ഈശോയിൽ ഏറ്റവും സ്നേഹമുള്ള സഹോദരങ്ങളെ,
​വളരെ പ്രധാനപ്പെട്ട വളരെ സന്തോഷകരമായ ഒരു കാര്യം നിങ്ങളോട് പങ്കുവെക്കാനും അനുഗ്രഹീതമായ ഒരു ശുശ്രൂഷയിലേക്ക് നിങ്ങളെ ക്ഷണിക്കാനുമാണ് ഈ ഇൻട്രൊഡക്ടറി എപ്പിസോഡിലൂടെ ദൈവത്തിന്റെ ആത്മാവിൽ ഞാൻ ആശ്രയിക്കുന്നത്, നിങ്ങളെ ഈ എപ്പിസോഡിൽ കാണാനും നിങ്ങളോട് സംസാരിക്കാനും ആഗ്രഹിക്കുന്നത്.

​ജീവിതത്തിൽ പ്രത്യേകിച്ച് 2021-നു ശേഷം, കോവിഡിനു ശേഷം പ്രതീക്ഷ നഷ്ടപ്പെട്ട അനേകായിരങ്ങളെ കാണാൻ പലയിടങ്ങളിലായിട്ട് കാണാൻ ഇടയായിട്ടുണ്ട്.

അവര് പറഞ്ഞ കാര്യങ്ങൾ ഒരുമിച്ച് ചേർത്തുവെച്ചാൽ അതൊരു ഒറ്റ വാചകത്തിൽ സംഗ്രഹിക്കാം:
​”ഞങ്ങളുടെ ജീവിതം എന്തെല്ലാം ചെയ്തിട്ടും ഒരു പുരോഗതിയും ഉണ്ടാകുന്നില്ല. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ എങ്ങനെയെല്ലാം പരിശ്രമിച്ചിട്ടും ഒരിടത്തും എത്തിച്ചേരുന്നില്ല.”

​ഇത് ആത്മീയ ജീവിതത്തെക്കുറിച്ച് പറഞ്ഞവരുണ്ട്, സാമ്പത്തിക മേഖലയെക്കുറിച്ച് പറഞ്ഞവരുണ്ട്, സ്വന്തം ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന ചെറുപ്പക്കാര് ഇത് പറഞ്ഞ കൂട്ടത്തിലുണ്ട്. വൈദികരുണ്ട്, സന്ന്യസ്തരുണ്ട്.

അങ്ങനെ പൊതുവേ നമുക്കിടയിൽ നമ്മളറിയാതെ വ്യാപിച്ചു കൊണ്ടിരിക്കുന്ന വല്ലാത്തൊരു തരം പരാജയത്തിന്റെയും നിരാശയുടെയും പ്രതീക്ഷ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയുടെയും സാഹചര്യത്തിൽ കഴിയുന്ന മനുഷ്യർക്കുള്ള ഒരു പ്രതീക്ഷയുടെ കവാടമാണ് നമ്മൾ ഇന്ന് ആരംഭിക്കാൻ പോകുന്ന ശുശ്രൂഷ.

​ചുരുക്കിപ്പറഞ്ഞാൽ ജീവിതത്തിൽ വഴിമുട്ടി നിൽക്കുന്ന ഒരു അവസ്ഥയിലാണോ നിങ്ങൾ?

ജീവിതത്തിൽ മുന്നോട്ടു നീങ്ങാൻ നിങ്ങൾക്ക് കഴിയുന്നില്ലേ?

എന്തെല്ലാം ചെയ്തിട്ടും ജീവിതത്തിന്റെ ദിശ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കാതെ വരുന്നുണ്ടോ?

കുറെക്കൂടി ലളിതമായിട്ട് പറഞ്ഞാൽ നിങ്ങൾക്ക് സന്തോഷം ഉണ്ടോ?

24 മണിക്കൂറും ഉള്ളിൽ നിങ്ങൾ ഒരു ആനന്ദം അനുഭവിക്കുന്നില്ലേ?

ഇല്ലെങ്കിൽ, നിങ്ങൾക്ക് ഞാൻ ഈ പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരം ‘ഇല്ല’ എന്നാണെങ്കിൽ നിങ്ങൾക്കുള്ള ഒരു പ്രതീക്ഷയാണ് ഇന്ന് മുതൽ തുറക്കപ്പെടാൻ പോകുന്ന ഈ വാതിൽ.

​എന്താണ് ഈ ശുശ്രൂഷ?

​ഇത് ദിവ്യകാരുണ്യത്തിലൂടെ വിമോചനം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ വിശുദ്ധീകരണം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ മഹത്വീകരിക്കപ്പെടുക.

Reaching to Eucharistic glory through Eucharistic deliverance.

Eucharistic service of deliverance and anointing.

മഹത്വീകരിക്കപ്പെടാനും വിശുദ്ധീകരിക്കപ്പെടാനും ശക്തീകരിക്കപ്പെടാനും ജീവിതത്തിന് പുതിയ മാനങ്ങൾ കണ്ടെത്താനും ദിവ്യകാരുണ്യത്തിലൂടെ നടത്തുന്ന ഒരു യാത്രയാണ് നമ്മൾ ഈ 40 ദിവസം കൊണ്ട് നടത്തുന്ന ദിവ്യകാരുണ്യ ശുശ്രൂഷ.

​വിമലഹൃദയത്തിന് സ്വയം പ്രതിഷ്ഠിച്ച ആളുകൾ നമ്മുടെ ഇടയിലുണ്ട്.

വിശുദ്ധർക്ക് പ്രതിഷ്ഠിക്കുന്നവരുണ്ട്.

അതുപോലെതന്നെ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠ നടത്തുന്നവരുണ്ട്.

ഇങ്ങനെ പല പ്രതിഷ്ഠകൾക്ക് നടുവിൽ 40 ദിവസം കൊണ്ട് ദിവ്യകാരുണ്യത്തിന് നിങ്ങളെ പ്രതിഷ്ഠിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്.

ദിസ് ഈസ് യൂക്കരിസ്റ്റിക് കോൺസെക്രേഷൻ (Eucharistic Consecration). ദിവ്യകാരുണ്യ പ്രതിഷ്ഠയാണ് ഈ 40 ദിവസം കൊണ്ട് നമ്മൾ നടത്താൻ പോകുന്നത്.

​അതുകൊണ്ട് എന്താണ് ഈ ശുശ്രൂഷ?

ഉത്തരം വളരെ ലളിതമാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഏതെങ്കിലും മേഖലയിൽ സ്റ്റക്കായിയോ സ്റ്റാഗ്നന്റായോ തടസ്സപ്പെട്ടോ നിങ്ങൾ കിടക്കുന്നെങ്കിൽ നിങ്ങൾക്ക് അതിജീവനത്തിന് മുന്നോട്ടുപോകുന്നതിന് ദൈവം തുറക്കുന്ന ഒരു വഴിയാണ് ഈ 40 ദിവസത്തെ ശുശ്രൂഷ.

​രണ്ടാമത്തെ കാര്യം: എന്തുകൊണ്ട് 40 ദിവസം?

​ബൈബിളിൽ 40 ഒരു സാധാരണ നമ്പർ അല്ല. ഇതൊരു സമയത്തെയോ ദിവസത്തെയോ സൂചിപ്പിക്കുന്ന ഒരു നമ്പർ എന്നതിനധികം അപ്പുറത്ത് ഇത് ഈ 40 ബൈബിളിൽ ടെസ്റ്റിന്റെ സമയമാണ്, പരീക്ഷണത്തിന്റെ സമയമാണ്, പരിശോധനയുടെ സമയമാണ്, പ്യൂരിഫിക്കേഷന്റെ വിശുദ്ധീകരണത്തിന്റെ സമയമാണ്, അതുപോലെതന്നെ ഒരുക്കത്തിന്റെ സമയമാണ്.

അതുപോലെ തന്നെ ആത്മീയമായിട്ട് ദൈവം ഒരാളെ വളർത്താനോ ഉയർത്താനോ ആഗ്രഹിക്കുമ്പോൾ ദൈവം ഒരുക്കാൻ എടുക്കുന്ന ഒരു സമയമാണ് 40 ദിവസം.

​ബൈബിൾ നമ്മൾ കാണുമ്പോൾ പരിശോധിക്കുമ്പോൾ കാണുന്ന ഒരു കാര്യം, ഒരു മാസീവായ ഷിഫ്റ്റ് രക്ഷാകര ചരിത്രത്തിൽ എവിടെ ദൈവം വരുത്തിയിട്ടുണ്ടോ—ഉദാഹരണത്തിന് അന്നുവരെ പോയിക്കൊണ്ടിരുന്ന ഒരവസ്ഥയിൽ നിന്ന് ദൈവജനത്തെ അടുത്ത ഒരു തലത്തിലേക്ക് ദൈവം എവിടെയെല്ലാം രക്ഷാകര ചരിത്രത്തിൽ ഉയർത്താൻ ആഗ്രഹിച്ചിട്ടുണ്ടോ, അല്ലെങ്കിൽ ഒരു പുതിയ ഉടമ്പടി ദൈവജനവുമായിട്ട് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു വ്യക്തിയെ അടുത്ത ഒരു ആത്മീയ തലത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്നുണ്ടോ ആ സമയത്ത് ദൈവം അവരോട് നിർദ്ദേശിക്കുന്ന, ആത്മാവിൽ നിർദ്ദേശിക്കുന്ന ഒരുക്കത്തിന്റെ സമയമാണ് 40 ദിവസം.

​അതായത് ഞാൻ വളരെ ലളിതമായി നിങ്ങളോട് പറഞ്ഞാൽ, നിങ്ങൾക്ക് ഒരു സ്പിരിച്വൽ അപ്ഡേറ്റ് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ ആത്മീയ റാങ്ക്, സ്പിരിച്വൽ റാങ്ക് കൂട്ടിക്കിട്ടാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളിലൂടെ വലിയ ദൈവിക കാര്യങ്ങൾ സംഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് ഒരുങ്ങാൻ ബൈബിൾ നിർദ്ദേശിക്കുന്ന ഏറ്റവും കുറഞ്ഞ സമയത്തിന്റെ പേരാണ് 40 ദിവസം.

​അതുകൊണ്ടുതന്നെ അസാധാരണമായ ഒരു ആത്മീയ വളർച്ച 40 ദിവസം കൊണ്ട് ഉണ്ടാവും.

പഴയ മനുഷ്യനെ ബ്രേക്ക് ഡൗൺ ചെയ്ത് തകർത്ത് പുതിയ മനുഷ്യനെ ദൈവം പ്രിപ്പയർ ചെയ്യുന്ന ഒരു സമയമാണ് 40 ദിവസം.

​ഞാൻ ബൈബിളിൽ 40 ദിവസം എങ്ങനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തെ അല്ലെങ്കിൽ കർത്താവ് രക്ഷാകര വഴിയിൽ എങ്ങനെയാണ് ഈ 40 ദിവസത്തെ ഉപയോഗിച്ചത് എന്നതിന്റെ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം:

​40 ദിവസം ഇസ്രായേൽക്കാർക്ക് മരുഭൂമിയിലൂടെ ദൈവം അനുവദിച്ച ആ യാത്രയുടെ സമയമാണെന്ന് നമുക്കറിയാം.

ആ യാത്ര വാഗ്ദത്ത നാട്ടിലേക്ക് എത്തുന്നതിനുമുമ്പ് അവർ പരിശോധിക്കപ്പെട്ട സമയമാണ്—ഇറ്റ്സ് എ പീരീഡ് ഓഫ് ടെസ്റ്റ്.

അതുകൊണ്ടു തന്നെ ദൈവം നമ്മളെ അടുത്ത ആത്മീയ തലങ്ങളിലേക്കും കുടുംബത്തിന്റെ അടുത്ത ഒരു വളർച്ചയുടെ തലത്തിലേക്കുമൊക്കെ ഉയർത്താൻ ആഗ്രഹിക്കുമ്പോൾ ഇതൊരു പരിശോധനാ സമയമാണ്.

ദൈവസന്നിധിയിൽ വിശ്വസ്തരാണെന്ന് പ്രൂവ് ചെയ്യാൻ നമുക്ക് കിട്ടുന്ന വിശ്വസ്തതയുടെ തെളിവായി നമുക്ക് ദൈവത്തിന്റെ മുമ്പിൽ സമർപ്പിക്കാൻ കഴിയുന്ന ആ പരിശോധനയുടെ സമയമാണ് ഈ ഇസ്രായേൽ ജനത്തിന് മരുഭൂമിയിലെ 40 വർഷത്തെ യാത്ര.

​ഇനി മോശയുടെ ജീവിതത്തിലേക്ക് വന്നാൽ മോശ 40 രാവും 40 പകലും തനിയെ സീനായ് പർവ്വതത്തിന്റെ മുകളിൽ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്യാതെ ദൈവത്തോടൊപ്പം ആയിരുന്നു.

പുറപ്പാട് പുസ്തകം 34-ന്റെ 28-ലാണ് നമ്മളത് കാണുന്നത്.

ഈ 40 ദിവസത്തെ ആഴമായ പ്രാർത്ഥനയുടെ സമയം മോശയെ സംബന്ധിച്ച് ഇസ്രായേൽ എന്ന ജനതയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൽപ്പനകളും നിയമങ്ങളും പ്രാപിക്കാനും ദൈവത്തിന്റെ ഹിതം മനസ്സിലാക്കാനും പ്രത്യേകിച്ച് സമാഗമ കൂടാരം പോലെയുള്ള ആരാധനാലയം നിർമ്മിക്കാനും എല്ലാം മോശയെ ദൈവം പ്രിപ്പയർ ചെയ്ത മോശയുടെ ജീവിതത്തിന്റെ ടേണിങ് പോയിന്റ് എന്ന് വിളിക്കാവുന്ന ഒരു സമയമാണ് ഈ 40 രാവും 40 പകലും.

​ഇനി രണ്ടാമത് ബൈബിളിൽ 40 ദിവസവുമായി ബന്ധപ്പെട്ട് നമ്മൾ കാണുന്ന മറ്റൊരു വ്യക്തിയാണ് ഏലിയാ.

ജസബെലിൽ നിന്ന് ജീവൻ സംരക്ഷിക്കാൻ ആഗ്രഹിച്ച് ഏലിയാ ഓടി രക്ഷപ്പെടുന്ന സമയത്ത് മാലാഖ ഏലിയായ്ക്ക് അപ്പവും വെള്ളവും അത്ഭുതകരമായി കൊണ്ടുകൊടുക്കുന്നത് നമ്മൾ കാണുന്നുണ്ട് (പരിശുദ്ധ കുർബാനയുടെ നിഴലാണത്).

അങ്ങനെ ഈ അപ്പം ഭക്ഷിച്ച് ശക്തി പ്രാപിച്ച ശക്തനായി മാറിയ ഏലിയാ മരുഭൂമിയിലൂടെ 40 രാവും 40 പകലും സഞ്ചരിച്ച് ഹോറെബ് മലയിൽ (മോശ പ്രാർത്ഥിച്ച അതേ സീനായ് മല തന്നെയാണ് ഹോറെബ്), ഹോറെബ് മലയിൽ എത്തിച്ചേരുകയും അവിടെ ദൈവത്തിന്റെ സ്വരം ഒരു മൃദുലമായ ഒരു സംഭാഷണം കേൾക്കുകയും ചെയ്യുന്നത് രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിന്റെ 19-ാം അധ്യായത്തിൽ നമ്മൾ വായിക്കുന്നുണ്ട്.

ഏലിയാ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതിന്റെ ഒരുക്കമായി ഏലിയായ്ക്കുണ്ടായ വലിയൊരു ആത്മീയ അപ്ഡേറ്റ് ആണ് ഈ 40 ദിവസത്തെ ഏലിയായുടെ ഉപവാസം.

​ഇനി നമ്മൾ 40 ദിവസവുമായിട്ട് കാണുന്ന മറ്റൊരു പ്രധാനപ്പെട്ട വ്യക്തി നമ്മുടെ കർത്താവായ യേശുക്രിസ്തു തന്നെയാണ്.

തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കർത്താവ് 40 രാവും 40 പകലും മരുഭൂമിയിൽ ഉപവസിക്കുന്നതായി മത്തായിയുടെ സുവിശേഷം നാലാം അധ്യായത്തിന്റെ ഒന്നും രണ്ടും വാക്യങ്ങളിൽ നമ്മൾ കാണുന്നുണ്ട്.

പിശാചിനാൽ പരീക്ഷിക്കപ്പെട്ടു, അവിടെ പിശാചിനെ പരാജയപ്പെടുത്തി, അവിടെനിന്ന് യേശു ദൈവരാജ്യത്തിന്റെ സുവിശേഷവുമായി തന്റെ പരസ്യജീവിതം ആരംഭിക്കുകയും ദൈവരാജ്യത്തിന്റെ ഉദ്ഘാടനം നടക്കുകയും ചെയ്യുന്നു.

​നാലാമതായി 40 ദിനം ബൈബിളിൽ കാണുന്നത് നിനവേ നിവാസികളോട് യോനാ നടത്തുന്ന പ്രവചനത്തിലാണ്.

യോനായുടെ പുസ്തകം മൂന്നാം അധ്യായം നാലാം വാക്യം: “ഇനി 40 ദിവസത്തിനുള്ളിൽ നിനവേ നശിപ്പിക്കപ്പെടും” എന്ന് യോനാ പറയുമ്പോൾ ഈ നിനവേ വാസികൾ (വിജാതീയരാണ് അവര്), ആ സ്വരം കേൾക്കുകയും അവർ ഉപവസിക്കുകയും അവർ പരിഹാരം അനുഷ്ഠിക്കുകയും ചെയ്ത് നിനവേയുടെ മേൽ ദൈവം വെച്ചിരുന്ന ശിക്ഷാവിധി മാറിപ്പോയതായി നമ്മൾ കാണുകയാണ്.

അതുകൊണ്ടു തന്നെ നമ്മുടെ ജീവിതത്തിലെ കാലിക ശിക്ഷകൾ ഇല്ലാതാവാനും നമ്മുടെ ജീവിതത്തിൽ ദൈവം നമുക്ക് വെച്ചിരിക്കുന്ന ആ പരിശോധനയുടെ സമയം അവസാനിക്കാനും നമ്മുടെ ജീവിതത്തിൽ സഹനങ്ങൾ കുറയാനുമൊക്കെ നമ്മളെ സഹായിക്കുന്ന, നമ്മുടെ ജീവിതത്തിലെ ശിക്ഷാവിധികള് മാറിപ്പോകാൻ നമ്മളെ സഹായിക്കുന്ന ഒരു സമയമാണ് ഈ 40 ദിവസം.

​ഇനി മറ്റൊരു ഉദാഹരണമാണ് നോഹയുടെ കാലത്തുണ്ടായ പ്രളയം. ആ പ്രളയത്തിൽ മഴ പെയ്തത് 40 രാവും 40 പകലുമാണെന്ന് നമ്മൾ ഉൽപ്പത്തി പുസ്തകം ഏഴാം അധ്യായത്തിൽ വായിക്കുന്നുണ്ട്.

അതായത് പ്രളയത്തിൽ പാപത്തിൽ മുങ്ങിക്കിടന്ന ഒരു മാനവജാതിയെ ദൈവം വൈപ്പ് ഔട്ട് ചെയ്യുകയാണ്, തുടച്ചു മാറ്റുകയാണ്. അവിടെ നോഹയിലൂടെ പുതിയ സൃഷ്ടി ആരംഭിക്കുകയാണ്.

നമ്മുടെ ജീവിതമാണ് ഈ പ്രളയത്തിൽ മുങ്ങിപ്പോകുന്നത്.

ഏത് ജീവിതം?

പാപം നിറഞ്ഞ, പാപത്തിന്റെ തകർച്ചകൾ കൊണ്ടുവന്ന, പാപം കൊണ്ടുവന്ന അസ്വസ്ഥതകൾ പേറുന്ന, നമ്മുടെ ജീവിതത്തിൽ നാശവും ദുരിതവും തകർച്ചയും വരുത്തുന്ന എല്ലാ കാര്യങ്ങളും പ്രളയജലത്തിൽ ഒഴുകിപ്പോകുന്നതുപോലെ ഒഴുകിപ്പോയി നമ്മൾ നോഹയുടെ കാലത്ത് എന്നപോലെ ഒരു പുതിയ സൃഷ്ടി ആരംഭിക്കാൻ, ഒരു പുതിയ ജീവിതം ആരംഭിക്കാൻ ദൈവം തരുന്ന വലിയ അനുഗ്രഹത്തിന്റെ ഒരു സമയമാണ് 40 ദിവസം.

​ഇനി അവസാനമായിട്ട് നമ്മൾ 40 ദിവസം കാണുന്നത് ഈശോ ഉത്ഥാനം ചെയ്തതിനു ശേഷം ഈശോയുടെ സ്വർഗ്ഗാരോഹണത്തിനു മുമ്പ് ശിഷ്യന്മാരെ യേശു പരിശീലിപ്പിച്ച സമയമാണ് 40 ദിവസം.

ഈ 40 ദിവസം ഉത്ഥാനം ചെയ്ത ഈശോ ശിഷ്യന്മാരെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു.

നിങ്ങൾ നന്നായിട്ട് ഈ 40 ദിവസം ഈ ശുശ്രൂഷയിൽ പങ്കെടുത്താൽ നമുക്കെല്ലാവർക്കും ആത്മീയ വെളിച്ചങ്ങൾ, പുതിയ വെളിച്ചം ദൈവം തരും.

ഈശോ അനേക കാര്യങ്ങൾ നമ്മളെ പഠിപ്പിക്കും.

ഉത്ഥാനം ചെയ്ത ഈശോ ശിഷ്യന്മാരുടെ കൂടെ നടന്ന് താൻ ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു എന്നാണ് പറയുന്നത്. ജീവിക്കുന്ന യേശുവിനെ നമ്മുടെ ജീവിതത്തിൽ കാണാനും സ്പർശിക്കാനും കർത്താവിനോട് സംസാരിക്കാനും കർത്താവിന്റെ സ്വരം കേൾക്കാനും അങ്ങനെ ദൈവത്തെ അനുഭവിക്കാനും നമുക്ക് ഈ 40 ദിവസം കുറെക്കൂടി ആഴമായി സാധിക്കും എന്നുള്ളതാണ്.

​ഞാൻ ഇങ്ങനെ കുറച്ചു കാര്യങ്ങൾ 40 ദിവസത്തെ കുറിച്ച് പറഞ്ഞത് നിങ്ങൾക്കൊരു മോട്ടിവേഷൻ ഉണ്ടാവാൻ വേണ്ടിയിട്ടാണ്.

അതായത് നമ്മുടെ ജീവിതത്തിലെ കേട്ട കാര്യങ്ങളുടെ വെളിച്ചത്തിൽ ഈ 40 ഡേയ്സ് ഇതൊരു വലിയ അനുഗ്രഹത്തിന്റെ സമയമായിരിക്കും.

നിങ്ങളുടെ കുടുംബം മുൻപെങ്ങുമില്ലാത്തതുപോലെയുള്ള ഒരു ആത്മീയ ഭൗതിക വളർച്ചയിലേക്ക് കടന്നുവരുന്നതിന് ഈ ബിബ്ലിക്കൽ ടൈം പീരീഡ് നമ്മളെ സഹായിക്കും.

ഞാൻ ഒറ്റവാക്കിൽ ഇതിനെ സംഗ്രഹിച്ചാൽ, നിങ്ങൾ ദൈവത്തിന്റെ ഒരു സമയതാളത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ 40 ദിവസത്തെ പ്രാർത്ഥനയിൽ പങ്കുചേരുക.

​ഇനി മൂന്നാമതായി നമ്മൾ ചോദിക്കുന്ന ചോദ്യം: ഇതെങ്ങനെയാണ് നമ്മൾ ചെയ്യേണ്ടത്?

​എന്താണ് ഈ ശുശ്രൂഷ എന്ന് ഞാൻ പറഞ്ഞു, എന്തുകൊണ്ടാണ് 40 ദിവസം എന്ന് പറഞ്ഞു, ഇനി അടുത്ത ചോദ്യം എങ്ങനെയാണ് ഈ ശുശ്രൂഷയിൽ പങ്കുചേരേണ്ടത്?

​ഞാൻ 40 ദിവസത്തെ നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 10 ദിവസങ്ങൾ വീതമുള്ള നാല് ഭാഗങ്ങൾ.

ഓരോ 10 ദിവസത്തിലും നമ്മൾ ഓരോ ലക്ഷ്യത്തിലാണ് മുന്നോട്ടുപോകുന്നത്.

​ആദ്യത്തെ 10 ദിവസം: നമുക്ക് നമ്മളെ തന്നെ ശുദ്ധീകരിക്കാനും അതുപോലെതന്നെ ഡെലിവറൻസ് എടുക്കാനുമുള്ള സമയമാണ്.

ആദ്യത്തെ 10 ദിവസം ക്ലെൻസിങ് ആണ് (cleansing), പ്യൂരിഫിക്കേഷൻ ആണ് (purification), ഡെലിവറൻസ് ആണ് (deliverance). 10 ദിവസം കൊണ്ട് നമ്മൾ കർത്താവിൽ നിന്ന് ഒരു ഡെലിവറൻസും ഒരു ശുദ്ധീകരണവും ആഗ്രഹിച്ച് പ്രാർത്ഥിക്കും.

​അടുത്ത 10 ദിവസം: നമ്മുടെ വിശ്വാസവും ദൈവഭയവും വർദ്ധിക്കാനുള്ള സമയമാണ്. വിശ്വാസം ആഴപ്പെടാനും ദൈവഭയത്തിൽ ആഴപ്പെടാനുമുള്ള അടുത്ത 10 ദിവസം.

​മൂന്നാമത്തേത്: ഇന്റിമസി ആൻഡ് ചാരിറ്റി (Intimacy and Charity)—എന്ന് പറഞ്ഞാൽ നമ്മൾ ദൈവത്തോടുള്ള ബന്ധം ആഴപ്പെടും, അതുപോലെതന്നെ സഹോദരങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്തും. നമുക്ക് കർത്താവിനോടുള്ള ഇന്റിമസിയും മറ്റുള്ളവരോടുള്ള ചാരിറ്റിയും അത് നമ്മളിൽ വളരാൻ ഈ മൂന്നാമത്തെ ഭാഗം ആ 10 ദിവസങ്ങൾ നമ്മളെ സഹായിക്കും.

​നാലാമത്തെ ഭാഗം (അവസാനത്തെ 10 ദിവസങ്ങൾ): പൂർണ്ണ സമർപ്പണത്തിന്റെയും അഭിഷേകത്തിന്റെയും സമയമാണ്. നമ്മൾ നമ്മളെ തന്നെ സമ്പൂർണ്ണമായി ദൈവത്തിന് സമർപ്പിക്കും.

അതുപോലെതന്നെ പരിശുദ്ധാത്മാവിന്റെ അഭിഷേകം പ്രാപിക്കാനുമുള്ള സമയമാണ്.

​വിഷയം ദിവ്യകാരുണ്യം ആയിരിക്കും. 40 ദിവസവും നമ്മൾ ചർച്ച ചെയ്യുന്നത് പരിശുദ്ധ കുർബാനയുടെ വിവിധ മാനങ്ങൾ ആയിരിക്കും.

അങ്ങനെ ഓരോ ദിവസവും ഞാൻ ഏകദേശം 20 മിനിറ്റ് പരമാവധി 25 മിനിറ്റ് നീളുന്ന ഒരു ശുശ്രൂഷയായിരിക്കും നടത്തുന്നത്.

അത് ആ 25 മിനിറ്റിനുള്ളിൽ അവസാനത്തെ അഞ്ച് മിനിറ്റ് ഒരു ആരാധനയായിരിക്കും.
​അപ്പോ ആദ്യം ഒരു വിഷയം നമ്മൾ സംസാരിക്കും. അതിനുശേഷം:
​അഭ്യസിക്കേണ്ട ഒരു പുണ്യം നമ്മൾ ചർച്ച ചെയ്യും (Virtue to be cultivated).
​അതുകഴിഞ്ഞാൽ ഒഴിവാക്കേണ്ട ഒരു തിന്മ നമ്മൾ മനസ്സിലാക്കും (Vice to be removed).
​പിന്നീട് നിങ്ങൾക്ക് ആ ദിവസം ചെയ്യാൻ ഒരു ടാസ്ക് ഞാൻ തരും (A task to do).
​നാലാമതായി പ്രാർത്ഥിക്കാൻ ഒരു പ്രാർത്ഥനയും പറഞ്ഞു തരും.
​അതുകഴിയുമ്പോൾ അവസാനം ഒരു അഞ്ചുമിനിറ്റ് ആരാധനയുണ്ട്. ആരാധനയിൽ ഞാൻ ഒരു ആശീർവാദം തന്ന് പ്രാർത്ഥിക്കുകയും ചെയ്യും.

​ഇനി എന്നാണ് ഇത് തുടങ്ങുന്നത്?

​ഈ ഇൻട്രൊഡക്ടറി വീഡിയോ നിങ്ങൾ കാണുന്നത് ജൂലൈ മാസം 24-ാം തീയതി ആയിരിക്കും.

ജൂലൈ 24-നാണ് ഞാനിപ്പോൾ ഈ സംസാരിക്കുന്ന വീഡിയോ നിങ്ങൾ കാണാൻ പോകുന്നത്, നിങ്ങള് കാണുന്നത് ജൂലൈ 24-നാണ്.

ആ ആമുഖം ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ കേട്ടുകഴിഞ്ഞാൽ പിന്നീട് അടുത്ത ഒരാഴ്ച നിങ്ങൾക്ക് ഈ ശുശ്രൂഷയ്ക്ക് വേണ്ടി പ്രാർത്ഥിച്ച് ഒരുങ്ങാനും കുമ്പസാരിക്കാനും കർത്താവിന്റെ കൃപകൾ ചോദിക്കാനും ഇത് മുടക്കാതിരിക്കാൻ ദൈവത്തിൽ നിന്ന് സഹായം യാചിക്കാനുമൊക്കെയുള്ള ഒരു വൺ വീക്ക് പ്രിപ്പറേഷൻ ടൈം ആണ് 24-ാം തീയതി മുതൽ നമുക്ക് കിട്ടുന്നത്.

​ആ ഏഴ് ദിവസം കഴിയുമ്പോൾ 31-ാം തീയതി, ജൂലൈ മാസം 31-ാം തീയതി ഈ ശുശ്രൂഷ അതിന്റെ ഒന്നാമത്തെ എപ്പിസോഡ് നിങ്ങൾക്ക് കാണാൻ കഴിയും.

ഈ ശുശ്രൂഷ അതിന്റെ 40-ാമത്തെ ദിവസം സെപ്റ്റംബർ മാസം എട്ടാം തീയതി മാതാവിന്റെ തിരുനാളിൽ നമ്മൾ ഇത് സമാപിപ്പിക്കുകയും ചെയ്യും.

​ഇനി നിങ്ങൾ ഒരുങ്ങേണ്ട പ്രധാനപ്പെട്ട വിധം ഞാൻ പറഞ്ഞതുപോലെ ആദ്യത്തെ ഈ ഇൻട്രൊഡക്ടറി വീഡിയോ നിങ്ങൾ കണ്ടുകഴിഞ്ഞാൽ അതുകഴിഞ്ഞു വരുന്ന ആദ്യത്തെ ആ ഏഴ് ദിവസങ്ങൾ നിങ്ങൾ നന്നായി കുമ്പസാരിച്ച് ഒരുങ്ങുക.

അതിനുശേഷം ഒന്നാമത്തെ എപ്പിസോഡ് തുടങ്ങുന്ന ദിവസം മുതൽ 40 ദിവസത്തേക്ക് നമ്മൾ നമ്മുടെ പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥിക്കും.

​ആ പൂർവ്വികർക്ക് വേണ്ടിയുള്ള പ്രാർത്ഥനയുടെ ഫാമിലി ട്രീയുടെ ചാർട്ടും അതുപോലെതന്നെ ആ ഫാമിലി ട്രീക്ക് വേണ്ടി പൂർവ്വികർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും നമുക്ക് മൗണ്ട് കാർമ്മലിന്റെ വെബ്സൈറ്റിൽ നിന്നും അതുപോലെതന്നെ എൻകൗണ്ടർ (Encounter) ആപ്ലിക്കേഷനിൽ നിന്നും (എൻകൗണ്ടർ മൊബൈൽ ആപ്ലിക്കേഷനിൽ നിന്നും മൗണ്ട് കാർമ്മലിന്റെ വെബ്സൈറ്റിൽ നിന്നും) നിങ്ങൾക്ക് ഈ മെറ്റീരിയൽ ഡൗൺലോഡ് ചെയ്ത് എടുത്ത് പ്രാർത്ഥനയ്ക്കും ഉപയോഗിക്കാം.

അതുപോലെതന്നെ കുമ്പസാര സഹായവും അവിടെ ലഭ്യമാണ്.

കുമ്പസാരത്തിനുള്ള ആ മെറ്റീരിയലും നിങ്ങൾക്ക് അവിടുന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

​ഇനി ഇത്രയും കാര്യങ്ങൾ പറഞ്ഞത് മിനിമം അറ്റൻഡൻസിനെ കുറിച്ചാണ്.

എന്ന് പറഞ്ഞാൽ ഏറ്റവും ചുരുക്കി ഇത് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത്രയും കാര്യങ്ങൾ ചെയ്താൽ മതിയാകും.

എന്നാൽ നിങ്ങളിതൊരു പൂർണ്ണതയിൽ നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇത് ഏറ്റവും നന്നായി നിങ്ങൾക്ക് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചെയ്യേണ്ടത്:
​എല്ലാ ദിവസവും നിങ്ങൾ 40 ദിവസവും വിശുദ്ധ കുർബാനയിൽ മുടങ്ങാതെ സംബന്ധിക്കുക.

​എല്ലാ ദിവസവും ഒരു മണിക്കൂർ ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വെച്ചിട്ടുള്ള ഏതെങ്കിലും ആരാധന ചാപ്പലുകളിൽ പോയി ആരാധനയിൽ പങ്കെടുക്കുക.

അതിനു സാധ്യമല്ലെങ്കിൽ നിങ്ങളുടെ മുറിയിൽ ഓൺലൈനിൽ പെർപെച്വൽ അഡൊറേഷൻ ലൈവായി പല ചാനലുകളിലും യൂട്യൂബ് ചാനലുകളിലും ലഭ്യമാണ്.

അങ്ങനെ ഒരു മണിക്കൂർ നിങ്ങളുടെ മൊബൈലിലോ ടിവിയിലോ ദിവ്യകാരുണ്യ ആരാധന ഓൺലൈനായി കണ്ടുകൊണ്ട് അതിൽ പങ്കെടുത്ത് പ്രാർത്ഥിക്കുക.

​മൂന്നാമതായി ഒരു നേരമെങ്കിലും ഭക്ഷണം ഉപേക്ഷിക്കുകയോ ഒന്നിലധികം തവണ സാധിക്കുന്നവർ ഭക്ഷണം ഉപേക്ഷിക്കുകയോ ചെയ്ത് ഉപവാസമെടുത്ത് ഈ പ്രാർത്ഥനയിൽ 40 ദിവസം പങ്കുചേരുക.

ഇനി അതിനു സാധിക്കാത്തവർക്ക് പഞ്ചസാരയോ മധുരമോ അല്ലെങ്കിൽ മൊബൈലിലെ ഏതെങ്കിലും സോഷ്യൽ മീഡിയ ആപ്ലിക്കേഷനൊക്കെ ഫാസ്റ്റിംഗ് എടുത്ത് ഉപേക്ഷിച്ച് നമുക്ക് ഏതെങ്കിലും ഒരു ത്യാഗമേറ്റെടുത്ത് ഇതിൽ പങ്കെടുക്കുക.

​പൂർണ്ണതയിൽ നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം, ഒരു മണിക്കൂർ ആരാധന നടത്തണം, അതുപോലെതന്നെ ഉപവാസമെടുത്ത് ഈ 40 ദിവസത്തെ പ്രാർത്ഥനയിൽ ഒരു നേരമോ അല്ലെങ്കിൽ മുഴുവൻ സമയമോ 40 ദിവസം മുഴുവനുമൊക്കെ ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ച്, കഴിവനുസരിച്ച് ഉപവാസമെടുത്ത് പങ്കെടുക്കുകയും ചെയ്യുക.

​ഇനി നിങ്ങൾ എന്ത് ചെയ്യണം?

ഈ ഇൻട്രൊഡക്ടറി വീഡിയോ കണ്ടുകഴിഞ്ഞാൽ അവസാനമായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ ഈ വീഡിയോ നിങ്ങളുടെ കുടുംബ ഗ്രൂപ്പുകളിലും നിങ്ങളുടെ പാരിഷ് ഗ്രൂപ്പ്സ്, വാട്സാപ്പ് ഗ്രൂപ്പുകളിലും നിങ്ങൾക്കറിയാവുന്ന ഈശോയെ സ്നേഹിക്കുന്ന എല്ലാ ആളുകൾക്കും ഇടയിലേക്ക് സഭാ വ്യത്യാസമില്ലാതെ ഷെയർ ചെയ്യുക.

പരമാവധി ആളുകളിലേക്ക് ഇത് എത്തിക്കുക.

​ഞാൻ ഈ ശുശ്രൂഷ നടത്തുന്നത് കേരളത്തിലെ മിക്കവാറും എല്ലാ ക്രിസ്ത്യൻ ചാനലുകൾക്കും വേണ്ടിയാണ്.

അതുകൊണ്ട് ഏതെങ്കിലും ഒരു ക്രിസ്ത്യൻ ചാനലിൽ നിങ്ങൾക്ക് ഈ ശുശ്രൂഷ കാണാനായി കഴിയും.

അതുകൊണ്ട് നിങ്ങൾ ഈ ശുശ്രൂഷ ഇപ്പോൾ എവിടെയാണോ കാണുന്നത്—നിങ്ങൾക്ക് ശാലോമിലോ, ഷെക്കെയ്നയിലോ അല്ലെങ്കിൽ ഗുഡ്നസ്സിലോ, വേൾഡ് ടു വേൾഡിലോ നിങ്ങൾക്ക് കാണാം, മൗണ്ട് കാർമ്മലിന്റെ യൂട്യൂബ് ചാനലിൽ കാണാം—അപ്പോ എവിടെയാണോ ഇപ്പോൾ നിങ്ങൾ ഇൻട്രൊഡക്ടറി വീഡിയോ കാണുന്നത് അവിടെ നിങ്ങൾ ഈ 40 ദിവസവും ശുശ്രൂഷയിൽ പങ്കെടുക്കുക.

​നിങ്ങൾക്ക് നിങ്ങളുടെ കുടുംബാംഗങ്ങൾ രോഗികളായി കഴിയുന്നവർക്കൊക്കെ വീട്ടിൽ ഈ ഏതെങ്കിലും ഒരു ക്രിസ്ത്യൻ ചാനലിൽ ടിവിയിൽ ഇത് കാണാൻ പറ്റും.

ഒരു ദിവസം പല പ്രാവശ്യം ഇത് റീ-കാസ്റ്റ് ചെയ്യപ്പെടും.

അപ്പൊ ഏതെങ്കിലും ഒരു സമയത്ത് കൺവീനിയന്റ് ആയ സമയത്ത് കണ്ട് മുടങ്ങാതെ 40 ദിവസവും ഈ പ്രാർത്ഥനയിൽ പങ്കുചേർന്നാൽ ഞാൻ നിങ്ങളോട് പറയുന്നു അസാധാരണമായ ഒരു ആത്മീയ മുന്നേറ്റം നിങ്ങൾക്കുണ്ടായിരിക്കും എന്ന് ഞാൻ പറയുന്നത് എന്റെയൊരു മാനുഷിക വാക്കായിട്ട് നിങ്ങൾ കാണണ്ട.

ഞാൻ നന്നായി ഇതിനുവേണ്ടി പ്രാർത്ഥിച്ച് ഒരുങ്ങി ദൈവം തന്ന ഒരു വലിയ പ്രേരണയിലാണ്, കർത്താവിന്റെ ഒരു സ്വരം കേട്ടിട്ടാണ് ഈ ശുശ്രൂഷ ചെയ്യുന്നത്.

അതുകൊണ്ട് അത് എനിക്കും നിങ്ങൾക്കും വലിയ ആത്മീയ പുരോഗതിക്ക് കാരണമാകും എന്ന് എനിക്ക് നന്നായിട്ട് അറിയാം.

​അതുകൊണ്ട് നിങ്ങളെ ഞാൻ പ്രത്യേകം ഈ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു.

പരമാവധി ഷെയർ ചെയ്യുക. നിങ്ങളുടെ കുടുംബാംഗങ്ങളെ പ്രിയപ്പെട്ടവരെയെല്ലാം ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ വേണ്ടി നിങ്ങള് പ്രേരിപ്പിക്കുകയും ചെയ്യുക.

ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ജൂലൈ മാസം 31-ാം തീയതി നമുക്ക് വീണ്ടും കാണാം.

എല്ലാ ദൈവാനുഗ്രഹങ്ങളും നിങ്ങൾക്ക് ഞാൻ നേരുന്നു.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading