധിയിൽ വന്ന എല്ലാ സാഹചര്യങ്ങളെയും ഞങ്ങൾ ഓർക്കുന്നു.

ഞങ്ങളുടെ കുടുംബങ്ങളിൽ മാതാപിതാക്കളോ പൂർവ്വികരോ ഞങ്ങളോ കർത്താവേ ദിവ്യകാരുണ്യത്തെ വിലയില്ലാതെ കണ്ടിട്ടുള്ള എല്ലാ സാഹചര്യങ്ങൾക്കും മാപ്പ് ചോദിക്കുകയും ചെയ്യുന്നു.

​നല്ല കർത്താവേ, ഞങ്ങൾ ഈ ആരാധനയിൽ പ്രാർത്ഥിക്കുന്നു; ആബേൽ അർപ്പിച്ചതുപോലെ നിഷ്കളങ്ക ഹൃദയത്തോടെ, വിശുദ്ധിയുള്ള ഒരു ജീവിതത്തോടെ, പാപമില്ലാത്ത ഹൃദയത്തോടെ ബലിയർപ്പിക്കാൻ ഞങ്ങളെ സഹായിക്കണമേ.

​ദൈവമേ, ഈ ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന കുടുംബങ്ങളിൽ ശരിയായ അനുതാപം കടന്നുവരാൻ കർത്താവേ ഇപ്പോൾ അങ്ങയുടെ കരം നീട്ടണമേ എന്ന് പ്രാർത്ഥിക്കുന്നു.

കർത്താവേ, ഈ ശുശ്രൂഷയിലൂടെ മാനസാന്തരങ്ങൾ സംഭവിക്കണമേ.

പാപജീവിതം ഉപേക്ഷിക്കാൻ കൃപ കൊടുക്കണമേ.

മദ്യപാനം ഉപേക്ഷിക്കാൻ കൃപ കൊടുക്കണമേ. കർത്താവേ, ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ കൃപ കൊടുക്കണമേ.

കർത്താവേ, നീതിയോടെ ജീവിതം നയിക്കാൻ, അക്രമം അവസാനിപ്പിക്കാൻ, ശത്രുത അവസാനിപ്പിക്കാൻ കൃപ തരണമേ എന്ന് പ്രാർത്ഥിക്കുന്നു.

ആശീർവാദം സ്വീകരിക്കുമ്പോൾ നമുക്ക് വലിയ അനുതാപമുള്ള ഒരു ഹൃദയം തുറക്കപ്പെടുന്നതിനു വേണ്ടി ആഗ്രഹിക്കാം.

​കർത്താവായ ദൈവമേ, അവിടുത്തെ പരിശുദ്ധ നാമത്തിൽ ഈ ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഓരോ കുടുംബത്തെയും ആശീർവദിച്ച് അനുഗ്രഹിക്കുന്നു.

കർത്താവേ, കുത്തി മുറിവേൽപ്പിച്ചവനെ നോക്കി ഏകജാതനെ പ്രതിയെന്നപോലെ കരയാനും ആദ്യജാതനെ പ്രതിയെന്നപോലെ വിലപിക്കാനും ഞങ്ങളുടെ ഹൃദയത്തിൽ ആഴമായ അനുതാപം ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു.

​കർത്താവേ, ഈ ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഓരോരുത്തർക്കും ഓരോ മകനും മകളും ശരിയായ അനുതാപത്തോടെ, ആഴമായ മാനസാന്തരത്തോടെ കർത്താവിലേക്ക് കടന്നുവരാൻ കൃപകൾ വർഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

​കർത്താവേ, മാനസാന്തരം ആവശ്യമുള്ള ഞങ്ങളുടെ കുടുംബാംഗങ്ങളിലേക്ക്, കർത്താവേ നിന്റെ വസ്ത്രമല്ല ഹൃദയമാണ് കീറേണ്ടത് എന്ന് അവിടുന്ന് അരുളിച്ചെയ്ത വചനം പോലെ ഞങ്ങളുടെ ഹൃദയം നുറുങ്ങി അനുതപിക്കാൻ കൃപ തരണമേ എന്ന് പ്രാർത്ഥിക്കുന്നു.

​കർത്താവ് ഞങ്ങളുടെ കുടുംബങ്ങളെ ആശീർവദിച്ച് അനുഗ്രഹിക്കട്ടെ.

പാപക്കെട്ടുകളും പാപശാപബന്ധനങ്ങളും ഞങ്ങളുടെ കുടുംബങ്ങളിൽ നിന്ന് ഇല്ലാതാവട്ടെ.

പൈശാചിക ബന്ധനങ്ങൾ മാറിപ്പോകട്ടെ.

മാരകരോഗങ്ങൾ സൗഖ്യം പ്രാപിക്കട്ടെ. തകർച്ചകൾ മാറട്ടെ.

ദാമ്പത്യബന്ധം ഉറപ്പിക്കപ്പെടട്ടെ.

മക്കൾ അനുഗ്രഹിക്കപ്പെടട്ടെ.

സാമ്പത്തിക മേഖല ഉയരട്ടെ.

ദൈവം ആപത്തുകൾ, അനർത്ഥങ്ങൾ, അപകടങ്ങൾ, രോഗങ്ങൾ നിങ്ങളിൽ നിന്ന് എടുത്തു മാറ്റട്ടെ.

കർത്താവായ യേശുവിന്റെ തിരുശരീരത്തിന്റെ യോഗ്യതകളാൽ തന്നെ, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading