പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.

​ഈശോയിൽ ഏറ്റവും സ്നേഹമുള്ള സഹോദരങ്ങളെ, നമ്മുടെ ഈ പ്രാർത്ഥനായ യാത്ര—അനുഗൃഹീതമായ ദിവ്യകാരുണ്യ വിശുദ്ധീകരണ, വിമോചന, മഹത്വീകരണ യാത്ര, ദിവ്യകാരുണ്യ കോൺസെക്രേഷൻ സമർപ്പണം—അതിന്റെ പൂർണ്ണതയിലേക്ക് എത്തുന്നതിന് ദൈവം നമ്മളെ സഹായിച്ചു കൊണ്ടിരിക്കുകയാണ്.

ഇതിൽ പങ്കുകൊള്ളുന്ന അനേകലക്ഷം മക്കളുണ്ട്. എല്ലാവരെയും ഓർത്ത് ഞാൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു.

ഇപ്രകാരം ഒരു ശുശ്രൂഷയിൽ ഒരുമിച്ചു വരുവാൻ നമുക്ക് സാധിച്ചതിൽ ദൈവത്തിന് നമുക്ക് നന്ദി പറയുകയും ചെയ്യാം.

​ഇന്ന് മുപ്പത്തൊൻപതാമത്തെ ദിവസമാണ്.

നാളെയാണ് നമ്മുടെ യാത്ര അവസാനിക്കുന്നത്.

നമ്മുടെ മുഴുവൻ പ്രാർത്ഥനകളും ദൈവസന്നിധിയിലേക്ക് ഒരുമിച്ച് സമർപ്പിക്കാനുള്ള ദിവസം കൂടിയാണ് ഇന്നും നാളെയും.

​ഞാൻ ഇന്ന് നിങ്ങളോട് പങ്കുവെക്കുന്നത് “ഫോർത്ത് കപ്പ്” (Fourth Cup) എന്ന് പറയുന്ന ഒരു ആശയമുണ്ട്—നാലാമത്തെ പാനപാത്രം.

ഈ ആശയം ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട് ആധുനിക ദൈവശാസ്ത്രജ്ഞന്മാർ, മോഡേൺ സ്കോളേഴ്സ് പ്രസന്റ് ചെയ്യുന്ന ഒരു ആശയമാണ്.

ഇത് ജൊവാക്കിം ജെറമിയാസ് (Joachim Jeremias) എന്ന് പറയുന്ന ഒരു ദൈവശാസ്ത്രജ്ഞനാണ് ആദ്യമായി മുന്നോട്ടു വെച്ചത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അമേരിക്കയിലെ പ്രശസ്തരായ ബൈബിൾ പണ്ഡിതന്മാർ, ദൈവശാസ്ത്രജ്ഞന്മാർ—സ്കോട്ട് ഹാൻ (Scott Hahn), ബ്രാൻഡ് പിത്രേ (Brant Pitre) തുടങ്ങിയ പണ്ഡിതന്മാർ ഈ ആശയം ഇന്ന് വളരെ പ്രചാരത്തിൽ എത്തുന്നതിന് സഹായിച്ചിട്ടുള്ള വ്യക്തികളാണ്.

​ഫോർത്ത് കപ്പ്, നാലാമത്തെ പാനപാത്രം. ഈ ആശയം എന്തിനാണ് പങ്കുവെക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ആദ്യം പറയാം: അതായത് ഈശോ വ്യാഴാഴ്ച, പെസഹാ വ്യാഴാഴ്ച മാളികമുറിയിൽ അർപ്പിച്ച ആ പെസഹാ ആചരണവും വെള്ളിയാഴ്ച മൂന്നുമണിക്ക് കുരിശിൽ അരങ്ങേറിയ യേശുവിന്റെ കുരിശുമരണവും രണ്ടു സംഭവങ്ങളല്ല; മറിച്ച് ഒരു സംഭവമാണ്, ഒരു യാഥാർത്ഥ്യത്തിന്റെ രണ്ടു വശങ്ങളാണ്, ഒരു നാണയത്തിന്റെ രണ്ടു മുഖങ്ങളാണ് എന്ന ഒരു ബോധ്യം നമുക്ക് കിട്ടാനാണ് ഞാൻ ഈ ഫോർത്ത് കപ്പ് എന്ന് പറയുന്ന ആശയം പങ്കുവെക്കുന്നത്.

​എന്താണ് ഇതിന്റെ പ്രൊപ്പൊസിഷൻ, ആർഗ്യുമെന്റ് എന്താണ്?

ഈ ആശയം മുന്നോട്ടുവെക്കുന്ന വാദം: ക്രിസ്തു പെസഹാ ആചരണം മാളികമുറിയിൽ പൂർത്തിയാക്കിയില്ല.

ഇന്റൻഷണലി, ബോധപൂർവ്വം യേശു പെസഹാ വിരുന്ന്, പെസഹാ ബലി പൂർത്തിയാക്കാതെ കുരിശിലേക്ക് പോയി. കുരിശിലാണ് അത് പൂർത്തിയാക്കിയത്.

ഇതാണ് ഈ ആശയം മുന്നോട്ടുവെക്കുന്ന വാദം.

​നമുക്കത് എങ്ങനെയാണ് എന്ന് പരിശോധിക്കാം.

അതായത് ഒന്നാം നൂറ്റാണ്ടിലെ യഹൂദമതം പെസഹാ ആചരിക്കുമ്പോൾ, ആ പെസഹാ ആചരണത്തിന് നാല് പാനപാത്രങ്ങൾ അടങ്ങുന്ന ഒരു ക്രമമാണ് ഉണ്ടായിരുന്നത്—ഫോർ കപ്പ്സ്.

അങ്ങനെ പറയാൻ കാരണം, പാനപാത്രം എന്ന് പറയാൻ കാരണം, അതിനകത്ത് ഓരോ ക്രമവും അവസാനിക്കുന്നത് ഓരോ പാനപാത്രം വീഞ്ഞ് കുടിച്ചുകൊണ്ടായിരുന്നു.

അപ്പോൾ നമ്മൾ ഇന്ന് നമ്മുടെ ആധുനിക ഭക്ഷണരീതികളിൽ ഫസ്റ്റ് കോഴ്സ്, സെക്കൻഡ് കോഴ്സ്, തേർഡ് കോഴ്സ് എന്നൊക്കെ പറയുന്നതു പോലെ ഈ പെസഹാ ആചരണത്തിന് നാല് കോഴ്സുകൾ, നാല് ക്രമങ്ങളുണ്ട്, നാല് ഘട്ടങ്ങളുണ്ട്.

അതിൽ ഓരോ ഘട്ടവും അവസാനിക്കുന്നത് ഓരോ പാനപാത്രം, ഓരോ കപ്പ് വീഞ്ഞ് കുടിച്ചുകൊണ്ടാണ്.

​ഞാൻ ആദ്യം ഈ നാല് കപ്പുകൾ, അല്ലെങ്കിൽ ഈ നാല് ക്രമം ഏതൊക്കെയാണ് എന്ന് പറയാം, നാല് ഘട്ടം ഏതാണെന്ന് പറയാം:

​ഒന്നാമത്തേത് (ഫസ്റ്റ് കപ്പ്): ആദ്യത്തെ പാനപാത്രം, ഒരു ആദ്യത്തെ ക്രമം. അതിനെ അവർ വിളിച്ചിരുന്നത് ‘കിദ്ദൂഷ്’ (Kiddush) എന്നാണ്. ദ കപ്പ് ഓഫ് സാങ്റ്റിഫിക്കേഷൻ (The Cup of Sanctification), വിശുദ്ധീകരണത്തിന്റെ പാനപാത്രം.

അത് ഈ പെസഹാ ആചരണത്തിന്റെ ആമുഖമാണ്. എന്തിന് പെസഹാ ആചരിക്കുന്നു തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു ആമുഖം; അതാണ് ഈ ഫസ്റ്റ് കോഴ്സ്.

​രണ്ടാമത്തേത്: അതിനെ അവർ വിളിച്ചിരുന്നത് ‘ഹഗ്ഗദാ’ (Haggadah) എന്നാണ്. അതിന്റെ അർത്ഥം പ്രൊക്ലമേഷൻ (Proclamation) എന്നാണ്—പ്രഖ്യാപനം. കപ്പ് ഓഫ് പ്രൊക്ലമേഷൻ, പ്രഖ്യാപനത്തിന്റെ പാനപാത്രം, പ്രഘോഷണത്തിന്റെ പാനപാത്രം.

ഈ രണ്ടാം ഘട്ടത്തിൽ ഈ കുടുംബത്തിലെ ഇളയ കുട്ടി പിതാവിനോട് ചോദിക്കുന്നു: “എന്തുകൊണ്ടാണ് ഈ രാത്രി മറ്റ് രാത്രികളിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത്?

” അപ്പോൾ പിതാവ് ആ പുറപ്പാട് സംഭവം ഒരിക്കൽക്കൂടി വിവരിക്കും.

എക്സോഡസ് സ്റ്റോറി ഈസ് റീകൗണ്ടഡ് (Exodus story is recounted). എന്തുകൊണ്ടാണ് നമ്മൾ ഈ പെസഹാ ആചരിക്കുന്നത് എന്നതിന് ഉത്തരമായി ദൈവം തങ്ങളെ രാത്രിയിൽ മോചിപ്പിച്ചതിന്റെ ആ പുരാതന ചരിത്രം പിതാവ് മക്കൾക്ക് വിശദീകരിച്ചു കൊടുക്കും. അതാണ് പ്രൊക്ലമേഷന്റെ കപ്പ്, രണ്ടാമത്തെ കപ്പ്.

​മൂന്നാമത്തെ പാനപാത്രം: മൂന്നാമത്തെ ഘട്ടത്തെ അവർ വിളിച്ചിരുന്നത് ‘ബെറാക്കാ’ (Berakah) എന്നാണ്. ദ കപ്പ് ഓഫ് ബ്ലെസ്സിങ് (The Cup of Blessing), അനുഗ്രഹത്തിന്റെ പാനപാത്രം.

​നാലാമത്തേത്: അവസാനത്തെ പാനപാത്രം, അത് ‘ഹല്ലേൽ കപ്പ്’ (Hallel Cup) എന്നാണ്. പ്രെയ്സ്, ഹല്ലേൽ എന്ന് പറഞ്ഞാൽ പ്രെയ്സ്—സ്തുതിയുടെ പാനപാത്രം.

അതാണ് ഈ പെസഹാ ബലി അവസാനിക്കുന്ന ലാസ്റ്റ് കോഴ്സ്, ഫോർത്ത് കപ്പ്.

​ഇത് ഹല്ലേൽ കപ്പ് എന്ന് വിളിച്ചിരുന്നതിന്റെ കാരണം, പഴയനിയമത്തിലെ സങ്കീർത്തനങ്ങളിൽ 113 മുതൽ 118 വരെയുള്ള സങ്കീർത്തനങ്ങളെ ഹല്ലേൽ സാംസ് (Hallel Psalms) എന്നാണ് വിളിക്കുന്നത്—ഹല്ലേൽ സങ്കീർത്തനങ്ങൾ എന്നാണ്.

ഈ അവസാന ഭാഗം എത്തുമ്പോൾ ഈ നാലാമത്തെ കപ്പിനോട് ചേർത്ത് സങ്കീർത്തനം 115, 116, 117, 118 ഇത് ചൊല്ലിയിട്ടാണ് ഈ കോഴ്സ് അവസാനിക്കുന്നത്, ഈ നാലാമത്തെ കപ്പ് അവസാനിക്കുന്നത്.

അതുകൊണ്ടാണ് അതിനെ കപ്പ് ഓഫ് പ്രെയ്സ്, കപ്പ് ഓഫ് ഹല്ലേൽ എന്ന് വിളിച്ചിരുന്നത്.

​അടുത്ത ചോദ്യം: അപ്പോൾ നമുക്ക് ഇതുവരെ മനസ്സിലായത് യഹൂദന്മാരുടെ ഒന്നാം നൂറ്റാണ്ടിലെ പെസഹാ ആചരണത്തിന് നാല് കപ്പുകൾ ഉണ്ടായിരുന്നു, നാല് പാനപാത്രം. അതിൽ നാലിന്റെയും പേരും അതിന്റെ പശ്ചാത്തലവും ഞാൻ പറഞ്ഞു.

അടുത്ത ചോദ്യം: ഈ നാല് കപ്പിൽ എത്ര കപ്പ്, എത്ര പാനപാത്രം യേശു പൂർത്തിയാക്കി, യേശു കുടിച്ചു?

​നമുക്ക് ലൂക്കായുടെ സുവിശേഷം വായിക്കുമ്പോൾ—പ്രത്യേകിച്ച് ലൂക്കാ സുവിശേഷത്തിന്റെ 22-ാം അധ്യായത്തിന്റെ 14 മുതൽ 20 വരെ (ഞാൻ സമയച്ചുരുക്കം കൊണ്ട് വായിക്കുന്നില്ല, നിങ്ങൾ വായിച്ചാൽ മതിയാകും; ലൂക്കാ 22:14-20 വരെ ആ പെസഹാ ബലിയെക്കുറിച്ച്, പെസഹാ ആചരണത്തെക്കുറിച്ച് പറയുമ്പോൾ)—ലൂക്കാ, നിങ്ങൾ ശ്രദ്ധിച്ചു വായിച്ചാൽ കാണാൻ പറ്റും, രണ്ട് പ്രാവശ്യം യേശു പാനപാത്രം എടുക്കുന്നതായി അവിടെ പറഞ്ഞിട്ടുണ്ട്.

രണ്ട് പ്രാവശ്യം.

​അപ്പോൾ സ്വാഭാവികമായും നമ്മൾ ചോദിക്കേണ്ട ചോദ്യം: ലൂക്കാ പ്രസന്റ് ചെയ്യുന്ന ആ പാനപാത്രം ഏതൊക്കെയാണ്?

ഈ നാലെണ്ണത്തിൽ ഏതാണ് ഈ രണ്ടെണ്ണം?

അത് നമുക്ക് ശ്രദ്ധിച്ചു വായിക്കുമ്പോൾ, അത് പഠിക്കുന്നവർക്ക് മനസ്സിലാവുന്നതും അവർ പറഞ്ഞുതരുന്നതും രണ്ടാമത്തെയും മൂന്നാമത്തെയും പാനപാത്രത്തെയാണ് ലൂക്കാ ഉദ്ദേശിക്കുന്നത്.

​അപ്പോൾ അടുത്ത ചോദ്യം: അങ്ങനെയാണെങ്കിൽ യേശു എടുത്ത് ആശീർവദിച്ച്, “ഇത് എന്റെ രക്തമാണ്” എന്ന് പറഞ്ഞ് കുർബാനയാക്കിയത് ഈ നാല് പാനപാത്രത്തിലെ ഏത് പാനപാത്രമാണ്?

അതിനുത്തരം മൂന്നാമത്തെ പാനപാത്രം. അനുഗ്രഹത്തിന്റെ പാനപാത്രമാണ് ഈശോ കുർബാനയാക്കി മാറ്റുന്നത്.

അത് നമുക്ക് കിട്ടുന്ന തെളിവ് ബൈബിളിൽ ഉള്ളത്, പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം പത്താം അധ്യായം പതിനാറാം വാക്യത്തിൽ (1 കോറിന്തോസ് 10:16) നമ്മൾ വായിക്കുന്നുണ്ട്: “നാം ആശീർവദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം…”

കുർബാനയെ വിളിക്കാൻ പൗലോസ് ഉപയോഗിച്ച വാക്ക് “അനുഗ്രഹത്തിന്റെ പാനപാത്രം” എന്നാണ്.

അതിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും, വിശുദ്ധ കുർബാനയാക്കി മാറ്റിയത് ഈ നാല് പാനപാത്രങ്ങളിൽ മൂന്നാമത്തെ പാനപാത്രമായ അനുഗ്രഹത്തിന്റെ പാനപാത്രമാണ്.

​അപ്പോൾ നമുക്ക് അവിടുന്ന് മനസ്സിലാവുന്ന ഒരു കാര്യം: ഈശോ പെസഹാ മുറിയിൽ വെച്ച് നാല് പാനപാത്രങ്ങളും കുടിച്ചില്ല, അല്ലെങ്കിൽ നാല് ഘട്ടവും പൂർത്തിയാക്കിയില്ല. മൂന്ന് ഘട്ടമേ പൂർത്തിയാക്കിയുള്ളൂ. മൂന്നാമത്തേതാണ് തന്റെ രക്തം എന്ന് പറഞ്ഞ് കുർബാനയാക്കുന്നത്.

​ഇത് കഴിഞ്ഞിട്ട് എന്താണ് സംഭവിച്ചത്?

മത്തായിയുടെ സുവിശേഷം 26-ാം അധ്യായത്തിന്റെ 27 മുതൽ 30 വരെയുള്ള വാക്യങ്ങൾ വായിക്കുമ്പോഴും, അതുപോലെ മർക്കോസിന്റെ സുവിശേഷം 14-ാം അധ്യായം 24 മുതൽ 26 വരെ വായിക്കുമ്പോഴും നമുക്ക് രണ്ട് പ്രധാനപ്പെട്ട ആശയം അവിടെനിന്ന് കിട്ടുന്നു.

​ഒന്നാമത്തെ ആശയം: കർത്താവ് പറയുകയാണ്, ഈ കുർബാന സ്ഥാപിച്ചതിനു ശേഷം പറയുകയാണ്: “ദൈവരാജ്യം പൂർത്തിയാകുന്നതുവരെ ഞാൻ ഈ പാനപാത്രത്തിൽനിന്ന് ഇനി കുടിക്കില്ല.”

ഇനി ഒരു പാനപാത്രം കൂടെ ഞാൻ കുടിക്കില്ല. എപ്പൊ വരെ?

ദൈവരാജ്യം അതിന്റെ പൂർണ്ണതയിൽ എത്തുന്നതു വരെ. അതാണ് ഒന്നാമത്തെ ആശയം.

​രണ്ടാമത്തെ ആശയം: നമുക്ക് അവിടുന്ന് കിട്ടുന്നത് (മത്തായി 26-ൽ നിന്നും മർക്കോസ് 14-ൽ നിന്നും നമുക്ക് കിട്ടുന്ന രണ്ടാമത്തെ ആശയം), സ്തോത്രഗീതം ആലപിച്ചിട്ടാണ് അവർ ഒലിവുമലയിലേക്ക് പോകുന്നത്.

​അതായത് രണ്ട് ആശയങ്ങൾ നമുക്ക് കിട്ടി: ഒന്നാമത്തേത്, ഈശോ പറയുകയാണ്, “ഞാൻ ഇനി ദൈവരാജ്യത്തിൽ ഇത് പൂർത്തിയാകുന്നതു വരെ, പൂർത്തിയാകുന്നതു വരെ ഞാൻ ഈ പാനപാത്രം കുടിക്കില്ല.”

രണ്ടാമത്തേത്, അവർ സ്തോത്രഗീതം ആലപിച്ചിട്ട് ഒലിവുമലയിലേക്ക് പോയി.

​അതിന്റെ അർത്ഥം: യേശു നാലാമത്തെ പാനപാത്രം കുടിക്കുന്നതിന് മുൻപ് സ്തോത്രഗീതം ആലപിച്ച് ഒലിവുമലയിലേക്ക് പോയി എന്ന് പറഞ്ഞാൽ, കർത്താവ് നാലാമത്തെ പാനപാത്രം പൂർത്തിയാക്കാതെയാണ് ഒലിവുമലയിലേക്ക് പോയത്.

ഒലിവുമലയിലേക്ക് പോയത് നാലാമത്തെ കപ്പ് കുടിക്കാതെയാണ്.

​അപ്പോൾ നമ്മുടെ മനസ്സിൽ ഒരു ആശയം കൃത്യമായിട്ട് ഇടണം.

യഹൂദന്റെ പെസഹാ ആചരണത്തിലെ ഫോർത്ത് കപ്പ് യേശു പൂർത്തിയാക്കിയില്ല. അത് അവശേഷിപ്പിച്ചിട്ടാണ് പോയത്, കുടിച്ചിട്ടില്ല. പറയുകയും ചെയ്തു: “ദൈവരാജ്യത്തിൽ ഇത് പൂർത്തിയാകുന്നതുവരെ ഞാൻ ഇത് കുടിക്കുകയും ചെയ്യത്തില്ല” എന്ന് പറയുകയും ചെയ്തു.

അപ്പോൾ നമ്മൾ അതിൽനിന്ന് മനസ്സിലാക്കേണ്ടത്: യേശു പെസഹാ ആചരണം ഫിനിഷ് ചെയ്യാതെയാണ്, പൂർത്തിയാക്കാതെയാണ് കാൽവരിയിലേക്ക് പോയത്.

അതിന്റെ അർത്ഥം പെസഹാ കണ്ടിന്യൂ ചെയ്യുകയാണ് ഈശോയിൽ, അവൻ കംപ്ലീറ്റ് ചെയ്തിട്ടില്ല. അപ്പോൾ എന്തോ അവന്റെ മനസ്സിലുണ്ട്.

​ഇനി അടുത്ത സംഭവിക്കുന്ന കാര്യം എന്താണ്?

അടുത്തത് ഇവർ നേരെ ഗെത്സെമൻ തോട്ടത്തിലേക്ക് ചെല്ലുന്നു. അവിടെ ഗെത്സെമൻ തോട്ടത്തിൽ വെച്ച് യേശു നടത്തുന്ന പ്രാർത്ഥനയാണ് ഇതിന്റെ ക്ലൂ.

എന്താണ് പ്രാർത്ഥിച്ചത്? “പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് എടുത്തുമാറ്റണമേ.”

​അവിടെ യേശു ഉദ്ദേശിക്കുന്ന പാനപാത്രം യേശുവിന്റെ മരണമാണെന്ന് ഏത് കൊച്ചുകുഞ്ഞിനും മനസ്സിലാകും.

അങ്ങനെയാണെങ്കിൽ യേശു നാലാമത്തെ പാനപാത്രം പൂർത്തിയാക്കാതെ പോയിട്ട്, “ആ പാനപാത്രം എടുത്തു മാറ്റണമേ” എന്ന് പ്രാർത്ഥിക്കുമ്പോൾ അത് അവന്റെ മരണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ, യേശുവിന്റെ മനസ്സിൽ നാലാമത്തെ പാനപാത്രം തന്റെ മരണമാണ്, അല്ലെങ്കിൽ താൻ മരിക്കുന്നതാണ്.

അപ്പോൾ ഫോർത്ത് കപ്പ് എന്ന് പറഞ്ഞാൽ യേശുവിന്റെ മരണമാണ്.

പെസഹാ ബലി പൂർത്തിയാക്കുമ്പോഴേക്കും യേശു മരിച്ചു കഴിയും എന്നതാണ് യേശുവിന്റെ മനസ്സിൽ അതിനെക്കുറിച്ചുള്ള ചിത്രം.

By the time this new Passover is finished, Jesus would have died.

​ഇനി, കുരിശിന്റെ വഴിയിലെ യാത്രയിൽ യേശുവിനെ കൊണ്ടുപോകുമ്പോൾ അവർ അവന് വീഞ്ഞു കുടിക്കാൻ കൊടുത്തു; പക്ഷേ അവൻ അത് സ്വീകരിച്ചില്ല (മർക്കോസ് 15:23). അവൻ കുടിച്ചില്ല.

​എന്നാൽ അവൻ കുടിച്ചു. എപ്പോഴാണെന്ന് അറിയാമോ?

മരണത്തിന് തൊട്ടുമുൻപ്, ദൈവരാജ്യം പൂർത്തിയാവുന്നതിന് തൊട്ടുമുമ്പ്.

യോഹന്നാൻ 19:23 മുതൽ 30 വരെ വായിക്കുമ്പോൾ, മരണത്തിന് തൊട്ടുമുമ്പ് അവൻ ആ വീഞ്ഞ് സ്വീകരിച്ചു,

അവൻ വീഞ്ഞു കുടിച്ചു. കുടിച്ചിട്ട് അവൻ പറഞ്ഞ ഒരു വാചകമാണ് ശ്രദ്ധേയം: “എല്ലാം പൂർത്തിയായി.”

​എന്താണ് അപ്പോൾ പൂർത്തിയായത്?

ഈ പെസഹാ ബലി പൂർത്തിയായി, നാലാമത്തെ കപ്പും കുടിച്ചു, ഞാൻ മരിക്കുന്നു.

​അപ്പോൾ അതിന്റെ അർത്ഥം, കർത്താവ് പറയുകയാണ്: പെസഹാ മാളിക…

മാളികമുറിയിൽ അർപ്പിച്ച പെസഹാ ബലിയും കാൽവരിയിൽ യേശുവിന്റെ മരണവും ഒറ്റ യാഥാർത്ഥ്യമാണ്.

നാല് പാനപാത്രങ്ങൾ അടങ്ങുന്ന ഒരു സംഭവമാണ്.

ആ നാലാമത്തെ പാനപാത്രമാണ് യേശുവിന്റെ മരണം.

മൂന്നെണ്ണം തലേന്ന് വൈകുന്നേരം മാളികമുറിയിൽ വെച്ച് പൂർത്തിയാക്കി, നാലാമത്തേത് കുരിശിൽ പൂർത്തിയാക്കുമ്പോൾ അത് ഒരു സംഭവമാണെന്ന് യേശു പ്രഖ്യാപിക്കുകയാണ്.

രണ്ടും ഒരു സംഭവത്തിന്റെ രണ്ട് മുഖങ്ങളാണ്. അവന്റെ മരണമാണ് പുതിയ പെസഹാ ബലി, അവനാണ് പെസഹാ കുഞ്ഞാട്.

​ഈ മാളികമുറിയിൽ പെസഹാ ആചരിച്ചതിലൂടെ യേശു തന്റെ കുരിശുമരണത്തെ പെസഹാ ബലിയായി കാണാൻ നമ്മളെ പ്രേരിപ്പിക്കുന്നു; അതുപോലെ കുരിശിലൂടെ യേശു തന്റെ മാളികമുറിയിലെ ആചരണത്തെ ഒരു ബലിയായി കാണാൻ നമ്മളെ നിർബന്ധിക്കുകയും ചെയ്യുന്നു.

​ഒരു പ്രൊട്ടസ്റ്റന്റ് പണ്ഡിതനായ എ. ഇ. ജെ. റോളിൻസൺ (A. E. J. Rawlinson) എന്നൊരു പണ്ഡിതനുണ്ട്.

അദ്ദേഹം പറയുന്ന ഒരു വാചകം ശ്രദ്ധേയമാണ്: “It is the Last Supper that makes Calvary sacrificial.”

കാൽവരിയെ ഒരു ബലിയാക്കി മാറ്റിയത് മാളികമുറിയിലെ തിരുവത്താഴമാണ്.

അതിന്റെ അർത്ഥം, യേശുക്രിസ്തുവിന്റെ കുരിശുമരണം ബലിയാണെന്ന് പറയണമെങ്കിൽ മാളികമുറിയിൽ നടന്നതും കാൽവരിയിൽ നടന്നതും ഒരു സംഭവമാണെന്ന് പറഞ്ഞാലേ നമുക്ക് യേശുവിന്റെ കുരിശുമരണം ഒരു ബലിയാണെന്ന് സ്ഥാപിക്കാൻ കഴിയൂ.

​അതുകൊണ്ട് എന്താണ് ഇതിന്റെ ഉപസംഹാരം?

എനിക്ക് ഇന്ന് നിങ്ങളെ ഓർമ്മിപ്പിക്കാനുള്ളത്: ഇത് രണ്ടും ഒരു സംഭവമാണെങ്കിൽ യേശുക്രിസ്തു ദുഃഖവെള്ളിയാഴ്ച കുരിശിൽ അർപ്പിച്ച ആ ബലി, തന്റെ ജീവൻ അർപ്പിക്കുമ്പോൾ ആ കുരിശുമരണത്തിലൂടെ നമുക്ക് എന്തെല്ലാം ലഭിച്ചോ, അത് മുഴുവൻ ഇന്ന് നമുക്ക് ലഭിക്കുന്ന സ്ഥലമാണ് നമ്മുടെ പരിശുദ്ധ കുർബാന അർപ്പണം.

Whatever you get from the Cross, you receive from the altar.

കുരിശിൽ കിട്ടിയതെല്ലാം അൾത്താരയിലും ഒട്ടും കുറയാതെ കിട്ടുന്നു എന്നതാണ് ഈ ചിന്ത നമുക്ക് തരുന്ന പ്രായോഗിക പാഠം.

​അനുഗൃഹീതമായ ഒരു ദിവസം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ ഇന്നലെ ഓർമ്മിപ്പിച്ചു, പ്രത്യേകിച്ച് ഇനി ഒരു പുണ്യം, പാപം അത്തരം കാര്യങ്ങളൊന്നും പറയുന്നില്ല.

പകരം കുറെയധികം സമയം പ്രാർത്ഥനയിൽ ചെലവഴിക്കുക, ദൈവസാന്നിധ്യത്തിൽ ആയിരിക്കുക.

അതൊരു സമാഹരണ പ്രാർത്ഥനയുടെ സമയമാണെന്ന് പറഞ്ഞിരുന്നു.

നമ്മുടെ ഈ ദിവസങ്ങളിലെ മുഴുവൻ യാചനകളും അഭ്യർത്ഥനകളും അപേക്ഷകളും എല്ലാം കർത്താവിന്റെ മുൻപിൽ സമർപ്പിച്ച്, നമ്മുടെ ഈ യാത്രയുടെ ഒടുവിൽ അനുഗ്രഹം പ്രാപിക്കാൻ ദൈവസന്നിധിയിൽ ഇരിക്കാനുള്ള സമയമാണ്, ദിവസങ്ങളാണിത്.

അതുകൊണ്ട് അതിന് നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

നമുക്ക് ദിവ്യകാരുണ്യ ആശീർവാദത്തിനായിട്ട് ഒരുങ്ങാം.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​നല്ല ഈശോയേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു.

അങ്ങയിൽ ഞങ്ങൾ ആശ്രയിക്കുന്നു. അങ്ങയെ ഞങ്ങൾ വിശ്വസിക്കുന്നു.

​നല്ല കർത്താവേ, കുരിശിലെ ബലിയിൽ അവിടുന്ന് പിശാചിന്റെ ആധിപത്യങ്ങൾ തകർക്കുകയും ശാപബന്ധനങ്ങൾ അഴിക്കുകയും രോഗത്തിന് സൗഖ്യം പ്രധാനം ചെയ്യുകയും ഞങ്ങൾക്ക് വേണ്ടി അവിടുന്ന് മുറിവേറ്റ് നിന്റെ തിരുമുറിവുകളിൽ ഞങ്ങൾക്ക് സൗഖ്യവും സമാധാനവും അവിടുന്ന് നൽകുകയും ചെയ്തു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

കുരിശിൽ അവിടുന്ന് ഞങ്ങൾക്ക് വേണ്ടി നേടിത്തന്നതെല്ലാം ദിവ്യകാരുണ്യത്തിൽ ഞങ്ങൾ സ്വീകരിക്കുന്നു എന്ന് ഇന്നത്തെ ധ്യാനത്തിലൂടെ ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു.

കാൽവരി കുരിശിൽ കർത്താവ് ഞങ്ങൾക്ക് തന്നതെല്ലാം ഓരോ അൾത്താരയിലും ഞങ്ങൾ പ്രാപിക്കുന്നു എന്ന് തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കണമേ.

​ഞങ്ങളുടെ ജീവിതത്തിന്റെ മുഴുവൻ ദുഃഖങ്ങളും വേദനകളും അൾത്താരയിലേക്ക് ചേർത്തുവെക്കാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ.

ബലിപീഠത്തിന്റെ വളർകൊമ്പുകളിൽ പിടിച്ച ഒരാൾ പോലും ശിക്ഷിക്കപ്പെടുകയില്ല എന്ന പഴയനിയമത്തിന്റെ വചനത്തെ, കർത്താവേ, പരിശുദ്ധ കുർബാനയിൽ ഞങ്ങൾ ചേർത്തു വെക്കുന്നതെല്ലാം ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമെന്ന് മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കണമേ.

ഓരോ ദിവ്യകാരുണ്യത്തിലും അനേകായിരം അത്ഭുതങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ചെയ്യുന്നത് കാണാൻ ഞങ്ങളുടെ കണ്ണുകൾ തുറന്നു തരണമേ എന്ന് പ്രാർത്ഥിക്കുന്നു.

​ഈ ദിവ്യകാരുണ്യ ശുശ്രൂഷയിൽ പങ്കെടുത്ത ഞങ്ങളെ എല്ലാവരെയും നീ അനുഗ്രഹിക്കണമേ.

ഞങ്ങളുടെ ജീവിതത്തിന്റെ ഭാരങ്ങൾ, രോഗങ്ങൾ, തകർച്ചകൾ നീ ഏറ്റെടുക്കണമേ.

ഞങ്ങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിച്ചോ അവരുടെ ജീവിതത്തിൽ നന്മ കാണാനും അനുഗ്രഹം കാണാനും ഞങ്ങളെ കർത്താവേ നീ സഹായിക്കണമേ.

​ദൈവമേ, ഈ യാത്രയിൽ ഒപ്പം വന്ന ഈ പ്രിയ മക്കൾക്ക് എല്ലാവർക്കും വേണ്ടി മനസ്സ് നൊന്ത് ഞാൻ പ്രാർത്ഥിക്കുന്നു.

ദൈവമേ, അങ്ങയുടെ നാമം വിളിച്ച് അപേക്ഷിക്കുന്നു.

ഇവർക്കുവേണ്ടി ഇന്ന് അങ്ങയുടെ മുൻപിൽ നിൽക്കുമ്പോൾ, ദിവ്യകാരുണ്യത്തിന് മുൻപിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ ഈ ജനം എവിടെയായിരുന്നാലും കർത്താവേ നിന്റെ കരം അവരെ തൊടണമേ. നീ അവർക്ക് ആശ്വാസം കൊടുക്കണമേ.

നിന്റെ നാമം ഇവരിിലൂടെ മഹത്വപ്പെടാൻ ഇടയാകണമേ. കർത്താവ് അനേകം പേരുടെ ജീവിതത്തിൽ ഇടപെട്ടു എന്ന നന്മ കാണാനും കേൾക്കാനും ഞങ്ങളെ അങ്ങ് സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

നമുക്ക് ഈശോയുടെ ആശീർവാദം സ്വീകരിക്കാം.

​കാരുണ്യവാനായ കർത്താവ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആശീർവദിച്ച് അനുഗ്രഹിക്കട്ടെ.

കർത്താവിന് അസാധ്യമായി ഒന്നുമില്ല. അവിടുന്ന് സകല മർത്യരുടെയും ദൈവമായ കർത്താവാണ്. നിങ്ങളുടെ ജീവിതത്തിന്റെ മുഴുവൻ തകർച്ചകളും ദൈവം നന്മയാക്കി മാറ്റി അവിടുത്തെ അനന്തശക്തി നിങ്ങളുടെ ജീവിതത്തിൽ അവിടുന്ന് പ്രകടമാക്കട്ടെ.

​കർത്താവ് തന്റെ കണ്ണ് നിങ്ങളുടെ നേരെ ഉയർത്തുകയും അവിടുത്തെ കരം നീട്ടി നിങ്ങളെ തൊടുകയും അവിടുത്തെ സാന്നിധ്യം നിങ്ങളെ ശക്തിപ്പെടുത്തുകയും അവിടുന്ന് തരുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കുകയും പടപൊരുതാൻ നിങ്ങളുടെ വിരലുകളെയും യുദ്ധം ചെയ്യാൻ നിങ്ങളുടെ കൈകളെയും അവിടുന്ന് സന്നദ്ധരാക്കുകയും രാപ്പകൽ കർത്താവിന്റെ സാന്നിധ്യത്തിൽ ആയിരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

​ദൈവം കൂടെയുണ്ടെന്നുള്ള വിശ്വാസം നിങ്ങളിൽ സമൃദ്ധമാവട്ടെ.

ദൈവശക്തിയാൽ നിങ്ങൾ നിറയപ്പെടട്ടെ.

പരിശുദ്ധാത്മാവിന്റെ അഭിഷേകം നിങ്ങൾക്ക് ലഭിക്കട്ടെ.

സകല നന്മകളാലും അനുഗ്രഹങ്ങളാലും ആയുസ്സും ആരോഗ്യവും തന്ന് ദൈവം നിങ്ങളെ സംരക്ഷിക്കട്ടെ.

​ആപത്തുകൾ, അനർത്ഥങ്ങൾ, അപകടങ്ങൾ, രോഗങ്ങൾ, മാരകമായ എല്ലാ വിധത്തിലുള്ള വ്യാധികൾ, പകർച്ചവ്യാധികൾ, സകല തകർച്ചകളും സാമ്പത്തിക ഞെരുക്കങ്ങളും ദാരിദ്ര്യവും കടക്കെണിയും കലഹങ്ങളും പ്രശ്നങ്ങളും ജീവിതത്തിന്റെ സന്തോഷം കെടുത്തുന്ന സാഹചര്യങ്ങളും ദൈവം നിങ്ങളുടെ കുടുംബത്തിൽ നിന്ന് എടുത്തു മാറ്റി നിങ്ങളെ അനുഗ്രഹിക്കട്ടെ.

​അത്ഭുതങ്ങളുടെ ദൈവം എനിക്ക് നന്മ ചെയ്തു എന്ന് പറയാൻ നിങ്ങൾക്ക് ഇടയാവട്ടെ.

എല്ലാ നന്മകളാലും അനുഗ്രഹങ്ങളാലും ദൈവം നിങ്ങളെ നിറയ്ക്കട്ടെ; ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading