പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.
ഈശോയിൽ ഏറ്റവും സ്നേഹമുള്ളവരേ, ദിവ്യകാരുണ്യ വിമോചനയാത്രയുടെ അവസാന ദിനങ്ങളിലേക്ക് നമ്മൾ അടുത്തു വരികയാണ്.
ഇന്ന് 38-ാമത്തെ ദിവസം.
ഇന്ന് ഒത്തിരി തീക്ഷ്ണതയോടെ നമ്മൾ നടത്തിയ യാത്രയിൽ വളരെ അനുഗ്രഹീതമായ മൂന്ന് ദിവസങ്ങൾ കൂടി നമ്മൾ പിന്നിടുമ്പോൾ, ഇന്നും നാളെയും മറ്റന്നാളും ആകുമ്പോഴേക്കും 40 ദിവസത്തെ നമ്മുടെ യാത്ര പൂർത്തിയാവുകയും ഈ പ്രാർത്ഥനാ യാത്രയിൽ നമ്മൾ ലക്ഷ്യം വച്ച എല്ലാ അനുഗ്രഹങ്ങളും ദൈവം നമുക്ക് തരുന്ന, നമ്മൾ ദൈവത്തിൽ നിന്ന് അത് പ്രാപിക്കുന്ന വലിയ ഒരു അനുഗ്രഹം കാണാനും കഴിയുന്ന ആ അനുഗ്രഹത്തെ ഓർത്ത് ഞാൻ ദൈവത്തിന് നന്ദി പറയുന്നു.
നിങ്ങളോരോരുത്തരെയും അഭിനന്ദിക്കുന്നു.
ക്ലേശകരമായ ഒരു യാത്രയായിരുന്നു ഇത് എന്ന് എനിക്ക് നന്നായിട്ട് അറിയാം.
കാരണം ഇത് റെക്കോർഡ് ചെയ്യുമ്പോഴും അതുപോലെതന്നെ അതുമായി ബന്ധപ്പെട്ട ദിവസങ്ങളിലും എല്ലാം നിങ്ങൾ കടന്നുപോകാൻ ഇടയുള്ള അതേ സാഹചര്യങ്ങളിലൂടെ പല രീതിയിൽ കടന്നുപോകുന്ന അനുഭവം എനിക്കും ഉണ്ടായി.
അതുകൊണ്ടു തന്നെ ഈ യാത്ര എളുപ്പമായിരുന്നില്ല എന്ന് എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
ആ അനായാസമല്ലാത്ത, ആയാസങ്ങളേറെയുള്ള ഒരുപാട് പ്രതിബന്ധങ്ങളും ബുദ്ധിമുട്ടുകളും ഉള്ള ഒരു യാത്രയിൽ നമുക്ക് ദൈവത്തിന്റെ കൃപാവരങ്ങൾ പ്രാപിക്കാൻ കഴിഞ്ഞു.
നമുക്ക് ഏകാഗ്രതയോടെ ദൈവവചനം ധ്യാനിക്കാൻ പറ്റി. നമ്മൾ അനേകം മണിക്കൂറുകൾ ദൈവസന്നിധിയിൽ ചെലവഴിച്ചു.
അവിടെയിവിടെയൊക്കെ ചെറിയ പാകപ്പിഴകളും കുറവുകളും പാളിച്ചകളും ഒക്കെ വന്നിട്ടുണ്ടാവും. ചിലപ്പോഴൊക്കെ നമ്മൾ പുറകോട്ടു പോയിട്ടുണ്ടാവും, തീക്ഷ്ണത മങ്ങിയിട്ടുണ്ടാവും, താല്പര്യം കുറഞ്ഞിട്ടുണ്ടാവും.
ചിലപ്പോൾ ഒരു നിരാശ ജീവിതത്തിൽ ഇടയ്ക്ക് പിടികൂടി കാണാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചെയ്തതുകൊണ്ട് എന്താണ് പ്രയോജനം എന്ന് ചിന്തിച്ചിട്ടുണ്ടാവും.
ഇങ്ങനെ പലതരത്തിൽ നമ്മുടെ മനസ്സിനെ ഭാരപ്പെടുത്തുന്ന സാഹചര്യങ്ങൾ ശത്രുവായ സാത്താൻ വിതച്ചിട്ടുണ്ടാകാമെങ്കിലും നമ്മൾ സീനായി മരുഭൂമിയിലൂടെ യാത്ര ചെയ്ത കാലേബിനെയും ജോഷ്വയെയും പോലെ ഈ യാത്ര മുഴുവിക്കാൻ ഇടയായി എന്നുള്ളത് ഒരു നിസ്സാര കാര്യമല്ല.
അതോർത്ത് ഞാൻ ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു.
38-ാമത്തെ ഈ ദിവസം ദിവ്യകാരുണ്യ ചിന്തക്കായിട്ട് ഞാൻ എടുക്കാൻ ആഗ്രഹിക്കുന്നത് ‘എന്തുകൊണ്ട് വിശുദ്ധ കുർബാന ഒരു ബലിയാണ്’ എന്നുള്ള ഒരു ആശയമാണ് വിശദീകരിക്കാൻ ആഗ്രഹിക്കുന്നത്.
Why Eucharist is called a sacrifice?
ഞാൻ ഒരു ഏഴ് കാര്യങ്ങൾ നിങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നു; എന്തുകൊണ്ടാണ് കുർബാന ബലിയാണെന്ന് പറയുന്നത്?
ഒന്നാമതായി, ബൈബിളിലെ ആരാധന മിക്കപ്പോഴും തന്നെ ബലിയർപ്പിച്ചു കൊണ്ടുള്ള ആരാധനയാണ്.
അതായത്, ബൈബിളിന്റെ ആരാധനാ പാരമ്പര്യം അനുസരിച്ച് ദൈവജനം ദൈവത്തെ ആരാധിക്കുക എന്ന് പറയുമ്പോൾ പ്രധാനമായും അത് ഉദ്ദേശിക്കുന്നത് ബലിയർപ്പിച്ചുള്ള ആരാധനയാണ്.
അതിന് ഒരുപാട് ഉദാഹരണങ്ങൾ ബൈബിളിൽ നിന്ന് കാണാൻ കഴിയും.
കായേനും ആബേലും ദൈവത്തെ ആരാധിക്കുന്നത് ബലിയർപ്പിച്ചിട്ടാണ്. പിന്നീട് നോഹ ബലിയർപ്പിക്കുന്നത് ദൈവത്തെ ആരാധിച്ചിട്ടാണ്.
പിതാക്കന്മാരുടെ കാലത്ത് അബ്രഹാം, ഇസഹാക്ക്, യാക്കോബ് തുടങ്ങിയവരൊക്കെ ദൈവാരാധന നടത്തിയത് ബലിയർപ്പിച്ചിട്ടാണ്.
പിന്നീട് നമുക്കറിയാം, ടെമ്പിൾ പീരിയഡിലേക്ക് വരുന്നതിനു മുൻപ് സമാഗമ കൂടാരത്തിലും ദൈവം തന്നെ ആരാധിക്കാൻ ജനത്തെ പഠിപ്പിക്കാൻ മോശയ്ക്ക് നിർദ്ദേശം കൊടുക്കുമ്പോൾ അത് അഞ്ചുതരം ബലികൾ അർപ്പിച്ചുള്ള ഒരു ആരാധനാ രീതിയാണ് ദൈവം പറഞ്ഞുകൊടുക്കുന്നത്.
പിന്നീട് ജെറുസലേം ദൈവാലയത്തിൽ അത് തുടർന്നു വന്നു.
ദാവീദും സോളമനും അതുപോലെ മറ്റു രാജാക്കന്മാരും പുരോഹിതന്മാരും ഒക്കെ ബലിയർപ്പിക്കുന്ന രീതി.
അപ്പോൾ ഒന്നാമത്തെ ആശയം അതാണ്; അതായത് Biblical worship is always sacrificial.
ബലിയർപ്പിച്ചു ദൈവത്തെ ആരാധിക്കുന്ന ആരാധനയാണ് ബൈബിളിന്റെ ആരാധനാ രീതി.
ഇനി നമുക്കറിയാം, അങ്ങനെ ആ പഴയനിയമത്തിലെ ആരാധനകളെല്ലാം എ.ഡി. 70-ആം ആണ്ടിൽ ജെറുസലേം ദൈവാലയം തകർക്കപ്പെടുന്നതോടു കൂടി അവസാനിക്കുകയാണ്.
യഹൂദന്റെ ബലിയർപ്പണം നിലച്ചു. ദൈവാലയം അഗ്നിക്കിരയായി. അങ്ങനെ തകർന്നു കിടക്കുന്ന ഈ ദൈവാലയവും ഇല്ലാതെ പോയ ബലികളും അവശേഷിപ്പിക്കുന്ന ഒരു ശൂന്യത ദൈവം അനുവദിച്ചത് പഴയനിയമബലികൾ അവസാനിച്ചു എന്ന ഒരു ധ്വനി നമുക്ക് കിട്ടുന്നതിനാണ്.
സത്യത്തിൽ യേശുക്രിസ്തു കുരിശിൽ മരിച്ചപ്പോൾ ദൈവാലയത്തിന്റെ തിരശ്ശീല അടിമുതൽ മുടിവരെ, മുകളറ്റം മുതൽ താഴെ വരെ കീറി എന്ന് നമ്മൾ വായിക്കുന്നുണ്ടല്ലോ.
അതോടുകൂടിത്തന്നെ ജെറുസലേം ദൈവാലയത്തിലെ ആ ബലിയർപ്പണങ്ങൾ ഇല്ലാതായി എന്ന് പ്രതീകാത്മകമായി സൂചിപ്പിക്കപ്പെടുകയാണ്.
രണ്ടു കാര്യങ്ങൾ അവിടെ നമ്മൾ ശ്രദ്ധിക്കാനുണ്ട്: ഒന്ന്, പുരോഹിതനായ കയ്യാപ്പാ തന്റെ വസ്ത്രം കീറുന്നതോടുകൂടി ആ പഴയനിയമത്തിന്റെ പൗരോഹിത്യം അവസാനിക്കുന്നു.
പിന്നീട് ദൈവാലയത്തിന്റെ തിരശ്ശീല കീറുന്നതോടുകൂടി ദൈവാലയത്തിലെ ആ പഴയനിയമ ബലികളുടെ ചരിത്രവും അവസാനിക്കുന്നു.
ആ പെസഹാ ബലിയുടെ പശ്ചാത്തലത്തിലാണ് യേശു തന്റെ കാൽവരിയിലെ കുരിശുമരണം നിർവ്വഹിക്കുന്നത്.
ആ പെസഹാ ബലിയുടെ പശ്ചാത്തലത്തിലാണ് യേശു ദിവ്യകാരുണ്യം സ്ഥാപിക്കുന്നത്.
അതാണ് രണ്ടാമത്തെ ആശയം: Eucharist is instituted on the context of the Paschal sacrifice.
പെസഹാ ബലി—പെസഹാ എന്ന് പറയുന്നത് ഒരു ബലിയർപ്പണമാണ്.
പെസഹാ ബലിയർപ്പണത്തിന്റെ പശ്ചാത്തലത്തിലാണ് യേശു വിശുദ്ധ കുർബാന സ്ഥാപിച്ചത്.
ഇനി മൂന്നാമതായിട്ട് നമ്മൾ അതുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടത്, യേശുവിന്റെ മരണത്തോടുകൂടി, അല്ലെങ്കിൽ യേശുവിന്റെ മരണം കഴിഞ്ഞ് കൃത്യം 40 വർഷം കഴിയുമ്പോൾ ജെറുസലേം ദൈവാലയം തകർക്കപ്പെട്ട് ബലികൾ ഇല്ലാതായി എന്നതോടുകൂടി നമുക്ക് മനസ്സിലാവുന്ന കാര്യം യഹൂദന്റെ പഴയനിയമബലികൾ അവസാനിച്ച ആ സ്ഥാനത്താണ് യേശുവിന്റെ ബലി നിലവിൽ വരുന്നത്.
യേശു കുരിശിലർപ്പിച്ച ബലിയും അത് പ്രതീകാത്മകമായി ആവിഷ്കരിക്കപ്പെട്ട ആ മാളികമുറിയിലെ കുർബാനയർപ്പണവും നമുക്ക് ഒരു സൂചന തരുന്നത് പഴയനിയമത്തിലെ ബലികളെല്ലാം ഇല്ലാതായി; പുതിയനിയമത്തിൽ അതിനുപകരം യേശുവിന്റെ കുരിശിലെ ബലി ആരാധനയായി നിലവിൽ വന്നു.
നാലാമതായിട്ട് നമ്മൾ ഇവിടെ മനസ്സിലാക്കാനുള്ളത്, ഈശോ നമ്മൾ നേരത്തെ കണ്ടതാണ് ആ മാളികമുറിയിലെ ബലിയും അതുപോലെതന്നെ കുരിശിലെ യേശുവിന്റെ മരണവും ഒരേ യാഥാർത്ഥ്യമാണ്, ഒരു യാഥാർത്ഥ്യത്തിന്റെ രണ്ടു തലമാണ് എന്ന് നമ്മൾ പറഞ്ഞിരുന്നു.
ഞാൻ അത് അടുത്ത എപ്പിസോഡിൽ കൂടുതൽ വിശദീകരിക്കും.
അപ്പോൾ ഈ മാളികമുറിയിൽ തന്റെ ശരീരവും രക്തവുമായി അപ്പവും വീഞ്ഞും കൊടുക്കുമ്പോൾ ഈശോ ഇങ്ങനെ പറഞ്ഞിരുന്നു, “നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യണം, നിങ്ങൾ ഇത് റിപ്പീറ്റ് ചെയ്യണം.”
എന്നാൽ നമുക്ക് ഒരു കാര്യം അറിയാം, കർത്താവിന്റെ കാൽവരിയിലെ കുരിശുമരണം അതൊരു രക്തപങ്കിലമായ ബലിയാണ്.
രക്തം ചൊരിഞ്ഞുള്ള ബലിയാണ്.
രണ്ടു കാര്യങ്ങൾ കാണണം: ഒന്ന്, അതിനകത്ത് ഒരു ബ്ലഡ് റിലേറ്റഡ് എലമെന്റുണ്ട്; രക്തം കൊണ്ടുള്ള ബലിയാണ്.
രണ്ടാമത്തേത്, അത് അർപ്പിക്കുന്നത് ഒരു മനുഷ്യനല്ല, ദൈവപുത്രനായ യേശുവാണ്, ദൈവം തന്നെയാണ്.
അപ്പോൾ ഈ രണ്ടു കാരണങ്ങൾ കൊണ്ട് മനുഷ്യന് അത് റിപ്പീറ്റ് ചെയ്യാൻ പറ്റില്ല. ഒന്ന്, നമ്മൾ ഇനി ആ ബലി അതുപോലെ റിപ്പീറ്റ് ചെയ്യണമെങ്കിൽ നമ്മൾ കുരിശിൽ മരിച്ച് ബലിയാവണം.
രണ്ടാമതായിട്ട്, നമ്മൾ ഇനി ആരെങ്കിലും ഒരു മനുഷ്യൻ കുരിശിൽ കയറി ബലിയാകാമെന്ന് തീരുമാനിച്ചാൽ തന്നെ അത് മനുഷ്യന്റെ ബലിയാവുന്നേയുള്ളൂ, ദൈവം അർപ്പിച്ച ബലി, ദൈവപുത്രന്റെ ബലി ആവുന്നുമില്ല.
അപ്പോൾ ഈ രണ്ടു കാരണങ്ങൾ കൊണ്ട് നമുക്കത് ആവർത്തിക്കാൻ പറ്റില്ല.
അപ്പോൾ ഈശോ കാൽവരിയിലെ കുരിശിൽ അർപ്പിച്ച രക്തപങ്കിലമായ ആ ബലി, സാക്രിഫൈസ് നമുക്ക് റിപ്പീറ്റ് ചെയ്യാൻ പറ്റാത്തതു കൊണ്ടാണ് സത്യത്തിൽ ഈശോ സീയോൻ മാളികയിൽ അത് പ്രതീകാത്മകമായി അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ നമുക്ക് തന്നത്.
എന്നിട്ട് അത് ആവർത്തിക്കാനായിട്ട് പറഞ്ഞത്. അപ്പോൾ അതുകൊണ്ട് സത്യത്തിൽ കാൽവരി മലയിൽ അർപ്പിച്ച അതേ ബലി, അത് രക്തപങ്കിലമായ ബലിയായിരുന്നെങ്കിൽ അതേ ബലി രക്തരഹിതമായി, without blood, അല്ലെങ്കിൽ രക്തം ചൊരിയാതെ സാക്രമെന്റലായി, കൗദാശികമായി, പ്രതീകാത്മകമായി അതേ യാഥാർത്ഥ്യത്തെ പ്രതീകങ്ങളിലൂടെ അവതരിപ്പിക്കാനാണ് ഈശോ മാളികമുറിയിൽ കുർബാന സ്ഥാപിച്ചത്.
അപ്പോൾ അതുകൊണ്ടു തന്നെ അത് കുരിശിലെ അതേ ബലിയാണ്.
ഞാൻ പറഞ്ഞു വരുന്നത് നാലാമത്തെ ഒരു ആശയം എന്ന് പറയുന്നത്, കർത്താവ് ഈശോമിശിഹാ കുരിശിൽ അർപ്പിച്ച ആ ബലി പഴയനിയമത്തിലെ എല്ലാ ബലികളുടെയും സ്ഥാനത്ത് നിലവിൽ വന്നു.
ആ ബലി നമുക്ക് അതേ മോഡിൽ ആവർത്തിക്കാൻ പറ്റാത്തതുകൊണ്ട് യേശു കൗദാശികമായി അത് അപ്പ-വീഞ്ഞ് പ്രതീകങ്ങളിലൂടെ നമ്മളോട് അർപ്പിക്കാനായിട്ട് ആവശ്യപ്പെട്ടു.
അപ്പോൾ അതുകൊണ്ട് കുർബാന നമ്മൾ അർപ്പിക്കുമ്പോൾ കുരിശിൽ അർപ്പിച്ച അതേ ബലിയാണ് അർപ്പിക്കുന്നത് (ഒന്ന്). രണ്ട്, നമ്മൾ പഴയനിയമത്തിലെ എല്ലാ ബലികളുടെയും സ്ഥാനത്ത് പുതിയനിയമത്തിൽ നിലവിൽ വരുന്ന ബലിയാണത്. അതാണ് നാലാമത്തെ ആശയം.
ഇനി അഞ്ചാമതായിട്ട് നമ്മൾ കാണേണ്ടത്, ഇത് ആവർത്തിക്കലല്ല.
ഒരുപാട് പ്രൊട്ടസ്റ്റന്റ് സഹോദരങ്ങൾക്ക് വന്നിട്ടുള്ള ഒരു സംശയം, കുരിശിലെ ബലി നമ്മൾ പള്ളിയിൽ ആവർത്തിക്കുകയാണോ എന്നാണ്.
അത് കുരിശിലെ ബലി ആവർത്തിക്കാൻ പറ്റില്ല. ഹെബ്രായ ലേഖനത്തിൽ വ്യക്തമായിട്ട് ഒരു കാര്യം പറയുന്നുണ്ട്; അത് എന്നെന്നേക്കുമായി ഒരിക്കൽ അർപ്പിക്കപ്പെട്ട ഏക ബലിയാണ്.
That is a sacrifice offered once and for all, and once and forever.
അപ്പോൾ അങ്ങനെ എന്നെന്നേക്കുമായിട്ട് അർപ്പിക്കപ്പെട്ട ബലി ആയതുകൊണ്ട് നമുക്കത് ഇനി റിപ്പീറ്റ് ചെയ്യാൻ പറ്റില്ല. രണ്ടാമതായിട്ട് ഹെബ്രായ ലേഖനം പറയുന്ന വേറൊരു കാര്യവും കൺഫ്യൂസിങ് ആയിട്ട് തോന്നാം: അവന്റെ പൗരോഹിത്യം എന്നേക്കും നിലനിൽക്കുന്നതായതുകൊണ്ട് അത് കൈമാറ്റം ചെയ്യപ്പെടുന്നില്ല.
അപ്പോൾ പിന്നെ ഈ ഇന്നത്തെ പുരോഹിതന്മാർ എങ്ങനെ പുരോഹിതരാകുന്നു എന്നുള്ള ഒരു ചോദ്യവും അവിടെ വരും. രണ്ടു കാര്യങ്ങൾ നമുക്ക് ഒരൽപം ധാരണാപിശകാണ് അവിടെ കിടക്കുന്നത്.
ഒന്നാമത്തേത്, ഇത് യഥാർത്ഥത്തിൽ വിശുദ്ധ കുർബാന ദൈവാലയത്തിൽ അർപ്പിക്കുന്നത് കുരിശിലെ ബലിയുടെ ആവർത്തനമല്ല, പുനരാവിഷ്കാരമാണ്. അത് രണ്ടും രണ്ടു വാക്കാണ്, രണ്ടു ആശയമാണ്.
It’s not a repetition, but it’s a re-enactment.
അതായത് അതിനെ പുനരവതരിപ്പിക്കുകയാണ്, അതിനെ പുനർസന്നിഹിതമാക്കുകയാണ്; making it alive once again.
അത് റെപ്പറ്റീഷൻ അല്ല. അതുപോലെ നമുക്ക് റിപ്പീറ്റ് ചെയ്യാൻ പറ്റില്ല. രണ്ടു കാരണങ്ങൾ ഞാൻ പറഞ്ഞിരുന്നു: ഒന്ന്, ദൈവം അർപ്പിച്ച ബലിയാണ്; രണ്ട്, അത് രക്തം കലർന്ന ബലിയാണ്. അപ്പോൾ ഈ രണ്ടു കാരണങ്ങൾ കൊണ്ട് നമുക്ക് എല്ലാ ദിവസവും അങ്ങനെ ആ ബലി അർപ്പിക്കാൻ പറ്റില്ല.
പക്ഷേ അതേ ബലി രക്തരഹിതമായി ഈശോ നമ്മളോട് അർപ്പിക്കാൻ കൂദാശയുടെ, അതായത് അപ്പ-വീഞ്ഞ് പ്രതീകങ്ങളിലൂടെ അർപ്പിക്കാനായിട്ട് ആവശ്യപ്പെട്ടു എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ.
അപ്പോൾ ഇത് ആവർത്തനമല്ല, അതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇത് യഥാർത്ഥത്തിൽ കുരിശിലെ ബലിയുടെ ആവർത്തനമല്ല, പകരം പുനരാവിഷ്കാരമാണ്, പുനരവതരണമാണ്, re-enactment ആണ്.
ഇനി പൗരോഹിത്യം കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന് പറയുമ്പോൾ എന്താണ്?
പൗരോഹിത്യവും പഴയനിയമത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ കോൺടെക്സ്റ്റ് മനസ്സിലായാലേ ഇത് മനസ്സിലാകൂ.
അതായത് എന്തുകൊണ്ടാണ് പഴയനിയമത്തിൽ പൗരോഹിത്യം കൈമാറ്റം ചെയ്യപ്പെടുന്നത്?
അതായത് ആ പഴയ പുരോഹിതൻ മരിക്കും. പഴയ പുരോഹിതൻ മരിക്കുന്നതുകൊണ്ടാണ് അടുത്ത ആള് പുരോഹിതനാവുന്നത്.
അല്ലെങ്കിൽ പൗരോഹിത്യം കൈമാറ്റം ചെയ്യപ്പെടേണ്ട ആവശ്യമില്ല ആള് മരിക്കുന്നില്ലെങ്കിൽ.
എന്നാൽ ഈശോ മരിക്കുന്നില്ല, ഈശോയ്ക്ക് മരണമില്ല.
അതുകൊണ്ടാണ് അവന്റെ പൗരോഹിത്യം കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന് പറയുന്നത്.
അപ്പോൾ പിന്നെ എങ്ങനെ പുതിയനിയമത്തിലെ പുരോഹിതർ പുരോഹിതരാകുന്നു എന്ന് ചോദിച്ചാൽ അതിനൊറ്റ അർത്ഥമേയുള്ളൂ; അത് തിരിച്ചൊരു ചോദ്യം ചോദിച്ചാൽ മതി. അതായത്, എല്ലാ ദൈവജനവും രാജകീയ പുരോഹിതഗണമാണെന്ന് പറയുന്നില്ലേ?
അവരെങ്ങനെയാണ് പുരോഹിതരാകുന്നത്?
അവര് പുരോഹിതരാകുന്നത് യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്നത് വഴിയാണ്
it’s a participation. It’s not a transfer, but it’s participation.
ഒരാൾ അതിൽ പങ്കുചേരുകയാണ്. അതായത് ഇന്നത്തെ ക്രിസ്തീയ സഭയിലെ പുരോഹിതന്മാർ യേശുക്രിസ്തുവിന്റെ പൗരോഹിത്യം കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയവരല്ല, ആ പൗരോഹിത്യത്തിൽ പങ്കുചേർന്നവരാണ്.
അവര് അതിനകത്ത് പങ്കാളികളാവുകയാണ്. അപ്പോൾ ഈ രണ്ടു വ്യത്യാസം നമ്മൾ മനസ്സിലാക്കിക്കഴിഞ്ഞാൽ ആ കൺഫ്യൂഷൻ ഒഴിവാകും.
അപ്പോൾ അതുകൊണ്ടു തന്നെ ഇതൊരു കാൽവരിയിലെ ബലിയുടെ ആവർത്തനമല്ല, പുനരാവിഷ്കാരമാണ്. അതാണ് അഞ്ചാമത്തെ ആശയം.
ആറാമത്തെ ആശയം എന്ന് പറയുന്നത് വളരെ പവർഫുൾ ആയ ഒരു പ്രതീകം വെളിപാട് പുസ്തകത്തിലുണ്ട്.
അത് “കൊല്ലപ്പെട്ടതായി തോന്നുന്ന ഒരു കുഞ്ഞാട് നിൽക്കുന്നതായി ഞാൻ കണ്ടു” എന്ന് യോഹന്നാൻ വെളിപാട് പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിൽ പറയുന്നുണ്ട്.
അതായത് I saw a lamb standing, lamb which is murdered, which is standing.
അപ്പോൾ ഇത് വളരെ പവർഫുൾ ആയ ഒരു പ്രതീകമാണ്. അതിന് നിങ്ങളൊരല്പം പഴയനിയമ പശ്ചാത്തലം അറിയേണ്ടതുണ്ട്.
ഈ യഹൂദന്മാരുടെ ജെറുസലേം ദൈവാലയത്തിൽ രണ്ടു ബലിയാണ് ഉണ്ടായിരുന്നത്, രണ്ടു നേരത്താണ്: ഒന്ന് പ്രഭാതബലിയും, രണ്ട് സായാഹ്നബലിയും.
പ്രഭാതബലി എന്ന് പറയുന്നത് യഥാർത്ഥത്തിൽ രാവിലെ ഒമ്പത് മണിക്കാണ്. ഇനി സായാഹ്നബലി എന്ന് പറയുന്നത് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ്.
അപ്പോൾ രാവിലെ ഒമ്പത് മണിക്ക് കൊല്ലപ്പെടേണ്ട കുഞ്ഞാടിനെ രാവിലെ ആറു മണിക്ക് കൊണ്ടുവന്ന് ബലിപീഠത്തിന്റെ അടുത്ത് കെട്ടും.
അപ്പോൾ ആ കുഞ്ഞാട് ഏതാണ്ട് മൂന്നു മണിക്കൂർ ആ ബലിപീഠത്തിന് അടുത്ത് നിൽക്കും; നിൽക്കുന്ന കുഞ്ഞാട്.
ഇനി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊല്ലേണ്ട കുഞ്ഞാടിനെ ഉച്ചയ്ക്ക് 12 മണിക്ക് കൊണ്ടുവന്നു കെട്ടും. അപ്പോൾ 12 മുതൽ മൂന്നു വരെ അടുത്ത മൂന്നു മണിക്കൂർ ഈ കുഞ്ഞാട് ബലിപീഠത്തിന്റെ അവിടെ നിൽക്കും.
അപ്പോൾ ബലിപീഠത്തിന്റെ അടുത്ത് ഒരു കുഞ്ഞാട് നിൽക്കുന്നതായി കണ്ടാൽ ആ കുഞ്ഞാടിനെ അവര് വിളിച്ചിരുന്നത് standing lamb എന്നാണ്; a lamb which is standing, നിൽക്കുന്ന കുഞ്ഞാട്.
അതിന് യഹൂദന്മാർ ഉപയോഗിച്ചിരുന്ന ഹീബ്രു വാക്ക് ‘താമിദ്’ (Tamid) എന്ന് പറയുന്ന വാക്കാണ്; ടി.എ.എം.ഐ.ഡി (TAMID). ഈ വാക്കാണ് standing, standing lamb.
ഇതെന്താന്നറിയാമോ?
ഒരു കുഞ്ഞാട് നിൽക്കുന്നതായിട്ട് കണ്ടാൽ അതിന്റെ അർത്ഥം ഇവിടെ ബലി നടക്കുന്നു എന്നാണ് അതിന്റെ അർത്ഥം, അതിന്റെ ധ്വനി; ഇന്ന് ബലി നടക്കാനുണ്ട്.
അപ്പോൾ നിൽക്കുന്ന കുഞ്ഞാട് എപ്പോഴും യഹൂദന്മാരുടെ മനസ്സിൽ പെർപെച്വൽ സാക്രിഫൈസിന്റെ (perpetual sacrifice), തുടരുന്ന ബലിയുടെ പ്രതീകമായിരുന്നു.
ബലി നടന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ സിംബലാണ് standing lamb, Tamid.
ഈ പ്രതീകമാണ് വെളിപാട് അഞ്ചില് യോഹന്നാൻ ഉപയോഗിക്കുന്നത്.
കൊല്ലപ്പെട്ടതായി തോന്നുന്ന ഒരു കുഞ്ഞാട് നിൽക്കുന്നതായി കണ്ടു എന്ന് പറഞ്ഞാൽ സ്വർഗ്ഗത്തിൽ ബലി നടന്നു കൊണ്ടിരിക്കുകയാണ്.
കുഞ്ഞാട് ബലിയർപ്പിച്ചു കൊണ്ടിരിക്കുകയാണ്. കുഞ്ഞാട് അവിടെ കുരിശിൽ മരിക്കുകയല്ല, മറിച്ച് തന്റെ കുരിശുമരണത്തിന്റെ യോഗ്യതകൾ പിതാവിന്റെ മുൻപിൽ ഓഫർ ചെയ്ത് നമുക്കെല്ലാവർക്കും വേണ്ടി മാധ്യസ്ഥം വഹിക്കുന്നു എന്ന് റോമർ എട്ടിൽ പറയുന്ന ആശയമാണ്.
അവിടെ കുഞ്ഞാട് പിതാവിന്റെ വലതുഭാഗത്തിരുന്ന് നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നു എന്നുള്ളതിന്റെ പ്രതീകമാണ് അവിടെ സ്വർഗ്ഗത്തിൽ അരങ്ങേറുന്ന ആ ബലി; ആ കുഞ്ഞാടിന്റെ ബലി, വെളിപാട് അഞ്ചിൽ പറയുന്നത്.
അപ്പോൾ അത് സൂചിപ്പിക്കുന്നത് ഈ കുർബാന എന്നും തുടർന്നു കൊണ്ടിരിക്കുന്നു എന്നാണ്.
അതായത് അത് ഒരിക്കൽ കാൽവരി മലയിൽ യേശു കുരിശിൽ മരിച്ചതോടുകൂടി ആ ബലിയർപ്പണം അവസാനിക്കുന്നില്ല.
അവസാനിച്ചത് എന്താണ്?
ആ രക്തം ചൊരിഞ്ഞുള്ള ബലി അവസാനിച്ചു. എന്നാൽ അതിന്റെ പുനരാവിഷ്കാരം, പുനരവതരണം അത് എവർലാസ്റ്റിങ് (everlasting) ആയി, ഇറ്റേണൽ (eternal) ആയി, നിത്യമായി ഇന്നും സ്വർഗ്ഗത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്.
അങ്ങനെ നടന്നു കൊണ്ടിരിക്കുന്ന, പിതാവിന്റെ വലതുഭാഗത്ത് കൊല്ലപ്പെട്ടതായി തോന്നുന്ന കുഞ്ഞാട് നിൽക്കുന്നു എന്ന് പറയുമ്പോൾ ആ സാക്രിഫൈസ് നടന്നുകൊണ്ടിരിക്കുന്നു, അതാണ് പിതാവിന്റെ വലതുഭാഗത്ത് ഈശോ നമുക്കുവേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു എന്ന് അപ്പസ്തോലന്മാർ പറയുന്ന…
അത് റോമാലേഖനം എട്ടില്, ഹെബ്രായർ ഒന്നിലൊക്കെ നമ്മൾ വായിക്കുന്നുണ്ട് അത്; പിതാവിന്റെ വലതുഭാഗത്ത്.
ഞാൻ പറഞ്ഞു വരുന്നത്, നമ്മൾ ഓരോ കുർബാനയിലും സത്യത്തിൽ ഈ അനാഫൊറ തുടങ്ങുന്നതിനു മുൻപ് “നിങ്ങളുടെ ഹൃദയങ്ങൾ ഉന്നതങ്ങളിലേക്ക് ഉയർത്തുവിൻ” എന്ന പ്രാർത്ഥനയുണ്ട്.
എല്ലാവരും ഹൃദയം, ബോധം, വിചാരം ഉന്നതങ്ങളിലേക്ക് ഉയർത്തുവിൻ.
അതെന്തു കൊണ്ടാണെന്ന് വച്ചാൽ, ബലി നടക്കുന്നത് ഇവിടെയല്ല, അവിടെയാണ്.
ബലിയർപ്പിക്കുന്നത് ആരാണ്?
കുഞ്ഞാടാണ് ബലിയർപ്പിക്കുന്നത്.
അപ്പോൾ ഒരു കുർബാന എന്ന് പറഞ്ഞാൽ കുഞ്ഞാടിന്റെ നിരന്തര ബലിയിൽ നമ്മൾ പങ്കുചേരുന്നതാണ് നമ്മൾ ഭൂമിയിൽ അർപ്പിക്കുന്ന കുർബാന.
അപ്പോൾ അതുകൊണ്ടാണ് അത്…
ഞാൻ ഇത് എന്തുകൊണ്ടാണ് ബലി എന്നുള്ളതിന്റെ വിവിധ ആശയങ്ങൾ പങ്കുവെക്കുകയാണ്.
അതാണ് ഈ standing lamb, it’s a symbol of perpetual sacrifice.
അപ്പോൾ നിത്യമായി തന്റെ ബലിയുടെ അനന്ത യോഗ്യതകൾ യേശു ലോകത്തിനു മുഴുവനും വേണ്ടി സമർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇനി ഏഴാമത്തെ, അവസാനത്തെ കാര്യം: ഈ ബലിയിൽ യഥാർത്ഥത്തിൽ അവന്റെ യഥാർത്ഥ സാന്നിധ്യമുണ്ട്, real presence ഉണ്ട്.
അവിടെ നമുക്ക് ഓരോ കുർബാനയിലും യേശുവിന്റെ…
നമ്മൾ നാല് കാര്യങ്ങൾ ഓർക്കണം. നമ്മൾ യേശുവിന്റെ ശരീരരക്തങ്ങൾ സ്വീകരിക്കുമ്പോൾ അവന്റെ ശരീരം, രക്തം, ആത്മാവ്, ദൈവത്വം—നമ്മൾ കരുണക്കൊന്തയിൽ അത് ചൊല്ലും; ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും.
അതായത് body, blood, soul and divinity.
ഈ നാല് കാര്യങ്ങളും നമ്മൾ ഈ ദിവ്യകാരുണ്യ അപ്പം സ്വീകരിക്കുമ്പോൾ യേശുവിന്റെ ശരീരമാണ് സ്വീകരിക്കുന്നത്, രക്തമാണ് സ്വീകരിക്കുന്നത്, ആത്മാവാണ് സ്വീകരിക്കുന്നത്, അതുപോലെ അവന്റെ ദൈവത്വമാണ്.
അപ്പോൾ He is truly and substantially present in the Eucharist.
ആ കുർബാനയിൽ അവൻ ജീവനോടെ സന്നിഹിതനാണ്; അവന്റെ മുഴുവനായി: body, blood, soul and divinity.
എന്തൊക്കെയാണത്? ശരീരം, രക്തം—ആ physical element.
പിന്നെ soul എന്ന് പറഞ്ഞാൽ അവന്റെ മനുഷ്യാത്മാവ്, divinity എന്ന് പറഞ്ഞാൽ അവന്റെ ദൈവത്വം, ദൈവാത്മാവ്.
അതപ്പോ the whole Christ reality, ക്രിസ്തു യാഥാർത്ഥ്യം അതിന്റെ സമ്പൂർണ്ണതയിൽ ഈ കുർബാനയിൽ പ്രസന്റാണ്, സന്നിഹിതമാണ്.
ഞാൻ ഏഴ് കാര്യങ്ങൾ നിങ്ങളോട് പറഞ്ഞു. ഈ ഏഴ് കാര്യങ്ങളും നമ്മളെ സൂചിപ്പിക്കുന്നത് ഈ കുർബാന ബലിയാണ് എന്നുള്ളതാണ്.
അപ്പോ അതുകൊണ്ട് നമുക്ക് ഇന്ന് ദൈവത്തെ ആരാധിക്കാൻ ഒരാൾ ആഗ്രഹിക്കുന്നെങ്കിൽ അത് പാട്ടുപാടിയും പ്രാർത്ഥിച്ചും ഒക്കെ ആരാധിക്കുന്നത് ആരാധനയല്ലെന്നല്ല, പക്ഷെ യഥാർത്ഥ ആരാധന ബലിയർപ്പിച്ചുള്ള ആരാധനയാണ്.
അപ്പോ അതിന് ഒരു വിശ്വാസി നിർബന്ധമായും വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് ദൈവത്തെ ആരാധിക്കണം. അതാണ് ക്രിസ്തു സ്ഥാപിച്ച യഥാർത്ഥ ആരാധന.
ക്രിസ്തു സ്ഥാപിച്ച ആത്മാവിലും സത്യത്തിലുമുള്ള ആരാധന ദിവ്യകാരുണ്യമാണ്, പരിശുദ്ധ കുർബാനയാണ്.
അതുകൊണ്ട് അങ്ങനെ നമ്മൾ ദൈവത്തെ ആരാധിക്കുമ്പോഴാണ് നമ്മൾ യഥാർത്ഥ പിതാവ് തേടുന്ന ആരാധകരായി മാറുന്നത്.
നമ്മൾ ഈ 38, 39, 40—ഈ മൂന്ന് ദിവസങ്ങളിൽ ഞാൻ പ്രത്യേകിച്ച് ഒരു പുണ്യം അഭ്യസിക്കേണ്ടതായിട്ട് പറയുന്നില്ല.
മറിച്ച് ഇതൊരു സമാഹരണ പ്രാർത്ഥനയുടെ സമയമാണ്; collective prayer-ന്റെ, കളക്റ്റ് എന്ന് പറയില്ലേ?
എന്ന് വച്ചാൽ നമ്മുടെ എല്ലാ പ്രാർത്ഥനകളും ഈ മൂന്ന് ദിവസങ്ങളിൽ നമ്മൾ ദൈവസന്നിധിയിലേക്ക് ഉയർത്തണം.
അപ്പൊ ഈ ദിവസങ്ങളിൽ പ്രാർത്ഥിച്ച കാര്യങ്ങൾ കൂടാതെ നമുക്ക് വിട്ടുപോയ കാര്യങ്ങൾ, അതുപോലെതന്നെ നമുക്ക് നമ്മുടെ ആഗ്രഹങ്ങൾ, നമ്മുടെ മധ്യസ്ഥ പ്രാർത്ഥനകൾ, നമ്മുടെ മറ്റുള്ളവർക്ക് വേണ്ടിയുള്ള യാചനകൾ എല്ലാം സാധിക്കുമെങ്കിൽ എഴുതിവെച്ച് കുറെ സമയം കർത്താവിന്റെ മുൻപിലിരുന്ന് ഒത്തിരി പ്രാർത്ഥനയിൽ ചെലവഴിക്കാനുള്ള ദിവസങ്ങളാണ്.
മറ്റു കാര്യങ്ങളൊന്നും ഈ ദിവസങ്ങളിൽ സൂചിപ്പിക്കുന്നില്ല.
അതുകൊണ്ട് ഈ മുഴുവൻ നടത്തിയ യാത്രയും—ഇന്നിപ്പോ 38 ദിവസം ആകുന്നു—ഈ 38 ദിവസവും നടത്തിയ യാത്ര മുഴുവൻ ദൈവസന്നിധിയിൽ സമർപ്പിക്കാനുള്ള സമയമാണ്: ഇന്നും നാളെയും മറ്റന്നാളും.
അതുകൊണ്ട് അതിനുവേണ്ടി ചെലവഴിക്കുക.
കൂടുതൽ കൃപയിലായിരിക്കാനായിട്ട് ശ്രദ്ധിക്കുക.
കുമ്പസാരം ഇതുവരെ നടത്താത്തവർ ഇന്നൊക്കെ എങ്കിലും കുമ്പസാരിച്ച് ഒരു നല്ല വിശുദ്ധിയിൽ ഈ യാത്ര അവസാനിപ്പിക്കാനായിട്ട് ശ്രദ്ധിക്കുക.
ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
നമുക്ക് ആരാധനയുടെ ആശീർവാദം സ്വീകരിക്കാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
നല്ല ദൈവമേ, കർത്താവേ, ഒരു ദിവസം കൂടി അവിടുത്തെ തിരുമുമ്പാകെ വന്നു നിന്ന് അങ്ങയെ ആരാധിക്കാൻ, അങ്ങയുടെ മുഖം കാണാൻ, അങ്ങയുടെ സാന്നിധ്യത്തിലായിരിക്കാൻ കർത്താവേ നീ തരുന്ന വലിയ അനുഗ്രഹത്തിന് ഞങ്ങൾ ഒരുമിച്ച് നന്ദി പറയുന്നു, സ്തുതിക്കുന്നു, ആരാധിക്കുന്നു.
ദൈവമായ കർത്താവേ, ലോകത്തിന്റെ വിവിധ ഇടങ്ങളിലായിരുന്ന് ഈ ശുശ്രൂഷകളിൽ ഇത്രയും ദിവസങ്ങൾ പങ്കെടുത്ത് ദിവ്യകാരുണ്യവിമോചനത്തിന്റെ സമാപന ദിവസങ്ങൾക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന അങ്ങയുടെ ജനത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.
ദൈവമായ കർത്താവേ, നിന്റെ അനന്തമായ കരുണ അവിടുത്തെ മക്കൾക്കുവേണ്ടി യാചിക്കുന്നു.
ഒരുപാട് നീറുന്ന പ്രയാസങ്ങളുടെ നടുവിൽ, രോഗങ്ങളുടെ നടുവിൽ, കർത്താവേ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, തീരുമാനമെടുക്കാൻ പ്രയാസമുള്ള കാര്യങ്ങൾ, ദൈവം ഒരു വഴി തുറക്കണമെന്ന് വലിയ ആഗ്രഹത്തോടെയാണല്ലോ അവിടുത്തെ മക്കൾ പ്രാർത്ഥിക്കുന്നത്.
കർത്താവേ ഇന്ന് അത്ഭുതം കാണാൻ കണ്ണുകൾ തുറക്കണം, വഴികൾ തുറക്കണം.
അവിടുത്തെ അനുഗ്രഹം, കർത്താവേ നിരവധിയായ അവിടുത്തെ ദാനം, അവിടുത്തെ നന്മ, അവിടുന്ന് തരുന്ന ഔദാര്യം അതെല്ലാം സ്വീകരിക്കാൻ അവിടുത്തെ പ്രിയമക്കളെ, നല്ല ദൈവമേ കർത്താവേ, നീ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
ഇന്നത്തെ ശുശ്രൂഷയിൽ കർത്താവേ പരിശുദ്ധ കുർബാന ബലിയാണെന്ന് തിരിച്ചറിയുമ്പോൾ ഞങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്ന ഏറ്റവും വലിയ ആരാധനയായി ഓരോ കുർബാനയിലും പങ്കെടുക്കാൻ, അതിന്റെ വില തിരിച്ചറിയാൻ ഞങ്ങളെ അങ്ങ് സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
നമുക്ക് ഇന്ന് കർത്താവിൽ നിന്ന് എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കാൻ ഈ ദിവ്യകാരുണ്യ ആശീർവാദം പ്രാർത്ഥനയോടെ സ്വീകരിക്കാം.
കാരുണ്യവാനായ കർത്താവ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിച്ച് ആശീർവദിക്കട്ടെ.
അനന്ത നന്മകൾ പ്രധാനം ചെയ്യുന്ന അവിടുത്തെ സാന്നിധ്യം വിട്ടുപിരിയാതെ നിങ്ങളോടുകൂടെ ആയിരിക്കട്ടെ.
കർത്താവെന്റെ പക്ഷത്തുണ്ട്, മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?
ദൈവത്തിന്റെ സാന്നിധ്യം വലിയ ആത്മധൈര്യവും ശക്തിയും നിങ്ങൾക്ക് പ്രദാനം ചെയ്യട്ടെ.
നിരാശയിലോ സങ്കടങ്ങളിലോ വിഷമത്തിലോ ഭാരത്തിലോ ആണ് നിങ്ങളുടെ ഹൃദയം നിലനിൽക്കുന്നതെങ്കിൽ കർത്താവ് നിങ്ങൾക്ക് ആശ്വാസവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ.
സർവ്വശക്തനായ പിതാവായ ദൈവത്തിന്റെ സ്നേഹവും ഏകജാതനായ യേശുക്രിസ്തുവിന്റെ കൃപയും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോട്, നിങ്ങളുടെ കുടുംബങ്ങളോടും കൂടെ ഇപ്പോഴും എപ്പോഴും എന്നേക്കും ഉണ്ടായിരിക്കട്ടെ, ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply