പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.
ദിവ്യകാരുണ്യ വിമോചന യാത്ര, 40 ദിവസത്തെ പരിശുദ്ധ കുർബാനയുടെ മഹത്വത്തിലേക്ക് പ്രവേശിക്കാനുള്ള ഈ അനുഗ്രഹീതമായ പ്രാർത്ഥനാ യാത്രയുടെ പതിനൊന്നാമത്തെ ദിവസത്തിലേക്ക് ഏറ്റവും പ്രാർത്ഥനയോടെ, സ്നേഹത്തോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.
നമ്മൾ ഇന്ന് ചിന്തിക്കുന്നത് പുറപ്പാട് പുസ്തകത്തിന്റെ 12-ാം അധ്യായത്തിൽ നിന്ന് ഒരു പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട ചിന്തയാണ്.
നമ്മുടെ ഈ പ്രാർത്ഥനാ യാത്രയിൽ വലിയ ദൈവകൃപകൾ നമ്മൾ പ്രാപിക്കാൻ ഒരുങ്ങുകയാണ് എന്ന് നിങ്ങൾ മറന്നുപോകരുത്.
അതുപോലെ തന്നെ ഈ പ്രാർത്ഥനാ യാത്ര നമ്മുടെ ജീവിതത്തിന് തരാൻ പോകുന്ന അനുഗ്രഹം വലുതാണ് എന്ന് മറന്നുപോകരുത്.
അത് കൊണ്ട് സാധിക്കുന്നിടത്തോളം തീക്ഷ്ണതയോടെ, വലിയ ആഗ്രഹത്തോടെ, വലിയ ഒരുക്കത്തോടെ വേണം നമ്മൾ ഈ ദിവസങ്ങളെ ചെലവഴിക്കാൻ എന്ന് ഞാൻ ആമുഖമായി ഓർമ്മിപ്പിച്ചുകൊണ്ട് നമുക്ക് ഇന്നത്തെ വചനഭാഗത്തിലേക്ക് കടക്കാം.
പുറപ്പാട് പുസ്തകം 12-ാം അധ്യായം 43 മുതലുള്ള വാക്യങ്ങൾ
കർത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:
പെസഹാ ആചരിക്കേണ്ട ചട്ടം ഇതാണ്.
പരദേശിയായ ഒരുവനും പെസഹാ ഭക്ഷിക്കരുത്. എന്നാൽ വിലയ്ക്ക് വാങ്ങപ്പെട്ട അടിമ പരിച്ഛേദിതനെങ്കിൽ അവന് ഭക്ഷിക്കാം.
പരദേശിയും കൂലിക്കാരനും അത് ഭക്ഷിക്കരുത്. പാകം ചെയ്ത വീട്ടിൽ വെച്ച് തന്നെ പെസഹാ ഭക്ഷിക്കണം.
മാംസത്തിൽ നിന്ന് അല്പം പോലും പുറത്തു കൊണ്ടുപോകരുത്.
ആടിന്റെ അസ്ഥി ഒന്നും ഒടിക്കരുത്. ഇസ്രായേൽ സമൂഹം മുഴുവൻ ഇത് ആചരിക്കണം.
നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശി കർത്താവിന്റെ പെസഹാ ആചരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാം പരിച്ഛേദനം സ്വീകരിക്കണം.
അതിനു ശേഷം പെസഹാ ആചരിക്കാം. അപ്പോൾ അവൻ സ്വദേശിയെ പോലെയാണ്.
അപരിച്ഛേദിതരാരും പെസഹാ ഭക്ഷിക്കരുത്.
സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു നിയമമേ ഉണ്ടാകാവൂ.
ഇസ്രായേൽക്കാർ എല്ലാവരും അപ്രകാരം പ്രവർത്തിച്ചു. കർത്താവ് മോശയോടും അഹറോനോടും പറഞ്ഞതുപോലെ തന്നെ അവർ ചെയ്തു.
ആ ദിവസം തന്നെ കർത്താവ് ഇസ്രായേൽ ജനത്തെ നിരനിരയായി ഈജിപ്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു വന്നു.
പെസഹായും പരിശുദ്ധ കുർബാനയും തമ്മിലുള്ള ബന്ധമാണ് ഇന്ന് നമ്മൾ ചിന്തിക്കുന്നത്. പെസഹായും പരിശുദ്ധ കുർബാനയും തമ്മിലുള്ള ബന്ധം.
ഒരു ഏഴ് കാര്യങ്ങൾ നമ്മുടെ മനസ്സിലേക്ക് ഇന്ന് കൊണ്ടുവരികയാണ്.
ഒന്നാമത്തെ കാര്യം പെസഹായ്ക്ക് നിസാൻ മാസം പത്താം തീയതി ഒരു കുഞ്ഞാടിനെ അവർ തയ്യാറാക്കി വെക്കേണ്ടതുണ്ടായിരുന്നു.
പതിനാലാം തീയതിയാണ് പെസഹാ കുഞ്ഞാടിനെ കൊല്ലേണ്ട ദിവസം.
പത്താം തീയതി ആടിനെ തയ്യാറാക്കുമ്പോൾ ആ ആട് ഊനമില്ലാത്ത, കുറവില്ലാത്ത കുഞ്ഞാട് ആയിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു.
ഇതാണ് പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് പെസഹായുടെ ആദ്യത്തെ
താരതമ്യം.
സമാനത
പെസഹായെ
ഈശോ തന്റെ കുരിശുമരണവുമായി
ബന്ധപ്പെടുത്തി പെസഹായുടെ
രാത്രിയിലാണ് ഈശോ ദിവ്യകാരുണ്യം
സ്ഥാപിച്ചത്.
അതു കൊണ്ടു തന്നെ
ഈ പെസഹാകുഞ്ഞാടിന്റെ
സ്ഥാനത്താണ് യേശു തന്നെ നമുക്ക്
പറഞ്ഞു തരുന്നത്.
ഈശോ സ്വയം അവതരിപ്പിക്കുന്നത്
പെസഹാ കുഞ്ഞാട് ആയിട്ടാണ്.
അപ്പോൾ
ഈ പെസഹ കുഞ്ഞാട് കറയില്ലാത്ത
കുഞ്ഞാടായിരുന്നു എന്ന് നമ്മൾ
തിരിച്ചറിയുന്നത് യഥാർത്ഥത്തിൽ
പത്രോസ് അപ്പസ്തോലൻ എഴുതിയ ലേഖനത്തിലാണ്, അപ്പസ്തോലനായ പത്രോസ് ഇതിനെക്കുറിച്ച് പറയുമ്പോൾ, പത്രോസിന്റെ ലേഖനത്തിൽ ഒന്നാമത്തെ ലേഖനം, വിശുദ്ധ പത്രോസിന്റെ ലേഖനം ഒന്നാം അധ്യായം 18,19 വാക്യങ്ങളിലാണ്
ഈ ഊനമില്ലാത്ത കുഞ്ഞാടായ
ക്രിസ്തുവിനെ നമുക്ക്
പരിചയപ്പെടുത്തി തരുന്നത്.
അതിങ്ങനെയാണ്.
പിതാക്കന്മാരിൽ
നിന്ന് നിങ്ങൾക്ക് ലഭിച്ച വ്യർത്ഥമായ
ജീവിതരീതിയിൽ
നിന്ന് നിങ്ങൾ വീണ്ടെടുക്കപ്പെട്ടത്
നശ്വരമായ വെള്ളിയോ സ്വർണമോ
കൊണ്ടല്ല എന്ന് നിങ്ങൾ അറിയുന്നല്ലോ.
കറയോ കളങ്കമോ ഇല്ലാത്ത
കുഞ്ഞാടിന്റേതു പോലുള്ള
ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ട്
അത്രേ.
കറയോ കളങ്കമോ ഇല്ലാത്ത
കുഞ്ഞാടിന്റേതു പോലുള്ള
ക്രിസ്തുവിന്റെ അമൂല്യമായ രക്തം.
അപ്പോൾ അതാണ് ഒന്നാമത്തെ താരതമ്യം: ഊനമില്ലാത്ത കുഞ്ഞാട് പെസഹായിൽ; ആ അറുക്കപ്പെട്ട കുഞ്ഞാട് യേശുക്രിസ്തു തന്നെയായി മാറുകയാണ് ദിവ്യകാരുണ്യത്തിൽ.
ഇനി ഈ പെസഹാ കുഞ്ഞാടിന്റെ രക്തമാണ് അവരെ രക്ഷിച്ചത്.
പെസഹായിൽ ആദ്യത്തെ പെസഹായിൽ അവരെ രക്ഷിച്ചത്. ഈ കുഞ്ഞാടിന്റെ രക്തമാണ്
അതെങ്ങനെയാണ്?
പെസഹാ കുഞ്ഞാടിനെ കൊന്ന് അതിന്റെ രക്തം ഒരു പാത്രത്തിൽ ശേഖരിച്ച് വീടിന്റെ കട്ടിളപ്പടിയിലും പടിവാതിലിലും തളിക്കണമായിരുന്നു.
ആ രക്തം കാണുമ്പോൾ സംഹാരദൂതൻ ഇസ്രായേൽ ഭവനങ്ങളെ വിട്ട് കടന്നുപോകും.
Passover എന്ന് പറയുന്ന വാക്ക് അതിൽ നിന്നാണ് വരുന്നത്.
സംഹാരദൂതൻ passing over.
കടന്നുപോകുകയാണ്.
അങ്ങനെ സംഹാരദൂതൻ കടന്നുപോകുന്നത്
ഈ കുഞ്ഞാടിന്റെ രക്തം കാണുമ്പോഴാണ്.
അങ്ങനെ അത് അവരെ രക്ഷിക്കുന്ന രക്തമായി മാറി.
കർത്താവായ യേശുക്രിസ്തു
തന്റെ കുരിശുമരണത്തിൽ ചിന്തിയ രക്തത്താലാണ് നമ്മളെ വീണ്ടെടുത്തത് എന്ന് അപ്പസ്തോലന്മാർ ആവർത്തിച്ച് നമ്മളെ പഠിപ്പിച്ച ഒരു സത്യമാണ്.
നമ്മൾ വീണ്ടെടുക്കപ്പെട്ടത് അവന്റെ രക്തത്താലാണ്.
കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതു പോലുള്ള യേശുവിന്റെ രക്തത്താലാണ്.
അതാണ് പരിശുദ്ധ കുർബാനയിൽ നമ്മൾ ഓർക്കുന്ന രണ്ടാമത്തെ കാര്യം.
മൂന്നാമതായി, പെസഹായുമായി ബന്ധപ്പെട്ട് പരിശുദ്ധ കുർബാനയെ കാണുമ്പോൾ അതിന്റെ മൂന്നാമത്തെ അർത്ഥം ഒരേ സമയത്ത് പെസഹാ ബലിയുമായിരുന്നു, വിരുന്നുമായിരുന്നു.
ഒരേ സമയത്ത് അത് സാക്രിഫൈസുമാണ് (sacrifice) മീലും (meal) ആണ്.
എന്ന് വെച്ചാൽ ഈ പെസഹാ കുഞ്ഞാടിനെ ബലി കഴിച്ചു കഴിഞ്ഞാൽ, കുഞ്ഞാട് കൊല്ലപ്പെട്ടു കഴിഞ്ഞാൽ, അവർ ആ കുഞ്ഞാടിന്റെ മാംസം ഭക്ഷിക്കുമ്പോഴാണ് പെസഹാ തിരുന്നാൾ പൂർത്തിയാകുന്നത്.
അപ്പോൾ ഒരു വശത്ത് അത് ബലിയാണ്; മറുവശത്ത് അത് വിരുന്നാണ്.
യേശുവിന്റെ കാലം എത്തുമ്പോഴേക്കും പെസഹാ കുഞ്ഞാടിനെ കൊല്ലുന്നത് ഭവനങ്ങളിൽ നിന്ന് മാറ്റി ദേവാലയത്തിൽ ആക്കുന്ന ഒരു വ്യത്യാസം ഉണ്ടാകുന്നുണ്ട്. അങ്ങനെ ദേവാലയത്തിൽ വെച്ച് കുഞ്ഞാട് കൊല്ലപ്പെടും. ആ മാംസം വീട്ടിലേക്ക് കൊണ്ടു വന്ന് അവർ ഭക്ഷിക്കും.
യേശുവിന്റെ പെസഹാ ആചരണത്തിൽ പത്രോസും യോഹന്നാനും കൂടി ദേവാലയത്തിലേയ്ക്ക് പോയി അവിടെ നിന്ന് കുഞ്ഞാടിന്റെ മാംസം വാങ്ങി സെഹിയോൻ മാളികയിലേക്ക് കൊണ്ടുവന്നു എന്നതാണ് പുതിയ നിയമത്തിൽ നമ്മൾ കാണുന്നത്.
അപ്പോൾ പെസഹായ്ക്ക് ഒരേ സമയത്ത് അത് ബലിയാണ്, അതേ സമയത്ത് അത് വിരുന്നുമാണ്.
അപ്പസ്തോലിക സഭകൾ ഈ ദിവ്യകാരുണ്യത്തെ ഒരേ സമയത്ത് ബലിയും വിരുന്നുമായിട്ട് കാണുന്നതിന്റെ പശ്ചാത്തലം ഇതാണ്.
വിശുദ്ധ കുർബാന നവീകരണം പറയുന്ന സഭകൾ അല്ലെങ്കിൽ പെന്തക്കുസ്ത സഭകൾ അതുപോലെയുള്ള സ്വതന്ത്ര സഭകൾക്ക് വിശുദ്ധ കുർബാന ഒരു ബലിയല്ല.
അവർ അതിനെ ബലിയായി കാണുന്നില്ല. മറിച്ച് അതൊരു ഓർമ്മയ്ക്കായി നടത്തുന്ന ഒരു meal, ഒരു വിരുന്ന് മാത്രമായിട്ടാണ് അവർ കാണുന്നത്.
അത് ദൈവശാസ്ത്രപരമായ ഒരു തെറ്റാണ്.
കാരണം പുതിയ പെസഹായായി ക്രിസ്തു ദിവ്യകാരുണ്യം സ്ഥാപിക്കുമ്പോൾ ഒരേ സമയത്ത് അത് ബലിയും അത് വിരുന്നുമാണ്.
നമ്മൾ വളരെ ശ്രദ്ധിച്ച് മനസ്സിലാക്കാമെങ്കിൽ ഞാൻ ഒരു കാര്യം പറയാം.
ഇതെന്റെ ആശയമല്ല ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞ ഒരു ആശയമാണ്.
അതായത് സെഹിയോൻ മാളികയിൽ ഈശോ അർപ്പിച്ച ഈ അന്ത്യത്താഴം അതിനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം പറയും,
വെള്ളിയാഴ്ച യേശുക്രിസ്തു കുരിശിൽ മരിക്കുമ്പോൾ യേശുവിന്റെ കുരിശുമരണം ഒരു Judicial execution ആയിരുന്നു. ഒരു ജഡ്ജി കുറ്റവാളിയെ ശിക്ഷ വിധിച്ച് കുരിശിൽ തറച്ചു കൊന്ന ഒരു ശിക്ഷാവിധി നടപ്പിലാക്കൽ മാത്രമാണത്.
യേശുവിന്റെ വെള്ളിയാഴ്ചത്തെ
കുരിശുമരണം ഒരു കുറ്റവാളി
ശിക്ഷയ്ക്ക് വിധിക്കപ്പെട്ട്
കൊല്ലപ്പെടുന്നതാണ്.
അതെങ്ങനെയാണ് യഥാർത്ഥത്തിൽ
യേശുക്രിസ്തുവിന്റെ കുരിശിലെ ബലി എന്ന്
പറയാൻ കഴിയുന്നത്?
അത്
ഒരു കുറ്റവാളിയെ കൊന്നതാണ്.
എങ്ങനെയാണ് അത് ബലിയാകുന്നത്?
അത് ബലിയാകണമെങ്കിൽ
അതിനെ ബലിയാണെന്ന് യേശുക്രിസ്തു
തന്നെ പറഞ്ഞെങ്കിലേ അത്
ബലിയാവുകയുള്ളൂ.
യേശുക്രിസ്തു അത് എങ്ങനെയാണ് അത് ബലിയാണെന്ന് പറഞ്ഞത്?
അത് തലേന്ന് വൈകുന്നേരം അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ തന്റെ ശരീരരക്തങ്ങളാണ് അതെന്ന് പറഞ്ഞിട്ട് കർത്താവ് പറയുകയാണ് ഇത് നിങ്ങൾക്കു വേണ്ടി മുറിക്കപ്പെടുന്ന ശരീരം, ചിന്തപ്പെടുന്ന രക്തം എന്ന് പറഞ്ഞ് പിറ്റേദിവസം കുരിശിൽ നടക്കാൻ പോകുന്ന തന്റെ കുരിശുമരണത്തെ ഒരു ബലിയാണെന്ന് യേശു നമുക്ക് പറഞ്ഞു തരുന്നത് തലേന്ന് വൈകുന്നേരത്തെ പെസഹാ അത്താഴമേശയിലാണ്
അതുകൊണ്ട് ബെനഡിക്ട് മാർപാപ്പ പറയുന്ന ഒരു രഹസ്യം: ഈ പെസഹാ അത്താഴമേശ അന്ത്യത്താഴം കൂടാതെ കാൽവരിയിലെ യേശുവിന്റെ കുരിശുമരണം ഒരു ബലിയാണെന്ന് പറയാൻ കഴിയില്ല.
അല്ലെങ്കിൽ യേശുവിന്റെ കുരിശുമരണത്തെ ഒരു ബലിയാക്കി നമുക്ക് പറഞ്ഞു തരുന്നത് തലേന്ന് വൈകുന്നേരത്തെ പെസഹാ അത്താഴമേശയാണ്.
അത് കൊണ്ട് ഒരേ സമയത്തു അത് ബലിയുമാണ്
വിരുന്നുമാണ്.
പെസഹാ കുഞ്ഞാട് ദേവാലയത്തിൽ വെച്ച് കൊല്ലപ്പെടും. ആ കുഞ്ഞാടിന്റെ മാംസം അവർ ഒരു വിരുന്നായിട്ട് കഴിക്കുകയും ചെയ്യും.
അതുകൊണ്ട് പരിശുദ്ധ കുർബാനയെ നമ്മൾ മനസ്സിലാക്കണമെങ്കിൽ ഈ രണ്ടു കാര്യങ്ങളും നമ്മൾ മനസ്സിലാക്കണം. ഒരേ സമയത്ത് അത് വിരുന്നുമാണ്, അത് ബലിയുമാണ്.
നാലാമതായിട്ട് ഈ പുളിപ്പില്ലാത്ത അപ്പവുമായി ബന്ധപ്പെടുത്തി ഒരു ചിന്ത. പെസഹായ്ക്ക് അവർ ഭക്ഷിച്ചിരുന്നത് പുളിപ്പില്ലാത്ത അപ്പമാണ്.
ഈ പുളിപ്പില്ലാത്ത അപ്പം സൂചിപ്പിച്ചത് നമ്മൾ വിശുദ്ധിയോടുകൂടി കുർബാനയിൽ പങ്കെടുക്കണം എന്ന ആശയത്തെയാണ്.
അത് നമ്മൾ കാണുന്നത് കോറിന്തോസുകാർക്ക് അപ്പസ്തോലൻ എഴുതുന്ന ഒന്നാം ലേഖനത്തിൽ അഞ്ചാം അധ്യായത്തിലാണ് ഈ പുളിപ്പിനെക്കുറിച്ചുള്ള പരാമർശം.
ഞാൻ പറഞ്ഞുവരുന്നത്, അതായത് ഈ പെസഹായ്ക്ക് അവർ ഉപയോഗിച്ചു കൊണ്ടിരുന്നത് പുളിപ്പില്ലാത്ത അപ്പമാണ്.
ആ പുളിപ്പില്ലാത്ത അപ്പം പുതിയ നിയമത്തിൽ എന്താണ് എന്ന് അപ്പസ്തോലൻ നമുക്ക് പറഞ്ഞുതരുന്നത് യഥാർത്ഥത്തിൽ ഈ 1 കോറിന്തോസ് അഞ്ചാമത്തെ അധ്യായത്തിലാണ്.
അഞ്ചാം അധ്യായത്തിന്റെ ഏഴും എട്ടും വാക്യങ്ങൾ ഞാൻ വായിക്കുകയാണ്.
കോറിന്തോസ് 5:7-8
വചനം പറയുകയാണ്: “നിങ്ങൾ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിനു നിങ്ങളുടെ പുളിപ്പ് നീക്കിക്കളയുവിൻ.
നിങ്ങൾ പുളിപ്പില്ലാത്തവർ ആയിരിക്കേണ്ടതാണല്ലോ. എന്തെന്നാൽ നമ്മുടെ പെസഹാ കുഞ്ഞാടായ ക്രിസ്തു ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു.
അതിനാൽ ഇവിടെയാണ് ഇത് പറഞ്ഞിരിക്കുന്നത്. അതിനാൽ അശുദ്ധിയും തിന്മയും ആകുന്ന പഴയ പുളിപ്പുകൊണ്ടല്ല, ആത്മാർത്ഥതയും സത്യവും ആകുന്ന പുളിപ്പില്ലാത്ത അപ്പം കൊണ്ട് നമുക്ക് തിരുനാൾ ആഘോഷിക്കാം.
പഴയ പെസഹായ്ക്ക് പുളിക്കാത്ത അപ്പമാണ്.
പുളിക്കാത്ത മാവിൽ നിന്ന് ഉണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പമാണ് അവർ ഉപയോഗിച്ചിരുന്നത്
പുതിയ നിയമത്തിലേക്ക് വരുമ്പോൾ വിശുദ്ധ കുർബാനയുമായിട്ട് ബന്ധപ്പെട്ട് അതിനെ കാണുമ്പോൾ നമ്മൾ വിശുദ്ധിയോടുകൂടി, ആത്മാർത്ഥതയും സത്യവും ആകുന്ന ആ പുളിപ്പില്ലാത്ത അപ്പമായിട്ട് നമ്മൾ മാറുമ്പോഴാണ് ദിവ്യകാരുണ്യം സ്വീകരിക്കാൻ നമുക്ക് യോഗ്യത കിട്ടുന്നത്.
അപ്പോൾ അതാണ് നാലാമത്തെ ഒരു താരതമ്യം.
അഞ്ചാമത്തേത്, പഴയ പെസഹാ അവർക്ക് അടിമത്വത്തിൽ നിന്നുള്ള മോചനമായിരുന്നു.
അവർ ഫറവോയുടെ അടിമത്വത്തിൽ നിന്ന് മോചനം പ്രാപിച്ച് കാനാൻ ദേശത്തേക്ക് യാത്രയായി. പുതിയ പെസഹാ പാപത്തിൽ നിന്ന് പുതിയ മോശയായ ക്രിസ്തു നമ്മളെ മോചിപ്പിച്ച് സ്വർഗീയ കാനാനിലേക്ക് നടത്തുന്നതിന്റെ പ്രധാനപ്പെട്ട ഒരു പടിയാണ്.
അതൊരു പുതിയ പുറപ്പാടാണ്.
ഇനി ആറാമത്തെ ഒരു ബന്ധം ഈ പെസഹായെ സംബന്ധിച്ച് പറഞ്ഞിരുന്ന മോശ പറഞ്ഞിരുന്ന പ്രധാനപ്പെട്ട ഒരു നിർദ്ദേശം ഇത് നിങ്ങൾ വരുംകാല തലമുറകൾക്കും മറന്നുപോകാതിരിക്കാൻ, നിങ്ങൾ അതിനെ ഒരു ഓർമ്മയായി എല്ലാ വർഷവും ആചരിക്കണം. അപ്പോൾ ഓരോ പെസഹാ തിരുനാളും ഓർമ്മ ആചരണമായിരുന്നു.
എന്തിന്റെ?
അവർ അടിമത്വത്തിൽ നിന്ന് പുറത്തേയ്ക്ക് വന്നതിന്റെ ഓർമ്മയായിരുന്നു ഓരോ പെസഹാ ആചരണവും.
കർത്താവ് ഈശോമിശിഹാ അന്ത്യത്താഴമേശയിൽ വെച്ച് അവരോട് പറഞ്ഞത്, “ഇത് എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇത് ചെയ്യണം.”
ഏഴാമത്തെ ഒരു താരതമ്യം: പെസഹാ കുഞ്ഞാടിന്റെ
അസ്ഥികൾ ഒടിക്കാൻ പാടില്ല എന്ന് നമ്മൾ ആദ്യം വായിച്ച വചനത്തിൽ വായിച്ചു.
പുറപ്പാട് 12-ൽ നിന്ന്
അതുപോലെ തന്നെ ക്രിസ്തുവിന്റെ അസ്ഥികൾ ഒന്നും തകർക്കപ്പെട്ടില്ല കുരിശിൽ അവിടുന്ന് മരിച്ചപ്പോൾ എന്നും പുതിയ നിയമത്തിൽ നമ്മൾ വായിക്കുന്നുണ്ട്.
അപ്പോൾ പഴയ പെസഹായുടെ സ്ഥാനത്താണ് പുതിയ പെസഹായായ ഈ ദിവ്യകാരുണ്യം നിലവിൽ വരുന്നത്.
എന്താണ് നമ്മൾ ഈ ചിന്ത ദിവ്യകാരുണ്യവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുമ്പോൾ നമുക്ക് Take away?
നമ്മുടെ ജീവിതത്തിലേക്ക് നമ്മൾ കൊണ്ടുവരേണ്ട പാഠം എന്താണ്?
അതായത് നമ്മളെ ദൈവം ഈ ലോകത്തിൽ നമ്മളെ അടിമപ്പെടുത്തുന്ന പാപത്തിൽ നിന്നും പിശാചിൽ നിന്നും ലോകത്തിൽ നിന്നും
ലോകം പാപം പിശാച്
ഈ ത്രിവിധ ശത്രുക്കളിൽ നിന്നും യേശുക്രിസ്തു നമ്മളെ രക്ഷിച്ച അവിടുത്തെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മയാണ് ദിവ്യകാരുണ്യം.
അതുകൊണ്ടുതന്നെ കർത്താവ് പറഞ്ഞ, “എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇത് ചെയ്യുവിൻ.”
എന്താണ് നമ്മൾ യേശു ക്രിസ്തുവിനെ ദിവ്യകാരുണ്യത്തിൽ ഓർക്കേണ്ടത് നമുക്ക് വേണ്ടി എന്തെല്ലാം ചെയ്തു തന്നു എന്ന് ഓർത്ത് നന്ദി പറയാനുള്ള ഒരു അവസരമാണ് ഓരോ പരിശുദ്ധ കുർബാനയും
അപ്പോൾ
ഒരു കുർബാന Eucharist എന്ന് പറയുന്ന ആ ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം Thanksgiving എന്നാണ്. കൃതജ്ഞതാബലി എന്നാണ്.
കൃതജ്ഞത, Thanks giving.
ഓരോ കുർബാനയിലും നമ്മൾ നന്ദി പറയുകയാണ്. ദൈവമേ, നീ എനിക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്തു തന്നു. ഈ നന്ദി നമ്മുടെ മനസ്സിൽ ഉണ്ടാവാൻ ആ ഓർമ്മ നിലനിർത്താൻ ഈ പെസഹായുമായി ബന്ധപ്പെട്ട ചിന്തകൾ നമ്മളെ സഹായിക്കും.
ഞാൻ പെസഹായുടെ ചിന്തകൾ ഉപസംഹരിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു.
ഓരോ തവണയും പെസഹാ ആചരിക്കുമ്പോൾ, പിന്നീട് നമ്മൾ കാണുന്നുണ്ട് ആദ്യം ഈജിപ്തിൽ വെച്ച്, പിന്നീട് രണ്ടാമത് സീനായി മരുഭൂമിയിൽ വെച്ച്, പിന്നീട് മൂന്നാമത് അവർ പെസഹാ ആഘോഷിക്കുന്നതായി നമ്മൾ കാണുന്നത് ഗിൽഗാലിൽ വെച്ചാണ്.
കാനാൻ ദേശത്തേക്ക് കയറുന്നതിന് തൊട്ടുമുമ്പ്
ഇങ്ങനെ മൂന്ന് കൃത്യമായ എപ്പിസോഡുകളിലും നമുക്ക് കാണാൻ പറ്റും.
ഈ പെസഹാ അവർക്ക് ഒരു ഉടമ്പടി സംരക്ഷണത്തിന്റെ അടയാളമായിരുന്നു.
ഒന്നുകൂടെ പറയാം. ഈ പെസഹാ അവർക്ക് ഒരു covenantal protection-ന്റെ അടയാളമായിരുന്നു.
പെസഹാ ഭക്ഷിക്കുമ്പോൾ അവർ protected ആവുകയാണ്.
ആദ്യത്തെ പെസഹാ ഭക്ഷിച്ചപ്പോൾ സംഹാരദൂതനിൽ നിന്ന് അവർ സംരക്ഷിക്കപ്പെട്ടു.
രണ്ടാമത്തെ പെസഹാ ഭക്ഷിച്ചപ്പോൾ, ആചരിച്ചപ്പോൾ അവർ കാളക്കുട്ടിയെ ആരാധിച്ചു കൊല്ലപ്പെട്ട ആ സാഹചര്യത്തിൽ നിന്ന്, ആ ദൈവകോപത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ടു.
മൂന്നാമത്തെ പെസഹാ ആചരിക്കുമ്പോൾ അവർ ജെറിക്കോയിലെ തങ്ങളെ കാത്തിരിക്കുന്ന ശത്രുക്കളിൽ നിന്ന് ആ പെസഹാ ആചരണത്തിലൂടെയാണ് അവർ സംരക്ഷണം നേടിയത്.
നമ്മൾ നമുക്കൊരു ദൈവത്തോട് നമ്മൾ ചെയ്ത, അല്ലെങ്കിൽ ദൈവം നമ്മളോട് ചെയ്ത ഉടമ്പടിയുടെ സംരക്ഷണം നമുക്ക് കിട്ടുന്നത് ഈ പുതിയ പെസഹായാകുന്ന പരിശുദ്ധ കുർബാനയിലൂടെയാണ്.
അതുകൊണ്ട് ഞാൻ എപ്പോഴും ആവർത്തിച്ച് കുർബാന സ്വീകരിക്കുമ്പോൾ പറയുന്ന ഒരു പ്രാർത്ഥന ഇതാണ്:
“Your blood is my protection.”
കർത്താവേ, നിന്റെ രക്തമാണ് എന്റെ സംരക്ഷണം.
നിന്റെ രക്തമാണ് എന്നെ പൊതിയുന്നത്.
നിന്റെ രക്തമാണ് എന്നെ സംരക്ഷിച്ച് നിർത്തുന്നത്.
“ Your Precious Blood is my protection.”
ഓരോ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴും നമുക്ക് ഈ ഒരു പ്രാർത്ഥന ആവർത്തിക്കാൻ കഴിയട്ടെ:
“യേശുവേ, നിന്റെ വിലയേറിയ രക്തമാണ് എന്നെ സംരക്ഷിക്കുന്നത്.
ഈ ചിന്തകളോടുകൂടി ഇന്ന് നമ്മൾ അഭ്യസിക്കേണ്ട പുണ്യമാണ് സത്യസന്ധത (Truthfulness).
അതായത് സാധിക്കുന്നിടത്തോളം എല്ലാ ഇടങ്ങളിലും സത്യസന്ധതയോടെ വ്യാപരിക്കാൻ നമുക്ക് കർത്താവിൽ നിന്ന് കൃപ ചോദിക്കാം.
അപ്പോൾ സത്യസന്ധതയ്ക്ക് എതിരായ തിന്മ ഒഴിവാക്കേണ്ട തിന്മയാണ് കാപട്യം (Hypocrisy).
കാപട്യം മനസ്സിൽ ഒന്ന് വെച്ച് പുറത്ത് ഒന്ന് പറയുക, അഭിനയിക്കുക—ഇതെല്ലാം കാപട്യമാണ്.
അപ്പോൾ സത്യസന്ധത അതിനു എതിരായ ആ പാപം, കാപട്യം, അത് ഒഴിവാക്കാൻ നമുക്ക് പരിശ്രമിക്കാം.
നമുക്ക് ചൊല്ലേണ്ട പ്രാർത്ഥന ഞാൻ നേരത്തെ പറഞ്ഞുതന്നു:
“Your Precious Blood is my protection. യേശുവേ, നിന്റെ പവിത്രമായ, നിന്റെ വിലയേറിയ രക്തമാണ് എന്റെ സംരക്ഷണം.”
ഈ പ്രാർത്ഥന നമുക്ക് ആവർത്തിക്കാം.
ടാസ്ക് ഇതാണ്:
നമുക്ക് ഒരു മൂന്ന് പ്രാവശ്യം ലോകത്ത് സക്രാരികളിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യത്തെ മനസ്സിൽ ധ്യാനിച്ച്,
“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ”
എന്ന് മൂന്ന് പ്രാവശ്യം ഇന്ന് പറഞ്ഞ്, ദിവ്യകാരുണ്യത്തിൽ എഴുന്നള്ളിയിരിക്കുന്ന യേശുവിനെ ആരാധിക്കാൻ മറന്നുപോകാതിരിക്കുക.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ആരാധനയിൽ നമുക്ക് ഈ ചിന്തകൾ തരുന്ന കൃപകൾ സ്വീകരിക്കാനുള്ള ആശീർവാദം പ്രാപിക്കുകയും ചെയ്യാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
പ്രിയമുള്ളവരേ, ഇന്നത്തെ ആരാധനയിൽ നമ്മുടെ ഈ ആത്മീയ യാത്രയിൽ നമുക്കുണ്ടാകുന്ന എല്ലാ മടുപ്പിനെയും, ആത്മീയ തടസങ്ങളെയും പൈശാചിക പോരാട്ടങ്ങളെയും കർത്താവായ യേശുവിന്റെ പരിശുദ്ധ കുർബാനയുടെ ശക്തിയാൽ നേരിടാനുള്ള കൃപ ലഭിക്കുന്നതിനു വേണ്ടി നമ്മൾ പ്രാർത്ഥിക്കുകയാണ്.
ഈ ആത്മീയ യാത്രയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളെയും ഈ ആരാധനയിലേക്ക് ചേർത്തുവെച്ച് പ്രാർത്ഥിക്കുന്നു.
നല്ല കർത്താവേ, ഈശോയുടെ വലിയ സ്നേഹത്തിലേക്ക് ഞങ്ങളെ വിളിക്കുന്നതിന് നന്ദി പറയുന്നു.
കർത്താവേ, ഞങ്ങൾ അങ്ങയെ തിരഞ്ഞെടുത്തതല്ല, അങ്ങ് ഞങ്ങളെ തിരഞ്ഞെടുത്തതാണ്.
ഞങ്ങൾ പോയി ധാരാളം ഫലം പുറപ്പെടുവിക്കാനാണ് അങ്ങ് ഞങ്ങളെ വിളിച്ചത്.
ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ആഗ്രഹിക്കുന്ന ഫലങ്ങൾ ഉണ്ടാവാൻ ദൈവമേ, ഞങ്ങളുടെ ജീവിതത്തിൽ വന്നിട്ടുള്ള തെറ്റുകളും പാപങ്ങളും മാപ്പ് ചോദിച്ച് മോചനം പ്രാപിച്ച് കൂടുതൽ കൃപയുള്ളവരായി മാറാൻ ആഗ്രഹിച്ചാണ് ഞങ്ങൾ ഈ ആത്മീയ ശുശ്രൂഷ നടത്തുന്നത്.
കർത്താവേ, ഇതിൽ പങ്കെടുക്കുന്ന ഓരോ മകനെയും മകളെയും ചേർത്തുവെച്ച് പ്രാർത്ഥിക്കുകയാണ്.
അവർക്ക് ആവശ്യമായ എല്ലാ കൃപകളും അങ്ങ് വർഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
പലവിധമായ ഞെരുക്കങ്ങളുടെ നടുവിലാണല്ലോ ഞങ്ങളെല്ലാം ദൈവമേ ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്നത്.
കർത്താവേ, ഞങ്ങളുടെ വേദനകൾ അങ്ങ് ഏറ്റെടുക്കണമേ.
ഞങ്ങളെ ഭാരപ്പെടുത്തുന്ന കാര്യങ്ങളിൽ അങ്ങയുടെ സാന്നിധ്യം അയക്കണമേ.
അങ്ങ് ഞങ്ങളോട് കരുണ കാണിക്കണമേ.
കർത്താവേ, ഞങ്ങളുടെ ജീവിതത്തിൽ വ്യക്തിപരമായും പൂർവികമായും വന്നുപോയ പാപങ്ങളും കടങ്ങളും ഇളച്ചുതരണമേ
കർത്താവേ.
ഇന്ന് ഈ യാത്രയിൽ അവിടുത്തെ പ്രിയമക്കൾ നേരിടുന്ന എല്ലാ പ്രയാസങ്ങളും പരിഹരിക്കാൻ അവിടുന്ന് സഹായിച്ച് കൂടുതൽ ഉത്സാഹത്തോടെ, ദൈവമേ, അവിടുന്ന് തരുന്ന ഈ കൃപാവരത്തിന്റെ വഴിയിലേക്ക് ചേർന്നു നിൽക്കാൻ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
പ്രിയമുള്ളവരേ, നമുക്ക് ഈശോയുടെ ആശീർവാദം സ്വീകരിക്കാം.
കാരുണ്യവാനായ ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
ഈ 40 ദിവസത്തെ പ്രാർത്ഥനാ യാത്രയിൽ മുന്നോട്ടു പോകുന്നതിന് നിങ്ങൾ അനുഭവിക്കുന്ന എല്ലാ തടസ്സങ്ങളും കർത്താവ് എടുത്തുമാറ്റട്ടെ.
നിങ്ങളുടെ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും നിലനിൽക്കാനും പുലരാനും ദൈവം ഇടയാക്കട്ടെ.
സർവ്വശക്തനായ ദൈവം അവിടുത്തെ കണ്ണുകൾ നിങ്ങളുടെ നേരെ ഉയർത്തി, നിങ്ങളുടെ നെടുവീർപ്പുകൾ ശ്രദ്ധിച്ച്, നിങ്ങളുടെ യാചനകൾക്ക് കാതോർത്ത്, അവിടുത്തെ ഹൃദയത്തിൽ നിന്ന് നിങ്ങളിലേക്ക് ആശ്വാസവും സമാധാനവും കടന്നുവരട്ടെ.
കർത്താവായ യേശുവിന്റെ വിലയേറിയ തിരുശരീരത്തിന്റെ അനന്തമായ യോഗ്യതകളാൽ തന്നെ.
ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply