ദർശനങ്ങളുടെ അമരക്കാരനായ എബ്രഹാം മാർ യൂലിയോസ് പിതാവ്…
ദർശനാശാലിയും കർമ്മനിരതനും വലിയ സ്വപ്നങ്ങൾ കണ്ടിരുന്ന പണ്ഡിതനുമായിരുന്നു ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ എബ്രഹാം മാർ യൂലിയോസ് പിതാവ്.
ഒറ്റയ്ക്ക് ഒരു പുതിയ വഴി തെളിക്കുക എന്നത് തന്നെ ഏറെ പ്രയാസകരമാണ്. എന്നാൽ അതിലും വലിയ വെല്ലുവിളിയാണ്, കൂടെയുള്ളവരെയും ഒപ്പം നടക്കുന്നവരെയും ചേർത്തുനിർത്തി പുതിയ പാതകൾ തെളിച്ച് അതിൽ മുന്നേറുക എന്നത്. വിമർശനങ്ങളും കുത്തുവാക്കുകളും പ്രതിസന്ധികളും മാത്രം തിരികെ കിട്ടാനിടയുള്ള ആ പാതയിൽ, മേലധികാരികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയും തന്നിൽ വിശ്വസിച്ച് കൂടെ നിൽക്കുന്നവർക്ക് ആവശ്യമായ ഊർജ്ജം പകർന്നും അദ്ദേഹം നടത്തിയ ആത്മസമർപ്പണത്തിലാണ് പിതാവിന്റെ ജീവിതത്തിന്റെ അനന്യത നാം തിരിച്ചറിയേണ്ടത്.
2002-ൽ കേരളത്തിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനമെടുത്തപ്പോൾ, ആദ്യമായി അതിന് മുന്നിട്ടിറങ്ങിയത് പുഷ്പഗിരി ആശുപത്രിയായിരുന്നു. അന്ന് പുഷ്പഗിരിയുടെ ചുമതല വഹിച്ചിരുന്ന ഫാദർ എബ്രഹാം കാക്കനാട്ടിന്റെ (പിന്നീട് എബ്രഹാം മാർ യൂലിയോസ് പിതാവ്) ധീരമായ ചുവടുവെപ്പായിരുന്നു അത്. അംഗബലത്തിലും സാമ്പത്തികശേഷിയിലും താരതമ്യേന ചെറിയൊരു സമൂഹമാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ. എന്നാൽ ഈ പരിമിതികളൊന്നും ആ വലിയ സ്വപ്നത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. പത്തനംതിട്ടയിലെ തന്നെ ചെറിയ ഒരു സ്ഥലമായ തിരുവല്ലയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അന്ന് മുന്നിട്ടിറങ്ങിയ മറ്റ് മെഡിക്കൽ കോളേജുകൾ സ്ഥാപിതമായ ഇടങ്ങൾ പരിശോധിച്ചാൽ പിതാവ് ഏറ്റെടുത്ത വെല്ലുവിളി എത്രത്തോളം വലുതായിരുന്നു എന്ന് മനസ്സിലാകും. അന്നത്തെ തിരുവല്ല എന്ന ചെറിയ ഇടം കഴിഞ്ഞ 25 വർഷത്തിനുള്ളിൽ മധ്യതിരുവിതാംകൂറിലെ പ്രമുഖമായ ഒരു നഗരമായി വളർന്നിരിക്കുന്നുവെങ്കിൽ, അതിന് പ്രധാന കാരണം പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ സ്ഥാപനമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
അടിസ്ഥാനപരമായി ഒരു ബൈബിൾ പണ്ഡിതനായിരുന്നെങ്കിലും, ആശുപത്രിയുടെ ചുമതല ഏറ്റെടുത്തപ്പോൾ തനിക്ക് പരിചിതമല്ലാത്ത വൈദ്യശാസ്ത്രസംബന്ധമായ കാര്യങ്ങൾ പോലും അങ്ങേയറ്റം താത്പര്യത്തോടെ ചോദിച്ചും പഠിച്ചും മനസ്സിലാക്കാൻ പരിശ്രമിച്ചിരുന്നു.
പിതാവ് തെളിച്ച വഴി അനേകരുടെ ജീവിതത്തിൽ ഇന്ന് എത്രത്തോളം ഗുണപരമായി പ്രവർത്തിക്കുന്നു എന്നതിന് ഞാൻ സാക്ഷിയാണ്. തിരുവല്ലയ്ക്കടുത്ത് പന്തളം പ്രദേശത്തുള്ള ഉള്ളന്നൂർ ഇടവകയുടെ വികാരിയായി ചുമതലയേറ്റ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, ഇടവകയിലെ ഒരു ഡസനോളം സാധാരണക്കാർക്ക് സഭാംഗമെന്ന നിലയിൽ പുഷ്പഗിരി ആശുപത്രിയിൽ നിന്ന് ചികിത്സാ ഇളവുകൾ ലഭിച്ചു. ഒരിക്കൽ പുഷ്പഗിരി ആശുപത്രി സന്ദർശിച്ചപ്പോൾ അവിടുത്തെ ഒരു സ്റ്റാഫ് അഭിവന്ദ്യ പിതാവിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: “പിതാവ് അന്ന് എടുത്ത ആ ഒരു ധീരമായ ചുവടുവെപ്പിനാൽ ഇന്ന് എന്നെപ്പോലെയുള്ള 3000-ത്തിലധികം കുടുംബങ്ങൾക്ക് പുഷ്പഗിരി അഭയമായി മാറുന്നു.”
സെമിനാരിയിൽ പിതാവിന്റെ ക്ലാസ്സിലിരുന്ന് പഠിക്കാൻ ദൈവം നൽകിയ ആ ഭാഗ്യത്തെ നന്ദിയോടെ ഓർക്കുന്നു. താൻ പഠിപ്പിക്കുന്ന വിഷയങ്ങളിലുള്ള അഗാധമായ അറിവും അത് മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനുള്ള സവിശേഷമായ സിദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. സെമിനാരിയിൽ ഞങ്ങളെ സങ്കീർത്തനങ്ങൾ (Psalms) പഠിപ്പിച്ചത് അഭിവന്ദ്യ പിതാവാണ്. സങ്കീർത്തനങ്ങൾ ഓരോന്നും പിതാവ് പഠിപ്പിക്കുകയും അതിന്റെ ആശയങ്ങൾ കൃത്യമായി ഞങ്ങളിലേക്ക് പകർന്നു നൽകാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. ദാവീദിന്റെ ജീവിതയാത്രയും ലെബനോനിലെ കാരകിലും ഒക്കെ പിതാവ് അന്ന് പറഞ്ഞത് ഇന്നും മനസ്സിൽ തെളിമയോടെ നിൽക്കുന്നു.
മൂവാറ്റുപുഴ രൂപതയുടെ മെത്രാനായിരുന്നപ്പോഴും, പിന്നീട് ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ചപ്പോഴും നിരന്തരം പഠിക്കുകയും പഠിപ്പിക്കുകയും എഴുതുകയും ചെയ്തിരുന്ന ആചാര്യശ്രേഷ്ഠനായിരുന്നു അദ്ദേഹം.
മലങ്കര സുറിയാനി കത്തോലിക്കാ സഭ അതിന്റെ പുനരൈക്യ വാർഷിക ആഘോഷങ്ങൾ നടത്തുന്ന വേളയിൽ തന്നെ എബ്രഹാം മാർ യൂലിയോസ് പിതാവ് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയി എന്നത് ദൈവത്തിന്റെ വലിയൊരു പദ്ധതിയായി നാം തിരിച്ചറിയണം. പുനരൈക്യ പ്രസ്ഥാനം എന്നത് അനേകരുടെ ജീവിതത്തിലേക്ക് ബോധ്യമായും സ്വപ്നമായും അനുഭവമായും കടന്നുചെല്ലേണ്ട ഒന്നാണെന്ന് വിശ്വസിക്കുകയും, അതിനായി തന്റെ ജീവിതം മുഴുവൻ സമർപ്പിക്കുകയും ചെയ്ത ഒരാളായിരുന്നു അഭിവന്ദ്യ പിതാവ്. തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഒക്കെയും ദൈവം നൽകിയ കഴിവുകൾ പൂർണ്ണമായി ഉപയോഗിച്ച് അദ്ദേഹം യഥാവിധി അനുഗ്രഹകരമാക്കി മാറ്റി. അന്നുവരെയുണ്ടായിരുന്ന പരിമിതികൾക്കും പ്രതിസന്ധികൾക്കും നേരെ ഫാദർ എബ്രഹാം കാക്കനാട്ട് എന്ന നിലയിലും പിന്നീട് മെത്രാനെന്ന നിലയിലും അദ്ദേഹം നടത്തിയ അനന്യസാധാരണമായ ചുവടുവെപ്പുകൾ എക്കാലവും സ്മരിക്കപ്പെടും. പിതാവിൻ്റെ ദീർഘവീക്ഷണത്തിലൂടെ ഇന്നും അനേകം പേരുടെ ജീവിതത്തിൽ ദൈവം വലിയ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കുന്നു. ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയെങ്കിലും, അദ്ദേഹം പകർന്നുനൽകിയ ദർശനങ്ങളും വെട്ടിത്തുറന്ന പുതിയ പാതകളും ആ വലിയ ജീവിതയാത്രയുമെല്ലാം ഇന്നും അനേകർക്ക് ജീവിക്കുന്ന അനുഭവമായി മാറുന്നു.
✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)


Leave a Reply