ആരാണ് ലോറൻസ് മാർ അപ്രേം…?

🛑 മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷിക സുവർണ്ണ ജൂബിലി സമ്മാനം –

1980 ഡിസംബർ 27 ന് കോട്ടയത്തു നടന്ന പുനരൈക്യ വാർഷിക ആഘോഷ വേദിയിൽ പുണ്യശ്ളോകനായ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു.

🛑 മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വേറിട്ട കാൽവെയ്പിന്റെ ഫലം –

മലങ്കര സഭ എന്നാൽ പരമ്പരാഗത സുറിയാനിക്കാർ മാത്രമാണ് എന്ന മിഥ്യാധാരണ മാർ ഈവാനിയോസ് എന്ന മഹാ മിഷണറി പൊളിച്ചെഴുതിയതിന്റെ പ്രഥമ സന്താനങ്ങളിൽ ഒരാൾ. നെയ്യാറ്റിൻകര താലൂക്കിലെ CSI നാടാർ പശ്ചാത്തലത്തിൽ നിന്നും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഭാഗമായ ജെസ്റ്റസ് വിക്ടോറിയ ദമ്പതികളുടെ ആദ്യജാതൻ… കാഞ്ഞിരംകുളം പ്രദേശത്തിനടുത്തുള്ള വെള്ളെലുമ്പ് (മാർ അപ്രേം നഗർ) ഇടവകാംഗം.തിരുവന്തപുരം ഭദ്രാസനത്തിലെ ആദ്യകാല ഉപദേശിമാരിൽ ഒരാളായിരുന്നു മാർ അപ്രേം തിരുമേനിയുടെ പിതാവ്.

🛑 തീക്ഷ്‌ണമതിയായ മിഷണറി –

നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ ( മർക്കോസ് 16:15) നമ്മുടെ ദൈവമായ കർത്താവു തന്റെ ശിഷ്യൻമാർക്കു നൽകിയ ഈ ആഹ്വാനം അക്ഷരാർത്ഥത്തിൽ പാലിച്ച മിഷണറിയാണ് അഭിവന്ദ്യ പിതാവ്.
തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി മുപ്പത്തിലധികം മിഷനുകളാണ് ഫാ.ലോറൻസ് ആരംഭിച്ചത്.കന്യാകുമാരി ജില്ലയിലും അനേകം മിഷനുകൾ പിതാവ് ആരംഭിച്ചു.

🛑 വ്യത്യസ്തനായ മെത്രാൻ –

മലങ്കരയിലെ മെത്രാൻമാർ മാർതോമാശ്ളീഹായുടെ തായ് വഴികളിലെ കുടുംബങ്ങളിൽ നിന്നും സുറിയാനി പശ്ചാത്തലത്തിൽ നിന്നും ഉള്ളവരായിരിക്കണം എന്ന പരമ്പരാഗത ധാരണയിൽ നിന്ന് വ്യത്യസ്തമായ ഒരു സഭാദർശനം പ്രാബല്യത്തിലാക്കിക്കൊണ്ട് മലങ്കര സുറിയാനി കത്തോലിക്കാ സഭ അദ്ദേഹത്തെ മേൽപ്പട്ട ശുശ്രൂഷയിലേക്കു ഉയർത്തി….

🛑 വേറിട്ട ശുശ്രൂഷ –

കേരളത്തിൽ മാത്രം ഒതുങ്ങി കൂടി മലയാളം മാത്രം അറിയുന്നവർക്കു വേണ്ടി മാത്രമുള്ള സഭയാണ് മലങ്കര സുറിയാനി സഭ എന്ന ചിന്തയിൽ നിന്നും മാറി സഭയുടെ കാഴ്ചപ്പാടുകൾ വിശാലമാക്കിയപ്പോൾ തമിഴ് അറിയാവുന്നവർക്കായി മലങ്കര സുറിയാനി കത്തോലിക്കാ സഭ പുതിയ ഭദ്രാസനം മാർത്താണ്ഡം കേന്ദ്രമാക്കി ആരംഭിച്ചു. തദവസരത്തിൽ നവ ഭദ്രാസനത്തിൽ ശ്ലീഹായ്ക്കടുത്ത ശുശ്രൂഷ നിർവഹിക്കുന്നതിന് പരിശുദ്ധാത്മ നിയോഗം ലഭിച്ചത് അഭിവന്ദ്യ പിതാവിനാണ്.

🛑 രോഗികളെ സ്നേഹിക്കുന്ന പിതാവ് –

അദ്ദേഹത്തിന്റെ നാൾവഴികളിൽ കണ്ടെത്താവുന്ന വ്യത്യസ്ത ജീവിത ശൈലി തന്നെ, ക്രിസ്തു ശിഷ്യൻ മനപാoമാക്കേണ്ടതാണ്.

1964 മുതൽ 1977 വരെ പിരപ്പൻകോടു കുഷ്ഠരോഗ ആശുപത്രിയുടെ ഡയറക്ടറായിരുന്ന അദ്ദേഹം കുടുംബാംഗങ്ങൾ പോലും ഉപേക്ഷിക്കുന്ന നാടും നാട്ടാരും ആട്ടിയകറ്റുന്ന ദുർഗന്ധം വമിക്കുന്ന കുഷ്ഠരോഗികളെ ഏറ്റെടുത്തു പിരപ്പൻകോട് കുഷ്ഠരോഗ ആശുപത്രിയിൽ ശുശ്രൂഷ നൽകുന്നതിനും തീക്ഷ്ണമായി യത്‌നിച്ച മനുഷ്യസ്നേഹിയാണ്.

🛑 മാർത്താണ്ഡം രൂപതയുടെ ശൈശവ ദശയിൽ, രൂപതാ ഭരണത്തിന് ആവശ്യമായ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ശാരീരിക അസ്വാസ്ഥ്യം മൂലം അദ്ദേഹത്തെ തമ്പുരാൻ 1997 ഏപ്രിൽ 8- നു തന്റെ സന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോയി…

“എനിക്ക്‌ ഇഷ്‌ടപ്പെട്ട ഇടയന്‍മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്‌ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും.”
ജറെമിയാ 3 : 15

ഈ കർതൃ വചനം പിതാവിന്റെ ജീവിതത്തിലൂടെ നിറവേറ്റപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ ഓർമത്തിരുനാൾ ആചരിക്കുമ്പോൾ മലങ്കര സുറിയാനി കത്തോലിക്കാ സഭാ മക്കൾക്ക് ശക്തി നൽകുന്നു. അദ്ദേഹത്തിന്റെ മാധ്യസ്ഥം നമുക്ക് ശക്തമായ കോട്ടയായിരിക്കട്ടെ.

പിതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ…

✍ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply