​പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ

​ഈശോയിൽ ഏറ്റവും സ്നേഹമുള്ള സഹോദരങ്ങളെ, ഒരുപാട് സന്തോഷത്തോടെയാണ് ഈ ദിവസം നിങ്ങളെ ഞാൻ കാണുന്നതും നിങ്ങളോട് സംസാരിക്കുന്നതും. കർത്താവ് നമുക്ക് ഈ നാളുകളിൽ തരുന്ന വലിയൊരു ദൈവകൃപയുടെ അവസരമായി ഞാൻ ഇതിനെ കാണുകയാണ്.

കർത്താവ് തന്ന ഒരു പ്രേരണയാണ് 40 ദിവസം ദിവ്യകാരുണ്യത്തോടൊപ്പം യാത്ര ചെയ്ത് കർത്താവിൽ നിന്ന് കൃപാവരങ്ങൾ പ്രാപിക്കാനും ശക്തി പ്രാപിക്കാനും നമ്മുടെ പാപങ്ങൾക്ക് പരിഹാരം ചോദിക്കാനും നമ്മുടെ മേൽ വന്നിട്ടുള്ള എല്ലാ ശിക്ഷാവിധിയുടെ എല്ലാ തകർച്ചകളും മാറിപ്പോകാനും ദൈവം ഒരുക്കുന്ന ഈ അവസരം.

​ഞാനിത് നിങ്ങളോട് പറയുമ്പോൾ കേരളത്തിൽ കഴിഞ്ഞ കുറേ കാലങ്ങളായി ഏറ്റവും കൂടുതൽ ആത്മീയ തലത്തിൽ അവഹേളിക്കപ്പെട്ടിട്ടുള്ള ഒരു യാഥാർത്ഥ്യമാണ് ദിവ്യകാരുണ്യം.

പലയിടങ്ങളിലായി ദിവ്യകാരുണ്യം പലവിധത്തിൽ ദിവ്യകാരുണ്യം അവഹേളിക്കപ്പെട്ടതിനെ നമുക്കറിയാം.

അപ്പൊ ആ സാഹചര്യത്തിലൊക്കെ ‘In Sinu Jesu’ എന്ന ഗ്രന്ഥത്തിൽ കർത്താവ് വെളിപ്പെടുത്തിയ ഒരു പ്രധാനപ്പെട്ട കാര്യം “Adoration becomes reparation” എന്നാണ്.

ആരാധന പരിഹാരമായിട്ട് മാറുകയാണ്.

നമ്മൾ ഈ 40 ദിവസത്തെ ദിവ്യകാരുണ്യ യാത്ര നടത്തുമ്പോൾ ഇത് നമുക്ക് വേണ്ടി മാത്രമല്ല, ലോകത്തെവിടെയെല്ലാം പരിശുദ്ധ കുർബാന അവഹേളിക്കപ്പെട്ടിട്ടുണ്ടോ അതിനെല്ലാം പരിഹാരം കൂടി നമ്മൾ ചെയ്യുന്ന ഒരു യാത്രയാണിത്.

അത് നിങ്ങളുടെ മനസ്സിൽ ഒന്ന് സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

​ഇന്ന് നമ്മുടെ ഒന്നാമത്തെ എപ്പിസോഡ് ആണ്.

40 ദിവസത്തെ യാത്രയിലെ ആദ്യത്തെ ഈ ദിവസം നമ്മൾ ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട ബൈബിളിലെ ആദ്യത്തെ ചിന്തയിലേക്ക് കടക്കുകയാണ്.

ആ ആശയമാണ് ‘വിശ്വദേവാലയം’ എന്ന സങ്കല്പം—Cosmic Temple, വിശ്വദേവാലയം.

​എന്താണ് വിശ്വദേവാലയം എന്ന ബൈബിളിലെ സങ്കല്പം?

​ദൈവം ഈ ഭൂമിയെ, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതായി ഉല്പത്തി പുസ്തകം പറയുന്നത് ആറു ദിവസം കൊണ്ട് സൃഷ്ടിച്ചു, ഏഴാം ദിവസം വിശ്രമിച്ചു എന്നാണ്.

ആറു ദിവസത്തെ സൃഷ്ടി വിവരണത്തെക്കുറിച്ച് പറയുമ്പോൾ ഇങ്ങനെയാണ് പറയുന്നത്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിന് മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിന് മീതെ ചലിച്ചുകൊണ്ടിരുന്നു.”

​അപ്പൊ ഭൂമി രൂപരഹിതമായിരുന്നു, ശൂന്യമായിരുന്നു.

“The earth was formless and void.”

അപ്പൊ രൂപരഹിതം, ശൂന്യം.

ആറു ദിവസത്തെ സൃഷ്ടി എന്ന് പറയുന്നത് ആറിനെ രണ്ടായിട്ട് തിരിക്കാം—മൂന്ന്, മൂന്ന്.

ആദ്യത്തെ മൂന്നുദിവസം രൂപരഹിതമായ ഭൂമിക്ക് ദൈവം രൂപം കൊടുക്കുകയാണ്.

അടുത്ത മൂന്നുദിവസം ആ രൂപം കിട്ടിയ ഭൂമിക്കകത്തേക്ക്, ശൂന്യമായ ഭൂമിക്കകത്തേക്ക് ദൈവം വസ്തുക്കൾ നിറയ്ക്കുകയാണ്.

​അപ്പൊ ഇങ്ങനെയാണ് സൃഷ്ടിയെ അവതരിപ്പിച്ചിരിക്കുന്നത്.

നമ്മൾ ബൈബിൾ വായിക്കുമ്പോൾ ബൈബിൾ ശാസ്ത്രം പഠിപ്പിക്കാൻ ഉണ്ടായ ഗ്രന്ഥമല്ല എന്ന് നമുക്കറിയാം.

ബൈബിൾ വായിക്കുമ്പോൾ നമ്മൾ ചോദിക്കേണ്ട ചോദ്യം ഭൂമി എങ്ങനെ ഉണ്ടായി എന്ന ചോദ്യമല്ല; ഭൂമിയെ ദൈവം എന്തിനു സൃഷ്ടിച്ചു എന്ന ചോദ്യമാണ്.

ആ ചോദ്യത്തിന് ഉത്തരം കൊടുക്കാനാണ്…

ഏത് ചോദ്യത്തിന്?

ഭൂമിയെ ദൈവം എന്തിനു സൃഷ്ടിച്ചു?

പ്രപഞ്ചം ദൈവം എന്തിനു സൃഷ്ടിച്ചു?

Why God created the Earth?

​ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാനാണ് ബൈബിൾ ശ്രമിക്കുന്നത്.

ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ബൈബിൾ ശ്രമിക്കുമ്പോൾ ബൈബിൾ നമ്മളോട് പറയുകയാണ് ദൈവം ഭൂമിയെ സൃഷ്ടിച്ചപ്പോൾ ആദ്യം രൂപരഹിതമായിരുന്ന ഭൂമിക്ക് രൂപം കൊടുത്തു, ശൂന്യമായിരുന്നതിനകത്തേക്ക് നിറച്ചു.

ആദ്യത്തെ മൂന്നു ദിവസങ്ങളിൽ ദൈവം സൃഷ്ടിക്കുന്നത് Time, Space and Matter ആണ്—സമയം, കാലം, ദ്രവ്യം, പദാർത്ഥം.

ഈ മൂന്നു കാര്യങ്ങളാണ് ആദ്യത്തെ മൂന്നു ദിവസങ്ങളിൽ സൃഷ്ടിക്കുന്നത്.

പിന്നീട് അതിനകത്തേക്ക് ആ ഭൂമിക്കകത്തേക്ക് ദൈവം വസ്തുക്കൾ ഫിൽ ചെയ്യുന്നു.

​ഇത് ഞാൻ പറയുമ്പോൾ നിങ്ങൾക്ക് മനസ്സിൽ ഭാവനയിൽ കാണാൻ പറ്റും, ഇതൊരു ദേവാലയം പണിയുന്നത് പോലെയാണ്.

ആദ്യം ദേവാലയത്തിന്റെ സ്ട്രക്ചർ പണിയുന്നു—Day 1, Day 2, Day 3. ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ ഈ ടെമ്പിളിന്റെ, ഈ ദേവാലയത്തിന്റെ സ്ട്രക്ചർ പണിയുന്നു.

അടുത്ത മൂന്നു ദിവസങ്ങളിൽ അത് ഫർണിഷ് ചെയ്യുന്നു, അതിനകത്തേക്ക് വേണ്ട കാര്യങ്ങളെല്ലാം നിറയ്ക്കുന്നു.

​അപ്പൊ ബൈബിൾ എഴുത്തുകാരൻ അല്ലെങ്കിൽ പരിശുദ്ധാത്മാവ് ബൈബിൾ ഗ്രന്ഥകാരനിലൂടെ നമ്മളോട് പറയാൻ ശ്രമിക്കുകയാണ്: ഒരു ടെമ്പിൾ പണിയുന്നത് പോലെയാണ്, ഒരു ദേവാലയം പണിയുന്നത് പോലെയാണ് ദൈവം ഭൂമിയെ, പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ഇങ്ങനെ ആറു ദിവസം കൊണ്ട് ഒരു ദേവാലയം പണിയുന്നത് പോലെ ദൈവം പ്രപഞ്ചം സൃഷ്ടിച്ചിട്ട്, ആറു ദിവസം കൊണ്ട് സൃഷ്ടിച്ചിട്ട് ബൈബിൾ പറയുന്നു: ഏഴാമത്തെ ദിവസം ദൈവം വിശ്രമിച്ചു.

​പഴയകാലത്ത്, പുരാതനകാലത്ത് ഹെബ്രായ ഭാഷയിൽ ഈ ഉല്പത്തി പുസ്തകം എഴുതപ്പെടുന്ന കാലത്ത് ‘Rested’, വിശ്രമിച്ചു എന്ന് പറയുന്ന വാക്കിന് “സിംഹാസനത്തിൽ ഇരുന്നു” എന്നൊരു അർത്ഥം കൂടിയുണ്ട്.

സിംഹാസനത്തിൽ ഇരുന്നു.

എന്ന് പറഞ്ഞാൽ നിങ്ങളതിനെ ഇങ്ങനെ മനസ്സിൽ കാണണം: ദൈവം ഈ ആറു ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചിട്ട് ഏഴാം ദിവസം ആ ദേവാലയമാകുന്ന, വിശ്വദേവാലയമാകുന്ന പ്രപഞ്ചത്തിൽ ഒരു സിംഹാസനമിട്ടിരുന്ന് വിശ്രമിച്ചു.

​അപ്പൊ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരേണ്ട ചിന്ത, ദൈവം വിശ്രമിച്ചത് എവിടെയാണ്?

ഈ ടെമ്പിളിനകത്താണ്.

ഈ വിശ്വദേവാലയത്തിനകത്താണ് ദൈവം റെസ്റ്റ് ചെയ്യുന്നത്, ദൈവം വിശ്രമിക്കുന്നത്.

എന്ന് പറഞ്ഞാൽ ഒരാൾ ദൈവത്തെ കാണാൻ—ബൈബിൾ നമുക്ക് പറഞ്ഞു തരികയാണ്—ദൈവത്തെ കാണാൻ ഒരാൾ ഈ പ്രപഞ്ചത്തിലേക്ക് നല്ലതുപോലെ ഒന്ന് നോക്കിയാൽ മതി. ഈ പ്രപഞ്ചത്തിൽ ദൈവം വിശ്രമിക്കുന്നുണ്ട്, ദൈവം തന്റെ സിംഹാസനം ഇട്ടിട്ടുണ്ട്, ദൈവം ഈ പ്രപഞ്ചത്തിന്റെ രാജാവായി വാഴുന്നുണ്ട്.

ഈ പ്രപഞ്ചത്തിൽ ദൈവം ആ പ്രപഞ്ചത്തിന്റെ നാഥനായി ഉണ്ട്.

​ഞാൻ പറഞ്ഞു വരുന്നത്, അതുകൊണ്ട് ബൈബിൾ നമുക്ക് പറഞ്ഞു തരികയാണ് ദൈവത്തിന്റെ ആലയമാണ് ഈ പ്രപഞ്ചം. ഈ പ്രപഞ്ചം ദേവാലയമാണ്, ആ ദേവാലയത്തിൽ ദൈവം വസിക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ അധിനാഥനായ ദൈവം ഈ പ്രപഞ്ചമാകുന്ന ദേവാലയത്തിൽ വസിക്കുന്നു.

​ഇനി രണ്ടാമത് നിങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവരേണ്ട ഒരു ആശയം, ഈ ആറു ദിവസങ്ങൾക്കും ഒരു പാറ്റേൺ ഉണ്ട്.

“സന്ധ്യയായി, ഉഷസ്സായി ഒന്നാം ദിവസം. സന്ധ്യയായി, ഉഷസ്സായി രണ്ടാം ദിവസം.” അങ്ങനെ തന്നെ മൂന്ന്, നാല്, അഞ്ച്, ആറ്.

അത് സൂചിപ്പിക്കുന്നത് സന്ധ്യയായി ഉഷസ്സായി ഒന്നാം ദിവസം എന്ന് പറഞ്ഞാൽ അത് സൂചിപ്പിക്കുന്നത് ഒന്നാം ദിവസം തീർന്നു, രണ്ടാം ദിവസം തീർന്നു, മൂന്നാം ദിവസം തീർന്നു… സന്ധ്യയായി ഉഷസ്സായി ആറാം ദിവസം സൂചിപ്പിക്കുന്നത് ആറാം ദിവസം തീർന്നു. എന്നാൽ ഏഴാം ദിവസത്തെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല.

​അതിന്റെ അർത്ഥം ബൈബിൾ ഗ്രന്ഥകാരൻ നമ്മളോട് പറയുകയാണ്: ഏഴാം ദിവസം അവസാനിച്ചിട്ടില്ല.

എന്താണ് ഏഴാം ദിവസത്തിന്റെ പ്രത്യേകത? ഏഴാം ദിവസം ദൈവം വിശ്രമിച്ച ദിവസമാണ്. ആ ദൈവം വിശ്രമിച്ച ഏഴാം ദിവസം ഓപ്പൺ ആണ്, അത് തുറന്നു കിടക്കുകയാണ്. ഹെബ്രായ ലേഖനത്തിന്റെ മൂന്നും നാലും അധ്യായങ്ങളിൽ നമ്മൾ വായിക്കുന്നുണ്ട്, അതിലേക്ക് ആർക്ക് വേണമെങ്കിലും കയറാൻ പറ്റും.
​ദൈവത്തിന്റെ വിശ്രമത്തിലേക്ക്, ദൈവം തരുന്ന സമാധാനത്തിലേക്ക്, ദൈവം തരുന്ന ആശ്വാസത്തിലേക്ക്, ദൈവത്തിന്റെ പ്രസൻസിലേക്ക്, സാന്നിധ്യത്തിലേക്ക് ആർക്ക് വേണമെങ്കിലും കയറാൻ പറ്റും. അങ്ങനെ ദൈവം അത് തുറന്നിട്ടിരിക്കുകയാണ്, അത് അവസാനിച്ചിട്ടില്ല.

​എന്ന് പറഞ്ഞാൽ പ്രപഞ്ചമാകുന്ന ദേവാലയത്തിൽ ദൈവം തന്റെ സിംഹാസനമിട്ട് അവിടെ ദൈവം വാഴുന്നുണ്ട്.

ആ ദൈവത്തിന്റെ സാന്നിധ്യത്തിലേക്ക്, ആ ദൈവം തരുന്ന ആശ്വാസത്തിലേക്ക്, ആ ദൈവം തരുന്ന വിശ്രമത്തിലേക്ക്, ആ ദൈവം തരുന്ന സമാധാനത്തിലേക്ക് ആർക്ക് വേണമെങ്കിലും കയറാൻ പറ്റും; അയാൾ മനസ്സ് വെച്ചാൽ മതി.

അങ്ങനെ ദൈവം തരുന്ന ഈ വിശ്രമത്തിലേക്ക് പ്രവേശിക്കാനായി ദൈവം നമുക്ക് തരുന്ന ഒരു വഴിയാണ് ആരാധന.

​അതുകൊണ്ടാണ് ഏഴാം ദിവസത്തെ ദൈവം വിശുദ്ധമാക്കി ആരാധനയുടെ ദിവസമാക്കി മാറ്റിയത്, തന്റെ വിശ്രമത്തിലേക്ക് നമ്മൾ പ്രവേശിക്കാനാണ്.

​ഞാൻ പറഞ്ഞു വരുന്നത്, ഇങ്ങനെ സൃഷ്ടിയെ നമ്മൾ മനസ്സിലാക്കുമ്പോൾ—ഞാൻ ഇത്രയും പറഞ്ഞത് നിങ്ങൾക്ക് ഗ്രഹിക്കാവുന്നതിനപ്പുറമാണെങ്കിലും ഇനി പറയാൻ പോകുന്ന കാര്യം മാത്രം നിങ്ങളുടെ മനസ്സിൽ കുറിച്ചാൽ മതി—ഇങ്ങനെ ബൈബിൾ പ്രപഞ്ച സൃഷ്ടിയെ അവതരിപ്പിക്കുന്നതിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ: എന്തിനു ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു? എന്തിനു ദൈവം ഒരു ദേവാലയം പോലെ പ്രപഞ്ചത്തെ സൃഷ്ടിച്ചു? ആ ദേവാലയത്തിൽ ദൈവം സിംഹാസനമിട്ടിരുന്ന് വിശ്രമിക്കുന്നു, ആ പ്രപഞ്ചത്തിൽ ദൈവം ഉണ്ട് എന്ന സങ്കല്പം ബൈബിൾ എന്തിന് അവതരിപ്പിക്കുന്നു?

ഉത്തരം ഇതാണ്: അതായത് ദൈവം നമ്മളെ സൃഷ്ടിച്ചത്, പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഒറ്റ ലക്ഷ്യത്തിന് വേണ്ടിയാണ്—ദൈവത്തെ ആരാധിക്കുക.

​അപ്പൊ ഒരു ചോദ്യം വരും, എന്തിനാണ് ദൈവത്തെ ആരാധിക്കുന്നത്?

മറ്റൊരു എപ്പിസോഡിൽ ഞാൻ അതിനെക്കുറിച്ച് പറയും.

എന്തുകൊണ്ടാണ് നമ്മൾ ദൈവത്തെ ആരാധിക്കേണ്ടത് വേറൊരു വിഷയമാണ്.

ഇപ്പോൾ ഇത്രയും മനസ്സിലാക്കുക, നമ്മൾ ദിവ്യകാരുണ്യത്തിന്റെ യാത്ര തുടങ്ങുമ്പോൾ നമ്മുടെ മനസ്സിൽ എഴുതിയിടേണ്ട ആദ്യത്തെ ചിന്ത ഇതാണ്: എന്നെ ദൈവം സൃഷ്ടിച്ചത് വേറൊന്നിനും വേണ്ടിയിട്ടല്ല, ദൈവത്തെ ആരാധിക്കാനാണ്.

​ഞാൻ പിറന്നുവീണ ഈ പ്രപഞ്ചം ഒരു കോസ്മിക് ടെമ്പിൾ ആണ്, ഒരു വിശ്വദേവാലയമാണ്. ആ പ്രപഞ്ചത്തിൽ ദൈവം രാജാവായി വാഴുന്നുണ്ട്, വിശ്രമിക്കുന്നുണ്ട്. അവിടുന്ന് സിംഹാസനാരൂഢനായി ഇരിപ്പുണ്ട്. അവിടേക്ക് ഞാൻ അവന്റെ സാന്നിധ്യത്തിലേക്ക് പ്രവേശിക്കണം എന്ന ഇൻവിറ്റേഷൻ ആണ്, ക്ഷണമാണ് ഏഴാം ദിവസം.

അത് എന്നെ വിളിക്കുന്നത് ആരാധനയിലേക്കാണ്.

അപ്പൊ സൃഷ്ടിക്കപ്പെട്ടു എന്ന ഒറ്റ കാരണത്താൽ നമ്മൾ ദൈവത്തെ ആരാധിക്കാനായി വിളിക്കപ്പെട്ടവരാണ്.

​അതുകൊണ്ട് ഒരു മനുഷ്യന്റെ—ശ്രദ്ധിച്ചു കേൾക്കുക ഞാൻ പറയുന്നത്—ഒരു മനുഷ്യന്റെ സൃഷ്ടിക്കപ്പെട്ട ഉദ്ദേശം അയാൾ പൂർത്തിയാക്കുന്നത് അയാൾ ആരാധിക്കുമ്പോൾ മാത്രമാണ്.

ആരാധനയിലാണ് ഒരു മനുഷ്യന്റെ ജന്മനിയോഗം അയാൾ പൂർത്തിയാക്കുന്നത്.

ആരാധിക്കാത്തവൻ തന്റെ ഡിവൈൻ അസൈൻമെന്റിലേക്ക് ഒരിക്കലും എത്തിച്ചേരില്ല.

ദൈവം അയാളെ എന്തിനുവേണ്ടി സൃഷ്ടിച്ചോ അതിലേക്ക് ഒരാൾ എത്തിച്ചേരുന്നത് ആരാധനയിൽ മാത്രമാണ്.

​അപ്പോൾ അതുകൊണ്ട് ദൈവം നമ്മളെ ഈ ദിവസം, ഈ എപ്പിസോഡ് നിങ്ങൾ കേട്ടുകൊണ്ടിരിക്കുമ്പോൾ കർത്താവ് നിങ്ങളെ വിളിക്കുകയാണ് ഈ സത്യം തിരിച്ചറിയാൻ.

എന്താണ് ആ സത്യം? എന്നെ ദൈവം വിളിച്ചത് ഒരാരാധകനാവാനാണ്.

So my identity is that of a worshipper.

ആരാധകന്റെ ഐഡന്റിറ്റിയാണ് എനിക്ക്.

​പാദ്രെ പിയോയോട് 10 വർഷത്തേക്ക് അദ്ദേഹത്തിന് പബ്ലിക് ആയ മിനിസ്ട്രികൾ ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. പരസ്യമായിട്ട് കുമ്പസാരിപ്പിക്കാൻ അനുവാദമില്ല, പരസ്യമായിട്ട് ആളുകൾക്ക് വേണ്ടി കുർബാന അർപ്പിക്കാൻ അനുവാദമില്ല, പരസ്യമായിട്ട് ആളുകൾക്ക് മിനിസ്ട്രി ചെയ്യാൻ അനുവാദമില്ല…

അങ്ങനെ ഒരു വിലക്ക് അദ്ദേഹത്തിന് മേലധികാരികളിൽ നിന്ന് വരുമ്പോൾ അദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “ആരാധിക്കുന്നതിന് വിലക്കില്ലല്ലോ?”

​നമ്മളിന്ന് സങ്കടപ്പെടുന്നത് എന്തെല്ലാം കാര്യങ്ങളുടെ പേരിലാണ്? നമുക്ക് നിഷേധിക്കപ്പെട്ട സ്ഥാനം, നമുക്ക് നിഷേധിക്കപ്പെട്ട അംഗീകാരം, നമ്മളെ ആളുകൾ പരിഗണിക്കാതിരിക്കുന്നത്, അപ്രീഷ്യേറ്റ് ചെയ്യാതിരിക്കുന്നത്, നമ്മളെ ആളുകൾ ബഹുമാനിച്ചില്ല എന്നുള്ള ചിന്തകൾ, അല്ലെങ്കിൽ നമുക്ക് വേണ്ട പണം അങ്ങനെയുള്ള കാര്യങ്ങൾ തന്നില്ല എന്നുള്ള പരാതികൾ…

പാദ്രെ പിയോ പറയുന്നത് “എന്നെ അതൊന്നും അലട്ടത്തില്ല, എനിക്ക് ഒരു കാര്യമേയുള്ളൂ; ആരാധിക്കുന്നതിന് വിലക്കില്ലല്ലോ?”

​എന്ന് പറഞ്ഞാൽ ഞാൻ ചുരുക്കി പറയാം, നമ്മൾ നമ്മുടെ സന്തോഷം കണ്ടെത്തേണ്ടത് ഈ ഭൂമി വെച്ചുവിളമ്പിയ ഒരു കാര്യങ്ങളിലുമല്ല, ദൈവത്തെ ആരാധിക്കുന്നതിലാണ്.

10 വർഷം ഈ മനുഷ്യൻ ആ ആനന്ദത്തിൽ ജീവിച്ചതുകൊണ്ടാണ് ഇന്ന് അദ്ദേഹത്തെ വിശുദ്ധ പാദ്രെ പിയോ എന്ന് നമ്മൾ വിളിക്കുന്നതും തിരുശേഷിപ്പുകൾ സൂക്ഷിക്കുന്നതും ഇന്ന് അദ്ദേഹത്തിന് മാധ്യസ്ഥം അപേക്ഷിക്കുന്നതുമൊക്കെ.

അതായത് ഒരു മനുഷ്യൻ തന്റെ വ്യക്തിത്വത്തെ, സ്വത്വത്തെ, ഐഡന്റിറ്റിയെ കണ്ടെത്തിയത് വർഷിപ്പിലാണ്.

​ദൈവം നമ്മളെ വിളിക്കുകയാണ് ആരാധകരാവാൻ. ആരാധകരായാൽ ഞാൻ നിങ്ങളോട് പറയുന്നു, നമ്മുടെ ജീവിതത്തിൽ നിന്ന് പരാതികൾ ഇല്ലാതാവും.

Worshipper-ന് കിട്ടുന്ന ഒന്നാമത്തെ ദാനം a life without complaints, പരാതികളില്ലാത്ത ജീവിതം.

സ്തുതിയുടെ ജീവിതം എന്ന് പറഞ്ഞാൽ അതിന്റെ ഏറ്റവും ലളിതമായ അർത്ഥം പരാതിയില്ലാത്ത ജീവിതം എന്നാണ്.

അപ്പൊ നമുക്ക് പരാതികളില്ലാത്ത, ബഹളങ്ങളില്ലാത്ത, കംപ്ലയിന്റ്സ് ഇല്ലാത്ത, അസ്വസ്ഥതകൾ ഇല്ലാത്ത ഒരു ജീവിതം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ദിവ്യകാരുണ്യ ജീവിതത്തിലേക്ക് ദൈവം നമ്മളെ വിളിക്കുകയാണ്.

​അതുകൊണ്ട് ഇന്ന് ഈ ചിന്ത നിങ്ങളുടെ മനസ്സിൽ വെച്ചുകൊണ്ട് അഭ്യസിക്കേണ്ട പുണ്യം എന്താണ്?

അഭ്യസിക്കേണ്ട പുണ്യം Trust ആണ്, Trust.

ദൈവത്തെ ആശ്രയിക്കുക, കണ്ണുംപൂട്ടി ദൈവത്തെ വിശ്വസിക്കുക.

Trust.

​ഉപേക്ഷിക്കേണ്ട തിന്മ എന്താണ്?

നമ്മളിൽ തന്നെയുള്ള ആശ്രയത്വം. നമ്മൾ ഒരുപാട് കാര്യങ്ങൾക്ക് നമ്മുടെ കഴിവിൽ ആശ്രയിക്കുന്നവരാണ്. എന്നാൽ ആരാധനയുടെ ഏറ്റവും സിമ്പിൾ ആയ വ്യാഖ്യാനം എന്ന് പറയുന്നത് Trust God in all situations. എല്ലാ സാഹചര്യത്തിലും കർത്താവിനെ ആശ്രയിക്കുക, വിശ്വസിക്കുക, Trust ചെയ്യുക.

ഉപേക്ഷിക്കേണ്ട തിന്മ എന്താണ്? സ്വാശ്രയം—Self reliance, നമ്മളിൽ തന്നെയുള്ള ആശ്രയം.

​ഇനി പ്രാർത്ഥിക്കേണ്ട പ്രാർത്ഥന ഇങ്ങനെയാണ്: “ഈശോയേ, ഞാൻ അങ്ങിൽ സമ്പൂർണ്ണമായി ആശ്രയിക്കുന്നു.”

Jesus, I trust in You 100%.

കർത്താവേ ഞാൻ നിന്നെ പൂർണ്ണമായി ആശ്രയിക്കുന്നു, പൂർണ്ണമായി ശരണപ്പെടുന്നു. ഇതാണ് ഇന്ന് നിങ്ങൾ ആവർത്തിച്ച് ചൊല്ലേണ്ട പ്രാർത്ഥന.

മൂന്നു കാര്യങ്ങൾ പറഞ്ഞു:
​അഭ്യസിക്കേണ്ട പുണ്യം Trust ആണ്. ദൈവത്തെ ആശ്രയിക്കാൻ കൃപ കിട്ടണമേ എന്ന് പ്രാർത്ഥിക്കണം.

​രണ്ടാമത് ഉപേക്ഷിക്കേണ്ട തിന്മ നമ്മളിൽ തന്നെയുള്ള ആശ്രയമാണ്.

​മൂന്നാമത്തേത് നമ്മൾ പ്രാർത്ഥിക്കേണ്ട പ്രാർത്ഥന: “Jesus, I trust in You completely, 100% I trust in You. എല്ലാ കാര്യങ്ങളിലും ഞാൻ നിന്നെ ആശ്രയിക്കുന്നു, ഞാൻ നിന്നെ Trust ചെയ്യുന്നു, വിശ്വസിക്കുന്നു.”

​ഇനി എന്താണ് ടാസ്ക്? അതായത് നമ്മള് ദൈവത്തിന്റെ സഹായം നമുക്ക് ആവശ്യമില്ല എന്ന് നമ്മൾ സാധാരണ ചിന്തിക്കുന്ന ഒരു അഞ്ചു കാര്യങ്ങൾ എടുക്കുക.

ഉദാഹരണത്തിന്:
​ഇവിടുന്ന് വണ്ടി വരെ നടന്നു പോകാൻ എനിക്ക് ദൈവത്തിന് സഹായം പ്രത്യേകിച്ച് സഹായം വേണം…

വേണോ എന്ന് ഞാൻ ചിന്തിക്കുന്നില്ല.
​എനിക്ക് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിന് ഈ ഭക്ഷണം എനിക്ക് നന്നായിട്ട് കഴിക്കുന്നതിന് ദൈവത്തിന് സഹായം വേണമെന്ന് ഞാൻ നോർമലി ചിന്തിക്കാറില്ല.
​അല്ലെങ്കിൽ എനിക്ക് എന്തെങ്കിലും ഒരു കാര്യം ഒരാൾക്ക് ഒരു എഴുത്ത് എഴുതണം അല്ലെങ്കിൽ ഒരാൾക്ക് ഒരു കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്യണം, ഒരു ഡ്രാഫ്റ്റ് പ്രിപ്പയർ ചെയ്യണം…

ഇതൊക്കെ എനിക്ക് പ്രത്യേകിച്ച് എനിക്ക് സ്വയം ചെയ്യാൻ പറ്റുമോ എന്ന് ഞാൻ വിചാരിക്കുന്ന കാര്യങ്ങളാണ്.

​ടാസ്ക് ഇതാണ്: സ്വയം ചെയ്യാൻ പറ്റുമെന്ന് നിങ്ങൾ വിചാരിക്കുന്നതും എന്നാൽ അത്യന്തികമായി ദൈവത്തിന്റെ സഹായമില്ലാതെ ചെയ്യാൻ പറ്റാത്തതുമായ ഒത്തിരി കാര്യങ്ങൾ നമ്മൾ സ്വയം ചെയ്യുന്നുണ്ട്. ഒരു അഞ്ചു കാര്യങ്ങൾ…

അതിന് പ്രത്യേകിച്ച് ദൈവത്തിന്റെ സഹായം ഒന്നും വേണ്ട എന്ന് നമുക്കറിയാം. പക്ഷേ ബോധപൂർവ്വം ഒരു അഞ്ചു കാര്യങ്ങളിൽ ദൈവത്തിന്റെ സഹായം ചോദിക്കുക.

​ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ “ദൈവമേ നന്നായിട്ട് ഇത് ദഹിക്കുന്ന വിധത്തിൽ നല്ലപോലെ ഭക്ഷണം കഴിക്കാൻ എന്നെ സഹായിക്കണേ.”

ദൈവമേ ഇങ്ങനെ നടന്നുപോകുമ്പോൾ “എനിക്ക് കുഴപ്പങ്ങൾ ഇല്ലാതെ നടന്നെത്തിച്ചേരാൻ, ഞാനിപ്പോ ഇവിടുന്ന് ധ്യാനകേന്ദ്രത്തിലേക്ക് നടന്നുപോകുന്നു എന്ന് വിചാരിക്കുക, എനിക്ക് കർത്താവേ അവിടം വരെ നടന്നു പോകാൻ എന്നെ നീ സഹായിക്കണേ.”

തുണി അലക്കുമ്പോൾ, തുണി തേക്കുമ്പോൾ, തൂത്തുവാരുമ്പോൾ, ഭക്ഷണം തയ്യാറാക്കുമ്പോൾ, ഓഫീസിൽ പോകുമ്പോൾ, കാറോടിക്കുമ്പോൾ, കൊന്ത ചൊല്ലുമ്പോൾ…

​ഇങ്ങനെ നമുക്ക് പ്രത്യേകിച്ച് ദൈവത്തിന്റെ സഹായം വേണ്ടെന്നല്ല, നമ്മൾ ചോദിച്ചിട്ടില്ല. അങ്ങനെയുള്ള ഒരു അഞ്ചു കാര്യങ്ങൾ എടുക്കുക. കോൺഷ്യസ് ആയിട്ട് അങ്ങനെ അഞ്ചു കാര്യങ്ങളിൽ ദൈവത്തിന്റെ സഹായം ചോദിച്ച് ഒരു പരിശീലനമാണ്.

അപ്പൊ അപ്പസ്തോലനായ പൗലോസ് പറയുന്നതുപോലെ എല്ലാ കാര്യങ്ങളിലും നമുക്ക് ദൈവത്തെ ആശ്രയിക്കാൻ പറ്റും.

ദൈവം നിങ്ങളെ സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

​നമ്മള് ആരാധനയിലേക്ക് കടക്കുകയാണ്.

ആരാധനയിൽ ഈയൊരു കാര്യം മനസ്സിൽ വെച്ചുകൊണ്ട് നമുക്ക് പ്രാർത്ഥിച്ച് കർത്താവിൽ നിന്ന് ആശീർവാദം പ്രാപിക്കുകയും ചെയ്യാം.

​പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.

​ആരാധനയും പ്രാർത്ഥനയും
​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും…

​ദിവ്യകാരുണ്യ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു, സ്തുതിക്കുന്നു.

കർത്താവേ അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. രാജാധിരാജനായി കർത്താവേ ഈ പ്രപഞ്ചത്തിന്റെ നാഥനും ദൈവവുമായി അവിടുന്ന് ഈ വിശ്വദേവാലയമാകുന്ന പ്രപഞ്ചത്തിൽ കർത്താവേ ഞങ്ങളോടൊത്ത് വസിക്കാനായി അവിടുത്തെ വിശ്രമ സങ്കേതമായി ഈ പ്രപഞ്ചത്തെ അവിടുന്ന് തിരഞ്ഞെടുത്തതിനാൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.

​കർത്താവേ ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ ഒന്നാമത്തെ ദിവസം ഞങ്ങൾ കേട്ട തിരുവചനങ്ങളനുസരിച്ച് കർത്താവേ ആരാധനയിലാണ് ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുന്നത്.

ഞങ്ങൾ ആരാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നത്, കർത്താവേ ഞങ്ങളുടെ ജീവിതത്തിൽ അവിടുന്ന് ഒരുക്കുന്ന വഴികൾ ഞങ്ങൾക്ക് മനസ്സിലാവുന്നത്, കർത്താവേ ഞങ്ങളുടെ ജീവിതം എവിടേയ്ക്കാണ് പോകേണ്ടത്, യാത്രയുടെ ദിശ എന്താണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നത് എന്നെല്ലാം ഞങ്ങളെ അവിടുന്ന് ബോധ്യപ്പെടുത്തിയതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു.

​പരിശുദ്ധ കുർബാനയ്ക്ക് എതിരായി ഈ ലോകത്ത് നടന്നിട്ടുള്ള എല്ലാ അവഹേളനങ്ങൾക്കും ഞങ്ങൾ മാപ്പ് ചോദിക്കുന്നു.

ഞങ്ങളുടെ ജീവിതത്തിൽ ദിവ്യകാരുണ്യത്തിനെതിരായി ഞങ്ങൾ ചെയ്തിട്ടുള്ള എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിക്കുന്നു.

യോഗ്യതയില്ലാതെ കർത്താവേ പരിശുദ്ധ കുർബാന സ്വീകരിക്കുകയും യോഗ്യതയില്ലാതെ കുർബാനയിൽ പങ്കെടുക്കുകയും കർത്താവേ അയോഗ്യതയോടെ പാപത്തോടെ ഒരുക്കമില്ലാതെ പരിശുദ്ധ കുർബാനയെ സമീപിക്കുകയും ചെയ്ത എല്ലാ സാഹചര്യങ്ങൾക്കും ഞങ്ങൾ അങ്ങയോട് മാപ്പ് ചോദിക്കുന്നു.

​കർത്താവേ ലോകം മുഴുവനിലും എല്ലാ ആരാധനാലയങ്ങളിലും ദിവ്യകാരുണ്യത്തിൽ എഴുന്നള്ളിയിരിക്കുന്ന കർത്താവേ അങ്ങയെ ഞങ്ങൾ ആരാധിച്ചു മഹത്വപ്പെടുത്തി സ്തുതിക്കുന്നു.

പ്രത്യേകിച്ച് ഈ ദിവസം ഞങ്ങൾ ആഗ്രഹിച്ചതുപോലെ ആഴമായ ശരണം, ആഴമായ വിശ്വാസം കർത്താവേ അങ്ങയിൽ ആശ്രയിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ എന്ന് പ്രാർത്ഥിക്കുന്നു.

ഞങ്ങളുടെ സ്വാശ്രയത്വം, ഞങ്ങളിൽ തന്നെയുള്ള ഞങ്ങളുടെ ആശ്രയബോധം ഞങ്ങളിൽ നിന്ന് നീക്കി മാറ്റണമേ എന്ന് പ്രാർത്ഥിക്കുന്നു.

കർത്താവേ അതുപോലെ ഈ നിമിഷങ്ങളിൽ കർത്താവേ ഞങ്ങളുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും അങ്ങയെ ആശ്രയിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.

​ഈ ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന രോഗികളായവരെ ഇപ്പോൾ സ്പർശിക്കണമേ. ഹൃദയം തകർന്നവരെ സ്പർശിക്കണമേ.

ഏതെങ്കിലും തരത്തിൽ ജീവിതത്തിന്റെ എല്ലാ വഴിയും അടഞ്ഞ് ആരെങ്കിലും കർത്താവേ ഈ ആരാധനയിൽ ഇപ്പോൾ പങ്കെടുക്കുന്നുണ്ടെങ്കിൽ കർത്താവേ നിന്റെ കരം അവിടുന്ന് നീട്ടണമേ.

ദൈവ ശക്തി അയക്കണമേ.

പരിശുദ്ധാത്മ കൃപ കൊണ്ട് നിറയ്ക്കണമേ. യേശുവിന്റെ നാമത്തിൽ, ആമേൻ.

​ആശീർവാദം
​പരിശുദ്ധ കുർബാനയുടെ ആശീർവാദം നമ്മൾ സ്വീകരിക്കുമ്പോൾ നമ്മൾ ഇന്ന് പ്രാർത്ഥിച്ചതുപോലെ നമ്മുടെ ജീവിതത്തിൽ ആഴമായ ദൈവകൃപകൾ ലഭിക്കാൻ നമുക്ക് ആഗ്രഹിക്കാം.

സകല ബന്ധനങ്ങളും തകരുന്ന ദൈവത്തിന്റെ അനുഗ്രഹം നമ്മൾ പ്രാപിക്കുന്ന സമയമാണ്. നമുക്ക് ആരാധനയുടെ ആശീർവാദത്തിനായി ശിരസ്സ് നമിക്കാം.

​കർത്താവായ ദൈവമേ അവിടുത്തെ പരിശുദ്ധ നാമത്തിൽ ഈ ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ടിരുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു.

ദൈവമേ പൈശാചിക പീഡകൾ ഈ സമയത്ത് വിട്ടുമാറട്ടെ എന്ന് യേശുവിന്റെ നാമത്തിൽ കൽപ്പിച്ചു പ്രാർത്ഥിക്കുന്നു.

ദൈവമായ കർത്താവേ രോഗബന്ധനങ്ങളിൽ കഴിയുന്ന മക്കൾ സൗഖ്യം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ദൈവമേ മനസ്സ് തകർന്നവര്, മനസ്സ് മടുത്തവര്, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവര്, ഹൃദയത്തിൽ ഭാരം വഹിക്കുന്ന മക്കൾ ഈശോയുടെ പരിശുദ്ധ നാമത്തിൽ ഇപ്പോൾ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഏതെങ്കിലും തരത്തിൽ ബന്ധിക്കപ്പെട്ടു കഴിയുന്ന ആത്മാക്കൾ മോചനം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

​കർത്താവേ അവിടുത്തെ പരിശുദ്ധ നാമത്തിൽ ആഴമായ ദൈവാശ്രയബോധത്തിലേക്ക് ഞങ്ങളെ അവിടുന്ന് നയിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

കർത്താവായ യേശുവിന്റെ നാമത്തിൽ, പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading