പ്രിയമുള്ളവരേ, നമ്മുടെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ ഈ 40 ദിന പ്രാർത്ഥനാ യാത്രയുടെ 37-ാമത്തെ ദിവസത്തിലേക്ക് നമ്മൾ കടക്കുകയാണ്.
ഇനി മൂന്ന് ദിവസം കൂടി നമ്മുടെ യാത്ര ഉണ്ട്; മൂന്ന് ദിവസം കൂടിയേ ഉള്ളൂ.
നമുക്ക് ഒത്തിരി അനുഗ്രഹീതമായ അനുഭവങ്ങൾ ഈ യാത്ര തന്നിട്ടുണ്ടാവും. നിങ്ങളുടെ അനുഭവങ്ങൾ എന്നെ എഴുതി അറിയിക്കുക.
നിങ്ങൾക്ക് മൗണ്ട് കാർമ്മലിന്റെ ഇമെയിൽ അഡ്രസ്സിൽ നിങ്ങളുടെ ദൈവാനുഭവങ്ങൾ, നിങ്ങൾക്ക് ലഭിച്ച നന്മകൾ ഒക്കെ എഴുതി അയക്കാം.
ഇനി അതിനൊന്നും സാധിക്കാത്തവർ, നിങ്ങൾ കാണുന്ന യൂട്യൂബ് ചാനലിന്റെ അടിയിൽ കമന്റ് ആയിട്ട് എഴുതിയെങ്കിലും നിങ്ങൾക്ക് ലഭിച്ച നന്മകൾ, അതിന് ദൈവത്തിന് നന്ദി പറയാനുള്ള ഒരു അവസരമായിട്ട് അത് ഉപയോഗിക്കുകയും ചെയ്യാം.
ഇന്ന് പരിശുദ്ധ കുർബാനയുടെ ആരാധനയുമായി ബന്ധപ്പെട്ട ഒരു ചിന്തയാണ് നിങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.
ആ ഒരു ആശയം എനിക്ക് ലഭിച്ചത്, ഒരു സന്യാസി—2007 മുതൽ 2012 വരെ ഒരു ബെനഡിക്ടൈൻ സന്യാസിക്ക് യേശുക്രിസ്തു നൽകി എന്ന് അദ്ദേഹം അവകാശപ്പെടുന്ന കുറച്ച് വെളിപ്പെടുത്തലുകളുടെ സമാഹാരം ഒരു ഗ്രന്ഥമായി പുറത്തിറങ്ങിയിട്ടുണ്ട്. അതിന്റെ പേര് ‘ഇൻ സിനു ജേസു’ (In Sinu Jesu) എന്നാണ്. ‘ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നു’ എന്നാണ് അതിന്റെ അർത്ഥം.
ഞാൻ അത്തരം സ്വകാര്യ വെളിപ്പെടുത്തലുകളോട് മമതയില്ലാത്ത ഒരാളാണെങ്കിലും, ഈ ഗ്രന്ഥം സന്ദർഭവശാൽ വളരെ സാന്ദർഭികമായി എന്റെ കയ്യിൽ കിട്ടിയപ്പോൾ, അതിലെ ഏതാനും പേജുകൾ മറിച്ചു നോക്കിയപ്പോൾ വലിയ ആത്മീയ ഉണർവ് നൽകുന്ന പല കാര്യങ്ങളും അതിൽ കാണാൻ ഇടയായപ്പോൾ അത് ഞാൻ മുഴുവൻ വായിച്ചു തീർത്തു.
ആ വായന എനിക്ക് സമ്മാനിച്ചത് അനാദൃശ്യമായ, അസാധാരണമായ ഒരു ദിവ്യകാരുണ്യ സ്നേഹം എന്റെ ഉള്ളിൽ കൊളുത്തിക്കൊണ്ടാണ് ആ പുസ്തകവായന അവസാനിച്ചത്.
പലരോടും ഞാൻ അത് പറഞ്ഞിട്ടുണ്ട്. വൈദികരും സിസ്റ്റേഴ്സും പലരും ഈ പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് കേരളത്തിൽ, മലയാളത്തിൽ നമ്മുടെ ഭാഷയിലൊക്കെ ലഭ്യമാണ്. വലിയ ഒരു ദൈവകൃപ പ്രദാനം ചെയ്യുന്ന വായനാനുഭവമാണ് ‘ഇൻ സിനു ജേസു’ എന്ന ഗ്രന്ഥം നമുക്ക് തരുന്നത്.
ഈ ഗ്രന്ഥത്തിൽ നിന്നാണ് ഞാൻ പറയാൻ പോകുന്ന ആശയം എനിക്ക് ലഭിച്ചത്. അത് ഇതാണ്: ആരാധന പരിഹാരമാണ് (Adoration is Reparation. When you adore, you repair).
ആ ആശയം, ആ പുസ്തകം ക്രിസ്തു ഈ പുരോഹിതന് വെളിപ്പെടുത്തിക്കൊടുക്കുന്ന വെളിപ്പെടുത്തലുകൾ ആയിട്ടാണ് അദ്ദേഹം അത് അവതരിപ്പിക്കുന്നത്.
ഈശോ പറയുകയാണ്: “ലോകത്തിലെ
ഏതെങ്കിലും ഒരു സക്രാരിയിൽ ഞാൻ നിങ്ങളോടുള്ള
സ്നേഹത്തെ പ്രതി നിങ്ങളെ കാത്തിരിക്കുമ്പോൾ,
ഞാൻ പല സക്രാരികളിലും വിസ്മരിക്കപ്പെട്ടു പോവുകയാണ്.
എന്ന് പറഞ്ഞാൽ മനുഷ്യർ എന്റെ സ്നേഹത്തെ വിലമതിക്കുന്നില്ല. ഞാൻ അവർക്ക് വേണ്ടി ഈ ഭൂമിയിൽ മനുഷ്യനായിട്ട്
വന്നതും അവർക്ക് വേണ്ടി ജീവിച്ചതും അവർക്ക് വേണ്ടി മരിച്ചതും ഞാൻ അവരെ രക്ഷിച്ചതും അതിന്റെ വില അവർ മനസ്സിലാക്കുന്നില്ല.
അപ്പോൾ ദിവ്യകാരുണ്യ ആരാധനയുള്ള അല്ലെങ്കിൽ പരിശുദ്ധ കുർബാന വെച്ചിട്ടുള്ള ചാപ്പലുകളിൽ മനുഷ്യർ വന്നു പ്രാർത്ഥിക്കുന്നില്ല, അവർ എന്റെ അടുത്തേക്ക് വരുന്നില്ല.
അവിടെ ഞാൻ ‘ഫൊർഗോട്ടൻ’ ആവുകയാണ്, വിസ്മരിക്കപ്പെടുകയാണ്. അങ്ങനെ ലോകത്ത് ലക്ഷക്കണക്കിന്, കോടിക്കണക്കിന് വിശുദ്ധ ഇടങ്ങളിൽ ഞാൻ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്, റിജക്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്, തള്ളിക്കളയപ്പെട്ടിട്ടുണ്ട്, വിസ്മരിക്കപ്പെട്ടിട്ടുണ്ട്.”
എന്നിട്ട് ഈ പുരോഹിതനോട് ഈശോ പറയുകയാണ്: “പുരോഹിതാ, മകനേ, നീ നിന്റെ ദേവാലയത്തിലെ ആരാധനയുടെ മുൻപിൽ, എന്റെ മുഖത്തിന്റെ മുൻപിൽ, ദിവ്യകാരുണ്യത്തിന് മുൻപിൽ വന്നിരിക്കുമ്പോൾ ലോകത്ത് എവിടെയെങ്കിലും വിസ്മരിക്കപ്പെട്ട, തിരസ്കരിച്ച് എന്നെ കളഞ്ഞ ഒരു സ്ഥലത്തെ ആ തിരസ്കാരത്തിന് നീ പരിഹാരം ചെയ്യുകയാണ്. So, your adoration becomes reparation.”
ഈ ചിന്ത എന്നെ വല്ലാതെ സ്പർശിച്ചു. ഓരോ ആരാധനയും പരിഹാരമാണ്. ഞാൻ ഇങ്ങനെ ഓർത്തിട്ടുണ്ട്, ചിലപ്പോൾ നമ്മുടെ മാതാപിതാക്കളോ നമ്മുടെ പൂർവ്വികരോ ഒക്കെ ദൈവത്തെ മറന്നു ജീവിച്ചിട്ടുണ്ടെങ്കിൽ, നമ്മൾ ദൈവത്തെ തേടുമ്പോൾ നമ്മൾ ഒറ്റപ്പെട്ട ഒരു വ്യക്തിയല്ല.
നമ്മൾ യഥാർത്ഥത്തിൽ ‘വി ക്യാരി എ ഫാമിലി ലൈൻ’ (we carry a family line). നമ്മുടെ ഒരു കുടുംബവൃക്ഷത്തിന്റെ ഒരു ശാഖയാണ് നമ്മൾ.
അപ്പോൾ അതുകൊണ്ടുതന്നെ ഈ ഫാമിലി ട്രീ നമ്മൾ കാരി ചെയ്യുന്നുണ്ട്.
അപ്പോൾ നമ്മൾ ദൈവത്തെ ആരാധിക്കുമ്പോൾ, നമ്മൾ ദൈവത്തെ തേടുമ്പോൾ നമ്മുടെ കുടുംബം മുഴുവൻ ദൈവത്തിലേക്ക് തിരിയുകയാണ്.
അപ്പോൾ അതുകൊണ്ട് നമുക്ക് അങ്ങനെ വലിയൊരു കോർപ്പറേറ്റ് ഐഡന്റിറ്റി ഉണ്ട്. നമ്മൾ ഒരു വ്യക്തിയല്ല, നമ്മുടെ കുടുംബവൃക്ഷത്തിന്റെ പല വഴികളെയും നമ്മിൽ ആവാഹിച്ചിരിക്കുന്ന ഒരു കോർപ്പറേറ്റ് എന്റിറ്റിയാണ്.
അതുകൊണ്ട് നമ്മുടെ ആരാധന പരിഹാരമാണ്.
അപ്പോൾ പുരോഹിതനോട് ഈശോ ഇങ്ങനെ പറയുന്നുണ്ട് ആ പുസ്തകത്തിൽ: “പുരോഹിതാ, നീ ഞാൻ ഈ എഴുന്നള്ളിയിരിക്കുന്ന ആ അൾത്താരയുടെ മുൻപിൽക്കൂടെ പലപ്രാവശ്യം പോവുകയും വരികയും ചെയ്യുന്നുണ്ട്. അപ്പോഴൊക്കെ നീ ഒരു മിനിറ്റ് അകത്തേക്ക് വന്ന് എന്റെ തിരുമുഖത്തിന്റെ മുൻപിൽ വന്ന് എന്നോടുള്ള സ്നേഹം പ്രകടമാക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.
എന്നാൽ നീ ഇങ്ങനെ പാസ്സ് ചെയ്തു പോകുന്നത് നിനക്ക് തിരക്കായതുകൊണ്ടാണ്. നീ ചിന്തിക്കുന്നു, ‘എനിക്ക് 30 മിനിറ്റ് ഇല്ലല്ലോ, ഒരു മണിക്കൂർ ഇല്ലല്ലോ, 30 മിനിറ്റോ ഒരു മണിക്കൂറോ ഉള്ളപ്പോൾ ഞാൻ വരാം’.
ഈശോ പറയുകയാണ്: മകനേ, നിനക്ക് ഒരു മിനിറ്റേ ഉള്ളൂ എങ്കിലും നീ ആ ദേവാലയത്തിലേക്ക് വരണം. നീ എന്റെ മുഖത്തിന് മുൻപിൽ വന്നു നിൽക്കണം, എന്നെ ഗ്രീറ്റ് ചെയ്യണം. ആ ഒരു മിനിറ്റ് നീ എന്നെ സ്നേഹിക്കണം. എന്നിട്ട് നീ പോണം നിന്റെ തിരക്കുകളിലേക്ക്.
നിത്യതയിൽ എത്തുമ്പോൾ മാത്രമേ നിനക്ക് മനസ്സിലാവുകയുള്ളൂ അങ്ങനെ നീ എന്റെ മുൻപിലേക്ക് വന്ന ആ ഒരു മിനിറ്റുകളുടെ വില.”
മനോഹരമാണത്.
നമ്മൾ തിരിച്ചറിയുന്നില്ല, അതായത് നമ്മൾ ഈശോയുടെ അടുത്തേക്ക് വരുമ്പോൾ, കർത്താവിന്റെ അടുത്ത് പോയിരിക്കുമ്പോൾ ഒരു നിമിഷം നമ്മൾ “ദൈവമേ” എന്ന് കർത്താവിനെ ആ സ്നേഹത്തോടെ വിളിക്കുമ്പോൾ അതിന്റെ വില എന്താണെന്ന് ഇന്ന് ഈ ഭൂമിയിൽ, ഈ വ്യാവഹാരിക ലോകത്തിൽ നമുക്ക് മനസ്സിലാവില്ല.
നിത്യതയിൽ എത്തുമ്പോഴേ, മരിച്ച ആത്മാവ് സ്വർഗ്ഗത്തിൽ എത്തുമ്പോഴേ നമുക്കത് മനസ്സിലാവുകയുള്ളൂ.
അതുകൊണ്ട് നമ്മൾ എവിടെ ഒരു അൾത്താരയ്ക്ക് മുൻപിൽ ഒരാൾ ഇരുന്ന് മൗനമായി ദൈവത്തെ ആരാധിക്കുമ്പോഴും അത് ലോകത്തെമ്പാടും ദൈവത്തെ തള്ളിക്കളയുന്നവരുടെ പാപങ്ങൾക്കുള്ള പരിഹാരമാണ്; Adoration becomes reparation.
മറ്റൊരു കാര്യം ഇതിനോട് ബന്ധപ്പെട്ട് ചിന്തിക്കാനുള്ളത്: ഈശോ ഇപ്പോൾ എന്ത് ചെയ്യുകയാണ്?
റോമാ ലേഖനം എട്ടാം അധ്യായത്തിൽ നമ്മൾ 31 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോൾ കാണുന്നുണ്ട്, പിതാവിന്റെ വലതുഭാഗത്തിരുന്ന് അവൻ നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുകയാണ്.
ഹെബ്രായർ ഒന്നിന്റെ ആദ്യത്തെ വാക്യങ്ങളിലും ഉണ്ട്, അവൻ പാപത്തിന് പരിഹാരം ചെയ്തതിനു ശേഷം അവൻ പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി.
പിന്നീട് കോറിന്തോസ് ലേഖനത്തിൽ, അവസാന ശത്രുവും തന്റെ പാദത്തിന്റെ കീഴിലാകുന്നതുവരെ അവൻ പിതാവിന്റെ വലതുഭാഗത്ത് ഇരിക്കേണ്ടിയിരിക്കുന്നു.
സങ്കീർത്തനത്തിൽ അതിനെക്കുറിച്ച് പ്രവചനമുണ്ട്, 110-ാം സങ്കീർത്തനത്തിൽ, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലതുഭാഗത്തിരിക്കുക.”
ചോദ്യം ഇതാണ്: ക്രിസ്തു ഇപ്പോൾ എന്ത് ചെയ്യുകയാണ്?
ഉത്തരം: ക്രിസ്തു പിതാവിന്റെ വലതുഭാഗത്ത് നമുക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്; മധ്യസ്ഥം പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് ലോകത്ത് എവിടെ ഒരാൾ ഒരു ദേവാലയത്തിലിരുന്ന് പ്രാർത്ഥിക്കുമ്പോഴും അയാളുടെ പ്രാർത്ഥന അയാൾ അറിയാതെ ക്രിസ്തുവിന്റെ ഈ മധ്യസ്ഥ പ്രാർത്ഥനയിലേക്ക് ലയിക്കുകയാണ്, ചേരുകയാണ്.
യഥാർത്ഥത്തിൽ ക്രിസ്തുവാണ് പ്രാർത്ഥിക്കുന്നത്. ശിഷ്യന്മാരോട് ഗത്സെമനിയിൽ വച്ച് ഈശോ പറയുന്നുണ്ട്: “ഞാൻ പ്രാർത്ഥിക്കുവോളം നിങ്ങൾ ഇവിടെ ഇരിക്കുവിൻ.”
ആരാണ് യഥാർത്ഥത്തിൽ പിതാവിനോട് പ്രാർത്ഥിക്കുന്നത്?
മനുഷ്യകുലത്തിന്റെ ശിരസ്സ് എന്ന നിലയിൽ ക്രിസ്തുവാണ് പിതാവിനോട് പ്രാർത്ഥിക്കുന്നത്.
നമ്മുടെ പ്രാർത്ഥനകൾ മുഴുവൻ ക്രിസ്തുവിലേക്കാണ് എത്തിച്ചേരുന്നത്. ക്രിസ്തുവാണ് അത് പിതാവിന്റെ സന്നിധിയിലേക്ക് ഉയർത്തുന്നത്.
പിതാവിനും മനുഷ്യർക്കും ഇടയിലെ ഏക മധ്യസ്ഥൻ ക്രിസ്തുവാണ്. അതുകൊണ്ട് ക്രിസ്തുവിലേക്കാണ് പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും എല്ലാം പ്രാർത്ഥന എത്തുന്നത് ക്രിസ്തുവിലേക്കാണ്.
അപ്പോൾ അതുകൊണ്ട് ഞാൻ പറഞ്ഞു വരുന്നത്, പിതാവിന്റെ വലതുഭാഗത്തിരുന്ന് മാധ്യസ്ഥം വഹിക്കുന്ന ക്രിസ്തുവിന്റെ ആ മധ്യസ്ഥ പ്രാർത്ഥനയിലേക്കാണ് നമ്മുടെ എല്ലാ പ്രാർത്ഥനയും ചേരുന്നത്.
അതുകൊണ്ടുതന്നെ നമ്മൾ ഒരു ദിവ്യകാരുണ്യ ഈശോയുടെ മുൻപിലിരുന്ന് പ്രാർത്ഥിക്കുമ്പോൾ നമ്മൾ പ്രാർത്ഥിക്കുന്നതല്ല നമ്മൾ വിചാരിക്കുന്നത്, പക്ഷേ അത് ക്രിസ്തുവിന്റെ പ്രാർത്ഥനയിൽ നമ്മൾ പങ്കുചേരുകയാണ്.
അങ്ങനെ വലിയൊരു മധ്യസ്ഥ പ്രാർത്ഥനയുടെ ചെയിനിലേക്ക് നമ്മുടെ പങ്കാളിത്തം നടക്കുന്ന സമയമാണ് നമ്മുടെ ആരാധനയുടെ സമയം. അതുകൊണ്ട് ആ ആരാധനയെ വളരെ ഗൗരവമായിട്ട് നമ്മൾ എടുക്കണം.
ഞാൻ ഇത് ദീർഘമായിട്ട് പറഞ്ഞിട്ടുള്ളതുകൊണ്ട് ഇപ്പോൾ വിശദീകരിക്കുന്നില്ല. നിങ്ങൾ ഒത്തിരി തവണ അത് കേട്ടിട്ടുണ്ടാവും. ഇല്ലെങ്കിൽ നിങ്ങൾക്ക് യൂട്യൂബിൽ ഒന്നൊന്നര മണിക്കൂർ എടുത്ത് ഞാൻ പറഞ്ഞിട്ടുണ്ട് ഇത്.
അതായത് മാർത്തയും മറിയവും. മാർത്ത ഒത്തിരി തിരക്കിട്ട് നടന്ന ആളാണ്. മറിയത്തെക്കുറിച്ച് മൂന്ന് എപ്പിസോഡ് ആണ് ബൈബിളിൽ ഉള്ളത്, പ്രധാനമായും മാർത്ത-മറിയത്തെക്കുറിച്ച്. അത് ലൂക്കാ 10-ലും, യോഹന്നാൻ 11-ലും, യോഹന്നാൻ 12-ലുമാണ്.
ഈ മൂന്ന് സ്ഥലത്തും മറിയത്തെക്കുറിച്ച് പറയുമ്പോൾ യേശുവിന്റെ പാദത്തിന്റെ റെഫറൻസ് ഉണ്ട്—പാദം.
ആദ്യത്തെ ലൂക്കാ 10-ൽ മറിയം യേശുവിന്റെ പാദത്തിലിരുന്ന് അവൻ പറയുന്നത് കേട്ടുകൊണ്ടിരുന്നു.
പിന്നെ യോഹന്നാൻ 11-ൽ മറിയം യേശുവിന്റെ പാദത്തിൽ വീണ് അവനെ ആരാധിച്ചു.
യോഹന്നാൻ 12-ൽ മറിയം യേശുവിന്റെ പാദത്തിൽ തൈലം കൊണ്ട് അഭിഷേകം ചെയ്ത് അവനെ ആരാധിച്ചു.
ഈ പാദപത്മജം കുമ്പിടുന്നു എന്നൊക്കെ നമ്മൾ പാട്ടിലൊക്കെ കേട്ടിട്ടില്ലേ, പാദം അത് വർഷിപ്പിന്റെ സിംബലാണ്, ആരാധന.
അപ്പോൾ ഈ ലൂക്കാ 10-ലും യോഹന്നാൻ 11-ലും യോഹന്നാൻ 12-ലും മറിയം യേശുവിനെ ആരാധിക്കുകയാണ്.
ഞാൻ ഒരു സൂചന മാത്രം അവിടുന്ന് പറയാം: മാർത്തയും മറിയവും സഹോദരൻ മരിച്ചു കഴിഞ്ഞ് യേശുവിനെ കാണുമ്പോൾ പറഞ്ഞ വാചകം ഒരു വാചകം തന്നെയാണ്, ഒരു വ്യത്യാസവുമില്ല. രണ്ടുപേരും പറഞ്ഞ ഒരേ വാചകം: “നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ സഹോദരൻ മരിക്കില്ലായിരുന്നു.”
എന്നാൽ വളരെ ശ്രദ്ധേയമായ ഒരു കാര്യമുള്ളത്, മാർത്ത ഈ വാചകം പറഞ്ഞപ്പോൾ യേശു അവിടെനിന്ന് അനങ്ങിയില്ല. അവൻ ഗ്രാമത്തിൽ പ്രവേശിക്കാതെ അവിടെത്തന്നെ നിന്നു.
എന്നാൽ മറിയം പറഞ്ഞപ്പോൾ യേശു അവിടെനിന്ന് ആ ശവകുടീരത്തിലേക്ക് ചെല്ലുകയും അവൻ കരയുകയും അവൻ ലാസറിനെ ഉയിർപ്പിക്കുകയും ചെയ്തു.
ഒരേ പ്രാർത്ഥന രണ്ടുപേര് പ്രാർത്ഥിക്കുമ്പോൾ രണ്ട് ചലനങ്ങളാണ് ഉണ്ടാക്കിയത്, രണ്ട് ഫലമാണ് ഉണ്ടായത്.
എന്താണ് ഈ രണ്ടുപേരുടെ പ്രാർത്ഥനയുടെ ഫലത്തെ വ്യത്യാസപ്പെടുത്തിയത്?
ഒന്ന് കർത്താവിന്റെ പാദത്തിൽ ഇരുന്നവളും, ഒന്ന് പാദത്തിൽ ഇരിക്കാത്തവളും.
മാർത്തയുടെ പ്രാർത്ഥന ഫലമുണ്ടാക്കുന്നില്ല, മറിയത്തിന്റെ പ്രാർത്ഥന യേശുവിനെ ചലിപ്പിക്കുന്നു.
ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, പാദത്തിലിരിക്കുന്ന, ആരാധിക്കുന്ന ഒരു വ്യക്തിയുടെ പ്രാർത്ഥന ശക്തിയുള്ള പ്രാർത്ഥനയാണ്; അത് ദൈവത്തെ ചലിപ്പിക്കും.
അതുകൊണ്ട് നമ്മുടെ ആരാധന, ദിവ്യകാരുണ്യ ആരാധന പ്രിയപ്പെട്ടവരെ നമ്മൾ ഒത്തിരി ഗൗരവമായിട്ട് എടുക്കണം. പരിശുദ്ധ കുർബാനയിൽ യേശുവിനെ ആരാധിക്കണം.
കുർബാനയുടെ മുൻപിൽ നമ്മൾ ഇരിക്കണം, കർത്താവിന്റെ മുൻപിൽ ഇരുന്ന് ആരാധിക്കണം.
നമുക്ക് ഇവിടെ ഇതിന് നമ്മളെ പ്രേരിപ്പിക്കേണ്ട ഒരു ചിന്തയാണ് ഞാൻ ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു, അതുകൊണ്ട് ദീർഘമായിട്ട് പറയുന്നില്ല.
നമ്മുടെ ഐഡന്റിറ്റി നമ്മൾ പുരോഹിത ജനമാണ്. അതുകൊണ്ട് പിതാവിന് നമ്മൾ അവന് പ്രസാദകരമായ ബലികളും ആരാധനകളും സമർപ്പിക്കാൻ ദൈവം പുരോഹിത ജനമാക്കി മാറ്റിയവരാണ് നമ്മൾ.
അതുകൊണ്ട് നമ്മുടെ ജോലിയാണ് ആരാധിക്കുക എന്നുള്ളത്.
അവസാനമായിട്ട് ഒരു ആശയം, വിശുദ്ധ കുർബാനയെക്കുറിച്ച് പറയുമ്പോൾ ഈശോ പറഞ്ഞു: “യഥാർത്ഥ ആരാധകർ പിതാവിനെ ആരാധിക്കുന്നത് ആത്മാവിലും സത്യത്തിലുമാണ്.”
പിതാവിനെ ആരാധിക്കുന്നു; ആരാധിക്കുന്നത് ആത്മാവിലും സത്യത്തിലും.
എന്താണ് അതിന്റെ അർത്ഥം?
പിതാവ്, പരിശുദ്ധാത്മാവ്, സത്യം എന്ന് പറഞ്ഞാൽ ഈശോ.
പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ത്രിയേക ദൈവത്തിന് നൽകുന്ന ആരാധനയാണ് യഥാർത്ഥ ആരാധന.
കൃത്യമായിട്ട് പറഞ്ഞാൽ, പുത്രനിലൂടെ പരിശുദ്ധാത്മാവിൽ പിതാവിനെ ആരാധിക്കുന്നതാണ് യഥാർത്ഥ ആരാധന.
ആ യഥാർത്ഥ ആരാധന പരിശുദ്ധ കുർബാനയാണ്. കാരണം കുർബാന ത്രിയേക ദൈവത്തിന് അർപ്പിക്കുന്ന ആരാധനയാണ്.
അതുകൊണ്ട് ആ ദിവ്യകാരുണ്യത്തിൽ ആരാധനയുടെ എല്ലാ ഭാവങ്ങളും സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു.
ആരാധിക്കാൻ ആഗ്രഹിക്കുന്നവർ കുർബാനയിൽ യേശുവിനെ ആരാധിക്കട്ടെ.
നമുക്ക് അതുകൊണ്ട് വളരെ കൃപയുള്ള ഒരു ആരാധനയുടെ ഭാവം നമുക്ക് ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
പ്രിയപ്പെട്ടവരെ, ഇന്നത്തെ ചിന്തകൾ അവസാനിക്കുന്നതിനു മുൻപ് ഞാൻ ഈ എപ്പിസോഡുകളിൽ എപ്പോഴെങ്കിലും കുറച്ചു സമയം എടുത്ത് പറയണമെന്ന് ഓർത്തിരുന്ന ഒരു കാര്യമാണ് ലോകത്ത് നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ച്. എന്നാൽ നമുക്ക് അതിന് സമയം കിട്ടുമെന്ന് തോന്നുന്നില്ല.
ഞാൻ അതുകൊണ്ട് ഈ എപ്പിസോഡിന്റെ അവസാനത്തിൽ അതൊന്ന് സൂചിപ്പിക്കുകയാണ്: ദിവ്യകാരുണ്യ അത്ഭുതങ്ങൾ.
നമുക്ക് ലോകത്ത് ലാൻചിയാനോയിൽ നടന്ന അത്ഭുതം, അതുപോലെ ബ്യൂണസ് ഐറിസിൽ നടന്ന അത്ഭുതം, അതുപോലെ നമുക്ക് കേരളത്തിൽ നിങ്ങൾക്കറിയാമല്ലോ അടുത്ത കാലത്തായിട്ട് നമുക്കിടയിൽ നടന്ന ആ ദിവ്യകാരുണ്യ അത്ഭുതം വരെയുള്ള പരിശുദ്ധ കുർബാനയുടെ അത്ഭുതങ്ങളിൽ സംഭവിക്കുന്നത് എന്താണ്?
കർത്താവായ ഈശോമിശിഹാ താൻ ജീവിക്കുന്ന ദൈവമാണ്, ക്രിസ്തു തന്നെയാണ് വിശുദ്ധ കുർബാനയിൽ എന്ന് സംശയിക്കുന്ന ഒരു ജനതയെ ബോധ്യപ്പെടുത്താൻ നടത്തുന്ന ഒരു പരിശ്രമമായിട്ടാണ് ദിവ്യകാരുണ്യ അത്ഭുതത്തെ കാണേണ്ടത്.
ലാൻചിയാനോയിൽ പരിശുദ്ധ കുർബാനയുടെ അത്ഭുതം, അത് ആദ്യകാല അത്ഭുതങ്ങളിൽ ഒന്നാണ്. ആ അത്ഭുതം നടക്കുമ്പോൾ അത് പരിശുദ്ധ കുർബാനയിൽ ഈശോ ഉണ്ടോ എന്ന് സംശയിച്ച ഒരു പുരോഹിതനാണ്, ആ പുരോഹിതൻ അർപ്പിച്ച ബലിയിലാണ് ഈശോയുടെ മാംസമായിട്ട് അത് മാറുന്നത്.
ഞാൻ ഈ ബ്യൂണസ് ഐറിസിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധയോടെ വായിച്ചിട്ടുണ്ട്. അത് നമ്മുടെ കഴിഞ്ഞ മാർപ്പാപ്പയായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അന്നത്തെ ജോർജ് ബെർഗോഗ്ലിയോ എന്ന പേരിൽ അവിടുത്തെ ബ്യൂണസ് ഐറിസിലെ മെത്രാനായിരുന്ന സമയത്ത് നടന്ന ഒരു അത്ഭുതമാണ്.
കുർബാന കഴിഞ്ഞ് അച്ചൻ പുറത്തിറങ്ങുമ്പോൾ ഒരു ലേഡി വന്ന് ഓടി വന്നു പറയുന്നു, ആരോ വിശുദ്ധ കുർബാന സ്വീകരിച്ചിട്ട് അത് പുറത്ത് മണ്ണിൽ ഇങ്ങനെ ഉപേക്ഷിച്ചതായിട്ട് കാണുന്നു. അച്ചൻ അത് എടുത്ത് ഒരു പാത്രം വെള്ളത്തിൽ അതിലെ മണ്ണൊക്കെ പോകാൻ വേണ്ടി, അത് അലിയാൻ വേണ്ടി അതിങ്ങനെ വച്ച് സക്രാരിയിൽ വെക്കുന്നു. കുറച്ചു ദിവസം കഴിഞ്ഞ് നോക്കുമ്പോൾ അതിൽ ഒരു ചെറിയ ബ്ലഡ് സ്റ്റെയിൻ പോലെ, രക്തത്തിന്റെ കണിക പോലെ കാണുന്നു; പിന്നെ അത് വലുതാവുന്നു.
അങ്ങനെ ബിഷപ്പിനെ വിവരം അറിയിക്കുന്നു. കുറച്ചു ദിവസങ്ങൾ അതങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് അവിടുന്ന് നിർദ്ദേശം കിട്ടുന്നു. പിന്നെ അത് വലുതാവുന്നു എന്ന് കണ്ടപ്പോഴാണ് അത് പരിശോധനയ്ക്കായിട്ട് അയക്കുന്നത്.
ആ പരിശോധനാ ഫലം അത്ഭുതകരമായിരുന്നു.
അപ്പൊ അതുമായി ബന്ധപ്പെട്ടിട്ട് പിന്നീട് ശാസ്ത്രജ്ഞന്മാര്, ഫെർഡിനാൻഡ് സുഗീബോ എന്നൊക്കെ പേരുള്ള ശാസ്ത്രജ്ഞൻ, പിന്നെ അമേരിക്കയിലേക്ക് അത് അയക്കുമ്പോൾ അവിടുത്തെ വലിയ കാർഡിയോ സ്പെഷ്യലിസ്റ്റുകൾ, ലോകത്തെ ഏറ്റവും വമ്പൻ ശാസ്ത്രജ്ഞന്മാർ അവരൊക്കെ നടത്തിയ പരീക്ഷണങ്ങളുടെ റിസൾട്ടുകൾ ഒക്കെ പുസ്തകങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്.
നിരീശ്വരവാദികളായിരുന്ന ശാസ്ത്രജ്ഞന്മാർ ഈ ഒറ്റ കാരണം കൊണ്ട് വിശ്വാസികളായതിന്റെ ചരിത്രമുണ്ട്.
ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, ഒരു മനുഷ്യന്റെ ഹൃദയത്തിലെ ലെഫ്റ്റ് വെൻട്രിക്കിളിലെ ഒരു കോശമായിട്ടാണ് അവർ ആ മുറിച്ചെടുത്ത ഭാഗം പരീക്ഷണശാലയിൽ കണ്ടെത്തിയത്.
അതിനെക്കുറിച്ച് പറഞ്ഞ ഒരു വാചകം, ഞാൻ ദീർഘമായിട്ട് മുൻപൊക്കെ ഇത് പറഞ്ഞിട്ടുള്ളതുകൊണ്ട് ഞാൻ അതിലേക്ക് കടക്കുന്നില്ല, ഒരു വാചകം വളരെ ശ്രദ്ധേയമാണ്: അതിൽ രക്താണുക്കളുടെ സാന്നിധ്യമുണ്ടായിരുന്നു.
എന്ന് പറഞ്ഞാൽ, ഈ മാംസമായി മാറിയ അപ്പക്കഷണത്തിൽ നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് പരിശോധനയ്ക്ക് അയക്കുമ്പോൾ ശാസ്ത്രജ്ഞൻ ചോദിക്കുകയാണ്—അത് പരിശോധിക്കുന്ന ആള് ചോദിക്കുകയാണ്: “ജീവനുള്ള ഒരു കണിക നിങ്ങൾ എങ്ങനെയാണ് മുറിച്ചെടുത്ത് പരിശോധനയ്ക്ക് കൊണ്ടുവന്നത്?”
എന്നാണ് ചോദിക്കുന്നത്. ഒരുപാട് പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ഒരാളുടെ ഹൃദയത്തിലെ ഭാഗമാണ് അതെന്നാണ് അതിന്റെ റിസർച്ച്.
ഒത്തിരി ഡീറ്റൈൽഡ് ആയിട്ട് നിങ്ങൾക്ക് അറിയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ ഒരു കാര്യത്തെക്കുറിച്ച് തന്നെ ലെങ്തിയായ വീഡിയോ യൂട്യൂബിൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമായിട്ടുണ്ട്.
ഈ ബ്യൂണസ് ഐറിസിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ പരിശോധനാഫലങ്ങൾ നിരീശ്വരവാദികളായ ശാസ്ത്രജ്ഞന്മാരെ വിശ്വാസികളാക്കി മാറ്റുകയും, ഇത് ജീവിക്കുന്ന യേശുവിന്റെ ശരീരം തന്നെയാണ് എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത അത്ഭുതങ്ങളാണ് നമുക്ക് അവിടെ കാണാൻ പറ്റുന്നത്.
നിങ്ങൾക്ക് സമയമുണ്ടെങ്കിൽ ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ച് ഈ ദിവസങ്ങളിൽ യൂട്യൂബിലൊക്കെ ഒന്ന് സെർച്ച് ചെയ്താൽ കുറെയധികം കാണാൻ പറ്റും.
അത് ജീവനുള്ള ദൈവത്തിന്റെ യഥാർത്ഥ സാന്നിധ്യത്തെ വിശ്വസിക്കാൻ നമ്മളെ സഹായിക്കും.
ഞാൻ ഇത് പറയാൻ കാരണം നമ്മൾ, ഞാൻ ഈശോയുടെ തിരുമുഖത്തിന്റെ മുൻപിലേക്ക് വരുമ്പോൾ അത് പരിഹാരമാണ്, കുർബാനയുടെ മുൻപിൽ ഇരിക്കുമ്പോൾ ജീവനുള്ള ഈശോയുടെ മുൻപിൽ തന്നെയാണ് ഇരിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കാൻ വേണ്ടി കൂടി അത് സഹായിക്കും എന്നുള്ളതുകൊണ്ടാണ്.
ഇന്നത്തെ ഒരു പുണ്യമായിട്ട് പ്രാർത്ഥിക്കേണ്ടത്: ദൈവഭയം.
നമ്മൾ ഒരു പ്രാവശ്യം അതിനെക്കുറിച്ച് ഒന്ന് പരാമർശിച്ചിരുന്നു, ദൈവഭയം.
ഇന്ന് ഒത്തിരി തിന്മകളിലേക്ക് മനുഷ്യൻ പോകുന്നതിന്റെ കാരണം ദൈവഭയം ഇല്ലാത്തതാണ്.
അതുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാം, “കർത്താവേ, എനിക്ക് ദൈവഭയം തരണമേ.” ദൈവഭയം, അതിന്റെ ഓപ്പോസിറ്റ് ഭയങ്കര കാഷ്വൽ ആയ ലാഘവ ബുദ്ധിയാണ് മനുഷ്യർക്ക്.
എങ്ങനെ ജീവിച്ചാലും കുഴപ്പമില്ല എന്നുള്ള ഒരു ചിന്ത മനുഷ്യന്റെ തലയ്ക്കകത്ത് കയറിയിട്ടുണ്ട്. ആ ലാഘവ ബുദ്ധി, ആ ലാഘവത്വം ഞങ്ങളിൽ നിന്ന്, ആ കെയർലെസ്സ്നെസ്സ്, കാഷ്വൽ ഫീലിംഗ് ഞങ്ങളിൽ നിന്ന് എടുത്തു മാറ്റണമേ എന്ന് പ്രാർത്ഥിക്കാം.
നമുക്ക് എവിടെയെങ്കിലും ഇന്ന് അല്പസമയം കണ്ടെത്തി, അല്പസമയം മുറിയിൽ ശാന്തമായിട്ട് ഇരുന്നോ അല്ലെങ്കിൽ ദിവ്യകാരുണ്യ ചാപ്പലുകളിൽ പോയോ യേശുവിനെ ആരാധിക്കാൻ നമുക്ക് പരിശ്രമിക്കാം.
ഈ ദിവ്യകാരുണ്യ ആശീർവാദത്തിൽ അതിനുവേണ്ട കൃപ കർത്താവ് തരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
പ്രിയപ്പെട്ടവരെ, ഒരു മൂന്ന് എപ്പിസോഡുകൾ കൂടിയാണ് നമുക്ക് ഉള്ളത്, അതായത് മൂന്ന് ദിവസങ്ങൾ കൂടി. ഈ സമാപന മൂന്ന് ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.
അതുകൊണ്ട് നമുക്ക് കൂടുതൽ കൃപയില്, പ്രാർത്ഥനയിൽ ആയിരിക്കാം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
കർത്താവേ, ഒരു ദിവസം കൂടി അങ്ങയുടെ മുൻപാകെ നിൽക്കാൻ അങ്ങ് സഹായിക്കുന്നു.
കർത്താവേ, അവിടുത്തെ മുൻപിൽ നിന്ന് ആരാധിക്കാൻ ദൈവം തന്ന അനുഗ്രഹത്തിന് നന്ദി പറയുന്നു.
ആരാധിക്കുമ്പോൾ ഞങ്ങൾ പരിഹാരം ചെയ്യുന്നവരായി മാറുന്നു എന്ന് അങ്ങ് വെളിപ്പെടുത്തിയല്ലോ.
ഓരോ ആരാധനയും ഞങ്ങളുടെയും ഞങ്ങളുടെ പൂർവ്വികരുടെയും കർത്താവേ, ഞങ്ങൾ അറിയുന്നവരുടെയും അറിയാത്തവരുടെയും പാപങ്ങൾക്കുള്ള പരിഹാരമായി മാറുന്നതിന് ദൈവമേ അങ്ങയെ സ്തോത്രം ചെയ്ത് ആരാധിക്കുന്നു.
ദൈവമായ കർത്താവേ, ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്ക് അവിടുന്ന് തരുന്ന സന്ദർഭങ്ങളെല്ലാം ആരാധനയ്ക്കായി മാറ്റിവെക്കാൻ, ഒഴിവുനേരങ്ങളെല്ലാം ദൈവമേ പ്രാർത്ഥനാ നേരങ്ങളാക്കി മാറ്റാൻ, എപ്പോഴും ഹൃദയത്തിൽ അങ്ങയെ മുന്നിൽക്കണ്ട്, കണ്മുൻപിൽ കണ്ട് ജീവിക്കാൻ ദൈവമേ അങ്ങ് ഞങ്ങളെ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
ഞങ്ങൾ അങ്ങയെ ആരാധിക്കാതെ കടന്നുപോയ എല്ലാ നിമിഷങ്ങളും ഞങ്ങൾ ഓർത്തു മാപ്പ് ചോദിക്കുന്നു.
ദൈവമേ, ദൈവാരാധനയെ ഗൗരവമായി എടുക്കാൻ ഞങ്ങളെ സഹായിക്കണമേ.
ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്നവരെല്ലാം ആരാധകരായി മാറണമേ. ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്നവരായി ഞങ്ങൾ എല്ലാവരും രൂപാന്തരപ്പെടാൻ ഈ അനുഗ്രഹം ഞങ്ങളെ സഹായിക്കണം.
കർത്താവേ, ഞങ്ങൾ ഇന്ന് ആശീർവാദം സ്വീകരിക്കുമ്പോൾ ഞങ്ങളിലുള്ള മടുപ്പ്, മന്ദത, ഞങ്ങളിലുള്ള ക്ഷീണം, അലസത, ഉദാസീനത, താല്പര്യക്കുറവുകൾ, തെറ്റായ ബോധ്യങ്ങൾ എല്ലാം എടുത്തുമാറ്റി ഞങ്ങളെ ഉണർവുള്ളവരാക്കി മാറ്റണം.
ഞങ്ങളുടെ ജീവിതത്തെ കൂടുതൽ ആത്മീയ ശക്തി കൊണ്ട് നിറയ്ക്കണമെന്ന് യേശുവിന്റെ നാമത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ഈശോയുടെ ആശീർവാദം സ്വീകരിക്കുമ്പോൾ വലിയൊരു ആത്മീയ ഉണർവിനു വേണ്ടി ആഗ്രഹിച്ച് പ്രാർത്ഥിക്കാം.
സർവ്വശക്തനായ ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്താവിന് ശുശ്രൂഷ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ആരാധകരാക്കി നിങ്ങളുടെ ഹൃദയത്തെ, നിങ്ങളുടെ മനസ്സിനെ, ശരീരത്തെ മാറ്റുന്ന ദൈവം കൂടുതൽ ആത്മീയ ഉണർവ്വ് ഈ ശുശ്രൂഷയിലൂടെ നിങ്ങൾക്ക് ലഭിക്കാൻ ഇടയാവട്ടെ.
ഈ ആരാധനയിൽ കർത്താവ് നിങ്ങളെ ആശീർവദിക്കുമ്പോൾ നിങ്ങളുടെ ആത്മീയ ജീവിതം അടുത്ത പടിയിലേക്ക് കടക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ.
ഒരു വലിയ ആത്മീയ അപ്ഡേറ്റ് നിങ്ങൾക്ക് ഉണ്ടാവാൻ കർത്താവായ യേശുവിന്റെ കൂടെ യാത്ര ചെയ്ത ഈ ദിവസങ്ങൾ നിങ്ങളെ സഹായിക്കട്ടെ.
നിങ്ങളുടെ കുടുംബത്തിലോ നിങ്ങളുടെ ഭവനത്തിലോ നിങ്ങളുടെ പ്രിയപ്പെട്ടവരിലോ ബന്ധങ്ങളിലോ ഏതെങ്കിലും അന്ധകാരം പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇരുട്ടിന്റെ ശക്തികൾ യേശുവിന്റെ നാമത്തിൽ നിങ്ങളുടെ കുടുംബത്തിൽ നിന്ന് വിട്ടുപോകട്ടെ.
പരാജയം, രോഗം, തകർച്ചകൾ യേശു നാമത്തിൽ നിങ്ങളിൽ നിന്ന് മാറിപ്പോകട്ടെ.
ദൈവം അത്ഭുതം കാണാൻ നിങ്ങളുടെ കണ്ണുകളെ തുറക്കട്ടെ.
നിങ്ങൾക്ക് വേണ്ടി വഴികൾ ദൈവം ഒരുക്കി അനുഗ്രഹിക്കട്ടെ, യേശുവിന്റെ ശരീരത്തിന്റെ യോഗ്യതകളാൽ, ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply